Wednesday, September 17, 2008

പിന്നീടവര്‍ ക്രിസ്ത്യാനികളെ തേടിവന്നു...

ചെറുന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള അതിക്രമങ്ങള്‍ക്കാണ് ഒറീസ സാക്ഷ്യംവഹിക്കുന്നത്. ആഗസ്റ്റ് 23ന് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘം സ്വാമി ലക്ഷ്മണാനന്ദിനെയും നാല് അനുയായികളെയും കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വന്‍തോതിലുള്ള അതിക്രമം അരങ്ങേറിയത്.

കാലേകൂട്ടി തീരുമാനിച്ചതാണ് ഈ അതിക്രമങ്ങളെന്ന് അവ ആരംഭിച്ച രീതി കണ്ടാല്‍ വ്യക്തമാകും. ആസൂത്രിതവും വ്യാപകവുമായിരുന്നു അതിക്രമങ്ങള്‍. ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന് കാത്തുനിന്നപോലെ അക്രമികള്‍ നേരത്തെതന്നെ അവിടങ്ങളില്‍ തമ്പടിച്ചതുപോലെ തോന്നിച്ചു. ഇതിനകം നിരപരാധികളായ നിരവധി ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കേറ്റു, പലരും ഭവനരഹിതരായി. സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയത് ക്രിസ്ത്യാനികളാണെന്നും ക്രിസ്ത്യന്‍-മാവോയിസ്റ്റ് കൂട്ടുകെട്ട് നിലവിലുണ്ടെന്നും ആര്‍എസ്എസിന്റെ കൂട്ടാളികളായ ആദിവാസി കല്യാണ്‍ ആശ്രമും വിഎച്ച്പിയും ബജ്രംഗ് ദളും ആരോപിച്ചു. എന്നാല്‍, ഇത്തരത്തില്‍ ക്രിസ്ത്യന്‍-മാവോയിസ്റ്റ് കൂട്ടുകെട്ടിനുള്ള സാധ്യത വളരെ അകലെയാണ്. എന്തുതന്നെയായാലും ലക്ഷ്മണാനന്ദയുടെ കൊലപാതകം ഉചിതമായ അന്വേഷണത്തിന് വിധേയമാക്കുകയും കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കുകയുമാണ് ഏറെ പ്രധാനം.

2007 ഡിസംബറില്‍ ക്രിസ്മസ് കാലത്തുതന്നെ ക്രിസ്ത്യാനികള്‍ക്കെതിരെ ഒറീസയില്‍ അക്രമം നടന്നിരുന്നു. അന്നും സ്വാമിയെ ക്രിസ്ത്യാനികള്‍ മര്‍ദിച്ചെന്ന കഥയുണ്ടാക്കിയായിരുന്നു 'പ്രതികാരം' ചെയ്തത്. ഇത്തരം കഥകളുണ്ടാക്കിയ ശേഷം അക്രമം നടത്തുകയെന്നത് ആര്‍എസ്എസ് കൂട്ടുകെട്ടിനെസംബന്ധിച്ചിടത്തോളം ഇപ്പോള്‍ കുട്ടിക്കളിയായി മാറിയിരിക്കുന്നു. ഒരു കപടന്യായം തേടുക, വര്‍ഗീയ അജന്‍ഡയുണ്ടാക്കാന്‍ എണ്ണയിട്ട യന്ത്രംപോലുള്ള തങ്ങളുടെ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുക, മതാടിസ്ഥാനത്തില്‍ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക, അതുപയോഗിച്ച് രാഷ്ട്രീയാടിത്തറ ശക്തമാക്കുക. ഇതായിരിക്കുന്നു ഇപ്പോള്‍ ഇവരുടെ സഞ്ചാരപഥം.

ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് 6 ബോഗി കത്തിയശേഷം ഇതേപ്രതിഭാസംതന്നെയാണ് ഗുജറാത്തില്‍ നടപ്പായത്. ഉചിതമായ ഒരു അന്വേഷണത്തിന് കാത്തുനില്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഏതൊരു സംഭവവും അന്വേഷിക്കുകയെന്ന റെയില്‍വെയുടെ രീതികള്‍ക്കും കാത്തുനിന്നില്ല. ശക്തമായ ന്യൂനപക്ഷധ്വംസനമാണ് അരങ്ങേറിയത്. മതാടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഭരണത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബഹുജനസമ്മതി കുറഞ്ഞിട്ടും ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനായി.

