ഗുരോ..
ശിഷ്യാ..
ഒരു സംശയം ഗുരോ..
ചോദിക്കൂ..ശിഷ്യാ..
ഒരു പണ്ഡിതന്‍ ഉണ്ടാവുന്നത് എങ്ങനെയാണ് ഗുരോ..?
പണ്ഡിതന്മാര്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ്, ശിഷ്യാ..
ഉണ്ടാക്കപ്പെടുന്നത് എങ്ങനെയാണ് ഗുരോ?
പറയാം ശിഷ്യാ..അതിനു മുമ്പ് ചോദിക്കട്ടെ..ഇങ്ങനെയൊരു സംശയം തോന്നാന്‍ എന്താണ് കാരണം ശിഷ്യാ..?
വെറുതെ. സംശയമല്ലേ വളര്‍ച്ചക്ക് ഹേതു. വളര്‍ച്ച മുരടിച്ചോ എന്ന് ഈയിടെ ഒരു തോന്നല്‍. അതുകൊണ്ട് ഇതൊരു വൈജ്ഞാനിക ജിജ്ഞാസയായി കരുതിയാല്‍ മതി ഗുരോ..
നന്ന് ശിഷ്യാ..ശിഷ്യന്റെ ഭാവിയില്‍ ഒട്ടും ഉല്‍കണ്ഠ ഇല്ല. സംശയത്തില്‍ സംശയമില്ലാത്തതിനാല്‍ സംശയാതീതമായിരിക്കും ഭാവി. പണ്ഡിതന്‍ ഉണ്ടാക്കപ്പെടുന്നത്എങ്ങനെയെന്ന് പറഞ്ഞുതരാം. പണ്ഡിതന്മാര്‍ ഉഴുന്നു വട പോലെയാണ്.
പണ്ഡിതന്മാര്‍ ഉഴുന്നു വട പോലെയോ..? മനസ്സിലാവുന്നില്ല ഗുരോ..
പറയാം ശിഷ്യാ. ഉഴുന്നു വടയും ഉണ്ടാവുന്നതല്ല; ഉണ്ടാക്കപ്പെടുന്നതാണ്. ഉഴുന്നാട്ടി അതില്‍ ആവശ്യത്തിന് പച്ചമുളകും കുരുമുളകും ഇഞ്ചിയുമൊക്കെ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്തു കോരുമ്പോള്‍ നല്ല ഉഴുന്നുവട കിട്ടുന്നു. അതുപോലെ തന്നെയാണ് പണ്ഡിതന്മാരും. ആവശ്യത്തിന് വറുത്തെടുക്കാന്‍ പരുവത്തില്‍ അവരെ എപ്പോഴും കുഴച്ചുവെച്ചിരിക്കും. രോഷത്തില്‍ തിളച്ചുമറിഞ്ഞ് ഒന്നാന്തരം ഉഴുന്നുവട ഉണ്ടാവും.
അതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സാമ്യം കൂടിയുണ്ട് ശിഷ്യാ..രണ്ടിന്റെയും അകം പൊള്ളയാണ്, എന്നാല്‍ ചുറ്റും നല്ല കഴമ്പും. കടിച്ചു തിന്നുമ്പോള്‍ ആരും അറിയില്ല അകം പൊള്ളയാണെന്ന്.അതാണ് സാമ്യം. മനസ്സിലായില്ല എന്നുണ്ടോ ശിഷ്യാ..?
മനസ്സിലായില്ല ഗൂരോ..
പറയാം.ശിഷ്യാ അത്തിമരത്തിന്റെ കായ കൊണ്ടുവരു.
കൊണ്ടുവന്നു ഗുരോ..
എന്ത് കാണുന്നു ശിഷ്യാ..?
അത്തിമരത്തിന്റെ കായ കാണുന്നു ഗുരോ.
അതു പൊട്ടിക്കു ശിഷ്യാ..
പൊട്ടിച്ചൂ ഗുരോ..
