Friday, August 29, 2008

ബി എസ് എന്‍ എല്‍ സ്വകാര്യവല്‍ക്കരണം ദേശരക്ഷക്ക് ഭീഷണി

ശബ്ദം, മിന്നല്‍പിണറിന്റെ വേഗത കൈവരിച്ചു കഴിഞ്ഞ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്റെ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഭൂമിക്കടിയിലും സമുദ്രാന്തര്‍ഭാഗത്തും വിന്യസിച്ച കേബിളുകളും, വായുമണ്ഡലവും ശൂന്യാകാശവും, ശബ്ദത്തോടൊപ്പം ചിത്രങ്ങളുടെയും സന്ദേശങ്ങളുടെയും ചലിക്കുന്ന കാഴ്ചകളുടെയും സഞ്ചാരമാധ്യമമായി പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ കമ്യൂണിക്കേഷന്‍ കുതിപ്പില്‍ ഇന്ത്യയും ഒപ്പത്തിനൊപ്പമെത്തുന്നുവെന്നതില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. വാര്‍ത്താവിനിമയ വിപ്ലവത്തിന് അനിവാര്യമായ അതിബൃഹത്തായ പശ്ചാത്തല സംവിധാനങ്ങള്‍ രാജ്യത്തിനു വേണ്ടി ഒരുക്കിയ, ഒന്നര നൂറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള ഇന്ത്യന്‍ ടെലികോം വകുപ്പിന്റെ നേരവകാശിയാണ് ഇന്നത്തെ ബി എസ് എന്‍ എല്‍. ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് നാളിതുവരെ നിലനില്‍ക്കുകയും വളരുകയും ചെയ്ത ഈ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചാണ് ഞങ്ങള്‍ക്ക് ചിലത് പറയുവാനുള്ളത്.

ബി എസ് എന്‍ എല്‍ പിറക്കുന്നു

രണ്ടായിരാമാണ്ട് ഒക്ടോബറിലാണ് ടെലികോം വകുപ്പ് കമ്പനിയായി രൂപാന്തരം പ്രാപിക്കുന്നത്. വര്‍ഷത്തില്‍ മുപ്പത് ശതമാനം എന്ന നിരക്കില്‍ ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ രംഗത്ത് കുതിച്ചുചാട്ടം നടത്തി, ലോകത്തില്‍ തന്നെ അത്ഭുതമായ വളര്‍ച്ചാനിരക്കാണ് അന്ന് ഇന്ത്യന്‍ ടെലികോം വകുപ്പ് കാഴ്ചവെച്ചത്. ഇന്ന് സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞ മൊബൈല്‍ ടെലഫോണ്‍ ഇന്ത്യയില്‍ കാലെടുത്തുവച്ചത് 1995 ലായിരുന്നു. അതിനു ഒരു വര്‍ഷം മുമ്പ് തന്നെ, അതായത് 1994 ല്‍ ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍ കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടെലികോം വകുപ്പിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഭരണാധികാരികള്‍ മൊബൈല്‍ രംഗം സ്വകാര്യകമ്പനികള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്യുകയും, ടെലികോം വകുപ്പ് ലാന്‍ഡ് ലൈന്‍ രംഗത്ത് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന് തീരുമാനിക്കുകയുമാണ് ചെയ്തത്. ടെലികോം വകുപ്പിന്റെ പശ്ചാത്തലസൌകര്യങ്ങള്‍ ആവോളം ഉദാരവ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തിയ സ്വകാര്യ കമ്പനികള്‍ ഉപഭോക്താക്കളെ കൊള്ളക്ക് വിധേയരാക്കി മിനുട്ടിന് 16 രൂപവരെ ചാര്‍ജ് ഈടാക്കി. മൊബൈല്‍ ഫോണുകളെ സമ്പന്നന്റെ കീശയിലെ പ്രൌഢമായ അലങ്കാരവസ്തുവാക്കി മാറ്റി സാധാരണക്കാരനെ അകറ്റിനിര്‍ത്തിയതാണ് സ്വകാര്യ കമ്പനികള്‍ ചെയ്ത 'സേവനം'! അവസാനം തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 2002 ല്‍ ഗത്യന്തരമില്ലാതെ ഇന്ത്യാ ഗവണ്‍ മെന്റ് മൊബൈല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിനു അനുവാദം നല്‍കിയത്.

മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നു

അഭിമാനത്തോടെ പറയട്ടെ ബി എസ് എന്‍ എല്‍ രംഗത്തു വന്നതോടെ മൊബൈല്‍ ഫോണുകള്‍ പ്രചുരപ്രചാരം നേടി; സാധാരണക്കാരന്റെ വാര്‍ത്താവിനിമയ ഉപകരണമായി മാറി. തൊട്ടാല്‍ പൊള്ളുന്ന ചാര്‍ജുകള്‍ക്ക് പകരം താങ്ങാവുന്ന നിരക്കില്‍ സേവനം നല്‍കാന്‍ ബി എസ് എന്‍ എല്‍ തയ്യാറായപ്പോള്‍ സ്വകാര്യ കമ്പനികള്‍ ചുവട് മാറ്റുകയും പാക്കേജുകളും ഓഫറുകളുമായി വിപണിയിലിറങ്ങുകയും ചെയ്തു. അന്നുവരെ പരസ്പരം ഒത്തുകളിച്ച് ഉപഭോക്താക്കളെ കൊള്ള ചെയ്ത് സ്വകാര്യ കമ്പനികള്‍ ബി എസ് എന്‍ എല്ലിനെ ഒരു ശത്രുവായി കണ്ടതില്‍ അത്ഭുതമില്ല. ആഗോളവല്‍ക്കരണത്തിന്റെ അഴുക്കുചാലില്‍ തുടികൊട്ടാന്‍ തയ്യാറായ ഇന്ത്യാ ഗവണ്മെന്റാകട്ടെ ബി എസ് എന്‍ എല്ലിന്റെ വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കുന്നതിനു പകരം സാമ്പത്തികമായി സ്ഥാപനത്തെ ഉപരോധിച്ച് തടയിടാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിവന്നത്.

ബി എസ് എന്‍ എല്ലിനെ സാമ്പത്തികമായി തകര്‍ക്കുന്നു

നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ സാര്‍വത്രിക സേവനം നല്‍കിവന്ന ബി എസ് എന്‍ എല്ലിന് സ്വകാര്യ കമ്പനികള്‍ നിയമപ്രകാരം നല്‍കേണ്ട ഫീസ് ഒരു ഉത്തരവിലൂടെ ടെലികോം റഗുലേറ്ററി അതോറിറ്റി ഇല്ലാതാക്കി. രാഷ്ട്രാന്തരീയ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിദേശസഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന അന്താരാഷ്ട്ര നിലവാരമുള്ളതും കോടികളുടെ ആസ്തിയുള്ളതുമായ സ്ഥാപനം മുടക്കുമുതലിന്റെ നാലില്‍ ഒന്നിന് ടാറ്റക്ക് കൈമാറി. വന്‍കിട സ്വകാര്യ കമ്പനികളുടെ എല്ലാ കൃത്രിമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മൌനാനുവാദം നല്‍കി. അന്താരാ ഷ്ട്ര കോളുകള്‍, ലോക്കല്‍ കോളുകളാക്കി മാറ്റി റിലയന്‍സ് കമ്പനി കോടികളുടെ വെട്ടിപ്പ് നടത്തി. സ്വകാര്യ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ടെലകോം നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.

