മതകീയമായ എല്ലാ ആഘോഷങ്ങളെയും കമ്പോളം ഏറ്റെടുത്തതുകൊണ്ടാണ് ആധുനിക കാലത്തും അവ നിലനില്‍ക്കുന്നതും കൊണ്ടാടപ്പെടുന്നതും എന്നത് അടിസ്ഥാനപരമായ ഒരു വസ്തുത മാത്രമാണ്. അതിനര്‍ത്ഥം അത്തരം ആഘോഷങ്ങളില്‍ മതാധിഷ്ഠിതമോ ജാത്യാധിഷ്ഠിതമോ ദൈവാരാധാനാപരമോ പ്രാദേശികമോ ആയ സംസ്ക്കാരസവിശേഷതകള്‍ ഒന്നുമില്ലെന്നുമല്ല. ഇതിനെയെല്ലാം മൂടിനില്‍ക്കുകയും അതേ സമയം ഇതിനെയൊക്കെ അനുവദിക്കുകയും ചെയ്യുന്ന തരം ഉദാരമായ മുതലാളിത്തത്തിന്റെ ജനാധിപത്യ-സെക്കുലര്‍ വീക്ഷണങ്ങളാണ് മതാഘോഷങ്ങളെ അവയുടെ സങ്കുചിത പരിസരങ്ങളില്‍ നിന്നും വളര്‍ത്തിയെടുക്കുന്നത്. മൂഢരും തങ്ങളുടെ തന്നെ ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്നവരുമായ കപട കവികള്‍ എല്ലാ കൊല്ലവും വിലപിക്കാറുള്ളതു പോലെ എവിടെയെന്റെ തുമ്പപ്പൂ, എവിടെയെന്റെ തൃക്കാക്കരപ്പന്‍, എവിടെയെന്റെ ഓണപ്പുടവ, എവിടെയെന്റെ പൂക്കൊട്ട, എവിടെയെന്റെ ആര്‍പ്പുവിളികള്‍ എന്നിങ്ങനെയുള്ള വിഴുപ്പലക്കലുകളിലല്ല സാമാന്യജനം ഓണത്തെ ഓര്‍ത്തെടുക്കുന്നതും ആഘോഷിച്ചും സന്തോഷിച്ചും പെരുപ്പിക്കുന്നതും. ബോണസിലും അവധിയിലും ബീവറേജസിലും നന്തിലത്തിലും തുണിക്കടകളിലും തെരുവോരവില്‍പ്പനകളിലും ബമ്പര്‍ ലോട്ടറികളിലും ഓണം റിലീസുകളിലും ഓണക്കിറ്റിലും ടെലിവിഷനിലെ മിമിക്രികളിലും (ആരും വായിക്കാത്ത) ഓണപ്പതിപ്പുകളിലും മുതിര്‍ന്നവരിലേക്കുള്ള നിര്‍ബന്ധിക്കപ്പെട്ട സന്ദര്‍ശനങ്ങളിലും ഒക്കെയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഓണം ഉത്പാദിപ്പിക്കുന്ന ദൈവ സങ്കല്‍പവും ആഹ്ളാദവും, സാംസ്കാരികത്തനിമാ വാദികളുടെയും അവരെ പ്രായോഗികമായി എതിര്‍ക്കുന്നവരെങ്കിലും അവരുടെ സാംസ്കാരിക വ്യാഖ്യാനങ്ങളെ അജ്ഞത കൊണ്ടും അനവധാനത കൊണ്ടും പിന്തുടരുന്നവരുമായവരുടെ സങ്കല്‍പങ്ങളെക്കാള്‍ ഭേദമാണ്.
