ചെങ്ങറയിലും, മൂലമ്പള്ളിയിലും അതു പോലെ മറ്റിടങ്ങളിലും മണ്ണ് സംഘര്‍ഷഭൂമിയാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഭൂപ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ഈ അഭിമുഖം രണ്ട് ഭാഗങ്ങളായി വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്നു.
1
മൂലധനം മണ്ണില്‍ ഇടപെടുമ്പോള്‍ സംഘര്‍ഷം വിളയുന്നു.....

ആരാണ് മൂലധന ഉടമകള്‍...?
കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരുന്ന സംരംഭകരുടെ കൂട്ടത്തില്‍ ശരിയായ മാര്‍ഗത്തില്‍ മൂലധനം സ്വരുക്കൂട്ടിയവരും അത്ര ശരിയല്ലാത്ത മാര്‍ഗത്തില്‍ പണം സമ്പാദിച്ചവരുമുണ്ട്. പക്ഷേ, ഏത് കൂട്ടരാണെങ്കിലും മൂലധനനിക്ഷേപം നടത്താന്‍ പുതിയ പുതിയ അവസരങ്ങള്‍ ലഭിക്കുക എന്നതും ആദായനിരക്ക് ആകര്‍ഷകമായിരിക്കുക എന്നതും പ്രധാനമാണ്. ഇന്നത്തെ നിലയ്ക്ക് ക്യഷി അനുബന്ധമേഖലകളും പഴയ വ്യവസായത്തുറകളും ഒട്ടും ആകര്‍ഷകമല്ല. അതുകൊണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന മൂലധനത്തിന് ബദല്‍ നിക്ഷേപത്തുറകളും സാധ്യതകളും കണ്ടെത്തിയേ മതിയാവൂ. വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഭൂമി കച്ചവടം, സ്വര്‍ണവ്യാപാരം, വാട്ടര്‍ തീംപാര്‍ക്കുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍, ആയുര്‍വേദ മരുന്നു നിര്‍മ്മാണവും സുഖചികില്‍സകളും, അണ്‍ എയ്‌ഡഡ് സ്കൂളുകള്‍, സ്വാശ്രയ പ്രൊഫഷനല്‍കോളേജുകള്‍, ആട്, മാഞ്ചിയം, തേക്ക്, ഭാഗ്യക്കുറി തുടങ്ങിയവയെ ആധാരമാക്കിയുള്ള പൊതുജന നിക്ഷേപപരിപാടികള്‍ മുതല്‍ വ്യാജമദ്യം, കഞ്ചാവ് ക്യഷി, മയക്കുമരുന്ന്, ഹവാല, ചിട്ടി, ബ്ലേഡ്, കുഴല്‍പണം, നോട്ടിരട്ടിപ്പ്, കള്ളക്കടത്ത് തുടങ്ങി ഏറെ വൈവിധ്യമാര്‍ന്ന മേഖലകളാണ് അവരവരുടെ അഭിരുചിക്കും, പാരമ്പര്യത്തിനും മൂല്യബോധത്തിനും അനുസരിച്ച് പുതിയ മൂലധന ഉടമകള്‍ തെരഞ്ഞെടുക്കുന്നത്.
ക്രിമിനല്‍ മൂലധനം സാമൂഹ്യസംഘര്‍ഷമുണ്ടാക്കുന്നു...!

മനസ്സ് മുതല്‍ മണ്ണ് വരെ മൂലധനത്തിന് വിട്ടുകൊടുത്തവര്‍...

