Tuesday, September 23, 2008

കമ്പോള മൌലികതാ വാദം ജനാധിപത്യവിരുദ്ധം

എപിജി ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് അതിപ്രധാനമായ ഒരു വിഷയത്തെക്കുറിച്ച്, ധനമേഖലാ പരിഷ്കാരങ്ങള്‍ക്കുള്ള രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്, സംസാരിക്കാന്‍ ഇങ്ങനെയൊരവസരം കിട്ടിയത് എനിക്കുള്ള ഒരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഈയിടെയായി പുതിയ പരിഷ്‌കാരങ്ങളുടെ കാലത്ത്, കമ്മിറ്റികള്‍ നിയോഗിക്കപ്പെടുന്നത് രാജ്യത്തിന് ഉത്തമമായതെന്തെന്ന് നിഷ്പക്ഷമായി കണ്ടെത്താനായല്ല, മറിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശുപാര്‍ശകള്‍ എഴുതിവാങ്ങാനാണ്. പക്ഷേ പലപ്പോഴും ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ പരിമിതികളാല്‍ സര്‍ക്കാറിന് കഴിയാതെ പോവാറുണ്ട്. അതുകൊണ്ട് ഒരു പക്ഷേ രഘുറാം രാജന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാനായിക്കൊള്ളണമെന്നില്ല. പക്ഷേ അത് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടാണ്. ധനകാര്യമേഖലയെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട് എങ്ങനെ പോവണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു റോഡ് മാപ്പാണിത്.

തീര്‍ച്ചയായും ഇതൊരു ഗഹനമായ വിഷയമാണ്. ഈ ചെറിയ പ്രഭാഷണത്തിലൂടെ അതിനോട് നീതിപുലര്‍ത്താനാവുകയില്ല. പക്ഷേ അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കു തോന്നുന്ന ചില വശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രമാണ് ഞാനുദ്ദേശിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ഏക കടമ വിലനിലവാരം പിടിച്ചു നിര്‍ത്തുക എന്നതാവണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിനായി ഒരൊറ്റ ഉപകരണമേ ഉപയോഗിക്കാവൂ എന്നും, അത് ഹ്രസ്വകാല പലിശനിരക്കും റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും മാത്രമായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഒരൊറ്റ ലക്ഷ്യം, ഒരൊറ്റമാര്‍ഗം; ലക്ഷ്യം വിലക്കയറ്റം തടയല്‍. മാര്‍ഗം ഹ്രസ്വകാല പലിശനിരക്ക്.

വിലനിലവാരം പിടിച്ചു നിര്‍ത്തണമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരുനില്‍ക്കാനാവുമോ? പക്ഷേ റിപ്പോര്‍ട്ടിന്റെ വിവക്ഷകള്‍ സൂക്ഷ്മമായി നോക്കിയാല്‍ പലതും വ്യക്തമാകും. റിസര്‍വ് ബാങ്ക് വിലക്കയറ്റം മാത്രം തടഞ്ഞു നിര്‍ത്തുകയും ഹ്രസ്വകാല പലിശ നിരക്ക് വഴി മാത്രം ഇടപെടുകയും ചെയ്താല്‍ വിനിമയ നിരക്കിന്റെ കാര്യമെന്താവും? നിങ്ങള്‍ക്കറിയാം, വിദേശനിക്ഷേപം ഒഴുകി വരുമ്പോഴൊക്കെ, റിസര്‍വ് ബാങ്ക് ഇടപെടാറുണ്ട്. അങ്ങിനെ ഇടപെട്ട് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിനിമയ നിരക്കാണ് രാജ്യത്തെ രൂപയുടെ വിനിമയ നിരക്ക് നിര്‍ണയിക്കുക. സമീപകാലംവരെ, വന്‍തോതിലുള്ള വിദേശനാണ്യം കടന്നുവന്നപ്പോഴൊക്കെ അത് വാങ്ങിക്കൊണ്ട് രൂപ പകരം നല്‍കി റിസര്‍വ് ബാങ്ക് വിനിമയ നിരക്ക് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അങ്ങനെയാണ് 320 ബില്യണ്‍ ഡോളര്‍ വിദേശനാണ്യ റിസര്‍വ് നമുക്കുണ്ടായത്.

അങ്ങനെ നോക്കിയാല്‍ എക്സ്ചേഞ്ച് നിരക്ക് മാര്‍ക്കറ്റി ലെ പ്രധാന കളിക്കാരന്‍ റിസര്‍വ് ബാങ്കായിരുന്നു എന്നുകാണാം.

റിസര്‍വ് ബാങ്ക് പണപ്പെരുപ്പം മാത്രം നോക്കിയാല്‍ മതിയെങ്കില്‍, വിനിമയ നിരക്കിന്റെ കാര്യമെന്താവും? അത് കമ്പോളം നിര്‍ണ്ണയിച്ചുകൊള്ളും എന്നാണ് രഘുറാം രാജന്‍ കമ്മിറ്റി പറയുന്നത്. കൂടുതല്‍ വിദേശനാണ്യം കടന്നുവരുമ്പോള്‍ രൂപയുടെ വിനിമയ നിരക്ക് കൂടും. പക്ഷേ അതൊക്കെ മാര്‍ക്കറ്റ് നോക്കിക്കൊള്ളട്ടെ എന്നാണ് രഘുറാം രാജന്‍ പറയുന്നത്.

