Monday, October 20, 2008

ഓത്ത്

കൊണ്ടേരന് ബോറടിച്ചു.അതുകൊണ്ട് അവസാനമായി തീരുമാനിച്ചു:

' ഇനി ഒരു കീഴാളനായി തുടരേണ്ട '

പെട്ടെന്നെടുത്ത തീരുമാനമല്ല ഇത്.

കമ്മിറ്റികള്‍ പലവട്ടം കൂടി. വിഷയം തലമുടി നാരാക്കി. അത് പിന്നെ നാലാക്കി.നാനാവിധ പരിശോധനക്ക് വിധേയവുമാക്കി.

കൃത്യം പറഞ്ഞാല്‍ നാലു മാസം, നാലു ദിവസം, നാലു മണിക്കൂര്‍, നാലു മിനുട്ട്, നാലു സെക്കന്‍ഡ് നീണ്ട ചര്‍ച്ചയിലൂടെയാണ് മേല്‍ തീരുമാനത്തിലെത്തിയത്. തല്‍പ്പരകക്ഷികള്‍ക്ക് നിക്ഷിപ്ത താല്‍പര്യം ഉണ്ടാകാം. പക്ഷേ, സാര്‍ഥവാഹകസംഘം മൈന്‍ഡ് ചെയ്യുന്നില്ല, ടി കക്ഷികള്‍ മുന്നോട്ട്.

തിരുവോണ നാളിലെ ദ്വാദശിയില്‍ നാലും കൂടിയ കവലയിലാണ് ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം ഉണ്ടായത്. സൂചനകള്‍ ഒന്നും ഉണ്ടാകാതിരുന്നതിനാല്‍ നാലും കൂടിയ കവലക്ക് മുന്‍കൂട്ടി തയ്യാറെടുത്ത് ഞെട്ടാന്‍ കഴിഞ്ഞില്ല. അത് ഒരു പോരായ്‌മയായി ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്തു.

ചരിത്രത്തെക്കൊണ്ട് നിവൃത്തിയില്ലാതെയായി. ജീവിക്കാന്‍ സമ്മതിക്കില്ല.

കൊണ്ടേരന്റെ സുപ്രസിദ്ധമായ ആ പ്രഖ്യാപനം പൂര്‍ണ രൂപത്തില്‍ താഴെ.

' പെരിഞ്ചോട്ടുകര ഗ്രാമത്തില്‍ അംശം 13ല്‍ സ്വന്തമായി വീടോ, വീട്ടുപേരോ ഇല്ലാത്ത കണ്ടങ്കോരന്‍ പുലയന്റെയും കാളിപ്പുലയിയുടെയും ആറുമക്കളില്‍ ഇളയവനായ കൊണ്ടേരന്‍ എന്ന ഈ ഞാന്‍ ഇന്നു മുതല്‍ എന്റെ ജാതി ഉപേക്ഷിക്കാന്‍ സ്വന്തം ഇഷ്‌ടപ്രകാരം തീരുമാനിച്ചിരിക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കടമോ മനപ്രയാസമോ ഉള്ളവര്‍ പതിനാലു ദിവസത്തിനകം ടി പരാതി നേരില്‍ ബോധിപ്പിച്ച് രശീതി കൈപ്പറ്റേണ്ടതാകുന്നു.'

നാലും കൂടിയ കവല നിന്ന നില്‍പ്പില്‍ ഞെട്ടി. ബാര്‍ബര്‍ കുഞ്ഞാത്തോല്‍, ടെയ്‌ലര്‍ തോമ, ഈശ്വര വിലാസം ടീ സ്റ്റാള്‍ ഉടമ മഹേശ്വരന്‍ പിള്ള, മീന്‍‌കാരി പാറു, ടോഡി ഷാപ്പ് നമ്പ്ര് 32ലെ വിളമ്പുകാരന്‍ നാണുക്കുട്ടന്‍ എന്നീ പ്രധാന പത്രങ്ങള്‍ എട്ടേമുക്കാല്‍ കോളത്തില്‍ ലീഡ് പൂശി. പ്രത്യേകം സപ്ലിമെന്റ് ഇറക്കി.

