Friday, September 26, 2008

കൊണ്ടേരന്റെ അച്ഛന്‍

അപ്രതീക്ഷിതമായ നിദ്രാഭംഗത്തെക്കുറിച്ച് കൊണ്ടേരന്‍ അത്ഭുതപ്പെട്ടു.

ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പട്ടിണിയില്‍ മുക്തകണ്ഠം മുഴുകുമ്പോഴും എട്ടുമണിക്കൂര്‍ പുല്ലുപോലെയും ശേഷം രണ്ടുമണിക്കൂര്‍ പുല്ലുപായിലും ഉറങ്ങിയ കാലം കൊണ്ടേരന് ഉണ്ടായിരുന്നു. എട്ടുമണിക്കൂറിന് രണ്ടുമണിക്കൂര്‍ ഫ്രീ! പിന്നെ സാങ്കല്‍പ്പികമായ ഉച്ചയുറക്കത്തിനുശേഷം രണ്ടുമണിക്കൂര്‍ വ്യാജ ഉറക്കവും നടിച്ച് പട്ടിണിയെ വെല്ലുവിളിച്ചകാലം!

അങ്ങനെ കൊണ്ടേരനുമുണ്ട് നഷ്ടപ്പെടാന്‍ ഒരു തിളങ്ങുന്ന ഭൂതകാലം!

നഷ്ടസ്മൃതി പങ്കുവെക്കാന്‍ തിരിഞ്ഞുകിടന്നപ്പോള്‍,

ഡിം.

ഭാര്യയെ കാണാനില്ല.

പ്രവാചക.

അവള്‍ ജീവനും കൊണ്ടോടി.

രേഖാചിത്രം പുറത്തിറക്കി സ്വഭാര്യയെ കണ്ടെത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ തിരിഞ്ഞുകിടന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിഭാര്യനായി തുടര്‍ന്നു. ഉറക്കത്തിനിടയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് മുറിഞ്ഞുപോയ ചിന്ത വിളക്കിച്ചേര്‍ത്തു. തീ സ്വല്‍പ്പം കൂടി. ചെറുതായൊന്നു പൊള്ളി. അങ്ങനെ പൊള്ളുന്ന ചിന്തകള്‍ എന്ന ചീത്തപ്പേരും കിട്ടി.

ഇനി പുലരുംവരെ ചിന്തിച്ച് വശാകണം.

കാലം ഒരു തത്വചിന്തകനെ സൃഷ്ടിക്കുകയാണ്- കൊണ്ടേരന് ഉള്‍വിളി. അലമ്പുണ്ടാക്കാതെ കിടന്നാല്‍ മതി. ബാക്കി കാലം നോക്കിക്കോളും.

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റു ഉറക്കം കിട്ടാതെ പോയവരാണ് പില്‍ക്കാലത്ത് മഹാതത്വചിന്തകരായതെന്ന് കൊണ്ടേരന്‍ കേട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ട് ഇത്തരം. പക്ഷേ അവര്‍ ലേഖനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉഗ്രന്‍.

കൊണ്ടേരന് ഐഡിയ!

കണ്ണും മൂക്കും നാക്കും വിടര്‍ന്നു.

ഓണം സീസണ്‍. ഓണപ്പതിപ്പുകള്‍ മൂന്നടി മണ്ണ് ചോദിച്ചുവരുന്ന സീസണ്‍.} ഒരു കഥ തരപ്പെടുത്തണം. കൊണ്ടേരനുമറിയാം കുറെ അക്ഷരങ്ങള്‍.

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരുടെ വാര്‍ധക്യകാല വിനോദങ്ങള്‍ കഴിഞ്ഞാലും പേജ് ബാക്കിയുണ്ടാവും. പ്രായമേറിയവര്‍ക്ക് ഇപ്പോള്‍ ഇരിപ്പൂ കൃഷിയാണ്; ഇരുന്നുകൊണ്ടുള്ള കൃഷി.

ഓണപ്പതിപ്പിലൊന്ന്,

വാര്‍ഷികപ്പതിപ്പിലൊന്ന്.

