അമേരിക്കന്‍ പ്രതാപത്തിന്റെയും പണാധിപത്യ ത്തിന്റെയും പ്രതീകമാണ് വാള്‍ സ്‌ട്രീറ്റ്. ലോവര്‍ മാന്‍ഹാട്ടണിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ അമേരിക്കന്‍ ധനസ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും സ്വന്തമാണ്. വാള്‍ സ്‌ട്രീറ്റില്‍നിന്ന് എട്ടുമൈല്‍ അപ്പുറം ഹഡ്‌സണ്‍ നദിയുടെ അപ്പുറത്താണ് ന്യൂവാര്‍ക്ക് നഗരത്തിന്റെ മെയിന്‍ സ്‌ട്രീറ്റ്. പൊളിഞ്ഞ കെട്ടിടങ്ങളും ലാറ്റിന്‍ അമേരിക്കന്‍ കുടിയേറ്റക്കാരും ദാരിദ്ര്യവും നിറഞ്ഞ മെയിന്‍ സ്‌ട്രീറ്റ് എല്ലാ അര്‍ഥത്തിലും വാള്‍ സ്‌ട്രീറ്റിന്റെ നേര്‍വിപരീതമാണ്. ഹഡ്‌സണ്‍ നദിയുടെ ഇരുവശത്തുമായി ഈ രണ്ടു റോഡും അഭിമുഖമായി നില്‍ക്കുന്നു. "മെയിന്‍ സ്‌ട്രീറ്റിന്റെ ചെലവില്‍ വാള്‍ സ്‌ട്രീറ്റിനെ രക്ഷപ്പെടുത്താന്‍ നോക്കേണ്ടാ"എന്ന മുദ്രാവാക്യം അമേരിക്കയില്‍ വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. അമേരിക്കന്‍ സാമ്പത്തികക്കുഴപ്പം മൂന്നാം വാരത്തിലേക്ക് കടന്നപ്പോഴുണ്ടായ ഏറ്റവും സുപ്രധാന സംഭവവികാസം ഈ ജനകീയ പ്രതികരണമാണ്.
തകര്‍ച്ചയുടെ മാലപ്പടക്കം പൊട്ടുമ്പോള്‍ സാധാരണക്കാര്‍ പകച്ചുനിന്നുപോയി. താമസിയാതെ സാമ്പത്തികത്തകര്‍ച്ച അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിന്റെ വേവലാതി സാര്‍വത്രികമായി. ധനമേഖലയിലെ തകര്‍ച്ചയ്ക്ക് രണ്ടു വശമുണ്ട്. ഒരു വശത്ത് പാര്‍പ്പിടരംഗത്തെ വിലത്തകര്‍ച്ചമൂലം കടംവാങ്ങി വീട് വച്ചവരുടെ സ്വത്തിന്റെ വില ഇടിയുന്നു. അവര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കാന്‍ വിഷമമാണ്. എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് വീടുകള്‍ ബാങ്ക് ഏറ്റെടുക്കുന്നു (ഇതിനെയാണ് ഫോര്‍ ക്ലോഷര്‍ എന്നു പറയുന്നത്). വീട് എപ്പോള്‍ നഷ്ടപ്പെടുമെന്ന അരക്ഷിതാവസ്ഥയിലാണ് സാധാരണക്കാരെല്ലാം. പ്രതിസന്ധിയുടെ മറുവശമാണ് ഇവര്‍ക്ക് വായ്പ കൊടുത്ത ഭവനബാങ്കുകളുടെ തകര്‍ച്ചയും ഭവന പണയംകൊണ്ട് ചൂതാട്ടം നടത്തിയ ഭീമന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുടെ പ്രതിസന്ധിയും. ഈ സ്ഥിതിവിശേഷത്തെ അമേരിക്കന്‍ ഭരണവര്‍ഗം നേരിടാന്‍ തീരുമാനിച്ച രീതി ബുഷ് ഭരണകൂടത്തിന്റെ ഒറ്റപ്പെടല്‍ ഏതാണ്ട് പൂര്‍ണമാക്കിയിരിക്കുകയാണ്.
