വിസ്മയ പാര്‍ക്കിനെ ചുറ്റിപ്പറ്റി എന്തൊക്കെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്? യഥാര്‍ത്ഥത്തില്‍ സിപിഐഎം തന്നെയാണോ ഈ സംരംഭം നടത്തുന്നത് ? രാഷ്ട്രീയ പാര്‍ട്ടി നേരിട്ട് വ്യവസായം നടത്തുന്നതും പാര്‍ട്ടി അംഗങ്ങളുടെയും കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘം വ്യവസായം നടത്തുന്നതും ഒന്നു പോലെ ആണോ നോക്കിക്കാണേണ്ടത്? വിനോദവ്യവസായരംഗത്തേക്കും കേളത്തില്‍ വലിയ വരുമാനസാധ്യതയും തൊഴിലവസരങ്ങളും പ്രദാനംചെയ്യുന്ന വിനോദസഞ്ചാര രംഗത്തേക്കും സഹകരണപ്രസ്ഥാനം കടന്നുചെല്ലുന്നത് തെറ്റാണോ? ഈ സംരംഭത്തിനെതിരായ വിമര്‍ശനങ്ങളില്‍ എന്തു മാത്രം കഴമ്പുണ്ട്? ഇവയൊക്കെ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളാണെന്നു തോന്നുന്നു.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് ബീജാവാപം ചെയ്തിട്ട് ഏഴെട്ടുപതിറ്റാണ്ട് പിന്നിട്ടെങ്കിലും സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച് ഗൌരവപൂര്‍വം പരിഗണിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനുതകുന്ന നിയമനിര്‍മാണം നടത്തിയതും 1957ലെ
ഇ എം എസ് ഗവമെന്റാണ്. 1967ല്‍ വന്ന ഐക്യമുന്നണി സര്‍ക്കാരാണ് സമഗ്രമായ സഹകരണനിയമത്തിന് രൂപംനല്‍കിയത്. ഭൂപരിഷ്കരണത്തിനും വിദ്യാഭ്യാസനിയമത്തിനും അധികാരവികേന്ദ്രീകരണത്തിനും നല്‍കിയതില്‍ ഒട്ടും കുറയാത്ത പ്രാധാന്യമാണ് സഹകരണപ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ ഇതഃപര്യന്തം സ്വീകരിച്ചുപോരുന്നത്.
സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെയും അതില്‍ ഇടപെടുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനെയുംകുറിച്ച് കാള്‍ മാര്‍ക്സ് മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെ നായകന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മുതലാളിത്തത്തിന്‍ കീഴില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അല്‍പ്പമാത്രമായെങ്കിലും ആശ്വാസം പ്രദാനംചെയ്യുന്നതുപോലെതന്നെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലും അതിലേക്കുള്ള അന്തരാളഘട്ടത്തിലും സഹകരണപ്രസ്ഥാനത്തിന് ഗണനീയ പങ്ക് വഹിക്കാനുണ്ട്. ഈ സൈദ്ധാന്തിക അടിത്തറയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും മാര്‍ഗദര്‍ശകമായി സ്വീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ ഇന്ന് സഹകരണപ്രസ്ഥാനം കടന്നുചെല്ലാത്ത മേഖലയില്ല, പ്രദേശവുമില്ല. ഇടത്തരക്കാരുള്‍പ്പെടെ അധ്വാനിച്ച് ഉപജീവനം കഴിക്കുന്ന സമസ്ത ജനവിഭാഗങ്ങള്‍ക്കും ഇന്ന് സഹകരണപ്രസ്ഥാനങ്ങളുണ്ട്. ജനകീയമുഖവും ഭാവവും നല്‍കി ഇവയെ ജനാധിപത്യവല്‍ക്കരിച്ചതില്‍ ഇടതുപക്ഷക്കാര്‍ക്കുള്ള പങ്കിനെ ആര്‍ക്കും നിഷേധിക്കാനാകില്ല. നിക്ഷേപങ്ങളും വായ്പകളും മുഖ്യപ്രവര്‍ത്തനമാക്കിയ പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍, സമാനമായി കാര്‍ഷിക വിപണന-ഭൂപണയ മേഖലകളില്‍, പരമ്പരാഗത വ്യവസായം, കൈത്തൊഴില്‍ എന്നിത്യാദി രംഗങ്ങളിലും വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണപ്രസ്ഥാനം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
വിനോദവ്യവസായരംഗത്തേക്കും കേളത്തില്‍ വലിയ വരുമാനസാധ്യതയും തൊഴിലവസരങ്ങളും പ്രദാനംചെയ്യുന്ന വിനോദസഞ്ചാര രംഗത്തേക്കുമുള്ള സഹകരണപ്രസ്ഥാനത്തിന്റെ വലിയൊരു കുതിച്ചുചാട്ടമാണ് കണ്ണൂരില്‍ ആരംഭിച്ച 'വിസ്മയ'. ഇതിന്റെ പ്രാരംഭപ്രവര്‍ത്തന കാലംമുതല്‍ കമ്യൂണിസ്റ്റുവിരുദ്ധരും എന്തിനും ഏതിനും അവരോടൊപ്പം അണിചേരാന്‍ മടിക്കാത്ത അവരുടെ 'ബി' ടീമായ ഒരുസംഘം തീവ്ര ഇടതുപക്ഷക്കാരും അപവാദപ്രചാരണവുമായി രംഗത്തെത്തിയിരുന്നു. മാര്‍ക്സ് മുതല്‍ ഇ എം എസ് വരെയുള്ള വിപ്ലവാചാര്യന്മാരെ പിടിച്ചാണയിടുകയും ആ പൈതൃകത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന അതിവിപ്ലവത്തിന്റെ വക്താക്കള്‍ക്ക്, സഹകരണപ്രസ്ഥാനം വ്യവസായത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും മേഖലകളിലേക്ക് കടക്കുമ്പോള്‍ ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
നമ്മുടെ പ്രധാന നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 'ഇന്ത്യന്‍ കോഫി ഹൌസ് ' എന്ന തൊഴിലാളികളുടെ സഹകരണസംഘത്തിന്റെ സ്ഥാപകന്‍ എ കെ ജിയാണ്. തൊഴില്‍ നഷ്ടപ്പെട്ട കോഫി ബോര്‍ഡ് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ഒരു ഇടപെടലായിരുന്നു അത്. അതിനെ എകെജിയുടെയോ കമ്യൂണിസ്റ്റ് പാര്‍ടിയുടെയോ കോഫി ഹൌസ് എന്നോ കമ്യൂണിസ്റ്റുകാര്‍ മുതലാളിത്തത്തെ വരിച്ചതായോ ആരും പറഞ്ഞുകേട്ടിട്ടില്ല. കേരള ദിനേശ് ബീഡി വ്യവസായമായി നടത്തുന്നതും സഹകരണമേഖലയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട ബീഡിത്തൊഴിലാളികളെ സംരക്ഷിക്കുകമാത്രമല്ല, അവരെ ആത്മാഭിമാനമുള്ളവരാക്കി മാറ്റുകയാണ് ദിനേശ് ബീഡി സഹകരണസംഘം ചെയ്തത്. ഇ എം എസ് സിപിഐ എം ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് എ കെ ജിയുടെ സ്മാരകമായി കണ്ണൂരില്‍ സഹകരണമേഖലയില്‍ ആശുപത്രി ആരംഭിച്ചത്. അതിനുമുമ്പുതന്നെ കായംകുളം കേന്ദ്രമാക്കി മോട്ടോര്‍തൊഴിലാളികളുടെ സഹകരണസംഘം നിരവധി ബസുകളോടെ 'സ്വകാര്യ' സര്‍വീസ് നടത്തിയിരുന്നു.
കേരളത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ മോട്ടോര്‍തൊഴിലാളികളുടെ സഹകരണപ്രസ്ഥാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരികയാണ്. സഹകരണരംഗത്ത് പാരലല്‍, ട്യൂട്ടോറിയല്‍ കോളേജുകള്‍ നടത്തിയും മാതൃക സൃഷ്ടിച്ചതും പാര്‍ടിപ്രവര്‍ത്തകര്‍തന്നെയാണ്. ഇ എം എസിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ ജന്മദേശമായ പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച സഹകരണ ആശുപത്രിയെക്കുറിച്ചും ഇപ്പോള്‍ ചന്ദ്രഹാസമിളക്കുന്നവര്‍ക്ക് അറിയാത്തതല്ല. ഇതെല്ലാം സിപിഐ എമ്മിന്റെ അതത് പ്രദേശത്തെ, അതത് കാലത്തെ നേതാക്കള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണെന്നുള്ളതുകൊണ്ട് ആരും ആ സ്ഥാപനങ്ങളെ സിപിഐ എം ആസ്തിയില്‍ ചാര്‍ത്തിക്കാണിക്കാറില്ല. അവയൊന്നും രൂപീകരിക്കപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി നവ ലിബറലോ സോഷ്യല്‍ ഡെമോക്രാറ്റോ ആയതായി പറഞ്ഞുകേട്ടിട്ടില്ല.
