Wednesday, September 10, 2008

പരസ്പര സഹായത്തില്‍ നിന്ന് സ്വയംസഹായത്തിലേക്ക്?

ലാഭാധിഷ്ഠിത ചിന്തകള്‍ക്ക് മുന്‍തൂക്കം വരുന്ന ഒരു സമൂഹത്തില്‍, പരസ്പര സഹായ സഹകരണം എന്ന വാക്ക് തന്നെ, പാരസ്പര്യം എന്ന ആശയം തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഇപ്പോള്‍ പരസ്പര സഹായമല്ല, സ്വയം സഹായമാണ് പ്രധാനം എന്നായിട്ടുണ്ട് കാര്യങ്ങള്‍.

വലിയ സംഖ്യയുടേതാണെങ്കില്‍ കൊടുത്തവന്റെ തലവേദന, ചെറുതാണെങ്കില്‍ വാങ്ങിയവന്റെ തലവേദന എന്നു പറഞ്ഞത് കെയിന്‍സ് സായ്പാണ്. അന്നും ഇന്നും എന്നും നേരാണ് കാര്യം. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ച് എന്തൊരു പുക്കാറാണിവിടെ നടക്കുന്നത്? എന്നാല്‍ ശതകോടീശ്വരന്മാരായ കുത്തക മതലാളിമാര്‍ ബോധപൂര്‍വ്വം വരുത്തിവെച്ച കുടിശ്ശിക ഇരുചെവിയറിയാതെ വര്‍ഷാവര്‍ഷം എഴുതിത്തള്ളുമ്പോള്‍ ഒച്ചയും അനക്കവും ഉണ്ടാകുന്നേയില്ല. ഇടതുപക്ഷ കക്ഷികളും ട്രേഡ് യൂണിയനുകളും അതിനെതിരെ നടത്തുന്ന പ്രചാരണമാകെ കാറ്റെടുത്തു പോവുകയുമാണ്.