ടെണ്ടര്‍ വെട്ടിക്കുറക്കുന്നു; വികസനം സ്തംഭിക്കുന്നു

2002 മുതല്‍ മൊബൈല്‍ രംഗത്ത് പ്രവേശിച്ച ബി എസ് എന്‍ എല്ലിന്റെ വിപണി പങ്കാളിത്തം വലിയ തോതിലാണ് വര്‍ദ്ധിച്ചത്. എന്നാല്‍ 2005 ഓടുകൂടി മൊബൈല്‍ കണക്ഷന്‍ നല്‍കാനാവശ്യമായ ശേഷിയില്‍ കുറവുവരാന്‍ തുടങ്ങി. ഇതു കണക്കിലെടുത്ത് 4.5 കോടി പുതിയ ടെലഫോണ്‍ കണക്ഷ ന്‍ നല്കാനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 2006 മാര്‍ച്ചില്‍ കരാര്‍ നല്‍കി. ദയാനിധിമാരന്‍ മന്ത്രിയായിരുന്ന കാലത്താണ് കരാര്‍ നല്‍കിയത്. ഒട്ടനവധി കോടതി കേസുകളുടെയും മറ്റും പശ്ചാത്തലത്തില്‍ കരാര്‍ നടപടി നീണ്ടുപോയെങ്കിലും എറിക്സണ്‍ കമ്പനിക്ക് ഓര്‍ഡര്‍ നല്‍കാന്‍ 2007 ഏപ്രിലില്‍ തീരുമാനമായി. എന്നാല്‍ മാരന്‍ രാജിവെച്ച് രാജ മന്ത്രിയായതോടുകൂടി പ്രസ്തുത കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. 2006 മുതല്‍ വികസനരംഗത്ത് ചെറിയ തോതില്‍ മാന്ദ്യം നേരിട്ട ബി എസ് എന്‍ എല്ലിന് യഥാസമയം ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതിയ കരാര്‍ സംബന്ധിച്ച് ടെലികോം വകുപ്പ് തീരുമാനമെടുക്കാതിരുന്നതിനാല്‍ വികസനം സ്തംഭനാവസ്ഥയിലായി. സ്വകാര്യ കമ്പനികള്‍ ഈ അവസരം മുതലെടുത്തുകൊണ്ട് വിപണിയില്‍ ആധിപത്യം നേടാ ന്‍ ശ്രമങ്ങളാരംഭിച്ചു. കേന്ദ്രസര്‍ക്കാരും സ്വകാര്യ കമ്പനിക ളും തമ്മിലുള്ള അവിഹിതബന്ധം എല്ലാ സീമകളും ലംഘിച്ച് പുരോഗമിച്ചപ്പോഴാണ് ബി എസ് എന്‍ എല്ലിലെ ഓഫീസര്‍മാരും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ 2007 ജൂലൈ 11ന് പണിമുടക്കിയത്. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി തൊഴിലാളികള്‍ നടത്തിയ മാതൃകാപരമായ ഇടപെടല്‍ എന്നാണ് പല ദേശീയപത്രങ്ങളും പണിമുടക്കിനെ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ടെലികോം രംഗം ഇന്ന്

2000 ഒക്ടോബറില്‍ ബി എസ് എന്‍ എല്ലിന്റെ വിപണി പങ്കാളിത്തം 78 ശതമാനമായിരുന്നു. ഈ വളര്‍ച്ചാ നിരക്ക്, അതായത് 30% നിലനിര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാര്‍ത്താവിനിമയ ലക്ഷ്യങ്ങള്‍ ഒരു സ്വകാര്യ ഇടപെടലോ, വിദേശ സഹായമോ ഇല്ലാതെ തന്നെ കൈവരിക്കാന്‍ കഴിയുമായിരുന്നുവെന്ന് ടെലികോം വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനും ദേശീയവും വിദേശീയവുമായ കുത്തകകള്‍ക്ക് എല്ലാ സൌകര്യങ്ങളും അനുവദിക്കാനുമാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. തല്‍ഫലമായി ബി എസ് എന്‍ എല്ലിന്റെ വിപണിയിലെ മേധാവിത്വം കുറയാന്‍ തുടങ്ങി. വിദേശ നിക്ഷേപം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഈ രംഗത്ത് വിദേശ കമ്പനികള്‍ മേധാവിത്വം സ്ഥാപിച്ചു. നിലവിലുണ്ടായിരുന്ന പല സ്വകാര്യ കമ്പനികളേയും വമ്പന്‍ വിദേശ കമ്പനികള്‍ വിഴുങ്ങി. ബി പി എല്ലിനെ ഹച്ചും ഹച്ചിനെ വോഡഫോണും കൈക്കലാക്കി. കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്കോട്ടല്‍ അപ്രത്യക്ഷമായി പുതുരൂപത്തില്‍ പുറത്തിറങ്ങി. ദേശീയ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം അവഗണിക്കപ്പെട്ടു. ഇന്ത്യന്‍ ടെലികോം കമ്പോളം പൂര്‍ണ്ണമായും വിദേശ-നാടന്‍ കുത്തകകളുടെ കൈകളിലെത്തി. പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിനെ സാമ്പത്തികമായി ഞെരുക്കിയും വികസനം നടത്താന്‍ ഉപകരണങ്ങള്‍ യഥാസമയം ലഭ്യമാക്കാതെ വീര്‍പ്പുമുട്ടിച്ചും തകര്‍ക്കാന്‍ ശ്രമം തുടങ്ങി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ ബി എസ് എന്‍ എല്ലിന്റെ വിപണി പങ്കാളിത്തം ഗണ്യമായി കുറയാന്‍ തുടങ്ങി. 2005 ല്‍ 48 ശതമാനമായിരുന്നത് 2008 മാര്‍ച്ചില്‍ 22.92 ശതമാനമായി കുറഞ്ഞു. എയര്‍ടെല്‍, വോഡാഫോണ്‍, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ കാര്‍ട്ടലുകളുണ്ടാക്കി 20 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. മൂന്നു മാസക്കാലം സുഗമമായി ഉപഭോക്താക്കളില്‍ നിന്ന് അധികചാര്‍ജ്ജ് ഈടാക്കാന്‍ ഇവര്‍ക്കു സാധിച്ചു. ടെലികോം ട്രിബ്യൂണലിന്റെ ഇടപെടല്‍ മൂലമാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.

വരുമാനം വര്‍ദ്ധിക്കുന്നു ബി എസ് എന്‍ എല്ലിന്റെ പങ്ക് കുറയുന്നു

ടെലികോം വ്യവസായത്തില്‍ നിന്ന് കോടികളുടെ വരുമാനമാണ് ഇക്കാലയളവില്‍ വോഡാഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ നേടിയത്. ഇതിന് ഉതകുന്ന എല്ലാ സഹായങ്ങളും സര്‍ക്കാരും വകുപ്പും നല്‍കുകയും ചെയ്തു. 1,30,561 കോടി രൂപയാണ് ഇന്ത്യന്‍ ടെലികോം വ്യവസായരംഗത്തെ വരുമാനം. അതില്‍ ബി എസ് എന്‍ എല്ലിന്റെ പങ്ക് കേവലം 35,296കോടി മാത്രമാണ്. ബി എസ് എന്‍ എല്ലിന് ലഭിക്കുന്ന ഓരോ രൂപയുടെ വരുമാനവും ഇന്ത്യക്കാരന്റെ ജീവിതച്ചെലവിലേക്കാണെന്ന യാഥാര്‍ത്ഥ്യം പോലും സര്‍ക്കാര്‍ കണക്കിലെടുക്കാതെ സ്വകാര്യകമ്പനികളുടെ താളത്തിന് തുള്ളാനും അവര്‍ക്കായി ടെലകോം രംഗം ഉഴിഞ്ഞുവെക്കാനുമാണ് ശ്രമിക്കുന്നത്.

ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി

അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് ഇതോടെ ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്നത്. സാമ്രാജ്യത്വത്തിനുവേണ്ടി മൂന്നാം ലോക രാജ്യങ്ങളില്‍ രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടു നിന്ന ടെലികോം വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് നിര്‍ബാധം കടന്നുവരികയാണ്. വിളിക്കുന്ന കോളുകളുടെ ഉറവിടമോ ഉള്ളടക്കമോ തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രച്ഛന്നവേഷധാരികളായ സന്ദേശങ്ങള്‍ ഇന്ത്യയിലുടനീളം പ്രവഹിക്കുകയാണ്. ഇതിന്റെ നടത്തിപ്പുകാരാകട്ടെ ഇന്ത്യയില്‍ രജിസ്റര്‍ ചെയ്ത ഇന്ത്യന്‍-വിദേശ കമ്പനികളും. ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗത്തിനു പോലും പരിശോധിക്കാന്‍ കഴിയാത്ത വിധം, ടെലഫോണ്‍ കാളുകള്‍ നല്‍കുന്ന കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ലൈസന്‍സ് എടുക്കാതെ വാടകക്ക് എയര്‍ടൈം വാങ്ങി സര്‍വീസ് നടത്തുന്ന മൊബൈല്‍ വെര്‍ച്ച്വല്‍ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ പെരുകുന്നു. അത്യന്താധുനിക സൌകര്യങ്ങളോടെ പുറത്തിറക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ക്ക് (മൊബൈല്‍ ഫോണ്‍ നിര്‍മാണം സ്വകാര്യ കമ്പനികള്‍ക്കു മാത്രം) അപകടകരമായ സന്ദേശങ്ങള്‍ പോലും ഒളിച്ചുവെക്കാന്‍ കഴിയുമെന്നാണ് പത്രവാര്‍ത്തകള്‍. അതായത് നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് വെല്ലുവിളിയാകുന്ന രീതിയിലാണ് വിദേശ മൂലധനപങ്കാളിത്ത വര്‍ദ്ധനവ് എത്തിച്ചേര്‍ന്നിട്ടുള്ളത്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ കേവലം 33 ശതമാനം മാത്രം വിദേശ പങ്കാളിത്തമുള്ളപ്പോഴാണ് ഇന്ത്യയില്‍ 74 ശതമാനമാക്കിയതെന്ന കാര്യം ഗൌരവപൂര്‍വ്വം നാം തിരിച്ചറിയണം. വിദേശ യജമാനന്മാരോടുള്ള തങ്ങളുടെ കൂറ് ഭരണാധികാരികള്‍ ഏറ്റവും കൂടുതല്‍ വ്യക്തമാക്കിയത് ടെലികോം പരിഷ്കരണങ്ങളിലൂടെയാണ്.