ബുഷ് ഭരണകൂടം മുന്നോട്ടുവച്ച രക്ഷാപാക്കേജ് സാധാരണക്കാരെ അമ്പരപ്പിച്ചു. 70,000 കോടി ഡോളര്‍ ചെലവാക്കി വിലത്തകര്‍ച്ച നേരിടുന്ന കടപത്രം വാങ്ങി ബാങ്കുകളെ രക്ഷിക്കുക എന്നതാണ് നിര്‍ദേശം. കടപ്പത്രം എന്തുവിലയ്ക്കു വാങ്ങണം, എത്ര വാങ്ങണം തുടങ്ങിയ കാര്യം തീരുമാനിക്കാന്‍ വാള്‍ സ്‌ട്രീറ്റിലെ ഇനിയും തകരാത്ത ധനസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ട്രഷറി സെക്രട്ടറി പോള്‍സണ്‍ എടുക്കുന്ന നടപടി അമേരിക്കന്‍ കോണ്‍ഗ്രസിലോ കോടതിയില്‍ പോലുമോ ചോദ്യംചെയ്യാന്‍ പാടില്ല.
മുകളില്‍ കൊടുത്ത നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിസന്ധിയിലായിരിക്കുന്നത് ബാങ്കുകള്‍ മാത്രമല്ലല്ലോ. അവരില്‍നിന്നു വായ്പ എടുത്ത് വീട് വാങ്ങിയവരും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍, രണ്ടാമത്തെ വിഭാഗക്കാരെക്കുറിച്ച് ഒരു വാചകം പോലും രക്ഷാപാക്കേജിലില്ല. ബാങ്കുകളുടെ ചൂതാട്ടത്തിന്റെ ഭാരം സാധാരണക്കാര്‍ സഹിച്ചുകൊള്ളണം. ഓരോ അമേരിക്കക്കാരനും 2000 ഡോളര്‍ ബാങ്കുകളെ രക്ഷിക്കാന്‍ നഷ്ടപ്പെടേണ്ടിവരും.
അതേസമയം, ചൂതാട്ടം നടത്താന്‍ ബാങ്കുകള്‍ സൃഷ്ടിച്ച ഒരുവിലയും ഇല്ലാത്ത കടപത്രം മുഴുവന്‍ സര്‍ക്കാര്‍ വാങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ആദ്യം ഇന്റര്‍നെറ്റിലൂടെയും പിന്നീട് ബദല്‍ മാധ്യമങ്ങളിലൂടെയും അവസാനം മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പുതിയ മുദ്രാവാക്യം ഉയര്‍ന്നത്. ' മെയിന്‍ സ്‌ട്രീറ്റിന്റെ ചെലവില്‍ വാള്‍ സ്‌ട്രീറ്റിനെ രക്ഷപ്പെടുത്താന്‍ നോക്കേണ്ട.' ഏതാണ്ട് എല്ലാ നഗരത്തിലും ചെറുതും വലുതുമായ പ്രതിഷേധപ്രകടനം നടന്നു. പ്രകടനങ്ങളില്‍ പങ്കെടുക്കാത്തവര്‍പോലും ബുഷിന്റെ രക്ഷാപാക്കേജ് അംഗീകരിക്കാന്‍ തയ്യാറല്ല.
ഈ രൂക്ഷമായ പ്രതിഷേധത്തിന്റെ പശ്ചാത്തലം നിയോലിബറല്‍ല്‍നയങ്ങള്‍ക്കു കീഴിലുണ്ടായിട്ടുള്ള ഭയാനകമായ സാമ്പത്തിക അസമത്വമാണ്. അമേരിക്കയിലെ ശതകോടി ഡോളര്‍ കുബേരന്മാരുടെ എണ്ണം ആയിരത്തിലേറെയാണ്. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ഒരു ശതമാനം കുബേരന്മാരുടെ വരുമാനം ഓരോ വര്‍ഷവും ഏതാണ്ട് ഒരുലക്ഷം കോടി ഡോളര്‍ വീതമാണ് ഉയരുന്നത്. കമ്പനികളുടെ ആദായം മൂന്നു ശതമാനം മാത്രം ഉയര്‍ന്ന 2007ല്‍പ്പോലും മാനേജര്‍മാരുടെ ശമ്പളത്തില്‍ 20 ശതമാനമാണ് വര്‍ധനയുണ്ടായത്. ഇവരുടെ ധാരാളിത്തത്തിന് ജാമ്യംനല്‍കാന്‍ പൊതുപണം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പൊതുവികാരം. പണക്കാരന് സോഷ്യലിസവും പാവപ്പെട്ടവന് മുതലാളിത്തവും എന്നതാണ് ബുഷിന്റെ നയം.
