കാണ്ഡമല്‍ ജില്ലയിലെ ബലിഗുഡ പോലിസ് സ്റ്റേഷന്‍. ഇവിടെ ആഗസ്റ്റ് 26ന് രജിസ്റ്റര്‍ ചെയ്ത 70-ാം നമ്പര്‍ ക്രിമിനല്‍ കേസ് ഈ നാട്ടില്‍ അരങ്ങേറിയ കൊടുംക്രൂരതകളിലേക്ക് വാതില്‍ തുറക്കുന്നു.
കണ്ടമിണ്ഡിയിലെ ദിവ്യജ്യോതി ട്രെയിനിംഗ് സെന്ററില്‍ അന്തേവാസിനിയായ സിസ്റ്റര്‍ മീന ബറുവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ് കേസ്. കന്യാസ്‌ത്രീയെ കൂട്ടമാനഭംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376, 147, 148, 355, 356 വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സാമ്പല്‍പൂര്‍ സ്വദേശിനിയാണ് മീന ബറുവ. പത്തുവര്‍ഷം മുമ്പ് സാധുജന സേവനവും കന്യാസ്ത്രീ ജീവിതവും സ്വയം തെരഞ്ഞെടുത്തപ്പോള്‍ സഭ നല്‍കിയ പേരാണ് മീന. മുപ്പതുകാരിയായ അവര്‍ കഴിഞ്ഞ നാലുവര്‍ഷമായി ആദിവാസി മേഖലയില്‍ സേവനം ചെയ്യുകയായിരുന്നു, പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ.
അക്രമികള്‍ ശരീരത്തില്‍ അവശേഷിപ്പിച്ച അല്‍പം ജീവനുമായി സിസ്റ്റര്‍ മീന ഇപ്പോള്‍ ഭുവനേശ്വറിലാണ്. സംഭവിച്ചതൊന്നും പറയാന്‍ അവര്‍ക്കു ത്രാണിയില്ല. അവരോടൊപ്പം അക്രമത്തിനിരയായ കോട്ടയം തെക്കേമല സ്വദേശിയായ ഫാദര്‍ തോമസ് ചെല്ലന്‍തറ ആശുപത്രി മുറിയിലിരുന്ന് ഞെട്ടിക്കുന്ന ആ സംഭവങ്ങള്‍ മാധ്യമത്തോടു വിവരിച്ചു. ഭ്രാന്തുപിടിച്ച വി.എച്ച്.പി സംഘം കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം ഇപ്പോഴും നടുങ്ങുന്നു.
ബലിഗുഡയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ ജലാസ്‌പട് ആശ്രമത്തില്‍ നിന്ന് ലക്ഷ്മണാനന്ദ സ്വാമിയുടെ മൃതദേഹം വഹിച്ചുള്ള യാത്ര തുടങ്ങിയപ്പോള്‍തന്നെ വി.എച്ച്.പിക്കാര്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണവും ആരംഭിച്ചിരുന്നു.
പള്ളികളും കോണ്‍വെന്റുകളും ആക്രമിക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ 25ന് വൈകുന്നേരം ട്രെയിനിംഗ് സെന്റര്‍ ഡയറക്ടറായ ഫാ. തോമസും സിസ്റ്റര്‍ മീനയും തൊട്ടടുത്തുള്ള വനത്തില്‍ ഒളിച്ചു.
അക്രമം അടങ്ങിക്കാണും എന്ന പ്രതീക്ഷയില്‍ പുലര്‍ച്ചെ സെന്ററില്‍ തിരിച്ചെത്തി. എന്നാല്‍ നാടെങ്ങും കലാപം മൂര്‍ച്ഛിക്കുകയായിരുന്നു. അയല്‍വാസിയായ പ്രഹ്ലാദന്‍ എന്ന ഹിന്ദു സുഹൃത്തിന്റെ വീട്ടില്‍ ഇരുവരും അഭയം തേടി. വൈദികനെയും കന്യാസ്ത്രീയെയും രക്ഷിക്കാന്‍ പ്രഹ്ലാദന്‍ ഇരുവരേയും മുറിയിലാക്കി വാതില്‍ പുറമേ നിന്ന് പൂട്ടി.
തലേന്ന് തൊട്ടടുത്തുള്ള സ്ഥാപനങ്ങള്‍ തകര്‍ത്തവര്‍ 26ന് ഫാ. തോമസിനെ പിടികൂടാന്‍ ട്രെയിനിംഗ് സെന്ററില്‍ എത്തി. അവിടെ കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തശേഷം തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോഴാണ് പുരോഹിതനും കന്യാസ്ത്രീയും ഗ്രാമം വിട്ടിട്ടില്ല എന്ന വിവരം അവര്‍ മണത്തറിഞ്ഞത്. പിന്നെ ഓരോ വീട്ടിലും കയറി തെരച്ചില്‍ ആരംഭിച്ചു. ഫാ. തോമസുമായി അടുപ്പമുള്ള പ്രഹ്ലാദന്റെ വീട്ടിലും അക്രമികള്‍ എത്തി. ഫാദര്‍ അവിടെ ഇല്ലെന്ന് പറഞ്ഞ് സംഘത്തെ തിരിച്ചയക്കാന്‍ പ്രഹ്ലാദന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പൂട്ടിക്കിടന്ന മുറിയുടെ വാതില്‍ അമ്പതിലേറെ വി.എച്ച്.പിക്കാര്‍ ചേര്‍ന്ന് തല്ലിത്തകര്‍ത്തു. മുറിയില്‍ നിന്ന് ഫാ. തോമസിനെയും സിസ്റ്റര്‍ മീനയെയും പിടികൂടിയ സംഘം അവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. പിന്നെ സ്വാമിയെ കൊന്നത് എന്തിനെന്ന് ചോദിച്ച് പൊതിരെ തല്ലാന്‍ തുടങ്ങി. അമ്പതു മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച ശേഷം മര്‍ദനം തുടര്‍ന്നു. കന്യാസ്ത്രീയെ പരസ്യമായി അപമാനിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്ത ഫാ. തോമസിനെ അടിച്ചുവീഴ്ത്തി. പിന്നീട് സിസ്റ്റര്‍ മീനയെ കൂട്ടമായി മാനഭംഗപ്പെടുത്തി. വൈദികനോട് കന്യാസ്ത്രീയെ മാനഭംഗം ചെയ്യണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടു.
