Friday, October 3, 2008

വിജയന്‍ മാഷിനെ ഓര്‍ക്കുമ്പോള്‍

വാക്കുകള്‍ക്ക് കടലിനേക്കാള്‍ ആഴമുണ്ടെന്നും, ആശയങ്ങള്‍ ഖനികളാണെന്നും, സ്വന്തം വാക്കുകള്‍കൊണ്ട് ഞങ്ങളെ പഠിപ്പിച്ചത് താങ്കളാണ്. ധൈഷണികതയുടെ പ്രകാശ ഗോപുരമായിരുന്നു അങ്ങ്. 'ലോയല്‍ ലെഫ്റ്റനെന്റു'കളുടെ സഭകളുണ്ടാക്കിയില്ല. അവിടെ താങ്കള്‍ സ്വന്തം മെഴുകു പ്രതിമകള്‍ സ്ഥാപിച്ചതുമില്ല..! കടലാസുപൊതിയുടെ കനംനോക്കി താങ്കള്‍ പ്രസംഗ പീഠങ്ങളില്‍ നിറഞ്ഞാടിയതുമില്ല. ഒരച്ഛനായിരുന്നു താങ്കളെങ്കിലും സ്വന്തം മക്കള്‍ക്കുവേണ്ടി 'ദ്വീപുകള്‍' സൃഷ്ടിച്ച് പാര്‍പ്പുറപ്പിച്ചില്ല. അരാഷ്ട്രീയത്തിന്റെ അഴുക്കുപുരണ്ട അരങ്ങില്‍, വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശുഭ്രവസ്ത്രമായി താങ്കള്‍ ഞങ്ങള്‍ക്ക് അനുഭവവേദ്യമായി. പോരാട്ടങ്ങളും പ്രതിരോധങ്ങളും അപ്രസക്തമായെന്ന് നിലവിളിച്ച് നടക്കുന്നവരുടെ നടുവില്‍ നിന്നുകൊണ്ട്, പുതിയ സമരമുഖങ്ങളിലേക്ക് ഒരു ജനതയുടെ കൈപിടിച്ച് നടക്കുകയായിരുന്നു അങ്ങ് ചെയ്തത്... 'ദാരിദ്ര്യമാണ് വിപ്ലവം സൃഷ്ടിക്കുന്നതെന്ന് ' താങ്കള്‍ പറഞ്ഞപ്പോള്‍, കേരളീയരുടെ നിറഞ്ഞ ചോറുപാത്രത്തില്‍ നോക്കി പരിഹസിച്ചവരുണ്ടായിരുന്നു..! മൂലധനാധിനിവേശം സൃഷ്ടിക്കുന്ന 'ദാരിദ്ര്യത്തി'ന്റെ അര്‍ത്ഥമറിയാത്ത, അവരോട് പോലും അങ്ങ് പരിഭവിച്ചില്ല. മനുഷ്യവിമോചനത്തിനു വേണ്ടി അങ്ങുപറഞ്ഞുതന്നതെല്ലാം ഞങ്ങള്‍ക്ക് പുതിയ അറിവുകളായിരുന്നു. ഞങ്ങള്‍, പണിയെടുക്കുന്ന വര്‍ഗ്ഗത്തിന്, അങ്ങയുടെ വാക്കുകള്‍ ആത്മവിശ്വാസത്തിന്റെ വറ്റാത്ത ഉറവകളായിരുന്നു. ജീവിതം തന്നെ സമരമാണെന്നറിയുന്ന ഞങ്ങളുടെ മനസ്സുകളില്‍, അങ്ങ് ആര്‍ക്കും എടുത്തുമാറ്റാന്‍ കഴിയാത്ത സിംഹാസനത്തില്‍ ആസനസ്ഥനായി. താങ്കളുടെ വാക്കുകള്‍ എത്രയോ തെളിമയുള്ളതായിരുന്നെന്നും അവയെത്രയോ തീക്ഷ്‌ണമായിരുന്നെന്നും ഞങ്ങള്‍ അനുഭവിച്ചറിയുന്നു.