ചെറിയവര്‍ സംഘടിച്ചുണ്ടാക്കിയ വലിയ സ്ഥാപനങ്ങളെയും കമ്പോളനീതിക്ക് വിടണമെന്ന ആലോചനകള്‍ ശക്തിപ്പെട്ടു വന്നതു കൊണ്ടാണല്ലോ, മാഞ്ചസ്റ്ററില്‍ ചേര്‍ന്ന ആഗോള സഹകരണ അലയന്‍സില്‍ വെച്ച് സഹകരണ തത്വങ്ങളില്‍ത്തന്നെ വെള്ളം ചേര്‍ക്കാന്‍ തീരുമാനിച്ചത്. ലാഭാധിഷ്ഠിത ചിന്തകള്‍ക്ക് മുന്‍തൂക്കം വരുന്ന ഒരു സമൂഹത്തില്‍, പരസ്പര സഹായ സഹകരണം എന്ന വാക്ക് തന്നെ, പാരസ്പര്യം എന്ന ആശയം തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഇപ്പോള്‍ പരസ്പര സഹായമല്ല, സ്വയം സഹായമാണ് പ്രധാനം എന്നായിട്ടുണ്ട് കാര്യങ്ങള്‍. അതുകൊണ്ടുതന്നെ വ്യവസായ സംരംഭകന്റെ മൃഗീയ വാസനകള്‍ ( animal instincts) കെട്ടഴിച്ചു വിടാവുന്ന വിധം സംരംഭകത്വം വികസിപ്പിക്കലാണ്, നിയന്ത്രണങ്ങള്‍ ഒഴിവാക്കലാണ് പ്രധാനം എന്നാണ് പറയപ്പെടുന്നത്. എല്ലാം കമ്പോളനീതിക്ക് വിടുന്നൊരു കാലത്ത് സഹകരണ ബാങ്കുകള്‍ എങ്ങനെ മാറിത്തീര ണം? ഇന്ത്യന്‍ ധനമേഖലയെ ആകെ പരിഷ്ക്കരിച്ചെടുക്കാനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയുക്തമായ രഘുരാം രാജന്‍ കമ്മിറ്റി ഇതിനും വഴി കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ കാണാതിരിക്കും വഴി, ഐ.എം.എഫിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഒരാള്‍ നയിക്കുന്ന ഒരുന്നതാധികാര വിദഗ്ദസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെങ്കില്‍! നാളിതുവരെ ധനമേഖലാ പരിഷ്കാര നിര്‍ദ്ദേശങ്ങള്‍ക്കായി നിയുക്തമായ മറ്റേതൊരു കമ്മിറ്റിയേക്കാളും തങ്ങള്‍ക്ക് സൌഭാഗ്യമേറെയാണ് എന്നു പറഞ്ഞുകൊണ്ടാണ് 246 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. സ്വകാര്യ മൂലധന താല്‍പര്യ സംരക്ഷകരാണ് ക മ്മിറ്റി അംഗങ്ങളാകെ. ഐ.സി. ഐ.സി.ഐ ബാങ്കിന്റെയും കൊടക് മഹീന്ദ്രയുടെയും തലവന്മാര്‍, ചോറ് പൊതുമേഖലയിലാണെങ്കിലും കൂറ് സ്വകാര്യ മേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ ഓ.പി ഭട്ട് തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കുന്ന റിപ്പോര്‍ട്ട് വന്‍കിട കുത്തകകള്‍ക്ക് പരവതാനി വിരിക്കുമ്പോള്‍, സ്വാഭാവികമായും അതില്‍ ഞെരിഞ്ഞമരുക സാധാരണ മനുഷ്യരുടെ വെറും സാധാരണ ജീവിതങ്ങളാണ്. ഇന്ത്യന്‍ കുത്തകകളുടെയും വന്‍കിട ഭൂപ്രഭുക്കളുടെയും ഭരണകൂടമാണെങ്കിലും മുഴുവന്‍ ജനങ്ങളുടെയും താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന നാട്യമാണ് ഇതുവരെ പുലര്‍ത്തിപ്പോന്നത്. എന്നാല്‍ എല്ലാ മുഖംമൂടികളും ഉപേക്ഷിച്ചു കൊണ്ട് തങ്ങളുടെ വര്‍ഗ നിലപാടുകള്‍ വളരെ കൃത്യമായും പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ് ബഹുരാഷ്ട്രക്കുത്തകകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗം.

ഇങ്ങനെ വരുമ്പോള്‍, ആഗോള മൂലധന താല്‍പര്യവുമായി അതിന് കൃത്യമായും കണ്ണിചേരാനാവും. നാട്ടിലെ ജനങ്ങളെയും വിഭവങ്ങളെയും ബഹുരാഷ്ട്ര കുത്തകക്കമ്പനികളില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്താനായി പണിതുയര്‍ത്തിയ രക്ഷാ വാല്‍വുകള്‍ ഓരോന്നോരാന്നായി ഇപ്പോള്‍ ഊരിയെറിയുന്നതിന് കാരണം അതാണ്. അതിരുകളില്ലാത്ത ആകാശം പോലെ സര്‍വ്വതന്ത്രസ്വതന്ത്രമായ കമ്പോളം ലോകത്തെങ്ങും തുറന്നു കിട്ടുക എന്നത് ഇന്ന് ഇന്ത്യന്‍ ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ധനമേഖലാ പരിഷ്കാരത്തെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനായി ജന്മംകൊണ്ട് ഇന്ത്യക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് ഐ.എം.എഫ് ഭൃത്യനായ രഘുരാം രാജനെപ്പോലെയൊരാള്‍ നിയുക്തനാവുന്നത്.