' കൊണ്ടേരന്‍ ജാതി മാറുന്നു' എന്ന പ്രധാന വാര്‍ത്ത കൊട്ടിക്കയറവെ കൊണ്ടേരന്‍ വാര്‍ത്തകള്‍ക്കിടയില്‍ നിന്നും ഒളിച്ചുപോയി.

ഊഹക്കച്ചവടക്കാര്‍ അവസരം മുതലാക്കി. ഓഹരി വിപണിക്ക് രക്തസമ്മര്‍ദം കൂടി. കാള വിരണ്ടു. സെന്‍സെക്സില്‍ അശ്ലീലം കലര്‍ന്നു.

വിവരങ്ങള്‍ക്കുവേണ്ടി കുഞ്ഞാത്തോല്‍, തോമ, മഹേശ്വരന്‍ പിള്ള, പാറു, നാണുക്കുട്ടന്‍ എന്നീ പ്രധാന വാര്‍ത്താ മാധ്യമങ്ങളെത്തന്നെ നാട്ടുകാര്‍ക്ക് ആശ്രയിക്കേണ്ടിവന്നു.

കൊണ്ടേരന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് നാണുക്കുട്ടനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട് ചെയ്തു.മഹേശ്വരന്‍ പിള്ളയെ ഉദ്ധരിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ് ശ്രമിച്ചെങ്കിലും ചായയടിക്കാന്‍ എന്ന മട്ടില്‍ അകത്തേക്ക് ഓടിക്കളഞ്ഞു. മീന്‍‌കാരി പാറു സംഭവത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം മനസ്സിലാക്കി അന്നത്തെ മീന്‍ വില്‍പ്പന അവസാനിപ്പിച്ച് 24 മണിക്കൂര്‍ വാര്‍ത്താ ചാനലായി സ്വയം പരിണമിച്ചു. ബാര്‍ബര്‍ കുഞ്ഞാത്തോല്‍ കടയുടെ മുന്നില്‍ ബോര്‍ഡു തൂക്കി:

' ഇന്ന് വെട്ടില്ല'

അളന്നുമുറിച്ച വാചകങ്ങളുമായി ടെയ്‌ലര്‍ തോമ കാത്തിരുന്നു.ബി ബി സിക്ക് തോമയിലൊരു കണ്ണുണ്ട്.തോമക്കും അതറിയാം. നാലും കൂടിയ കവലയില്‍ ഏറ്റവും കൂടുതല്‍ ഇംഗ്ളീഷ് അക്ഷരമറിയാവുന്നത് തോമക്കാണ്- 19. കുഞ്ഞാത്തോല്‍ -13, മഹേശ്വരന്‍ പിള്ള- 9, പാറു -7, നാണുക്കുട്ടന്‍ - 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.

ചര്‍ച്ചകള്‍ കസറി.

ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഭാവി, ജാതി സമ്പ്രദായം ഇന്ത്യന്‍ സമൂഹത്തില്‍, കൊണ്ടേരനും ഇന്ത്യയും എങ്ങോട്ട്? എന്നീ വിഷയങ്ങളില്‍ ചര്‍ച്ച കൊഴുത്തു.

ലേശം കേള്‍വിക്കുറവുള്ളവരൊഴികെ ബാക്കിയെല്ലാവരും ചാനലില്‍ വിദഗ്ധരായി. മല്‍സരത്തിനിടയില്‍ ഒരു ചാനല്‍ തവളയെ രംഗത്തവതരിപ്പിച്ച് കൈയടി നേടി.

ഇതൊന്നുമറിയാതെ കൊണ്ടേരന്‍ ഒരു കേന്ദ്രത്തില്‍ ധ്യാനനിമഗ്നനായി.

' എങ്ങോട്ട് മാറും ?'

ചോദ്യത്തിന് നിലവാരമില്ലാത്തതിനാല്‍ ചോദ്യം ഒന്നു മാറ്റി അതു തന്നെ ആലോചിച്ചു.