ഓഹരി വില്പന

വികസനപ്രവര്‍ത്തനങ്ങള്‍, അതായത് പുതിയ കണക്ഷന്‍ നല്‍കാനാവശ്യമായ നടപടികള്‍ക്ക് ബോധപൂര്‍വ്വം തടസ്സം സൃഷ്ടിച്ചും കാലതാമസമുണ്ടാക്കിയും, സ്വകാര്യ കമ്പനികള്‍ നല്‍കേണ്ട ലെവി നിഷേധിച്ചും ഈ പൊതുമേഖലാ സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഊരാക്കുടുക്കിലേക്ക് വലിച്ചു താഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ നയം സൃഷ്ടിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനെന്ന വ്യാജേന ഓഹരികള്‍ വില്‍ക്കണമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്ലിന്റെ ആസ്തി 4 ലക്ഷം കോടി രൂപയാണ്. ഈ ആസ്തിയുടെ 10 ശതമാനം, അതായത് 40,000 കോടി രൂപയുടെ, ഓഹരി വില്‍ക്കാനാണ് നീക്കം. ബി എസ് എന്‍ എല്ലിന്റെ സാന്നിധ്യമാണ് തങ്ങളുടെ പൂര്‍ണ്ണമായ ആധിപത്യത്തിന് തടസ്സം എന്ന് മനസ്സിലാക്കിയ സ്വകാര്യ കമ്പനികളും അവരുടെ ഒത്താശക്കാരും, ഈ നടപടിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സ്വകാര്യവല്‍ക്കരണം ഫലത്തില്‍ ഉപഭോക്താക്കളുടെ താല്പര്യത്തിനും, ദേശീയ സുരക്ഷിതത്വത്തിനും ഭീഷണിയായി മാറും.

സ്വകാര്യ മൂലധനത്തിന് അഴിഞ്ഞാടാന്‍ എല്ലാ അവസരവും നല്‍കുമെന്ന പ്രഖ്യാപനമാണ് അവിശുദ്ധ മാര്‍ഗത്തിലൂടെ പാര്‍ലമെന്റില്‍ നേടിയ വിജയത്തിനു ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബി എസ് എന്‍ എല്ലിന്റെ ഓഹരി വില്‍ക്കാനുള്ള നടപടികള്‍. രാജ്യത്തെ പണയപ്പെടുത്തിയിട്ടായാലും സ്വകാര്യ മൂലധനതാല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ നയം. ഇന്ത്യയെ സ്നേഹിക്കുന്നവര്‍ അരുത് എന്ന് ഉറക്കെ പറയേണ്ട സന്ദര്‍ഭം വന്നുചേര്‍ന്നിരിക്കുന്നു.

****

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം, ആഗസ്റ്റ് 2008 ലക്കം

11 comments:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടായിരാമാണ്ട് ഒക്ടോബറിലാണ് ടെലികോം വകുപ്പ് കമ്പനിയായി രൂപാന്തരം പ്രാപിക്കുന്നത്. വര്‍ഷത്തില്‍ മുപ്പത് ശതമാനം എന്ന നിരക്കില്‍ ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ രംഗത്ത് കുതിച്ചുചാട്ടം നടത്തി, ലോകത്തില്‍ തന്നെ അത്ഭുതമായ വളര്‍ച്ചാനിരക്കാണ് അന്ന് ഇന്ത്യന്‍ ടെലികോം വകുപ്പ് കാഴ്ചവെച്ചത്. ഇന്ന് സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞ മൊബൈല്‍ ടെലഫോണ്‍ ഇന്ത്യയില്‍ കാലെടുത്തുവച്ചത് 1995 ലായിരുന്നു. അതിനു ഒരു വര്‍ഷം മുമ്പ് തന്നെ, അതായത് 1994 ല്‍ ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍ കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടെലികോം വകുപ്പിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഭരണാധികാരികള്‍ മൊബൈല്‍ രംഗം സ്വകാര്യകമ്പനികള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്യുകയും, ടെലികോം വകുപ്പ് ലാന്‍ഡ് ലൈന്‍ രംഗത്ത് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന് തീരുമാനിക്കുകയുമാണ് ചെയ്തത്. ടെലികോം വകുപ്പിന്റെ പശ്ചാത്തലസൌകര്യങ്ങള്‍ ആവോളം ഉദാരവ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തിയ സ്വകാര്യ കമ്പനികള്‍ ഉപഭോക്താക്കളെ കൊള്ളക്ക് വിധേയരാക്കി മിനുട്ടിന് 16 രൂപവരെ ചാര്‍ജ് ഈടാക്കി. മൊബൈല്‍ ഫോണുകളെ സമ്പന്നന്റെ കീശയിലെ പ്രൌഢമായ അലങ്കാരവസ്തുവാക്കി മാറ്റി സാധാരണക്കാരനെ അകറ്റിനിര്‍ത്തിയതാണ് സ്വകാര്യ കമ്പനികള്‍ ചെയ്ത 'സേവനം'! അവസാനം തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 2002 ല്‍ ഗത്യന്തരമില്ലാതെ ഇന്ത്യാ ഗവണ്‍ മെന്റ് മൊബൈല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിനു അനുവാദം നല്‍കിയത്.

സന്തോഷ്‌ കോറോത്ത് said...

ഈ കഴിഞ്ഞ മാസം നടന്നത് :-
എനിക്കൊരു ബ്രോഡ് ബാന്‍ഡ് നെറ്റ് കണെക്‍ഷന്‍ വേണം! ഒരു ശനിയാഴ്ച BSNL ന്‍റെ ഓഫീസില്‍ പോയി(വീക്ക്‌ ഡേസില്‍ ഓഫീസില്‍ പോകേണ്ടത് കൊണ്ടു വീക്ക്‌ എന്ടിലെ ഇതിനായിട്ടു ഇറങ്ങാന്‍ ടൈം ഉള്ളു). അവിടെ എത്തിയപ്പോഴാ അറിയുന്നത് രണ്ടാം ശനി ആയതു കൊണ്ടു BSNL നു ലീവ് ആണെന്ന് ! അടുത്ത ആഴ്ച വരെ വെയിറ്റ് ചെയ്തു. അടുത്ത ശനിയാഴ്ച പോയപ്പോള്‍ പറയുന്നു ആദ്യം ഫോണ്‍ വേണം, അത് കഴിഞ്ഞു 10 ദിവസം കഴിഞ്ഞാലെ ബ്രോഡ് ബാന്‍ഡ് കണെക്‍ഷന്‍ തരു എന്ന്. എന്നാല്‍ ശരി ഫോണ്‍ നു അപ്ലൈ ചെയ്യാം, അത് എത്ര ദിവസം എടുക്കും എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കൃത്യമായൊരു മറുപടി ഇല്ല! അപ്പോഴാണ്‌ EVDO യുടെ കാര്യം ഓര്‍മ വന്നത്. എന്നാല്‍ തല്ക്കാലം അത് മതി എന്ന് പറഞ്ഞപ്പോള്‍ ആ ഡിവൈസ് സ്റ്റോക്ക് ഇല്ല. എപ്പോ വരും എന്ന് ആര്‍ക്കും അറിയുകയും ഇല്ല ! ഒരാഴ്ച കഴിഞ്ഞു വന്നു അന്വേഷിച്ചു നോക്ക് എന്നായിരുന്നു മറുപടി !
ഇനി എന്ത് ചെയും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ഒരു ഞായറാഴ്ച വൈകുന്നേരം ആരോ കാല്ലിംഗ് ബെല്‍ അടിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ ഒരു എയര്‍ടെല്‍ ക്സിക്യൂട്ടീവ്. 'സര്‍, ഞങ്ങള്‍ ഈ ഏരിയയില്‍ ബ്രോഡ് ബാന്‍ഡ് നെറ്റ് കണെക്‍ഷന്‍ കൊടുക്കുന്നുണ്ട്, സാറിന് വേണോ' , തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞതു പോലെ ! എന്തൊക്കെ പേപ്പര്‍സ് വേണം എന്ന് നോക്കി! ഒരു അഡ്രസ്സ് പ്രൂഫ്, ഒരു ഫോട്ടോ ഐഡന്റിറ്റി xerox കോപ്പി, ഒരു ഫോട്ടോ .. ജോലി ചെയ്യുന്ന കമ്പനി യുടെ പേരു പറഞ്ഞപ്പോള്‍ ആ കമ്പനി എമ്പ്ലോയീസിനു സ്പെഷ്യല്‍ ഓഫര്‍ ഉണ്ട്, ഒരു സിംഗിള്‍ പൈ ഡെപോസിറ്റ് ആയിട്ടോ വേറെ എന്തെങ്കിലും ചാര്‍ജ് ആയിട്ടോ കൊടുക്കണ്ട എന്നും പറഞ്ഞു. xerox കട ഇത്തിരി ദൂരെ ആയതു കൊണ്ടും എന്റെ വണ്ടി ഒരു സുഹൃത്ത് കൊണ്ടു പോയതിനാലും xerox നാളെ എടുത്തു തന്നാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ എന്‍റെ വണ്ടി ഉണ്ടല്ലോ, നമ്മള്‍ക്ക് പോയി xerox എടുക്കാം, സാറിനെ തിരിച്ചു ഇവിടെ കൊണ്ടു വന്നു വിടുകയും ചെയ്യാം എന്നായിരുന്നു അയാളുടെ മറുപടി! അങ്ങനെ പോയി xerox ഒക്കെ എടുത്ത് ഫോറം ഫില്‍ ചെയ്തു കൊടുത്തു... പിറ്റേന്ന് ഉച്ച 2 മണി ആയപ്പോ എനിക്കൊരു കാള്‍... എയര്‍ടെല്‍ ല്‍ നിന്നും. അവര്‍ കണെക്‍ഷന്‍ തരാന്‍ എത്ര മണിക്ക് വരണം എന്ന്. ഞാന്‍ ഓഫീസിലാണ്, വൈകീട്ട് 7.30 കഴിഞ്ഞാലെ ഞാന്‍ വീട്ടില്‍ ഉണ്ടാവു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞങ്ങള് 7.30 ക്ക് വരാം എന്ന്! എന്തിനാ അധികം പറയണത്, എനിക്ക് 8.30 ആകുമ്പോഴേക്കും വിത്ത് ഫോണ്‍ നെറ്റ് കണെക്‍ഷന്‍ കിട്ടി !!!
മോറല്‍ ഓഫ് ദ സ്റ്റോറി എന്താന്നു വെച്ചാല്‍ .... ലത് തന്നെ :)

