രാത്രി. വെണ്ണിലാവ്. വെള്ളം ചേര്‍ക്കാത്ത പാലുപോലെ മേഘം. പൊതുവെ തരക്കേടില്ല. പക്ഷേ, കള്ളന് അത് ആസ്വദിക്കാനായില്ല. ഭൌതികസാഹചര്യം കളവിനല്ല, കവിതക്കാണ് അനുകൂലം. രണ്ടും സര്‍ഗസൃഷ്ടിയായതിനാല്‍ തര്‍ക്കത്തിനും ഇടയില്ല. ഉടമസ്ഥന്‍ അറിയാതെ മോഷ്ടിക്കുന്നതാണ് രണ്ടും.
പക്ഷേ, ഇന്ന് കട്ടേ പറ്റൂ.
നാളെ 500 രൂപയുടെ അടിയന്തര ആവശ്യമുണ്ട്. ചിട്ടിക്ക് പണമടയ്ക്കണം.
പൂനിലാവില്‍ മോഷണത്തിന് സാഹസികതയുണ്ട്. അതും പറഞ്ഞിരുന്നാല്‍ ജാമ്യക്കാരന് നോട്ടീസുപോകാനും സാധ്യതയുണ്ട്. വിശ്വസ്തതയാണ് വലുത്. മാന്യതക്കാണ് മറ്റെന്തിനേക്കാള്‍ മാന്യത. മാനം രക്ഷിച്ചേപറ്റൂ. അതുകൊണ്ട് കളവുതന്നെ മാര്‍ഗം.
കള്ളന്‍ പുറത്തിറങ്ങി - നിശ്ചയദാര്‍ഢ്യത്തോടെ; സ്വന്തം ജോലിയോടുള്ള ആത്മാര്‍ഥതയോടെ.
തൊട്ടടുത്ത് ഒരു റിട്ടയേര്‍ഡ് മിലിട്ടറിയുണ്ട്. ആപത്തുവരുമ്പോള്‍ അല്ലെങ്കിലും അയല്‍ക്കാരാണ് ഉണ്ടാവുക. റിട്ട. മിലിട്ടറി സമ്പന്നനാണ്. സംതൃപ്തനാണ്. തികഞ്ഞ ദേശീയവാദിയാണ്. ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതനാണ്, ശേഷം പൂരി മറ്റുള്ളവര്‍ക്കു നല്‍കുന്ന ഉദാരമതിയാണ്.
മേജറായിരുന്നു എന്നാണ് അവകാശവാദം. സത്യം ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരു ഗവേഷകനും ആവഴി തിരിഞ്ഞിട്ടുമില്ല. എന്തുപറഞ്ഞാലും 'ഫോര്‍ട്ടിഎയ്റ്റില്‍ ഞാന്‍' എന്നായിരിക്കും തുടക്കം.
ഉദാഹരണങ്ങള്‍.
റിട്ട. മിലിട്ടറി രോഗബാധിതനായി ഡോക്ടറെ കാണാന്‍ ചെല്ലുന്നു.
ഡോക്ടര്‍: പറയൂ എന്താണ് വിശേഷം?
റിട്ട. മിലിട്ടറി: ഫാര്‍ട്ടിഎയ്റ്റില്‍ ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍ ഒരു വാര്‍ ഉണ്ടായിരുന്നു. ഞാനന്ന് വാര്‍ഫ്രണ്ടിലാണ്. പെട്ടെന്നെനിക്കൊരു പനിയും...
ഡോകടര്‍: തോക്കുണ്ടായിരുന്നോ...?
റിട്ട. മിലിട്ടറി: യെസ്. ഡബിള്‍ബാരല്‍ ഗണ്‍.
ഡോക്ടര്‍: ഇപ്പോഴുമുണ്ടോ?
റിട്ടയേര്‍ഡ് മിലിട്ടറി: യെസ്... ഐ കീപ് വണ്‍.
ഡോക്ടര്‍: എന്നാല്‍ ഇവിടെ വെക്ക് വെടി.
ഡോക്ടര്‍ വിരിമാറ് കാണിക്കുന്നു.
ഉദാഹരണം - രണ്ട്.