'വിസ്മയ' പാര്‍ക്ക് തുടങ്ങിയതോടെ സിപിഐ എം കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ഭാഗമായി മാറി എന്നാണ് ഇപ്പോള്‍ ആരോപണം. മേല്‍സൂചിപ്പിച്ച ഒട്ടനവധി സഹകരണസ്ഥാപനങ്ങളെപ്പോലെ സിപിഐ എം പ്രവര്‍ത്തകര്‍ മുന്‍നിന്ന് സ്ഥാപിച്ച സഹകരണസ്ഥാപനമാണ് ഈ പാര്‍ക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പാര്‍ടിസ്ഥാപനമല്ല. പാര്‍ടിക്ക് അതില്‍ ഷെയറുമില്ല. (പാര്‍ക്കിന്റെ അംഗത്വ നിബന്ധനകള്‍ ഇവിടെ )പാര്‍ടിസ്ഥാപനമാണെന്ന വ്യാഖ്യാനം, സിപിഐ എം പ്രവര്‍ത്തകര്‍ ഭരണത്തിലുള്ള സഹകരണസ്ഥാപനങ്ങളെല്ലാം സിപിഐ എമ്മിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യാഖ്യാനിക്കുന്നതിനു തുല്യമല്ലേ.
മറ്റൊരു കൂട്ടം വിമര്‍ശകര്‍ക്കാകട്ടെ വിനോദ സഞ്ചാരത്തിന്റെയും വിനോദ വ്യവസായത്തിന്റെയും മേഖലയില്‍ സഹകരണപ്രസ്ഥാനവും കമ്യൂണിസ്റ്റുകാരും ഇടപെടുന്നതിലാണ് രോഷം. ബി ടി ആറിനെയും ബസവപുന്നയ്യയെയും പോലെയുള്ള ആദരണീയരായവരെ ജാമ്യം നിര്‍ത്തിയാണ് വാദം. ചൈനയും വിയറ്റ്നാമുമെല്ലാം വിനോദസഞ്ചാരത്തിന് മുന്തിയ പരിഗണന നല്‍കുന്ന കാര്യം ചൂണ്ടിക്കാണിച്ചാല്‍ ആ രാജ്യങ്ങളെല്ലാം നവ ലിബറലായിക്കഴിഞ്ഞെന്ന് നമ്മുടെ നാട്ടിലെ ഈ ചായക്കട വിപ്ലവവായാടികള്‍ പറഞ്ഞേക്കാം. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാമ്രാജ്യത്വവിരുദ്ധനും വിപ്ലവകാരിയുമായ ഫിദല്‍ കാസ്ട്രോയുടെ സോഷ്യലിസ്റ്റ് ക്യൂബയില്‍ പ്രധാന വരുമാനയിനമായി പരിഗണന നല്‍കുന്നത് വിനോദസഞ്ചാരമാണ്. ഒരുകോടി 30 ലക്ഷം ജനസംഖ്യയുള്ള ക്യൂബയില്‍ ഒരുവര്‍ഷം ശരാശരി 35 ലക്ഷം സഞ്ചാരികള്‍ എത്തുന്നുവെന്ന കാര്യം ഇക്കൂട്ടര്‍ അറിയാത്തതാണോ. നേപ്പാളില്‍ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്ത പ്രചണ്ഡ നടത്തിയ ആദ്യത്തെ പ്രഖ്യാപനം, വിനോദസഞ്ചാരത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നാണ്. കാസ്ട്രോയെയും പ്രചണ്ഡയെയുമെല്ലാം നവ ലിബറലുകളായി ഇക്കൂട്ടര്‍ ആക്ഷേപിക്കുമോ ആവോ.
വാട്ടര്‍തീം പാര്‍ക്കായതുകൊണ്ട് ജലചൂഷണം നടത്തുന്നതായാണ്, അതുവഴി പരിസ്ഥിതിനാശം വരുത്തുന്നതായാണ് മറ്റൊരു വിമര്‍ശം. ഭൂഗര്‍ഭജലത്തെ ആശ്രയിക്കാതെ മഴവെള്ളസംഭരണി ഉപയോഗിച്ച് ജലം ശേഖരിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് അതിന്റെ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറഞ്ഞാലും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇക്കൂട്ടര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല.
പ്രതിദിനം ഒരു ലക്ഷത്തോളം ലിറ്റര്‍ വെള്ളം ആവശ്യമുള്ള പാര്‍ക്കില്‍ ഒരു തുള്ളിപോലും ഭൂഗര്‍ഭ ജലം ഉപയോഗിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പാര്‍ക്കില്‍ ഇതിനായി മൂന്ന് ഏക്കര്‍ സ്ഥലം നീക്കിവച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ മഴവെള്ള സംഭരണി നിര്‍മിച്ചാണ് പാര്‍ക്ക് അധികൃതര്‍ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. 500 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള സംഭരണിയില്‍ രണ്ടു വര്‍ഷത്തോളംതുടര്‍ച്ചയായി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള വെള്ളമുണ്ട്. മഴക്കാലത്ത് ജലനിരപ്പ് കുറയാതെ നിലനില്‍ക്കും. ഈ കൃത്രിമ തടാകത്തില്‍ ബോട്ട് സവാരിയും ആലോചനയിലുണ്ട്.
ഭൂഗര്‍ഭ ജലം എടുക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. 20 അടി വ്യാസവും ഏഴു മീറ്റര്‍ താഴ്ചയുമുള്ള ഒരു കിണര്‍ മാത്രമാണ് ഇവിടെയുള്ളത്. റസ്റ്റോറന്റിലേക്കും കുടിക്കാനുമുള്ള വെള്ളം എടുക്കാനാണ് കിണര്‍ കുഴിച്ചത്. വാട്ടര്‍ റൈഡുകളില്‍ ഉപയോഗിക്കുന്ന വെള്ളം പിന്നീട് ടോയ്‌ലറ്റുകളിലേക്കും ചെടികള്‍ നനക്കാനുമാണ് ഉപയോഗിക്കുന്നത്. ചെങ്കുത്തായ കുന്നിന്‍ പ്രദേശമാണ് പാര്‍ക്കിനായി ഉപയോഗിച്ചിട്ടുള്ളത്. ഈ കുന്നിനെ സംരക്ഷിച്ച് നിര്‍ത്തുകയും, കുന്നുകളെ തട്ടുകളായി തിരിക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുള്ള സാധ്യതയും വര്‍ധിച്ചു. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ക്കിന് സമീപമുള്ള വീടുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി പരിസരവാസികള്‍ പറയുന്നു. എങ്ങനെയും ലാഭം ഉണ്ടാക്കണമെന്ന താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാനേജ്‌മെന്റില്‍നിന്ന് വ്യത്യസ്തമാണ് ജനപക്ഷത്തുനിന്ന്കൂട്ടായ്മയിലൂടെ പടുത്തുയര്‍ത്തിയ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പറശിനിക്കടവിലെത്തുന്ന ആര്‍ക്കും ബോധ്യമാവും. കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഗ്രീന്‍ കാറ്റഗറിയിലാണ് വിസ്മയ പാര്‍ക്കിന്റെ സ്ഥാനം.
കേരളത്തില്‍ വാട്ടര്‍തീം പാര്‍ക്ക് ഇതാദ്യത്തേതല്ല. സ്വകാര്യമുതലാളിമാര്‍ ഭൂഗര്‍ഭജലത്തെയും ഉപരിതലജലത്തെയും യഥേഷ്ടം ഉപയോഗിച്ച് പ്രവേശനത്തിന് വന്‍ തുക ഈടാക്കി കനത്ത ലാഭം കൊയ്യുമ്പോള്‍, അതൊന്നും പഠിക്കാന്‍ ആരും മെനക്കെടുന്നില്ല. ഇവരെല്ലാമാണ് പരിസ്ഥിതിവാദം ഉന്നയിച്ച് വിസ്മയ പാര്‍ക്കിനെതിരെ രംഗത്തുവരുന്നത്. വിനോദസഞ്ചാരവും വിനോദവ്യവസായവും സ്വകാര്യമുതലാളിമാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാടുമാത്രമായി നിലനില്‍ക്കണമെന്നുള്ള ദുഷ്ടലാക്കാണ് വിമര്‍ശങ്ങളുടെ പിന്നിലെന്ന് കാണേണ്ടതുണ്ട്. 'വിസ്മയ' സഹകരണസംരംഭമാണ്. ഒരു പൊതുസംരംഭമാണ്. ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് അതിന്റെ പിന്നില്‍. അതുകൊണ്ടുതന്നെ നവ ലിബറല്‍നയങ്ങള്‍ക്ക് എതിരുമാണ്. കുറെയേറെപേര്‍ക്ക് മാന്യമായ തൊഴില്‍ പ്രദാനംചെയ്യുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ വിനോദത്തിനും വഴിയൊരുക്കുന്നു. എന്തിന്റെ പേരിലാണ് ഇതിനെ എതിര്‍ക്കുന്നത് ?
