Saturday, September 6, 2008

ഇരുമ്പയിര്‍ കയറ്റുമതി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊള്ള

നമ്മുടെ രാജ്യത്ത് നിന്നുമുള്ള ഇരുമ്പയിര് കയറ്റുമതി നിരോധിക്കണമെന്ന് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിഐടിയു ആവശ്യപ്പെട്ടുവരികയാണ്. ദേശീയ താല്‍പ്പര്യം മാത്രം മുന്നില്‍ കണ്ടാണ് ഇപ്രകാരം ഒരു ആവശ്യമുയര്‍ത്തി വരുന്നത് ; ഇപ്പോള്‍ നിലവിലുള്ളതും ഭാവിയില്‍ ഭാരതത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതുമായ ഉരുക്കുനിര്‍മാണ ശാലകളുടെ ഉത്തമ താല്‍പ്പര്യം പരിഗണിച്ചാല്‍ ഇത്തരമൊരാവശ്യം ഉയര്‍ത്താതിരിക്കാനാവില്ല. എന്നു മാത്രമല്ല , ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഹ്രസ്വകാലവും ദീര്‍ഘകാലവുമായ താല്‍പ്പര്യം കണക്കിലെടുത്താലും ഇത് വളരെ ഏറെ ആവശ്യമാണ്. സി.ഐ.ടി.യു.വിന്റെ ഈ ആവശ്യം സര്‍ക്കാര്‍ നാളിതുവരെ ചെവിക്കൊണ്ടിട്ടില്ല.

അന്താരാഷ്ട്ര വിപണിയില്‍ ഇരുമ്പയിര് ഇന്ന് സ്വര്‍ണത്തെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ്. ഓരോ വര്‍ഷവും ഇരുമ്പയിര് കയറ്റുമതിയിലൂടെ ചില ആളുകള്‍ ടണ്‍കണക്കിന് പണമാണ് വാരിക്കൂട്ടുന്നത് ; അതേസമയം രാജ്യത്തിന് നമ്മുടെ അമൂല്യമായ പ്രകൃതിസമ്പത്ത് നഷ്ടപ്പെടുകയുമാണ്. കയറ്റുമതിക്കാര്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും പൂര്‍ണമായി വിലയ്ക്കെടുത്തിരിക്കുകയാണ്; അവരുടെ പിന്തുണയോടെയാണ് ഈ കൊള്ള നിര്‍ബാധം തുടരുന്നത്.