Anonymous said...

ബീ എസ്‌ എന്‍ ലിനേ കൈ കെട്ടി നിര്‍ത്തി റിലയന്‍സിനെ വാനോളം വളരാന്‍ വിട്ടത്‌ പ്രമോദ്‌ മഹാജന്‍ ആണു ആ പണം കുറെ കോടി ആരോ മിടുക്കണ്റ്റെ കയ്യില്‍ ഏല്‍പ്പിച്ചു ഇപ്പോള്‍ മഹാജന്‍ ഫാമിലിക്കു അതു കിട്ടിയുമില്ല ഇതുകൊണ്ടാണൂ ബീ ജേ പീ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ഒക്കെ അന്നു നടത്തീയിരുന്നത്‌ , ഈയിരെ മത്രം ആണു പിന്നീട്‌ ബീ എസ്‌ എന്‍ എല്‍ ഒന്നു ഉണര്‍ന്നത്‌ അതായത്‌ മാധവ റാവു സിന്ധ്യയുടെ മകന്‍ മന്ത്രി ആയ ശേഷം , ഇതുവരെ ഒരു എം പീയും ഈ കാര്യങ്ങള്‍ പാര്‍ലമെണ്റ്റില്‍ കൊണ്ടു വരികയൊ ചൊദ്യം ചോദിക്കുകയോ ചെയ്തില്ല, ഇപ്പോള്‍ പിന്തുണ പിന്‍ വലിച്ചപ്പോഴാണോ ഉണര്‍ന്നത്‌? ഐ സീ സി ഐ ബാങ്കും എസ്‌ ബീ ഐയും തമ്മില്‍ കമ്പയര്‍ ചെയ്തലറിയാം സര്‍ വീസിണ്റ്റെ ് വ്യത്യാസം, ശരിയാണു ഐ സീ എസ്‌ സി പല തട്ടിപ്പുകളൂം നടത്തുന്നുണ്ട്‌ കസ്റ്റമര്‍ ജാഗരൂകന്‍ അല്ലെങ്കില്‍ പണം പല രീതിയില്‍ പറ്റിച്ചെടുക്കും എന്നാല്‍ സര്‍ വീസ്‌ നല്ല മെച്ചം ആണൂ എന്നാല്‍ ബാങ്കു യൂണിയന്‍ നേതാക്കളേ സര്‍ വരാജ്യതൊഴിലാളീകളെ തിരുവനതപുരം സ്റ്റാച്യൂ ജംഷനില്‍ ഉള്ള എസ്‌ ബീ ഐ ഒന്നു സന്ദര്‍ശിക്കൂ കുറെ മൌസ്‌ പിടിക്കാനറിയാത്ത പണീ എടുക്കാന്‍ യാതൊരു താല്‍പ്പര്യവും ഇല്ലാത്ത കുറെ ഔട്‌ ദേറ്റഡ്‌ ആയ കിളവികളും കിളവന്‍ മാരും കൂടി അവിടെ ഇരുന്നു കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പും, എത്ര പണം മുടക്കി നവീകരിച്ച അതി സുന്ദര സെറ്റപ്‌ പക്ഷെ ഭൂലോക തല്ലിപ്പൊളീ സര്‍ വീസ്‌ ഇതു മാത്രം മതി സ്വകാര്യ വല്‍ക്കരിക്കേണ്ടതിണ്റ്റെ ആവശ്യകത മനസ്സിലാക്കാന്‍ ബീ എസ്‌ എന്‍ എല്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ ജനങ്ങളും സര്‍ക്കാരും രക്ഷപെടും ജയ്‌ ജയ്‌ മാന്‍ മോഹന്‍ സിംഗ്‌ ഇലക്ഷനു മുന്‍പ്‌ ഇവര്‍ക്കെല്ലാം നല്ല പണി കൊടുക്കൂ സിംഗ്‌ ഈസ്‌ കിംഗ്‌ എന്നു കാട്ടികൊടുക്കൂ

Vivara Vicharam said...

കോറോത്തിന്‍റെ പരാതി ന്യായം തന്നെ. പലര്ക്കും ഈ അനുഭവം കിട്ടിയിട്ടുണ്ടാകും. ബി.എസ്.എന്‍. എല്. കന്പനിയാക്കിയെങ്കിലും മാനേജ്മെന്റിന്റെ സമീപനമോ പ്റവര്ത്തന ശൈലിയോ സ്വഭാവമോ തെല്ലും മാറിയിട്ടില്ല.മാനേജ്മെന്റന്ന് പറയുന്പോള്‍ ഇവിടെ അടിമുടി, പ്റവര്ത്തിക്കുന്നവരും ഒന്നും പ്റവര്ത്തിക്കാതിരിക്കുന്നവരുമായ, സി.എം.ഡി. മുതല്‍ താഴെ തട്ടുവരെ എല്ലാ ബി.എസ്.എന്.എല്. ജീവനക്കാരും പെടും.
ബി.എസ്.എന്.എല്. അവരുടെ മാത്രം സ്വത്തല്ലല്ലൊ. നാല് ലക്ഷം കോടി രൂപയുടെ ആസ്ഥിയും നമ്മുടേതാണ്, ഇന്ത്യയിലെ ജനകോടികളുടേതാണ്. അതില് അവരും പെടുമെന്ന് മാത്റം.ജീവനക്കാരേയും മാനേജ്മെന്റിനേയും കുറ്റം പറഞ്ഞ് നമുക്കങ്ങനെ രക്ഷപ്പെടാനാവില്ല.
ബി.എസ്.എന്.എല് രംഗത്തുവരുന്നതിന് മുന്പ് മൊബൈല് കോളിന് 16 രൂപ 40 പൈസ ആയിരുന്നതുപോലെ ബി.എസ്.എന്.എല്. രംഗത്ത് നിന്ന് മാറി അല്ലെങ്കില്‍ മാറ്റി, സ്വകാര്യ കുത്തക വന്നാലുള്ള അവസ്ഥ എന്തായിരിക്കും ?

ന്യായമായ നിരക്കില് ഏറ്റവും മെച്ചപ്പെട്ട സേവനം ജനങ്ങള്ക്ക് കിട്ടേണ്ടതാണ്. കൊടുക്കാന് ബി.എസ്.എന്.എല് ബാധ്യസ്ഥമാണ്. ജീവനക്കാരും ബാധ്യസ്ഥരാണ്. അവരതിന് മുന്കൈ എടുക്കുന്നില്ലെങ്കില് ജനങ്ങളുടെ ഇടപെടല് ആവശ്യമായി വരും. ഉത്തരവാദിത്വ ബോധം പ്റകടിപ്പിക്കാത്ത ഉദ്യോഗസ്ഥ പ്റമുഖരേയും പണിയെടുക്കാത്ത ഉദ്യോഗസ്ഥന്മാരേയും അവരെ പൊറുക്കുന്ന അതിലൂടെ ബി.എസ്.എന്.എല് ന്റെ ഭാവി അപകടപ്പെടുത്തുന്ന അതിനായി നയ നടപടികളെടുക്കുന്ന ഭരണാധികാരികളേയും ജനങ്ങള് അവരുടെ ജനാധിപത്യാധികാരാവകാശങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.
ആ ഉത്തരവാദിത്വത്തില് നിന്ന് ഒഴിഞ്ഞ് മാറി സ്വകാര്യ കന്പനികളെല്ലാം കാര്യ ക്ഷമമാണെന്ന വാദവുമായി പോയാല് നാളെ സ്വകാര്യ കന്പനികള് മാത്റമാകുന്പോള് നാം ദുഖിക്കേണ്ടി വരും. സ്വകാര്യ കന്പനിയുടെ ജീവനക്കാരന് ഏജന്റാണ്. അവന് ആകണക്ഷന് കൊടുത്താല്‍ മാത്റമേ കമ്മീഷന് കിട്ടൂ. ബി.എസ്.എന്.എല് ജീവനക്കാരന് ശന്പളം ഉറപ്പാണെന്ന അഹന്ത പാടില്ല. ഈ ഉറപ്പ് പണ്ടുണ്ടായിരുന്നില്ല. അനേകരുടെ ത്യാഗത്തിന്റെ ഫലമാണിന്നവര് അനുഭവിക്കുന്നത്. ആ നേട്ടം ജനങ്ങളെ ദ്രോഹിക്കനല്ല ഉപയോഗിക്കേണ്ടത്.