റിട്ട. മിലിട്ടറി ഒരു കടയില്‍ ചെല്ലുന്നു. അരിവാങ്ങലാണ് ലക്ഷ്യം. അരി നോക്കി സംഭാഷണം ആരംഭിക്കുന്നു.
"ഫോര്‍ട്ടിഎയ്റ്റില്‍ ഞാന്‍ ആസാമിലായിരുന്നപ്പോള്‍ ഭയങ്കര സ്റ്റാര്‍വേഷന്‍. പട്ടിണി. പട്ടിണി എന്നു പറഞ്ഞാല്‍ ഇന്നത്തെപ്പോലെ മൂന്നുനേരം ഭക്ഷണം കഴിച്ചുള്ള പട്ടിണിയല്ല. കൊടും പട്ടിണി. പീപ്പിള്‍ വേര്‍ ഡൈയിങ് ഇന്‍ ദ സ്ട്രീറ്റ്സ്. ഞാന്‍ ഉടനെ ക്വിക് ആക്ഷന്‍...''
കച്ചവടക്കാരന്‍ കടക്ക് ഷട്ടറിട്ട് ബോര്‍ഡ് വയ്ക്കുന്നു. "ഇന്ന് അവധി.''
ഉദാഹരണങ്ങള്‍ അവസാനിച്ചു.
പച്ചപ്പരമാര്‍ഥത്തിലേക്ക് തിരിച്ചുവരാം.
റിട്ട. മിലിട്ടറിയുടെ വീടാണ് കള്ളന്റെ ലക്ഷ്യം. കള്ളന്‍ സ്ഥലത്തെത്തി. പൊതുവെ ഒന്ന് വീക്ഷിച്ചു. സമയം രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തം. ജീവനുള്ളതൊക്കെ മയങ്ങുന്ന സമയം.
പക്ഷേ റിട്ട. മിലിട്ടറിയുടെ വീട്ടില്‍ വിളക്കണഞ്ഞിട്ടില്ല.
ഒരു പാറ്റ പറന്നുവന്ന് കഞ്ഞിയില്‍ വീഴുന്നതായി കള്ളന്‍ സങ്കല്‍പ്പിച്ചു.
"ഇന്നെന്താണിന്നെന്താണുറക്കമില്ലേ'' എന്ന് ഉറക്കെപ്പാടണമെന്ന് കള്ളനു തോന്നി. തോന്നല്‍ നിഷ്കരുണം തള്ളി. സംഗീതമപി സാഹിത്യം സരസ്വതീ സ്തനദ്വയം എന്നാണ്. അത് കള്ളന്റെ ഏരിയയല്ല.
വിളക്കണയുന്നതും കാത്ത് ഒളിച്ചിരുന്നു. വള്ളിക്കുടിലിന്നുള്ളിലിരിക്കും കള്ളപ്പുള്ളീ വാടാ എന്ന് റിട്ട. മിലിട്ടറിയുടെ വീടിനുള്ളില്‍നിന്ന് ആരോ പാടുന്നതായി കള്ളനു തോന്നി.
തോന്നല്‍ വെറുതെ.
വിളക്ക് മിഴിച്ചുനോക്കി.
കള്ളന്‍ കാമുകനായി.
'കള്ളീ, കണ്ണുപൊത്തു' എന്നു പറഞ്ഞുനോക്കി. ഇല്ല വിളക്കണയുന്നില്ല.
ഇക്കണക്കിനു പോയാല്‍ നേരം വെളുക്കും. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്.
കള്ളന്‍ ഒന്നുകൂടി വലത്തുവെച്ചു.
പട്ടി കുരച്ചു. കാര്യം പറഞ്ഞപ്പോള്‍ അതിനു മനസ്സിലായി. അടങ്ങി. കൂട്ടില്‍പോയി കിടന്നു; മദ്യനിരോധന സമിതിക്കാരന്‍ നിരാഹാരം കിടക്കുന്നപോലെ.
കള്ളന് മനസ്സിലായി.
അകത്ത് ടി വി പ്രവര്‍ത്തിക്കുകയാണ്.
കള്ളന്‍ ഉഗ്രപ്രതിജ്ഞയെടുത്തു.
"കട്ടിട്ടുതന്നെ കാര്യം.''