പൊതുഭൂമി കൈയേറുന്ന ഊഹമൂലധനം
കേരളത്തിലെ സമകാലീന ഭൂപ്രശ്നത്തിന്റെ ഏറ്റവും അപകടകരമായ ഒരു മുഖം പൊതുവിഭവ സ്രോതസ്സുകളുടെ കൈയേറ്റമാണ്. പൊതുവിഭവസ്രോതസ്സുകളുടെ കാര്യത്തില്‍ സര്‍ക്കാറിനുപോലും അപരിമിതമായ സ്വത്തവകാശമില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ പൊതുവിഭവസ്രോതസ്സുകളുടെ മേല്‍ പരിമിതികളില്ലാത്ത സ്വകാര്യസ്വത്തവകാശം സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടല്‍ത്തീരവും കായലും മറ്റും വളഞ്ഞുകെട്ടി സ്വകാര്യ സ്വത്താക്കുകയും പൊതുജനത്തിനും സര്‍ക്കാറിനുമുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമാവുകയാണ്. പൊതു വിഭവസ്രോതസ്സുകളുടെ അര്‍ഥശാസ്ത്രം വെളിവാക്കുന്ന ഒരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. 'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി' എന്നതാണത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി മുതലെടുത്ത് പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമിയും കടത്തീരവും കായല്‍പ്പരപ്പും പുതുമടിശീലക്കാര്‍ സ്വന്തമാക്കിയിരിക്കയാണ്. ഇതിനെതിരെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ധീരമായ നടപടി ഇനിയും ബഹുദൂരം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
സമൂഹത്തിനെതിരെ യുദ്ധം ചെയ്യുന്ന ക്രിമിനല്‍ മൂലധനം

2
ഭൂപരിഷ്കരണനിയമം ആരാണ് അട്ടിമറിക്കുന്നത്...?
അവര്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍....

അവര്‍ വന്‍കിട തോട്ടം ഉടമകള്‍
ഭൂപരിഷ്കരണനിയമം ലംഘിക്കപ്പെടുന്ന മറ്റൊരുരീതി തോട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. തേയില, കാപ്പി, ഏലം, റബര്‍ എന്നിങ്ങനെ നാലുതരം തോട്ടങ്ങളെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, തോട്ടമാണെന്ന ഒറ്റക്കാരണം പറഞ്ഞ് നേരത്തെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവുനേടിയ വന്‍കിട തോട്ടമുടമസ്ഥര്‍ ഇപ്പോള്‍ ഭൂമി തുണ്ടുതുണ്ടാക്കി വിറ്റുകൊണ്ടിരിക്കുകയാണ്. 76,000ത്തോളം ഏക്കര്‍ ഭൂമി കൈവശം വെച്ച ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് മുതല്‍ ചെറുകിട-ഇടത്തരം തോട്ടമുടമകള്‍ വരെ തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നുണ്ട്. ഒരേ പന്തിയിലെ രണ്ടുതരം വിളമ്പല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവും ! കേരളത്തിന്റെ മലനിരകളിലും ചരിവുകളിലുമായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പഴയ കാലത്ത് രാജാക്കന്മാര്‍ ഗ്രാന്റായും ലീസായും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. കേരളീയരുടെ ഈ പൊതുസ്വത്തില്‍നിന്ന് ഖജനാവിലേക്ക് ന്യായമായും കിട്ടേണ്ട കരവും പാട്ടവും മറ്റും കാലോചിതമായി കൂട്ടാനും ക്യത്യമായി പിരിക്കാനും കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.
അവര്‍ 'സേവനം' ചെയ്യുന്ന മൂലധന ഉടമകള്‍

അവര്‍ നവ ഉദാരവല്‍ക്കരണ രാഷ്ട്രീയക്കാര്‍....!
ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നവ ഉദാരീകരണവാദികള്‍ എന്നറിയപ്പെടുന്നവരുടെ ഗണത്തില്‍ തന്നെയാണ് കേരളത്തിലെ നവ വലതുപക്ഷത്തിന്റെയും സ്ഥാനം. അവര്‍ കമ്പോള മൌലികവാദികളാണ്. സ്വതന്ത്രകമ്പോളം സാമ്പത്തികപ്രവര്‍ത്തനങ്ങളെ ശരിയായ മാര്‍ഗത്തില്‍ നയിച്ചുകൊളളുമെന്നും അത് തെറ്റുകള്‍ക്ക് അതീതമാണെന്നും അവര്‍ വിശ്വസിക്കുന്നു. സമരങ്ങളുടെയും വിവാദങ്ങളുടെയും ഭരണകൂട ഇടപെടലുകളുടെയും ശല്യമില്ലാതെ മൂലധനത്തെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുന്ന നിക്ഷേപസൌഹൃദകേരളമാണ് അവരുടെ സ്വപ്നം!