രക്ഷാപാക്കേജ് പാസാക്കുന്നതിന് വന്നിട്ടുള്ള കാലതാമസത്തിന്റെ പശ്ചാത്തലത്തിലാണ് “വാമു”എന്നറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ വാഷിങ്ടണ്‍ മ്യൂച്വല്‍ തകര്‍ന്നത്. “വാച്ചൂവിയയും”അതേ പാതയിലൂടെ നീങ്ങി. അമേരിക്കന്‍ സമ്പദ്ഘടന 1930 കളിലെന്നപോലെ സമൂലമായ ധന തകര്‍ച്ചയിലേക്ക് വഴുതി വീഴുമെന്ന് ഉറപ്പായി. എന്നിട്ടുകൂടി കക്ഷി വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും ബുഷ് മുന്നോട്ടുവച്ച രക്ഷാപാക്കേജ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതില്‍നിന്ന് എത്ര ശക്തമാണ് കീഴ്‌തട്ടില്‍നിന്നുള്ള ജനകീയ സമ്മര്‍ദമെന്നത് വ്യക്തമാണ്.
പ്രതിഷേധത്തിന്റെ ഏറ്റവും മുന്നില്‍ ട്രേഡ് യൂണിയനുകളാണ്. ഏറ്റവും വലിയ കേന്ദ്ര ട്രേഡ് യൂണിയനായ എഎഫ്എല്‍-സിഐഒയുടെ ജോണ്‍ സ്വീനി പ്രതികരിച്ചത് ഇങ്ങനെയാണ്: "ഒരുകാര്യം തീര്‍ച്ചയാണ്. ഇവിടെ അമേരിക്കന്‍ ഐക്യനാടുകളില്‍ നമ്മള്‍ കമ്പോളത്തെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. കമ്പോളം നമുക്ക് ഏറ്റവും നല്ലത് ചെയ്തുതരുമെന്ന് മുഖത്തുനോക്കി പറയാന്‍ ഒരാള്‍ക്കും കഴിയില്ല''. മുന്‍ അമേരിക്കന്‍ സ്പീക്കര്‍ ന്യൂട്ട് ഗ്രിന്‍ഗ്രിച്ച് നടത്തിയ സര്‍വെയില്‍ തെളിഞ്ഞത് ഭൂരിപക്ഷം അമേരിക്കക്കാരും വാള്‍ സ്‌ട്രീറ്റ് കൊള്ളക്കാരെ രക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുന്നതിന് എതിരാണെന്നാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളടക്കം ഇരുപതോളം സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും കൂട്ടായി ഇറക്കിയ പ്രതിഷേധ പ്രസ്താവനയില്‍ സെപ്തംബര്‍ 25നു ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.