വഴങ്ങാത്തതിനായിരുന്നു തുടര്‍ന്നുള്ള മര്‍ദനം. റോഡില്‍ കൊണ്ടുവന്ന് ഇരുവരെയും മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഘം പിന്നീട് അവരെ അര്‍ധനഗ്നരായി വഴിയിലൂടെ വലിച്ചിഴച്ചു. അരകിലോമീറ്റര്‍ അകലെയുള്ള പോലിസ് ഔട്ട്പോസ്റ്റ്വരെ നടത്തിയശേഷം സംഘം ഇരുവരെയും പോലിസിന് കൈമാറി.
സ്വാമിയുടെ കൊലപാതകത്തിലെ പ്രതികള്‍ എന്ന് വിളിച്ചു കൂവിക്കൊണ്ടാണ് സിസ്റ്റര്‍ മീനയെയും ഫാ. തോമസ് ചെല്ലന്‍തറയെയും സംഘം പോലിസിന് മുന്നില്‍ കൊണ്ടുവന്നത്. വേണമെങ്കില്‍ പ്രതികളെ അപ്പോള്‍തന്നെ പോലിസിന് പിടികൂടാമായിരുന്നു. പക്ഷേ, പോലിസ് അക്രമികളെ പറഞ്ഞുവിട്ടു.
എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് സ്റ്റേഷന്‍ പരിധിയുടെ ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനോട് മാധ്യമം ലേഖകന്‍ ചോദിച്ചു. 'ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ മുഖ്യജോലി' എന്നായിരുന്നു അദ്ദേഹത്തിന്റെ നിസ്സംഗമായ മറുപടി.
ട്രെയിനിംഗ് സെന്റര്‍ തകര്‍ത്തതിനും കൊല്ലാന്‍ ശ്രമിച്ചതിനും ഫാ. തോമസ് പോലിസില്‍ വെവ്വേറെ പരാതി നല്‍കിയിട്ടുണ്ട്. മാനഭംഗത്തിന് കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് 70-ാം നമ്പറായി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒടുവില്‍ പോലിസിന്റെ ഉപദേശമനുസരിച്ച് സിസ്റ്റര്‍ മീനയും ഫാദര്‍ തോമസും നാടുവിട്ടു. മുംബൈ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് ഫാ. തോമസ് ഇപ്പോള്‍. സിസ്റ്റര്‍ മീന ഭുവനേശ്വറില്‍ അഞ്ജാത കേന്ദ്രത്തിലും.
ഒറീസയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ അവശേഷിക്കുന്നത് കരിപിടിച്ച ചുവരുകളും ചാരക്കൂമ്പാരവും മാത്രമാണ്. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ദാരുണ അന്ത്യമാണ് ഒറീസയെ വംശഹത്യയിലേക്ക് നയിച്ചതെന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ, അതിനും എത്രയോ മുമ്പേ ഒറീസയില്‍ പൊതുവേയും കാണ്ഡമല്‍ ജില്ലയില്‍ പ്രത്യേകിച്ചും വര്‍ഗീയതയുടെ തീ സംഘപരിവാര്‍ ആളിക്കത്തിക്കുന്നുണ്ടായിരുന്നു. ആ ലാവ പൊട്ടിത്തെറിച്ചത് സ്വാമിയുടെ കൊലപാതകത്തോടെയാണെന്ന് മാത്രം.
നരഭോജികള്‍ നാടുവാണ ദിനങ്ങള്‍...
കാണ്ഡമല്‍ നരബലിയുടെ നാടായിരുന്നു എന്നാണ് കഥ. ഗോത്രവര്‍ഗക്കാരുടെ മുഖ്യ കൃഷിയായിരുന്ന മഞ്ഞള്‍ നൂറുമേനി വിളയാന്‍ ദേവപ്രീതിക്കായി പ്രാചീന കാലത്ത് ഇവിടെ നരബലി നടത്തിയിരുന്നത്രെ. ബലിക്കുള്ള ആണ്‍കുട്ടികളെ മറ്റ് ഗോത്രങ്ങളില്‍നിന്ന് വിലക്കുവാങ്ങി വളര്‍ത്തിയിരുന്നതായും പറയുന്നു. ബ്രീട്ടിഷ് ഭരണകാലത്ത് നിയമം മൂലം നരബലി നിരോധിച്ചു.പിന്നെ മൃഗങ്ങളെയായി ബലി. കുരങ്ങുകളായിരുന്നു ആദ്യം. വന്യജീവിസംരക്ഷണ നിയമം തടസ്സമായപ്പോള്‍ പോത്തുകളായി ബലിമൃഗങ്ങള്‍. ചിലയിടങ്ങളില്‍ മൃഗബലി ഇപ്പോഴും തുടരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
നരബലിക്കഥയിലെ സത്യമെന്തായാലും മതത്തിന്റെ പേരിലുള്ള നരവേട്ടയില്‍ കാണ്ഡമല്‍ ഇപ്പോള്‍ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എട്ടുപേര്‍. ഇത്തവണ ആഗസ്റ്റ് 23ന് ആരംഭിച്ച കലാപത്തില്‍ 23 പേര്‍. മുപ്പതിലേറെപേര്‍ കൊല്ലപ്പെട്ടതായാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്. ഔദ്യോഗിക കണക്കുകളില്‍ 23 പേര്‍ മാത്രം. പത്തു ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍. 25,000 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.
കാണ്ഡമല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട 80 റായ്കിയ ബ്ലോക്കിലെ ദുരിതാശ്വാസ ക്യാമ്പില്‍ നാലായിരം അഭയാര്‍ഥികള്‍ക്കിടയില്‍ മാറത്തടിച്ചു നിലവിളിക്കുന്ന അമ്മയുടെയും കുട്ടിയുടെയും കാഴ്ച കരളലിയിപ്പിക്കുന്നതാണ്. കൊല്ലപ്പെട്ട പെന്തക്കോസ്ത് പാസ്റ്റര്‍ അൿബര്‍ ദിഗലിന്റെ ഭാര്യ ലിബിയ ദിഗലും ഏഴുവയസുകാരന്‍ മകന്‍ യാശ്വവും. ആഗസ്റ്റ് 24നായിരുന്നു ആ കറുത്ത ഞായറാഴ്ച. മുന്നൂറോളം വി.എച്ച്.പിക്കാര്‍ വാളും ശൂലവും ജയ്‌ശ്രീറാം വിളികളുമായി തൊട്ടമഹ ഗ്രാമത്തിലെത്തി. അക്രമികള്‍ വരുന്നത് കണ്ടതേ ഗ്രാമീണര്‍ പ്രാണനും കൊണ്ട് ഓടി.