മതങ്ങളും ജാതികളും ധാരാളം. ഏതെടുക്കണം?

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തില്‍ സ്വയം ജാതി ചോദിക്കുന്നതില്‍ മനസ്സാക്ഷിക്ക് കുത്തേല്‍ക്കില്ലേയെന്ന് കൊണ്ടേരന്‍ സാംസ്‌കാരികമായി ചിന്തിച്ചു.

ജാതി ചോദിക്കരുതെന്നേയുള്ളു; അഭിനയിക്കാം.

ഹാവൂ, ആശ്വാസമായി.

ഇല്ലെങ്കില്‍ തെണ്ടിപ്പോവും.

വീണ്ടും ചിന്തിച്ചു.

ആരാവണം?

ക്രിസ്ത്യാനി ?, മുസ്ലിം?, ബുദ്ധന്‍?, ജൈനന്‍?

പര്‍ദയിടാന്‍ സൌകര്യമില്ലാത്തതിനാല്‍ മുസ്ലിം എന്ന നിര്‍ദേശം തുടക്കത്തിലേ തള്ളി. പുരുഷന്മാര്‍ പര്‍ദയിടുന്ന കാലം വരട്ടെ അന്നാലോചിക്കാം.

പിന്നെ ക്രിസ്ത്യാനി.

വയ്യ. മടക്കിക്കുത്തിയാണ് ഇപ്പോള്‍ വിശുദ്ധ കുര്‍ബാന. ഇടയ്‌ക്ക് എണ്ണാമെങ്കില്‍ എണ്ണിക്കോ എന്നൊരു കുമ്പസാരവും.

ബുദ്ധ- ജൈന?

പറ്റില്ല.ശില്‍പ്പകലയില്‍ പ്രാവീണ്യം പോര.

എന്നാല്‍ ഹിന്ദുവില്‍ തന്നെ ഒരു മ്യൂച്വല്‍ ട്രാന്‍‌സ്‌ഫറിന് ശ്രമിക്കാം.

കൊണ്ടേരന്റെ ചിന്ത മുറിഞ്ഞു.

അന്തരീക്ഷത്തില്‍ ഒരു ശ്വാന ഗന്ധം. ഗന്ധത്തിന്റെ പിന്നാലെ ശ്വാനനെത്തി.

കൊണ്ടേരന്‍ ഒന്നേ നോക്കിയുള്ളു.

ഷാപ്പിലെ പട്ടി!

കണ്ണു നിറഞ്ഞു, രണ്ട് പേര്‍ക്കും.

നാണുക്കുട്ടനാണ് ഈ നായയെ അന്വേഷണോദ്യോഗസ്ഥനാക്കിയത്.

നാണുവിന് ഇത്രയും ബുദ്ധിയുണ്ടെന്ന് കുടിയുടെ ഒരു ഘട്ടത്തിലും കൊണ്ടേരന് തോന്നിയിട്ടില്ല.

ഏത് വിഡ്‌ഢിക്കും ഒരു ദിവസം ലോകം കീഴടക്കാനാവും.

കൊണ്ടേരനെ കണ്ടതോടെ നാണുക്കുട്ടന്‍ തുണിയഴിഞ്ഞുപോയപോലെ ചിരിച്ചു.

ഷാപ്പിലെ പട്ടി കൊണ്ടേരന്റെ കാലില്‍ നക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കൊണ്ടേരന്‍ അവനെ നോക്കി മൌനമായി പറഞ്ഞു:

' നിനക്ക് നിന്റെ ജാതി, എനിക്ക് എന്റെയും. ജാതിയേതായാലും വാല്‍ ആടിയാല്‍ മതി.'

കൊണ്ടേരന്റെ കണ്ണു നിറയുമെന്ന സ്ഥിതിയിലായി.

സംഭവം ട്രാജഡിയിലേക്ക് നീങ്ങുന്നത് ആശങ്കയോടെ നോക്കിനിന്ന നാണുക്കുട്ടന്‍ വിദഗ്ധമായ ഒരു ചോദ്യം കൊണ്ട് ഗതി മാറ്റി.