വര്‍ക്കേഴ്‌സ് ഫോറം

“എല്ലാ മുതലാളിത്തവും പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. ഒന്നാമത്തെ മുതലാളിത്തവും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. ആ പ്രതീക്ഷയ്ക്ക് നമ്മെളെല്ലാവരും നവോത്ഥാനമെന്നു പേരിട്ടു. അത് ഒരുപാട് പ്രതീക്ഷയുണ്ടാക്കി. ലോകം മുഴുവന്‍ ഒന്നാകും. സമത്വസുന്ദരമാകും. ജാതിപോകും, മതം പോകും എന്നൊക്കെ കരുതി. പോയ സാധനങ്ങള്‍ എല്ലാം അതേപോലെ തിരിച്ചുവരികയാണ് ചെയ്തത്. അതേപോലെ പുതിയ മുതലാളിത്തവും ഒരു പാട് വ്യാമോഹമുണ്ടാക്കുന്നുണ്ട്. ദേശീയത പോയി സാര്‍വ്വദേശീയത വരും. കസ്റ്റംസ് ഡ്യൂട്ടിയുണ്ടാവില്ല. ലോകം മുഴുവന്‍ ഒന്നാകും. നമുക്ക് ലോകത്തെവിടെയും പോകാനുള്ള സൌകര്യമുണ്ടാകും. ഈ തരത്തിലുള്ള വ്യാമോഹങ്ങള്‍ ഉണ്ടാകുന്നു. ഇത് നടക്കില്ല എന്നറിയാന്‍ കുറച്ച് കഴിയണം. അതിനാണ് നോ വേക്കന്‍സി ബോര്‍ഡ് എന്ന് പറയുക..... 1930-40 കളിലെ എല്ലാ സിനിമകളിലും നോ വേക്കന്‍സി എന്നൊരു ബോര്‍ഡുണ്ടാകും. ഇത് മുതലാളിത്തമാണ്, There is no Vacancy എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കവിടെ സ്ഥാനമില്ലെന്നര്‍ത്ഥം. നിങ്ങള്‍ ഇവിടെ ആവശ്യമില്ല. ഈ ലോകം കുറച്ചുപേരുടേതാണ്, അവര്‍ മുതലാളിമാരാണ്. അവര്‍ക്കുവേണ്ടുന്ന ജോലിക്കാര്‍ ഇവിടെയുണ്ട്. പിന്നെ കമ്പ്യൂട്ടറുമുണ്ട്. പിന്നെ നിങ്ങളെന്തിനാണ് ഇവിടെ വന്ന് മിനക്കെടുന്നത്. Go and die പോയി ചാവുക, തൂങ്ങിച്ചാവുക എന്നു പറയും. Better Life അതാണ് മര്യാദ വാചകം. അതായത് ഇപ്പോള്‍ യാതൊരു രക്ഷയുമില്ല. Better Luck next Time അതായത് പ്രതീക്ഷ കാണിച്ച് ജനങ്ങളെ നയിച്ച് കുറച്ച് കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് മടുക്കും. പാവങ്ങള്‍ കൂടുതല്‍ പാവങ്ങളും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആയിത്തീരും. അപ്പോഴാണ് തൊഴിലാളി വര്‍ഗ്ഗ വിപ്ലവം ഉണ്ടാവുക എന്ന് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. അതുപോലെ ക്യാപിറ്റലിസ്റ്റ് ക്രൈസിസ് പുതിയ മുതലാളിത്തത്തിലും വരും. നമ്മള്‍ ബഹുമാനിക്കുന്ന ആളുകളില്‍ ഒരാള്‍, കുര്യനാണത്, നമ്മുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, ഗ്ലോബലൈസേഷന്‍ കൊണ്ട് ഗുണമുണ്ടാകും എന്നു പറഞ്ഞു.... ഒരു ദിവസം മുഴുവന്‍ വിഷമിച്ചു പോയി.... കുര്യനിപ്പോള്‍ പറയുന്നത് ഗ്ലോബലൈസേഷന്‍ ദോഷമാണെന്നാണ്.”

****

“പണമുതലാളിത്തം പരസ്യം കൊണ്ട് നിങ്ങളുടെ തലച്ചോറിനെ കഴുകുകയും ഒരു വാഷിംഗ്‌മെഷീന്‍ തന്നിട്ട് അത് നിങ്ങളുടെ ഭാര്യയ്ക്ക് കൊടുത്താല്‍ അവള്‍ സ്വതന്ത്രയായിത്തീരും എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ലേബര്‍ സേവിംഗ്‌സ് മെഷീന്‍സ് ഉണ്ടാക്കിത്തരികയും അധ്വാന ഭാരത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നുള്ള വ്യാമോഹം സൃഷ്ടിക്കുകയും ചെയ്യുമെങ്കിലും അത് കാര്യമായ അധ്വാന ലാഭമുണ്ടാക്കുന്നില്ല എന്നു മാത്രമല്ല അത് സ്ത്രീപുരുഷ ബന്ധത്തില്‍ ഒരു മാറ്റവും വരുത്തുന്നുമില്ല. അതാണ് നാം സാമൂഹ്യശാസ്ത്രത്തില്‍ പഠിക്കുന്ന കാര്യം. അതായത് എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും സ്ത്രീ പുരുഷ ബന്ധത്തില്‍ മാറ്റമെന്നും സംഭവിക്കുന്നില്ല. എപ്പോഴും ഉടുക്കാനുള്ള അവകാശം പുരുഷനും അലക്കാനുള്ള അവകാശം സ്ത്രീക്കുമായിട്ട്, വയ്ക്കാനുള്ള അവകാശം സ്ത്രീക്കും ഉണ്ണാനുള്ള അവകാശം പുരുഷനുമായിട്ട്, പീഡിപ്പിക്കാനുള്ള അവകാശം പുരുഷനും പീഡിപ്പിക്കപ്പെടാനുള്ള അവകാശം സ്ത്രീക്കുമായിട്ട് ഉള്ള ഒരു വ്യവസ്ഥ നമ്മുടെ നാട്ടില്‍ തുടര്‍ന്നുപോയിക്കൊണ്ടിരിക്കുന്നു. അങ്ങനെ ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറയെതന്നെ ഒട്ടും സാമൂഹ്യമാറ്റമില്ലാത്ത അവസ്ഥ ഉണ്ടാക്കാം എന്നാണ് ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത്. നടന്നുപോയി തൊഴുതിരുന്ന ആളുകള്‍ ഇപ്പോള്‍ കാറില്‍പോയി തൊഴുതുമടങ്ങുന്നു എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ.”

