"ഇതൊരു ദുരന്തമാണ്. ഇത് വായ്പാ സംസ്കാരത്തെതന്നെ നശിപ്പിക്കും''. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക കടാശ്വാസ പദ്ധതിയെപ്പറ്റി ഒരു സാമ്പത്തിക വിദഗ്ധന്‍ പ്രകടിപ്പിച്ച അഭിപ്രായമാണിത്. പേര് രഘുറാം രാജന്‍. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. ആള്‍ ചില്ലറക്കാരനല്ല. ഇന്ത്യയില്‍ ഇനി നടപ്പിലാക്കേണ്ട സാമ്പത്തിക പരിഷ്കാരങ്ങളെപ്പറ്റി പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്ലാനിങ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റിയുടെ തലവനാണ്. ഐഎംഎഫിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ്. ഈ വിദ്വാന്റെ കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
1991 ആഗസ്ത് 14ന് അന്നത്തെ ധനമന്ത്രിയായ മന്‍മോഹന്‍സിങ് നരസിംഹം കമ്മിറ്റിയെ നിയമിച്ചപ്പോള്‍ റിസര്‍വ്ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറടക്കം അതില്‍ ഭൂരിപക്ഷം അംഗങ്ങളും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു. 2007ല്‍ നിയമിച്ച പുതിയ കമ്മിറ്റിയില്‍ പൊതുമേഖലയില്‍നിന്ന് എടുത്തുപറയത്തക്ക ഒരാളേയുള്ളൂ. എസ്.ബി.ഐയുടെ ചെയര്‍മാന്‍ ഒ.പി. ഭട്ട്. കോടക് മഹേന്ദ്രാ ബാങ്കിന്റെ ഉദയ് കോടക്, ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കെ.വി കമ്മത്ത് തുടങ്ങി സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ പ്രതിനിധികളെയെല്ലാം കുത്തിനിറച്ച പന്ത്രണ്ടംഗ കമ്മിറ്റിയോട് പരിഗണിക്കാനാവശ്യപ്പെട്ടത് താഴെ പറയുന്ന നാല് കാര്യങ്ങളാണ്:
1. വരും ദശകത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സാമ്പത്തികാവശ്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കണ്ടെത്തുക, സാമ്പത്തിക മേഖലയ്ക്ക് അനായാസം പരിഹരിക്കാനുതകുംവിധം യഥാര്‍ത്ഥ മേഖലകളില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ കണ്ടെത്തുക.
2. സാമ്പത്തിക മേഖലയിലെ നാനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ച് യഥാര്‍ഥമേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായവിധം മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക.
3. നിയന്ത്രണത്തിന്റെയും മേല്‍നോട്ടത്തിന്റെയും മേഖലകളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ കണ്ടെത്തി, കുഴപ്പങ്ങള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കി, സാമ്പത്തിക മേഖലയെ അതിന്റെ ചുമതല നിര്‍വഹിക്കാന്‍ തയ്യാറെടുപ്പിക്കുക.
4. പണ/ധന നയങ്ങളുടെ പ്രവര്‍ത്തനമുള്‍പ്പെടെ സമ്പദ്മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളും വിദ്യാഭ്യാസ നിയമ സംവിധാനങ്ങളും പരിശോധിച്ച് സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായകമാകുംവിധം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുക.
സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടുത്തി ഏതു കാര്യത്തെപ്പറ്റിയും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയുംവിധം അതിവിശാലമാണ് പരിഗണിക്കപ്പെടേണ്ട ടേംസ് ഓഫ് റഫറന്‍സ് എന്നു വ്യക്തം. അതിനനുരോധമായ വിധത്തിലാണ് 248 പേജുകളിലായി പരന്നു കിടക്കുന്ന ഇഷ്ട ജാതകം പുറത്തുവന്നിട്ടുള്ളത്. "വരും തലമുറ ബാങ്കിങ് പരിഷ്കാരങ്ങളെപ്പറ്റി ഒരു റിപ്പോര്‍ട്ടെഴുതാന്‍ പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ എന്നോടാവശ്യപ്പെട്ടു. അതെന്നെ അമ്പരപ്പിച്ചു. അതിലേറെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തിക നിയമരംഗങ്ങളിലെ ഏറ്റവും നല്ല മനസ്സുകളെ ഒരുമിച്ചു ചേര്‍ക്കാനായി മുന്നിട്ടിറങ്ങിയപ്പോള്‍ നേരത്തെതന്നെ മറ്റു കമ്മിറ്റികളിലുണ്ടായിട്ടും മറ്റനേകം തിരക്കുകളുണ്ടായിട്ടും ഞാന്‍ ആവശ്യപ്പെട്ടവരൊന്നും എതിരുപറയാഞ്ഞത് എന്നെ വിസ്മയിപ്പിച്ചു''. കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കാനുള്ള അവകാശംവരെ അതിമഹത്തായ നമ്മുടെ ആസൂത്രണ കമ്മീഷന്‍ ചിക്കാഗോയിലെ പ്രൊഫസറുടെ കൈകളിലര്‍പ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ ഏര്‍പ്പെടുത്തേണ്ട പരിഷ്കാരങ്ങളെ സംബന്ധിച്ച് 1990ല്‍ ലോകബാങ്ക് പഠനം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണ് 1991ല്‍ നരസിംഹം കമ്മിറ്റി നിര്‍ദ്ദേശങ്ങളായി പുറത്തുവന്നത്. വിദേശ മൂലധനത്തിന് ഇവിടത്തെ ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയില്‍ പൂര്‍ണമായി കടന്നുകയറാനും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ നിയന്ത്രണം കൈക്കലാക്കി പി എഫ്, പെന്‍ഷന്‍ ഫണ്ടുകളടക്കം വിദേശത്തേക്ക് വഴിതിരിച്ച് വിടാനും പൊതുമേഖലാ സംവിധാനത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാനും വെമ്പല്‍കൊള്ളുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കുവേണ്ടി ഇവിടെ നടപ്പാക്കേണ്ട സമൂല മാറ്റങ്ങളുടെ ഒരു സമ്പൂര്‍ണ്ണ മാര്‍ഗരേഖയാണ് രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇതിന്റെ മൂലരേഖയും ഒരുപക്ഷേ താമസംവിനാ ഐഎംഎഫ് ആസ്ഥാനത്തുനിന്നും പുറത്തുവന്നേക്കാം.
1991ല്‍ നരസിംഹത്തിന് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള സെക്രട്ടേറിയല്‍ സഹായങ്ങള്‍ നല്‍കിയത് റിസര്‍വ്ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്കിന്റെയും ഉദ്യോഗസ്ഥരായിരുന്നു. അന്ന് ഐ.സി.ഐ.സി.ഐ പൊതുമേഖലയിലായിരുന്നു. പിന്നീട് സ്വകാര്യ പങ്കാളിത്തത്തോടെ ഒരു കൊമേഴ്സ്യല്‍ ബാങ്ക് തുടങ്ങിയശേഷം ഈ വന്‍ പൊതുമേഖലാ സ്ഥാപനത്തെ അതില്‍ ലയിപ്പിച്ചാണ് പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന് തുടക്കംകുറിച്ചത്. 