ഗ്രാമത്തിലെ 35 വീടുകളിലെ 170 ഓളം ആദിവാസി ക്രിസ്ത്യാനികള്‍ കുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമടക്കം നാടുവിട്ടു. ഓരോ വീടുകളില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് അൿബര്‍ ദിഗല്‍ ആയിരുന്നു. അവസാനത്തെയാളും രക്ഷപ്പെടുന്നതുവരെ അയാള്‍ അവിടെ തന്നെയുണ്ടായിരുന്നു. ഗ്രാമത്തില്‍ കടന്ന അക്രമിസംഘം കണ്ടതെല്ലാം ചുട്ടെരിച്ച് വീടുവീടാന്തരം മനുഷ്യരെ തെരഞ്ഞു. ഓടിമറയാന്‍ അവസരം കിട്ടാതെ കൃഷിയിടത്തില്‍ ഒളിച്ചിരുന്ന അൿബര്‍ അക്രമികളുടെ കണ്ണില്‍പെട്ടു.
വളഞ്ഞുപിടിച്ച അദ്ദേഹത്തിന്റെമേല്‍ വാള്‍ പതിയാന്‍ ഏറെനേരം വേണ്ടിവന്നില്ല. ചോരയില്‍ പിടഞ്ഞ അൿബറിന് നേരെ പിന്നെയും ശൂലങ്ങളും വടികളും വാളുകളും പലവട്ടം ഉയര്‍ന്നു. മരണം ഉറപ്പാക്കിയശേഷം ദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചാണ് സംഘം മടങ്ങിയത്. 35 വീടുകളും അതിനകം ചാമ്പലായി.
അനാഥമായി കിടന്ന മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ തേടി പിറ്റേന്നും ആ കഴുകന്‍മാരെത്തി. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കാന്‍ വീണ്ടും പെട്രോള്‍ ഒഴിച്ചു കത്തിച്ചു.
രണ്ടു ദിവസത്തിന് ശേഷം പോലിസ് എത്തുമ്പോള്‍ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടത്തിനു പോലും തികയാത്ത ശേഷിപ്പുമായി പോലിസ് മടങ്ങി. രക്ഷപ്പെടാമായിരുന്നിട്ടും ഒപ്പമുള്ളവരെ രക്ഷിക്കാന്‍ ജീവത്യാഗം നടത്തിയ ഭര്‍ത്താവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലിബിയയുടെ കണ്ണുകള്‍ നിറയുന്നു. 21 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പിറന്ന കുഞ്ഞിനെ ലാളിച്ചു കൊതി തീരും മുമ്പേ വിധി അവരെ വേര്‍പെടുത്തി. എന്തിനാണമ്മേ അവര്‍ അച്ഛനെ കൊന്നത്? എന്ന ചോദ്യത്തിന് ഉത്തരം അമ്മയുടെ ധാരമുറിയാത്ത കണ്ണീര്‍ മാത്രം.
ഭുവനേശ്വറിലെ വൈ.എം.സി.എ ദുരിതാശ്വാസ ക്യാമ്പില്‍ ദുഃഖചിത്രം ചില്ലിട്ടതുപോലെ ഒരു അമ്മയും മകളുമുണ്ട്. പുഷ്പാഞ്ജലിയും മകള്‍ മൊണാലിസയും. റായ്കിയ സ്വദേശികളാണ് അവരും. ദിവ്യലോചന്‍ ദിഗല്‍ ആയിരുന്നു പുഷ്പാഞ്ജലിയുടെ ഭര്‍ത്താവ്. റായ്കിയയില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെ ദ്രെപാംഗയിലെ ബാപ്റ്റിസ്റ്റ് പള്ളിയില്‍ വൈദികനായിരുന്നു ദിവ്യലോചന്‍.
ശനിയാഴ്ചകളില്‍ അദ്ദേഹം പ്രാര്‍ഥനകള്‍ക്കായി ദ്രെപാംഗയില്‍ പോകും. തിങ്കളാഴ്ച മടങ്ങിവരും. 23 നും അദ്ദേഹം പതിവുപോലെ പള്ളിയിലേക്ക് പോയി. ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞ് അത്താഴം കഴിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പുഷ്പാഞ്ജലിക്ക് ലഭിച്ചിരുന്നു. പിന്നീട് അത് നിലച്ചു. തിങ്കളാഴ്ച തിരിച്ചെത്തുന്ന പതിവുള്ള അദ്ദേഹം വന്നില്ല. 26 ന് നേരം പുലരുംമുമ്പേ പുഷ്പാഞ്ജലി മകളെയും കൂട്ടി ദ്രെപാംഗയിലേക്ക് നടന്നു; നിരോധാജ്ഞയും കര്‍ഫ്യൂവും മൂലം വാഹനങ്ങളില്ലാതിരുന്നതിനാല്‍ കാല്‍നടയായി.
ദ്രെപാംഗ ഗ്രാമത്തിലേക്ക് കടക്കുമ്പോഴുള്ള പുഴക്കരികെ വന്‍ ആള്‍ക്കൂട്ടം. തിരക്കിയപ്പോള്‍ മുഖം വികൃതമായി തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം. അത് തന്റെ ഭര്‍ത്താവ് ആകരുതേയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് പുഷ്പാഞ്ജലി അടുത്തെത്തി. അവര്‍ ഭയന്നത് സംഭവിച്ചു. മരിച്ചത് ഭര്‍ത്താവാണെന്ന് വസ്ത്രങ്ങള്‍ കണ്ട് അവര്‍ തിരിച്ചറിഞ്ഞു.
കലാപത്തില്‍ സംഘപരിവാര്‍ ആദ്യം ലക്ഷ്യംവെച്ചത് പാസ്റ്റര്‍മാരെയും കന്യാസ്ത്രീകളെയുമായിരുന്നു. റായ്കിയയില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 12 ന് മൂന്നു മൃതദേഹങ്ങള്‍കൂടി അഴുകിയ നിലയില്‍ കണ്ടെത്തി. ജി ഉദയഗിരി സ്വദേശി മാത്യു നായിക്കിന്റെതായിരുന്നു മൃതദേഹങ്ങളില്‍ ഒന്ന്. ജി ഉദയഗിരിക്ക് അടുത്ത് കാനാബരി സ്വദേശിയായ അദ്ദേഹം പാസ്റ്റര്‍ ആയിരുന്നില്ല.