ഒട്ടുമിക്ക പ്രതിഷേധങ്ങളും സാധാരണ പൌരന്മാരുടെ മുന്‍കൈയിലാണ് നടന്നത്. “ഇന്‍ഡിപെന്‍ഡന്റ് ”എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായ അരുണ്‍ ഗുപ്ത ഇ മെയില്‍ സന്ദേശമയച്ചു. “90 ലക്ഷം കുട്ടികള്‍ക്ക് 600 കോടി ഡോളര്‍ ചെലവുവരുന്ന ആരോഗ്യ പദ്ധതി വളരെയേറെ ദുര്‍വഹമാണെന്നാണ് അവന്മാര്‍ പറഞ്ഞത്. എന്നാല്‍, വാള്‍ സ്‌ട്രീറ്റിലെ പന്നികളുടെ ആര്‍ത്തി തൃപ്തിപ്പെടുത്താന്‍ എത്ര വലിയ തുകയാലും കുഴപ്പമില്ലെന്നാണ് ഭാവം. നമ്മള്‍ ഇപ്പോള്‍ ഇറങ്ങി പ്രവര്‍ത്തിച്ചേ തീരൂ.” 500 പേര്‍ വാള്‍ സ്‌ട്രീറ്റിലെ പ്രസിദ്ധമായ, കാളക്കൂറ്റന്റെ പ്രതിമയ്ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി, പ്രേതമുഖംമൂടിയണിഞ്ഞ് പ്രതിഷേധത്തിനായി സെപ്തംബര്‍ 26ന് ഒത്തുകൂടി. പ്രകടനക്കാരില്‍ല്‍ഒരാളായ ലിന്റാഗ്രേക്കോ പത്രക്കാരോട് വിളിച്ചുപറഞ്ഞു: "ഇതൊരു തെമ്മാടിത്തമാണ്. ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭവനരഹിതരായ എത്ര ആയിരങ്ങള്‍ ഈ നഗരത്തിലുണ്ട്. സ്കൂളുകള്‍ പൊളിയുന്നു. എന്നിട്ടും ഇവന്മാര്‍ക്ക് ഈ പന്നികളെ ജാമ്യത്തിലിറക്കാനാണ് മുന്‍ഗണന.''
ഒരുപക്ഷേ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ വാള്‍ സ്‌ട്രീറ്റില്‍ മുഴങ്ങിയ പ്രതിഷേധ ഘോഷമായിരിക്കാം ഇത്. കാരണം വാള്‍ സ്‌ട്രീറ്റ് നല്ലൊരുഭാഗം കാറുകള്‍ക്കു പോലും അപ്രാപ്യമാണ്. പ്രതിഷേധ പ്രകടനം അനുവദിക്കില്ല. പക്ഷേ, ഇത്തവണ പൊലീസുകാര്‍ നോക്കി നിന്നേയുള്ളൂ. അമേരിക്കന്‍ കോണ്‍ഗ്രസില്‍ രക്ഷാപാക്കേജ് തുലാസില്‍ ആടുമ്പോള്‍ വാള്‍ സ്‌ട്രീറ്റില്‍ ടിവി ക്യാമറകളുടെ മുന്നില്‍ ബലപ്രയോഗം നടത്താന്‍ അവര്‍ ധൈര്യപ്പെട്ടില്ല. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് 200 പട്ടണങ്ങളുടെ കേന്ദ്രങ്ങളില്‍ പിറ്റേന്നു പ്രകടനങ്ങള്‍ നടന്നു. കോണ്‍ഗ്രസിലേക്കുള്ള ഇ മെയില്‍ പ്രവാഹത്തില്‍ രക്ഷാപാക്കേജിനെ ആയിരത്തിരാള്‍ മാത്രമേ അനുകൂലിച്ചുള്ളൂ .
70,000 കോടി ഡോളറിന്റെ രക്ഷാപാക്കേജ് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ടിയും ഡെമോക്രാറ്റ് പാര്‍ടിയും 25നു ധാരണയിലെത്തിയിരുന്നെങ്കിലും സഭയില്‍ അപ്രതീക്ഷിതമായ തര്‍ക്കമുയര്‍ന്നു. തെരഞ്ഞെടുപ്പ് വര്‍ഷമാണല്ലോ ഇത്. ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ മുന്നോട്ടുപോകാന്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും കഴിയില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മക്കെയിന്‍ തന്നെ ബുഷിന്റെ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനവുമായി എത്തി. പിന്നെ ഡെമോക്രാറ്റിക്കുകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലല്ലോ. അതോടെ നേരത്തെ ഉണ്ടാക്കിയ ധാരണയെല്ലാം മാറി. പാക്കേജ് അതേപടി അംഗീകരിക്കുക അസാധ്യമായി തീര്‍ന്നു.