17 വര്‍ഷത്തെ നിരന്തര പരിശ്രമത്തിനുശേഷവും ഇന്ത്യന്‍ ബാങ്കിങ്ങിന്റെ നാലില്‍ മൂന്നുഭാഗവും ഇപ്പോഴും പൊതുമേഖലയിലാണ്. എങ്കിലും പുതിയ കമ്മിറ്റിക്ക് പൊതുമേഖലാ ബാങ്കിന്റെയോ റിസര്‍വ്ബാങ്കിന്റെയോ സഹായം തേടാന്‍ തോന്നിയില്ല. റിസര്‍വ്ബാങ്കിന്റെ പ്രതിനിധിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതുമില്ല. ഐസിഐസിഐ ബാങ്കിന്റെ കെ വി കമ്മത്തിനാണ് റിപ്പോര്‍ട്ടില്‍ രഘുറാം രാജന്‍ ആദ്യമായി നന്ദി രേഖപ്പെടുത്തുന്നത്. കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിച്ചത് ഐസിഐസിഐ ബാങ്കില്‍. സഹായം എത്തിച്ചത് ആ ബാങ്കിലെ എക്സിക്യൂട്ടീവുകള്‍. അവര്‍ക്ക് പ്രശംസ ചൊരിയാന്‍ ഒരു ഖണ്ഡികതന്നെ മാറ്റിവെച്ചിരിക്കുന്നു. ഇതുപോലെ കമ്മിറ്റിയുടെ പക്ഷപാതിത്വത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
2007 ആഗസ്ത് 17ന് കമ്മിറ്റിക്ക് രൂപം നല്‍കിയ ദിവസങ്ങളില്‍ അമേരിക്കന്‍ സമ്പദ്സ്ഥിതിയുടെ കുഴപ്പവും സബ്പ്രൈം വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ തകര്‍ച്ചയും ഇത്ര പ്രകടമായി പുറത്തുവന്നിരുന്നില്ല. റിപ്പോര്‍ട്ടു തയ്യാറാകുമ്പോഴേക്കും കുഴപ്പങ്ങളുടെ മലവെള്ളപ്പാച്ചിലിനെ നേരിടേണ്ട സ്ഥിതിയിലെത്തി. ഇംഗ്ളണ്ടില്‍ നോര്‍ത്തേണ്‍ റോക്ക് എന്ന ബാങ്കിനെ ദേശസാല്‍ക്കരിക്കേണ്ടിവന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വില്‍നിന്നും പണമൊഴുക്കി ബെയര്‍ സ്റ്റേണ്‍സ് എന്ന കൂറ്റനടക്കം അവിടത്തെ സ്വകാര്യ ബാങ്കുകളുടെ തകര്‍ച്ച തടഞ്ഞുനിര്‍ത്താനും അവിടത്തെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് ചെന്നു വീഴാതെ നോക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന സ്ഥിതിയിലെത്തി. ഈ നടപടികള്‍ കൊണ്ടൊന്നും മുതലാളിത്തത്തില്‍ അന്തര്‍ലീനമായ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞില്ല. നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ് ലോകമാകെ തിരിച്ചടി നേരിടുന്ന പരിഷ്കാരം ഇവിടെ തുടരാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ എങ്ങനെ അവ സ്വീകരിക്കപ്പെടുമെന്ന ആശങ്ക റിപ്പോര്‍ട്ടില്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍ സ്വകാര്യവല്‍ക്കരണം, ക്യാപിറ്റല്‍ അക്കൌണ്ട് കണ്‍വെര്‍ട്ടിബിലിറ്റി തുടങ്ങി പെട്ടെന്ന് പ്രതികരണം വരാന്‍ സാധ്യതയുള്ള പ്രയോഗങ്ങള്‍ തല്‍ക്കാലം മാറ്റിവച്ച് മറ്റു പരിഷ്കാരങ്ങള്‍ക്ക് തുടക്കംകുറിക്കാനാണ് ഉപദേശം. അതിന് കമ്മിറ്റി കണ്ടെത്തുന്ന സാധൂകരണം നോക്കൂ. "കുഴപ്പത്തിനിടയില്‍ പരിഷ്കാരം തുടരുന്നത് കയ്യിലൊരു തോക്കും പിടിച്ച് വണ്ടിയോടിക്കുന്നതിന് സമാനമാണ്''.