മുന്‍ യു.ഡി.എഫ്, സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ജിമ്മിന്റെ (Global Investors' Meet) പശ്ചാത്തലത്തില്‍ ഏറെ വിശദമായി നിര്‍വചിക്കപ്പെട്ട ഒരു സമീപനമാണ് കേരളത്തിലെ നവ വലതുപക്ഷം ഇപ്പോള്‍ ഏതാണ്ട് എല്ലാ വികസനമേഖല സംബന്ധിച്ചും മുന്നോട്ടുവെക്കുന്നത്. മൂലധനേതരമായ എല്ലാ താല്‍പര്യങ്ങളെയും മൂലധനത്തിന്റെ വിശുദ്ധതാല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തണം എന്നതാണ് ഈ കാഴ്ചപ്പാടിന്റെ അന്ത:സത്ത. ഇല്ലെങ്കിലോ? മെച്ചപ്പെട്ട പരിഗണന ലഭിക്കുന്ന മറ്റു പ്രദേശങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ മൂലധനം 'പൊയ്ക്കളയും' എന്ന ഭീഷണിയുമുണ്ട്.
സ്വാഭാവികമായും മറ്റു വിപണികളുടെ കാര്യത്തില്‍ എന്നപോലെ ഭൂവിപണിയും മൂലധനത്തിന്റെ സ്വൈരവിഹാരത്തിനു വിട്ടുകൊടുക്കണം എന്നാണ് പുത്തന്‍ വലതുപക്ഷത്തിന്റെ നിലപാട്. ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടു എന്നവാദം ഉണ്ടാവുന്നത് ഈ പശ്ചാത്തലത്തിലാണ് . കേരളത്തിലെ പഴയ വലതുപക്ഷക്കാര്‍ ഒന്നടങ്കം നവ ഉദാരീകരണവാദികളായി പരിവര്‍ത്തിക്കപ്പെട്ടു എന്ന വിവക്ഷ ഇവിടെയില്ല. തീര്‍ച്ചയായും വലതുപക്ഷത്തിനുളളില്‍ തന്നെ വിപണിശക്തികളെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കണം എന്നുവാദിക്കുന്നവരുമുണ്ട്. വി.എം. സുധീരനെയും വയലാര്‍ രവിയെയും പോലെയുളള കോണ്‍ഗ്രസ് യു.ഡി.എഫ്. നേതാക്കന്മാര്‍ ഭൂപരിഷ്കരണ നിയമത്തെ പ്രതിരോധിക്കാന്‍ രംഗത്തുവന്നു എന്നത് സ്മരണീയമാണ്. നിയോ ലിബറലുകളും കമ്പോളത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കാത്തവരും തമ്മിലുളള സംഘര്‍ഷം വലതുപക്ഷത്തിനുളളിലും ഉണ്ടെന്നു സാരം.
3
കൃഷിയും കൃഷിക്കാരും പുറത്താക്കപ്പെടുമ്പോള്‍.....?
ഭൂമി വിവാദങ്ങളുണ്ടാക്കുന്നു... പക്ഷെ സൃഷ്ടിപരമല്ല
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും കേരളീയ സാമൂഹികജീവിതം അങ്ങേയറ്റം സംഘര്‍ഷഭരിതമായിരുന്നു. മാറ്റങ്ങള്‍ക്കു ശബ്ദമുയര്‍ത്തിയവരും അവയെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചവരും തമ്മിലുളള ഏറ്റുമുട്ടലിന്റെ അന്തരീക്ഷം ജീവിതത്തിന്റെ നാനാ തുറകളെയും ബാധിച്ചു. ജാതി- ജന്മി നാടുവാഴിത്തവ്യവസ്ഥയും വിദേശവാഴ്‌ചയും പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പാദനബന്ധങ്ങളും സാമൂഹ്യഘടനയും കേരളത്തിന്റെ പുരോഗതിയെ തടഞ്ഞു വീര്‍പ്പുമുട്ടിച്ചതാണ് അന്നത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനകാരണം. ജാതിയ്ക്കും ജന്മിത്വത്തിനും നാടുവാഴിത്വത്തിനും വിദേശാധിപത്യത്തിനും എതിരായി തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഗോകര്‍ണം വരെ അലയടിച്ചുയര്‍ന്ന സാമൂഹികമുന്നേറ്റങ്ങളാണ് ഈ ദുസ്ഥിതിക്ക് അറുതിവരുത്തിയതും ആധുനികകേരളത്തിന് ജന്മം നല്‍കിയതും.