അവസാനം ഞായറാഴ്ച കാലത്ത് ഇരുപാര്‍ടികളുടേയും നേതാക്കള്‍ ഒത്തുതീര്‍പ്പില്‍ല്‍ എത്തിച്ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തന്നെ 110 പേജുള്ള നിയമം പാസാക്കാനാണ് ഇപ്പോള്‍ ധാരണ. പാക്കേജില്‍ ചില സുപ്രധാനമാറ്റം വരുത്തി. ഏറ്റവും പ്രധാനപ്പെട്ടത് 70,000 കോടി ഡോളര്‍ ചെലവാക്കാനുള്ള സ്വേച്ഛാപരമായ അധികാരം പോള്‍സണ് നല്‍കില്ലെന്നതാണ്. അമേരിക്കയുടെ പരമോന്നത സഭകളുടെ മേല്‍നോട്ടം ഇതിന്റെ നടത്തിപ്പിലുണ്ടാകും. രണ്ടാമതായി സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന കമ്പനികളുടെ മാനേജര്‍മാര്‍ക്കും മുന്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഊതിവീര്‍പ്പിച്ച ശമ്പളത്തിനും മറ്റ് ആനുകൂല്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. മൂന്നാമതായി വായ്പ തിരിച്ചടയ്ക്കാനാകാതെ വീട് നഷ്ടപ്പെടുന്ന സാധാരണക്കാരെ കൂടി സംരക്ഷിക്കാന്‍ ചില നടപടി സ്വീകരിക്കും. അവസാനമായി സര്‍ക്കാരിന്റെ കടപ്പത്രം വാങ്ങലിന്റെ ഗുണഫലം ലഭിക്കുന്ന ബാങ്കുകളുടെ മേല്‍ ഓഹരി ഉടമസ്ഥതയടക്കം കര്‍ശനമായ മേല്‍നോട്ടമുണ്ടാകും. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ല്‍എത്രയും പെട്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് രക്ഷാപാക്കേജ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ( ഇന്നലെയും സെനറ്റ് ഈ പാക്കേജ് അംഗീകരിച്ചില്ല. അഭിപ്രായ വ്യത്യാസം തുടരുന്നു.)
അമേരിക്കന്‍ സര്‍ക്കാരിന്റെ അനിതരസാധാരണമായ ഇടപെടലിലൂടെ സമ്പൂര്‍ണമായ വലിയ തകര്‍ച്ചയില്‍നിന്നു ധനമേഖലയെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പല വിദഗ്ധരും കരുതുന്നത്. എന്നാല്‍, ബാങ്കുകള്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളുടെ ആഴം എത്രയെന്ന് വെളിവാകാത്തതിനാല്‍ എന്തു സംഭവിക്കുമെന്നു തീര്‍ച്ച പറയാനാകില്ല. എന്നാല്‍ ഇത്തരമൊരു കുഴപ്പം അനിവാര്യമാണെന്ന് കുറച്ചു നാളായി ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്ന നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ളിറ്റ്സ് പറയുന്നത്, കടുത്ത സാമ്പത്തിക വിഷമത്തില്‍നിന്ന് അമേരിക്കയ്ക്ക് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പുറത്തുകടക്കാന്‍ കഴിയില്ലെന്നുതന്നെയാണ്. ആഗോളമാന്ദ്യം രൂക്ഷമാകാന്‍ പോകുകയാണ്. അത് എന്തെല്ലാം തിരിച്ചടി പുതുതായി ധന മേഖലയ്ക്ക് നല്‍കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.