****

“ഡൌണ്‍ റ്റു എര്‍ത്ത് എന്നുള്ളത് ഒരു കമ്മ്യൂണിസ്റ്റ് രീതിയാണ്. ഇപ്പോള്‍ ഏത് നെയ്ത്ത് തൊഴിലാളിക്കാണ് തൊഴിലില്ലാതാവുന്നത്, ഏത് കുശവനാണ് പാത്രമുണ്ടാക്കാനാവാതെ വരുന്നത് എന്നുള്ളതൊക്കെ നമ്മള്‍ അറിഞ്ഞിരിക്കണം. മണ്ണിലേക്ക് ഇറങ്ങി നിന്നുകൊണ്ടുള്ള അനുഭവങ്ങളിലേക്ക് തിരിച്ചുകൊണ്ടു മാത്രമേ ഒരു ജനകീയ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ നിലനില്‍പ്പുണ്ടാവൂ. എവിടെയൊക്കെയാണ് മുതലാളിത്ത വ്യവസായം ജീര്‍ണ്ണിക്കുന്നത് എന്ന് നേരിട്ടറിയാന്‍ സാധിക്കുക എന്നതാണ് അതിനുള്ള വഴി. നിങ്ങള്‍ക്കെല്ലാം വീടുണ്ടാവുകയും വിശപ്പ് മാറുകയും സാക്ഷരരാവുകയും ചെയ്യുമ്പോഴും നിങ്ങള്‍ സാക്ഷരരായ തൊഴില്‍ രഹിതരും അഭ്യസ്ത വിദ്യരായ കോളനിനിവാസികളുമായി തുടരുകയും ചെയ്യാം. അഭ്യസ്തരാവുക എന്നത് ഒരു അന്തിമ ലക്ഷ്യമല്ല.... മനുഷ്യന്‍ എന്നത് നിര്‍മ്മിക്കപ്പെട്ടും സ്വയം നിര്‍മ്മിച്ചും കൊണ്ടിരിക്കുന്ന ഒരു സാധനമാണ് എന്നുള്ളത് മാര്‍ക്സിയന്‍ സങ്കല്‍പ്പമാണ്. നമ്മള്‍ ജീവിക്കുന്നത് നമ്മള്‍ ഉണ്ടാക്കിയ ഒരു ലോകത്തില്‍ തന്നെയാണ്. അതിന്റെയര്‍ത്ഥം, ഇന്നുള്ളതിലും മികച്ച ഒരു ലോകം നമുക്ക് ഉണ്ടാക്കി തീര്‍ക്കാന്‍ കഴിയും എന്നുതന്നെയാകുന്നു. നേരെ മറിച്ച് നാലാമത്തെ ഒരു ലോകമോ, അഞ്ചാമത്തെ ലോകമോ മറ്റു ലോകങ്ങളോ ഉണ്ടാക്കി നിങ്ങള്‍ക്കു തരാം എന്ന് പറയുന്ന ആരുടേയും ലോകം നിങ്ങള്‍ സ്വീകരിക്കേണ്ടതില്ല. ആരെങ്കിലും ഉണ്ടാക്കി തരുന്ന ലോകമല്ല, മറിച്ച് നമ്മള്‍ നമ്മുടെ ഇച്ഛകൊണ്ട്, നമ്മുടെ പ്രയത്നം കൊണ്ട്, ഉണ്ടാക്കിയെടുക്കുന്ന ലോകമാവണം അത്. ഇച്ഛ എത്രയോ അത്രയും വലിയ ഒരു ലോകത്തെയാണ് നമുക്ക് സൃഷ്ടിക്കാന്‍ കഴിയുക...

തീര്‍ച്ചയായും അസുഖകരമായ ഈ വാക്കുകള്‍ക്ക് മാപ്പുചോദിക്കുന്നില്ല. കാരണം നാം വളരെയധികം സുഖിച്ചുപോയി. നാം വളരെയധികം സുഖിച്ചുപോയതുകൊണ്ടാണ് നാം വളരെക്കുറച്ച് ആലോചിക്കാന്‍ ഇടയായത്. അതുകൊണ്ട് മന:പൂര്‍വ്വമായി സുഖത്തെ വലിച്ചറിയുകയും മന:പൂര്‍വ്വമായി തന്നെതന്നെ കുത്തിവേദനിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ഇത്തരം കഠിനമായ കാലഘട്ടങ്ങളിലെ ആവശ്യമായി തീര്‍ന്നിരിക്കുന്നു.”

****

“സമരങ്ങളുടെ രീതി മാറ്റണമെന്നത് വളരെ കൃത്യമായ സന്ദേശമാണ്. ഇവിടെ ജന്മിത്വം മാറിപ്പോയി, കുടികിടപ്പ് മാറി, എല്ലാവരും സ്വന്തം ഭൂമിയില്‍ കൃഷിചെയ്തും മറ്റും ജീവിക്കുന്നു. ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ഇവരെ ഇവിടെ നിര്‍ത്തിക്കൊണ്ട് തന്നെ ഭൂമി വാങ്ങാമെന്നും പണം കൊണ്ട് പൊതിയാന്‍ പറ്റുമെന്നും മനസ്സിലാക്കിയ ആഗോള മുതലാളിത്തം, അതാണ് ഇപ്പോഴത്തെ സാന്നിദ്ധ്യം. അതിനെ എങ്ങിനെ നേരിടാം എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. അത് ശരിക്കും വിശക്കുന്ന വയറുപോലെ അത്ര പ്രാധാന്യമില്ലാത്തതുകൊണ്ട് അതിന്റെ കെണികള്‍, ചുഴികള്‍ ഇതെല്ലാം അത്ര പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു എന്നു വരില്ല. അതുകൊണ്ടാണ് സമരങ്ങള്‍ക്ക് ദൌര്‍ബല്യം വരുന്നത്. വിപ്ലവം എന്നുപറയുന്നത് ആശയവും ഒരു പ്രയോഗ രീതിയുമാണ്. സമുദായം മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് മാറിയ ഒരു സമുദായത്തില്‍ നമ്മുടെ ലക്ഷ്യം എങ്ങിനെ പ്രയോഗിക്കാമെന്നുള്ളതാണ് വാസ്തവത്തില്‍ നമ്മള്‍ ആലോചിക്കേണ്ടത്. മുമ്പുണ്ടായിരുന്ന സമരരീതികള്‍ നമ്മള്‍ ആവര്‍ത്തിച്ചാല്‍ അത് നമ്മുടെ ഊര്‍ജ്ജത്തിന്റെ നഷ്ടമായിത്തീരുകയും നമ്മള്‍ പ്രതീക്ഷിച്ച ഫലം ഇല്ലാതായിത്തീരുകയും ചെയ്യും.”