*****
കടപ്പാട് : കെ വരദരാജന്‍ ദേശാഭിമാനിയില്‍ എഴുതിയ 'ഇതിലേതാണ് വിസ്മയം' എന്ന ലേഖനത്തെയും പാര്‍ക്കിലെ ജല ഉപയോഗത്തെക്കുറിച്ച് വന്ന വാര്‍ത്താക്കുറിപ്പിനെയും അധികരിച്ച് തയ്യാറക്കിയത്.
Subscribe to:
Post Comments (Atom)
18 comments:
കേരളത്തില്‍ വാട്ടര്‍തീം പാര്‍ക്ക് ഇതാദ്യത്തേതല്ല. സ്വകാര്യമുതലാളിമാര്‍ ഭൂഗര്‍ഭജലത്തെയും ഉപരിതലജലത്തെയും യഥേഷ്ടം ഉപയോഗിച്ച് പ്രവേശനത്തിന് വന്‍ തുക ഈടാക്കി കനത്ത ലാഭം കൊയ്യുമ്പോള്‍, അതൊന്നും പഠിക്കാന്‍ ആരും മെനക്കെടുന്നില്ല. ഇവരെല്ലാമാണ് പരിസ്ഥിതിവാദം ഉന്നയിച്ച് വിസ്മയ പാര്‍ക്കിനെതിരെ രംഗത്തുവരുന്നത്. വിനോദസഞ്ചാരവും വിനോദവ്യവസായവും സ്വകാര്യമുതലാളിമാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാടുമാത്രമായി നിലനില്‍ക്കണമെന്നുള്ള ദുഷ്ടലാക്കാണ് വിമര്‍ശങ്ങളുടെ പിന്നിലെന്ന് കാണേണ്ടതുണ്ട്. 'വിസ്മയ' സഹകരണസംരംഭമാണ്. ഒരു പൊതുസംരംഭമാണ്. ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് അതിന്റെ പിന്നില്‍. അതുകൊണ്ടുതന്നെ നവ ലിബറല്‍നയങ്ങള്‍ക്ക് എതിരുമാണ്. കുറെയേറെപേര്‍ക്ക് മാന്യമായ തൊഴില്‍ പ്രദാനംചെയ്യുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ വിനോദത്തിനും വഴിയൊരുക്കുന്നു. എന്തിന്റെ പേരിലാണ് ഇതിനെ എതിര്‍ക്കുന്നത് ?
ബോധ്യപ്പെടുത്തലുകള്‍ ആദ്യം വേണ്ടത് പാര്‍ട്ടി അണികളേക്കാള്‍ മുമ്പേ പാര്‍ട്ടി നേതാകന്മാരേയായിരുന്നു, ചുരുങ്ങിയ പക്ഷം മുഖ്യമന്ത്രിയേയെങ്കിലും.. എന്നിട്ട് പോരായിരുന്നോ നാട്ടുകാരുടെ നിഞ്ചത്തോട്ട്?
ഇതിനെ സ്വയം ന്യായീകരിക്കാന്‍ ഞാന്‍ ഒരുപാടുശ്രമിച്ചു പരാജയപ്പെട്ടു.
എത്ര ആലോചിച്ചിട്ടും ധനസമ്പാദനം എന്നതില്‍ കവിഞ്ഞു മറ്റൊരു കാരണം ഇതിനു കണ്ടെത്താനുമായില്ല.
തോഴില്‍ സംരംഭം എന്ന നിലയിലാണെങ്കില്‍ ഏറ്റെടുത്തു നടത്താവുന്ന മറ്റനേകം വ്യവസായങ്ങളുണ്ടല്ലോ.
ജനനന്മ ആണു ലക്ഷ്യമെങ്കില്‍ സ്കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ എന്നിവ തുടങ്ങി, കുറഞ്ഞ ഫീസിലും, പാവപ്പെട്ടവനെ സൌജന്യമായും , പഠിപ്പിക്കാന്‍ അവസരമൊരുക്കുകയുമാണ് വേണ്ടതു.
തൊഴിലാളി മുതലാളിയാവുന്നതിന്റെ പ്രതിസന്ധികള്‍ പല പാര്‍ട്ടി വ്യവസായങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നതാണ്.
പ്രിയപ്പെട്ട കടത്തുകാരന്‍, അനില്‍
"പാര്‍ട്ടി നേരിട്ട് വ്യവസായം നടത്തുന്നു" എന്ന വ്യക്തമായ ഉദ്ദേശങ്ങളുള്ള പ്രചരണം നടക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ആ അവസരത്തില്‍ ഇതൊരു സഹകരണ സംഘമാണെന്ന ശരിയായ വശം ചൂണ്ടിക്കാണിക്കുക ആവശ്യമല്ലേ? അതാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. രണ്ടു വശവും അറിയുക എന്നത് എന്തിനെയും വിലയിരുത്താന്‍ ആവശ്യമാണല്ലോ.
സഹകരണസംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനം ക്രമമ്മായി വിലയിരുത്തപ്പെടേണ്ടതും അത് ഉദ്യോഗസ്ഥമേധാവിത്വപരമാകാതെ ഇരിക്കേണ്ടതും പാര്‍ട്ടിയുടെ(അതേത് പാര്‍ട്ടി ആയാലും) പൊതു ലക്ഷ്യങ്ങള്‍ക്ക് കീഴ്പെട്ട് ആയിരിക്കേണ്ടതും ആണെന്നതില്‍ തര്‍ക്കമില്ല.
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
In least terms, this article is a shear hipocrisy! ശ്രിമന്‍ കെ വരദരാജന്‍ കണ്ണടച്ചാല്‍, ലേഖനം വായിക്കുന്നവരൊക്കെ അന്ധന്മാരോ പോട്ടന്‍മാരോ ആയിരിക്കും എന്ന് വിചാരിച്ചാണോ എഴുതിയത്! സഹകരണ പ്രസ്ഥാനം എന്ന മറ കൊണ്ടു പാര്ട്ടിയുടെ പങ്കിനെ മൂടാനുള്ള ശ്രമം അത്ര ഫലവത്തായില്ല! വാട്ടര്‍ പാര്‍ക്ക് കൊണ്ടു സമൂഹത്തിലെ അടിതട്ടിലുള്ളവര്‍ക്ക് എന്ത് പ്രയോജം? കുറച്ചു പേര്‍ക്ക് തൊഴില്‍ കിട്ടുന്ന കര്യമാണെന്‍്കില്‍ ശരിയാണ് തൂക്കാനോ തോടയ്ക്കനോ വെള്ളം നിറയ്ക്കാനോ ടാങ്ക് വൃതിയാക്കാനോ കുറച്ചാളുകളെ വയ്ക്കാതെ പറ്റില്ലാലോ! ഈ പാര്‍ക്കിലെ വെള്ളത്തില്‍ ആര്‍ത്തുല്ലസിക്കാന്‍ വരുന്നവരില്‍ എത്രപേര്‍ കാണും താഴെ തട്ടിലുള്ളവര്‍. കൂലിപ്പണിക്കാര്‍, ചുമട്ടുകാര്‍, നെയ്ത്തുകാര്‍, വണ്ടിയോടിക്കുന്നവര്‍, ചെറുകിട കച്ചവടക്കാര്‍ അങ്ങനെ അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കൊന്നും വെള്ളത്തില്‍ കുത്തിമറിയാനുള്ള നേരമോ പണമോ ഇല്ല. പിന്നെ കാശുള്ളവര്‍ ജലകേളിയടുന്നത് കണ്ടു 'വിസ്മയം' പൂണ്ടു നിര്‍വൃതിയടയാമെന്നു മാത്രം. ഇവിടെ വിദ്യാഭ്യാസ കച്ചവടം തിമിര്‍ത്താടുമ്പോള്‍, എന്തുകൊണ്ട് വിസ്മയ പാര്‍ക്കിനു പകരം ഒരു സ്വാശ്രയ മെഡിക്കല്‍/എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചു മാതൃകാപരമായി നടത്തുന്ന കാരിയം പാര്‍ട്ടി ചിന്തിച്ചില്ല. സമൂഹത്തിലെ താഴ്ന്നവരുടെ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്കതൊരു ആശ്വസമാകുമായിരുന്നില്ലേ? മുതളിത്തത്തിനു ദാസ്യവേല ചെയ്യുന്ന ഈ സംരഭത്തിന്റെ പ്രസക്തി എന്താണ്?