ധനക്കമ്മി വന്നാല്‍ സര്‍ക്കാരിന് ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാം. റിസര്‍വ് ബാങ്ക് പണപ്പെരുപ്പകാര്യം മാത്രം നോക്കിയാല്‍ മതിയെങ്കില്‍ സര്‍ക്കാറിന്റെ ധനനയമെന്താവും? സര്‍ക്കാറിന് വന്‍തുക ധനക്കമ്മിയുണ്ടെന്ന് കരുതുക. തീര്‍ച്ചയായും അത് പലിശ നിരക്കിനെ ബാധിക്കും. അങ്ങനെ വന്നാല്‍ റിസര്‍വ് ബാങ്കിന് മാത്രമായി പലിശ നിരക്കിനെ നിയന്ത്രിക്കാനാവില്ല. പിന്നെയെന്താണ് പോംവഴി? ധനക്കമ്മി നിയന്ത്രിക്കുക തന്നെ. അതിനര്‍ത്ഥം, ബജറ്റ് അതിന് കണക്കാക്കി ബാലന്‍സ് ചെയ്യാനും ധനകമ്മി 3% മാക്കി ചുരുക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും എന്നുതന്നെ. എന്നു വെച്ചാല്‍ സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ തന്നെ.

ഇതിന്റെ പ്രത്യാഘാതമോ? സര്‍ക്കാറിന് ആകെ ചെയ്യാനാവുക ബജറ്റിലെ ധനക്കമ്മി മുന്‍കൂട്ടി നിശ്ചയിച്ച നിരക്കിലേക്ക് ചുരുക്കിക്കൊണ്ടുവരിക എന്നതാണ്. വിനിമയ നിരക്ക് സംബന്ധിച്ച് യാതൊരു നയവും കൈക്കൊള്ളേണ്ടതില്ല. കാരണം അതൊക്കെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണ്. അതാകട്ടെ, ആ സ്വയംഭരണസ്ഥാപനം പരിപാലിച്ചുപോരുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലുള്ള ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം.

സര്‍ക്കാര്‍ എന്താണ് ചെയ്യുക, കാര്യങ്ങളെല്ലാം കമ്പോളത്തിന് വിട്ടാല്‍? എത്ര നികുതി ചുമത്തണം, എത്ര കാശ് ചെലവാക്കണം, ധനക്കമ്മി എത്രയാവണം, ബജറ്റിലെ കറന്റ് എക്കൌണ്ട് കമ്മി എത്ര എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാം.

ബഡ്‌ജറ്റ് നയം തന്നെ നിലവിലുള്ള നിയമമനുസരിച്ച് കര്‍ശന നിയന്ത്രണത്തിന് വിധേയമാണ്. സ്വയം അടിച്ചേല്‍പ്പിച്ച ആ നിയന്ത്രണങ്ങള്‍ തന്നെ സര്‍ക്കാര്‍ നിരന്തരമായി ലംഘിക്കുകയാണ്. എന്നാല്‍ ഇനിയിപ്പോള്‍ അതിനും കഴിയാതാവും. കാരണം ധനക്കമ്മി നയത്തില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം തന്നെ വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണ്. സര്‍ക്കാറിന് ഒരിടമില്ല, സ്വയംഭരണാവകാശമില്ല. തന്ത്രപൂര്‍വം ഇടപെടാനുള്ള യാതൊരു സാധ്യതയുമില്ല. പലിശനയം റിസര്‍വ് ബാങ്ക് നോക്കിനടത്തും. എല്ലാ പ്രധാന സാമ്പത്തിക നയങ്ങളിലും സര്‍ക്കാറിന് ഒരു പങ്കുമില്ല. ഇത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കലാണ്. സ്വയംഭരണാവാകാശമുള്ള റിസര്‍വ് ബാങ്ക് പലിശനിരക്ക് നയം തീരുമാനിക്കുമെങ്കില്‍, അക്കാര്യങ്ങളാകെ തീരുമാനിക്കാനുള്ള സാമ്പത്തിക സാര്‍ ചക്രവര്‍ത്തിയായിരിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പരിപൂര്‍ണ സ്വതന്ത്രന്‍. സര്‍ക്കാറിന് ഒരു പങ്കും നിറവേറ്റാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍ക്കാര്‍ ഇടപെടലിനും പുറത്തായിരിക്കും അയാള്‍.