ഇരുമ്പയിരിന്റെ യഥാര്‍ത്ഥ പ്രശ്നം വിശദീകരിക്കാനോ മനസിലാക്കാനോ വളരെയേറെ പ്രയാസമാണ്. ഝാര്‍ഖണ്ഡ്, ഒറീസ, ഛത്തീസ്‌ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വാസയോഗ്യമല്ലാത്ത, കുന്നും മേടും നിറഞ്ഞ വനങ്ങളിലാണ് ഇരുമ്പയിര് നിക്ഷേപം അധികവുമുള്ളത്. ഇതിന്റെ ഉപയോഗത്തെക്കുറിച്ചും രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ ഇത് വഹിക്കുന്ന പങ്കിനെക്കുറിച്ചും സാധാരണ ജനങ്ങള്‍ക്ക് അധികമൊന്നും അറിയില്ല. അടുത്ത കാലത്ത് ഉരുക്കുവില വാണംപോലെ കുതിച്ചുയരുകയും അതിന്റെ കാരണമെന്താണെന്ന് ആളുകള്‍ അന്വേഷിക്കുകയും ചെയ്തപ്പോഴാണ്, ഇരുമ്പയിരാണ് ഉരുക്കുവില കുത്തനെ കുതിച്ചുയരാന്‍ മുഖ്യ കാരണമായതെന്ന് വെളിച്ചത്തായത്. 1998-99-ല്‍ ആഗോള കമ്പോളത്തില്‍ ടണ്ണൊന്നിന് 200 രൂപയ്ക്ക് വിറ്റിരുന്ന ഇരുമ്പയിരിന് ഇപ്പോള്‍ 6000 രൂപയില്‍ അധികമാണ് ഈടാക്കുന്നതെന്ന കാര്യം വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത്തരത്തിലുള്ള ഒരു കുതിച്ചുകയറ്റത്തെക്കുറിച്ച് അക്കാലത്ത് ചിന്തിക്കാനാകുമായിരുന്നില്ല; അത് അവിശ്വസനീയവുമാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യം സിഐടിയു മുന്‍കൂട്ടി കണ്ടിരുന്നു; അതുകൊണ്ടാണ് 2001-02 മുതല്‍ ഇരുമ്പയിര് കയറ്റുമതി നിരോധിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടത്. നമ്മുടെ എംപിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം അന്നുമുതല്‍ ഇന്നുവരെ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ, നമ്മുടെ പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വതന്ത്ര വ്യാപാരത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ശക്തരായ വക്താക്കളാണ്. അവര്‍ സിഐടിയുവിന്റെ ആവശ്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ഇരുമ്പയിരിന്റെ കയറ്റുമതി നിരോധിച്ചിരുന്നെങ്കില്‍, ആഭ്യന്തര വിപണിയില്‍ ഉരുക്കിന്റെ വില ടണ്ണൊന്നിന് പതിനായിരം രൂപയില്‍ അധികമാകുമായിരുന്നില്ല. ഒരു ടണ്‍ ഇരുമ്പയിരിന്റെ ഉല്പാദന ചിലവ് ഇപ്പോള്‍ കഷ്ടിച്ച് മുന്നൂറു രൂപയേ ആകുന്നുള്ളു. പക്ഷെ, ഇന്നിപ്പോള്‍ കയറ്റുമതിവില ടണ്ണിന് 6000 രൂപയാണ്. ഖനി ഉടമകള്‍ക്ക് ലഭിക്കുന്ന ലാഭനിരക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളു. കര്‍ണാടകത്തില്‍ അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ അവിടത്തെ ഭരണകക്ഷിയെ വിജയിപ്പിക്കാന്‍ ഖനി ഉടമകളായ ഒരു കുടുംബം മാത്രം ആയിരക്കണക്കിന് കോടിരൂപ ചെലവഴിച്ചതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉരുക്കിന്റെ ഉയര്‍ന്ന വിലനിലവാരം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. ആഗോളവിപണിയുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ളവയുമാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇരകളായതിനാലാണ് ഉരുക്കിന്റെ ഉപഭോക്താക്കള്‍ ഈ ദുരിതം അനുഭവിക്കേണ്ടതായി വരുന്നത്.

ഉരുക്ക് - എല്ലാ വ്യവസായങ്ങളുടെയും മാതാവ്

ഇരുമ്പയിര് കയറ്റുമതി നിരോധിക്കണമെന്ന ഞങ്ങളുടെ ആവശ്യത്തിന് പിന്നില്‍ ഇതിലും ഏറെ അടിസ്ഥാനപരമായ പ്രശ്നങ്ങളുണ്ട്. ആദ്യമായി, മുന്തിയ പരിഗണന നല്‍കേണ്ടത് നമ്മുടെ രാജ്യത്ത് തന്നെ ഉരുക്ക് ഉല്പാദിപ്പിക്കുന്നതിനായിരിക്കണം; അയിര് കയറ്റുമതി ചെയ്യുകയല്ല പണി പൂര്‍ത്തിയാക്കിയ ഉല്‍പ്പന്നമായിരിക്കണം കയറ്റുമതി ചെയ്യേണ്ടത്. എല്ലാവിധത്തിലും രാജ്യത്തിന് പരമാവധി നേട്ടമുണ്ടാകുന്നത് ഉരുക്കു വ്യവസായത്തില്‍ നിന്നാണ്. ഇന്ത്യയില്‍ ജംഷഡ്‌പൂര്‍, ഭിലായ്, ദുര്‍ഗാപൂര്‍, ബൊക്കാറൊ, വിശാഖപട്ടണം, റൂര്‍ക്കെല, സേലം എന്നിങ്ങനെയുള്ള അതിസുന്ദരവും ആസൂത്രിതവുമായ നഗരങ്ങള്‍ പ്രദാനം ചെയ്തത് ഉരുക്ക് വ്യവസായമാണ്. സാങ്കേതികവിദ്യയുടെ സമസ്തശാഖകളെയും ഉപയോഗിക്കുകയും പ്രത്യക്ഷമായും പരോക്ഷമായും ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വന്‍കിട പ്രവര്‍ത്തനമാണ് ഇതെന്നതിനാല്‍ രാഷ്ട്രത്തിന്റെ സമ്പദ്ഘടനയും അഭിവൃദ്ധിപ്പെടുന്നു. ഇന്ത്യയെ ബൌദ്ധികമായ വന്‍ശക്തിയായി മാറ്റാന്‍ കഴിയുന്ന സമര്‍ത്ഥരായ യുവതീയുവാക്കളുടെ കളിത്തൊട്ടിലാണ് ഉരുക്കുനഗരങ്ങള്‍. വരുമാനം ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനം ആണെന്ന രീതിയിലും ഉരുക്കുവ്യവസായത്തോട് കിടപിടിക്കുന്ന മറ്റൊരു വ്യവസായവും ഇല്ലതന്നെ.