നാണുക്കുട്ടന്‍ വിനീതനായി ചോദിച്ചു.

' കേട്ടതൊക്കെ ശര്യാ...?'

കൊണ്ടേരന്‍ പറഞ്ഞു:

' കേള്‍ക്കാനിരിക്കുന്നതും..'

നാണുക്കുട്ടന്‍ കാത്തുനിന്നില്ല.

അരയില്‍ താഴ്ത്തിവെച്ച കുപ്പി കഴുത്തിന് പിടിച്ച് പുറത്തെടുത്തു. ഇത്തിരി ഒണക്കച്ചെമ്മീന്‍ കുത്തിപ്പൊടിച്ചതും.

ആരും വീണു പോകും.

പക്ഷേ കൊണ്ടേരന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളില്ല.

നാണുക്കുട്ടന്‍ വിസ്തരിച്ചു.

' വെള്ളം തീണ്ടീട്ടില്ല. നേരേ ചെത്തിയെറക്കീതാ..'

നോ ചെയ്ഞ്ച്. കൊണ്ടേരനില്‍ മാറ്റമില്ല.

നാണുക്കുട്ടന്‍ ഒരു ശ്രമം കൂടി നടത്തി.

' കല്‍പ്പവൃക്ഷത്തിന്റെ കരളു പിഴിഞ്ഞതാണ്.'

' നിന്റെ കരളു പിഴിഞ്ഞതാണെങ്കിലും വേണ്ട..'

നാണുക്കുട്ടന്‍ സ്വന്തം ശരീരം നുള്ളിനോക്കി.

ഇല്ല മരിച്ചിട്ടില്ല.

വിറയാര്‍ന്ന ശബ്‌ദത്തില്‍ ചോദിച്ചു:

'കാരണം ?'

' ഷാപ്പു പൂട്ടാറായോ ?'

' ഇല്ല.'

'എങ്കില്‍ കേട്ടോളൂ. അരമുറി കരിക്കും അരത്തൊണ്ടു കളളും ഞങ്ങളുടെ മിച്ചമൂല്യം തട്ടിയെടുത്ത ചൂഷകപ്പരിഷകളാണ്. ഇനി വയ്യ. ഇതില്‍ നിന്നു മുക്തമാവണം. നാണൂ, ഈ വേഷം ഞാന്‍ അഴിക്കുകയാണ്. ഈ ജാതി ഞാന്‍ മാറുകയാണ്.'

' ഏതാണാവോ ഇനി?'

' ഞാന്‍ നമ്പൂതിരിയാകാന്‍ പോവുന്നു.'

നമ്പൂരിയ്വോ !'

' എന്താ എതിര്‍പ്പുണ്ടോ?'

' നടക്ക്വോ?'

'നടക്കും. മതം മാറാമെങ്കില്‍ ജാതിയും മാറാം.'

നാണുക്കുട്ടന്‍ യാത്രചോദിച്ചു. കൊണ്ടേരന്‍ അനുവദിച്ചു.

കൊണ്ടേരന്‍ അടുത്തഘട്ടമായി ഇട്ടിരാരിശ്ശന്‍ നമ്പൂതിരിയുടെ ഇല്ലത്തേക്കു ചെന്നു.

ഇട്ടിരാരിശ്ശന്‍ കോസടിയിലുണ്ട്.

'..ന്താ..കൊണ്ടേരന്‍തിരുമേനീ..ങ്ങ്ടേക്ക്..?'

'..പുഛമാണോ, സങ്കടമാണോ..മിസ്റ്റര്‍ ഇട്ടിരാരിശ്ശന്‍, എന്താണ് ഇതില്‍ ഒളിപ്പിച്ചിരിക്കുന്നത്..'

'..ന്താ..കൊണ്ടേരന്‍ ..ങ്ങ്നെ..താനിപ്പോ..ന്തായാലും ..ന്താ?..കാലം വല്ലാതെ മാറീരിക്ക്ണൂ. മനുഷ്യേരൊക്കെ ഇപ്പം ഒരൂട്ടായില്ല്യേ..അത് തന്നേനി നല്ലതും..പ്പോ..ഇനി ഏതാ ഇല്ലം..?'