ചരിത്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉള്ളവര്‍ക്കു പോലും അറിയാവുന്ന സംഗതിയാണ് ഓണം സവര്‍ണ ഹൈന്ദവരുടെ നേതൃത്വത്തില്‍ കൊണ്ടാടിയിരുന്ന ഒരു നാട്ടുത്സവമായിരുന്നുവെന്നത്. ജന്മിക്കും നാടുവാഴിക്കും സവര്‍ണ ജാതിപ്രഭുവിനും മുമ്പില്‍ കാഴ്ചക്കുലയുമായി ഓഛാനിച്ചു നില്‍ക്കുന്ന അടിയാക്കള്‍ക്ക് മുണ്ടും നേര്യതും അടുക്കളപ്പുറത്തു നിന്ന് സദ്യയുടെ ഉച്ഛിഷ്ടവും ലഭ്യമായിരുന്നു. ഇല്ലായ്മകളുടെ വര്‍ഷപാതത്തിനിടയില്‍ ഈ ലബ്ധി വലിയ ആഹ്ളാദത്തിനിടയാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. അടിയാക്കളുടെ വയറും മനവും നിറയുന്നതു നോക്കിനില്‍ക്കാനും അവരുടെ സ്തുതി ഏറ്റുവാങ്ങാനും കഴിയുന്ന ജാതി-ജന്മി-നാടുവാഴിക്കും സന്തോഷം ലഭ്യമാവുന്നു. നവോത്ഥാനത്തിന്റെയും മുതലാളിത്തത്തിന്റെയും വ്യാപനത്തെ തുടര്‍ന്ന് കാഴ്ചക്കുല-സദ്യയുടെ ഉച്ഛിഷ്ടം-സന്തോഷം എന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അപ്രസക്തമായിത്തീര്‍ന്നു. എന്നാല്‍ സംസ്ക്കാരം എന്നത് ഓര്‍മകളുടെ സൌന്ദര്യവിവേചനം കൂടിയായതുകൊണ്ട് വര്‍ഗ-വംശ-ലിംഗ അടിസ്ഥാനങ്ങളിലുള്ള ആധിപത്യ-വിധേയത്വ ബന്ധങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോകുകയും പൂക്കളം, പുടവ, കളികള്‍, പാട്ടുകള്‍, സദ്യവട്ടം എന്നിങ്ങനെയുള്ള കാഴ്ചകളും കല്‍പനകളും മുകളിലേക്ക് തള്ളിക്കയറിവരുകയും ചെയ്തു. ഇത്തരത്തിലുള്ള കാഴ്ച/കല്‍പനകളുടെ സൌന്ദര്യം കൂടുതല്‍ പ്രചരിപ്പിക്കുന്നതിന് കമ്പോളമാണ് എല്ലാ സഹായവും ഒരുക്കിയത്.
യഥാര്‍ത്ഥത്തില്‍ ഈ കമ്പോളവല്‍ക്കരണത്തിന് സമ്പൂര്‍ണമായി കീഴ്പ്പെട്ടവരാണ് ഓണം പോലുള്ള സവിശേഷവും സങ്കീര്‍ണവുമായ ഒരു സാംസ്ക്കാരിക/ചരിത്ര യാഥാര്‍ത്ഥ്യത്തെ അതിന്റെ കേവല സൌന്ദര്യത്തില്‍ ആകൃഷ്ടരായി സ്തുതിക്കുന്നതും ഇതും കൂടി നഷ്ടപ്പെട്ടാല്‍ കേരളം പിന്നെന്ത് എന്നൊക്കെ വലിയ വായില്‍ വിലപിക്കുന്നതും. ഇക്കൂട്ടര്‍ കേരളത്തെ ഓര്‍ത്തും സങ്കല്‍പിച്ചും നിവര്‍ത്തിയെടുക്കുന്നത്, മുണ്ട്, നേര്യത്, കൈകൊട്ടിക്കളി, താലപ്പൊലി എന്നിങ്ങനെയുള്ള ലളിതമെന്നു തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൊണ്ടു മാത്രമാണ്. പുരോഗമനവിശ്വാസികളുടെ ജാഥകളില്‍ പോലും ബാനര്‍ പിടിക്കാന്‍ മുമ്പില്‍ രണ്ടറ്റത്തും വേഷ്ടിയും മുണ്ടും അണിഞ്ഞ 'കേരള'സ്ത്രീകളെ അണിനിരത്തുമ്പോള്‍ ഈ ചരിത്രമൌഢ്യത്തിന്റെയും കമ്പോളസംസ്കൃതിയുടെയും ബീഭത്സമായ ബഹിര്‍സ്ഫുരണമാണ് കാണുവാന്‍ കഴിയുക. ഈ ബഹിര്‍സ്ഫുരണം തനിമാവാദത്തിലേക്കും അതുവഴി ദേശ-രാഷ്ട്ര സങ്കല്‍പത്തിന്റെയും