രണ്ടാമതായി, ആട്ടോമൊബൈല്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയ അനുബന്ധ വ്യവസായങ്ങളെയും ഉരുക്കുവ്യവസായം ആകര്‍ഷിക്കുന്നു. ഇരുമ്പയിര് കയറ്റുമതി നിരോധിക്കപ്പെടുകയാണെങ്കില്‍, ആഭ്യന്തര വിപണിയില്‍ അയിരിന്റെ വില താഴുകയും ഉരുക്കുവില കുറയുകയും എഞ്ചിനീയറിംഗ് വ്യവസായം കൂടുതല്‍ ആകര്‍ഷകമാവുകയും തന്മൂലം ഒട്ടനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിന്റെ തുടര്‍പ്രത്യാഘാതങ്ങള്‍ അസംഖ്യമാണ്. സര്‍ക്കാരിന് വമ്പിച്ച തോതില്‍ വരുമാനം നേടാനാകും; അതേസമയം പശ്ചാത്തല വികസനച്ചെലവുകള്‍ കുറയുകയും ചെയ്യും. രണ്ടുതരത്തിലും ഇത് സര്‍ക്കാരിന് അനുകൂലമാണ്. അസംസ്കൃത പദാര്‍ത്ഥങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയുന്നതും മൂല്യവര്‍ധനയെ പ്രോത്സാഹിപ്പിക്കുന്നതുമായ നയപരമായ തീരുമാനം എടുപ്പിക്കുന്നതിനാണ് സിഐടിയു പരിശ്രമിച്ചത്; പക്ഷെ അതാകെ പാഴാവുകയായിരുന്നു.

പരിമിതമായ ധാതു നിക്ഷേപങ്ങളാണ് മുഖ്യ പ്രശ്നം

ഏറ്റവും ഉന്നതമായ ഗുണനിലവാരമുള്ള ഇരുമ്പയിരാണ് ഇന്ത്യയില്‍ ഉള്ളതെങ്കിലും, ഇരുമ്പയിരിന്റെ നിക്ഷേപം പരിമിതമാണ് . കയറ്റുമതിലോബി ആകട്ടെ ഗുണനിലവാരമുള്ളതും ഉപയോഗിക്കാവുന്നതുമായ ഇരുമ്പയിര് നിക്ഷേപങ്ങളെ സംബന്ധിച്ച് തികച്ചും വളച്ചൊടിക്കപ്പെട്ട കണക്കാണ് നല്‍കുന്നത്. വിഷയം അല്‍പ്പം സാങ്കേതിക സ്വഭാവമുള്ളതാണ്; എങ്കിലും പരാമര്‍ശിക്കാതെ വയ്യ.