ഒരു കപടസിദ്ധാന്തത്തിനുവേണ്ടി കാത്തുനിന്നശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കള്ളക്കഥകളും മുന്‍വിധികളും പ്രചരിപ്പിക്കുകയും വര്‍ഗീയവല്‍ക്കരിച്ച സംസ്ഥാന ഭരണസംവിധാനത്തിന്റെ കണ്‍മുന്നില്‍വച്ച് കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് ഇപ്പോള്‍ അംഗീകരിച്ച പ്രവര്‍ത്തനരീതിയായി മാറിയിരിക്കുന്നു. ബിജെപിയോ ബിജെപിസഖ്യകക്ഷിയോ അധികാരത്തിലുണ്ടെങ്കില്‍ ഈ പ്രക്രിയ എളുപ്പമാവുകയും ചെയ്യും. 1996ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരമേറിയ ഉടന്‍ ക്രിസ്ത്യന്‍വിരുദ്ധ അതിക്രമം വന്‍തോതില്‍ പലയിടത്തും പൊട്ടിപ്പുറപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ പാവപ്പെട്ട ആദിവാസികളെ പ്രലോഭിപ്പിച്ചും ബലംപ്രയോഗിച്ചും മതംമാറ്റുകയാണെന്ന കഥ പ്രചരിപ്പിച്ചായിരുന്നു ഇത്. ഈ അവസരം മുതലെടുത്ത ആദിവാസി കല്യാണ്‍ ആശ്രമും വിഎച്ച്പിയും ബജ്രംഗ് ദളും തുടര്‍ച്ചയായി ശക്തമായ ആക്രമണം നടത്തി. ഇതില്‍ ഏറ്റവും ഭയാനകമായത് സ്റ്റെയിന്‍സ് വധമായിരുന്നു. പാസ്റ്റര്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും പതിനൊന്നും ഏഴും വയസ്സുള്ള കുട്ടികളെയും ചുട്ടുകൊല്ലുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഫാ. അരുള്‍ദാസിനെ കൊലപ്പെടുത്തി. ഗോഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഷെയ്‌ഖ് റഹ്‌മാനെ കൊലപ്പെടുത്തി.

ക്രിസ്ത്യന്‍വിരുദ്ധവികാരം പ്രചരിപ്പിച്ചതോടെ പൊലീസ്, നിയമം എന്നിവയുമായി പ്രാപ്യതയൊട്ടുമില്ലാത്ത വിദൂരസ്ഥപ്രദേശങ്ങളിലെ ആദിവാസികള്‍ക്കുനേരെയാണ് രൂക്ഷമായ ആക്രമണം നടന്നത്. ആര്‍എസ്എസ് അതിക്രമത്തില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനവും സംശയിക്കപ്പെട്ടതോടെ അതിക്രമം വ്യാപകമായി. തിളച്ചുനില്‍ക്കുന്ന ആക്രമണാന്തരീക്ഷം ക്രിസ്മസ് കാലങ്ങളില്‍ അതിതീവ്രമായ അവസ്ഥയിലെത്തി. പള്ളികള്‍ അഗ്നിക്കിരയാക്കുകയും ക്രിസ്തുമതവിശ്വാസികളെ ആക്രമിക്കുകയും ചെയ്യുന്ന പുതിയതരത്തിലുള്ള വാര്‍ഷികക്രിസ്മസ് ആചാരം രൂപപ്പെട്ടു.