"500 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള സംഭരണിയില്‍ രണ്ടു വര്‍ഷത്തോളംതുടര്‍ച്ചയായി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള വെള്ളമുണ്ട്." ഇത്രമാത്രം ജലം വെറുതെ ആളുകള്‍ നീന്തിക്കളിച്ചു ചലവും മലവും കലക്കി വൃതികേടാക്കേണ്ടാതുണ്ടോ, പലഭാഗത്തും വേനല്‍ കാലത്ത് കടുത്ത ജലദൌര്‍ലഭ്യമുള്ള ഒരു നാട്ടില്‍? ഈ ജലസംഭരണ ശേഷി കുടിവെള്ളത്തിനായി നട്ടം തിരിയുന്നവര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ പ്രയോജനപ്പെടുത്താമായിരുന്നില്ലേ. അപ്പോള്‍ തീര്ച്ചയായും ലാഭം കുന്നുകൂട്ടന്‍ പറ്റുകയില്ല. പാവപ്പെട്ടവര്‍ തോണിയും കാളവണ്ടിയും കയറി അല്പം വെള്ളത്തിനായി പരക്കം പയുമ്പോഴും പണക്കാരനു നീന്തിത്തുടിക്കാന്‍ ജല ദൌര്‍ലഭ്യം ഉണ്ടാകരുതെന്ന് പാര്‍ട്ടി എത്രമാത്രം കരുതലെടുതിരിക്കുന്നു! ഇതൊക്കെ നിയോലിബറലിസത്തിന്‍റെ ഭാഗമാല്ലെങ്കില്‍ പിന്നെ എന്താണെന്നു സഖവോന്നു വിശദീകരിക്കുമോ? മാര്‍ക്സിന്റെ ദാസ് കാപിറ്റലില്‍ പറഞ്ഞിട്ടുണ്ടോ തൊഴിലാളി വര്‍ഗ്ഗത്തിനെറ പേരില്‍ വ്യവസായം നടത്തി മൂലധനം കുന്നുകൂട്ടണം എന്ന്. നേതാക്കളൊക്കെ തലപ്പത്തിരുന്നു മധു നുകരണമെന്നു! സത്യം വിളിച്ചു പറയുന്നവരെ ഒക്കെ തീവ്ര ഇടതുപക്ഷം എന്നക്ഷേപെക്കുന്നത് CPM ന്റെ രീതിയായി മാറിയിട്ടുണ്ട്. CPM നു മുദ്രവക്യ വിളിക്കുന്നവരും ഒശാനപാടുന്നവരും മാത്രമല്ല കമ്മ്യുനിസ്റ്റുകള്‍ എന്നോര്‍ക്കുക. തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാനും അതിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും CPM ന്റെ സര്‍ട്ടിഫിക്കറ്റ് ആര്ക്കും ആവശ്യമില്ല. "മാര്‍ക്സ് മുതല്‍ ഇ എം എസ് വരെ" എന്ന് പറയുന്നതു കേട്ടാല്‍ തോന്നു മാര്‍ക്സാണു CPM സ്ഥാപിച്ചതെന്ന്! തീര്ച്ചയായും സംവേദന കഷമായ മസ്ഥിഷ്ക്കങ്ങള്‍ ആ പാര്‍ടിയില്‍ ഉണ്ടായിരുന്നു ഒരുകാലത്ത്. അവരുടെയൊക്കെ ത്യാഗവും നിസ്വാര്ത്ഥതയുമാണു പാര്‍ട്ടിയെ ശക്തമാക്കിയതും ഇന്നും നിലനിര്‍ത്തുന്നതും. ആ ത്യാഗികലോടുള്ള സ്നേഹവും ആദരവും തൊഴിലാളി വര്‍ഗ്ഗം ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു അല്ലാതെ അവര്‍ വിഡ്ഢികളാണെന്നു ഇന്നത്തെ കുബേര നേതൃത്വം കരുതുന്നെങ്കില്‍ തെറ്റി. ഫരീസിനോടും ലോട്ടറി മാര്‍ട്ടിനോടും തോളോട് തോളുരുമി നടക്കുന്നവര്‍ ചരിത്രത്തിനെ ചവറ്റു കൊട്ടയിലെക്കാണു കാലടികള്‍ അവരെ നയിക്കുന്നതെന്നോര്‍ക്കുക.
കേരളത്തിലെ വ്യവസായത്തിന്റെ കാരിയം പറയുമ്പോള്‍, കുരങ്ങന്‍ അങ്ങേ കമ്പില്‍ ഇങ്ങേ കമ്പില്‍ ചാടുന്ന മാതിരി ക്യുബ, ചൈന, വിയറ്റ്നാം എന്നോക്കെ പറഞ്ഞു ചാടിക്കളിക്കേണ്ട കാരിയമില്ല. ക്യുബയില്‍ മാത്രമല്ലെ കരീബിയന്‍ രാജ്യങ്ങളിലൊക്കെ ടുറിസമാണ് പ്രധാന വരുമാന മാര്‍ഗം. കാസ്ട്രോ എന്തെങ്കിലും കാരിയം ആ രാജ്യത്ത് നടപ്പാക്കുന്നത് കേരളത്തില്‍ അല്ലെങ്കില്‍ ബംഗാളില്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞിട്ടല്ല. അവിടുത്തെ ജനങള്‍ക്ക് എന്താണോ അനുയോജ്യമായത് അത് ശരിയായി പഠിച്ചു നടപ്പില്‍ വരുത്തുന്നു. ക്യുബയിലെയും സോവിയറ്റ് യൂണിയനിലേയും ചൈനയിലെയും കരിയങ്ങള്‍ പറഞ്ഞു ജനങ്ങളെ വിഡ്ഡികളാക്കുന്ന കാലം കഴിഞ്ഞു പോയി എന്നത് ശ്രീമാന്‍ വരദരാജന് അറിയാവുന്നതല്ലേ. ചൈന ടെങ് സിയോപിംഗിന്‍റെ കാലം മുതല്‍ തന്നെ മുതലാളിതതിലേക്ക് ചുവടുമാറ്റി എന്ന് സഖവിതുവരെ അറിയ്തിരിക്കുകയാണോ. കമ്മ്യൂണിസ്റ്റ് ചൈന എന്ന ലേബല്‍ മാത്രമെ ഇപ്പോഴുള്ളൂ! അതും മാറുന്ന കാലം വിദൂരമല്ല.
പിന്നെ താങ്കള്‍ പറഞ്ഞ ആ "ചായക്കട വിപ്ലവവയടിതം" ഈ ലേഖനത്തേക്കാള്‍ ശ്രേഷ്ടമാണ്. ചായക്കട വിപ്ലവവയടിതമാണ് പാര്‍ട്ടിയെ ഇന്നു നില്ക്കുന്ന വിസ്മയ/പഞ്ച നക്ഷത്ര നിലയിലെക്കുയര്‍ത്തിയത്. ഇന്നു പാര്‍ടി നേതാക്കള്‍ക്ക് അത്തരക്കാരെ പുച്ചമാണെന്നറിയാം. പരിപ്പ് വടയെന്നും കട്ടന്‍ ചായയെന്നും കേട്ടാല്‍ ഓക്കാനം വരുമെന്നുമറിയാം, എങ്കിലും വന്ന വഴി മറക്കാതിരിക്കുക - "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു."
ഇവിടെനിന്ന് മറിച്ചൊരഭിപ്രായമുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടല്ലൊ,അല്ലേ?
സാര്‍, വായിച്ചു. ബോധിച്ചില്ല.
ദിനേഷ് ബീഡി പാര്‍ട്ടി സഹകരണസംഘം നടത്തുന്നതും ജലക്രീഡോദ്യാനം പാര്‍ട്ടി സഹകരണസംഘം നടത്തുന്നതും ഒരേപോലെയാണെന്ന്‍ ഇത് എഴുതിയ ആള്‍ക്ക് സ്വയം വിശ്വസിപ്പിക്കാമോ? ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങുമ്പൊഴും ഇതേ ന്യായം പറയാമോ?
എന്റെ അഭിപ്രായത്തില്‍ പാര്‍ട്ടി സഹകരണസംഘം റിയലെസ്റ്റേറ്റ് വ്യാപാരത്തിലേയ്ക്കും കടക്കേണ്ടതാണ്. ഇപ്പൊ അതാ ലാഭം.
ഏതായാലും പാര്‍ടിയല്ല, വിസ്മയ പാര്‍ക്കടക്കം ഒരു സഹകരണ സംഘത്തിന്‍റേയും ഉടമസ്ഥര്‍. അതത് സംഘങ്ങളാണ്. ഇക്കാര്യം വര്‍ക്കേഴ്സ് ഫോറം വ്യ ക്തമാക്കി.
വിമര്‍ശനം പാര്ടിക്കാര്‍ക്ക് എതിരെയാകാം. പാര്‍ടിക്കാരേറെയും സാധാരണക്കാരും. തൊഴിലാളികളോ കൃഷിക്കാരോ ഇടത്തരക്കാരോ. ഭൂപ്രഭുക്കളും കുത്തക മുതലാളിമാരുമില്ല. അതു കൊണ്ട് അവര്‍ക്കൊന്നും മാന്യമായി ജീവിക്കാന്‍ അവകാശമില്ലല്ലൊ ? പണ്ടും ഇത് പലരും പറയുകയും നടപ്പാക്കുകയും ചെയ്തിരുന്നതാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില് സ്ഥിരം തൊഴിലില്ലാതാക്കി തൊഴിലാളിവര്ഗത്തെ പട്ടിണിക്കിടാമെന്ന മോഹവുമായി നടക്കുന്ന കുത്തകകളും സാമ്രാജ്യത്വവും തൊഴില് നശിപ്പിക്കുന്പോള്‍, ഉള്ള തൊഴില് കാഷ്വലും പാര്ട് ടൈമും കോണ്ട്റാക്ടും ആക്കുന്പോള്‍, ജനങ്ങള്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നാണോ വാദം ? അതോ പട്ടിണി കിടന്ന് ചാകണമെന്നോ ? സ്വപ്നം കാണുന്ന സോഷ്യലിസം വരുന്പോള്‍ വീണ്ടും ഉയിര്ക്കാമെന്നോ ? അതോ, സാമ്റാജ്യത്വത്തിനെതിരെ വിപ്ളവ വായാടിത്തം മാത്രം മതിയെന്നോ ? അതവരെ രക്ഷിക്കുമല്ലൊ.