എന്ത് കാണുന്നു ശിഷ്യാ..
കഴമ്പു കാണുന്നു ഗുരോ..
അതു പൊട്ടിക്കൂ ശിഷ്യാ..
പൊട്ടിച്ചൂ ഗുരോ..
എന്ത് കാണുന്നു ശിഷ്യാ..
കുരു കാണുന്നു ഗുരോ..
അത് പൊട്ടിക്കൂ ശിഷ്യാ..
പൊട്ടിച്ചൂ ഗുരോ..
എന്ത് കാണുന്നു ശിഷ്യാ..
ഒന്നും കാണുന്നില്ല ഗുരോ..
അതാണ് പാണ്ഡിത്യം. നഗ്നനേത്രങ്ങള്‍ക്ക് അതു കാണാനാവില്ല. എന്നാല്‍ ഫലം കാണാം. കുരു കാണാം.
ഉള്ളി പൊളിക്കുന്ന പോലെ എന്നു പറയാമോ ഗുരോ..?
പറയരുത് ശിഷ്യാ..
എന്തുകൊണ്ട് ഗുരോ..?
അത്തരം ഉദാഹരണങ്ങള്‍ കാലഹരണപ്പെട്ടു ശിഷ്യാ. അതൊക്കെ ക്ലീഷേയാണെന്ന് പറഞ്ഞ് മാഷുമ്മാര്‍ നീഷേയാകും ശിഷ്യാ..
എനിക്ക് പണ്ഡിതനാകണം ഗുരോ..?
ശരിക്കും ആലോചിച്ചോ ശിഷ്യാ..?
ആലോചിച്ചു ഗുരോ..
എന്തിനാണ് പണ്ഡിതനാകുന്നത് ശിഷ്യാ..?
കൊതിയാവുന്നു ഗുരോ..
എന്തിനാണ് കൊതി ശിഷ്യാ..?
ഓരോന്നു കാണുമ്പോഴാണ് ഗുരോ..
കാണുന്നതൊന്നും കാഴ്ചയല്ലെന്നും കേള്‍ക്കുന്നതൊന്നും കേള്‍വിയല്ലെന്നും അറിയില്ലയോ ശിഷ്യാ..?
അറിയാം ഗുരോ..
ഇന്ദ്രിയങ്ങളെ അടക്കൂ ശിഷ്യാ..
അടക്കീ ഗുരോ..
കൊതികള്‍ നീങ്ങിയോ ശിഷ്യാ..
നീങ്ങിയില്ല ഗുരോ..
എന്താണ് ശിഷ്യാ..?
ഭാര്യ സമ്മതിക്കുന്നില്ല ഗുരോ..
എന്തിനാണ് സമ്മര്‍ദം ശിഷ്യാ..
അവള്‍ ഓരോരുത്തരെയായി ചൂണ്ടിക്കാണിക്കുന്നു. അവര്‍ ഉയര്‍ന്നുപോയെന്ന് അവള്‍ പറയുന്നു. വിവരമില്ലാത്തവരില്‍ ഞാന്‍ മാത്രമാണ് അധഃപ്പതിച്ചു പോയതെന്ന് അവള്‍ ആണയിടുന്നു ഗുരോ..
അതുകൊണ്ട് എന്താണ് ശിഷ്യാ..?
ഞങ്ങളുടെ ദാമ്പത്യത്തോണി ഉലയുന്നു ഗുരോ..
എന്ത് വേണം ശിഷ്യാ..?
എനിക്കും പണ്ഡിതനാവണം ഗുരോ..വാഷിങ് മെഷീനും ഫ്രിഡ്‌ജും പഴകി.ഇതുവരെ ഒരു കാറ് പോലുമില്ല. കാര്‍ഷെഡില്‍ പട്ടി പെറ്റുകിടക്കുകയാണ് ഗുരോ..
അധ്വാനിക്കണം ശിഷ്യാ..