സൃഷ്ടിയുടെയും അപകടകരമായ അജണ്ടകളിലേക്കും വിലയം പ്രാപിക്കുകയും ചെയ്യും. മന്ത്രിമാരുടെയും കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുടെയും മുന്നില്‍ അണിനിരത്തുന്ന താലപ്പൊലി എന്ന അശ്ലീലരൂപത്തിന്റെ പ്രകടനവും മറ്റൊരു ധര്‍മമമല്ല നിര്‍വഹിക്കുന്നത്. നാടുവാഴിത്ത കാലത്ത് നാട്ടിലെ ഏതു സ്ത്രീശരീരവും നാടുവാഴി പ്രമാണിക്ക് പ്രാപ്യമാകേണ്ടതുണ്ട് എന്നതാണ് നിയമം. ഏതൊക്കെ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയായി, ആരുടെയൊക്കെ ശരീരം മുഴുത്തു എന്നൊക്കെ പ്രമാണിക്കും കിങ്കരന്മാര്‍ക്കും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് താലപ്പൊലി ഒരുക്കുന്നത്. അവരവരുടെ മാറിടത്തിനു തൊട്ടു താഴെയായി താലത്തില്‍ ദീപം തെളിയിച്ചുകൊണ്ട് പെണ്‍കൊടികള്‍ നിരന്നു നില്‍ക്കുന്നു. ഓരോരുത്തരുടെയും മാറിടത്തിന്റെ മുഴുപ്പ് പ്രമാണികളും കിങ്കരന്മാരും പരിശോധിച്ച് ഏതൊക്കെ ശരീരങ്ങള്‍ പ്രമാണിയുടെ കിടപ്പറയിലെത്തിക്കണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു. ഇത്രമാത്രം അശ്ലീലമായ ഒരു ലൈംഗികാക്രമണ സംവിധാനത്തെ പുതിയ കാലത്തും നിവര്‍ത്തിയെടുത്ത് അവതരിപ്പിക്കാന്‍ ആളുകള്‍ക്ക് ധൈര്യം ഉണ്ടാവുന്നു എന്നത് ഏറ്റവും ദു:ഖകരമായ കാര്യമാണ്. ഇതൊക്കെയാണ് കേരളത്തനിമ എന്നുണ്ടെങ്കില്‍ കേരളം തന്നെയില്ലാതായാലും തരക്കേടില്ല.സ്വാതന്ത്ര്യസമരകാലത്ത് ഇംഗ്ളണ്ടിലും അമേരിക്കയിലും വിദ്യാര്‍ത്ഥിയായിരുന്ന അംബേദ്കറോട് താങ്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തുകൊണ്ട് ഭാഗഭാക്കാവുന്നില്ല എന്നു ചോദിച്ചപ്പോള്‍, ബ്രാഹ്മണരുടെയും ബനിയാക്കളുടെയും ഭരണം ഞങ്ങള്‍ ബഹുജന(അധഃസ്ഥിതര്‍ക്ക്)ങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഭയാനകമായിരിക്കുമെന്ന മറുപടിയാണ് കൊടുത്തത്. മുണ്ടും നേര്യതും ഓണവും കൈകൊട്ടിക്കളിയും താലപ്പൊലിയുമാണ് കേരളം എന്നുണ്ടെങ്കില്‍ ഐക്യകേരളം പോലും വേണ്ടതില്ല എന്നാവും സമാനനായ ഒരു ധിഷണാശാലി കേരളത്തിന്റെ അവസ്ഥയില്‍ പ്രതികരിച്ചിട്ടുണ്ടാവുക. കഴിഞ്ഞ വര്‍ഷം ഐക്യകേരളത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍, പല പഞ്ചായത്തുകളിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ചപ്പോള്‍ ആവര്‍ത്തിച്ചു കണ്ട ഒരു കാഴ്ച എന്നില്‍ മടുപ്പും ആത്മ വിദ്വേഷവും ജനിപ്പിച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെ കേരള സാരി എന്ന യൂണിഫോം അണിയിച്ച് ജാഥകളായി അണിനിരത്തുന്ന അശ്ലീല ദൃശ്യമായിരുന്നു ആ വൃത്തികെട്ട കാഴ്ച.