(പ്രൊഫ. എം.എന്‍. വിജയന്റെ സംഭാഷണങ്ങളിൽ നിന്ന് )

11 comments:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ മുതലാളിത്തവും പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. ഒന്നാമത്തെ മുതലാളിത്തവും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. ആ പ്രതീക്ഷയ്ക്ക് നമ്മെളെല്ലാവരും നവോത്ഥാനമെന്നു പേരിട്ടു. അത് ഒരുപാട് പ്രതീക്ഷയുണ്ടാക്കി. ലോകം മുഴുവന്‍ ഒന്നാകും. സമത്വസുന്ദരമാകും. ജാതിപോകും, മതം പോകും എന്നൊക്കെ കരുതി. പോയ സാധനങ്ങള്‍ എല്ലാം അതേപോലെ തിരിച്ചുവരികയാണ് ചെയ്തത്. അതേപോലെ പുതിയ മുതലാളിത്തവും ഒരു പാട് വ്യാമോഹമുണ്ടാക്കുന്നുണ്ട്. ദേശീയത പോയി സാര്‍വ്വദേശീയത വരും. കസ്റ്റംസ് ഡ്യൂട്ടിയുണ്ടാവില്ല. ലോകം മുഴുവന്‍ ഒന്നാകും. നമുക്ക് ലോകത്തെവിടെയും പോകാനുള്ള സൌകര്യമുണ്ടാകും. ഈ തരത്തിലുള്ള വ്യാമോഹങ്ങള്‍ ഉണ്ടാകുന്നു. ഇത് നടക്കില്ല എന്നറിയാന്‍ കുറച്ച് കഴിയണം.

നനവ് said...

വികസനം എന്നത് മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണ്...ഭൌതികമായി ഇത്രയധികം വികസിക്കേണ്ടതുണ്ടൊ എന്ന് ഒരു എതിർ ചോദ്യം ചോദിക്കാൻ ഇന്നാരാണുള്ള്ത്...വിജയൻ മാഷുടെ അഭാവത്തിൽ മുതലാളിത്തം ഇടതു സാമ്പത്തിക ബുദ്ധിജീവികളുടെ വായയിലൂടെ പൊട്ടിച്ചിരിക്കുന്നു...

ഷാജൂന്‍ said...

ഈ പോസ്‌റ്റിന്‌ അഭിനന്ദനം.

Baiju Elikkattoor said...

നനവിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. വികസനം എന്നാല്‍ ഭൂമിയെയും ജീവജാലങ്ങളെയും നിര്‍ദാക്ഷണ്യം ചൂഷണം ചെയ്യുക അല്ലെങ്കില്‍ കൊള്ളയടിക്കുക എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്! വികസനം എന്തിന് വേണ്ടി? ചിലരെ കൂടുതല്‍ പണക്കാരാക്കുകയോ അല്ലെങ്കില്‍ മടിയെന്മാരാക്കി തീര്‍ക്കുകയോ ചെയ്യുന്നതാണോ വികസനം! എല്ലാവരും അധ്വാനിച്ചു, ചൂഷണവും ദുരാഗ്രവും ഇല്ലാതെ, കൂടുതല്‍ മാനസീകൊല്ലസത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരു സാമൂഹിക ക്രമം സാധ്യമാകുമെങ്കില്‍ ശരിയായ വികസനം അതല്ലേ?

Anonymous said...

1 "ലോയല്‍ ലഫ്റ്റ്നന്റുകളുടെ സഭകളുണ്ടാക്കിയില്ല''
വിജയന്‍ മാഷ് ഉണ്ടാക്കിയില്ലെന്നു പറയുമ്പോള്‍ മറ്റാരോ ഉണ്ടാക്കി എന്നര്‍ത്ഥം. അതാര്?

2. "സ്വന്തം മെഴുകുപ്രതിമകള്‍ സ്ഥാപിച്ചില്ല''
അങ്ങനെ സ്ഥാപിച്ച, വിജയന്‍ മാഷിനോട് താരതമ്യം ചെയ്യാവുന്ന ആളാര്?

3."കടലാസു പൊതികളുടെ കനംനോക്കി പ്രസംഗ പീഠങ്ങളില്‍ നിറഞ്ഞാടുന്നവര്‍'' ആരൊക്കെ?

4. മക്കള്‍ക്കുവേണ്ടി"ദ്വീപുകള്‍'' സൃഷ്ടിച്ച് പാര്‍പ്പുറപ്പിച്ചവര്‍'' ആരാണ്? എന്താണ് 'ദ്വീപുകള്‍' എന്നതുകൊണ്ടുദ്ദേശിക്കുന്നത്?

5. വിജയന്‍ മാഷ് എന്നാണ് "പുതിയ സമരമുഖങ്ങളിലേക്ക് ഒരു ജനതയുടെ കയ്യും പിടിച്ച് നടന്നി''ട്ടുള്ളത്? അദ്ദേഹം അവസാനം നയിച്ച സമരം കേരളത്തിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനെ തകര്‍ക്കാനുള്ള അരവും കത്തിയും കൊണ്ടാണെന്ന വിമര്‍ശനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

6. സിപിഎമ്മിനെക്കുറിച്ച് വിജയന്‍ മാഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ വര്‍ക്കേഴ്സ് ഫോറം പങ്കിടുന്നുണ്ടോ?

ബൂലോഗത്തെ ഇടതുപക്ഷ ഇടപെടലെന്ന് കരുതപ്പെടുന്ന ഈ ബ്ലോഗില്‍, ദേശാഭിമാനി ലേഖനങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുളളത്. ആ പത്രത്തിന്റെ ഉടമസ്ഥര്‍ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗത്തെ പുറത്താക്കി അധികാരം പിടിച്ചെടുക്കാന്‍ മറുപക്ഷം നടത്തിയ പോരാട്ടത്തിന്റെ സൈദ്ധാന്തിക ആചാര്യനായിരുന്നു അവസാന കാലത്ത് വിജയന്‍ മാഷ്. വര്‍ക്കേഴ്സ് ഫോറത്തിന്റെ വായനക്കാര്‍ക്ക് അറിയേണ്ടത്, പാഠം മാസികയിലൂടെ വിജയന്‍ മാഷ് ഉയര്‍ത്തിയ സിപിഎം വിമര്‍ശനത്തെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്നാണ്.