നരസിംഹം മുതലിങ്ങോട്ട് അസംഖ്യം കമ്മിറ്റികള്‍ സാമ്പത്തിക പരിഷ്കാരം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍നിന്നെല്ലാം കുറെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ പൊതുമേഖലയുടെ പ്രാമുഖ്യവും റിസര്‍വ് ബാങ്കിന്റെയും പാര്‍ലമെന്റിന്റെയും നിയന്ത്രണവും ഉപേക്ഷിക്കുന്ന പണമൂലധനത്തിന് ഇന്ത്യന്‍ സമ്പദ്ഘടനയെത്തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുകാരണം ജനകീയ ഇടപെടലാണ്. അങ്ങനെയുള്ളതടക്കം അവശേഷിക്കുന്ന നിര്‍ദേശങ്ങളും കുഴപ്പങ്ങളെ മറികടക്കാന്‍ ഇനിയും മുതലാളിത്തം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാ രംഗത്തു നിന്നുള്ള പൂര്‍ണമായ പിന്മാറല്‍, ഭക്ഷ്യവസ്തുക്കളുടെ ഊഹക്കച്ചവടം, ജനാധിപത്യനിഷേധം തുടങ്ങിയ സമസ്ത പരിഹാരങ്ങളും സമഗ്രമായി, ഭാവനാത്മകമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ട് ഒരു കാര്യം കൂടി അടിവരയിട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടില്‍നിന്ന് ചിലത് നടപ്പിലാക്കുകയും ചിലത് ഉപേക്ഷിക്കുകയും ചെയ്യുന്ന നയം സ്വീകരിച്ചുകൂടാ. ഇതിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുകയാണ് വേണ്ടത്.
ബാങ്കിങ്ങ് റെഗുലേഷന്‍ ആക്റ്റടക്കം സാമ്പത്തിക മേഖലയിലെ നിയമങ്ങള്‍ പുതുക്കിയെഴുതണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പാര്‍ലമെന്റ് പോലെയുള്ള നിയമനിര്‍മാണ സമിതിയെ മറികടന്ന് പരിഷ്കാരം നടപ്പിലാക്കണം എന്നാണ് ഇതിന്റെ വിവക്ഷ. അങ്ങനെ ചെയ്യുമ്പോള്‍ കോടതികളെപ്പറ്റി ശ്രദ്ധയുണ്ടായിരിക്കണമെന്ന് മുന്നറിയിപ്പും നല്‍കുന്നു. അടിസ്ഥാന നിയമനിര്‍മ്മാണ അധികാരം ഇതര സ്ഥാപനത്തിന് കൈമാറുന്നതിനെ സുപ്രിംകോടതി എതിര്‍ത്തിട്ടുണ്ടെന്നതും ചൂണ്ടിക്കാണിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ പ്രതിനിധി എന്തുകൊണ്ട് സമിതിയില്‍ വന്നില്ല എന്ന സംശയത്തിന് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനവും അതിന്റെ ധര്‍മവും പ്രതിപാദിക്കുന്ന ഭാഗം ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ മറുപടി ലഭിക്കും. 