മുതുക്കി എരുമ മുക്കിപ്പെറ്റപോലെ കഥ രണ്ടിലും ഓരോന്ന്. ചികിത്സയാണ് ഇത്. ഇല്ലെങ്കില്‍ പിച്ചുംപേയും പറയും. പിന്നെ നൂറ്റൊന്നു കുടം തണുത്തവെള്ളം ധാരകോരിയാലേ ആശ്വാസം കിട്ടൂ.

കുറേക്കൂടി പ്രായമായാല്‍ നടന്ന വഴി, ചാടിയ വേലി, ചുറ്റിയ വള്ളി എന്നൊക്കെ പറഞ്ഞ് നിന്നുകൊടുത്താല്‍ മതി. ബാക്കി ഇറച്ചി ഫീച്ചറെഴുത്തുകാരന്‍ വെട്ടിയെടുത്തോളും. നല്ല വിലകിട്ടും. വേലിയേല്‍ കിടക്കുന്നതിന്റെ ഫോട്ടോ കൂടിയെടുത്ത് പേജില്‍ വെക്കുന്നതോടെ സീരിയല്‍നടന്റെ ഗ്ളാമറും കിട്ടും. പിന്നെ ഇഷ്ടപ്പെട്ട കറി, ഇഷ്ടപ്പെട്ട ഡോക്ടര്‍, ഇഷ്ടപ്പെട്ട മരുന്ന്, ഇഷ്ടപ്പെട്ട ഹാര്‍ട് അറ്റാക്ക് എന്നീ ഇഷ്ടങ്ങളിലൂടെ ഓട്ടപ്രദക്ഷിണവും നടത്തി, തരംകിട്ടിയാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി സുന്ദരിയായി തിരിച്ചുവന്ന് നായകനടന്റെ ആലിംഗനത്തിലമര്‍ന്നാല്‍ പിന്നേം തിന്നാന്‍ ഓണം ബാക്കി.

ഹന്ത കേരളമേ നിന്റെ ഭാഗ്യം! അന്തോം കുന്തോമില്ലാതെ!

കൊണ്ടേരന്‍ കോരിത്തരിച്ചു.

മുഖത്തു തപ്പി. ഒരു കുരു മുളച്ചോന്ന് ശങ്ക!

സാംസ്കാരിക കേരളം കൊണ്ടേരനെ വിളിക്കുന്നു.

"വാ.. മോനേ..വാ..''

കൊണ്ടേരന്‍ തനിക്കറിയാവുന്നവിധം ഒരു കഥയെക്കുറിച്ച് ചിന്തിച്ചു. അബദ്ധം! എഴുതിക്കഴിഞ്ഞാണല്ലൊ ചിന്ത വേണ്ടതെന്ന് പിന്നീടാണ് ചിന്തിച്ചത്.

പുറത്ത് ഒരു കാറിന്റെ ഹോണടി.

കൊണ്ടേരന്‍ ഭയന്നു.

"ജപ്തിചെയ്യാന്‍ വന്നതാവും.''

ചെറിയചെറിയ വായ്പകള്‍ ധാരാളം. തിരിച്ചടച്ച് അതൊന്നും ഇല്ലായ്മ ചെയ്തിട്ടില്ല. മനഃപൂര്‍വമല്ല.

ഭാര്യ വിളിച്ചു.

"ദേ... ആരോ വരുന്നു.''

"ആര്‍ക്കും വരാം. ഈ വീടിന്റെ വാതില്‍ ആരുടെ മുന്നിലും അടച്ചിട്ടില്ല. ഇതൊരു തുറന്ന പുസ്തകമാണ്.''

അവള്‍ സമ്മതിച്ചു.

"അരിപ്പെട്ടി അടച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച തികയുന്നു. ചായപ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്തന്മാര്‍ ശബരിമലക്ക് പോയിട്ട് ഇതുവരെ വന്നിട്ടില്ല. മുന്‍വശംപോലെ തന്നെ പുറകുവശവും. രണ്ടും തുറന്നുകിടക്കുന്നു. വരുന്നവര്‍ക്ക് വന്ന വഴി തന്നെ തിരിച്ചുപോകണമെന്നില്ല. അതിഥികള്‍ക്ക് സഞ്ചാരം ബോറടിയാവില്ല. പുതിയ കാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍. ഹൃദ്യമാകും സന്ദര്‍ശനം. അഭിവാദ്യങ്ങള്‍.''