അധ്യാപകനായിരുന്ന മാത്യുനായിക് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഗുഡ്റായ്കിയ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പാസ്റ്റര്‍ എന്ന് തെറ്റിദ്ധരിച്ച് വി.എച്ച്.പിക്കാര്‍ അദ്ദേഹത്തെ അടിച്ചുകൊല്ലുകയായിരുന്നു. അക്രമികള്‍ തല്ലിച്ചതച്ച് കാട്ടിലെറിഞ്ഞതായിരുന്നു ഭുവനേശ്വര്‍ അതിരൂപതയുടെ പ്രൊക്യൂറേറ്ററായ ഫാ. ബര്‍ണാഡിനെ. ബോധരഹിതനായി കിടന്ന അദ്ദേഹത്തെ പിറ്റേന്ന് ഗ്രാമീണര്‍ രക്ഷപ്പെടുത്തി. തികാബലിയില്‍ അതിരൂപത നടത്തുന്ന ഹോസ്റ്റലിന്റെ ചുമതലക്കാരനായിരുന്ന ഫാദര്‍ ബര്‍ണാഡ് ഇപ്പോള്‍ മുംബൈയില്‍ ചികില്‍സയിലാണ്.
തീക്കുണ്ഠം വിഴുങ്ങിയ രജനിയുടെ തേങ്ങല്‍
ബചാവോ ബചാവോ (രക്ഷിക്കണേ,രക്ഷിക്കണേ) എന്ന രജനിയുടെ നിലവിളി അക്രമികളുടെ അട്ടഹാസങ്ങളില്‍ മുങ്ങിപ്പോയി. പൊള്ളലേറ്റ് പ്രാണന്‍ പിടഞ്ഞ പെണ്‍കുട്ടിയെ അവര്‍ ആയുധങ്ങള്‍കൊണ്ട് വീണ്ടും തീക്കുണ്ഠത്തിലേക്ക് തള്ളി. കരിയിലപോലെ ആ മനുഷ്യജീവന്‍ കത്തിയെരിഞ്ഞു. ഒറീസയില്‍ ഒരു ക്രിസ്ത്യാനിയെക്കൂടി ചാരമാക്കാന്‍ കഴിഞ്ഞതില്‍ ബജ്റംഗ്‌ദള്‍ അനുഭാവികള്‍ സന്തോഷിച്ചുകാണും.
പക്ഷേ, രജനി ക്രിസ്ത്യാനി ആയിരുന്നില്ല. ഹൈന്ദവ മാതാപിതാക്കള്‍ക്ക് പിറന്ന പെണ്‍കുട്ടി. ഹിന്ദുമത വിശ്വാസി. വൈദികന്റെ മേല്‍നോട്ടത്തിലുള്ള അനാഥമന്ദിരത്തില്‍ ജീവിച്ചുവെന്ന് മാത്രം.
ഒറീസയില്‍ ബര്‍ഗഡ് ജില്ലയിലെ പതംപുരയില്‍നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ഖുണ്ഡ്പള്ളില്‍ സാമ്പല്‍പൂര്‍ രൂപതയുടെ കീഴിലുള്ള അനാഥമന്ദിരത്തില്‍ അക്രമികള്‍ ചുട്ടുകൊന്ന ഇരുപതുകാരിയാണ് രജനി. അച്ഛന്‍ ലക്ഷ്മിപ്രസാദ് മഹാകുഡ്.
അച്ഛനും അമ്മയും ആറു സഹോദരിമാരും അടങ്ങിയ ദരിദ്ര കുടുംബമായിരുന്നു രജനിയുടേത്. ദാരിദ്ര്യം മൂലം രജനിയെ മക്കളില്ലാത്ത ഗുച്ചു മജിക്ക് മാതാപിതാക്കള്‍ ദത്ത് നല്‍കി. (ദാരിദ്ര്യം മൂലം കുഞ്ഞുങ്ങളെ വില്‍ക്കുന്നത് ഇവിടെ പതിവ് സംഭവമാണ്). ആ ആദിവാസി കുടുംബത്തില്‍ രജനിക്ക് ആദ്യ ദിനങ്ങള്‍ സന്തോഷകരമായിരുന്നു. പക്ഷേ, അതിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഗുച്ചു ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നു. വളര്‍ത്തുമകളായിരുന്ന രജനി അതോടെ വേലക്കാരിയെപ്പോലെയായി. ദുരിതം സഹിക്കാതായപ്പോള്‍ രജനി അനാഥമന്ദിരത്തിലെത്തുകയായിരുന്നു.
അവിടെയുള്ള 20 കുട്ടികള്‍ക്ക് വളര്‍ത്തമ്മയായിരുന്നു അവള്‍. പതംപൂര്‍ വനിതാ കോളജില്‍ ബിരുദ പഠനവും അനാഥമന്ദിരത്തിലെ അമ്മയുടെ ജോലിയും ഭംഗിയായി അവള്‍ നിര്‍വഹിച്ചുപോന്നു ആഗസ്റ്റ് 25 വരെ. ഇനി അനാഥമന്ദിരത്തിന്റെ ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് സെക്വരയുടെ വാക്കുകള്‍:
“അന്ന് (ആഗസ്റ്റ് 25 )ഉച്ചഭക്ഷണം കഴിഞ്ഞിരിക്കവേ ഒന്നരയോടെ എന്റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം. രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ ഗ്രാമീണര്‍ സഹായം തേടി വരുന്നത് പതിവാകയാല്‍ അങ്ങനെ ആരെങ്കിലും വന്നതാണെന്നേ ഞാന്‍ കരുതിയുള്ളൂ. വൈദികന്‍ ആരെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇറങ്ങിച്ചെന്നു. എഴുന്നൂറോളം വരുന്ന സംഘം ആക്രോശിക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ എന്നെ മര്‍ദിക്കാന്‍ തുടങ്ങി.
മുറ്റത്തേക്ക് വലിച്ചിഴച്ച എന്നെ അവര്‍ മര്‍ദിക്കുന്നതുകണ്ട് കുട്ടികള്‍ പരിഭ്രാന്തരായി ഓടി. രജനിയെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. എന്നെ മുറിയിലാക്കി കിടക്കയും വസ്തങ്ങളും മുകളിലിട്ട് പെട്രോള്‍ ഒഴിച്ച് തീയിട്ടു. ഞാന്‍ രക്ഷപ്പെടാതിരിക്കാന്‍ വാതില്‍ അവര്‍ പുറമേ നിന്നു പൂട്ടിയിരുന്നു. മുറിയിലെ തീനാളങ്ങള്‍ക്കിടയിലൂടെ ഞാന്‍ ബാത്ത് റൂമില്‍ കടന്ന് വാതിലടച്ചു.