അറിയില്ല ഗുരോ..
ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലേ ശിഷ്യാ..?
ഇല്ല ഗുരോ..
അപ്പോള്‍ എന്തുവേണം ശിഷ്യാ..?
എനിക്കു പണ്ഡിതനാവണം ഗുരോ..
ഒരു ചെണ്ട കൊണ്ടുവരൂ ശിഷ്യാ..
കൊണ്ടുവന്നു ഗുരോ..
കോല്‍ കൊണ്ടുവരൂ ശിഷ്യാ..
കൊണ്ടുവന്നു ഗുരോ..
കൊട്ടൂ ശിഷ്യാ..
കൊട്ടീ ഗുരോ..
എന്തുകേള്‍ക്കുന്നു ശിഷ്യാ..?
ശബ്ദം കേള്‍ക്കുന്നു ഗുരോ.
ചെണ്ടയുടെ തോല്‍ അഴിക്കൂ ശിഷ്യാ..
അഴിച്ചൂ ഗുരോ..
എന്തുകാണുന്നു ശിഷ്യാ..?
ഒന്നും കാണുന്നില്ലാ ഗുരോ..
അപ്പോള്‍ ശബ്ദം കേട്ടതോ ശിഷ്യാ..?
പുറത്തുനിന്ന് ഗുരോ..
മനസ്സിലായില്ലേ ശിഷ്യാ..?
മനസ്സിലായില്ലാ ഗുരോ..
അകത്ത് ഒന്നും വേണ്ടാ പക്ഷേ പുറത്ത് ശബ്ദം വേണം. മനസ്സിലായോ ശിഷ്യാ..?
മനസ്സിലായി ഗുരോ..
കുറച്ചു മയിലെണ്ണ കൊണ്ടുവരൂ ശിഷ്യാ..
എനിക്കു മര്‍മാണി വൈദ്യനാവണ്ടാ ഗുരോ..
മര്‍മമറിയുന്നവനാണ് പണ്ഡിതന്‍.മയിലെണ്ണ കൊണ്ടു വരൂ ശിഷ്യാ..
കൊണ്ടുവന്നൂ ഗുരോ..
അത് കൈക്കുഴയില്‍ പുരട്ടൂ ശിഷ്യാ..
പുരട്ടീ ഗുരോ..
തടവൂ ശിഷ്യാ..
തടവീ ഗുരോ..
എന്ത് തോന്നുന്നു ശിഷ്യാ..?
സുഖം തോന്നുന്നു ഗുരോ..
കൈ വളയ്ക്കൂ ശിഷ്യാ..
വളച്ചൂ ഗുരോ..
എന്തു തോന്നുന്നൂ ശിഷ്യാ..
എങ്ങോട്ടേക്കും വളയ്ക്കാമെന്നു തോന്നുന്നൂ ഗുരോ..
പാണ്ഡിത്യത്തിന്റെ രണ്ടാം പാഠവും ഇതോടെ പഠിച്ചൂ
ശിഷ്യാ..
എല്ല് ഒരു ശല്യമാണോ ഗുരോ..?
എല്ല് വില്ലായാല്‍ ശല്യമില്ല ശിഷ്യാ..
എല്ലില്ലാത്തവനായാലോ ഗുരോ..?
പല്ലുമുറിയെ തിന്നാം ശിഷ്യാ..
എല്ലൂരണമോ ഗുരോ..?
ഊരിയാല്‍ ഉയര്‍ന്നു പോകാം ശിഷ്യാ
പണ്ഡിതനാകാന്‍ മയിലെണ്ണ മാത്രം മതിയോ ഗുരോ..?
ആസവങ്ങളും കഷായങ്ങളും വേണ്ടാ. വ്യായാമമാണ്
പ്രധാനം ശിഷ്യാ..
വേറെ എന്തെങ്കിലും വേണോ ഗുരോ..?