ഇന്ത്യയില്‍ രണ്ട് വിധത്തിലുള്ള അയിരുകളാണുള്ളത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഗോവയിലും ആന്ധ്രാപ്രദേശിലെ ചില ഭാഗങ്ങളിലും ലഭിക്കുന്ന മാഗ്നറ്റൈറ്റ് (Magnetite (Fe304)) ഗുണനിലവാരം കുറഞ്ഞതാണ്; അത് ഇന്ത്യയില്‍ ഉപയോഗിക്കാറില്ല. ഇതിന്റെ നിക്ഷേപം 1100 കോടി ടണ്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ പ്ലാന്റുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഹെമറ്റൈറ്റ് Haematite (Fe2O3) ആണ്. ലോകത്തില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും ഗുണനിലവാരമുള്ളതാണ് അത്. ജാര്‍ഖണ്ഡിലും ഒറീസയിലും ഛത്തീസ്‌ഗഢിലും ആന്ധ്രാപ്രദേശിലും അത് ലഭിക്കുന്നു. ഈ അയിരാണ് കൊറിയയിലേക്കും ചൈനയിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും വന്‍തോതില്‍ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നത്. 1200 കോടി ടണ്‍ ഹെമറ്റൈറ്റ് നിക്ഷേപമാണ് ഉള്ളത്. അതാകട്ടെ 30 വര്‍ഷത്തേക്ക് മാത്രമേ ഇനി ഉണ്ടാകൂ. അതുകഴിഞ്ഞാല്‍ ഇന്ത്യ ബ്രസീലില്‍നിന്നോ ആസ്ട്രേലിയയില്‍ നിന്നോ ഇരുമ്പയിര് ഇറക്കുമതി ചെയ്യേണ്ടതായി വരും.

നാം ഇരുമ്പയിര് സുരക്ഷ ഉറപ്പാക്കുകയാണെങ്കില്‍ നമ്മുടെ ആഭ്യന്തര ഉരുക്കുവ്യവസായം വന്‍ വളര്‍ച്ചയിലേക്ക് കുതിച്ചുയരാന്‍ സാധ്യതയുള്ളപ്പോള്‍ ഇത്തരത്തില്‍ അയിര് ദൌര്‍ലഭ്യം സൃഷ്ടിക്കാന്‍ നാം അനുവദിക്കേണ്ടതുണ്ടോ? ഉരുക്ക് നിര്‍മാണശാലകള്‍ നിര്‍മിച്ചിട്ടുള്ളത് മുപ്പത് വര്‍ഷത്തേക്കല്ല. ടാറ്റാ സ്റ്റീല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു; 2009 ജനുവരിയാകുമ്പോള്‍ സെയില്‍ (SAIL) പ്ലാന്റുകള്‍ക്ക് 50 വര്‍ഷം പൂര്‍ത്തിയാകും. ലക്കും ലഗാനുമില്ലാത്ത ഈ ഇരുമ്പയിര് കയറ്റുമതി ഇനിയും ഇതേപോലെ തുടര്‍ന്നാല്‍, ഇപ്പോഴുള്ളതും ഇനി ഉണ്ടാകേണ്ടതുമായ നമ്മുടെ സ്റ്റീല്‍ പ്ലാന്റുകള്‍ക്ക് (ഉരുക്കുനിര്‍മാണ ശാലകള്‍) ആവശ്യമായ അയിര് ലഭിക്കാത്ത അവസ്ഥയുണ്ടാകും എന്ന് മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല.

ധാതു നിക്ഷേപങ്ങള്‍: സത്യമെന്തെന്ന് നാം വെളിപ്പെടുത്തണം

1200 കോടി ഹെമറ്റൈറ്റ് നിക്ഷേപം ഉണ്ടെന്ന് പറഞ്ഞാല്‍, പ്രത്യക്ഷത്തില്‍ അതൊരു വലിയ സംഖ്യയായി തോന്നാവുന്നതാണ്. പക്ഷെ, താരതമ്യപഠനം സത്യമെന്തെന്ന് വെളിപ്പെടുത്തും. പ്രധാനപ്പെട്ട ഇരുമ്പയിര് ഉല്‍പ്പാദകരാജ്യങ്ങളുടെ പ്രതിശീര്‍ഷ നിക്ഷേപം ഇത്തരത്തിലാണ് - ആസ്ട്രേലിയ (ആളോഹരി 2000 ടണ്‍), ഉക്രെയിന്‍ (ആളോഹരി 1400 ടണ്‍), ബ്രസീല്‍ (330 ടണ്‍), റഷ്യ (380 ടണ്‍), അമേരിക്ക (50 ടണ്‍-കയറ്റുമതി നിരോധിച്ചിട്ടുണ്ട്), ചൈന (35 ടണ്‍ - കയറ്റുമതി നിരോധിച്ചിട്ടുണ്ട്), ഇന്ത്യ (21 ടണ്‍, വന്‍തോതില്‍ കയറ്റുമതി തുടരുന്നു).