ഭൂമി വീതിച്ചുനല്‍കി... പക്ഷെ കൃഷി നടന്നില്ല
ജാതി-ജന്മി നാടുവാഴിത്തവാഴ്ചയുടെ കാലത്ത് യഥാര്‍ഥ ഉല്‍പാദകര്‍ക്ക് ഭൂമിയുടെ മേല്‍ ഉടമസ്ഥാധികാരം ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പാദനം വളര്‍ത്താനും ഇതു തടസ്സമായി . ഏറെ പരിമിതികളോടുകൂടിയാണെങ്കിലും ഭൂപരിഷ്കരണം ഈ സ്ഥിതിക്ക് വലിയ ഒരളവുവരെ പരിഹാരമായി. എന്നാല്‍ ഇന്ന് വീണ്ടും യഥാര്‍ത്ഥ ഉല്‍പാദകര്‍ക്ക് ഭൂമി അന്യമാവുകയുമാണ്. ഭൂമിയുടെ ദൌര്‍ലഭ്യവും വിലക്കയറ്റവും ഉല്‍പാദനോപാധി എന്ന നിലയിലുളള അതിന്റെ ഉപയോഗം ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. കാര്‍ഷിക-അനുബന്ധമേഖലകളെയും വ്യവസായമേഖലയെയും ഇത് ഏറെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.
ഭൂമി ഊഹക്കച്ചവടക്കാരിലേക്ക്...
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2001 ലെ ജനസംഖ്യ കണക്കുപ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 324 ആള്‍ക്കാരായിരുന്നെങ്കില്‍ കേരളത്തിലത് 819 ആയിരുന്നു. ജനസംഖ്യാവര്‍ദ്ധനക്കൊപ്പം സാമ്പത്തികവളര്‍ച്ചയും, ഭൂമിയുടെ ഡിമാന്റും അതിന്‍മേലുളള സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആനുപാതികമായി ഭൂമിയുടെ ഉപയോഗവും ആവശ്യകതയും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ ആഭ്യന്തരഉല്‍പ്പാദനവുമായി ഒരു ബന്ധവുമില്ലാതെയും ഭൂമിയുടെ ഡിമാന്റ് വര്‍ദ്ധിക്കുന്നുണ്ട്.
ഗള്‍ഫ് മേഖലയടക്കം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അയക്കുന്ന ഭീമമായ സംഖ്യയാണ് ഇതിനു ഒരു കാരണം. വിദേശമലയാളികള്‍ അയക്കുന്ന പണം പ്രതിവര്‍ഷം ഏകദേശം 18000 കോടി വരുമെന്നാണ് മതിപ്പ് കണക്ക്. ഇത് കേരളത്തിന്റെ ആഭ്യന്തരഉല്‍പ്പാദനത്തിന്റെ 22 ശതമാനത്തോളം വരും. ഇതിന് പുറമെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധചാനലുകളിലൂടെ പ്രവഹിക്കുന്ന കളളപ്പണം. ഇതിന്റെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അപൂര്‍വ്വമായി നടക്കുന്ന റെയിഡുകളും മറ്റു സാഹചര്യത്തെളിവുകളും വിരല്‍ചൂണ്ടുന്നത് വലിയ അപകടത്തിലേക്കാണ്. ആഭ്യന്തര ഉല്‍പാദനവുമായി ഒരു ബന്ധവുമില്ലാതെ ഇത്രയധികം പുറംപണം ഒഴുകിയെത്തുന്നത് സമ്പദ്ഘടനയുടെയും ജനജീവിതത്തിന്റെയും താളം തെറ്റിക്കുകയുമാണ്.