രജനിയുടെ നിലവിളി തൊട്ടപ്പുറത്തുള്ള മുറിയില്‍ നിന്നും കേള്‍ക്കാമായിരുന്നു. ഏറെ നേരം കഴിയാതെ തന്നെ ആ നിലവിളി നിലച്ചു. അവള്‍ രക്ഷപ്പെട്ടിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ബാത്ത് റൂമിന്റെ ഇരുമ്പുവാതില്‍ തുറക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇഷ്ടിക തുളച്ച് അകത്തുകടക്കാനും ശ്രമിച്ചിരുന്നു.'
രജനിയെ കൂട്ടമാനഭംഗം ചെയ്തശേഷം കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.കൈകള്‍ രണ്ടും കെട്ടിയശേഷം തീയിലേക്ക് അവളെ വലിച്ചെറിഞ്ഞു.ഓര്‍ഫനേജിലെ കുട്ടികള്‍ ഗ്രാമത്തിലെത്തിയറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമീണര്‍ ഓടിവന്നെങ്കിലും എഴുന്നൂറോളം വരുന്ന സംഘം അക്രമം തുടരുകയായിരുന്നു. ഫാ. എഡ്വേര്‍ഡിന്റെ മരണം ഉറപ്പാക്കാന്‍ അവര്‍ രണ്ടു മണിക്കൂറോളം മുറിക്ക് കാവല്‍ നിന്നു. പിന്നീട് പോലിസ് എത്തി അക്രമികളെ തുരത്തിയശേഷം അദ്ദേഹത്തെ പുറത്തെടുക്കുമ്പോള്‍ ബോധരഹിതനായി രുന്നു; ഗുരുതരാവസ്ഥയിലുമായിരുന്നു.
പത്തുവര്‍ഷമായി കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. എഡ്വേര്‍ഡ് അനാഥബാല്യങ്ങള്‍ക്കും കുഷ്ഠരോഗികളുടെ മക്കള്‍ക്കും വേണ്ടി തുടങ്ങിയതാണ് അനാഥശാല. 'കുഷ്ഠരോഗം വന്നാല്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും. കുഷ്ഠം ബാധിച്ചവര്‍ക്കുള്ള പ്രത്യേക ഗ്രാമത്തിലേ പിന്നെ രോഗികള്‍ക്ക് ജീവിക്കാനാകൂ. അവരുടെ കുഞ്ഞുങ്ങള്‍ അനാഥരാകും. ആ കുട്ടികളെയോര്‍ത്താണ് വളരെ ചെറിയ രീതിയില്‍ ഓര്‍ഫനേജ് തുടങ്ങിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ പൂര്‍ത്തിയായി വരുന്നതേയുളളൂ. രജനി പഠിക്കാന്‍ മിടുക്കിയായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മറ്റെവിടെയെങ്കിലും പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടതാണ്. ഇവിടെ നിന്ന് പോയാല്‍ പഠനം മുടങ്ങുമെന്നു പറഞ്ഞതിനാലാണ് തുടരാന്‍ അനുവദിച്ചത്. അവള്‍ ഇവിടെ നിന്ന് പോയിരുന്നെങ്കില്‍ ഇങ്ങനെയൊരു അന്ത്യം ഉണ്ടാകുമായിരുന്നില്ല”, ഫാ. എഡ്വേര്‍ഡിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അക്രമത്തിനും കൊലപാതകത്തിനും രണ്ടുപോലിസുകാര്‍ സാക്ഷിയായിരുന്നുവെന്ന് ദൃൿസാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം കുട്ടികള്‍ ഗ്രാമത്തിലേക്ക് മടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമേ ഇപ്പോള്‍ ഓര്‍ഫനേജിലുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രജനിയെ കൂട്ടമാനഭംഗം ചെയ്യുന്നതും ചുട്ടുകൊല്ലുന്നതും കണ്ടവരൊന്നും സാക്ഷി പറയാന്‍ തയാറല്ലത്രെ. “രജനിയുടെ നിലവിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു. മരണം വരെ അത് എന്നെ വേട്ടയാടും ”ഫാ.എഡ്വേര്‍ഡ് പറയുന്നു.
ആതുര സേവനത്തിന് എത്തിയവരും ആക്രമണത്തിന്റെ ഇരകള്‍
അര്‍ധരാത്രിയില്‍ ലോകം ഉറങ്ങുമ്പോള്‍ ദാരാസിംഗും സംഘവും ഉണര്‍ന്നിരുന്നു; ഒറീസയില്‍ വംശഹത്യയുടെ പ്രാഥമിക പരീക്ഷണത്തിനായി. ഇരുട്ടിന്റെ മറവില്‍ 1999 ജനുവരി 23 ന് അര്‍ധരാത്രി അവര്‍ വിജയകരമായി അതു നിര്‍വഹിച്ചു. ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്ത്രേലിയന്‍ മിഷനറിയും അദ്ദേഹത്തിന്റെ മക്കളായ തിമോത്തി, ഫിലിപ്പ് എന്നിവരുമായിരുന്നു ഇരകള്‍.
ബാരിപാഡയില്‍ കുഷ്ഠരോഗികള്‍ക്കായി പുനരധിവാസകേന്ദ്രം നടത്തിയിരുന്ന സ്റ്റെയിന്‍സ് കൊഞ്ഞാര്‍ ജില്ലയിലെ മനോഹര്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു. കടുത്ത ശൈത്യം മൂലം യാത്ര തുടരാനാവാതെ അവര്‍ അന്ന് രാത്രി വാഹനത്തില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു. അര്‍ധരാത്രിയിലെ ബഹളത്തില്‍ കുഞ്ഞുങ്ങളും സ്റ്റെയിന്‍സും ഉണര്‍ന്നത് മരണത്തിലേക്കാണ്. ദാരാസിംഗ് എന്ന കുപ്രസിദ്ധ കുറ്റവാളിയും അമ്പതോളം വരുന്ന സംഘവും ചേര്‍ന്ന് സ്റ്റെയിന്‍സിനെയും ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെയും വിളിച്ചുണര്‍ത്തി ശൂലം കൊണ്ട് കുത്തി വീഴ്ത്തി. പിന്നെ അവരെ ജീപ്പില്‍ കെട്ടിയിട്ടശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നെഞ്ചോട് ചേര്‍ത്ത് മക്കളെ കെട്ടിപ്പുണര്‍ന്നുകൊണ്ട് സ്റ്റെയിന്‍സ് കത്തിയെരിഞ്ഞു. 1965 ല്‍ ഒറീസയില്‍ എത്തി 32 വര്‍ഷം കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ച സ്റ്റെയിന്‍സിന് വര്‍ഗീയതയുടെ കുന്തമുനയില്‍ ദാരുണമായ അന്ത്യം. ക്രിസ്ത്യാനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമണത്തിന്റെ തുടക്കം.