ഒരു മിനിറ്റ് പ്രാര്‍ഥിച്ചു.
പിന്നെ പിന്‍വശത്തേക്ക് നടന്നു. അരങ്ങില്‍ വേഷംകെട്ടലാണ്, അണിയറയിലാണ് ജീവിതം.
അടുക്കള ജനലിന്റെ കമ്പി വളച്ച് അകത്തു കടന്നു.
അടുക്കള സമ്പന്നമാണ്.
നല്ല കറിയുടെ മണം.
ഭക്ഷണം വിളമ്പിവെച്ചിട്ടുണ്ട്. കള്ളന് ഒരു കാര്യം മനസ്സിലായി. ഭക്ഷണംപോലും ഉപേക്ഷിച്ചാണ് ടി വിക്കുമുന്നില്‍. തന്റെ റിസ്ക് കുറഞ്ഞു.
കണ്ണെടുത്ത് കള്ളന്‍ ഭക്ഷണത്തിനുമീതെ ഒന്നോടിച്ചു.
വിഭവസമൃദ്ധം.
വേണമെങ്കില്‍ കഴിക്കാം. ക്ഷീണം മാറും. അങ്ങനെ ഒരു ജീവല്‍സാഹിത്യമായി മാറാന്‍ കള്ളന്‍ ആഗ്രഹിച്ചില്ല.
കള്ളന്‍ വിശപ്പുകൊണ്ട് ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നു. ക്ഷീണംകൊണ്ട് ഉറങ്ങിപ്പോകുന്നു. അങ്ങനെ കടുത്ത ദാരിദ്ര്യം ഒരു കള്ളനെ സൃഷ്ടിക്കുന്നു എന്ന സാരോപദേശത്തോടെ കഥ അവസാനിക്കുന്നു.
കള്ളന് ആരുടെയും സഹതാപം വേണ്ട. അന്തസ്സോടെ തൊഴില്‍ചെയ്ത് ജീവിക്കുന്നവനാണ് അവന്‍. അവന്റെ തൊഴില്‍ മ്ലേച്ഛമല്ല. പകല്‍ തല ഉയര്‍ത്തിത്തന്നെ നടക്കാം. പിടിക്കപ്പെടുന്നതുവരെ ആരും കള്ളന്മാരല്ല!
അതുകൊണ്ട് ഭക്ഷണത്തെ നിഷ്കരുണം തള്ളിമാറ്റി കള്ളന്‍ വിഷയത്തിലേക്കു കടന്നു. അലമാര വിദഗ്ധമായി തുറന്നു. ഒരു കമ്പിക്കഷണം മതി ഇതിനൊക്കെ. എന്നിട്ടും മനുഷ്യന്‍ വെറുതെ താഴും താക്കോലുമൊക്കെയായി നടക്കുകയാണ്.
അതിരു കടന്ന സുരക്ഷിതത്വബോധം തന്നെയാണ് മനുഷ്യന്റെ ശത്രു.
അലമാര തുറന്നു.
രണ്ടായിരം രൂപയുണ്ട്.
കള്ളന്‍ ഒരു നിമിഷം ശങ്കിച്ചു.
500 രൂപ മതിയോ? 2000 മുഴുവനും എടുക്കണോ?
500 രൂപ എടുത്താല്‍ മതി. പക്ഷേ, അത് തൊഴിലോടുചെയ്യുന്ന നീതികേടായിരിക്കും. 500 രൂപ മാത്രമെടുത്താല്‍ കളവു നടന്നതായി റിട്ട. മിലിട്ടറി ധരിക്കില്ല. അത് എന്തോ കാര്യത്തിനെടുത്തുവെന്നോ, അതല്ലെങ്കില്‍ 1500 രൂപ മാത്രമേ ഇവിടെ വെച്ചിരുന്നുള്ളു എന്നോ റിട്ട. മിലിട്ടറി ചിന്തിക്കും. അഞ്ഞൂറു രൂപ എവിടെപ്പോയി എന്ന് വെറുതെ ആലോചിക്കും. ഭാര്യയും മക്കളെയും സംശയിക്കും. തന്റെ തന്നെ ഓര്‍മയെ സംശയിക്കും.