ജനപ്പെരുപ്പവും ആഭ്യന്തരഉല്‍പ്പാദനത്തിലെ വളര്‍ച്ചയും വിദേശ പണത്തിന്റെവരവും ഭൂമിയുടെ ഡിമാന്റ് ക്രമാതീതമായി വര്‍ദ്ധിപ്പിയ്ക്കുന്നു. ഭൂലഭ്യതയാകട്ടെ വര്‍ദ്ധിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ വസ്തുവില കുതിച്ചുയരുന്നതില്‍ അത്ഭുതമില്ല. വസ്തുവില തുടര്‍ച്ചയായും സ്ഥായിയായും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഉല്‍പ്പാദനോപാധി എന്നതിലുപരി 'സമ്പാദ്യം സൂക്ഷിക്കാനുളള ആകര്‍ഷകമായ ആസ്തി' എന്ന പദവികൂടി നേടിക്കൊടുത്തിരിക്കുകയാണ്. സ്വര്‍ണം, ബാങ്ക് നിക്ഷേപം, ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയോട് കിടപിടിക്കുന്ന ആകര്‍ഷണീയത ആസ്തി എന്ന നിലയില്‍ ഭൂമിക്കുണ്ട്. സമ്പാദ്യം സൂക്ഷിക്കാന്‍ മാത്രമല്ല ഊഹക്കച്ചവടത്തിനും പറ്റിയ ആസ്തിയായി ഭൂമി മാറിയിട്ടുണ്ട്. മറ്റു ആസ്തികള്‍ വിറ്റ് ഭൂമി വാങ്ങിക്കൂട്ടി ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്ന ചെറുകിട, വന്‍കിട നിക്ഷേപകര്‍ ഇന്ന് ധാരാളമാണ്. ചുരുക്കത്തില്‍ കേരളത്തിലെ ഭൂവിപണി ഒരു വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. വസ്തുവിലക്കയറ്റം ഊഹക്കച്ചവടത്തിലേക്കും ഊഹക്കച്ചവടം വീണ്ടും വസ്തുവിലക്കയറ്റത്തിലേക്കും അത് കൂടുതല്‍ ഊഹക്കച്ചവടത്തിലേക്കും കേരളത്തെ നയിക്കുകയാണ്. കൈയും കണക്കുമില്ലാതെ പുറം പണവും കളളപ്പണവും ഒഴുകിയെത്തുന്നിടത്തോളം കാലം ഭൂവിപണിയെ ബാധിച്ച ഈ അര്‍ബുദ സമാന വളര്‍ച്ചാവൈകല്യം തുടരാനാണ് സാധ്യത.
കര്‍ഷകര്‍ കൂലിക്കാരാവുന്നു

ഉയര്‍ന്ന പാട്ടനിരക്ക് കേരളത്തിലെ പാട്ട കൃഷിക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. അടുത്തകാലത്ത് കേരളത്തില്‍ ആത്മഹത്യ ചെയ്ത കൃഷിക്കാരില്‍ നല്ലൊരു പങ്ക് ഇങ്ങനെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയവരാണ്. ഇതിന്റെ പ്രസക്തമായ തെളിവ് വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അതിശയിപ്പിക്കുന്ന എണ്ണമാണ്. ഈ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച യോഗങ്ങളില്‍ ഇത്തരം കൂലിപ്പണിക്ക് ആളെ കിട്ടില്ല എന്ന വാദമാണ് ആദ്യം ഏറെ ഉയര്‍ന്നുകേട്ടത്. പക്ഷേ, പാലക്കാട്ട് ഒന്നര ലക്ഷം പേരും വയനാട്ടില്‍ ഒരു ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തതും, അവര്‍ പണിക്ക് കൃത്യമായി ഹാജരാകുന്നതും കൃഷി അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മയെക്കുറിച്ചും ഗ്രാമീണദാരിദ്ര്യത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ കൃഷിയിടങ്ങളില്‍ കൂലിപ്പണിക്ക് പോകാന്‍ വിസമ്മതിക്കുന്ന കര്‍ഷക കുടുംബാംഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നതും എടുത്തു പറയേണ്ടതുണ്ട്.