***
ഡോ. ടി എം തോമസ് ഐസക്
ഡോ. ടി എം തോമസ് ഐസക് എഴുതിയ വഴിമുട്ടിയ വാള്‍സ്‌ട്രീറ്റ് എന്ന ലേഖനം ഇവിടെ വായിക്കാം
Subscribe to:
Post Comments (Atom)
4 comments:
ഒട്ടുമിക്ക പ്രതിഷേധങ്ങളും സാധാരണ പൌരന്മാരുടെ മുന്‍കൈയിലാണ് നടന്നത്. “ഇന്‍ഡിപെന്‍ഡന്റ് ”എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായ അരുണ്‍ ഗുപ്ത ഇ മെയില്‍ സന്ദേശമയച്ചു. “90 ലക്ഷം കുട്ടികള്‍ക്ക് 600 കോടി ഡോളര്‍ ചെലവുവരുന്ന ആരോഗ്യ പദ്ധതി വളരെയേറെ ദുര്‍വഹമാണെന്നാണ് അവന്മാര്‍ പറഞ്ഞത്. എന്നാല്‍, വാള്‍ സ്‌ട്രീറ്റിലെ പന്നികളുടെ ആര്‍ത്തി തൃപ്തിപ്പെടുത്താന്‍ എത്ര വലിയ തുകയാലും കുഴപ്പമില്ലെന്നാണ് ഭാവം. നമ്മള്‍ ഇപ്പോള്‍ ഇറങ്ങി പ്രവര്‍ത്തിച്ചേ തീരൂ.” 500 പേര്‍ വാള്‍ സ്‌ട്രീറ്റിലെ പ്രസിദ്ധമായ, കാളക്കൂറ്റന്റെ പ്രതിമയ്ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി, പ്രേതമുഖംമൂടിയണിഞ്ഞ് പ്രതിഷേധത്തിനായി സെപ്തംബര്‍ 26ന് ഒത്തുകൂടി. പ്രകടനക്കാരില്‍ല്‍ഒരാളായ ലിന്റാഗ്രേക്കോ പത്രക്കാരോട് വിളിച്ചുപറഞ്ഞു: "ഇതൊരു തെമ്മാടിത്തമാണ്. ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭവനരഹിതരായ എത്ര ആയിരങ്ങള്‍ ഈ നഗരത്തിലുണ്ട്. സ്കൂളുകള്‍ പൊളിയുന്നു. എന്നിട്ടും ഇവന്മാര്‍ക്ക് ഈ പന്നികളെ ജാമ്യത്തിലിറക്കാനാണ് മുന്‍ഗണന.''
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയെ മുന്‍നിറുത്തി ഡോ. ടി എം തോമസ് ഐസക് എഴുതിയ രണ്ടാം ലേഖനം.
അമേരിക്കയിലെ കാര്യം അവിടെ നില്‍ക്കട്ടെ ഐസക്ക് സാറെ നമുക്കു ക്യൂബയെ പറ്റി സംസാരിക്കാതെ കേരളത്തെ പറ്റി സംസാരിക്കാം അതോ കേരളത്തെ പറ്റി ഒരക്ഷരം മിണ്ടീപ്പോകരുത് എന്നു പറയുമോ?
൧) വെള്ളക്കരം കൂട്ടി മാരകമായി, വെള്ളം ഉണ്ടോ? അതും ഇല്ല. ജപ്പാന്‍ കുടിവെള്ളം എന്ന പേരില്‍ നാടെല്ലം കുഴിച്ചു തോണ്ടി ഇട്ടിരിക്കുന്നു, എന്നു റോഡ് ഒക്കെ പഴയ ഗതി ആകും?
൨) മുനീറിണ്റ്റെ കാലത്തു നാട്ടിയ ഫ്ളൈ ഓവര്‍ തൂണുകള്‍ താങ്കളുടെ മൂക്കിനു താഴെ കുറ്റി ആയി നില്‍ക്കുന്നു, ആ റോഡ് ഉണ്ടോ അതോ പാര്‍ട്ടി കൊണ്‍ഗ്രസിനു ബാനര്‍ കെട്ടാനായി നിര്‍ത്തിയിരിക്കുക ആണോ?
൩) കേ എസ് സീ ബി കോര്‍പ്പറേഷന്‍ ആക്കിയെ പറ്റുവല്ലോ? എന്നാല്‍ ഈ ലോഡ് ഷെഡ്ഡിംഗ് എന്നു തീരും? കറണ്ടു ചാര്‍ജും കൂട്ടിയല്ലോ
൪) ബസ് ചാര്‍ജും കൂട്ടി ഇനി ഇവിടെ കൂട്ടാന്‍ ഒന്നുമില്ല
൫) മൂന്നാറില്‍ പൊളിച്ചതെല്ലം ഗവണ്‍മണ്റ്റ് തന്നെ തിരിച്ചു കെട്ടിക്കൊടുത്തു, എസ്റ്റേറ്റു എല്ലം സേവി മനോ മത്യ്‌വും മറ്റു ബിനാമികളും കയ്യടക്കി ഗുരുദാസാനെതിരെ പാര്‍ട്ടിയില്‍ തന്നെ അഴിമതി ഉന്നയിച്ചു കഴിഞ്ഞു
താങ്കള്‍ കേരളത്തിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ എന്തൊക്കെയാണു ഒരു ലേഖനം എഴുതിയാട്ടെ
അമേരിക്ക തകരുന്നുവെന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞദിവസം വി എസ്സിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം !!!