റിട്ട. മിലിട്ടറി അങ്ങനെ ഒരു സംശയരോഗിയായി മാറും. അതുവേണ്ട കളവു നടന്നു എന്ന് തന്നെ അറിയണം. അതാണ് അന്തസ്സ്. അതാണ് വ്യക്തിത്വം. നീ തോറ്റു എന്ന് കരുതുമ്പോഴേ ഞാന്‍ ജയിക്കൂ. അതുകൊണ്ട് രണ്ടായിരം രൂപയും കള്ളന്‍ എടുക്കാന്‍ തീരുമാനിച്ചു.
വന്ന വഴിയില്‍കൂടി തന്നെ വീണ്ടും ക്രിയ ചെയ്തു. മടക്കയാത്രയിലും ഭക്ഷണം യഥാസ്ഥാനത്ത് ഇരിപ്പുണ്ട്.
എന്നിട്ടും കള്ളന്‍ വഴങ്ങിയില്ല.
ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു.
തിരിച്ചുവരുമ്പോഴും പട്ടി കൂട്ടില്‍ത്തന്നെയുണ്ട്. കണ്ണുതുറന്ന് കള്ളനെ നോക്കി ചിരിച്ചു. ചെവിയാട്ടി.
എല്ലാം മംഗളമായി നടന്നില്ലേ എന്ന് ചോദിച്ചു.
കള്ളന്‍ ബൈ ബൈ പറഞ്ഞു.
പട്ടി വാലാട്ടി.
തിരിച്ചുപോരുമ്പോഴും വിളക്കണഞ്ഞിട്ടില്ല.
കള്ളന്‍ സ്വയം ചോദിച്ചു.
'എന്താണത്?'
അറിയാന്‍ ഒരു കൌതുകം. വെറുതെ ഒരു അക്കാദമിക് താല്‍പ്പര്യം. ഇനി എന്നാണ് വൈസ് ചാന്‍സലറാകുന്നതെന്നൊന്നും പറയാനാവില്ല. ആര്‍ക്കും എന്തും സംഭവിക്കാം.
അല്ലെങ്കിലും അടുത്ത വീട്ടില്‍ അസമയത്തും വിളക്കുകണ്ടാല്‍ അന്വേഷിക്കേണ്ടതല്ലേ നല്ല അയല്‍ക്കാരുടെ കടമ. കള്ളന്‍ നല്ല അയല്‍ക്കാരനാകാന്‍ ഒരുങ്ങി. അല്ലെങ്കിലും കളവുകഴിഞ്ഞാല്‍ എല്ലാവരും തങ്കപ്പെട്ട മനുഷ്യരാണ്.
കള്ളന്‍ കോളിങ് ബെല്ലടിച്ചു. വാതില്‍ മലര്‍ക്കെത്തുറന്നു.
റിട്ട. മിലിട്ടറി.
അയല്‍ക്കാരന്റെ വരവില്‍ റിട്ട. മിലിട്ടറി സന്തോഷം പ്രകടിപ്പിച്ചു. ഹസ്തം ദാനംചെയ്ത് തിരിച്ചെടുത്തശേഷം കള്ളന്‍ പറഞ്ഞു.
"ഈ സമയത്തും ലൈറ്റണക്കാത്തതുകൊണ്ട് വന്നതാ. കാലം അത്ര നല്ലതല്ല...'
"യെസ്.. യെസ്... ഇങ്ങനെയാണ് വേണ്ടത്. ഫോര്‍ട്ടിഎയ്റ്റില്‍ ഞാന്‍ അമൃത്സറിലായിരുന്നപ്പോള്‍ ഒരു സോഷ്യല്‍ മാനായിരുന്നു. നൈയ്‌ബേഴ്സിന്റെ എല്ലാ കാര്യത്തിലും ഞാന്‍ ഉണ്ടാകുമായിരുന്നു. അവര്‍ക്കും എന്നോട് വലിയ റെസ്പെക്ട് ആയിരുന്നു.''
"എന്താ... പാതിരാത്രി കഴിഞ്ഞിട്ടും...''
"യൂ നോ... ഒളിമ്പിക്സ് ഈസ് ഗോയിങ് ഓണ്‍...''