ഒറീസയില്‍ സംഘപരിവാര്‍ ഇപ്പോള്‍ വേട്ടയാടുന്ന മിഷനറിമാരില്‍ പലരെയും ആതുരസേവനത്തിനായി സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ചുവരുത്തുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഒറീസയെ തളര്‍ത്തിയ കുഷ്ഠരോഗത്തോട് പൊരുതാന്‍ ആളില്ലാതെയാണ് മിഷനറിമാരെ ആതുരസേവനത്തിന് ക്ഷണിച്ചത്. ഈ പൂര്‍വചരിത്രം വര്‍ഗീയ കലാപകാരികള്‍ക്കുനേരെ കണ്ണടക്കുന്നവര്‍ മറക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ പട്ടികയിലാണ് കുഷ്ഠം. കുഷ്ഠരോഗികള്‍ ഇപ്പോഴും ഒറീസയിലെ സാധാരണ കാഴ്ചയത്രെ.
കുഷ്ഠം ദൈവശാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ ഗ്രാമീണര്‍. രോഗികളെ, ശാപം പേറുന്നവര്‍ എന്ന് മുദ്രകുത്തി ജന്മനാട്ടില്‍നിന്ന് പുറത്താക്കുന്നതാണ് നാട്ടുനടപ്പ്. പിന്നെ അവര്‍ക്ക് അഭയം കുഷ്ഠരോഗികളുടെ ഗ്രാമങ്ങള്‍ മാത്രമാണ്. ചികില്‍സ നല്‍കാന്‍പോലും പണ്ട് ആളില്ലായിരുന്നു. വേദനിക്കുന്നവരുടെ ആ ലോകത്ത് സാന്ത്വനമേകാന്‍ മിഷനറിമാരെത്തി. അവരില്‍ ഒരാളായിരുന്നു സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും. ബാരിപാഡയില്‍ അവര്‍ കുഷ്ഠരോഗികള്‍ക്കായി ആശുപത്രി തുറന്നു.
രോഗികള്‍ക്ക് ചികില്‍സയും രോഗം ഭേദപ്പെടുന്നവര്‍ക്ക് പുനരധിവാസവുമായിരുന്നു അവരുടെ മിഷനറി പ്രവര്‍ത്തനം. ഈ രോഗികളില്‍ പലരും ക്രിസ്ത്യാനികളായി മാറിയിരുന്നു. സ്റ്റെയിന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ വ്യാപിച്ചിരുന്നു. ആദിവാസികള്‍ക്കും രോഗികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായപ്പോള്‍ സ്റ്റെയിന്‍സിനെയും കുടുംബത്തെയും നശിപ്പിക്കേണ്ടത് വര്‍ഗീയ സംഘടനകളുടെ ലക്ഷ്യമായി. അല്‍പകാലം കൂടി ഒറീസയില്‍ തുടര്‍ന്ന ഗ്ലാഡിസ് ദാരാസിംഗിന് മാപ്പ് നല്‍കിയശേഷം മകള്‍ എസ്തേറിനെയും കൂട്ടി ആസ്ത്രേലിയയിലേക്ക് മടങ്ങി. ഏറ്റവും ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച് ദാരാസിംഗിന് കോടതി വധശിക്ഷ നല്‍കി. അപ്പീലിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കിയിട്ടില്ല.
പ്രത്യേക കാലാവസ്ഥയും ദാരിദ്ര്യവും കുഷ്ഠരോഗം വിളയുന്ന മണ്ണാക്കി ഒറീസയെ മാറ്റിയെന്നാണ് പറയുന്നത്. 'നിര്‍മാജനം ചെയ്യപ്പെട്ട' രോഗത്തിന് സര്‍ക്കാറിന്റെ പ്രതിരോധ പദ്ധതികളില്ല.
കുഷ്ഠരോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയവരില്‍ മദര്‍ തെരേസയും ഉണ്ടായിരുന്നു. മദര്‍തെരേസയുടെ നേതൃത്വത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി 1974ല്‍ ഭുവനേശ്വറിനടുത്ത് സത്യനഗറില്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ഭൂമിയില്‍ ആദ്യമഠം തുടങ്ങി. ഭുവനേശ്വറില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന കുഷ്ഠരോഗി പുനരധിവാസകേന്ദ്രത്തില്‍ 250 രോഗികളുണ്ട്. ബജ്റംഗ്‌ദളോ വി.എച്ച്.പിയോ കടന്നുചെല്ലാത്ത കുഷ്ഠരോഗികളുടെ കോളനികളില്‍ ഈ കന്യാസ്ത്രീകള്‍ സ്ഥിരം സന്ദര്‍ശകരാണ്. എന്നാല്‍, “മതം മാറ്റത്തിനായല്ല. രോഗം മാറ്റാനാണ് ഞങ്ങള്‍ അവിടെ പോകുന്നത്. പതിമൂന്ന് വര്‍ഷമായി ഞങ്ങളുടെ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് ഹൈന്ദവനാണ് ”സിസ്റ്റര്‍ അഡ്രിയാന്‍ പറഞ്ഞു.
ഞങ്ങള്‍ രോഗികളുടെ മതം ചോദിക്കാറില്ല. മതം മാറ്റുന്നു എന്ന ആരോപണം ഇവിടെ ഞങ്ങള്‍ക്കെതിരെ ഇല്ലായിരുന്നു. ഞങ്ങളുടെ മഠങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ കുറവാണ്. ഞങ്ങള്‍ നിരവധിപേരെ വാഹനങ്ങളില്‍പോയി സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു. ഒറീസയിലെ പന്ത്രണ്ടു മഠങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിക്ക് 72 കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്നു. ആതുര സേവന കേന്ദ്രങ്ങളും അഗതിമന്ദിരങ്ങളും മാത്രമേ അവര്‍ക്കുള്ളൂ. സമ്പാദ്യങ്ങളും സ്ഥാപനങ്ങളുമില്ലാത്തവര്‍. അതുകൊണ്ടാകാം അവര്‍ ആക്രമിക്കപ്പെടാത്തതും. എന്നാല്‍, മറ്റ് സഭകളുടെ സ്ഥിതി അതല്ല. കേരളത്തിലേതുപോലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയെ നയിക്കുന്നത് സഭകളാണ്.