തോക്കില്‍ കയറി ഷൂട്ട് ചെയ്യേണ്ട. മറ്റൊന്നുകൂടി വേണം
ശിഷ്യാ..
പറയൂ ഗുരോ..
അഭിനയം എന്നു കേട്ടിട്ടുണ്ടോ ശിഷ്യാ..?
കേട്ടിട്ടുണ്ട് ഗുരോ..
അറിയാമോ ശിഷ്യാ..
അറിയില്ലാ ഗുരോ..
പഠിക്കണം ശിഷ്യാ..
എങ്ങനെ ഗുരോ..?
അതിന് കളരികള്‍ ഉണ്ട് ശിഷ്യാ..
എന്താണ് പഠിക്കേണ്ടത് ഗുരോ..?
നവരസങ്ങള്‍ എന്നു കേട്ടിട്ടുണ്ടോ ശിഷ്യാ..?
കേട്ടിട്ടുണ്ട്. മുഴുവനും പഠിക്കണോ ഗുരോ..?
വേണ്ട. അതില്‍ രണ്ടെണ്ണം മതി ശിഷ്യാ.
ഏതൊക്കെയാണ് ഗുരോ..?
ബീഭല്‍സം, പുഛം ശിഷ്യാ..
ബാക്കിയോ ഗുരോ..?
ജീവിക്കാന്‍ അതുമതി ശിഷ്യാ..
പെട്ടെന്ന് പഠിക്കാന്‍ കഴിയുമോ ഗുരോ..?
രണ്ടു ദിവസം മതി ശിഷ്യാ..
എങ്ങനെ പഠിക്കും ഗുരോ..?
അതിനു ഗുരുമുഖങ്ങളുണ്ട് ശിഷ്യാ..
എവിടെയാണ് ഗുരോ..?
അന്വേഷിക്കു, കണ്ടെത്തും ശിഷ്യാ..
കണ്ടെത്താം ഗുരോ..
ബീഭല്‍സവും പുഛവും മാറിപ്പോവരുത് ശിഷ്യാ..
മാറാതെ നോക്കാം ഗുരോ..
ഇനി ഒരു നായക്കുട്ടിയെ കൊണ്ടുവരൂ ശിഷ്യാ..
ഏതിനമാണ് ഗുരോ..
ഇനം ഏതായാലും ജന്തു നായയായാല്‍ മതി ശിഷ്യാ..
കൊണ്ടുവന്നു ഗുരോ..
അതിനെ കൊണ്ടുപോയി പുറത്ത് കെട്ടിയിടൂ ശിഷ്യാ..
കെട്ടിയിട്ടു ഗുരോ..
ഇപ്പോള്‍ എന്ത് കേള്‍ക്കുന്നു ശിഷ്യാ..?
കുര കേള്‍ക്കുന്നു ഗുരോ..
നായ എവിടെ ശിഷ്യാ..
കാണുന്നില്ല ഗുരോ..
നായ മിഥ്യ, കുര സത്യം. മനസ്സിലായോ ശിഷ്യാ..?
മനസ്സിലായി ഗുരോ.
നായക്കുട്ടിയെ ഇതാര് പഠിപ്പിച്ചു ശിഷ്യാ..?
സ്വയം പഠിച്ചു ഗുരോ.
പഠിച്ചാല്‍ പോര, പാടണം ശിഷ്യാ..
ശിഷ്യന്‍ ഉത്തരം പറഞ്ഞില്ല.
അയാള്‍ ഗുരുവിനെ വണങ്ങി.
എല്ലാം പറഞ്ഞുകൊടുത്ത ഗുരു വാളയാര്‍ ചുരം കടന്നു വടക്കോട്ടും എല്ലാം പഠിച്ച ശിഷ്യന്‍ വാളയാര്‍ ചുരം കടന്ന് തെക്കോട്ടും പോയി.
ഗുരു സര്‍വജ്ഞ പീഠവും ശിഷ്യന്‍ സര്‍വ പീഠവും കയറി.