ഗ്രാമീണ ഉടമസ്ഥത സംബന്ധിച്ച നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകള്‍ കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന വര്‍ഗധ്രുവീകരണത്തിന്റെ കൂടുതല്‍ വ്യക്തമായ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. 1992ലെ കണക്കുകള്‍ പ്രകാരം കൃഷിപ്പണി നടക്കുന്ന ഭൂമി (ഓപറേഷന്‍ ഹോള്‍ഡിംഗ്‌സ്) കൈവശമില്ലാത്ത കുടുംബങ്ങള്‍ മൊത്തം ഗ്രാമീണ കുടുംബങ്ങളുടെ 5.9 ശതമാനമായിരുന്നു. 2003 ലെ കണക്കെടുപ്പില്‍ ഇത് 38.6 ശതമാനമായി ഉയര്‍ന്നു. ഒരു ദശാബ്ദത്തിനിടക്ക് വന്ന ഈ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. 1992 ല്‍ ഗ്രാമീണ കുടുംബങ്ങളില്‍ 70.6 ശതമാനം 0.4 ഹെക്ടറില്‍ താഴെ ഭൂമിയില്‍ കൃഷി നടത്തുന്നവരായിരുന്നു. 2003 ലെ കണക്കില്‍ ഈ ചെറുകിട നാമമാത്ര കൃഷിക്കാരില്‍ ഒരു വലിയ വിഭാഗം കൃഷിഭൂമി നഷ്ടം വന്ന് ഭൂരഹിതരായി മാറിയിരിക്കുന്നു. ഇതിന്റെ മറുവശം എന്ന നിലക്ക് ചെറുകിട നാമമാത്ര കര്‍ഷകരില്‍ ഒരു വിഭാഗത്തിന് കൂടുതല്‍ ഭൂമി സമ്പാദിക്കാനും 0.4 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനും സാധിച്ചിരിക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കന്നുകാലി സമ്പത്തും നഷ്ടമാവുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
മറുവശത്ത് 0.4 ഹെക്ടറില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുന്ന ഗ്രാമീണ കുടുംബങ്ങളുടെ സാന്നിധ്യം 1992 ല്‍ 23.5 ശതമാനം ആയിരുന്നത് 2003ല്‍ 52.9 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു, അത്ഭുതപ്പെടുത്തുന്ന വേഗത്തിലുളള ഈ ധ്രുവീകരണം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കൃഷിഭൂമിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട് അതിദ്രുതം പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ ആരാണ്? അവരുടെ ജാതിയും മതവും കുലവും ഏതാണ്? ഈ കൃഷിക്കാരില്‍ സര്‍വജാതിമതസ്ഥരുളളതുകൊണ്ടാണോ അവരെ സംഘടിപ്പിക്കാന്‍ ആളെ കിട്ടാത്തതിനു കാരണം? എന്തായാലും തങ്ങള്‍ തങ്ങളാണ് എന്നു തിരിച്ചറിയാത്ത, അസ്തിത്വം ഉറയ്ക്കാത്ത ഗണമായി അവര്‍ അദൃശ്യരാവുകയാണ്. അവര്‍ ഗതികിട്ടാപ്രേതങ്ങളായി സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്നു. ജീവിതോപാധികളായ ഭൂമിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെടുന്ന ഗ്രാമീണ ജനതയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തേക്കാള്‍ ഇന്നത്തെ സാമൂഹികശാസ്ത്രജ്ഞര്‍ക്ക് പഥ്യം അതുമൂലം ഉല്‍പാദനത്തിന് എന്തു സംഭവിക്കും എന്ന പ്രശ്നമാണ്.