ഒരു ഭാഗത്ത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുന്നതും അതിനെ ദുര്‍ബലമാക്കുന്നതുമാണ് ഈ നയം. അതോടൊപ്പം ഇത്തിരി ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുള്ള പണനയത്തിന്റെ കാര്യം തീരുമാനിക്കാന്‍ സാമ്പത്തിക സാറിനായിരിക്കും അധികാരം. ഈ സാറാകട്ടെ ധനകാര്യ സമൂഹത്തിന്റെ മനസ്സിനിണങ്ങിയ ഒരാളായിരിക്കണം താനും. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.

ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ ആവുന്നതെങ്ങനെ എന്ന കാര്യത്തില്‍ എനിക്ക് അത്ഭുതമുണ്ട്. സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏക സംവിധാനം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിലൂടെയാണ് എക്സിക്യൂട്ടീവിന്റെ നേതൃത്വം ഉരുത്തിരിഞ്ഞുവരിക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന മന്ത്രിമാര്‍ക്കും. സര്‍ക്കാറിന്റെ എക്കണോമിക് സാറിന് ജനങ്ങളോട് യാതൊരുത്തരവാദിത്തവുമുണ്ടാകില്ല. കാരണം അയാളെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആരോടും ഉത്തരം പറയാനുമില്ല. നേരെ മറിച്ച് രാഷ്ട്രീയമായി ഉത്തരവാദിത്തമുള്ളതും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥവുമായ സര്‍ക്കാരിന്റെ കാര്യത്തിലാവട്ടെ നയരൂപീകരണ കാര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരാണ്.

പണപ്പെരുപ്പ നിയന്ത്രണം മാത്രമാണ് റിസര്‍വ് ബാങ്കിന്റെ ഏക ജോലി എന്നാണ് പറയുന്നത്. അതിനുള്ള ഏക ഉപകരണം ഹ്രസ്വകാല പരിശനിരക്കാണ്. ഇപ്പോള്‍ 12 ശതമാനമാണ് നാട്ടിലെ പണപ്പെരുപ്പം. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഈ പണപ്പെരുപ്പത്തെ നയിക്കുന്നത്. എണ്ണയും, ഭക്ഷ്യധാന്യങ്ങളും. ഇതാകട്ടെ ഇന്ത്യയുടെ മാത്രം കാര്യമല്ലതന്നെ. ലോകമാകെ വ്യാപകമാണീ പ്രവണത. എണ്ണവില വര്‍ധിക്കുന്നു. ഇതിന് ഡോളറിന്റെ തകര്‍ച്ചയുമായി ബന്ധമുണ്ട്. ഡോളറിലുള്ള ധനപരമായ ആസ്തികള്‍ കൈവശം വെക്കുന്നതിലും നല്ലത് എണ്ണയുടെ കാര്യത്തിലുള്ള ഊഹക്കച്ചവടമാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

എന്തുകൊണ്ട് ഡോളര്‍ തകരുന്നു? ഇറാഖിലെ എണ്ണ നിക്ഷേപങ്ങള്‍ അടക്കി വാഴാനായി തുടങ്ങിയ നീക്കം അതിദീര്‍ഘമായ ഒരു യുദ്ധമായി മാറിയതോടെ അതില്‍ നിന്ന് തടിയൂരാനാവാതെ വന്‍ കറന്റ് അക്കൌണ്ട് കമ്മി വരുത്തിവെച്ചതിന്റെ ഫലമാണിത്. അതിന് ആഗോളഘടകങ്ങളുമായി ബന്ധമുണ്ട്. അന്താരാഷ്ട്ര സമ്പദ്‌ വ്യവസ്ഥയിലെ അധികാര ബന്ധങ്ങളുമായി നേരിട്ടു ബന്ധമുണ്ട്. എണ്ണവില ഇങ്ങനെ കുതിച്ചുയരുമ്പോള്‍ അത് നമ്മുടെ സമ്പദ് വ്യവസ്ഥകളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഹ്രസ്വകാല പലിശനിരക്കും റിവേര്‍സ് റെപ്പോ റെയ്റ്റും താഴ്ത്തിക്കൊണ്ട് എങ്ങിനെയാണ് എണ്ണ വില താഴ്ത്തിക്കൊണ്ടുവരാനാവുക എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാനാവുമോ? അതസാധ്യമാണ്. ശ്രീമാന്‍ രാജന്‍ തന്റെ വാദങ്ങളാകെ കെട്ടിപ്പൊക്കുന്ന ഇത്തരം ഒരസംബന്ധ അവകാശവാദം പിന്നെങ്ങനെ ഉയര്‍ത്തപ്പെടുന്നു? ഇത് വില കുതിച്ചുയര്‍ത്തുന്ന പണപ്പെരുപ്പത്തിനെ തീരെ കണക്കിലെടുക്കാതെയുള്ള ഒരു സൈദ്ധാന്തിക ഘടനയാണ്.

ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുന്നത് ഇവിടെ എണ്ണക്ക് വന്‍തോതിലുള്ള ചോദനം ഉള്ളതുകൊണ്ടല്ല. നമ്മുടെ ഇറക്കുമതിക്ക് മുന്‍കാലത്തേക്കാള്‍ ഉയര്‍ന്ന വിലയാണ് നല്‍കുന്നത്. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കോസ്റ്റ് പുഷ് ഇന്‍ഫ്ളേഷന്‍ എന്ന് വിശേഷിപ്പിക്കുക. ശ്രീ രഘുറാം രാജനെപ്പോലുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നേയില്ല. ഇതിന്റെ ഫലമായി ഇവര്‍ പറയുന്നതെന്തെന്നോ? പലിശ നിരക്ക് കൂട്ടാന്‍. നിങ്ങള്‍ പലിശനിരക്ക് ഉയര്‍ത്തുക. അങ്ങനെ ചെയ്താല്‍ ചില ചിലവുകളൊക്കെ ചുരുങ്ങും. ചിലവ് ചുരുങ്ങിയാലോ വിലകള്‍ താഴുകയും ചെയ്യും. അവരുടെ അഭിപ്രായത്തി ല്‍ എണ്ണവിലകൂടിയാല്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും വെട്ടിച്ചുരുക്കുക മാത്രമാണ്. പക്ഷേ നിങ്ങള്‍ക്കറിയാം ഇതുകൊണ്ടൊന്നും എണ്ണവില ചുരുങ്ങുകയില്ല എന്ന്. ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഭക്ഷ്യധാന്യ വിലകള്‍ കുത്തനെ കയറുന്നത് അത് പൂഴ്ത്തിവെപ്പു കാരണമാണെങ്കില്‍ പലിശ നിരക്ക് കൂട്ടിയാല്‍ ഈ ന്യായപ്രകാരം പൂഴ്ത്തിവെപ്പ് കുറയണം.

അത് ഒരു പക്ഷേ വിലകളുടെ മേലുള്ള സമ്മര്‍ദ്ദത്തെ ഒരളവുവരെ കുറച്ചേക്കാം, പക്ഷേ അടിസ്ഥാനപരമായ ഒരു സാഹചര്യം- ഉദാഹരണത്തിന് വേണ്ടത്ര സപ്ലൈ ഇല്ലാതിരിക്കുകയോ ലോക മാര്‍ക്കറ്റില്‍ ആകെ വിലകൂടികൊണ്ടിരിക്കുകയോ പോലുള്ള സാഹചര്യം- ഉണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. അങ്ങനെ വന്നാല്‍, നമ്മുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും നാണയപ്പെരുപ്പത്തിന്റെ പ്രവണത കാണാം. നമ്മള്‍ അടുത്തിടെ വളരെ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു- വാസ്തവം പറഞ്ഞാല്‍, അത് നിയോ ലിബറലുകളുടെ തത്വശാസ്ത്രത്തിന് എതിരാണ്- നാം ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഭക്ഷ്യധാന്യ വില വര്‍ധിക്കാതിരിക്കാന്‍ നാം ശ്രമിച്ചാല്‍ അതെല്ലാം നമ്മുടെ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമായി ലോക മാര്‍ക്കറ്റില്‍ ചെന്നെത്തുമായിരുന്നു. സര്‍ക്കാര്‍ ഭക്ഷ്യധാന്യക്കയറ്റുമതി നിരോധിച്ചത് യഥാര്‍ത്ഥത്തില്‍ വന്‍ സമ്മര്‍ദ്ദ ത്തെ തുടര്‍ന്നാണ്. തീര്‍ച്ചയായും അതൊരു ജനകീയ സമ്മര്‍ദ്ദമായിരുന്നു. നമ്മുടെ ഭക്ഷ്യധാന്യ മാര്‍ക്കറ്റില്‍ ഇടപെടാനും വിലകള്‍ ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനും നമുക്ക് കഴിഞ്ഞതിന് കാരണം ഇതാണ്.

എന്നാല്‍ സംഗതികള്‍ അപ്പാടെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലോക മാര്‍ക്കറ്റിലെ വില വളരെ ഉയര്‍ന്നതാണ്- റെപ്പോ, റിവേഴ്സ് റെപ്പോ നിരക്കുകളുടെ അഴുക്കുതോണ്ടിക്കൊണ്ടൊന്നും നമുക്ക് പണപ്പെരുപ്പം കണക്കാക്കുന്ന വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താനാവില്ല. വാദത്തിനുവേണ്ടി ഒരുകാര്യം സമ്മതിക്കുക. ഈ പലിശനിരക്ക് വ്യത്യാസം പണപ്പെരുപ്പനിരക്ക് കുറയുമെന്ന് സമ്മതിച്ചുകൊടുത്തുകൊണ്ട് രാജന്റെ വാദങ്ങളോട് ഉദാരപൂര്‍വ്വമായ സമീപനം കൈക്കൊള്ളുക. അതങ്ങനെ പണപ്പെരുപ്പ നിരക്ക് കുറക്കുമെങ്കില്‍ അത് അഞ്ചാറുമാസംകൊണ്ടേ കുറയൂ. അല്ലെങ്കില്‍ പത്തുമാസം കൊണ്ട്. അങ്ങനെ വന്ന് വന്ന് പണപ്പെരുപ്പ നിരക്ക് പൂജ്യമായി ചുരുങ്ങിയെന്ന് കരുതുക (അതിപ്പോള്‍ 12 ശതമാനമാണ്). അതിനര്‍ത്ഥം വിലകള്‍ ഏറ്റവും ഉയരെ എത്തിനില്‍ക്കുകയാണെന്നും ഇനിയങ്ങോട്ട് വര്‍ധിക്കാനുമില്ല എന്ന അവസ്ഥയാണെന്നുമാണ്.