'മുട്ടില്ലം.'

'മുട്ടില്ല്യോ..?'

'കേട്ടിട്ടില്ല?'

'..ല്ല്യേനീം..'

' പണ്ട് കാട്ടീന്നൊരു മാനിനെ കിട്ടി. മേനി കൊണ്ടു പോയവര്‍ മേനില്ലമായി. പൃഷ്ഠം കൊണ്ടുപോയവര്‍ മുട്ടില്ലമായി.'

'..ന്താച്ചാലും താന്‍ ങ്ങ്ട് ചേര്‍ന്നൂലോ..ഇതൊന്ന് കൊണ്ടാടാം..'

' എങ്ങ്ന്യാ ആഘോഷം ?'

'മരനീരാവാം. തരാവ്വോ..?'

ടോഡി ഷാപ്പ് നമ്പ്ര് 32ലേക്ക് ആംബുലന്‍സ് പാഞ്ഞു.

ഊട്ടുപുരയില്‍ അമൃതേത്തൊരുങ്ങി. ചെല്ലും തോതില്‍ ചെലുത്തി. ചിരികളി,അക്ഷരശ്ലോകം, അശ്ലീല പാരായണം, കഥകളിപ്പദം. ഇത്യാദികള്‍ മേളിച്ചു.

അന്ത്യത്തില്‍ ഇട്ടിരാരിശ്ശന്‍ തളര്‍ന്നു, കുഴഞ്ഞു, വീണു, ഉറങ്ങി, കൂര്‍ക്കനെ വലിച്ചു തള്ളി.

ശബ്ദസാഗരത്തില്‍ ഭയക്കാതെ കൊണ്ടേരനും ശയനസന്നദ്ധനായി.

ഇട്ടിരാരിശ്ശനരികിലായി കിടന്ന് നിദ്രാദേവിയെ സ്വപ്നം കണ്ടു.

'ഏയ്..'

കൊണ്ടേരനെ ആരോ വിളിക്കുന്നു.

മറ്റാരുമല്ല, ഇട്ടിരാരിശ്ശനാണ്.

'..ലേശം..ങ്ങട് നീങ്ങിക്കോളൂ. പൊറത്താ കെടക്കണേച്ചാല്‍ ഒട്ടും മുഷിയില്ലേനീം..അശുദ്ധം ആവണ്ടാച്ചാ..ഇനി രാത്രി ഒരു കുളീം തേവാരോം വയ്യേനീം..'

****

എം എം പൌലോസ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

തിരുവോണ നാളിലെ ദ്വാദശിയില്‍ നാലും കൂടിയ കവലയിലാണ് ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം ഉണ്ടായത്. സൂചനകള്‍ ഒന്നും ഉണ്ടാകാതിരുന്നതിനാല്‍ നാലും കൂടിയ കവലക്ക് മുന്‍കൂട്ടി തയ്യാറെടുത്ത് ഞെട്ടാന്‍ കഴിഞ്ഞില്ല. അത് ഒരു പോരായ്‌മയായി ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്തു.

ചരിത്രത്തെക്കൊണ്ട് നിവൃത്തിയില്ലാതെയായി. ജീവിക്കാന്‍ സമ്മതിക്കില്ല.

കൊണ്ടേരന്റെ സുപ്രസിദ്ധമായ ആ പ്രഖ്യാപനം പൂര്‍ണ രൂപത്തില്‍ താഴെ.