7. ഉണ്ടെങ്കില്‍, സിപിഎമ്മിലെ ഏത് ചേരിയെയാണോ തന്റെ അവസാന ശ്വാസം വരെ വിജയന്‍മാഷ് എതിര്‍ത്തത്, അതേ ചേരിയുടെ പ്രചരണ ജിഹ്വയില്‍ നിന്ന് പുറത്തുവരുന്ന ലേഖനങ്ങള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനെന്ന മട്ടില്‍ നിങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ന്യായം എന്താണ്? ഒരേ സമയം പാഠത്തിന്റെയും ദേശാഭിമാനി വാരികയുടെയും പത്രാധിപസ്ഥാനം കുറച്ചു കാലത്തേയ്ക്കെങ്കിലും വഹിച്ചയാളാണ് വിജയന്‍മാഷ്.. സിപിഎമ്മിനെ മുതലാളിത്തവത്കരിച്ചു എന്ന് വിജയന്‍ മാഷ് ആക്ഷേപിച്ചവരെഴുതുന്ന ദേശാഭിമാനി ലേഖനങ്ങളെ ഇടതുപക്ഷ പ്രചരണത്തിനു വേണ്ടി ആശ്രയിക്കുകയും അതേ സമയം വിജയന്‍മാഷെ ആരാധിക്കുകയും ചെയ്യുന്നതിനെയും അതേപോലുളള കാപട്യമായി വിലയിരുത്തപ്പെടില്ലേ..

8. വിസ്മയ വാട്ടര്‍തീം പാര്‍ക്കിനെക്കുറിച്ച് ദേശാഭിമാനിയില്‍ കെ വരദരാജന്‍ എഴുതിയ ലേഖനത്തെ അധികരിച്ചെഴുതിയ കുറിപ്പ് വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കുറിപ്പിനുളള വിമര്‍ശനത്തിന് നല്‍കിയ മറുപടിയില്‍ ഇങ്ങനെ കാണുന്നു.

"പാര്‍ട്ടി നേരിട്ട് വ്യവസായം നടത്തുന്നു" എന്ന വ്യക്തമായ ഉദ്ദേശങ്ങളുള്ള പ്രചരണം നടക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ആ അവസരത്തില്‍ ഇതൊരു സഹകരണ സംഘമാണെന്ന ശരിയായ വശം ചൂണ്ടിക്കാണിക്കുക ആവശ്യമല്ലേ? അതാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. രണ്ടു വശവും അറിയുക എന്നത് എന്തിനെയും വിലയിരുത്താന്‍ ആവശ്യമാണല്ലോ.

കണ്ണൂരിലെ വിസ്മയ തീം പാര്‍ക്കിനോട് വര്‍ക്കേഴ്സ് ഫോറത്തിനുളള സമീപനം വ്യക്തമാണ്. എന്നാല്‍ ആ സമീപനമല്ലായിരുന്നു വിജയന്‍ മാഷിന്. വാട്ടര്‍തീം പാര്‍ക്കുകള്‍ മുതലാളിത്തത്തിന്റെ മയക്കുമരുന്നാണെന്ന വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. വാട്ടര്‍തീം പാര്‍ക്കും കൈരളിയുമൊക്കെ മുതലാളിത്തത്തെ ഒളിച്ചു കടത്തുകയാണെന്ന വിമര്‍ശനം വിജയന്‍ മാഷും അനുയായികളും സിപിഎമ്മിനെതിരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ആ വിമര്‍ശനങ്ങളോട് വര്‍ക്കേഴ്സ് ഫോറം എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ താല്‍പര്യമുണ്ട്.

ഒരുദാഹരണം ചൂണ്ടിക്കാണിച്ചെന്നേയുളളൂ. ഒരു പ്രത്യേക ഘട്ടത്തില്‍ സിപിഎമ്മുമായി രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിര്‍ത്തിപ്പോന്ന വിജയന്‍ മാഷുമായി വര്‍ക്കേഴ്സ് ഫോറത്തിനുളള യോജിപ്പും വിയോജിപ്പും അറിയാന്‍ താല്‍പര്യവുമുണ്ട്.

9. വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നൊരു വിജയന്‍ മാഷ് അനുസ്മരണം ഉണ്ടാകുമ്പോള്‍, കുറച്ചു കൂടി വസ്തുനിഷ്ഠത പ്രതീക്ഷിക്കുന്നത് തെറ്റാണോ? അദ്ദേഹം ധിഷണാശാലിയായിരുന്നു, വ്യത്യസ്തനായിരുന്നു, അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് ഉല്‍ക്കടമായ സ്നേഹം മനസ്സില്‍കൊണ്ടുനടന്നയാളായിരുന്നു. എന്നാല്‍, മറ്റെല്ലാറ്റിനും മുകളിലല്ല തൊഴിലാളിക്ക് വിജയന്‍ മാഷ്. രണ്ടു വശവും അറിയുക എന്നത് എന്തിനെയും വിലയിരുത്താന്‍ ആവശ്യമാണെന്ന നിലപാടില്‍ ഇവിടെ വെളളം ചേരുന്നു.

10. അനുസ്മരണം വഴിപാടല്ല. അത് പുകഴ്ത്തിപ്പാട്ടോ പൂജാ മന്ത്രമോ അല്ല. വിജയന്‍ മാഷിനെ ഓര്‍മ്മിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടുവശങ്ങളും ഓര്‍ക്കണം.

Anonymous said...

മരിച്ചു കഴിഞ്ഞാല്‍ എല്ല കൊള്ളാവുന്ന വ്യക്തികളൂം നമ്മള്‍ ക്കു വേണ്ടപ്പെട്ടവരാണൂ രക്ത സാക്ഷികള്‍ എക്കാലവും നമ്മള്‍ സ്വാഗതം ചെയ്തിട്ടെ ഉള്ളു പക്ഷെ എം കേ മാധവന്‍ , എം വീ രാഘവന്‍ ഈ ടൈപ്പൊക്കെ പടിക്കു പുറത്ത്‌, സഖാവ്‌ വര്‍ഗീസിനെയും നമ്മള്‍ടെ ആളാക്കാന്‍ ഈയിടെ നോക്കി

എന്നാല്‍ ജീവിച്ചിരിക്കുന്ന പീ ഗോവിന്ദപ്പിള്ളയുടെ അവസ്ഥ ഡിസ്കസ്‌ ചെയ്തില്ല അതു പബ്ളിഷാക്കിയ മോനെ തന്തക്കും വിളിച്ചു

കരിംകാലി കരുണാകരനും മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ടെ ആളാകും അതാണൂ വെടക്കാക്കി തനിക്കാക്കുക എന്ന സിധാന്തത്തിണ്റ്റെ അതേ എഫക്ടുള്ള മെനയാക്കി തനിക്കാക്കല്‍

അഴീക്കോടാണോ ആ മെഴുകു പ്രതിമ സ്ഥാപിക്കുന്ന ആള്‍? വേറെ ആരുള്ളത്‌?