ഇന്ത്യന്‍ ധനമേഖലയുടെ കുഴപ്പങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് തുടങ്ങുന്നതുതന്നെ. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വളരെ അധികാര സ്വരത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല കൈവരിച്ച അസാമാന്യമായ നേട്ടങ്ങളെക്കുറിച്ച് സ്തുതി വചനങ്ങള്‍ ചൊരിഞ്ഞുകൊണ്ടാണ് നരസിംഹം കമ്മിറ്റി നേരത്തെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോകബാങ്ക് രേഖയുടെ പകര്‍ത്തെഴുത്തു മാത്രമായിരുന്നല്ലോ. അതിലാണെങ്കില്‍, ഇന്ത്യന്‍ ബാങ്കിങ്ങ് ആര്‍ജ്ജിച്ച വൈപുല്യത്തെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും വാചാലമായ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ നേരേ മറിച്ച് രഘുരാം രാജനാകട്ടെ, ഈയൊരു വശം കണ്ടില്ലെന്നു നടിച്ചുകൊണ്ട് പറയുന്നതോ? ഇന്ത്യന്‍ ധനമേഖല സാധാരണ മനുഷ്യരുടെ സാധാരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു, അതേപോലെ കോര്‍പ്പറേറ്റ് മേഖലയുടെ നൂതനബാങ്കിങ്ങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും വിജയിച്ചില്ല എന്നാണ്. പട്ടിയെ പേപ്പട്ടിയെന്നു വിളിച്ച് തല്ലിക്കൊല്ലാന്‍ തന്നെ ശ്രമം!

ഗ്രാമീണ മേഖലയില്‍ വായ്പാ ആവശ്യം നിറവേറ്റുന്നത് ഇപ്പോഴും ഹുണ്ടികക്കാരാണത്രെ. ഗ്രാമീണ ബാങ്കുകള്‍ നേരത്തേ ചെലവ് കുറഞ്ഞ ബാങ്കുകളായിരുന്നെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന ശമ്പളക്കാരായ, നഗരങ്ങളില്‍ നിന്നും വരുന്ന, ഗ്രാമീണ ജനതയുടെ വികാരമറിയാത്തവരുടെ കേന്ദ്രമാണത്രെ! എന്നാല്‍ ഹുണ്ടികക്കാരനോ? അയാള്‍ അയവുള്ളവനാണ്, പ്രമാണങ്ങളാവശ്യപ്പെടില്ല, കൃത്യത പാലിക്കും, കക്ഷികളുടെ അത്യാവശ്യകാര്യങ്ങളോട് കൃത്യമായി പ്രതികരിക്കും''. അതുകൊണ്ട് ഹുണ്ടികക്കാരും ബാങ്കുകളും യോജിച്ചുള്ള പ്രവര്‍ത്തനമാണ് വിവേകപൂര്‍വ്വമായ നടപടിയത്രെ! അങ്ങനെ വരുമ്പോള്‍ വായ്പ കിട്ടലാണ് കാര്യം, പലിശ നിരക്ക് പ്രശ്നമേയല്ല. അമിത പലിശ നിയന്ത്രിക്കുന്ന നിയമങ്ങള്‍തന്നെ മാറ്റിയെഴുതണമെന്നായിരുന്നല്ലോ നേരത്തെ ലോകബാങ്കിന്റെ കണ്ടെത്തല്‍.

സഹകരണ ബാങ്കുകളെക്കുറിച്ച് വളരെയേറെയൊന്നും പറയുന്നില്ലെങ്കിലും "മിതം ച സാരം ച വാചോഹി വാഗ്മിത'' എന്ന മട്ടില്‍ നിലപാടുകള്‍ വെളിപ്പെടുത്തുന്നുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളോട് പൂര്‍ണമായും യോജിച്ചുകൊണ്ട്, നഷ്ടത്തിലായ സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടാനും ലാഭകരമായി പ്രവര്‍ത്തിക്കുന്നവയെ കമ്പനികളാക്കാനും നിര്‍ദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തുന്നൊരു ചോദ്യമുണ്ട്: എന്തിനാണ് കടക്കാരന് ഇത്രക്കധികാരം? സഹകരണ വായ്പാ സ്ഥാപനങ്ങളില്‍ അധമര്‍ണ്ണന് കിട്ടുന്ന മേല്‍ക്കൈ ഒഴിവാക്കണമെങ്കില്‍ അതിനെ കമ്പനിവല്‍ക്കരിക്കണം. ( വലിയ കമ്പനികളുടെ വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ നമ്മുടെ വലിയ മുതലാളിമാര്‍ക്കും അവരുടെ പേനയുന്തുകാര്‍ക്കും വിഷമമേതുമില്ലല്ലോ. അവിടെ വലിയ കടക്കാരനാണ് പരമാധികാരി. പക്ഷേ ഇവിടെ അതങ്ങനെ പറ്റില്ലല്ലോ) കടം വാങ്ങുന്നവന് എന്തിന് വോട്ടവകാശം, പാവങ്ങള്‍ക്കെന്ത് ജനാധിപത്യം എന്നു തന്നെയാണ് ചോദ്യം.

രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസിനുള്ള മേല്‍നോട്ടാധികാരം എടുത്തുകളഞ്ഞുകൊണ്ട് മുഴുവന്‍ ഉത്തരവാദിത്വവും റിസര്‍വ്വ് ബാങ്കിനെ ഏല്‍പിക്കാനാണ് ശുപാര്‍ശ. മുമ്പ് നരസിംഹം കമ്മിറ്റിയും ഇക്കാര്യം അമര്‍ത്തിപ്പറഞ്ഞിരുന്നു. സഹകരണ ബാങ്കുകളുടെ ജനാധിപത്യസ്വഭാവം മാത്രമല്ല, ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ പരികല്‍പനകളെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. ഇങ്ങനെ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടാധികാരം റിസര്‍വ്വ് ബാങ്കിനെ എല്‍പിക്കണമെന്ന് പറയുന്ന കമ്മിറ്റിയുടെ ഒന്നാമത്തെ ശുപാര്‍ശ തന്നെ റിസര്‍വ്വ് ബാങ്കിന്റെ അധികാരമാകെ എടുത്തുകളയണമെന്നാണ്. നാണയപ്പെരുപ്പം തടയുക എന്നതു മാത്രമായിരിക്കണം അതിന്റെ ചുമതല എന്നാണ് കല്‍പന. ധനമേഖലയിലെ എല്ലാതരം നിയന്ത്രണങ്ങളും എടുത്തുകളയണമെന്ന് കമ്പോള മൌലികതാവാദികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി, എന്നാല്‍ ഇപ്പോള്‍ അതങ്ങനെ പച്ചക്ക് പറയാന്‍ പറ്റാത്ത രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. നിയന്ത്രണരഹിതമായി കമ്പോളങ്ങളെ പെരുമാറാന്‍ വിട്ടേടങ്ങളിലൊക്കെ, ബാങ്കുകള്‍ പൊട്ടിപ്പൊളിഞ്ഞ് കുത്തുപാളയെടുക്കുന്ന ഒരാഗോളസാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം നിര്‍ലജ്ജം മുന്നോട്ടുവെക്കുന്നത്. അമേരിക്കയിലായാലും യൂറോപ്പിലായാലും വീണ്ടും നിയന്ത്രണങ്ങളും ദേശസാല്‍ക്കരണങ്ങളും വഴി ബാങ്കിങ്ങ് മേഖലയെയും സമ്പദ് വ്യവസ്ഥയെത്തന്നെയും സംരക്ഷിക്കാന്‍ പെടാപ്പാട് പെടുമ്പോഴാണ് ജീന്‍വെച്ച കുതിരയെപ്പോലെ കമ്പോളംനോക്കികള്‍ ഗീര്‍വ്വാണം ചമയ്ക്കുന്നത്.

ഇന്ത്യന്‍ ധനമേഖല ഒട്ടും നിരപ്പല്ലത്രെ. അതുകൊണ്ട് കളിസ്ഥലം നിരപ്പാക്കണം. എന്നു വെച്ചാല്‍ എല്ലാ കളിക്കാര്‍ക്കും തുല്യപരിഗണന. പച്ചക്ക് പറഞ്ഞാല്‍ നാടന്‍- മറുനടന്‍ സ്വകാര്യ മൂലധനത്തിന് പരവതാനി വിരിക്കണം. അവയുടെ കുഞ്ഞിളംകാലുകള്‍ക്ക് തടസ്സം നില്‍ക്കുന്ന മുഴകളും പൊന്തകളും വെട്ടിമാറ്റണം. അത്തരം തടസ്സങ്ങളില്‍ പ്രധാനം സര്‍ക്കാര്‍ ഉടമസ്ഥതയാണത്രെ. സ്വകാര്യ മൂലധനത്തിന് ഓട്ടത്തില്‍ ഒപ്പമെത്താന്‍ മിനക്കേടാണെന്നര്‍ത്ഥം. സര്‍ക്കാറിന്റെ പിന്തുണ മത്സരക്ഷമതക്ക് തടസ്സമാണ്. ആകയാല്‍ സര്‍ക്കാര്‍ ഉടമസ്ഥത പൂര്‍ണ്ണമായും കയ്യൊഴിയണം.