അതും പാര്ടി ഭരണത്തിലിരിക്കുന്പോള്‍ ? പാര്ടി ഭരണത്തില്‍ നിന്ന് പോയിക്കിട്ടുമല്ലോ ?
ജനങ്ങള്‍, അതില്‍ പാര്ടിക്കാരുമുണ്ട്, അതിനൊന്നും തയ്യാറല്ല. അവരിവിടെ ജീവിക്കും. ഈ കെട്ട കാലം മാറ്റാനായി തന്നെ. മുതലാളിത്തകാലത്ത് ജീവിച്ചുകൊണ്ട് തന്നെ അതിനെ മാറ്റും. അതിന് പാര്ടിയുടെ അതിന്‍റെ സര്‍ക്കാരിന്റ സഹായം കിട്ടുന്നത് മുതലാളിത്തത്തിന് സഹിക്കുന്നില്ല. അതാണീ മാധ്യമ കള്ള പ്രചരണത്തിന് പിന്നില്‍.
ഏതായാലും പാര്‍ടിയല്ല, വിസ്മയ പാര്‍ക്കടക്കം ഒരു സഹകരണ സംഘത്തിന്‍റേയും ഉടമസ്ഥര്‍. അതത് സംഘങ്ങളാണ്. ഇക്കാര്യം വര്‍ക്കേഴ്സ് ഫോറം വ്യ ക്തമാക്കി.
ഓ.
അതിന് പാര്ടിയുടെ അതിന്‍റെ സര്‍ക്കാരിന്റ സഹായം കിട്ടുന്നത് മുതലാളിത്തത്തിന് സഹിക്കുന്നില്ല. അതാണീ മാധ്യമ കള്ള പ്രചരണത്തിന് പിന്നില്‍.
എന്തോ, ഇതു രണ്ടും കൂട്ടിവായിക്കുമ്പൊ ഒരു പൊരുത്തക്കേട്. പാര്‍ട്ടിയുടെ സര്‍ക്കാരല്ല, ജനങ്ങളുടെ സര്‍ക്കാര്‍. അതത് സംഘങ്ങളെ പാര്‍ട്ടി എന്തിനാ സഹായിക്കുന്നത്?
ഇതേ പാര്‍ക്ക് കോണ്‍ഗ്രസോ ബി.ജെ.പി.യോ മറനില്‍ക്കുന്ന ഒരു സഹകരണസംഘം തുടങ്ങിയിരുന്നെങ്കില്‍ ഇതിനു കല്ലെറിയാന്‍ എത്ര എസ്.എഫ്.ഐ.ക്കാരെ കിട്ടിയേനെ. നിങ്ങള്‍ അപ്പോഴും ഇതേ ന്യായങ്ങള്‍ പറയുമായിരുന്നോ?
ആനിമല്‍ ഫാം വായിക്കണം (വായിച്ചിട്ടില്ലെങ്കില്‍). ഇതൊക്കെത്തന്നെ ഓര്‍വ്വെല്‍ മാമന്‍ മുങ്കൂട്ടിക്കണ്ട് എഴുതിയ പുസ്തകമാണ്.
ഭരിക്കുന്ന പാര്‍ട്ടിയുടെ സഹായത്തോടെ എന്തുകൊണ്ട് ബിസിനസ് നടത്തിക്കൂടാ എന്നാണോ ചോദ്യം?
1) പാര്‍ട്ടി ഒരു ബിസിനസിലും ഇറങ്ങരുത്. പാര്‍ട്ടിയുടെ ലക്ഷ്യം ധനസമ്പാദനം ആവരുത്. പണം പാര്‍ട്ടിയെ നശിപ്പിക്കും.
2) പാര്‍ട്ടി നടത്തുന്ന ബിസിനസിന് സ്വകാര്യ നിക്ഷേപകര്‍ തുടങ്ങുന്ന ബിസിനസും ആയി മത്സരം വരുമ്പോള്‍ പാര്‍ട്ടി / രാഷ്ട്രീയ നേതൃത്വം / മന്ത്രിമാര്‍ നിഷ്പക്ഷത പുലര്‍ത്തുമോ? അതോ രാഷ്ട്രീയ നേതൃത്വം പാര്‍ട്ടി ബിസിനസിനെ അനുകൂലിക്കുമോ? നിഷ്പക്ഷത പുലര്‍ത്തും എന്നു പറയുന്നത് സ്വപ്നം കാണലാണെന്നാണ് എന്റെ പക്ഷം. ഉദാഹരണത്തിന് വിസ്മയയ്ക്ക് നേരേ എതിര്‍വശത്ത് ഒരു ജലക്രീഡോദ്യാനം തുടങ്ങാന്‍ ഒരു സ്വകാര്യ സംരംഭകന് പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ സാധിക്കുമോ?
ഇതിന്റെ ഷെയര്‍ ഓണര്‍മാരില്‍ തീര്‍ച്ചയായും പ്രാദേശിക നേതാക്കന്മാര്‍ മുതല്‍ മന്ത്രിമാര്‍ വരെ കാണുമല്ലോ. ഇതിന്റെ സാമ്പത്തിക വിജയം അവരുടെ ഓരോരുത്തരുടെയും ലക്ഷ്യമല്ലേ. (സ്വന്തം സ്ഥാപനമല്ലേ). ഇത്തരം വ്യവസായങ്ങള്‍ വ്യാപിക്കുമ്പോള്‍ (പാര്‍ട്ടിയുടെ മുതലാളിത്തം കൂടിവരുമ്പോള്‍) ഇവര്‍ക്ക് എങ്ങനെ മറ്റ് വ്യവസായികളുമായി ഇടപെടുന്നതിലോ, അല്ലെങ്കില്‍ പാര്‍ട്ടി വ്യവസായങ്ങളില്‍ നടക്കുന്ന തൊഴില്‍ തര്‍ക്കങ്ങളിലോ നിഷ്പക്ഷത പാലിക്കാന്‍ സാധിക്കും?
ഒരു കണക്കുകൂടി ചോദിച്ചോട്ടെ.
ദിനേഷ് ബീഡിയില്‍ ഒരു ബീഡിതെറുപ്പ് തൊഴിലാളിക്കുകൊടുക്കുന്ന ശമ്പളം എത്രയാണ്? അവിടെ വര്‍ഷം എത്ര സമരങ്ങള്‍ നടക്കുന്നു? മറ്റ് തൊഴില്‍ സ്ഥാപനങ്ങള്‍ പോലെ സമരങ്ങള്‍ നടക്കാറുണ്ടോ?
എന്തോ, പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോള്‍ പല്ലുപോയ എസ്.എഫ്.ഐ.യെപ്പോലെ പാര്‍ട്ടി നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടനകളും (അങ്ങനെ ഒന്നുണ്ടെങ്കില്‍) പല്ലുപോയ അടിയാന്മാരാവും എന്ന് ഒരു തോന്നല്‍ - ഇങ്ങനെയൊന്നും ആവില്ല എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കൂ.