ഭാര്യയുടെ ഫലിതബോധമോര്‍ത്ത് കനത്ത സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍നിന്നും കൊണ്ടേരന്‍ പൊട്ടിച്ചിരിച്ചു.

നവാതിഥി പുറത്തുനിന്ന് ചില ശബ്ദങ്ങള്‍ ഉണ്ടാക്കി. വൈദ്യുതി പാഴാക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ കൊണ്ടേരന്‍ ഇതുവരെ വീട് വൈദ്യുതീകരിച്ചിട്ടില്ല. കോളിങ് ബെല്ലുകള്‍ കൊണ്ടുവരേണ്ടതാണെന്ന് കൊണ്ടേരന്‍ അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിഥിയുടെ രണ്ടാമത്തെ ശബ്ദവും കൊണ്ടേരന്‍ അവഗണിച്ചു. പക്ഷേ മൂന്നാമത്തെ ശബ്ദം അവഗണിക്കാനായില്ല. അതൊരു കരള്‍ പിളര്‍ക്കുന്ന നിലവിളിയായിരുന്നു.

കൊണ്ടേരന്‍ വന്നു.

അതിഥി ചിരിച്ചു; മൊഴിഞ്ഞു.

"ഗുഡ് മോണിങ് കൊണ്ടേരന്‍.''

കെണ്ടേരന്‍ തിരിച്ചടിച്ചു.

"താങ്ക്യു. പ്ളീസ് ടേക് യുവര്‍ സീറ്റ്.''

അതിഥി തിരിഞ്ഞുനോക്കി.

സമീപകാലത്തെങ്ങും കസേര കിടന്നതിന്റെ ലക്ഷണമില്ല.

അതിഥി ചമ്മി.

കൊണ്ടേരന്‍ ചിരിച്ചു.

സ്വന്തം ദാരിദ്ര്യത്തില്‍ അഭിമാനം കൊണ്ടു.

അതിഥിയെ സൂക്ഷിച്ചു നോക്കി.

"ഇങ്ങനെ ഒരാളോട് കടം വാങ്ങിയതായി ഓര്‍മയില്ല.''

എങ്കിലും ഭവ്യതയില്‍ ഭംഗം വരുത്തിയില്ല.

ഇതോടെ അതിഥി സ്വയം വാഴ്ത്തിപ്പാടി.

"ഞാന്‍.. പത്രാധിപരാണ്.''

ങ്ാവൂ! കൊണ്ടേരന് ആശ്വാസമായി. ഒരു ശത്രുവിനെ കിട്ടിയ ആഹ്ളാദത്തോടെ മുണ്ട് കഴിയുന്നത്ര ഉയര്‍ത്തിക്കുത്തി.

എത്രവരെ?

ഇനിയും പൊക്കിയാല്‍ തമിഴ്‌നാട് ഇടപെടും എന്നതുവരെ.

"ന്താ.. കാര്യം....?''

"ഇത്തവണത്തെ ഓണപ്പതിപ്പിന് അങ്ങയുടെ ഒരു സൃഷ്ടി വേണം.''

അകത്തുനിന്ന് ഭാര്യ 'എന്റമ്മേ' എന്നലറുന്നത് കേട്ട് കൊണ്ടേരന്‍ ഓടിച്ചെന്നു. സൃഷ്ടി എന്നതിന്റെ സാഹിത്യപരമായ അര്‍ഥം വിശദീകരിച്ചുകൊടുത്തതോടെ കരച്ചിലടങ്ങി.

തിരിച്ചുവന്ന് കൊണ്ടേരന്‍ പത്രാധിപരെ ആശ്വസിപ്പിച്ചു.

"വായന കൊറവാ.''