ജനങ്ങളെ, ഉപഭോക്താക്കളെ, സംബന്ധിച്ചിടത്തോളം
ഇന്ഷുറന്സ് ദേശസാല്ക്കരണത്തിന് മുന്പത്തെ അവസ്ഥ അനുഭവ പാഠമായിരിക്കേണ്ടതാണ്.

കോറോത്തിന്റെ അനുഭവം കണ്ണൂര് ബി.എസ്.എന്.എല് മേധാവികളും ജീവനക്കാരും ഭാരവാഹികളും ശ്റദ്ധിക്കുക.

aneeshans said...

@ കോറോത്ത്,

ഞാന്‍ ഇവിടെ എറണാകുളത്ത് ആണ്. യൂസ് ചെയ്യുന്നത് ഇ വി ഡി ഓ യും. എനിക്ക് ഒരൊറ്റ ദിവസം കൊണ്ട് കണക്ഷണ്‍ കിട്ടി. രാവിലെ അപേക്ഷിച്ചു. ഉച്ചയ്ക്ക് മുന്ന് മണിക്ക് കണ്‍ക്ഷന്‍ ആക്ടീവ് ആയി.

ഇനി എയര്‍ടെല്ലിന്റെ കാര്യം പ്ലാനും കാര്യങ്ങളുമൊക്കെ ചോദിച്ചാണല്ലോ അല്ലേ കണക്ഷണ്‍ എടുത്തത് ? ബില്ല് വരുംപ്പോ തല കറങ്ങി വീഴരുത്.

സന്തോഷ്‌ കോറോത്ത് said...

@ വിവര വിചാരം, നൊമാദ്,
ഞാന്‍ എഴുതിയത് എന്‍റെ ബാഗ്ലൂര്‍ ലെ(ഇന്ദിരാ നഗര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് ) അനുഭവം :)... ഇതിന് മുമ്പെ വക്കാരി എഴുതിയ ഒരു പോസ്റ്റ്(http://nilavathekozhi.blogspot.com/2008/05/blog-post.html) വായിച്ചാ ശേഷം എന്തായാലും EVDO മതി എന്ന് തീരുമാനിച്ചിരുന്നതായിരുന്നു ഞാന്‍ ! പക്ഷെ ഓഫീസിലെ ചില അത്യാവശ്യ ജോലികള്‍ വീട്ടിലിരുന്നു ചെയ്യേണ്ടതിനാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നെറ്റ് കണെക്‍ഷന്‍ നു കാത്തിരിക്കാന്‍ പറ്റുന്ന ഒരു അവസ്ഥയില്‍ അല്ലായിരുന്നു!
എയര്‍ടെല്‍ ന്‍റെ സെയിം പ്ലാന്‍ എന്‍റെ ഒരു സുഹൃത്ത് ഉപയോഗിക്കുന്നുണ്ട്. ഇതു വരെ ബില്ലിനെക്കുറിച്ചോ കസ്റ്റമര്‍ കെയര്‍ നെക്കുറിച്ചോ ഒരു പരാതിയും ഇല്ല :)


ഇതേ അനുഭവം ഒരു ഹോം ലോണ്‍ നു അപേക്ഷിച്ച് SBT യിലും HDFC ബാങ്കിലും പോയിട്ട് എനിക്കുണ്ട്. SBT യിലെ ലോണ്‍ 8 മാസമെടുത്തു ഒന്നു sanction ചെയ്തു കിട്ടാന്‍... അത് തന്നെ ഒരു നൂറായിരം നൂലാമാലകളില്‍ കൂടെ പോയിട്ട് ! ഇതു വരെ അതിന്‍റെ ഫസ്റ്റ് ഇന്‍സ്റ്റാള്‍മെന്റ് കയ്യില്‍ കിട്ടിയിട്ടില്ല... ഇനിയും വേണം 4 - 5 ഡോക്യുമെന്റ് സ്. ഏറ്റവും ബുദ്ധിമുട്ട് ഇതിനായി കാലത്തു(working days ല്‍) SBT യില്‍ പോകണം എന്നതാണ് ! മറ്റു സ്വകാര്യ ബാങ്കുകള്‍ക്ക് അവരുടെ എക്സിക്യൂട്ടീവ് വന്നു കളക്റ്റ് ചെയ്തു കൊള്ളും ഡോകുമെന്റ്സ്‌ ഒക്കെ! പോരാത്തതിനു ഒരു ദിവസം ലീവ് എടുത്തു SBT യില്‍ പോകുമ്പോ അന്നവിടെ സമരവും ആയിരിക്കും! രണ്ടു തവണ എനിക്കങ്ങനെ പറ്റി :(... ഏറ്റവും അവസാനം സംഭവിച്ചത് ഈ കഴിഞ്ഞ ഓഗസ്റ്റ്‌ 18 തീയ്യതി) HDFC എനിക്ക് 3 ദിവസത്തിനുള്ളില്‍ ഫസ്റ്റ് ഇന്‍സ്റ്റാള്‍മെന്റ് കയ്യില്‍ തരാമെന്നു പറഞ്ഞെന്കിലും പല കാരണങ്ങളും (ഒന്നു: HDFC യിലെ ഹിഡന്‍ ചാര്‍ജ്ജസ് നെ പേടിച്ചിട്ടു, രണ്ടു: പണ്ടു മുതലേ SBT യുമായുള്ള 'ആത്മ ബന്ധം'(ഉവ്വ :)), മൂന്നു: എന്നാ പിന്നെ ഈ ലോണ്‍ മേടിച്ചിട്ട് തന്നെ കാര്യം എന്നും പറഞ്ഞു) പിന്നേം SBT യുടെ പിറകെ നടക്കുന്നു :)... അവരുടെ പ്രധാന പ്രശ്നം ആര്‍ക്കും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ എന്നാണ് എനിക്ക് തോന്നുന്നത്
പിന്നെ എനിക്ക് BSNL,SBT ഇതുപോല‌ുള്ള പൊതു മേഖലാ സ്ഥാപനങ്ങളോട് ഒരു വിരോധവും ഇല്ല കേട്ടോ :)... പക്ഷെ സമയം, സൌകര്യം, കാര്യങ്ങള്‍ എളുപ്പത്തില്‍ നടന്നു കിട്ടുക - ഇതിനൊക്കെ ഒരു വില ഇല്ലേ :)

Vivara Vicharam said...

സ്ഥാപനത്തിന്റെ കാര്യ ക്ഷമത സ്വകാര്യ മേഖലയാണോ സര്‍ക്കാരാണോ എന്നതിനെ അല്ല ആശ്റയിച്ചിരിക്കുന്നത്. മാനേജ് മെന്റിനെയാണ്. സര്ക്കാര് സ്ഥാപനങ്ങളുടെ മാനേജ് മെന്റ് നിശ്ചയിക്കുന്നത് സര്ക്കാര് തന്നെ. സര്ക്കാരിന് തന്നെ ഉത്തരവാദിത്വം.

അതില് നിന്നൊഴിവാകാനാണ് സര്ക്കാര് നിയന്ത്റണത്തിലുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കുന്നത്. ടെലികോം കന്പനിയാക്കിയിട്ടും നന്നായില്ല. അതുകൊണ്ടിനി സ്വകാര്യ മാനേജ് മെന്റ് വരണം. അതിനാണ് ബി.എസ്. എന്. എല് ഇനിയും മെച്ചപ്പെടുത്താന് ശ്റമിക്കാതിരിക്കുന്നത്. അതിന് പറ്റിയ മാനേജ് മെന്റിനെയാണ് സര്ക്കാര് വാഴിച്ചിരിക്കുന്നത്. ഇടത്തട്ടിലുള്ള മാനേജര്മാരാകട്ടെ, സ്വകാര്യമേഖലയിലേക്ക് മാറിയാല് സര്ക്കാരില് തന്നെ തുടരാമെന്ന വ്യാമോബത്തില് ബി. എസ്. എന്. എല് ല് വരാതെ മടിച്ചു നില്ക്കുകയാണ്. സൌകര്യം കിട്ടിയാല് സ്വകാര്യ കന്പനിയിലേയ്ക്ക് ചാടാന് ഒരുങ്ങിയിരിക്കുന്നു.