ഈ വിവരങ്ങള്‍ ലഭിച്ചത് ഞങ്ങള്‍ സ്വകാര്യമായി കണ്ടെത്തിയ കണക്കുകളില്‍ നിന്നല്ല. ഖനിമന്ത്രാലയത്തിന്റെയും ഉരുക്ക് മന്ത്രാലയത്തിന്റെയും പ്രസിദ്ധീകരണങ്ങളില്‍ നിന്നുമാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. ഈ യാഥാര്‍ത്ഥ്യത്തിന്റെ മുന്നില്‍നിന്ന്, വിവേകമതികളായ ഏതെങ്കിലും രാജ്യസ്നേഹിക്ക് ഇരുമ്പയിര് ഇങ്ങനെ ബുദ്ധിശൂന്യമായ വിധം കയറ്റുമതി ചെയ്യുന്നത് അനുവദിക്കാനാകുമോ? കഴിഞ്ഞ വര്‍ഷം ആഭ്യന്തരമായി ഇന്ത്യ വിനിയോഗിച്ചത് 6.5 കോടി ഇരുമ്പയിര് മാത്രമായിരിക്കെ, പത്ത് കോടി ടണ്ണിലധികം കയറ്റുമതി ചെയ്തുവെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ചൈനീസ് ഉരുക്കുവ്യവസായം പ്രചണ്ഡമായ വിധം തഴച്ചുവളരുകയാണ്. അതിന് നിര്‍ണായകമായ നിക്ഷേപം (ഇന്‍പുട്ട്) നല്‍കുന്നത് ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പയിരാണ്. ഇപ്പോള്‍ ചൈന 48.5 കോടി ടണ്‍ ഉരുക്കുണ്ടാക്കുമ്പോള്‍ ഇന്ത്യയാകട്ടെ അതിന്റെ കേവലം 10 ശതമാനമായ 5 കോടി ടണ്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ഔചിത്യപൂര്‍ണവും കാര്യപ്രാപ്തി ഉള്ളതുമായ ഒരു നയം നടപ്പാക്കുകയാണെങ്കില്‍ 2030 ആകുമ്പോള്‍ ഉരുക്കുല്‍പ്പാദനത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമായി ഉയരാന്‍ ഇന്ത്യക്ക് കഴിയും.

അതിഭീമമായ അനാപേക്ഷിത (huge windfall profit) ലാഭത്തിന്റെ വിഹിതത്തില്‍ മുങ്ങിക്കിടക്കുന്ന നമ്മുടെ സര്‍ക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അവരുടെ ദേശാഭിമാനം ഇരുചെവിയറിയാതെ വിറ്റു കാശാക്കുകയാണ്. ഭീതിദമായ അവസ്ഥയാണ് അഭിമുഖീകരിക്കുന്നത്; പക്ഷെ സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുക തന്നെയാണ്. ഇത് ഏറെ ദേശീയപ്രാധാന്യമുള്ള ഒരു പ്രശ്നമാണ്. എന്നിട്ടും മന്ത്രിമാര്‍ പതിവ് മറുപടിയില്‍ ഒതുങ്ങിനില്‍ക്കുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെ അവഗണിക്കുന്നു; കയറ്റുമതിക്കാരും ഉദ്യോഗസ്ഥരും കൊള്ളലാഭമടിക്കുന്നു. അതേസമയം ഇതൊരു പ്രശ്നമേ അല്ലെന്ന മട്ടില്‍ മാധ്യമങ്ങള്‍ മൌനം പാലിക്കുന്നു. അങ്ങനെ, നമ്മുടെ രാജ്യത്തിലെ വീണ്ടെടുക്കാനാവാത്ത അമൂല്യമായ പ്രകൃതിസമ്പത്ത് വന്‍തോതില്‍ കൊള്ളയടിക്കപ്പെടുന്നത് നിര്‍ബാധം, അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