ഇന്ത്യയില്‍ നമ്മുടെ തൊഴില്‍ ശക്തിയുടെ 95 ശതമാനത്തിനും കിട്ടുന്നകൂലി വിലക്കയറ്റ സൂചികയുമായി ബന്ധപ്പെട്ടതല്ല. ഇങ്ങനെ വരുമ്പോള്‍, വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ 95% പേര്‍ക്കും യഥാര്‍ത്ഥവരുമാനത്തില്‍ 12%ത്തിന്റെ ഇടിവുണ്ടാകും. ഏത് വിലക്കയറ്റവും ഇവരുടെ യഥാര്‍ത്ഥ വരുമാനത്തിന് എതിരായി ബാധിക്കും. പണപ്പെരുപ്പനിരക്ക് പൂജ്യമായി തീരുമ്പോള്‍പോലും (അങ്ങനെ വരുമ്പോള്‍ ആ വില പണപ്പെരുപ്പം ഉയര്‍ന്നു കാണിക്കുന്ന കാലത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുമല്ലോ? ) അവരുടെ കൂലി ഇന്‍‌ഡക്സ് ചെയ്തിട്ടില്ലാത്തതുകൊണ്ട് പൂജ്യം ശതമാനം പണപ്പെരുപ്പത്തിലും അവരുടെ യഥാര്‍ത്ഥ കൂലി കുറഞ്ഞുകൊണ്ടുതന്നെ ഇരിക്കും.

രാജനെപോലുള്ളവര്‍ വാദിക്കുന്ന തരത്തില്‍ പലിശനിരക്ക് വഴി സര്‍ക്കാര്‍ ഇടപെട്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിജയിച്ചാല്‍ പോലും അത് നിങ്ങളുടെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെയും യഥാര്‍ത്ഥകൂലി ഗണ്യമായി വെട്ടിക്കുറക്കുന്നതിലേക്ക് നയിക്കും. ചിലപ്പോള്‍ ഇത് ക്ഷാമങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇതാണ് 1943ലെ ബംഗാള്‍ ക്ഷാമകാലത്ത് കണ്ടത്. അങ്ങാടിയില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനുണ്ടായിരുന്നു. പക്ഷേ അതിഭീമമായ വില നല്‍കണമെന്ന് മാത്രം. അത് വാങ്ങാനുള്ള കഴിവ് ജനങ്ങള്‍ക്കില്ലതാനും.

12% പണപ്പെരുപ്പത്തിന്റെ കാര്യത്തെക്കുറിച്ച് ഞാന്‍ പറയുകയായിരുന്നല്ലോ. ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 12 ശതമാനം കുറവു വന്നാല്‍ അത് അവരുടെ വാങ്ങല്‍ കഴിവ് കുറക്കും. അതാകട്ടെ ക്ഷാമത്തിലേക്കാണ് നയിക്കുക. മാര്‍ക്കറ്റുകള്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ലെന്ന കാര്യം രാജനെ പോലുള്ളവര്‍ മറക്കുകയാണ് പതിവ്. ഇനി അഥവാ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ തന്നെ അതിന് സമയമെടുക്കും. ഈ അന്തരാളകാലഘട്ടത്തിലെ ദുരിതങ്ങള്‍ അതി ഗുരുതരമായിരിക്കും. അവര്‍ക്കത് താങ്ങാനാവുകയില്ല എന്നുള്ളതാണ് വസ്തുത. കണ്‍മുമ്പില്‍ ഇങ്ങനെ ആത്മഹത്യകള്‍ പെരുതിക്കൊണ്ടിരിക്കെ ജനങ്ങളുടെ പോഷകാഹാരലഭ്യത കൂടെകൂടെ കുറഞ്ഞുകൊണ്ടിരിക്കെ, ഇങ്ങനെ കമ്പോളത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നത്, ഉത്തരവാദിത്യരഹിതമായ നിഗമനമാണ് അര്‍ത്ഥശൂന്യമായ നിലപാടാണ്. ഇതിനകം അത്യാവശ്യസാധനം കിട്ടാതെ ആയിരക്കണക്കിനാളുകള്‍ ചത്തു കഴിഞ്ഞിരിക്കും. നാം നമ്മുടെ കണ്‍മുമ്പില്‍ കേരളത്തില്‍തന്നെ ഇത് കണ്ടതാണ്. കര്‍ഷകാത്മഹത്യകളുടെ രൂപത്തില്‍ . ഇവിടെ ഇപ്പോള്‍ അതിനൊരു വിരാമമായിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇപ്പോഴും കര്‍ഷകാത്മഹത്യകള്‍ പെരുകുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (കമ്പോളപ്രവര്‍ത്തനം) കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ആകെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്, കൃഷി ഇനിയും തുടരാനാവാത്ത തരത്തില്‍. അങ്ങനെ തുടരാനാവാതെ വരുമ്പോള്‍ കര്‍ഷകര്‍ ജീവിതം തുടരേണ്ടെന്നും വെക്കുന്നു.