ബി.എസ്.എന്.എല് നന്നാകാന് നാട്ടുകാരും ജീവനക്കാരും ഇതില് താല്പര്യമുള്ള മാനേജര്മാരും കൂട്ടായി ശ്റമിക്കണം.

ബാങ്കിനും മറ്റിതര സര്ക്കാര് നിയന്ത്റിത സ്ഥാപനങ്ങള്ക്ക് എല്ലാം ഈ കാര്യം ബാധകമാണ്.

എന്തായാലും സേവനം മെച്ചപ്പെടുത്താതെ അവയുടെ നിലനില്പ് ഉറപ്പാകില്ല.

Rajin Kumar said...

പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ സമരം ചെയ്യാനും, സംഘടനാ പ്രവര്ത്തനം നടത്താനും മാത്രമേ കൊള്ളു എന്നു പറയില്ല. പക്ഷേ അതാണ് വളരെ കാര്യക്ഷമമായും, സമയ ബന്ധിതമായും ചെയ്യുന്നത് എന്നു മാത്രം. ഇന്നു ബി.എസ്സ്.എന്.എല് നും വന്നു ഭവിച്ചിരിക്കുന്നതിന്റെ ഏതാണ്ട് പൂര്ണ്ണമായ ഉത്തരവാദിത്വം, ജീവനക്കാര്ക്കും, അവരുടെ സംഘടനകള്ക്കും ആണ്. കുത്തക അതു പൊതു മേഖലാ സ്ഥാപനത്തിനായാലും, സ്വകാര്യ മേഖലക്കായാലും നഷ്ടം പൊതു ജനം എന്ന കഴുതക്ക് മാത്രം. സ്വകാര്യ മേഖലയോട് എന്ത് കൊണ്ട് പൊതു മേഖലക്ക് മത്സരിക്കാനാവുന്നില്ല എന്നു ചിന്തിച്ചിട്ടുണ്ടോ. ആവശ്യം വേണ്ട സര് വീസുകള് വേണ്ട സമയത്ത് കിട്ടുന്നില്ലന്നതോ ഒരിക്കലും കിട്ടാത്തതോ തന്നെ കാരണം. ബി.എസ്സ്.എന്.എല്ലിനു കുത്തകയുണ്ടായിരുന്ന സമയത്ത് ഒരു ലാന്റ് ഫോണ് കിട്ടാനുള്ള ബുന്ധിമുട്ടും, അതിനൊരു തകരാറുവന്നാല് നേരയാക്കി കിട്ടാനുള്ള കാല താമസവും ഒന്നു ആലോചിച്ചു നോക്കൂ. ബന്ധു ബലമോ, രാഷ്ട്രീയ സ്വാധീനനമോ, പണമോ ആണ് ഈ പൊതുമേഖലാ സ്ഥാപനത്തില് കയറിപ്പറ്റാനുള്ള പ്രധാന മാനദണ്ഡം, സ്വകാര്യ മേഖലയില് ഇതൊന്നും യൊഗ്യതയല്ല, കാര്യക്ഷമതക്കാണ് മുന് തൂക്കം. ഒരു തൊഴിലാളി സംഘടനയും എങ്ങനെ കാര്യക്ഷമമായി ജോലി ചെയ്യാം എന്ന് തൊളിലാളിയെ ബോധവത്കരിച്ചതായി കേട്ടിട്ടില്ല. ചുമതലകളെക്കുറിച്ച് ബോധമില്ലാതെ, അവകാശങ്ങള്ക്കു വേണ്ടി ശബ്ദിക്കുന്ന മടിയന്മാരായ ഒരു ജനക്കൂട്ടമാണ് പൊതുമേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികള്.
അഗോള വത്കരണം, സ്വകാര്യവത്കരണം, സാമ്രാജ്യത്വം,അമേരിക്ക എന്നിവ കമ്മ്യൂണിസം എക്കാലത്തും വിവരമില്ലാത്ത പാവങ്ങളെ പേടിപ്പിച്ച് കൂടെ നിര്ത്താന് ഉയോഗിച്ചു വന്നിട്ടുള്ള മുട്ടാപ്പോക്കു വാക്കുകളാണ്, അതിന്റെ കാലം കഴിഞ്ഞു സുഹൃത്തേ. എന്തൊക്കെ കുറവുണ്ടായാലും ആള്, രാഷ്ട്രിയ, പണ സ്വാധീനം ഏതുമില്ലാതെ, പണിയെടുക്കാന് താല്പര്യമുള്ള, കഴിവുള്ളവര്ക്ക്, ജോലി എന്ന സ്വപ്നം സഫലമായത് മന്മോഹന് തുടങ്ങിവച്ച സ്വകാര്യ വത്കരണത്തിന്റെ നല്ല വശം തന്നെയാണ്. ഇന്ന് സ്വകാര്യ മേഖലയില് തൊഴിലാളിയാണ് രാജാവ്. നല്ല തൊളിലാളി വിപണിയിലെ ഏറ്റവും വിലയുള്ള ചരക്കും. ഇതൊന്നും ഒരു തൊഴിലാളി സംഘടനയുടെയും ബലം കൊണ്ടു നേടിയതല്ല, പ്രത്യുത കാര്യക്ഷമമായും, സമയബന്ധിതമായും ജോലിചെയ്യാനുള്ള മനസ്ഥിതിയില് നേടിയതാണ്. എങ്ങനെ ചിന്തിച്ചാലും ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങളും, അടിവരയിട്ടു പറയാന് കഴിയുന്ന ശക്തമായ തൊഴില് നിയമങ്ങളുമുള്ളത് , സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലല്ല മറിച്ച്, കമ്യൂണിസം എന്നും, മുതലാളിത്ത രാഷ്ട്രങ്ങള് എന്ന് ആക്ഷേപിച്ചിരുന്ന അമേരിക്കയും, യൂറോപ്യന് രാജ്യങ്ങളും അടക്കമുള്ള വ്യവസായ വത്കൃത രാഷ്ട്രങ്ങളിലാണ്. ഇതെല്ലാം നേടിയത് കഠിനാധ്വാനം ചെയ്യാന് മനസ്സുള്ള, ചുമതലകളും, അവകാശങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ബോധ്യമുള്ള തൊഴിലാളികള് തന്നെയാണ്.

Anonymous said...

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സ്പീഡുള്ളതും ആദായകരമായ അണ്‍ലിമിറ്റഡ് വയര്‍ലെസ് ഇന്റര്‍നെറ്റ് പ്ലാന്‍ ആണു ബീയെസ്സെന്നെലിന്റെ ഇവിഡിയോ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. വേണ്ട വിധം മാര്‍ക്കറ്റ് ചെയ്യാതിരുന്നിട്ടും ആ സാധനം ഒരുപാട് പ്രശസ്തിയാര്‍ജ്ജിച്ചത് ഇതുകൊണ്ടാണ്. പക്ഷെ വര്‍ക്കേഴ്സ് ഫോറം പോസ്റ്റില്‍ പറഞ്ഞതുപോലെ ഉപകരണങ്ങള്‍ വാങ്ങാന്‍ കാശില്ലാത്തതു കൊണ്ടാവണം, 2.4 എംബിപിയെസ് വരെ സ്പീഡ് കിട്ടേണ്ട ഇവിഡെയിഡൂവില്‍ ഇപ്പൊ കിട്ടുന്ന മാക്സിമം സ്പീഡ്(അതും വെളുപ്പിനു മൂന്ന് മൂന്നര മണിക്ക്.) 200-250 കെബിപിയെസ് ആണ്! പകലന്തിയോളം ഇത് 50-80 ആയി കുറയും. അയ്യായിരത്തോളം രൂപ കൊടുത്ത് ആ ക്ണാപ്പ് മേടിച്ച ഞാനൊക്കെ ഒരുമാതിരി പട്ടിക്ക് കൊട്ടത്തേങ്ങ കിട്ടിയ മാതിരി ഇഴഞ്ഞ് കളിക്കുകയാണ് ഇന്റര്‍നെറ്റില്‍. ബെനഡിക്ടെന്ന് പേരുള്ള ഒരു എഞ്ചിനീയരുടെ മൊബൈല്‍ നമ്പരാണ് കസ്റ്റമര്‍ കെയറില്‍ നിന്ന് തന്നത്. അങ്ങേര്‍ പാവം.. എന്ത് ചെയ്യാന്‍... നമ്മള്‍ പറയുന്ന പരാതി ഒരക്ഷരം വിടാതെ കേള്‍ക്കും. എന്നിട്ട് നിസ്സഹായത വെളിപ്പെടുത്തും.. പൊന്ന് ചേട്ടമ്മാരേ.. ദയവ് ചെയ്ത് ആരും യൂസേഴ്സ് കൂടുതലുള്ള സ്ഥലങ്ങളില്‍ ബീയെസ്സെന്നെലിന്റെ ഇവിഡെയിഡൂ എടുക്കരുതേ..