ഇന്ത്യന്‍ സമൂഹത്തില്‍ ക്രിസ്ത്യാനികളുടെ എണ്ണം അങ്ങേയറ്റം ചെറുതാണെന്നും എഡി ഒന്നാംനൂറ്റാണ്ടുമുതല്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആര്‍എസ്എസിന്റെ ആരോപണമുള്ളപ്പോഴും സെന്‍സസ് കണക്കുകളില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ എണ്ണം സ്ഥിരമായി കുറയുകയാണെന്നുമുള്ള വസ്തുത ഇവിടെ അപ്രസക്തമാണ്. ക്രിസ്തുമതത്തിലേക്ക് മാറിയവര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മതം മറച്ചുവയ്ക്കുന്നു എന്ന ആരോപണംകൂടി ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് ഉന്നയിക്കുന്നു. മിഷണറിപ്രവര്‍ത്തനം അതിന്റെ പരമാവധി ശക്തിയില്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആദിവാസികള്‍ക്ക് മതംമാറ്റത്തിനുശേഷവും അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന കേവലമായ വാദമാണ് ഉന്നയിക്കുന്നത്. തന്റെ അനുയായികള്‍ പലവട്ടം തന്നെ വെല്ലുന്നത് കാണുന്ന ഗീബല്‍സ് കുഴിമാടത്തില്‍നിന്ന് ഇവര്‍ക്കെതിരെ രോഷംകൊള്ളുന്നുണ്ടാകും.

ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ആദിവാസിമേഖലകള്‍ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളാണെന്നത് യാദൃച്ഛികമല്ല. ക്രിസ്ത്യാനികള്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടന്ന ഡാങ്സ് ജില്ല ഗുജറാത്തിലെ ഏറ്റവും ദരിദ്രമായ ജില്ലയാണ്. ഒറീസയാകട്ടെ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനവും. ക്രിസ്ത്യന്‍വിഭാഗങ്ങളുടെ ക്ഷേമ-വിദ്യാഭ്യാസസേവനങ്ങള്‍ ദരിദ്രരായ ആദിവാസികളില്‍ എത്തരുതെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതാണ് അക്രമങ്ങള്‍ക്കുള്ള പ്രധാനകാരണം. ഈ ആദിവാസികള്‍ ദരിദ്രരും നിരക്ഷരരുമായി തുടരുന്നു. ഇവിടങ്ങളില്‍ തല്‍സ്ഥിതി തുടരുകയും സ്വാമിമാര്‍ സൃഷ്ടിക്കുന്ന മതപരത സാമൂഹ്യതിന്മകള്‍ അകറ്റാനുള്ള ജനാധിപത്യപരമായ ഇടം ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ മേഖലകളില്‍ കൂടെച്ചേര്‍ക്കലിന്റെയും ഭയപ്പെടുത്തി കൂടെനിര്‍ത്തലിന്റെയും രണ്ടുതരം പ്രക്രിയ നടക്കുന്നു. ലക്ഷ്മണാനന്ദ (ഒറീസ), അസിമാനന്ദ് (ഡാങ്സ്), അസാരാം ബാപ്പു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഘര്‍ വാപസി എന്ന പരിപാടികളിലൂടെ ഹിന്ദുമതത്തിലേക്ക് ചേര്‍ക്കുന്നു.