വേറിട്ടൊരു ചാനല്‍ ആയി കൈരളി തുടങ്ങിയപ്പോള്‍ ഞാനും ആയിരം രൂപ മുടക്കി ഷെയറ്‍ എടുത്തു, അല്ലെങ്കില്‍ ജോലി ചെയ്യുന്നിടത്തു ജീവിക്കാന്‍ പറ്റില്ല എന്നതുകൊണ്ടും വേറിട്ട ഒരു ചാനല്‍ എന്ന ആശയം ഇഷ്ടപ്പെട്ടതുകൊണ്ടൂം ഇപ്പോള്‍ ആ ചാനല്‍ മമ്മൂട്ടി കൊണ്ടു പോയി ഷെയറും കയ്യില്‍ വച്ചിരിക്കമെന്നല്ലാതെ ഒരു പ്റയോജനവും ഇല്ല ഈ വാട്ടറ്‍ തീം പാറ്‍ ക്കും ആ ഗതി തന്നെ ആകും, കാരണം നമ്മടെ സഖക്കളല്ലേ ജോലിക്കാറ്‍, വീഗാലാന്‍ഡിലെ പോലെ ശുചീകരണം ഒന്നും ഇവിടെ നടക്കില്ല , എങ്ങിനെ ജോലി ചെയ്യാതിരിക്കാം എന്നണല്ലോ നമ്മള്‍ പഠിപ്പിക്കുന്നത് ആള്‍ക്കാറ്‍ ചൊറിയും ചിരങ്ങും പിടിച്ചു തീം പാറ്‍കില്‍ പോകാതെ ആകുമ്പോള്‍ മമ്മൂട്ടിയോ മറ്റോ ഇതു ഷെയറ്‍ അടിച്ചു മാറ്റി സ്വന്തം പാറ്‍ ക്കു ആക്കും അത്റെ ഉള്ളു, എന്നാലും പിണറായിയുടെ ഈ ധീര സംരംഭം എനിക്കിഷ്ടപ്പെട്ടു ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ ഒരു പഞ്ച നക്ഷത്റ മസ്സാജ് പാറ്‍ലറും സഹകരണ മേഖലയില്‍ ആകാം, ഇവിടെ ഫാക്ടറിയോ സ്വാശ്രയ കോളേജോ ഒന്നും ഉണ്ടാക്കാനോ നടത്താനോ പാറ്‍ട്ടികു പറ്റില്ല പാറ്‍ട്ടിക്കെന്നല്ല ഒരുത്തനും പറ്റില്ല അതാണു കൊച്ചൌസെപ് വീ ഗാറ്‍ഡ് കോയമ്പത്തൂരും വീഗാ ലാന്‍ഡ് കൊച്ചിയിലും സ്ഥാപിച്ചത്
എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം-എന്നു കേട്ടിട്ടുണ്ടോ? തൊഴിലാളികള്‍ക്ക് നിഷിദ്ധമല്ല വിനോദം. അവന് 'പ്രൊക്രിയേഷന്‍' എന്ന ഏക വിനോദം മതി എന്നത് ആരുടെ സിദ്ധാന്തമാണെന്നറിയുമോ സുഹൃത്തുക്കളെ?
സഹകരണ സംഘം ഇത്തരം വല്‍വസായത്തിലിടപെടാമോ എന്നത്. ഇന്ത്യന്‍ കോഫി ഹൌസ് കണ്ടിട്ടുണ്ടോ? കരമനയിലെ ദോശക്കടയില്‍ എട്ടുരൂപയ്ക്ക് മസാല ദോശ കിട്ടും. തമ്പാനൂരിലെ കോഫി ഹൌസിലെത്തുമ്പോള്‍ പതിനാറുരൂപയാണ്്. പതിനാറുരൂപയ്ക്ക് മസാലദോശ വില്‍ക്കുന്ന കോഫി ഹൌസ് സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് അപ്രാപ്യമെന്നു പറയാനാകുമോ? അല്ലെങ്കിലും എന്തിന് തൊഴിലാളി കോഫിയും പൂരിമസാലയും കട്ലറ്റും കഴിക്കണം? ശിക്ഷക് സദനിലെ കാന്റീനില്‍ കിട്ടുന്ന കഞ്ഞിയില്‍ കൂടുതല്‍ അവന്‍ കഴിക്കാന്‍ പാടുണ്ടോ? തമ്പാനൂരിലെ ദേശാഭിമാനി കാന്റീനില്‍ കരിമീന്‍ വറുത്തതിന്റെ വില്‍പന നിരോധിക്കുകയുമാവാം.
വാട്ടര്‍ തീം പാര്‍ക്ക് അത്ര മോശപ്പെട്ട വിനോദോപാധിയാണെന്നു പറയാനാകുമോ? എറണാകുളത്തെ വീഗാലാന്റില്‍ പോകാമെന്നു പറഞ്ഞാല്‍ നമ്മുടെയെല്ലാം വീട്ടിലെ കുട്ടികള്‍ തുള്ളിച്ചാടില്ലേ? ശരിയാണ്, ഒരു സിനിമയ്ക്ക് പോകുന്നതിനെക്കാള്‍ ചെലവുവരും. പഷേ, ഒന്നവിടെ കുട്ടികളെയും കുടുംബത്തെയും കൂട്ടി ചെന്നുനോക്കൂ-ഒരുപക്ഷേ ചെന്നിട്ടുണ്ടാകും.
എല്ലാം മറന്ന് ഉല്ലസിക്കാനുള്ള വക കാണുന്നില്ലേ? വര്‍ഷം മുഴുവന്‍ അധ്വാനഭാരം ചുമക്കുന്ന തൊഴിലാളി, ആണ്ടിലൊരിക്കല്‍ കുടുംബത്തിനെയുംകൊണ്ട് ഇത്തരമൊരു വിനോദത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
അവിടെ ചെല്ലന്നവര്‍ ശതകോടീശ്വരന്‍മാരോ കോടീശ്വരന്‍മാരോ ഉയര്‍ന്ന ഇടത്തരക്കാരോ പോലുമല്ല.(അത്തരക്കാര്‍ സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ദുബായ്, പാരീസ്-അങ്ങനെയങ്ങ് പോകും) സാധാരണക്കാര്‍ മാത്രമാണ് നാട്ടിലേ ഇത്തരം വിനോദകേന്ദ്രങ്ങളിലെത്തുന്നത്.
അനേകം വാട്ടര്‍പാര്‍ക്കുകളുണ്ട്് നാട്ടില്‍. എല്ലാം സ്വകാര്യ സംരംഭകരുടേത്. അത്തരം പാര്‍ക്കുകളില്‍ കുഞ്ഞുകുട്ടി പരിവാരസമേതം പോകുന്നത് ആരും ഒരു പ്രത്യയശാസ്ത്ര പ്രശ്നമായി കാണുന്നില്ല. ഇപ്പോള്‍, പറശ്ശിനിക്കടവില്‍ സഹകരണ മേഖലയില്‍ അത്തരമെന്ന് വന്നപ്പോള്‍ എന്തുകൊണ്ട് 'പ്രത്യയ ശാസ്ത്ര പ്രതിസന്ധി' വരുന്നു?
പറശ്ശിനിക്കടവുകാര്‍ക്ക് സന്തോഷമാണ്. മുത്തപ്പന ക്ഷേത്രത്തില്‍ വരുന്നവര്‍ 'വിസ്മയ' പാര്‍ക്കിലും വരും. ഭാരിച്ച വണ്ടിവാടക മുടക്കി കൊച്ചിയിലോ, ബംഗ്ളൂരിലോ ചെന്ന് വിഗാലാന്റും വണ്ടര്‍ലായും ആസ്വദിക്കുന്നവര്‍ക്ക് വണ്ടിവാടക ലാഭം.
പ്രദേശത്തെ ആളുകള്‍ക്ക് ജോലി, ഒരു പുതിയ ടൌണ്‍ഷിപ്പിന്റെ ആവിര്‍ഭാവം, കച്ചവട സ്ഥാപനങ്ങളില്‍ ചലനം-ഇങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ടാക്കുന്നുണ്ട് 'വിസ്മയ' പറശ്ശിനിക്കടവില്‍.
അവിടെ, 'വിസ്മയ' ജനങ്ങളുടെ സ്വന്തം സ്ഥാപനമാണ്. അസൂയക്കാരും കുശുമ്പുകാരുമല്ലാതെ ആര്‍ക്കും എതിര്‍പ്പില്ല.
സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ കെ നാരായണനാണ് 'വിസ്മയ'യുടെ പ്രസിഡന്റ്. പാര്‍ട്ടിക്കാരും അല്ലാത്തവരും ഡയറക്ടര്‍ ബോഡിലുണ്ട്. എല്ലാ വിഭാഗത്തില്‍പെട്ടവരും അടങ്ങുന്നതാണ് സഹകരണ സംഘം. പാര്‍ട്ടിക്കാരാണ് സംഘാടനത്തില്‍ മുന്നിലെന്നതുകൊണ്ട് അത് പാര്‍ട്ടി നിയന്ത്രണത്തില്‍തന്നെ. എന്നാല്‍, പാര്‍ട്ടി സ്ഥാപനമല്ല. നടത്തിപ്പിന്റെ ഭാരവും ലഭിക്കുന്ന ലാഭവും ഓഹരിയുടമകള്‍ക്കാണ്-പാര്‍ട്ടിക്കല്ല.
കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ രണ്ടും മൂന്നും ലക്ഷം ചെലവാകുന്ന സര്‍ജറികള്‍ നടക്കാറുണ്ട്. സാധാരണക്കാരന് അത് താങ്ങാനാവുമോ? അവര്‍ക്കുവേണ്ടി സര്‍ക്കാരാശുപത്രിയുള്ളപ്പോള്‍ എന്തിന് സഹകരണ ആശുപത്രി എന്നും ചോദിക്കാം.
കുറിപ്പിന്‍റെ ആദ്യത്തെ വാക്യവും
അവസാനത്തെ വാക്യവും
ഉദ്ധരിച്ച് അതിനിടയില്‍ സ്വന്തമായൊരു
ഓ.
യും ചേര്ത്താല്
ഇവ രണ്ടും മാത്റമേ പറഞ്ഞുള്ളു എന്ന ധ്വനി സൃഷ്ടിച്ച് അവയ്ക്ക് മാത്റം മറുപടി പറഞ്ഞ് അല്ലെങ്കില്‍ വിമര്‍ശിച്ച് സ്വന്തം അഭിപ്റായം മുഴുവന്‍ ശരിയെന്ന് സ്വയം സംതൃപ്തിയടയാം.