Manikandan said...

ഞാനും എറണാകുളത്തുതന്നെയാണ്. ബി എസ് എൻ എൽ ദുരനുഭവങ്ങൾ പലപ്പോഴായി എന്റെ ബ്ലോഗുകളിൽ ഞാൻ വിവരിച്ചിട്ടുണ്ട്. കണക്ഷനു അപേക്ഷിച്ചു 11 മാസം കഴിഞ്ഞാണ് കണക്ഷൻ കിട്ടിയതു. 19/12/2007 പ്ലാൻ ചെയ്ഞ്ചിനും, വാർഷിക പെയ്‌മെന്റിനും വേണ്ടി കൊടുത്ത ഒരു അപേക്ഷ ഇന്നു വരെ പൂർണ്ണമായി നടപ്പാക്കിയിട്ടില്ല. ചുരിങ്ങിയത് ഒരു 20 തവണ ബി എസ് എൻ എൽ അക്കൗണ്ട് ഓഫീസിൽ കയറിയിറങ്ങിയ ശേഷമാണ് പ്ലാൻ ചെയിഞ്ച് തന്നെ സാധ്യമായത്‌. അതിന്റെ നടപടിക്രമങ്ങൾക്കിടയിൽ ഒരു ഉദ്യോഗസ്ഥൻ എന്റെ 700 രൂപയും അടിച്ചുമാറ്റി. ഇപ്പൊ എന്റെ യുസേജ് ഡിറ്റയിൽ നോക്കാൻ ശ്രമിക്കുമ്പോൽ പതും സാധ്യമല്ല. ഇതൊക്കെ ആരോടു പരാതി പറയാൻ. അതിലും രസം ഇപ്പോഴും അപേക്ഷകൾ കടലാസിൽ തന്നെ എഴുതിക്കൊടുക്കണം എന്നതാണ്. ഓൺലൈൻ ആയി സ്വീകരിക്കുന്ന പദ്ധതി ഇപ്പോഴും ഇല്ല. അതാണ് ഏറ്റവും വലിയ സേവനദാതാവിന്റെ ഗുണം. പിന്നെ കളമശ്ശേരിയിൽ ഞാൻ ജോലിചെയ്യുന്ന സ്ഥപനത്തിലെ മൂന്നു ബി എസ് എൻ എൽ ഫോനുകളും കഴിഞ്ഞ മൂന്നു ദിവസമായി പ്രവർത്തന രഹിതമാണ്. കേബിൾ ഫാൾട്ട്. ഇതു വരെ നന്നാക്കിയിട്ടില്ല. അങ്ങനെ പോവുന്നു സേവനത്തിന്റെ മാഹാത്മ്യം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട കോറോത്ത്, ആരുഷി, വിവര വിചാരം, നൊമാദ്, വായാടി മലയാളി,ഈവിഡിയോ എടുത്ത് മതീം കൊതീം കെട്ട ഒരു ബീയെസ്സെന്നെല്‍ കഷ്ടമര്‍, മണികണ്ഠന്‍ വായനയ്‌ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

ചര്‍ച്ച ബി എസ് എന്‍ എല്ലില്‍ തുടങ്ങി പൊതു മേഖലയുടെ പ്രസക്തി, സ്വകാര്യവല്‍ക്കരണത്തിന്റെ നേട്ടം എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്കും കടന്നിരിക്കുകയാണല്ലോ? വിവരവിചാരം ഇങ്ങനെ പറഞ്ഞു , “ന്യായമായ നിരക്കില്‍ ഏറ്റവും മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് കിട്ടേണ്ടതാണ്. കൊടുക്കാന്‍ ബി.എസ്.എന്‍.എല്‍ ബാധ്യസ്ഥമാണ്. ജീവനക്കാരും ബാധ്യസ്ഥരാണ്. അവരതിന് മുന്‍‌കൈ എടുക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ ഇടപെടല്‍ ആവശ്യമായി വരും. ഉത്തരവാദിത്വ ബോധം പ്രകടിപ്പിക്കാത്ത ഉദ്യോഗസ്ഥ പ്രമുഖരേയും പണിയെടുക്കാത്ത ഉദ്യോഗസ്ഥന്മാരേയും അവരെ പൊറുക്കുന്ന അതിലൂടെ ബി.എസ്.എന്‍.എല്ലിന്റെ ഭാവി അപകടപ്പെടുത്തുന്ന അതിനായി നയ നടപടികളെടുക്കുന്ന ഭരണാധികാരികളേയും ജനങ്ങള്‍ അവരുടെ ജനാധിപത്യാധികാരാവകാശങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി സ്വകാര്യ കമ്പനികളെല്ലാം കാര്യ ക്ഷമമാണെന്ന വാദവുമായി പോയാല്‍ നാളെ സ്വകാര്യ കമ്പനികള്‍ മാത്രമാകുമ്പോള്‍ നാം ദുഖിക്കേണ്ടി വരും. സ്വകാര്യ കമ്പനിയുടെ ജീവനക്കാരന്‍ ഏജന്റാണ്. അവന് ആ കണക്ഷന്‍ കൊടുത്താല്‍ മാത്രമേ കമ്മീഷന്‍ കിട്ടൂ. ബി.എസ്.എന്‍ എല്‍ ജീവനക്കാരന്‍ ശമ്പളം ഉറപ്പാണെന്ന അഹന്ത പാടില്ല. ഈ ഉറപ്പ് പണ്ടുണ്ടായിരുന്നില്ല. അനേകരുടെ ത്യാഗത്തിന്റെ ഫലമാണിന്നവര്‍ അനുഭവിക്കുന്നത്. ആ നേട്ടം ജനങ്ങളെ ദ്രോഹിക്കനല്ല ഉപയോഗിക്കേണ്ടത്.”

“ബി.എസ്.എന്‍.എല്‍ നന്നാകാന്‍ നാട്ടുകാരും ജീവനക്കാരും ഇതില്‍ താല്പര്യമുള്ള മാനേജര്‍മാരും കൂട്ടായി ശ്രമിക്കണം.
ബാങ്കിനും മറ്റിതര സര്ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും എല്ലാം ഈ കാര്യം ബാധകമാണ്. എന്തായാലും സേവനം മെച്ചപ്പെടുത്താതെ അവയുടെ നിലനില്പ് ഉറപ്പാകില്ല.”

ഈ അഭിപ്രായത്തോട് വര്‍ക്കേഴ്‌സ് ഫോറം യോജിക്കുന്നു.

“ഇന്നു ബി.എസ്സ്.എല്‍.എല്ലിനു വന്നു ഭവിച്ചിരിക്കുന്നതിന്റെ ഏതാണ്ട് പൂര്‍ണ്ണമായ ഉത്തരവാദിത്വം, ജീവനക്കാര്‍ക്കും, അവരുടെ സംഘടനകള്‍ക്കും ആണ്.“ എന്ന വായാടി മലയാളിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. തൊഴിലാളികള്‍ നൂറു ശതമാനം കൃത്യമായി തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നു എന്നു അഭിപ്രായമൊന്നും വര്‍ക്കേഴ്‌സ് ഫോറത്തിനില്ല. ഇനിയും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുകയും ചെയ്യും എന്നും അഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച
ഇവിടെയും
,
ഇവിടെയും
നടന്നിട്ടുണ്ട്.

പ്രിയപ്പെട്ട ഈവിഡിയോ എടുത്ത് മതീം കൊതീം കെട്ട ഒരു ബീയെസ്സെന്നെല്‍ കഷ്ടമറേ,

താങ്കളുടെ ആകുലതകളില്‍ പങ്കു ചേരുന്നു. താങ്കള്‍ പറഞ്ഞുവല്ലോ, “ബെനഡിക്ടെന്ന് പേരുള്ള ഒരു എഞ്ചിനീയരുടെ മൊബൈല്‍ നമ്പരാണ് കസ്റ്റമര്‍ കെയറില്‍ നിന്ന് തന്നത്. അങ്ങേര്‍ പാവം.. എന്ത് ചെയ്യാന്‍... നമ്മള്‍ പറയുന്ന പരാതി ഒരക്ഷരം വിടാതെ കേള്‍ക്കും. എന്നിട്ട് നിസ്സഹായത വെളിപ്പെടുത്തും.. പൊന്ന് ചേട്ടമ്മാരേ.. ദയവ് ചെയ്ത് ആരും യൂസേഴ്സ് കൂടുതലുള്ള സ്ഥലങ്ങളില്‍ ബീയെസ്സെന്നെലിന്റെ ഇവിഡെയിഡൂ എടുക്കരുതേ.. ”. അറിയാതെയെങ്കിലും താങ്കള്‍ ഒരു കാര്യം പറയുന്നുണ്ട് , യൂസേഴ്സ് കൂടുതലുള്ള സ്ഥലങ്ങളില്‍ ബീയെസ്സെന്നെലിന്റെ ഇവിഡെയിഡൂ എടുക്കരുതേ എന്ന്. യഥര്‍ത്ഥത്തില്‍ അത് തന്നെയാണ് ഇവിടെ പ്രശ്നമെന്നാണറിയാന്‍ കഴിഞ്ഞത്. ഒരല്പം സാങ്കേതിക വിശദീകരണമാകാം എന്നു തോന്നുന്നു.