സ്റ്റേറ്റിന് ഇടപെടാനാവില്ല എന്നും, ഇടപെട്ടുകൂടാ എന്നുമൊക്കെ പറയുന്നത് ഉത്തരവാദിത്വമില്ലായ്മ കാരണമാണ്. ഭരണകൂട ഇടപെടല്‍ എന്നത് പെട്ടെന്ന് പൊട്ടിവീണ ഒരാശയമല്ല. അത്തരം ഇടപെടല്‍ ഒരു നല്ലകാര്യമാണ് എന്ന് ബുദ്ധിയും വിവരവുമുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മഹാമാന്ദ്യത്തിന്റെ കാലത്ത് , അതിന്റെ ഫലമായി ഗണ്യമായ തോതില്‍ ഉയര്‍ന്നുവന്ന ഒന്നാണ് സ്റ്റേറ്റ് ഇടപെടല്‍ എന്ന ആശയം എല്ലായിടത്തും വന്‍തോതിലുള്ള തൊഴിലില്ലായ്മ ആയിരുന്നു അന്ന്. രണ്ടാം ലോക മഹായുദ്ധംവരെ അമേരിക്കയില്‍ ഈ തൊഴിലില്ലായ്മ തുടര്‍ന്നു. യൂറോപ്പിലും സ്ഥിതി സമാനമായിരുന്നു. അക്കാലത്തിലേക്ക് തിരിച്ചു നടക്കാനാവില്ലെന്നാണ് പരക്കെ തോന്നിയത്. യുദ്ധാനന്തരം ലേബര്‍ സര്‍ക്കാര്‍ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തി, യൂറോപ്പിലാകെ സോഷ്യല്‍ ഡെമോക്രാറ്റുകളും.

ഇന്ത്യയിലും ബ്രിട്ടീഷ് ഗവ ണ്‍മെന്റിന്റെ കാലത്ത് സ്വാതന്ത്ര കമ്പോള വാദമാണ് നിലനിന്നിരുന്നത്, ബംഗാള്‍ക്ഷാമം വരെ. 30 ലക്ഷം പേരാണതില്‍ ചത്തൊടുങ്ങിയത്. യഥാര്‍ത്ഥത്തില്‍ ക്ഷാമത്തിനു ശേഷമാണ് കല്‍ക്കത്തയില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍ വന്നത്. ജനങ്ങളുടെ ജീവിതത്തെ തന്നെ രക്ഷിക്കാനായി കമ്പോളത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഇത്തരം അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഒരു സുപ്രഭാതത്തില്‍ ഏതാനും പേരുടെ തലയിലുണ്ടായ ബോധോദയമല്ല ഇതിനു പിന്നില്‍. നാം പഠിച്ച പാഠങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ്. അതാകട്ടെ അത്യന്തം അപകടകരവുമാണ്.

നമുക്കറിയാം സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യന്‍ ധനമേഖല ആഗോള വ്യവസ്ഥയുമായി ഉദ്ഗ്രഥിതമായിരുന്നു. സ്വാതന്ത്രത്തിനു ശേഷമാണ് ഈ മേഖലയില്‍ നിയന്ത്രണം വേണമെന്ന് നമുക്ക് തോന്നിയത്. ധനമേഖലയെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തിടത്തോളം കാലം അര്‍ത്ഥ പൂര്‍ണ്ണമായ ഭരണകൂട ഇടപെടല്‍ അസാധ്യമാണ്. ധനമേഖലയെ ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാക്കുകയാണെങ്കില്‍, നിങ്ങളുടെ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള അവകാശം ഇല്ലാതാകും. അങ്ങനെ വന്നാല്‍ ഭരണകൂട ഇടപെടല്‍ എന്നത് സുസ്ഥിരമല്ലാതാവും.