പൊതുജനാഭിപ്രായം ഇപ്പോ ള്‍ അതിനെതിരാണ്. "ദൌര്‍ഭാഗ്യവശാല്‍ പ്രത്യയശാസ്ത്ര ശാഠ്യമാണ്, യുക്തിപൂര്‍വ്വമായ സംവാദങ്ങളെ കവച്ചു വെക്കുന്നതത്രെ! അതു കൊണ്ട് ഒറ്റയടിക്ക് സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാവില്ലെങ്കില്‍ ക്രമേണ അതിലേക്കെത്തിക്കാവുന്ന തരത്തിലുള്ള നടപടികളാണ് വേണ്ടത്. താരതമ്യേന ദുര്‍ബലമായ പൊതുമേഖലാ ബാങ്കുകളെ തൂക്കിവില്‍ക്കുക, അതിന്റെ അനുഭവം മുന്‍നിര്‍ത്തി പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് നിര്‍ദ്ദേശം. നരസിംഹം കമ്മിറ്റി ശുപാര്‍ശ ചെയ്തതുപോലെ ബാങ്ക് ഷെയറുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കുകയും ഡയറക്ടര്‍ ബോര്‍ഡില്‍ അവരുടെ സാന്നി ധ്യം ഉറപ്പാക്കുകയും ചെയ്യുക. അങ്ങനെ ഡയറക്ടര്‍ ബോര്‍ഡ് 'ശക്ത'മാക്കിയ ശേഷം, അവയെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് മിനക്കെടരുത്. റിസര്‍വ് ബാങ്ക് മാത്രമല്ല, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ഇന്ത്യന്‍ പാര്‍ലമെന്റും ഒന്നും ഈ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടുകൂടാ. (ദേശ രാഷ്ട്രം അപ്രസക്തമാകും എന്ന പഴയ പ്രഖ്യാപനത്തിന്റെ പുതിയ രൂപം!) വിദേശ കുത്തകകള്‍ക്ക് അലോസരമുണ്ടാക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ വേണ്ടെന്നു വെച്ചുകൂടേ എന്ന് തല്‍ക്കാലം ചോദിച്ചിട്ടില്ല. പക്ഷേ, കോടതികള്‍ ഉണ്ടാക്കുന്ന തടസ്സങ്ങളെക്കുറിച്ച് നീരസപ്രകടനം നന്നായി നടത്തുന്നുണ്ട്.

വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം നീക്കിക്കൊടുക്കണം എന്നാണ് ഒരു ശുപാര്‍ശ. പുതിയ ധനോല്‍പ്പന്നങ്ങള്‍ ഇറക്കാനുള്ള അനിയന്ത്രിതാവകാശം, ഭൂ ഉടമസ്ഥതയുടെ കാര്യത്തിലുള്ള പുനരാലോചന, ഭൂസ്വത്ത് പരിധി നിയന്ത്രണനിയമം വേണ്ടെന്നുവെക്കല്‍, ഭൂരേഖാപരിപാലന രീതിയിലുള്ള മാറ്റങ്ങള്‍- ചുരുക്കിപ്പറഞ്ഞാല്‍ വമ്പന്‍ കുത്തകക്കമ്പനികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാനുള്ള അസുലഭാവസരം. ഇന്ത്യന്‍ ധനമേഖല വെട്ടിപ്പൊളിച്ച് നാടന്‍- മറുനാടന്‍ കുത്തകക്കമ്പനികള്‍ക്ക് പതിച്ചുകൊടുക്കുമ്പോള്‍ തകര്‍ന്നു വീഴുക ഇന്ത്യന്‍ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളാണ്. തീര്‍ച്ചയായും ഇത് ചെറുക്കപ്പെടേണ്ടതാണ്. രഘുരാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൊതു ജനാഭിപ്രായം സ്വീകരിച്ച് അവസാനരൂപം നല്‍കുമെന്നാണ് പറയുന്നത്. പക്ഷേ ഇപ്പോള്‍ ഇടതുപക്ഷത്തെ കൂടാതെ തന്നെ ഭരിക്കാനുള്ള കുതിരക്കച്ചവടം നടക്കുമ്പോള്‍ സ്വാഭാവികമായും എക്സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി പലതും നടത്തിയെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