ബി എസ് എന്‍ എല്‍ കേരളത്തിലാകമാനം ഈവിഡിയോ സേവനം നല്‍കുന്നത് 50 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകളിലൂടെയാണ് ( ബി റ്റി എസ്). ഇതില്‍ 10 എണ്ണം എറണാകുളത്തും പരിസരപ്രദേശങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.5 കിലൊമീറ്റര്‍ അകലത്തിലാണ് ഓരോ ടവറും. ഈ സ്കീം 2008 ജനുവരിയില്‍ ലോഞ്ച് ചെയ്തപ്പോള്‍ എറണാകുളത്ത് 700 കണക്ഷനായി പരിമിതപ്പെടുത്തിയിരുന്നു, ടവറൊന്നിന് ഏകദേശം 70 കണക്ഷന്‍. എന്നാല്‍ കേരളത്തിലെ മറ്റു സെക്കന്‍ഡറി സ്വിച്ചിംഗ് ഏരിയകളില്‍ നിന്നും കണക്ഷന്‍ എടുത്തവരെയും ( ആള്‍ കേരള റോമിംഗ് ഉള്ളതിനാല്‍) എറണാകുളത്ത് ഈ സേവനം ഉപയോഗിക്കുന്നതില്‍ നിന്നും തടയാനാവില്ല .

60-100 കെബിപിഎസ് മാത്രം വേഗതയുള്ള കണക്ഷന് റിലയന്‍‌സ് പ്രതിമാസം 1500 രൂപ ചാര്‍ജ് ചെയ്യുമ്പോള്‍ ബി‌എസ്എന്‍‌എല്‍ ചാര്‍ജ് ചെയ്യുന്നത് കേവലം 550/- രൂപ മാത്രമാണെന്നതും കാണാതിരുന്നു കൂടാ. ബി‌എസെഎന്‍‌എല്‍ ഈവിഡിയോ സ്കീമിന് മിനിമം 150 ഉണ്ടാകുമെന്നും പകലന്തിയോളം ഇത് 50-80 ആയി കുറയും എന്നത് വിശ്വസിക്കാനാവുന്നില്ല എന്നുമാണ് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞത് . കസ്റ്റമറുടെ പി സിയില്‍ ലോഡ് ചെയ്തിരിക്കുന്ന ആന്റി വൈറസ്സ് പാക്കേജുകള്‍ തുടങ്ങിയവയും ഒരു ഘടകമായേക്കാം. മാക്സിമം സ്പീഡ് 2.4 എംബിപിയെസ് വരെ എന്നത് ഡെഡിക്കേറ്റഡ് ലൈനുകളുടെ കാര്യത്തില്‍ മാത്രമേ ഉറപ്പുനല്‍കാനാവൂ എന്നും ഈവിഡിയോയില്‍ ഡെഡിക്കേറ്റഡ് ലൈനുകള്‍ നല്‍കാനാവില്ല എന്നതും ശ്രദ്ധിക്കുമല്ലോ?

പ്രിയ മണികണ്ഠന്‍,

“ചുരിങ്ങിയത് ഒരു 20 തവണ ബി എസ് എൻ എൽ അക്കൗണ്ട് ഓഫീസിൽ കയറിയിറങ്ങിയ ശേഷമാണ് പ്ലാൻ ചെയിഞ്ച് തന്നെ സാധ്യമായത്‌. അതിന്റെ നടപടിക്രമങ്ങൾക്കിടയിൽ ഒരു ഉദ്യോഗസ്ഥൻ എന്റെ 700 രൂപയും അടിച്ചുമാറ്റി. ”

താങ്കള്‍ക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. തീര്‍ച്ചയായും താങ്കള്‍ കസ്റ്റമര്‍ സര്‍വ്വീസിന്റെ ചുമതലയുള്ള ഒന്നോ രണ്ടോ പ്രാവശ്യം കഴിഞപ്പോള്‍ കാണേണ്ടതായിരുന്നു.700 രൂപയും അടിച്ചുമാറ്റിയ ഉദ്യോഗസ്ഥനെക്കുറിച്ച് വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി കൊടുക്കുക. മാതൃകാപരമായി അയാള്‍ ശിക്ഷിക്കപ്പെടട്ടെ. വാങ്ങിക്കുന്ന ആളും കൊടുക്കുന്ന ആളും കുറ്റക്കാരനാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.

പ്രിയ ആരുഷീ,

താങ്കളുടെ കമന്റിന്റെ ആദ്യ ഭാഗത്തോട് യോജിക്കുന്നു. മഹാജന്‍ റിലയന്‍സിനെ വളര്‍ത്തിയതും ഐ സീ ഐ സീ ഐ പല തട്ടിപ്പുകളൂം നടത്തുന്നുണ്ട്‌ എന്നതും മറ്റും. “മൌസ്‌ പിടിക്കാനറിയാത്ത പണീ എടുക്കാന്‍ യാതൊരു താല്‍പ്പര്യവും ഇല്ലാത്ത കുറെ ഔട്‌ ദേറ്റഡ്‌ ആയ കിളവികളും കിളവന്‍ മാരും കൂടി അവിടെ ഇരുന്നു കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പും” എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ ഈ പുത്തന്‍ തലമുറയിലെ ചെറുപ്പക്കാരുടെ പരപുച്ഛമായി മാത്രമേ കാണാനാകൂ. വെറും തൊലിപ്പുറത്തു മാത്രമുള്ള വിമര്‍ശനം. അവിടെയിരിക്കുന്നത് ചോരയും നീരും തുടിക്കുന്ന ഏതോ യുവതുര്‍ക്കികളുടെ അമ്മയോ പെങ്ങളോ ആണെന്നു പോലും കാണാന്‍ കഴിയുന്നില്ലല്ലോ. അതിനേക്കാള്‍ പ്രധാനം ഐ സീ ഐ സീ ഐ ബാങ്കില്‍ കാണുന്ന പോലെ തൊലി വെളുപ്പും തുടുത്ത മുഖവും ഉള്ളവര്‍ എന്തേ പൊതുമേഖലാ ബാങ്കില്‍ കാണുന്നില്ല എന്ന ചോദ്യം ഉയരുന്നില്ല എന്നതാണ്. പൊതുമേഖലാ ബാങ്കുകളില്‍ അപ്രഖ്യാപിതമായ നിയമന നിരോധനമാണെന്നതും ഐ സീ ഐ സീ ഐ ബാങ്കില്‍ കരാറടിസ്ഥാനത്തില്‍ ദിവസകൂലിക്ക് ആളെ വയ്ക്കുകയാണെന്നതും കാണാതിരുന്നു കൂടാ എന്നു മാത്രം പറയട്ടെ. അതല്ല അവിടെ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുകയാണെങ്കില്‍ ഒരു ദിവസം അവരുടെ തലയും നരയ്ക്കും, ഇല്ലേ ആരുഷീ
:)

പിന്നെ സ്ഥിരം ആരൂഷി സ്റ്റൈല്‍ ചോദ്യം, ഇതുവരെ ഒരു എം പീയും ഈ കാര്യങ്ങള്‍ പാര്‍ലമെണ്റ്റില്‍ കൊണ്ടു വരികയൊ ചൊദ്യം ചോദിക്കുകയോ ചെയ്തില്ല, ഇപ്പോള്‍ പിന്തുണ പിന്‍ വലിച്ചപ്പോഴാണോ ഉണര്‍ന്നത്‌?
( ....ചോര തന്നെ കൊതുകിനു കൌതുകം.. :)

അല്ലല്ലോ...ഇതൊക്കെ ഒന്നു നോക്കൂ..

link1
link2
link3
link4
link5
link6
.
അവസാനിപ്പിക്കും മുമ്പ് ഇതു ഒന്നു കൂടി പറയേണ്ടിയിരിക്കുന്നു. പൊതുമേഖലാ ജീവനക്കാര്‍ അവരിലര്‍പ്പിതമായിരിക്കുന്ന ഉത്തരവാദിത്വം അറിയണം. അവരുടെ റോള്‍ പൊതു ജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുക ആണെന്ന വസ്തുത ഉള്‍ക്കൊള്ളണം. ഇതില്‍ രണ്ടു പക്ഷമില്ല. ഒപ്പം പൊതുമേഖല നിലനില്‍ക്കേണ്ടത് തൊഴിലാളികളുടെ മാത്രമല്ല സാമാന്യ ജനങ്ങളുടേയും ആവശ്യമാണ്.