ഡാങ്സിലെ ശബരി കുംഭമേള, മറ്റ് ആദിവാസിമേഖലകളിലെ ഹിന്ദുസംഗമം തുടങ്ങിയ പരിപാടികളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസിലേക്ക് ആദിവാസികളെ അണിചേര്‍ക്കുന്നത്. രണ്ടാമത്തേത് ഒരു രാഷ്ട്രീയപ്രക്രിയയാണ്. എന്തെങ്കിലും കള്ളക്കഥയുണ്ടാക്കി സാമുദായിക സൌഹാര്‍ദം തകര്‍ക്കാന്‍ കാത്തിരിക്കുന്ന ദാരാസിങ്ങിനെപ്പോലുള്ളവരുടെ തയ്യാറെടുപ്പുകളാണിവ. പ്രതികാരപ്രക്രിയയെന്നോണം അക്രമപ്രവര്‍ത്തനങ്ങള്‍ സജ്ജമാകും. ഇതിലൂടെ ആര്‍എസ്എസ് കാര്യപരിപാടിയാണ് നടപ്പാകുന്നത്. പാസ്റ്റര്‍ ഗ്രഹാം സ്റ്റെയിന്‍സ് മതപരിവര്‍ത്തനശ്രമം നടത്തിയിട്ടില്ലെന്ന് വാധ്വാ കമീഷന്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിക്രമങ്ങള്‍ക്ക് രാഷ്ട്രീയാടിത്തറയുണ്ടെന്നും ഇവയ്ക്ക് മതവുമായോ മതപരിവര്‍ത്തനവുമായോ ഒരു ബന്ധവുമില്ലെന്നും നിരവധി പൌരാവകാശസംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയസംഘടനകള്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിനെക്കുറിച്ച് റിട്ട. ജസ്റ്റിസ് കെ കെ ഉഷ നേതൃത്വം നല്‍കിയ പീപ്പിള്‍സ് ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കെ കെ ഉഷയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ട്രിബ്യൂണല്‍ 2006ല്‍ ഒറീസയെക്കുറിച്ച് പ്രത്യേകമായി അന്വേഷണം നടത്തിയിരുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്നുതന്നെ അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. "ഒറീസയില്‍ വര്‍ഗീയസംഘടനകളുടെ വ്യാപനവും ഇതേത്തുടര്‍ന്നുണ്ടാകുന്ന ചെറുചെറു സംഭവങ്ങളും ലഹളകളും കമീഷന്‍ വിലയിരുത്തി... ഇത്തരം പ്രശ്നങ്ങള്‍ ഭീഷണിയും കൂടുതല്‍ വലിയ അക്രമങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും സൃഷ്ടിക്കാനാണ് ഉപയോഗപ്പെടുത്തിയത്.''- പീപ്പിള്‍സ് ട്രിബ്യൂണല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നും നടപടിയെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായ അനാസ്ഥകാട്ടിയെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷവര്‍ഗീയതയെ പ്രതിനിധാനംചെയ്യുന്ന കേഡര്‍ സംഘടനകള്‍ എങ്ങനെയാണ് സഹജമായി കീഴ്പെടുന്ന സ്വഭാവമുള്ള മറ്റ് സമുദായങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും അതിക്രമം ആസൂത്രണംചെയ്യുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചും വര്‍ഗീയവല്‍ക്കരണസംവിധാനങ്ങളെക്കുറിച്ചും പരാമര്‍ശിക്കെ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി: "ഇത്തരത്തിലുള്ള വര്‍ഗീയവല്‍ക്കരണമാണ് ഒറീസയില്‍ സംഭവിച്ചത്. ഇത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്... സൂചനകള്‍ തീര്‍ച്ചയായും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെസംബന്ധിച്ചിടത്തോളം ദുസ്സൂചനകളാണ്.'' (പേജ് 70)

എല്ലാ ആദിവാസിമേഖലയിലും അപകടകരമായ സ്ഥിതിവിശേഷമാണ്. പലയിടത്തും ശാന്തത പുറമെയ്ക്കുമാത്രം. സ്വാമി ലക്ഷ്മണാനന്ദന്റെ ഘാതകര്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നിരിക്കെ സ്വാമിയുടെ ശിഷ്യന്മാര്‍ ഈ പ്രദേശങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും സാമൂഹ്യാന്തരീക്ഷം ദുഷിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനം വര്‍ഗീയവല്‍ക്കരിക്കുന്നത് വ്യക്തമായി കാണാനാകുന്നു. സംസ്ഥാന ഭരണകൂടവും ബിജെപിയും അധികാരകേന്ദ്രങ്ങളിലിരുന്നത് അക്രമികള്‍ക്കും തീവെട്ടിക്കൊള്ളക്കാര്‍ക്കും ചരടുവലിക്കുകയും ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരെ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2007 ഡിസംബറില്‍ സ്വാമിയെ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമം. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്.

തീര്‍ത്തും ചെറുന്യൂനപക്ഷമായ ക്രിസ്ത്യാനികളിലെല്ലാവരും സ്വന്തം വിശ്വാസം മറ്റുള്ളവര്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. ചിലര്‍ ഇത്തരം തെറ്റായ പ്രവര്‍ത്തനം നടത്തുന്നുണ്ടാകാമെങ്കിലും അത് ചെയ്യാത്തവരെ നിയമപരമായി സംരക്ഷിക്കേണ്ടതുണ്ട്.