പണയം വെക്കപ്പെടുന്നത് ഇന്ത്യന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശംതന്നെയാണ്. നമ്മുടെ ജനാധിപത്യ അവകാശങ്ങളാണ്, ഫെഡറല്‍ സംവിധാനമാണ്, നീതി പൂര്‍വ്വകമായ വിതരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളാണ് തകര്‍ക്കപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഉടനെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രഘുരാമന്‍ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ദേശവിരുദ്ധമാണ്, നിരാകരിക്കപ്പെടേണ്ടതാണ്. പക്ഷേ ലോക ഫൈനാന്‍സ് മൂലധന താത്പര്യത്തോടാണ് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഏറ്റുമുട്ടാനുള്ളത്. ജനങ്ങളെയാകെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമകരമായ ജോലി സഹകാരികള്‍ കൂടി ഏറ്റെടുത്തേ പറ്റൂ.

*
ഏ. കെ രമേശ്,
(BEFI അഖിലേന്ത്യാ സെക്രട്ടറിയാണ് ലേഖകന്‍)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാഭാധിഷ്ഠിത ചിന്തകള്‍ക്ക് മുന്‍തൂക്കം വരുന്ന ഒരു സമൂഹത്തില്‍, പരസ്പര സഹായ സഹകരണം എന്ന വാക്ക് തന്നെ, പാരസ്പര്യം എന്ന ആശയം തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഇപ്പോള്‍ പരസ്പര സഹായമല്ല, സ്വയം സഹായമാണ് പ്രധാനം എന്നായിട്ടുണ്ട് കാര്യങ്ങള്‍.

വലിയ സംഖ്യയുടേതാണെങ്കില്‍ കൊടുത്തവന്റെ തലവേദന, ചെറുതാണെങ്കില്‍ വാങ്ങിയവന്റെ തലവേദന എന്നു പറഞ്ഞത് കെയിന്‍സ് സായ്പാണ്. അന്നും ഇന്നും എന്നും നേരാണ് കാര്യം. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ച് എന്തൊരു പുക്കാറാണിവിടെ നടക്കുന്നത്? എന്നാല്‍ ശതകോടീശ്വരന്മാരായ കുത്തക മതലാളിമാര്‍ ബോധപൂര്‍വ്വം വരുത്തിവെച്ച കുടിശ്ശിക ഇരുചെവിയറിയാതെ വര്‍ഷാവര്‍ഷം എഴുതിത്തള്ളുമ്പോള്‍ ഒച്ചയും അനക്കവും ഉണ്ടാകുന്നേയില്ല.

simy nazareth said...

onnum manasilayilla.

വേണാടന്‍ said...

എനിക്കും..വാലേത്...തലയേത്..

Baiju Elikkattoor said...

"....ചുരുക്കിപ്പറഞ്ഞാല്‍ വമ്പന്‍ കുത്തകക്കമ്പനികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാനുള്ള അസുലഭാവസരം. ഇന്ത്യന്‍ ധനമേഖല വെട്ടിപ്പൊളിച്ച് നാടന്‍- മറുനാടന്‍ കുത്തകക്കമ്പനികള്‍ക്ക് പതിച്ചുകൊടുക്കുമ്പോള്‍ തകര്‍ന്നു വീഴുക ഇന്ത്യന്‍ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളാണ്."

This is all just what to be understood.......!