അവയ്ക്കിടയില്‍ ഉന്നയിച്ച പാവപ്പെട്ടവന്‍റെ അവസ്ഥ കാണാനോ മനസിലാക്കാനോ ശ്റമിക്കാതെ പോകുന്നത് ആരെ ബോധിപ്പിക്കാനാണ്.
പാര്‍ടിയും അതിന്‍റെ സര്ക്കാരും (ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം പാര്‍ടി നയിക്കുന്നത് എന്നാണ്) വിസ്മയ പാര്ക്കിനെ സഹായിച്ചു എന്ന് ഞാന്‍ പറഞ്ഞതായി സ്ഥാപിക്കാനാണല്ലോ
ശ്റമം. എന്തിനാണീ അതി സാമര്ദ്ധ്യം ? നമുക്ക് കാര്യങ്ങള്‍ പരസ്പരം പറയാനും മനസിലാക്കാനുമല്ലെ ശ്റമിക്കേണ്ടത്.
ഒന്നുകൂടി പറയാം ...
ജനങ്ങള്‍, അതില്‍ പാര്ടിക്കാരുമുണ്ട്, അതിനൊന്നും (മേല്‍ പറഞ്ഞതിനൊന്നും -- തൊഴിലാളികളെ പട്ടിണിക്കിടുന്നതിനും പാര്ടി നയിക്കുന്ന സര്ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും ശ്റമിക്കുന്ന മുതലാളിത്ത അജണ്ടക്ക് നിന്നി കൊടുക്കാന്‍ ) തയ്യാറല്ല. അവരിവിടെ ജീവിക്കും. ഈ കെട്ട കാലം മാറ്റാനായി തന്നെ. മുതലാളിത്തകാലത്ത് ജീവിച്ചുകൊണ്ട് തന്നെ അതിനെ മാറ്റും. അതിന് (മുതലാളിത്തം മാറ്റുന്നതിന്) പാര്ടിയുടെ അതിന്‍റെ സര്‍ക്കാരിന്റ സഹായം കിട്ടുന്നത് മുതലാളിത്തത്തിന് സഹിക്കുന്നില്ല. അതാണീ മാധ്യമ കള്ള പ്രചരണത്തിന് പിന്നില്‍.
വ്യ ക്ത മാ ണെ ന്ന് തോന്നുന്നു.
സഹകരണ സ്ഥാപനം സാധാരണക്കാരുടെ കൂട്ടായ്മയാണ്. മുതലാളിക്ക് കന്പനി പോലെ. വ്യത്യാസങ്ങളുണ്ട്. സഹകരണമെന്നാല്‍ അംഗങ്ങള്‍ വിഹിതമെടുക്കുകയും കിട്ടുന്നത് വീതിച്ചെടുക്കുകയുമെന്നാണ് . മുതലാളി കന്പനി കൊണ്ട് മറ്റുള്ളവരുടെ കയ്യിലുള്ളത് തട്ടിപ്പിലൂടെ സ്വന്തമാക്കുന്നു.
മുതലാളി തൊഴിലാളികളെ കൂലിയ്ക്കെടുക്കുന്നു. സഹകരണ സംഘാംഗങ്ങള്‍ സ്വയം പണിയെടുക്കുന്നു. (വ്യവസായ സഹകരണ സംഘം മുതലായവ) അവിടെ തൊഴിലാളിയില്ല. പണിമുടക്കുമില്ല. എന്നാല്‍ സര്‍വ്വീസ് സംഘങ്ങളില്‍ സംഘം നടത്തിപ്പിന് തൊഴിലാളികളെ വയ്ക്കുന്നുണ്ട്. അവിടെ അവര് പണിമുടക്കാറുമുണ്ട്.
നമ്മള്‍ എവിടെ നിന്ന് ആര്ക്ക് വേണ്ടി പറയുന്നു എന്നത് വളരെ പ്രധാനമാണ്. കേരളത്തിലെ വലതു പക്ഷ മാദ്ധ്യമങ്ങള്‍ ബോധപൂര്‍വ്വം (വകൃ ബുദ്ധിയോടെ) ഉയര്ത്തുന്ന പ്രശ്നങ്ങളേറ്റെടുത്ത് വാദിക്കുന്നവര് ആര്ക്ക് വേണ്ടി അത് ചെയ്യുന്നു എന്ന് എനിക്കറിയില്ല.
കണ്ണൂരില്‍ വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങാനൊന്നുമല്ല മലബാര്‍ ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ചത്. വിനോദ സഞ്ചാര രംഗത്ത് സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടലായിരുന്നു പ്രാഥമിക ഉദ്ദേശ്യം. പിന്നീടാണ് 'വാട്ടര്‍ തീം പാര്‍ക്ക്' എന്ന ആശയം ഉയര്‍ന്നുവന്നത്.
കഴിയാവുന്ന എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനത്തെ ഇടപെടുവിക്കുക എന്ന ആശയത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ദിനേശ് ബീഡി ആദ്യകാലത്തെ കഥ. റബ്ബറിന്റെ വില പാതാളത്തിലേക്കു താഴ്ന്നപ്പോള്‍ കര്‍ഷകരെ അല്‍പമെങ്കിലും ആശ്വസിപ്പിക്കാന്‍ റബ്കോ എന്ന സഹകരണ സ്ഥാപനം രൂപീകരിച്ചത് സമീപകാല കഥ.
വടകരയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘം എന്നൊരു സ്ഥാപനമുണ്ട്. നിര്‍മ്മാണ രംഗത്ത് ആരെയും വെല്ലുന്ന സ്ഥാപനമാണതിന്ന്. കാര്യങ്ങള്‍ ഇത്തോതിലെങ്കില്‍ 'ബില്‍ഡിങ്ങ് കോണ്‍ട്രാക്ട്' എന്ന 'മുതലാളിത്തപ്പണി' നടത്തുന്ന മൂരാച്ചിസ്ഥാപനമെന്ന് അതിനെയും വിളിക്കാം! പക്ഷെ അതിന്റെ കീഴിലുള്ള നൂറുകണക്കിന് തൊഴിലാളികള്‍ക്കും അതിന് കരാറുകള്‍ ഏല്‍പ്പിച്ചുകൊടുത്ത അനുഭവമുള്ളവര്‍ക്കും അത്തരത്തില്‍ ചിന്തിക്കാനാവില്ല.
കൈത്തറി സഹകരണ സംഘങ്ങളോട് വന്‍കിട ടെക്സ്റ്റൈല്‍-ഗാര്‍മെന്റ് കമ്പനികളുടെ പണിയെടുക്കുന്നതെന്തിനെന്ന് ചോദിക്കാം! റെയിഡ്കോ യന്ത്ര നിര്‍മ്മാണ രംഗത്താണ്. വേണമെങ്കില്‍ ടാറ്റയോടുതന്നെ ഉപമിക്കാം.
സഹകരണ പ്രസ്ഥാനത്തിന് വിനോദ സഞ്ചാര രംഗത്തുമാത്രം, വിനോദ വ്യവസായത്തില്‍ മാരതം എന്ത് വിലക്ക് എന്നു ചിന്തിച്ച് ഇത്തരം കണ്ടെത്താനാവുന്നില്ല.
കേരളത്തില്‍ ടൂറിസം മേഖലയിലെ ജനകീയസംരംഭവും കേരളത്തിന്റെ സഹകരണമേഖലയ്ക്ക് കരുത്ത് പകരുന്നതുമാണ് 'വിസ്മയ' വിനോദ വിജ്ഞാനകേന്ദ്രമെന്ന് വെറുതെ ചിന്തിച്ചുനോക്കൂ. വിതണ്ഡ വാദങ്ങളുടെ നിരര്‍ത്ഥകത അപ്പോള്‍ ബോധ്യമാകും.
കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍തീം പാര്‍ക്കാണ് തീര്‍ഥാടനകേന്ദ്രമായ പറശിനിക്കടവിനടുത്ത് 30 ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ മുടക്കില്‍ സ്ഥാപിതമായത് എന്നതില്‍ സാധാരണ നിലയില്‍ ജനപക്ഷത്തുനില്‍ക്കുന്നവര്‍ അഭിമാനം കൊള്ളും. കാരണം അത് ഏതെങ്കിലും മുതലാളിയുടേയല്ലല്ലോ- കുറെ പേരില്‍നിന്ന് ഓഹരി പിരിച്ച് ഉണ്ടാക്കിയതാണല്ലോ.
സഹകരണ പ്രസ്ഥാനത്തെയും ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തില്‍, നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കാം എന്ന പോസിറ്റീവ് കാഴ്ചപ്പാടുണ്ടെങ്കില്‍ ഇത്തരം എതിര്‍പ്പുകളുയരില്ലതന്നെ.
പിന്നെ, എന്തിനും ഏതിനും എതിര്‍പ്പുന്നയിക്കുന്നവര്‍, ചോപ്പുകാണുമ്പോള്‍ മുക്രയിടുന്നവര്‍-അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല.