അക്രമങ്ങള്‍ക്ക് ഭരണകൂടം സമ്മതം മൂളുകയാണെങ്കില്‍ അത് അധികാരത്തിലിരിക്കുന്നവര്‍ ചെയ്ത പ്രതിജ്ഞയുടെ ലംഘനമാണ്. അതുകൊണ്ടുതന്നെ അവരെ പുറത്താക്കുകയും വേണം. സംസ്ഥാനത്തെ നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ എങ്ങനെയാണ് അധികാരത്തില്‍ തുടരുക? ഏതു രാഷ്ട്രീയശക്തിയാണ് സംശയാതീതരും ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴിലെ നിയമങ്ങള്‍ പാലിക്കാന്‍ സത്യസന്ധത കാണിക്കുകയും ചെയ്യുന്നത് എന്നതാണ് മുഖ്യമായ ചോദ്യം. ഒറീസയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥസംവിധാനവും പൊലീസും ആവശ്യമായ നടപടിയെടുത്തോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ശ്രീ രാം പുനിയാനി രചിച്ച Then They Came For Christians… എന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ
കടപ്പാട് : ദേശാഭിമാനി

Ram Puniyani is a Professor in Biomedical Engineering at the Indian Institute of Technology, Powai. Apart from his teaching and research activities, he pursues a parallel track concerned with issues related to social problems, particularly the ones related to preservation of democratic and secular ethos in our life.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ ആദിവാസിമേഖലയിലും അപകടകരമായ സ്ഥിതിവിശേഷമാണ്. പലയിടത്തും ശാന്തത പുറമെയ്ക്കുമാത്രം. സ്വാമി ലക്ഷ്മണാനന്ദന്റെ ഘാതകര്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നിരിക്കെ സ്വാമിയുടെ ശിഷ്യന്മാര്‍ ഈ പ്രദേശങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും സാമൂഹ്യാന്തരീക്ഷം ദുഷിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനം വര്‍ഗീയവല്‍ക്കരിക്കുന്നത് വ്യക്തമായി കാണാനാകുന്നു. സംസ്ഥാന ഭരണകൂടവും ബിജെപിയും അധികാരകേന്ദ്രങ്ങളിലിരുന്നത് അക്രമികള്‍ക്കും തീവെട്ടിക്കൊള്ളക്കാര്‍ക്കും ചരടുവലിക്കുകയും ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരെ കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2007 ഡിസംബറില്‍ സ്വാമിയെ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമം. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്.

തീര്‍ത്തും ചെറുന്യൂനപക്ഷമായ ക്രിസ്ത്യാനികളിലെല്ലാവരും സ്വന്തം വിശ്വാസം മറ്റുള്ളവര്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. ചിലര്‍ ഇത്തരം തെറ്റായ പ്രവര്‍ത്തനം നടത്തുന്നുണ്ടാകാമെങ്കിലും അത് ചെയ്യാത്തവരെ നിയമപരമായി സംരക്ഷിക്കേണ്ടതുണ്ട്.

അക്രമങ്ങള്‍ക്ക് ഭരണകൂടം സമ്മതം മൂളുകയാണെങ്കില്‍ അത് അധികാരത്തിലിരിക്കുന്നവര്‍ ചെയ്ത പ്രതിജ്ഞയുടെ ലംഘനമാണ്. അതുകൊണ്ടുതന്നെ അവരെ പുറത്താക്കുകയും വേണം. സംസ്ഥാനത്തെ നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ എങ്ങനെയാണ് അധികാരത്തില്‍ തുടരുക? ഏതു രാഷ്ട്രീയശക്തിയാണ് സംശയാതീതരും ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴിലെ നിയമങ്ങള്‍ പാലിക്കാന്‍ സത്യസന്ധത കാണിക്കുകയും ചെയ്യുന്നത് എന്നതാണ് മുഖ്യമായ ചോദ്യം. ഒറീസയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥസംവിധാനവും പൊലീസും ആവശ്യമായ നടപടിയെടുത്തോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ശ്രീ രാം പുനിയാനി രചിച്ച Then They Came For Christians… എന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