ബൈജു ഏലിക്കാട്ടൂറ്‍ സ്വപ്നലോകത്തെ ബാലഭാസ്കരന്‍ ആണെന്നു തോന്നുന്നു, എവിടെയാ വാഗ്ദത്ത ഭൂമി?

പൊന്നു ബൈജൂ പ്രക്യ്തി വിരുധം പാടില്ല, പ്ര്‍കമരിച്ചു കഴിഞ്ഞാല്‍ എല്ല കൊള്ളാവുന്ന വ്യക്തികളൂം നമ്മള്‍ ക്കു വേണ്ടപ്പെട്ടവരാണൂ രക്ത സാക്ഷികള്‍ എക്കാലവും നമ്മള്‍ സ്വാഗതം ചെയ്തിട്ടെ ഉള്ളു പക്ഷെ എം കേ മാധവന്‍ , എം വീ രാഘവന്‍ ഈ ടൈപ്പൊക്കെ പടിക്കു പുറത്ത്‌, സഖാവ്‌ വര്‍ഗീസിനെയും നമ്മള്‍ടെ ആളാക്കാന്‍ ഈയിടെ നോക്കി എന്നാല്‍ ജീവിച്ചിരിക്കുന്ന പീ ഗോവിന്ദപ്പിള്ളയുടെ അവസ്ഥ ഡിസ്കസ്‌ ചെയ്തില്ല അതു പബ്ളിഷാക്കിയ മോനെ തന്തക്കും വിളിച്ചു കരിംകാലി കരുണാകരനും മരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ടെ ആളാകും അതാണൂ വെടക്കാക്കി തനിക്കാക്കുക എന്ന സിധാന്തത്തിണ്റ്റെ അതേ എഫക്ടുള്ള മെനയാക്കി തനിക്കാക്കല്‍ അഴീക്കോടാണോ ആ മെഴുകു പ്രതിമ സ്ഥാപിക്കുന്ന ആള്‍? വേറെ ആരുള്ളത്‌? ബൈജു ഏലിക്കാട്ടൂറ്‍ സ്വപ്നലോകത്തെ ബാലഭാസ്കരന്‍ ആണെന്നു തോന്നുന്നു, എവിടെയാ വാഗ്ദത്ത ഭൂമി? പൊന്നു ബൈജൂ പ്രക്യ്തി വിരുധം പാടില്ല, പ്ര്‍കര്‍തി യില്‍ ഈ സമത്വ സുന്ദര ലോകം ഇല്ലല്ലോ വലിയവനും ചെറിയവനും ജാതിയും പ്രക്ര്‍തിയില്‍ ഉണ്ട്‌, റഷ്യയില്‍ നടന്നില്ല ആറളം ഫാമില്‍ നടന്നില്ല പിന്നെ ഏതു കോത്താഴതത മാഷേ ഈ വാഗദത്ത ഭൂമി?

Anonymous said...

തല്ക്കാലം രണ്ടു ചോദ്യങ്ങള്‍:

1. 'വിപ്ലവം കുറച്ചു കുറയ്ക്കണം' എന്നു പറഞ്ഞ സഖാവിനോട് യോജിക്കുന്നുണ്ടോ? അതായത് ആവശ്യാനുസരണം വെള്ളം ചേര്‍ത്തും റീമിക്സ് ചെയ്തും ഉപയോഗിക്കാനുള്ളതാണോ മാര്‍ക്സിസം/കമ്യൂണിസം?

2. മാര്‍ക്സിസം/കമ്യൂണിസം നല്ലൊരു കരിയര്‍ ഓപ്ഷന്‍ ആയി അംഗീകരിക്കുന്നുണ്ടോ?

Anonymous said...

സത്യമായ വാക്കുകള്‍ക്കു സ്തുതി.ആ മഹാ മനീഷി യുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ വര്‍ക്കേഴ്സ് ഫോറത്തിന്റെ വാക്കുകള്‍ക്കു നക്ഷത്രത്തിളക്കം.
ഒറ്റുകാരുടെ ക്രോധത്തിനു മറുപടി ചരിത്രം നല്‍കും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലേഖനം നന്നായിരിക്കുന്നു
"വിജയന്‍ മാസ്റ്റര്‍ പറയാതിരുന്നത്‌"എന്ന എന്റെ ഒരു കവിത ഞാന്‍ ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ!

കലാവതി said...

വര്‍ക്കേഴ്സ് ഫോറം,
വിജയന്‍ മാസ്റ്റര്‍ അനുസ്മരണം അര്‍ഹിക്കുന്നു. മലയാള സാഹിത്യത്തിനും നമ്മുടെ സാമൂഹിക ജീവിതതിനും മൌലികമായ സംഭാവനകള്‍ നല്‍കിയ, ധിഷണയുടെ അപൂര്‍വാനുഭവങ്ങളിലൊന്നായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെ, അനുസ്മരിക്കാനുള്ള വര്‍ക്കേഴ്സ് ഫോറത്തിന്റെ തീരുമാനത്തെ മാനിക്കുന്നു.