തൊഴിലാളികളുടെ അവസ്ഥ

ഈ കൊള്ള തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ടണ്‍കണക്കിന് പണം അല്‍പ്പവും ബാക്കിവയ്ക്കാതെ ചാക്കിലാക്കപ്പെടുമ്പോള്‍, തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായി തുടരുന്നു. തൊഴിലാളികള്‍ ഏറെയും ഗിരിവര്‍ഗക്കാരും ദളിതരുമാണ്. അവര്‍ പ്രതിദിനം 60-70 രൂപയ്ക്കാണ് പണിയെടുക്കുന്നത്. യാതൊരു ജീവിതസൌകര്യങ്ങളും അവര്‍ക്ക് ലഭിക്കുന്നില്ല. പണിസ്ഥലത്തോ പാര്‍പ്പിടത്തിലോ കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അവരുടെ ദുരിതങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തവയാണ്. അവരുടെ സ്ത്രീകള്‍ കോണ്‍ട്രാക്ടര്‍മാരുടെയും ട്രാന്‍സ്പോര്‍ട്ടര്‍മാരുടെയും കാമാന്ധതയുടെ ഇരകളാണ്. അവര്‍ മനുഷ്യോചിതമല്ലാത്ത ദുരിതജീവിതമാണ് നയിക്കുന്നത്. മഴയത്തും വെയിലത്തും വൃത്തിഹീനമായ ഖനികളില്‍ പണിയെടുക്കുന്ന അവരെ മനുഷ്യജീവികളായി പോലും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഒരുകാര്യം ഈ കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പാക്കുന്നു - തൊഴിലാളികള്‍ക്ക് സമൃദ്ധമായി നാടന്‍ ചാരായം എത്തിക്കുന്ന കാര്യം. തല്‍ഫലമായി തങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന തുച്ഛമായ വേതനം തിരിയെ ഈ കോണ്‍ട്രാക്ടര്‍മാരുടെ കയ്യില്‍തന്നെ എത്തിച്ചേരുന്നു.

ഇന്ത്യയുടെ 10 ശതമാനം വളര്‍ച്ച ക്കും മന്‍മോഹന്‍സിങ്ങിനും ചിദംബരത്തിനും അലുവാലിയക്കും കൂട്ടര്‍ക്കും ആഗോളവല്‍ക്കരണത്തിന്റെ പെരുമ്പറ മുഴക്കുന്നതിനും തൊഴിലാളികള്‍ അവരുടെ ചോരയും വിയര്‍പ്പും കണ്ണീരുമാണ് ഒഴുക്കുന്നത്. ഇതിനെതിരെ പൊതുജനാഭിപ്രായം ഉണര്‍ന്നേ മതിയാകൂ. തൊഴിലാളികളെ നിഷ്ഠൂരമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയും വേണം. എത്രയും നേരത്തെയാകുന്നുവോ, അത്രയും നല്ലത്.

*

ശ്രീ അര്‍ദ്ധേന്ദു ദക്ഷി എഴുതിയ Iron Ore – the Biggest Loot of the Century എന്ന ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: സിഐറ്റിയു സന്ദേശം

അധിക വായനയ്ക്ക്

Mining frenzy

Children of the pits

Rising iron ore exports could hit steel sector

Deep dent

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അന്താരാഷ്ട്ര വിപണിയില്‍ ഇരുമ്പയിര് ഇന്ന് സ്വര്‍ണത്തെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ്. ഓരോ വര്‍ഷവും ഇരുമ്പയിര് കയറ്റുമതിയിലൂടെ ചില ആളുകള്‍ ടണ്‍കണക്കിന് പണമാണ് വാരിക്കൂട്ടുന്നത് ; അതേസമയം രാജ്യത്തിന് നമ്മുടെ അമൂല്യമായ പ്രകൃതിസമ്പത്ത് നഷ്ടപ്പെടുകയുമാണ്. കയറ്റുമതിക്കാര്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും പൂര്‍ണമായി വിലയ്ക്കെടുത്തിരിക്കുകയാണ്; അവരുടെ പിന്തുണയോടെയാണ് ഈ കൊള്ള നിര്‍ബാധം തുടരുന്നത്.

ശ്രീ അര്‍ദ്ധേന്ദു ദക്ഷി എഴുതിയ Iron Ore – the Biggest Loot of the Century എന്ന ലേഖനത്തിന്റെ പരിഭാഷ.