
"ഇത് വിശപ്പില്ലാതാക്കും" മൺകേക്ക് നിർമ്മാണം തൊഴിലാക്കിയ മേരി കാർ മെല്ലെബാപ്റ്റിസ്റ്റ് എന്ന മുപ്പത്തഞ്ചുകാരി പറഞ്ഞു. "വിശപ്പടക്കാൻ മറ്റു മാർഗമില്ലെങ്കിൽ ആരും ഇത് കഴിച്ചു പോകും."
ആഗോള ഭക്ഷ്യക്ഷാമവും എണ്ണപ്രതിസന്ധിയും മറ്റേത് രാജ്യത്തേക്കാളും ഹെയ്തിയെ കഠിനമായി ബാധിച്ചിരിക്കുന്നു. തന്മൂലം ദാരിദ്ര്യത്തിൽ കഴിയുന്ന ഹെയ്തിയിലെ വലിയൊരു വിഭാഗം ജനത പട്ടിണിയിലേക്കും കലാപത്തിലേക്കും വഴുതിവീണിരിക്കുന്നു. ഭക്ഷ്യകലാപം ഹെയ്തിയിൽ പ്രധാനമന്ത്രി സ്ഥാനഭ്രഷ്ടനാകുന്നതിനും നിരവധി പേരുടെ മരണത്തിനും ഇടയാക്കിയിരുന്നു. അടിയന്തിരമായി ഭക്ഷ്യ സബ്‌സിഡി ഏർപ്പെടുത്തി സമാധാനം പുന:സ്ഥാപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗവണ്‍മന്റ് സംവിധാനം സബ്‌സിഡി നിർത്തലാക്കിക്കൊണ്ടിരിക്കുന്നു. കലാപം ഏതുനിമിഷവും വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന നിലയാണിന്നുള്ളത്.

മാനവിക വികസന സൂചികകളിൽ അഫ്‌ഗാനിസ്ഥാനൊപ്പം ദയനീയമായ നിലയിലായിരുന്ന ഈ കരീബിയൻ രാഷ്ട്രം അടുത്ത കാലത്ത് ഉണർവിന്റെ ചില ലക്ഷണങ്ങൾ കാണിച്ചിരുന്നതാണ്. രാഷ്ട്രീയ സ്ഥിരത, പുതിയ റോഡുകളുടെയും മറ്റ് സൗകര്യങ്ങളുടെയും വളർച്ച, അധോലോക സംഘട്ടനങ്ങളിൽ വന്ന കുറവ് തുടങ്ങി ആശാസ്യമായ ഒരു നിലയിലേക്ക് ക്രമേണ രാജ്യം മാറുകയായിരുന്നു. "ഞങ്ങൾ ശരിയായ ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതായിരുന്നു. എന്നാൽ ഈ ഭക്ഷ്യപ്രതിസന്ധി ആ വളർച്ചക്ക് ഭീഷണിയായി മാറുകയാണ്." പാർലമെന്റിലെ വൈസ് പ്രസിഡന്റായ എലോൺ ഡോറെസ് ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധിയുടെ ലക്ഷണം ചേരികൾക്ക് പുറത്തുള്ള പ്രദേശങ്ങളിലും കാണാം. സൗജന്യ ഭക്ഷണവിതരണത്തിൽ ഏര്‍പ്പെട്ടിട്ടുള്ള സംഘടനകളുടെ റിപ്പോർട്ട് അനുസരിച്ച് സൗജന്യ ഭക്ഷണം തേടുന്നവരുടെ എണ്ണം ഭക്ഷ്യപ്രതിസന്ധിയെ തുടർന്ന് മൂന്നിരട്ടിയിലധികമായിട്ടുണ്ട്. ഒരു ചേരിയിലെ സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിൽ പോഷകാഹാരക്കുറവ് മൂലം മഞ്ഞനിറമാർന്ന തലമുടിയുള്ള കുഞ്ഞുങ്ങളുമായി ക്യൂ നിൽക്കുന്ന സ്ത്രീകളെ ഞങ്ങൾ കണ്ടു.
ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി പൊതുവേ ദയനീയമാണ്. ചേരിവൽക്കരണം വ്യാപകമാവുന്നു. ലഭ്യമായ പണം ഭക്ഷണത്തിനുവേണ്ടി ചെലവിടേണ്ടി വരുന്ന കർഷകർ അടക്കമുള്ള ദരിദ്രർ തങ്ങളുടെ കുട്ടികളുടെ പഠനം നിർത്തേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. ദേശവ്യാപകമായിത്തന്നെ സ്കൂളുകളിലെ ഹാജർ കുറയുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക് തന്നെ വിശപ്പുകാരണം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.

കാർഷിക മേഖലയിലെ ഗവണ്‍മന്റ് മുതൽമുടക്ക് തുടർച്ചയായി കുറഞ്ഞുവരുന്നതുമൂലം കൃഷി ആദായകരമല്ലാതായി. അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യധാന്യങ്ങൾ വില കുറച്ചുകിട്ടിയിരുന്ന 1980 കളിൽ ഇറക്കുമതിച്ചുങ്കം ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് അരിയും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്ന നയം ഗവണ്‍മന്റ് സ്വീകരിച്ചതിന്റെ ഫലമായി തദ്ദേശീയ കർഷകർ പിടിച്ചുനിൽക്കാനാകാതെ പാപ്പരായിത്തീർന്നു. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നപ്പോൾ ചിന്നഭിന്നമായിപ്പോയ കാർഷിക മേഖല പുനരുദ്ധരിക്കാൻ ഗവണ്‍മന്റ് സത്വരനടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒരു ഭഗീരഥ പ്രയത്നം കൊണ്ടുപോലും പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അത് എത്തിപ്പെട്ടിരിക്കുന്നു.
*
റോറി കരോൾ എഴുതിയ Haiti: Mud Cakes Become Staple Diet as Cost of Food Soars Beyond a Family's Reach എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗാര്‍ഡിയന്‍
2 comments:
ആദ്യനോട്ടത്തിൽ അതൊരു മൺപാത്ര നിർമ്മാണകേന്ദ്രമാണെന്ന് തോന്നും. ഒരു മൈതാനത്ത് സ്ത്രീകൾ മണ്ണും വെള്ളവും കുഴച്ച് നൂറുകണക്കിന് മൺതട്ടങ്ങൾ നിർമ്മിച്ച് കരീബിയൻ സൂര്യന് കീഴെ ഉണക്കിയെടുക്കുന്നു. നിർമ്മാണകുശലത കുറഞ്ഞ മൺതട്ടങ്ങൾ എല്ലാം ഒരുപോലെയല്ല എന്നത് ഞങ്ങൾ ശ്രദ്ധിച്ചു. എന്നാൽ അതിന്റെ ഉപഭോക്താക്കൾക്ക് അവയുടെ രൂപവൈശിഷ്‌ട്യത്തിൽ പരാതിയില്ല. കാരണം അവ ആഹാരം പാചകം ചെയ്യാനോ സൂക്ഷിക്കാനോ ഉള്ള പാത്രങ്ങളല്ല. അവ അവരുടെ ആഹാരം തന്നെയാകുന്നു. ഹെയ്തി എന്ന കരീബിയൻ രാജ്യത്തെ സൈറ്റ്സൊലൈൽ എന്ന ചേരിയിൽ ഞങ്ങൾ കണ്ട നഗ്നയാഥാർത്ഥ്യമാണിത്.
റോറി കരോൾ എഴുതിയ Haiti: Mud Cakes Become Staple Diet as Cost of Food Soars Beyond a Family's Reach എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
oru paaTTappirivinu skOppuNTO, sakhaavE?
Post a Comment