ഇരുണ്ട ജില്ലയായിരുന്ന കാണ്ഡമലില്‍ വിദ്യാഭ്യാസം എത്തിച്ചത് ക്രിസ്ത്യാനികളാണ്. നൂറിലേറെ വര്‍ഷം മുമ്പ് കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ ഇവിടെ എത്തിയിരുന്നു. ആദിവാസികള്‍ക്കിടയില്‍ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ മത പരിവര്‍ത്തനം സ്വാഭാവികമായി. ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് സംഘപരിവാര്‍ ആരോപിക്കുന്നു. എന്നാല്‍, സ്വാഭാവിക മതമാറ്റം എന്നാണ് സഭകളുടെ നിലപാട്.
മതംമാറ്റത്തിനു പിന്നില്‍ ദാരിദ്ര്യം
ഒറീസയില്‍ ക്രിസ്ത്യാനികള്‍ രണ്ടു ശതമാനം മാത്രം. എന്നാല്‍, കലാപബാധിത ജില്ലയായ കാണ്ഡമലില്‍ 30 ശതമാനം ക്രിസ്താനികളാണ്. 1971ല്‍ കേവലം ആറു ശതമാനമായിരുന്ന അവര്‍ 2001 ആയപ്പോള്‍ 27 ശതമാനമായി ഉയര്‍ന്നതിനു പിന്നില്‍ മതപരിവര്‍ത്തനമാണെന്നാണ് സംഘ്പരിവാര്‍ സംഘടനകളുടെ വാദം. ഈ നില തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണ്ഡമല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായി മാറുമെന്ന് അവര്‍ ഭയപ്പെടുന്നു.
എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയില്‍ മതപരിവര്‍ത്തനം ഒരു ഘടകമാണെന്ന് ക്രിസ്ത്യന്‍ സംഘടനകളും സമ്മതിക്കുന്നുണ്ട്. മതംമാറ്റത്തിനെതിരെ 1967ല്‍ നിയമസഭ നിയമം കൊണ്ടുവന്നതോടെ മതംമാറ്റം അപൂര്‍വമായെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പുകള്‍ ശക്തമായതിനാല്‍ മതംമാറാന്‍ എത്തുന്നവരെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വരാനാണ് പറയാറുള്ളതെന്ന് ഭുവനേശ്വര്‍ അതിരൂപതയുടെ വികാരി ജനറല്‍ ഫാ. ജോസഫ് കളത്തില്‍ പറയുന്നു “നിര്‍ബന്ധിത മതംമാറ്റം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. മാത്രമല്ല അതിന് ഒട്ടേറെ നടപടിക്രമങ്ങളുമുണ്ട്. അവ യഥാവിധി പൂര്‍ത്തിയാക്കി എത്തുന്നവരെ മാത്രമേ സ്വീകരിക്കാറുള്ളൂ. വിദ്യാഭ്യാസത്തിനും മറ്റു സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.”
മതം മാറ്റം മനസ്സിന്റെ മാറ്റമാണെന്നും അത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ബാപ്റ്റിസ്റ്റ് സഭാ നേതാവ് ഡോ. സ്വരൂപാനന്ദപത്ര പറയുന്നു.
ആദിവാസികളുടെയും ദലിതരുടെയും കൂട്ട മതംമാറ്റത്തിന്റെ കാരണങ്ങള്‍ ജില്ലയുടെ സാമൂഹിക സാമ്പത്തിക സ്ഥിതിവിവര കണക്കുകളില്‍നിന്ന് വ്യക്തം. രാജ്യത്തെ പരമദരിദ്രമായ ജില്ലയാണ് കണ്ഡമാല്‍. ദാരിദ്ര്യരേഖക്കു മുകളിലുള്ളവരുടെ എണ്ണം 25 ശതമാനത്തില്‍ താഴെ മാത്രം. ദാരിദ്ര്യവും നിരക്ഷരതയുമാണ് കണ്ഡമാലിന്റെ മുഖമുദ്ര. പകുതിയിലേറെപ്പേര്‍ ആദിവാസികള്‍. ബാക്കി ദലിതരും.
കൊന്ദ ഗോത്രവര്‍ഗത്തില്‍പെട്ടവരാണ് ആദിവാസികള്‍. ദലിതര്‍ പണവിഭാഗം. ഇതില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്.
ക്രിസ്ത്യന്‍ മിഷനറിമാര്‍ കടന്നുവന്നതോടെ കാണ്ഡമലില്‍ നിരവധി സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആശുപത്രികളും ഏറെയായി. സ്വാഭാവികമായും മതംമാറ്റവും വന്നു. പരിവര്‍ത്തിത ക്രിസ്ത്യാനികളില്‍ നല്ലൊരു ശതമാനവും സാക്ഷരത നേടി. ആദിവാസി ക്രിസ്ത്യന്‍ വീടുകളിലെ യുവാക്കളില്‍ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നവരെ കണ്ടിരുന്നു. അവരുടെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ പേരെ മതംമാറ്റത്തിന് പ്രേരിപ്പിച്ചു. ദാരിദ്ര്യരേഖക്കു മുകളിലുള്ള 25 ശതമാനത്തില്‍ നല്ലൊരു പങ്കും ക്രിസ്ത്യാനികളായി. ഈ അസമത്വമായിരുന്നു സംഘപരിവാറിന്റെ മറ്റൊരു ആയുധം. അഭ്യസ്തവിദ്യരായ ക്രിസ്ത്യാനികള്‍ സംവരണ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നായി പ്രചാരണം. മതംമാറിയവരില്‍ പലരും ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് രേഖകളില്‍ ഹിന്ദുത്വം നിലനിര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട മൂന്നു ക്രിസ്ത്യാനികളുടെ റവന്യൂ രേഖകളില്‍ അവര്‍ ഹിന്ദുക്കളായിരുന്നു.