91നുശേഷം വന്ന മാറ്റങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടു തന്നെ വേണ്ടത്ര വേഗതയില്‍ ഇനിയും നടപ്പിലാക്കേണ്ട കാര്യങ്ങള്‍ നടപ്പിലാകാത്തതിനു കാരണം റിസര്‍വ് ബാങ്കിന്റെ ഇടപെടലും നിയന്ത്രണങ്ങളുമാണെന്ന് കമ്മിറ്റി ഭംഗ്യന്തരേണ പറഞ്ഞു വച്ചിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ റോള്‍ വിലക്കയറ്റം തടയുന്നത് മാത്രമായി പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. കാര്‍ഷികമേഖല സംബന്ധിച്ച സുപ്രധാന നിര്‍ദേശം പാട്ടകൃഷി, കരാര്‍ കൃഷി സമ്പ്രദായം പ്രോല്‍സാഹിക്കാനാണ്. റൂറലും അര്‍ബനുമായ സഹകരണ ബാങ്കുകളെയാണ് അധികം പേരും ബാങ്കുകളായി കാണുന്നത്. അധികരിച്ച രാഷ്ട്രീയ ഇടപെടലും മോശപ്പെട്ട പ്രവര്‍ത്തനവും, അത്തരം ബാങ്കുകള്‍ക്കുപോലും ആസ്തിയും പുനര്‍വായ്പയും നല്‍കാനുള്ള സര്‍ക്കാരിന്റെ സന്നദ്ധതയുംമൂലം ഈ മേഖല കൂടുതല്‍ പരിതാപകരമായ സ്ഥിതിയിലേക്ക് പോവുകയാണെന്ന് കമ്മിറ്റി പറയുന്നു. "ഭരണപരമായ പരിഷ്കാരം സംബന്ധിച്ച വൈദ്യനാഥന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അവ നടപ്പിലാക്കുന്നതില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ലാഭമില്ലാത്തവ പൂട്ടിയും നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ചെറുകിട ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കുകയും ചെയ്യേണ്ടതാണ്''. ഇങ്ങനെ പോകുന്നു സഹകരണ മേഖലയെക്കുറിച്ചുള്ള കമ്മിറ്റി നിര്‍ദേശങ്ങള്‍. ഗ്രാമീണ വായ്പ സംബന്ധിച്ചും ഇത്തരം വികല നിര്‍ദേശങ്ങളുണ്ട്. വായ്പയ്ക്കുള്ള സാധ്യത തുറന്നുകൊടുക്കലാണത്രെ പ്രധാനം, വായ്പ നല്‍കലല്ല. പലിശയും പ്രശ്നമാക്കേണ്ടതില്ല. നരസിംഹം മുന്നോട്ടുവച്ച ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിന്റെ തിക്തഫലം ഗ്രാമീണ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ ഇങ്ങനെയാണ്. "ജീവിതായോധനത്തിനുള്ള സാധ്യതകള്‍ ഉറപ്പാക്കാതെ വായ്പ നല്‍കുന്നതും പാവപ്പെട്ടവര്‍ക്കിടയില്‍ വായ്പയുടെ വര്‍ധിച്ച ആഗിരണവും ലക്ഷ്യമിട്ട ഫലം പ്രദാനം ചെയ്യില്ല. വര്‍ദ്ധിച്ച ലാഭത്തില്‍ ശ്രദ്ധയൂന്നുന്ന പൊതുമേഖല ഗ്രാമീണ ശാഖകളെ ഒരവസരമായല്ല, ബാധ്യതയായിട്ടാണ് കാണുന്നത്.
പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കടവും നിക്ഷേപവും സംബന്ധിച്ച അഖിലേന്ത്യാ സര്‍വേ ഇന്ത്യന്‍ കൃഷിക്കാരുടെ വായ്പയിന്മേലുള്ള ആശ്രിതത്വത്തിന്റെ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് നേരിട്ടുള്ള വായ്പയിന്മേലുള്ള ആശ്രിതത്വം 1961-62ല്‍ 18% ആയിരുന്നത് 1981-82 ല്‍ 63% ആയി. പിന്നീടുള്ള രണ്ടു ദശാബ്ദങ്ങളില്‍ പുരോഗതിക്കു പകരം തിരിച്ചടിയാണുണ്ടായത്. സ്വകാര്യ പണമിടപാടുകാരില്‍നിന്നും കര്‍ഷകരെടുത്ത വായ്പ 1991നും 2002നുമിടയില്‍ 18 ശതമാനത്തില്‍നിന്നും 30 ശതമാനത്തിലെത്തി''.