' പെരിഞ്ചോട്ടുകര ഗ്രാമത്തില്‍ അംശം 13ല്‍ സ്വന്തമായി വീടോ, വീട്ടുപേരോ ഇല്ലാത്ത കണ്ടങ്കോരന്‍ പുലയന്റെയും കാളിപ്പുലയിയുടെയും ആറുമക്കളില്‍ ഇളയവനായ കൊണ്ടേരന്‍ എന്ന ഈ ഞാന്‍ ഇന്നു മുതല്‍ എന്റെ ജാതി ഉപേക്ഷിക്കാന്‍ സ്വന്തം ഇഷ്‌ടപ്രകാരം തീരുമാനിച്ചിരിക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കടമോ മനപ്രയാസമോ ഉള്ളവര്‍ പതിനാലു ദിവസത്തിനകം ടി പരാതി നേരില്‍ ബോധിപ്പിച്ച് രശീതി കൈപ്പറ്റേണ്ടതാകുന്നു.'

നാലും കൂടിയ കവല നിന്ന നില്‍പ്പില്‍ ഞെട്ടി. ബാര്‍ബര്‍ കുഞ്ഞാത്തോല്‍, ടെയ്‌ലര്‍ തോമ, ഈശ്വര വിലാസം ടീ സ്റ്റാള്‍ ഉടമ മഹേശ്വരന്‍ പിള്ള, മീന്‍‌കാരി പാറു, ടോഡി ഷാപ്പ് നമ്പ്ര് 32ലെ വിളമ്പുകാരന്‍ നാണുക്കുട്ടന്‍ എന്നീ പ്രധാന പത്രങ്ങള്‍ എട്ടേമുക്കാല്‍ കോളത്തില്‍ ലീഡ് പൂശി. പ്രത്യേകം സപ്ലിമെന്റ് ഇറക്കി.

' കൊണ്ടേരന്‍ ജാതി മാറുന്നു' എന്ന പ്രധാന വാര്‍ത്ത കൊട്ടിക്കയറവെ കൊണ്ടേരന്‍ വാര്‍ത്തകള്‍ക്കിടയില്‍ നിന്നും ഒളിച്ചുപോയി.

ഊഹക്കച്ചവടക്കാര്‍ അവസരം മുതലാക്കി. ഓഹരി വിപണിക്ക് രക്തസമ്മര്‍ദം കൂടി. കാള വിരണ്ടു. സെന്‍സെക്സില്‍ അശ്ലീലം കലര്‍ന്നു.

വിവരങ്ങള്‍ക്കുവേണ്ടി കുഞ്ഞാത്തോല്‍, തോമ, മഹേശ്വരന്‍ പിള്ള, പാറു, നാണുക്കുട്ടന്‍ എന്നീ പ്രധാന വാര്‍ത്താ മാധ്യമങ്ങളെത്തന്നെ നാട്ടുകാര്‍ക്ക് ആശ്രയിക്കേണ്ടിവന്നു.

കൊണ്ടേരന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് നാണുക്കുട്ടനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട് ചെയ്തു.മഹേശ്വരന്‍ പിള്ളയെ ഉദ്ധരിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ് ശ്രമിച്ചെങ്കിലും ചായയടിക്കാന്‍ എന്ന മട്ടില്‍ അകത്തേക്ക് ഓടിക്കളഞ്ഞു. മീന്‍‌കാരി പാറു സംഭവത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം മനസ്സിലാക്കി അന്നത്തെ മീന്‍ വില്‍പ്പന അവസാനിപ്പിച്ച് 24 മണിക്കൂര്‍ വാര്‍ത്താ ചാനലായി സ്വയം പരിണമിച്ചു. ബാര്‍ബര്‍ കുഞ്ഞാത്തോല്‍ കടയുടെ മുന്നില്‍ ബോര്‍ഡു തൂക്കി:

' ഇന്ന് വെട്ടില്ല'

എം എം പൌലോസിന്റെ നര്‍മ്മ ഭാവന

Baiju Elikkattoor said...

"ജാതി ചോദിക്കരുതെന്നേയുള്ളു; അഭിനയിക്കാം."

കറ കറക്റ്റ്...!

Superb Humor....!!

Anonymous said...