സമൂഹം പുതിയ ഭാഷ ഉള്‍ക്കൊള്ളുന്നതെങ്ങനെ എന്ന ലേഖനം അടുത്ത വിഷയത്തില്‍ കാച്ചാന്‍ ഉറപ്പിച്ച് പത്രാധിപര്‍ കൊണ്ടേരന്റെ കാലിനടുത്തേക്ക് നീങ്ങി.

"കൊണ്ടേരന്‍ എതിര് പറയരുത്... സൃഷ്ടി നടത്തണം.''

"എന്തിലാണ് സൃഷ്ടി....?''

"ഒരു ലേഖനം വേണം...''

'വിഷയമുണ്ടോ..''

"ഉണ്ട്.''

"പറയൂ.''

"അച്ഛനെക്കുറിച്ചാണ്...''

കൊണ്ടേരന്‍ ഞെട്ടി.

"തന്തക്ക് പറയണംന്ന് ! അല്ലേ..''

പത്രാധിപര്‍ വിചാരിച്ചതിനേക്കാള്‍ കനമുണ്ടായിരുന്നു ശബ്ദത്തിന്്.

പത്രാധിപര്‍ക്ക് മുന്നില്‍ കൊണ്ടേരന്‍ വിലങ്ങനെ നടന്നു. തമിഴ് നാടകത്തിലെ വീരപാണ്ഡ്യകട്ടബൊമ്മനെ കാണുകയാണെന്ന് പത്രാധിപര്‍ക്ക് വെറുതെ തോന്നി.

കൊണ്ടേരന്റെ മനസ്സില്‍ അച്ഛന്‍!

ഒന്നാന്തരം കൃഷിക്കാരന്‍. നൂറുപറക്കണ്ടം ഒറ്റക്ക് ഉഴുകുന്നവന്‍. കൊയ്ത്തിന്റെ കാലന്‍. മെതിയുടെ മാന്‍ ഓഫ് ദ മാച്ച്. ഒന്നരക്കുപ്പി കള്ള് അകമ്പടിയില്ലാതെ, മറ്റൊന്നരക്കുപ്പി ഒറ്റ കാന്താരിമുളകില്‍. പിന്നെ ചൂട്ടുകറ്റയും ആഞ്ഞുവീശി ഇടവഴിയിലെ ഇരുട്ടിനെ അകറ്റി തലയെടുപ്പോടെ വീട്ടിലേക്ക്. അപ്പോള്‍ തൊണ്ടതുറന്ന് ഒരു പാട്ട്.

"ഏനിന്നലെയൊരു തൊപ്പനം കണ്ടേ...
പാള പയ്ത്ത് തണുങ്കോടെ വീണേ...''

കൊണ്ടേരന്റെ മനസ്സില്‍ ചിത്രങ്ങള്‍ മാറിമറിഞ്ഞു.

"ഇതെന്റെ അച്ഛനാണ്. നിനക്ക് തിന്നാനുള്ളതല്ല.''

കൊണ്ടേരന്‍ പത്രാധിപരുടെ മുഖത്ത് വിരല്‍ ചൂണ്ടി.

"എടാ... ഈ വീട്ടില്‍ പട്ടിണി സൂപ്പര്‍ഹിറ്റാണ്. എന്നാലും തന്തയെ വിറ്റ് തിന്നില്ലടാ....''

പത്രാധിപര്‍ അവസാനത്തെ അടവെടുത്തു.

"നിങ്ങള്‍ക്കൊരു മീഡിയാ അറ്റന്‍ഷന്‍. ലക്ഷങ്ങളാണ് കോപ്പി..''

പിന്നെ കൊണ്ടേരന്‍ അങ്ട് ആടി.

"കടക്കെടാ പുറത്ത്'' എന്നല്ല; പത്രാധിപര്‍ കേട്ടത് മറ്റെന്തോ ഭാഷയാണ്.

നിര്‍ത്താതെ ഹോണടിച്ച് കാറ് ആംബുലന്‍സുപോലെ പാഞ്ഞു.

**** **** ****

പക്ഷേ, ചിലര്‍ തന്തയെ വിറ്റ് ഇക്കുറി സമൃദ്ധമായി ഓണമാഘോഷിച്ചതായി റിപ്പോര്‍ടുണ്ട്.