എന്നാല്‍, വിജയന്‍ മാസ്റററെ എങ്ങനെ അനുസ്മരിക്കണം എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. പഴയ അധിനിവേശ പ്രതിരോധക്കാര്‍ ചേരിതിരിഞ്ഞാണത്രെ അനുസ്ണരണം നടത്തിയത്. എസ് സുധീഷ് പ്രതേക സംഘടനയുണ്ടാക്കി അനുസ്മണം നടത്തി. വര്‍ക്കേഴ്സ് ഫോറം അത്തരം ചേരികളുടെ കൂടെയല്ല എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

വിജയന്‍ മാസ്റ്റര്‍ ഒരു ആക്ടിവിസ്ററായിരുന്നില്ല. വിശകലനം, കണ്ടെത്തല്‍, വിശദീകരണം-അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതില്‍ കുറെയേറെ ശരിയും കുറച്ച് തെറ്റും സംഭവിച്ചു. അഭിപ്രായത്തിന്റെ പ്രശ്നമാണ്. അനുകൂലിക്കാം; വിയോജിക്കാം.


അവസാന നാളുകളില്‍ വിജയന്‍ മാസ്റ്റര്‍ ഇടതുപക്ഷത്തിനെതിരായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള കോടാലിക്കൈയായി അദ്ദേഹം മാറിയിരുന്നു. അത്തരമൊരു പ്രവൃത്തിയെയും ഇടതുപക്ഷത്തിന്റെ ലേബലിട്ടാണ് കൊണ്ടാടിയത്. സിപിഎമ്മിനെതിരെ, അതിന്റെ ആഭ്യന്തര കാര്യങ്ങളിലടക്കം 'ഒരിക്കലും ഒരു പാര്‍ട്ടിയിലും അംഗമായിരുന്നിട്ടില്ലാത്ത' വിജയന്‍ മാസ്റ്റര്‍ നടത്തിയ നടത്തിയ ഇടപെടലുകള്‍ കേരളത്തിന്റെ ഇടുപക്ഷ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു.


അത്തരമൊരവസ്ഥയില്‍, സിപിഎമ്മിനെതിരെ പത്രസമ്മേളനം നടത്താനെത്തിയ, എസ് സുധീഷിന്റെ മെഗഫോണായി മാറിയ അദ്ദേഹം പ്രസ് ക്ളബ്ബില്‍ മരണമടഞ്ഞു.
തീര്‍ച്ചയായും മാര്‍ക്സിസ്റ്റുകാരെയും ആ മരണം വേദനിപ്പിച്ചു.

ജയകൃഷ്ണന്‍ എന്ന സ്കൂളധ്യാപകന്‍ കണ്ണൂരിലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷ മധ്യേ കൊല്ലപ്പെട്ടപ്പോള്‍ 'സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ കൊന്ന അപരാധികളായി' സിപിഎമ്മിനെ ഇവിടത്തെ മാധ്യമപ്പട ആക്രമിച്ചു. അന്ന്, കെ വി സുധീഷ് വധം ഓര്‍മ്മിപ്പിച്ച്, വിജയന്‍മാസ്റ്ററാണ് ചോദിച്ചത് : അച്ഛനമ്മമാരുടെ കണ്‍മുന്നിലിട്ട് മകനെ വെട്ടിനുറുക്കുന്നതിനേക്കാള്‍ വലിയ പാതകമാണോ അത് എന്ന്.

അതേ വിജയന്‍ മാസ്റ്റര്‍ തന്നെയാണ്, സിപിഎം എന്ന പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി, മലപ്പുറം സമ്മേളനത്തിനു തൊട്ടുമുമ്പ്, കത്തി രാകിമിനുക്കി നേതൃത്വത്തെ 'കുത്തിവീഴ്ത്താന്‍' മാതൃഭൂമിയിലൂടെ ആഹ്വാനം മുഴക്കിയത്.
വിജയന്‍ മാഷെ അനുസ്മരിക്കുന്നത്,

പേരുവെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞതുപോലെ രണ്ടുതലവും സ്പര്‍ശിച്ചുകൊണ്ടാകണം. അതില്‍ വര്‍ക്കേഴ്സ് ഫോറത്തിന് പാളിച്ച പറ്റിയിട്ടുണ്ട്. ആ പാളിച്ച തിരുത്താന്‍ അനോണിമസിന്റെ കമന്റുകള്‍(അതിനോട് പരിപൂര്‍ണ്ണമായ യോജിപ്പില്ലെങ്കിലും) സഹായകമാകുമെന്ന് കരുതുന്നു.

അന്ധമായ ആരാധനയോ കണ്ണടച്ച വിമര്‍ശനമോ നന്നല്ല. വൈരുധ്യാധിഷ്ഠിതമായി കാര്യങ്ങളെ വിശകലനം ചെയ്യേണ്ടത് അനിവാര്യം തന്നെ. വര്‍ക്കേഴ്സ് ഫോറം എന്ന പുരോഗമന മുന്നണിയില്‍ നിന്ന് അത്തരം പരിപക്വമായ സീപനമാണ് പ്രതീക്ഷിക്കുന്നത്. അത് ഒഴുക്കിനൊപ്പിച്ചുള്ള നീന്തലാവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

വിജയന്‍ മാസ്റ്റര്‍ അനുസ്മരണത്തിലെ അനൌചിത്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ തിരുത്തുമെന്ന് കരുതുന്നു.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ അനോണിമസ്,നനവ്, ഷാജുന്‍, ബൈജു, ആരുഷി, കലാവതി,മുഹമ്മദ് സഗീര്‍ വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ചില കാര്യങ്ങള്‍ വിശദീകരണം അര്‍ഹിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം തുടങ്ങുന്ന സമയത്ത് തന്നെ അതിന്റെ ലക്ഷ്യവും ഉദ്ദേശവും വ്യക്തമാക്കിയിരുന്നത് ഇങ്ങിനെയായിരുന്നു.

ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം.. നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ഈയൊരു വിശാലമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഫോറത്തില്‍ പോസ്റ്റുകളെല്ലാം പ്രസിദ്ധീകരിച്ചിട്ടുള്ളത്. തികച്ചും പ്രസക്തമെന്ന് തോന്നുന്ന ലേഖനങ്ങള്‍ ചര്‍ച്ചകള്‍ക്കായി നിരവധി പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഫോറം കടമെടുത്തിട്ടുണ്ട്. ചിന്തയും ദേശാഭിമാനിയും മാത്രമല്ല, മംഗളവും, മാധ്യമവും തേജസും ഒക്കെ ഇതില്‍ ഉള്‍പ്പെടും. ആരു പ്രസിദ്ധീകരിച്ചു എന്നതിനപ്പുറത്ത് വിഷയം പ്രസക്തമാണോ എന്നതു തന്നെയായിരുന്നു അളവുകോല്‍.അതിന്റെ അര്‍ഥം വര്‍ക്കേഴ്‌സ് ഫോറം ഈ ലേഖകന്മാരുടെ എല്ലാം വ്യക്തിപരമായ ഐഡിയോളജിയോടെല്ലാം യോജിക്കുന്നുവെന്നല്ല

തീര്‍ച്ചയായും ഞങ്ങള്‍ക്ക് തൊഴിലാളി വര്‍ഗത്തോടും അതിന്റെ തത്വശാസ്ത്രത്തോടും പ്രതിബദ്ധതയുണ്ട്. തൊഴിലാളി വര്‍ഗതത്വശാസ്ത്രമെന്നത് ഒരു വിശ്വാസപ്രമാണം ആയികൊണ്ടു നടക്കേണ്ടത് അല്ല എന്നു തന്നെ ഞങ്ങള്‍ കരുതുന്നു. തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരോട് ഒരു സാഹോദര്യവും മമതയും ഒക്കെ ഉണ്ടാവുക സ്വാഭാവികം. അതിനപ്പുറത്ത് ഫോറം എന്ന നിലക്ക് ഇത് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെയോ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെയോ ബൂലോഗ വേര്‍ഷന്‍ അല്ല. "ബൂലോഗത്തെ ഇടതുപക്ഷ ഇടപെടലെന്ന് കരുതപ്പെടുന്ന ഈ ബ്ലോഗില്‍" എന്ന പരാമര്‍ശത്തിന് ഞങ്ങള്‍ അര്‍ഹരാണോ എന്ന സംശയം ഉണ്ടെന്ന് സവിനയം അറിയിക്കട്ടെ.

പ്രൊഫസര്‍ എം.എന്‍.വിജയനും മറ്റെല്ലാവരെയും പോലെ ഗുണവും ദോഷവും ഉള്ള വ്യക്തി തന്നെയാണ്. ഒരു സാമൂഹ്യ ജീവി എന്ന നിലയ്ക്കും അദ്ദേഹത്തെപ്പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായം ഇതു തന്നെയാണ്. അദ്ദേഹം തന്നെ പല തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതുപോലെ ഏതെങ്കിലും രാഷ്ടീയകക്ഷിയില്‍ അംഗമായിരുന്നിട്ടില്ല അദ്ദേഹം . അദ്ദേഹത്തിനു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപോലെ ഫോറത്തിനും ആ സ്വാതന്ത്രമുണ്ട്. പ്രൊഫസര്‍ എം.എന്‍.വിജയന്റെ എല്ലാ അഭിപ്രായങ്ങളെയും ശരിവെക്കുന്ന നിലപാട് ഫോറത്തിനില്ല. പല കാര്യങ്ങളിലും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അവസാന കാലത്ത് പാഠം മാസികയിലൂടെയും മറ്റും മുഖ്യധാരാ ഇടതുപക്ഷത്തിനെതിരെ, വിശേഷിച്ചും സി.പി.എമ്മിനെതിരെ നടത്തിയ വിമര്‍ശനങ്ങളോട്, ഫോറം യോജിക്കുന്നില്ല. മറ്റാരും ഓപ്പണായി സി.പി.എമ്മിനെ പിന്തുണക്കാതിരുന്ന കാലത്ത് ഇതേ എം.എന്‍.വിജയന്‍ മാഷ് തന്നെ സിപി എമ്മിനെ ന്യായീകരിച്ച് സംസാരിച്ചിരുന്നു എന്നതും വസ്തുതയാണ്. പാഠം പത്രാധിപര്‍ ആയിരിക്കെ തന്നെ ദേശാഭിമാനി വാരികയുടെ ചുമതലയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു എന്നതും മറക്കാവുന്നതല്ല. സിപി‌എമ്മും എം എന്‍ വിജയന്‍ മാഷും തമ്മില്‍ ഉണ്ടായിരുന്നത് ഒരു സവിശേഷ ബന്ധമായിരുന്നു എന്നു തോന്നുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു.

അനോണിമസ് പറയുന്ന പോലെ "അദ്ദേഹം ധിഷണാശാലിയായിരുന്നു, വ്യത്യസ്തനായിരുന്നു, അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് ഉല്‍ക്കടമായ സ്നേഹം മനസ്സില്‍കൊണ്ടുനടന്നയാളായിരുന്നു." അന്യഥാ ഇടതുപക്ഷവുമായി സഹകരിക്കാതിരുന്ന ഒട്ടേറെ ആളുകളെ ഇടതുപക്ഷത്തേക്കാകര്‍ഷിച്ച കാന്തികവ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എന്നത് നിഷേധിക്കാനാവുകയില്ല. അതിനാല്‍ തന്നെ മൌലിക പ്രതിഭയുള്ള ധിഷണാ ശാലിയായ ഒരു ചിന്തകന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ചെയ്ത് ഈ അനുസ്‌മരണം ഏറ്റവും ഉചിതമായ ഒരു കാര്യമായി ഞങ്ങള്‍ക്ക് തോന്നുന്നു. എങ്കിലും "അനുസ്മരണം വഴിപാടല്ല. അത് പുകഴ്ത്തിപ്പാട്ടോ പൂജാ മന്ത്രമോ അല്ല. വിജയന്‍ മാഷിനെ ഓര്‍മ്മിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടുവശങ്ങളും ഓര്‍ക്കണം" എന്ന അഭിപ്രായം വിലമതിക്കുന്നു.