കൃഷിയെ ജീവിതോപാധിയായി കണ്ടവര്‍ക്കാണ് ഭൂമി നഷ്ടമായിരിക്കുന്നത്. ഭൂമി ഭാഗ്യം കൈവന്നിട്ടുളളതാകട്ടെ, പ്രധാനമായും അധികസമ്പാദ്യം സൂക്ഷിക്കുന്നതിനുളള ആസ്തിയായി ഭൂമിയെ കാണുന്നവര്‍ക്കാണ്. ഭൂവിതരണത്തില്‍ ഈ മാറ്റം സംഭവിച്ച അതേ കാലയളവില്‍ കേരളത്തിലെ കാര്‍ഷികോല്പാദനം വലിയ തിരിച്ചടി നേരിട്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയും അനുബന്ധ മേഖലകളും ഉള്‍പ്പെടുന്ന പ്രാഥമികമേഖലയുടെ ഓഹരി 32.5 ശതമാനമായിരുന്നു. 2005-06 ല്‍ പ്രാഥമികമേഖലയുടെ പങ്ക് 15.6 ശതമാനമായി കുറഞ്ഞു. കൃഷിയും കൃഷിക്കാരും വളരെ വേഗം പാര്‍ശ്വവത്കരിക്കപ്പെടുകയാണ് എന്നതിന് ഇതിലപ്പുറം തെളിവ് ആവശ്യമില്ല. 1990-91 ല്‍ 5.59 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കേവലം 2.8 ലക്ഷമായി കുറഞ്ഞിരിക്കുന്നു. നെല്ലിന്റെ ഉല്‍പാദനം 1991 ല്‍ 11 ലക്ഷത്തോളം ടണ്ണായിരുന്നെങ്കില്‍ ഇപ്പോള്‍ ഏകദേശം ആറു ലക്ഷമായി കുറഞ്ഞിരിക്കുന്നു ഇതേ കാലയളവില്‍ വിശേഷിച്ച് 2000 നുശേഷം കന്നുകാലികളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഇതിന്റെ ഫലമായി പാലിന്റെയും ഇറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ചുരുക്കത്തില്‍ ഭൂബന്ധങ്ങളിലെ വൈതരണി കൃഷി അനുബന്ധമേഖലകളെ ദീര്‍ഘകാല ഉല്‍പ്പാദനബന്ധങ്ങളുടെ പ്രത്യേകതകള്‍മൂലം ഉപയോഗരഹിതമാക്കി നാശോന്മുഖമാക്കുകയാണ് ! ഉല്‍പാദന ബന്ധങ്ങളുടെ കെട്ടഴിച്ചുവിട്ട് ഭൂമിയെ കൃഷിക്ക് ലഭ്യമാക്കുകയല്ലാതെ ഈ പ്രതിസന്ധിക്ക് പരിഹാരമില്ല.
പൊള്ളുന്ന ഭൂമിവില... കാര്‍ഷിക വ്യവസായത്തളര്‍ച്ചയുണ്ടാക്കുന്നു

കാര്‍ഷികേതരമേഖലകളിലെ സംരംഭങ്ങള്‍ക്കും ഭൂമി അവശ്യഘടകമാണ്. പല വ്യവസായങ്ങളും സ്ഥാപിക്കാന്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി വേണം. മിക്ക സേവനദാതാക്കള്‍ക്കും ജനങ്ങള്‍ക്കും ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന വിലക്കോ വാടകക്കോ ഓഫീസ് അഥവാ വില്‍പന സൌകര്യം ഏര്‍പ്പെടുത്തിയെടുക്കണം. പക്ഷേ സേവനമേഖലയിലെ തദ്ദേശീയരായ സംരംഭകള്‍ക്ക് ഉയര്‍ന്ന ഭൂവിലയും വാടകയും വലിയ തലവേദനയാകണമെന്നില്ല. കേരളത്തിന് പുറത്തുനിന്നുളള സേവനദാതാക്കള്‍ക്കും കേരളത്തില്‍ മത്സരിക്കണമെങ്കില്‍ ഉയര്‍ന്ന ഭൂവിലയും വാടകയും നല്‍കി ഇവിടെ സൌകര്യം ഒരുക്കേണ്ടതുണ്ട്. പുറത്ത് ഉല്‍പ്പാദിപ്പിച്ച് കേരളത്തിനകത്തേക്ക് കടത്തിക്കൊണ്ടുവരാന്‍ പറ്റിയ ചരക്കല്ല പല സേവനങ്ങളും എന്നതാണ് ഇതിന് കാരണം.