സഹകരണ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുടങ്ങേണ്ടതെന്ന് ഒരു കമന്റ് കണ്ടു. അങ്ങനെ തുടങ്ങിയപ്പോള്‍, ഇതാ വിദ്യാഭ്യാസ കച്ചവടത്തിനിറങ്ങുന്നേ എന്ന് നിലവിളിച്ചവര്‍ ഇന്നാട്ടിലുണ്ട്. അതുതന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു.
ഇടത് സഹയാത്രികരുടെയും അതല്ലാത്തവരുടെയും വിമര്‍ശനങ്ങള്‍ രണ്ട് രീതിയില്‍ തന്നെ കാണേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. സഹയാത്രികരുടെ സംശയങ്ങള്‍, ആകുലതകള്‍ എന്നിവ മനസ്സിലാക്കുന്നതിനും ആശയവ്യക്തത കൈവരിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അധികമായ ചുമതലയുണ്ട്. കാരണം ഈയൊരു വിഷയത്തിലെ എതിര്‍പ്പ് മൊത്തം ഇടത് പക്ഷനിലപാടുകളോടുള്ള എതിര്‍പ്പായി മാറാതിരിക്കുക എന്നത് പരമ പ്രധാനമാണ്. സഹയാത്രികരുടെ വിമര്‍ശനങ്ങള്‍ കാര്യങ്ങളെ കൂടുതല്‍ നല്ല രീതിയില്‍ വിശകലനം ചെയ്യാനും ഭാവിയിലെ വരാവുന്ന തെറ്റുകള്‍ ഒഴിവാക്കാനും സഹായിക്കും എന്നുള്ളതുകൊണ്ട് അവയൊക്കെ തികച്ചും സ്വാഗതാര്‍ഹവുമാണ്. അവരുടെ വികാരങ്ങളെയും വിചാരങ്ങളെയും പാര്‍ട്ടി നേതൃത്വം അഡ്രസ് ചെയ്യേണ്ടതുമുണ്ട്.
കണ്ണൂരില്‍ വിനോദ വ്യവസായ രംഗത്ത് സഹകരണ സംഘം തുടങ്ങിയതിലും അത് വിസ്മയ പാര്ക്ക് സ്ഥാപിച്ചതിലും ആരും വിഷമിക്കേണ്ടതില്ല. ആഗോളവല്ക്കരണത്തിന്‍റെ കാലത്ത് ജീവിതം നില നിര്‍ത്താന്‍ സാധാരണക്കാര്‍ക്ക് നാളിത് വരെ കിട്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു. മാന്യമായ കൂലിക്ക് പണിയില്ല. ഉള്ള പണിക്ക് കുറഞ്ഞ ദിവസങ്ങളും കുറഞ്ഞ കൂലിയും. പുതിയ വ്യവസായങ്ങള്‍ക്കുള്ള സാധ്യത അതിലേറെ കുറവാണ്. ആകെ ലഭ്യമായ അവസരം ബിപിഒ കരാറുകളാണ്. അതാകട്ടെ, സാധാരണക്കാര്ക്ക് ബാലികേറാമലയും. അവിടെ വിദേശ കുത്തകകളുടെ ബിപിഒ പങ്കാളികളായി ഇന്ത്യന്‍ കുത്തകകള്‍ പോലും വരുന്നു. അങ്ങിനെ കണ്ണൂരേയ്ക്കൊന്നും ഒരു വ്യവസായവും എത്താത്ത അവസ്ഥ. പഴയ തടി വ്യവസായം തടികിട്ടാതെ പ്റതിസന്ധിയിലും.തുണി വ്യവസായം നൂല് കിട്ടാതെയും.
കണ്ണൂരിന്‍റെ വ്യവസായവല്‍ക്കരണമാണ് ഈ സംരംഭകരുടെ ലക്ഷ്യം. അതിനവരെ കുറ്റം പറയേണ്ടതില്ല. കേരളത്തിന്‍റെ ഭാവി ഐറ്റിയും ടൂറിസവുമെന്ന പ്റചരണം അവരിലേയ്കുമെത്തി. മറ്റ് മാര്ഗ്ഗമില്ലാതെ വന്നപ്പോള്‍ ടൂറിസം പരീക്ഷിക്കാന്‍ അവര്‍ ശ്റമിക്കുന്പോള്‍ ഈത്റയേറെ കോലാഹലത്തിന്‍റെ ആവശ്യമുണ്ടോ ? സ്ഥായിയായ വികസനമൊന്നും ഇതിലൂടെ കിട്ടുമെന്ന യാതൊരു വ്യാമോഹവും ഈ സംരംഭത്തിന്‍റെ പ്റണേതാക്കള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. കെട്ട കാലത്ത് പിടിച്ചു നില്‍ക്കാന്‍ ഒരു ശ്റമം. കുറച്ചെങ്കില്‍ കുറച്ച് തൊഴിലും കുറച്ച് വരുമാനവും. ടൂറിസം നടത്തുന്നതിന് കുറ്റം പറയാനും മറ്റ് കച്ചവടം അവരോട് പകരം നിര്‍ദ്ദേശിക്കനും നാമാരാണ്. ബിപിഒ കച്ചവടത്തിന്‍റെ ഫലം അനുഭവിക്കുന്ന ഐടി പ്റൊഫഷണലുകള്‍ കണ്ണൂര് വന്ന് ആ വ്യവസായ മെങ്കിലും തുടങ്ങിയിരുന്നെങ്കില്‍ ? ഐടി രംകത്തും സഹകരണ സംഘമുണ്ട്. അത് വിമര്ശകര്‍ കണ്ട് കാണില്ല.
ബൈജു, അനില്‍, സിമി, കലാവതി, വിവരവിചാരം, കടത്തുകാരന്‍, ഭൂമിപുത്രി, ആരുഷി, അനോണി വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
ഈ പോസ്റ്റിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് മുകളിലൊരു കമന്റില്‍ സൂചിപ്പിച്ചിരുന്നു. ബൈജുവും അനിലും സിമിയും ഒക്കെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പ്രസക്തവും പരിഗണന അര്‍ഹിക്കുന്നതും ആണ്. അതിനു വിവരവിചാരം, കലാവതി എന്നിവര്‍ നല്‍കിയ ദീര്‍ഘമായ മറുപടികളില്‍ എല്ലാ പോയിന്റുകളും കവര്‍ ചെയ്യുന്നുണ്ട്. പാര്‍ട്ടി സഹയാത്രികരുടെയും അതല്ലാത്തവരുടെയും വിമര്‍ശനങ്ങളെ രണ്ടു രീതിയില്‍ കാണണം എന്ന അനോണിയുടെ അഭിപ്രായത്തോടും പൊതുവില്‍ യോജിപ്പുണ്ട്.
സഹകരണപ്രസ്ഥാനങ്ങള്‍ ഏത് മേഖലയില്‍ വരുന്നതിനോടും, തൊഴിലാളികള്‍ക്ക് അതില്‍ പങ്കാളിത്തം ഉണ്ടാകുന്നതിലും വര്‍ക്കേഴ്‌ഫോറം യോജിക്കുന്നു. അതിനെതിരായ വിമര്‍ശനങ്ങളോട് യോജിപ്പില്ല. സഹകരണപ്രസ്ഥാനങ്ങള്‍ പുതിയതായി ആരംഭിക്കുമ്പോള്‍ ആവശ്യമായ ചിന്തയും മുന്നൊരുക്കങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും അവയില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ തങ്ങളുടെ ലക്ഷ്യം മറക്കരുതെന്നും തൊഴിലാളി വര്‍ഗ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കണം എന്നും വ്യക്തമായ നിലപാടുണ്ട്.
വിസ്മയത്തുമ്പത്തൂഞ്ഞാലാടിക്കൊണ്ടിരുന്ന ഇടത്പക്ഷ വിരുദ്ധതയെയും സഹകരണവിരുദ്ധതയെയും സര്‍വ്വോപരി തൊഴിലാളി വിരുദ്ധതയെയും പൂര്‍ണ്ണമായല്ലെങ്കിലും ഒരു പരിധിവരെ പ്രതിരോധിക്കുവാനും, ആശയവ്യക്തത വരുത്തുവാനും ഈ പോസ്റ്റിനു സാധിച്ചിട്ടുണ്ടെങ്കില്‍ ഇതിന്റെ ഉദ്ദേശം സഫലമായി.
പിണറായി വിജയന് - വിസ്മയയുടെ പുതിയ ബ്രാന്ഡ് അംബാസഡര്.
പിണറായിയുടെ ഉന്മേഷത്തിന്റെ രഹസ്യമെന്താണ് ?
ന്യൂട്റീവിറ്റ
ദിവസേന മൂന്നു നേരം വര്ഗസമരത്തില് ഏര്പ്പെടാന് എനിക്കു ശക്തി നല്കുന്ന ദ്രാവകം. ഇപ്പോള് സ്വാദിഷ്ടമായ മൂന്നു രുചികളില് ...
ന്യൂട്റീവിറ്റ
കണ്ണൂരിന്റെ പ്രീയപ്പെട്ട പാനീയം !
Post a Comment