ഉദാഹരണത്തിന്, നാളെ ഭക്ഷ്യ ധാന്യ കമ്പോളത്തില്‍ ഇടപെടാന്‍ നമ്മുടെ സര്‍ക്കാറിന് തീരുമാനിക്കാനാവുമെന്ന് കരുതുക. ഇന്ത്യാഗവണ്‍മെന്റ് ഒരിടതു പക്ഷ ഭരണകൂടമായി മാറുന്നുവെന്നും കരുതുക. ലോകത്താകെയുള്ള ധന മൂലധന നാഥന്മാര്‍ അതോടെ പെട്ടെന്ന് പരിഭ്രാന്തരാവും. അങ്ങനെ ഇടപെടാന്‍ തുടങ്ങിയാല്‍ ഉടനെ തന്നെ മൂലധനം പുറത്തേക്കൊഴുകാന്‍ തുടങ്ങും. അങ്ങനെയൊരു പുറത്തേക്കൊഴുക്ക് എന്നത് സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കടുത്ത ഭാരമാണുളവാക്കുക. സമ്പദ് ഘടന തന്നെ പാപ്പരാവുകയും ഹ്രസ്വകാലാവശ്യങ്ങള്‍ക്കുള്ള ഫണ്ടു പോലും ഇല്ലാതാവുകയും ചെയ്യും. ഇത് നാം നേരത്തെ കിഴക്കനേഷ്യയില്‍ കണ്ടതാണ്.

നിങ്ങളുടെ ധനമേഖല ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാണെങ്കില്‍ ആഗോള മൂലധനത്തിന് ഏതു സമയവും കടന്നു വരികയും അതു പോലെ പുറത്തേക്ക് ഒഴുകുകയും ചെയ്യാനാവും. അത്തരമൊരവസ്ഥയ്ക്ക് വേണ്ടിയാണ് മിസ്റ്റര്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നത്. അതോടെ ആഗോള മൂലധന തമ്പ്രാക്കള്‍ക്ക് അഹിതമായതൊന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാവും. അങ്ങനെ വന്നാല്‍ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് പെരുമാറാന്‍ സര്‍ക്കാറിന് കഴിയാതെ വരും. ഒരു പ്രത്യേക നയം ജനങ്ങള്‍ക്കിണങ്ങുന്നതാണെങ്കിലും അത് മൂലധന വാതുവെപ്പുകാര്‍ക്കിണങ്ങിയതല്ലെങ്കില്‍ ആ നയം നടപ്പാക്കാനാവില്ല. ചുരുക്കത്തില്‍ സ്വയം ഭരണാവകാശമുള്ള ഒരു ഗവണ്‍മെന്റാവണമെങ്കില്‍, ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രമാവണമെന്നര്‍ത്ഥം. ഇതൊരു പുതിയ കാര്യമോ, വിപ്ലവകരമായ കണ്ടെത്തലോ അല്ല. ജോണ്‍ മെയ്നാഡ് കെയിന്‍സ് എന്ന പഴയ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തന്നെയാണ് ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള തിയറിയുടെ ഉപജ്ഞാതാവ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇക്കാര്യം ഒന്നിലേറെത്തവണ ഊന്നിപ്പറയുകയുണ്ടായി. അദ്ദേഹം 1946ല്‍ അന്തരിച്ചു. 62 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറഞ്ഞു, ധനകാര്യം എന്തിലും മീതെ ദേശീയമായിരിക്കണമെന്ന് .... അതിനെ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് കണ്ണി വിടര്‍ത്തണമെന്ന്.

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു കാലമായി ഒരു പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ധനമേഖല ആഗോള ധനമേഖലയുമായി കണ്ണി ചേര്‍ക്കണമെന്നും കണ്ണി വിടര്‍ത്തണമെന്നും ഉള്ള രണ്ടു വാദഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. നമ്മുടെ സമ്പദ് വ്യവസ്ഥ മുമ്പത്തേതിലും ഉദ്ഗ്രഥിതമാണിപ്പോള്‍ എന്നത് നേര്. പക്ഷേ ഇപ്പോഴും നമ്മുടെ മൂലധന അക്കൌണ്ട് "സ്വതന്ത്രമാക്കിയിട്ടില്ല''. ഇതൊരു കടുത്ത പോരട്ടമാണ്. സര്‍ക്കാറിന്റെ നീക്കത്തെ തടയാനായത് ഇടതു പക്ഷത്തിന്റെ ശബ്ദവും ട്രേഡ്‌ യൂനിയനുകളുടെ ശബ്ദവും ധനമേഖലാ ഓഫീസര്‍മാരുടേയും ജീവനക്കാരുടേയും ശബ്ദവും ഇന്ത്യയിലെ ബുദ്ധി ജീവികളുടെ ശബ്ദവും എല്ലാം എല്ലാം “അരുത് ” എന്നു ഒന്നിച്ചുയര്‍ന്നതു കൊണ്ടാണ്. ഞാന്‍ തന്നെ ഒരൊപ്പു ശേഖരണത്തിന് മുന്‍ കൈ എടുത്തതാണ്. സമയ ദൌര്‍ലഭ്യം ഉണ്ടായിരുന്നിട്ടു കൂടി വളരെ പെട്ടെന്ന് 156 സാമ്പത്തിക വിദഗ്ദരുടെ ഒപ്പാണ് അരുതെന്ന് പറഞ്ഞ് സംഘടിപ്പിക്കാനായത്.