വ്യവസായത്തിന്റെ സ്ഥിതി അതല്ല. കേരളത്തിലെ വ്യവസായങ്ങള്‍ക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളോട് മത്സരിക്കേണ്ടതുണ്ട്. അതുകൊണ്ട് കേരളത്തിലെ വസ്തുവിലക്കയറ്റവും ഉയര്‍ന്ന വാടകയും വ്യവസായവത്കരണത്തിന് തടസ്സമാണ്. വസ്തുവിലയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറെ ഭൂമി ആവശ്യമായ വ്യവസായങ്ങള്‍ കേരളത്തിന് പറ്റിയതല്ല എന്ന് കണ്ണടച്ച് പറയാന്‍ കഴിയും. വ്യവസായം എവിടെ സ്ഥാപിക്കണം എന്നതിനെക്കുറിച്ചുളള പ്രാഥമിക പഠനങ്ങളുടെയും സാധ്യതാ റിപ്പോര്‍ട്ടുകളുടെയും ഘട്ടത്തില്‍ തന്നെ ഭൂവിലയുടെയും അമിതമായ ഭാരം കാരണം കേരളം പുറന്തളളപ്പെടും. സ്ഥിരമൂലധനനിക്ഷേപത്തില്‍ വസ്തു വാങ്ങാനുളള ചെലവിന്റെ അനുപാതം കേരളത്തില്‍ മറ്റു സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ഇത് പിന്നീട് പലിശച്ചെലവായും വായ്പ തിരിച്ചടവായും ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവായും കമ്പോളത്തില്‍ മത്സരിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന വിലയായും ഒക്കെ രൂപാന്തരപ്പെടും. ചുരുക്കത്തില്‍ ഭൂപ്രശ്നം കൃഷിക്ക് മാത്രമല്ല, വ്യവസായത്തിനും പ്രതിബന്ധം സൃഷ്ടിക്കുകയാണ്.
.....തുടരും......
ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ
*
അഭിമുഖം തയ്യാറാക്കിയത്: ശ്രീ അജയഘോഷ്
കടപ്പാട്: പി എ ജി ബുള്ളറ്റിന്‍ നമ്പര്‍ 66
1 comment:
നമ്മുടെ കേരളത്തില്‍ ഭൂമിയുടെ വില കുതിച്ചുയരുന്നത് ബ്ലേഡ് നിക്ഷേപ നിരക്കിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ്... കുന്നും മലയും, കുളവും കായലും, വയലും പുഴയുമൊക്കെ ഊഹമൂലധനത്തിന്റെ ലാഭസഞ്ചയത്തിലേക്ക് അതിവേഗം വരവുവെച്ചുകൊണ്ടിരിക്കുകയാണ്.. സാമൂഹ്യദുരന്തവും, സംഘര്‍ഷവും വിളയുന്ന മണ്ണായി കേരളം പരിവര്‍ത്തനപ്പെടുമ്പോള്‍ മൌനമായി ഇരിക്കുന്നതിന് നാം കടുത്ത വില നല്‍കേണ്ടിവരും... പ്രഗല്‍ഭ സാമ്പത്തികശാസ്ത്ര അധ്യാപകനും കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ കേരളം നേരിടുന്ന ഈ സാമൂഹിക സംഘര്‍ഷങ്ങളുടെ അകവും പുറവും, ആഴവും പരപ്പും അന്വേഷിക്കുകയാണ്....
ചെങ്ങറയിലും, മൂലമ്പള്ളിയിലും അതു പോലെ മറ്റിടങ്ങളിലും മണ്ണ് സംഘര്‍ഷഭൂമിയാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഭൂപ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ഈ അഭിമുഖം രണ്ട് ഭാഗങ്ങളായി വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്നു.
Post a Comment