*****
എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
6 comments:
ഗുരോ..
ശിഷ്യാ..
ഒരു സംശയം ഗുരോ..
ചോദിക്കൂ..ശിഷ്യാ..
ഒരു പണ്ഡിതന്‍ ഉണ്ടാവുന്നത് എങ്ങനെയാണ് ഗുരോ..?
പണ്ഡിതന്മാര്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ്, ശിഷ്യാ..
ഉണ്ടാക്കപ്പെടുന്നത് എങ്ങനെയാണ് ഗുരോ?
ശിഷ്യാ.. പണ്ഡിതന്മാര്‍ ഉഴുന്നു വട പോലെയാണ്.
പണ്ഡിതന്മാര്‍ ഉഴുന്നു വട പോലെയോ..? മനസ്സിലാവുന്നില്ല ഗുരോ..
പറയാം ശിഷ്യാ. ഉഴുന്നു വടയും ഉണ്ടാവുന്നതല്ല; ഉണ്ടാക്കപ്പെടുന്നതാണ്. ഉഴുന്നാട്ടി അതില്‍ ആവശ്യത്തിന് പച്ചമുളകും കുരുമുളകും ഇഞ്ചിയുമൊക്കെ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്തു കോരുമ്പോള്‍ നല്ല ഉഴുന്നുവട കിട്ടുന്നു. അതുപോലെ തന്നെയാണ് പണ്ഡിതന്മാരും. ആവശ്യത്തിന് വറുത്തെടുക്കാന്‍ പരുവത്തില്‍ അവരെ എപ്പോഴും കുഴച്ചുവെച്ചിരിക്കും. രോഷത്തില്‍ തിളച്ചുമറിഞ്ഞ് ഒന്നാന്തരം ഉഴുന്നുവട ഉണ്ടാവും.
അതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സാമ്യം കൂടിയുണ്ട് ശിഷ്യാ..രണ്ടിന്റെയും അകം പൊള്ളയാണ്, എന്നാല്‍ ചുറ്റും നല്ല കഴമ്പും. കടിച്ചു തിന്നുമ്പോള്‍ ആരും അറിയില്ല അകം പൊള്ളയാണെന്ന്.അതാണ് സാമ്യം. മനസ്സിലായില്ല എന്നുണ്ടോ ശിഷ്യാ..?
ഇഷ്ടപ്പെട്ടു ഗുരോ :-)
ഗുരുവേ നമ:
എവിടെയാണു ചിരിക്കേണ്ടതെന്നു മനസ്സിലായില്ലപണ്ഠിതനാകാന്‍ എളുപ്പവഴി ഐ വീ ദാസിനെപോലെ എം എ ബേബിയെ പുകഴ്തി ഒരു ലേഖനം എഴുതുക അതു ദേശാഭിമാനിയിലോ മാത്റ്‍ഭൂമിയിലൊ പ്റസിധീകരിക്കുക അടുത്ത അക്കാഡമി പുന സംഘടനയില്‍ സ്ഥനം നേടുക ബാക്കി എം മുകുന്ദന്‍ പറഞ്ഞു തരും.
"എവിടെയാണു ചിരിക്കേണ്ടതെന്നു മനസ്സിലായില്ല..............."
കഷ്ടം! ഊളംപാറയിലെ അന്തേവാസികള്‍ സാധാരണ ഇങ്ങനെയാണ്, എവിടെ ചിരിക്കണം എവിടെ ചിരിക്കരുത് എന്നറിയില്ല. അതവരുടെ കുറ്റവുമല്ല. പാവം, അരൂഷി ഒക്കെ ശരിയാവും എന്നാശ്വസിക്കാം.
ബീഭല്‍സം, പുഛം ശിഷ്യാ..
ബാക്കിയോ ഗുരോ..?
ജീവിക്കാന്‍ അതുമതി ശിഷ്യാ..
നമിച്ചു ഗുരോ!
Post a Comment