1969ല്‍ പ്രഖ്യാപിച്ച ലക്ഷ്യത്തില്‍നിന്ന് 1991 മുതലാരംഭിച്ച തിരിച്ചുപോക്കിന്റെ ഫലമായാണ് മുകളില്‍ ചൂണ്ടിക്കാണിച്ച കുഴപ്പത്തിലേക്ക് എത്തിയതെന്ന വസ്തുത സൌകര്യപൂര്‍വം വിസ്മരിക്കുക, എന്നിട്ട് അതേ കുഴപ്പങ്ങളുയര്‍ത്തിക്കാട്ടി പുതിയ 'മാറ്റ'ത്തിന് വേണ്ടി വാദങ്ങള്‍ നിരത്തുക. എന്നിട്ട് ഗ്രാമീണ ജനതയെ വീണ്ടും 'സംരക്ഷിക്കാന്‍' ഫൈനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍ എന്ന പേരില്‍ സ്വകാര്യ മുതലാളിക്കും ഹുണ്ടികക്കാരനും രംഗം വിട്ടുകൊടുത്ത് പൊതുമേഖലയെ പൂര്‍ണമായും ഇവിടെ നിന്ന് തന്ത്രപൂര്‍വം നിഷ്കാസനം ചെയ്യുക. ഇതാണ് കമ്മിറ്റി നിര്‍ദേശിക്കുന്ന പരിഹാരത്തിന്റെ രത്നചുരുക്കം.
പരിമിതമായ തൊഴില്‍ശക്തി, വര്‍ദ്ധിച്ച സാങ്കേതിക വിദ്യ, ധാരാളം എറ്റിഎമ്മുകള്‍, കേന്ദ്രീകൃത ഭരണസംവിധാനം, തെരുവില്‍ നടന്നു വില്‍ക്കാവുന്ന ലാഭം ഏറെ ഉറപ്പാക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങള്‍ (ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, മ്യൂച്വല്‍ ഫണ്ട്, മറ്റ് ഓഹരി ഉല്‍പന്നങ്ങള്‍, കണ്‍സ്യൂമര്‍ലോണ്‍), നഗരകേന്ദ്രീകൃത പ്രവര്‍ത്തനം എന്നിവയെല്ലാം ലക്ഷ്യമിടുന്ന വിദേശ, നവസ്വകാര്യ ബാങ്കുകളുടെ പാതയില്‍ പൊതുമേഖലാ ബാങ്കുകള്‍ നീങ്ങുന്നതില്‍ ആശ്വാസം കണ്ടെത്തുന്ന കമ്മിറ്റി ഒരു കാര്യം എടുത്തു പറയുന്നുണ്ട്. 2005-06ല്‍ പൊതുമേഖലാ ബാങ്കുകള്‍ 486 ശാഖകള്‍ തുടങ്ങിയെങ്കിലും അതിലൊന്നുപോലും ഗ്രാമീണ മേഖലയിലല്ല.
സുദീര്‍ഘമായ റിപ്പോര്‍ട്ടിന്റെ വിശദമായ പരിശോധന ഇത്തരം ഒരു ലേഖനത്തില്‍ ഒതുക്കാന്‍ കഴിയില്ല. കര്‍ഷകരെയും ഗ്രാമീണ ജനതയേയും അവഗണിച്ച്, വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന കള്ളക്കണക്ക് പ്രചരിപ്പിച്ചു നടന്ന എന്‍ഡിഎയുടെ പാതയാണ് യുപിഎ സര്‍ക്കാരും തുടരുന്നത്. വീണ്ടുമൊരു ജനവിധിയെ നേരിടുന്നതിന് കടാശ്വാസവും കര്‍ഷകപ്രേമവുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജനജീവിതത്തിന്റെ സ്പന്ദനങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ആസ്ഥാന പണ്ഡിതര്‍ ആസൂത്രണ കമ്മീഷനിലിരുന്ന് സര്‍ക്കാരിനുമേലെ ഒരു സൂപ്പര്‍ ക്യാബിനറ്റായി ആഗോളവല്‍ക്കരണ തന്ത്രങ്ങള്‍ മെനയുന്നു. അതിന് വിശ്വാസ്യത പകരാനുള്ള കുറിപ്പടി തയ്യാറാക്കാന്‍ 'വിദഗ്ധരെ' കണ്ടെത്തുന്നു. വിധിയെഴുതുന്ന വിദഗ്ധന്‍ ഭരണാധികാരികളെ ഉപദേശിക്കുന്നതിങ്ങനെ. "നിര്‍ഭാഗ്യവശാല്‍ (സര്‍ക്കാരിന്റെ) നേരിട്ടുള്ള ഇടപെടലും പോപ്പുലറിസവും ഒരു തിരിച്ചുവരവ് നടത്തുന്നതായി തോന്നുന്നു. ഈ നീക്കത്തെ ഭൂതകാലത്തിലേക്ക് ശക്തിയോടെ തള്ളി മാറ്റേണ്ടിയിരിക്കുന്നു''.