ഈയൊരു പോരാട്ടം കുറച്ചു കാലമായി തുടരുകയാണ്. ഇന്ത്യയിലെ ഉല്പാദന സമ്പദ് വ്യവസ്ഥയ്ക്ക്(Productive Economy) സഹായകമായ നിലപാടില്‍ നിന്നു പിന്‍മാറണമോ എന്നതാണ് ചോദ്യം. നമ്മുടെ ധനമേഖല ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ ഭാഗമായി തുടരണോ എന്നതു തന്നെയാണ് ചോദ്യം. അതോ അന്താരാഷ്ട്ര മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളില്‍ നിന്ന് സ്വയം പറിച്ചെറിയണമോ എന്നാണ് ചോദ്യം. ഈ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയ കാലം മുതല്‍ നടക്കുന്നതാണ്. ആദ്യഘട്ടത്തിലെ സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ നിന്നും വലിയ മാറ്റങ്ങളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇനി മേല്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമല്ലെന്നും അതിന്റേതായ സ്വയം ഭരണാവകാശമുള്ള നയങ്ങളുമായി മുന്നോട്ടു പോവുമെന്നുമാണത് പറയുന്നത്.

ഒരു ചെറിയ കാര്യം. നമ്മുടെ ജീവിതാനുഭവത്തില്‍ നിന്നു തന്നെ ഉദാഹരണമായെടുക്കാം. സ്വാമിനാഥന്‍ കമ്മറ്റി പറഞ്ഞത് കര്‍ഷകര്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ നല്‍കണമെന്നാണ്. കര്‍ഷകര്‍ക്കു 4 ശതമാനത്തിന് വായ്പ കിട്ടണമെങ്കില്‍ നിങ്ങളുടെ മറ്റു വായ്പകളുടെ പലിശ നിരക്ക് 35% ആവുക വയ്യ. എങ്കില്‍ അതൊരു സബ്സിഡിയായി മാറും. അതാകട്ടെ, ധനകമ്മി വരുത്താനേ പാടില്ലാത്ത ഒരു ലോകത്ത് എവിടെ നടപ്പിലാവാന്‍? പലിശ നിരക്കില്‍ ഇനി നിയന്ത്രണമില്ലെന്നാണ് അതിനര്‍ത്ഥം.

******

പ്രൊ.പ്രഭാത് പട്നായിക്

(എന്‍.സി.ബി.ഇ.-നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എം‌പ്ലോയീസ്- നേതാവ് എ.പി.ഗോപാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എ.പി.ജി. ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രഭാത് പട്നായിക് ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു കാലമായി ഒരു പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ധനമേഖല ആഗോള ധനമേഖലയുമായി കണ്ണി ചേര്‍ക്കണമെന്നും കണ്ണി വിടര്‍ത്തണമെന്നും ഉള്ള രണ്ടു വാദഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. നമ്മുടെ സമ്പദ് വ്യവസ്ഥ മുമ്പത്തേതിലും ഉദ്ഗ്രഥിതമാണിപ്പോള്‍ എന്നത് നേര്. പക്ഷേ ഇപ്പോഴും നമ്മുടെ മൂലധന അക്കൌണ്ട് "സ്വതന്ത്രമാക്കിയിട്ടില്ല''. ഇതൊരു കടുത്ത പോരട്ടമാണ്. സര്‍ക്കാറിന്റെ നീക്കത്തെ തടയാനായത് ഇടതു പക്ഷത്തിന്റെ ശബ്ദവും ട്രേഡ്‌ യൂനിയനുകളുടെ ശബ്ദവും ധനമേഖലാ ഓഫീസര്‍മാരുടേയും ജീവനക്കാരുടേയും ശബ്ദവും ഇന്ത്യയിലെ ബുദ്ധി ജീവികളുടെ ശബ്ദവും എല്ലാം എല്ലാം “അരുത് ” എന്നു ഒന്നിച്ചുയര്‍ന്നതു കൊണ്ടാണ്. ഞാന്‍ തന്നെ ഒരൊപ്പു ശേഖരണത്തിന് മുന്‍ കൈ എടുത്തതാണ്. സമയ ദൌര്‍ലഭ്യം ഉണ്ടായിരുന്നിട്ടു കൂടി വളരെ പെട്ടെന്ന് 156 സാമ്പത്തിക വിദഗ്ദരുടെ ഒപ്പാണ് അരുതെന്ന് പറഞ്ഞ് സംഘടിപ്പിക്കാനായത്. ....

എന്‍.സി.ബി.ഇ.-നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എം‌പ്ലോയീസ്- നേതാവ് എ.പി.ഗോപാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എ.പി.ജി. ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രഭാത് പട്നായിക് ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം

Baiju Elikkattoor said...

ധനകര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഒരു സര്‍കാരെന്തിനു, തെരഞ്ഞെടുപ്പെന്തിനു? കൈയൂക്കുള്ളവര്‍ കര്യങ്ങള്‍ തീരുമാനിക്കുകയാണെന്കില്‍ പിന്നെ എന്ത് ജനാതിപത്യം? പണ്ടാരോ പറഞ്ഞതുപോലെ, "democracy is the government off the people, buy the people and fool the people."