മതം മാറ്റത്തിനെതിരേ ശൂലയുദ്ധവുമായി കാണ്ഡമലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി എത്തിയത് അറുപതുകളിലാണ്. വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായിരുന്ന അദ്ദേഹം കുടുംബം ഉപേക്ഷിച്ച് സന്യാസിയാകുകയായിരുന്നു. ചെക്കാപടില്‍ ആയിരുന്നു ആദ്യ ആശ്രമം. പിന്നീട് ജലാസ്‌പടില്‍. ഒട്ടേറെ ക്ഷേമപദ്ധതികള്‍ അദ്ദേഹം കുട്ടികള്‍ക്കുവേണ്ടി ഹോസ്റ്റലും സ്കൂളുകളും തുടങ്ങി ക്രിസ്ത്യന്‍ മുന്നേറ്റത്തെ തടയാന്‍ സ്വാമി ശ്രമം നടത്തി. സംഘപരിവാറിന് ഒറീസയില്‍ മേല്‍വിലാസമുണ്ടാക്കിയത് ലക്ഷ്മണാനന്ദ സ്വാമിയായിരുന്നത്രെ.
സ്വാമിക്ക് തടയാന്‍ കഴിയുന്നതായിരുന്നില്ല കാണ്ഡമലില്‍ 120 വര്‍ഷം മുമ്പേ എത്തിയ ക്രിസ്ത്യാനികളുടെ വളര്‍ച്ച. സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ച് മിഷനറിമാര്‍ പാവപ്പെട്ടവരെ അവരുടെ മതത്തിലേക്ക് ആകര്‍ഷിച്ചു. മതപരിവര്‍ത്തനം തുടര്‍ന്നുള്ള സ്വാഭാവിക പ്രതിഭാസമായി. ഗോവധനിരോധം ലംഘിക്കുന്നുവെന്ന പ്രചാരണത്തിലൂടെയാണ് സ്വാമി അവരെ നേരിട്ടത്. അത് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ശത്രുതയുണ്ടാക്കി. ക്രിസ്ത്യാനികള്‍ സ്വാമിക്കും അദ്ദേഹം ക്രിസ്ത്യാനികള്‍ക്കും ശത്രുക്കളായി.
മുമ്പ് രണ്ടു തവണ സ്വാമിക്കുനേരെ വധശ്രമം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പ് ആശ്രമത്തില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. അദ്ദേഹം നേരിട്ട് പോലിസില്‍ പരാതി നല്‍കിയെങ്കിലും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല.
സംസ്ഥാനം ജന്മാഷ്ടമി ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ആഗസ്റ്റ് 23ന് രാത്രി ജലാസ്സ്‌പട് ആശ്രമത്തില്‍ സ്വാമി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. കുളിമുറിയിലായിരുന്ന സ്വാമിയെ മുപ്പതോളം പേര്‍ വെടിവച്ചുവീഴ്ത്തി. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലു അനുയായികളും തോക്കിനിരയായി.
സ്വാമിയെ കൊന്നതാര് എന്ന ചോദ്യത്തിന് ക്രിസ്ത്യാനികള്‍ എന്ന മറുപടിയാണ് ഭൂരിപക്ഷം ഒറീസക്കാരും നല്‍കുന്നത്. ക്രിസ്ത്യാനികള്‍ ഒഴികെ ഒട്ടുമിക്കവരും അങ്ങനെ വിശ്വസിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ബാരകാമയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടന്ന ബജ്റംഗ്‌ദള്‍ അക്രമങ്ങള്‍ക്ക് മാവോയിസ്റ്റുകളുടെ സഹായത്തോടെ നല്‍കിയ തിരിച്ചടിയാണത്രേ സ്വാമിയുടെ വധം.
മാവോയിസ്റ്റുകള്‍ കൊലപാതകത്തിന് ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംഘപരിവാറോ പോഷകസംഘടനകളോ അത് അംഗീകരിക്കാന്‍ തയാറല്ല. മാവോയിസ്റ്റുകള്‍ അവകാശവാദം ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പോലിസ് ആ വഴികളും അന്വേഷിക്കുന്നുണ്ട്. ഛത്തീസ്‌ഗഢിനോട് അടുത്തുള്ള കാണ്ഡമലില്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള സ്വാമിയുടെ പ്രവര്‍ത്തനങ്ങളില്‍ മാവോയിസ്റ്റുകള്‍ രോഷാകുലരുമായിരുന്നു.
മാത്രമല്ല പാവങ്ങള്‍ക്കിടയിലുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാവോയിസ്റ്റുകൾ പിന്തുണയും നല്‍കുന്നു.
വന്ദ്യവയോധികനായ സ്വാമിയുടെ കൊലപാതകത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ സ്വന്തം ആളുകള്‍ തന്നെയെന്ന് ക്രിസ്ത്യാനികള്‍ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചിട്ടും സംരക്ഷണം ഉറപ്പാക്കാത്തതില്‍ ദുരൂഹതയുള്ളതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരാണ്. പക്ഷേ, പകയൊടുങ്ങാത്ത വര്‍ഗീയവാദികളുടെ ഹിറ്റ്ലിസ്റ്റില്‍ മലയാളിയായ ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് ഉള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. സ്വാമിയുടെ കൊലപാതകത്തിന് തത്തുല്യമായ തിരിച്ചടിക്ക് കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍.
****
ജയിംസ് പുതുക്കുളം, കടപ്പാട് : മാദ്ധ്യമം
Subscribe to:
Post Comments (Atom)
1 comment:
സംഘപരിവാറിന്റെ തിരക്കഥയനുസരിച്ച് ഗുജറാത്ത് വംശഹത്യയുടെ രണ്ടാം ഭാഗം അരങ്ങേറിയത് ഒറീസയില്‍. ഗാന്ധിയുടെ നാട്ടില്‍ മുസ്ലിംകളായിരുന്നു ഇരകളെങ്കില്‍ ഒറീസയില്‍ തെരഞ്ഞുപിടിച്ച് കത്തിച്ചത് ആദിവാസി, ദലിത് സമൂഹങ്ങളില്‍ നിന്നുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളെ. വി.എച്ച്.പിക്കാര്‍ അഴിഞ്ഞാടിയ ഒറീസയുടെ മണ്ണില്‍ വര്‍ഗീയതയുടെ ജ്വാലകള്‍ അണഞ്ഞിട്ടില്ല. അക്രമത്തിന്റെ സിരാകേന്ദ്രമായ കാണ്ഡമല്‍ ജില്ല അടക്കം ഒറീസയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച മാധ്യമം ലേഖകന്റെ റിപ്പോർട്ട് ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.
Post a Comment