ഈ പൊതുമേഖലാവിരുദ്ധ, ജനവിരുദ്ധ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയേണ്ടതാണ്. അതിനുള്ള ജനകീയ ഇടപെടല്‍ ആരംഭിക്കാന്‍ താമസിച്ചു കൂടാ.
***
എ സിയാവുദീന്‍
(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)
Subscribe to:
Post Comments (Atom)
2 comments:
കര്‍ഷകരെയും ഗ്രാമീണ ജനതയേയും അവഗണിച്ച്, വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന കള്ളക്കണക്ക് പ്രചരിപ്പിച്ചു നടന്ന എന്‍ഡിഎയുടെ പാതയാണ് യുപിഎ സര്‍ക്കാരും തുടരുന്നത്. വീണ്ടുമൊരു ജനവിധിയെ നേരിടുന്നതിന് കടാശ്വാസവും കര്‍ഷകപ്രേമവുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജനജീവിതത്തിന്റെ സ്പന്ദനങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ആസ്ഥാന പണ്ഡിതര്‍ ആസൂത്രണ കമ്മീഷനിലിരുന്ന് സര്‍ക്കാരിനുമേലെ ഒരു സൂപ്പര്‍ ക്യാബിനറ്റായി ആഗോളവല്‍ക്കരണ തന്ത്രങ്ങള്‍ മെനയുന്നു. അതിന് വിശ്വാസ്യത പകരാനുള്ള കുറിപ്പടി തയ്യാറാക്കാന്‍ 'വിദഗ്ധരെ' കണ്ടെത്തുന്നു. വിധിയെഴുതുന്ന വിദഗ്ധന്‍ ഭരണാധികാരികളെ ഉപദേശിക്കുന്നതിങ്ങനെ. "നിര്‍ഭാഗ്യവശാല്‍ (സര്‍ക്കാരിന്റെ) നേരിട്ടുള്ള ഇടപെടലും പോപ്പുലറിസവും ഒരു തിരിച്ചുവരവ് നടത്തുന്നതായി തോന്നുന്നു. ഈ നീക്കത്തെ ഭൂതകാലത്തിലേക്ക് ശക്തിയോടെ തള്ളി മാറ്റേണ്ടിയിരിക്കുന്നു''.
ഈ പൊതുമേഖലാവിരുദ്ധ, ജനവിരുദ്ധ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയേണ്ടതാണ്. അതിനുള്ള ജനകീയ ഇടപെടല്‍ ആരംഭിക്കാന്‍ താമസിച്ചു കൂടാ.
ചുരുക്കിപ്പറഞ്ഞാല്‍ നവ ലിബറലിസത്തനു ഗുമസ്തപ്പണിയാണു നമ്മുടെ മഹാനായ സാമ്പത്തീക വിദഗ്ദ്ധന്‍ പ്രധാനമന്ത്രിജിയും അദ്ദേഹത്തിന്റെ ശിങ്കിടി അലുവല്‍യാജിയും കൂടി ചെയ്യുന്നത്. എന്നിട്ട്, ആഗോളകുത്തകളുടെ കീശ വീര്‍ക്കുന്നതാണ് രാജ്യത്തിന്റെ പുരോഗതി എന്ന് ചപ്ലകട്ടയടിച്ചു പാടിനടക്കുന്നത്! കഷ്ടം!!
Post a Comment