*
എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അപ്രതീക്ഷിതമായ നിദ്രാഭംഗത്തെക്കുറിച്ച് കൊണ്ടേരന്‍ അത്ഭുതപ്പെട്ടു.

ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പട്ടിണിയില്‍ മുക്തകണ്ഠം മുഴുകുമ്പോഴും എട്ടുമണിക്കൂര്‍ പുല്ലുപോലെയും ശേഷം രണ്ടുമണിക്കൂര്‍ പുല്ലുപായിലും ഉറങ്ങിയ കാലം കൊണ്ടേരന് ഉണ്ടായിരുന്നു. എട്ടുമണിക്കൂറിന് രണ്ടുമണിക്കൂര്‍ ഫ്രീ! പിന്നെ സാങ്കല്‍പ്പികമായ ഉച്ചയുറക്കത്തിനുശേഷം രണ്ടുമണിക്കൂര്‍ വ്യാജ ഉറക്കവും നടിച്ച് പട്ടിണിയെ വെല്ലുവിളിച്ചകാലം!

അങ്ങനെ കൊണ്ടേരനുമുണ്ട് നഷ്ടപ്പെടാന്‍ ഒരു തിളങ്ങുന്ന ഭൂതകാലം!

എം.എം.പൌലോസിന്റെ നര്‍മ്മഭാവന

Anonymous said...

ഹ ഹ ഹ എണ്റ്റെ പൌലോസേ , ഇത്തവണ മാത്റ്‍ഭൂമിയില്‍ വന്ന പീ ഗോവിന്ദപ്പിള്ളയെ കുറിച്ചു മകന്‍ എഴുതിയതും എം കേ മാധവനെ പറ്റി എം എന്‍ പീയേറ്‍സന്‍ എഴുതിയതും ആയിരിക്കും തങ്കളെ പ്റകോപിപ്പിച്ചത്‌ തിലകണ്റ്റെ കാര്യം മകന്‍ ഷോബി തിലകനും എഴുതിയിട്ടുണ്ട്‌ അതു കമ്യൂണിസ്റ്റുകാരെ ബാധിക്കുന്നില്ല പക്ഷെ മറ്റെ രണ്ടെണ്ണം ഏറ്റ ബോംബുകള്‍ തന്നെ ആണൂ , ഗോവിന്ദപ്പിള്ള പുറത്തയിക്കൊണ്ടിരിക്കുന്നു എം കേ മാധവന്‍ നിങ്ങള്‍റ്റെ പഴയ ഇടപ്പള്ളി രക്ത സാക്ഷി, പക്ഷെ മക്കള്‍ എം ജീ രാധാ ക്രിഷ്ണനും നക്സല്‍ എന്നു നിങ്ങള്‍ പറയുന്ന പീയേര്‍സനും ശരിക്കു എഴുതിയിട്ടുണ്ട്‌ കമ്യൂണിസ്റ്റു നേതാക്കളുടെ മക്കള്‍ പാറ്‍ട്ടിയില്‍ നിന്നും അവരുടെ തന്തമാറ്‍ ക്കു കിട്ടിയ പ്റതിഫലം വിശദമായി എഴുതിയിരിക്കുന്നു, മറുപടി പറയാന്‍ ആവനാഴിയില്‍ അമ്പില്ല , പിന്നെ ഈ മാതിരി സ്യൂഡോ തന്തക്കു വിളിയേ പറ്റു, ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുക , കുതികാല്‍ വെട്ടുക, ഈ പഴയ പുത്തൂരം അടവുകളല്ലാതെ വേറെ ഒന്നും കയ്യില്‍ ഇല്ലല്ലോ , ഈ ബ്ളൊഗിണ്റ്റെ സ്ഥിരം വായനക്കാരെയും കേരളത്തിലെ കമ്യൂണിസ്റ്റു പ്റസ്ഥാനത്തില്‍ അന്ധമായി വിശ്വസിക്കുന്നവരെയും മാത്റ്‍ഭൂമി ഓണപ്പതിപ്പു വായിക്കാന്‍ അഭ്യറ്‍ഥിക്കുന്നു