ഹൈന്ദവ വര്‍ ഗീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പു കാരണം നമ്പൂതിരിമാരും പൂണൂല്‍ ധാരികളും ഇപ്പോള്‍ ഇത്തിരി മെച്ചപ്പെട്ട ജീവിതമാണു വെള്ളാപ്പള്ളിയുടെ വീട്ടിലും പൂജക്കു പൂണൂലിട്ടവരെ വേണം ഈഴവ ശാന്തി പരീക്ഷണം പൊളീഞ്ഞു പാളീസായി, ഇല്ലായിരുന്നെങ്കില്‍ എല്ല ഇട്ടി രാരിശ്ശനും കൊണ്ടേരണ്റ്റെ ജാതി ആയി മാറാന്‍ എന്നേ റെഡി ഒരു ജാതിക്കായി മാത്രം നാലു ശതമാനം സം വരണം, ക്രീമിലെയര്‍ പരിധി ആണെങ്കില്‍ ഇപ്പോള്‍ അഞ്ചു ലക്ഷം പിന്നെ ഈഴവ തീയന്‍ ആകാന്‍ ആരാണു കൊതിക്കാത്തതു? നായരും നമ്പൂതിരിയും ഈഴവരെയോ പുലയരെയോ വിശ്വകറ്‍മ്മരെയോ ആരെയും കെട്ടാന്‍ റെഡി എത്റ എകസാമ്പിള്‍ വേണമെങ്കിലും കാണിക്കാം പക്ഷെ എവീടെങ്കിലും ഒരു ഈഴവന്‍ പുലയനെ കെട്ടി അല്ലെങ്കില്‍ പുലയന്‍ ഒരു പറയനെ കെട്ടി എന്നു കേട്ടിട്ടുണ്ടോ ? ഇല്ല അപ്പോള്‍ ജാതി ആര്‍ ക്കാണു കൂടുതല്‍ ഇട്ടിരാരിശ്ശനോ കൊണ്ടേരനോ? മതമില്ലാത്ത ജീവനെ ആറ്‍ക്കും വേണ്ട അവണ്റ്റെ ജീവിതം കട്ടപ്പുക എന്നു അറിയാവുന്നതിനാല്‍. ഹ ഹ

Anonymous said...

"അപ്പോള്‍ ജാതി ആര്‍ ക്കാണു കൂടുതല്‍ ഇട്ടിരാരിശ്ശനോ കൊണ്ടേരനോ? "
എം.എം.പൌലൊസിനുതന്നെ.
മതം മാറാത്ത ദളിതനും മതം മാറിയ ദളിതനും തമ്മിലാണു തല്ലുമ്പിടി എന്ന, എത്രമറച്ചുവെക്കാൻ ശ്രമിച്ചിട്ടും പുറത്തുവരുന്ന സത്യത്തെ ഒളിപ്പിച്ചുവക്കാനുള്ള പൌലൊസിന്റെ ശ്രമം അഭിനന്ദനീയം തന്നെ.
അധ:പതനം ജന്മംകൊണ്ടോ തൊഴിൽകൊണ്ടോ അല്ല.കളവുപറയാനുള്ള വിഷമമില്ലായ്മയാണു.മതം മാറിയിട്ടും, മതമുപേക്ഷിച്ചിട്ടും ഈ അധ:പതനകാരണം പൌലോസിൽ കാഞ്ഞിരക്കുരുവിൽ കൈപ്പെന്നപോലെ നിലനിൽക്കുന്നു .ഇനി വല്ല നാമജപവും തന്നെയേ വഴിയുള്ളൂ.

Baiju Elikkattoor said...

"മതം മാറാത്ത ദളിതനും മതം മാറിയ ദളിതനും തമ്മിലാണു തല്ലുമ്പിടി" എന്ന് പറയുന്ന അനോണി, അപ്പോള്‍ സംഘ പരിവാറിനു "referee" യുടെ സ്ഥാനമാണല്ലേ? ഇനി ഏത് SUPERWHITE അടിച്ച് നോക്കിയാലും ന്യുന പക്ഷ/ അധസ്ഥിത ധ്വംസനം എന്ന കറുപ്പ് സംഘ പരിവന്റെ മുഖമുദ്രയായി അവശേഷിക്കുന്നു.....!