ശരിയാണ്, ബാങ്കുകള്‍ പലതും കൊടുകാര്യസ്ഥതയിലും തലതിരിഞ്ഞ മാനേജ്മെന്റ് നയങ്ങളും മൂലം തകര്‍ന്നുവെന്നു; ഇനിയും പലതും ഊഴം കാത്തുനില്‍ക്കുന്നു! എന്നാലും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും തകരും എന്നുപറയാന്‍ വരട്ടെ.
ഒരു ചെറിയ താരതമ്യം;
അമേരിക്ക
GDP: $13.84 trillion (2007 est.)
GDP - per capita (PPP):
$45,800 (2007 est.)
ഇന്ത്യ
GDP: $2.989 trillion (2007 est.)
GDP - per capita (PPP):
$2,700 (2007 est.)
ചൈന
GDP: $6.991 trillion (2007 est.)
GDP - per capita (PPP):
$5,300 (2007 est.)
ഈയൊരു വിത്യാസം ചെറുതല്ല!
“ദേശസാത്കരണത്തിനു വേണ്ടി അമേരിക്കയിലുയരുന്ന മുറവിളിക്ക് ”
ഇവിടെ അങ്ങനെ ഒരുമുറവിളി ഉയരുന്നുണ്ടോ? ഉണ്ടില്ല എന്നുപറയേണ്ടിവരും(ബുഷിനുണ്ട് ജനത്തിനില്ല സ്റ്റൈല്‍!)! ഒരു നൂറ്റാണ്ടിനുമേല്‍ പാരമ്പര്യമുള്ള കമ്പനികളെ നശിപ്പിച്ച സി ഇ ഓ മാര്‍ക്ക് സര്‍ക്കാര്‍ ‘ഗോള്‍ഡന്‍ പാരച്യൂട്’ കൊടുക്കുന്നതിനെ ഇവിടുത്തെ ജനം ശക്തമായിട്ട് തന്നെ എതിര്‍ക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ 70,000 കോടി ഡോളറിന്റെ പാക്കേജ് ഇതുവരെ തീര്‍പ്പാകാതെ കിടക്കുന്നത്.
ജര്‍മ്മന്കാരന് എഞ്ചിനീയറിങ് ഉണ്ട്,
ഫ്രഞ്ചിന് കലയുണ്ട്,
ഇറ്റലിക്കാരന് പ്രേമമുണ്ട്,
ബ്രട്ടീഷുകാരന് മടിയും!
പക്ഷെ അമേരിക്കയ്ക്ക് എന്താ ഉള്ളത്? സ്വന്തമായിട്ടൊരു ഫുഡ് മെനു പോലുമില്ല! പക്ഷെ അവന്റെ കഠിനാദ്ധ്വാനവും കമ്മിറ്റ്മെന്റും ഡെഡിക്കേഷനും അവനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു!
അതവന്റെ കയ്യില്‍ ഉള്ളടത്തോളം കാലം അമേരിക്ക ഇവിടെയൊക്കെത്തന്നെ കാണും, തല ഉയര്‍ത്തിപ്പിടിച്ചുതന്നെ!
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഡെഡിക്കേഷന്‍ ശരിക്ക് കണ്ടത് ഇറാഖില്‍. 10ലക്ഷം പേരെ കൊല്ലാന്‍ , ലക്ഷങ്ങളെ അഭയാര്‍ത്ഥികളാക്കാന്‍, മൊത്തം ബോംബിട്ട് തകര്‍ക്കാന്‍, എന്നിട്ടതില്‍ നിന്ന് ലാഭം ഊറ്റാന്‍ ചില്ലറ ഡെഡിക്കേഷന്‍ പോരാ.
Post a Comment