കള്ളന്‍ പൊടുന്നനെ ഒരു കായികപ്രേമിയായി. ടിവിക്കു മുന്നില്‍ കുത്തിയിരുന്നു.
റിട്ട. മിലിട്ടറി അഭിമാനത്തോടെ പറഞ്ഞു.
"ഇന്ത്യക്ക് ഒരു ഗോള്‍ഡ് മെഡല്‍ കിട്ടി. ഇറ്റ് ഈസ് ഗ്രേറ്റ്... അതും ഷൂട്ടിങ്ങില്‍... യൂനോ. ഐ ആം ആന്‍ എക്സ് മേജര്‍. എനിക്കറിയാം വാട്ടീസ് ഷൂട്ടിങ്. ഫോര്‍ട്ടിഎയ്റ്റില്‍ ഞാന്‍ പഞ്ചാബ് റെജിമെന്റിലായിരുന്നു. പഞ്ചാബ് റെജിമെന്റായിരുന്നു വാര്‍ഫ്രണ്ടില്‍. ഞാന്‍ അതിന്റേയും ഫ്രണ്ടില്‍. എനിമി വെരി നിയര്‍. തൊട്ടടുത്ത്. കാഞ്ചിയില്‍ വിരല്‍വെച്ച് നില്‍ക്കുകയാണ് അവര്‍. അവര്‍ വിരലനക്കുംമുമ്പെ തോക്കെടുത്ത് ഞാന്‍ കാച്ചി. എണ്ണിനോക്കിയപ്പോള്‍ പന്ത്രണ്ട് ഡെഡ്‌ബോഡീസ്.. ദാറ്റ്സ് ഷൂട്ടിങ്... അതിന് ഉന്നം വേണം... മനക്കട്ടിവേണം... അന്ന് എന്നോട് പലരും പറഞ്ഞു. യു ഷുഡ് റെപ്രസെന്റ് ഇന്ത്യ ഇന്‍ ദ ഒളിമ്പിക്സ്... ആഫ്റ്റര്‍ സോമെനി ഇയേഴ്സ് എനിക്ക് കിട്ടുമായിരുന്നത് മറ്റൊരു പയ്യന് കിട്ടിയല്ലോ... ഗുഡ്... ബീ... ഇന്ത്യന്‍... ഫീല്‍ പ്രൌഡ്...''
റിട്ട. മിലിട്ടറി അഭിമാനപുരസരം നീട്ടിയ ചുരുട്ട് കത്തിച്ച് വലിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ കള്ളന്‍ മനസ്സില്‍ ഉറക്കെപ്പറഞ്ഞു.
"ഭാരത് മാതാ കീ....''
*****
എം എം പൌലോസ്
Subscribe to:
Post Comments (Atom)
3 comments:
റിട്ട. മിലിട്ടറി രോഗബാധിതനായി ഡോക്ടറെ കാണാന്‍ ചെല്ലുന്നു.
ഡോക്ടര്‍: പറയൂ എന്താണ് വിശേഷം?
റിട്ട. മിലിട്ടറി: ഫാര്‍ട്ടിഎയ്റ്റില്‍ ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍ ഒരു വാര്‍ ഉണ്ടായിരുന്നു. ഞാനന്ന് വാര്‍ഫ്രണ്ടിലാണ്. പെട്ടെന്നെനിക്കൊരു പനിയും...
ഡോകടര്‍: തോക്കുണ്ടായിരുന്നോ...?
റിട്ട. മിലിട്ടറി: യെസ്. ഡബിള്‍ബാരല്‍ ഗണ്‍.
ഡോക്ടര്‍: ഇപ്പോഴുമുണ്ടോ?
റിട്ടയേര്‍ഡ് മിലിട്ടറി: യെസ്... ഐ കീപ് വണ്‍.
ഡോക്ടര്‍: എന്നാല്‍ ഇവിടെ വെക്ക് വെടി.
ഡോക്ടര്‍ വിരിമാറ് കാണിക്കുന്നു.
എം എം പൌലോസിന്റെ നര്‍മ്മ ഭാവന
kollaam adipoli
ശ്രീ എം എം പൌലോസിന്റെ നര്‍മ്മം അനുപമം.
Post a Comment