ഓണം, കമ്പോളത്തിന്റെ ആര്‍പ്പുവിളികളില്‍ പൊങ്ങിയും താണും കഴിഞ്ഞ കാലങ്ങളില്‍ ഒരു നാടകമെന്ന നിലയില്‍ നാം അനുഭവിച്ചാവര്‍ത്തിച്ചുപോരുകയായിരുന്നു. അതിനിടയിലാണ് നേരത്തെ സൂചിപ്പിച്ചതുപോലെ ചില കവികള്‍ എവിടെയെന്റെ തുമ്പപ്പൂ, എവിടെയെന്റെ ആര്‍പ്പു വിളി എന്നിങ്ങനെയുള്ള പരിഹാസ്യമായ വിലാപങ്ങളുമായി പൊന്തിത്തിളച്ചുവന്നത്. ഇക്കൂട്ടരില്‍ ചിലര്‍ ടിവി വന്നതോടെ ഓണത്തിന്റെ പഴമയും തനിമയും നഷ്ടമായി എന്ന് ഓണദിവസം ടെലിവിഷനിലൂടെ തന്നെ പ്രഖ്യാപിക്കുന്നതു പോലുള്ള വിഡ്ഢിത്തങ്ങളും നാം സഹിക്കേണ്ടി വന്നു. ഇതു കണ്ട് സഹികെട്ടിട്ടാവണം, വിഗ്രഹഭഞ്ജകനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓണം, പി കുഞ്ഞിരാമന്‍ നായര്‍ എന്നീ കൊണ്ടാടലുകളിലെ സവര്‍ണതയെ ധീരമായി വെളിപ്പെടുത്തിയത്. ആ വാദത്തെ തത്വചിന്താപരമായ വ്യാഖ്യാനങ്ങളോടെ വിശദീകരിച്ചു എന്ന കുറ്റം ചെയ്തതിന് കെ ഇ എന്‍ വിചാരണ ചെയ്യപ്പെടുകയുണ്ടായി. കാരണം അദ്ദേഹം മുസ്ലിം വംശജനാണല്ലോ. ഓണത്തിന്നു പിറകിലെ സവര്‍ണത ഉച്ചത്തില്‍ വെളിപ്പെടുത്തിയ ചുള്ളിക്കാടിനെ വിട്ട് കെ ഇ എന്നെ പിടികൂടിയതിലൂടെ കേരളീയ പൊതുബോധത്തിലും കാവ്യ/സൌന്ദര്യ ബോധത്തിലും അന്തര്‍ ലീനമായിട്ടുള്ള അതിഗുരുതരമായ സവര്‍ണ-ബ്രാഹ്മണ്യ വിധേയത്വമാണ് പുറത്തു വന്നത് എന്ന കാര്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
മുതലാളിത്ത ഓണം നിലനിര്‍ത്തുന്നതിന് സൈദ്ധാന്തിക-സൌന്ദര്യ തത്വവല്‍ക്കരണങ്ങള്‍ ആവശ്യമില്ല. കമ്പോളത്തിന്റെ നിലനില്‍പും വളര്‍ച്ചയുമായി ബന്ധപ്പെട്ട് അത് നിര്‍വഹിക്കപ്പെട്ടുകൊള്ളും. ഓണക്കാലത്തേക്ക് വെട്ടാനായി തയ്യാര്‍ ചെയ്യുന്ന നേന്ത്രവാഴക്കുലകള്‍ മഴയും കാറ്റും വെയിലും ചതിച്ചില്ലെങ്കില്‍ തയ്യാറാകും. ആദ്യം വില കൂടിയും പിന്നെ കുറഞ്ഞും ആളുകള്‍ അത് വാങ്ങിക്കൂട്ടിക്കൊള്ളും. തിളപ്പിച്ച് തിളപ്പിച്ച് റീസൈക്കിള്‍ ചെയ്തതിലൂടെ അപകടകരമായിത്തീരുന്ന വെളിച്ചെണ്ണയിലും പാമോയിലിലും വറുത്തെടുത്ത കായവറുത്തത്/വറുത്തുപ്പേരി/വറുത്ത കായക്ക/വറ്റല്‍ എന്നിങ്ങനെ പ്രാദേശിക ഭാഷാഭേദങ്ങളോടെ നാലു മുറിച്ചതും വട്ടത്തിലുള്ളതുമായ ചിപ്സ് എന്ന പൊതു 'മലയാള'പ്പേരുള്ള നേരംകൊല്ലിയായ മുഖവ്യായാമ ഉത്പന്നം മക്‍ഡൊണാള്‍ഡ്‌സ് ഏറ്റെടുക്കുന്നതു വരെ റോഡരുകുകളില്‍ ഊറ്റിയെടുക്കപ്പെടും. അങ്ങിനെയങ്ങിനെ എത്ര ഓണങ്ങള്‍!
ഓണത്തിന്റെ സങ്കല്‍പങ്ങളേത് എന്ന് തര്‍ക്കിക്കുന്നതിലോ അത് എപ്രകാരമാണ് ആഘോഷിക്കപ്പെടുന്നത് എന്ന് അന്വേഷണാത്മക ഫീച്ചറെഴുതുന്നതിലോ അല്ല കാര്യമിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജ്ഞാനാധികാരം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ലൈംഗിക സൌന്ദര്യാനുഭൂതി പതിനായിരം തരത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടു കിടക്കുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം സകല പ്രപഞ്ചങ്ങള്‍ക്കും അതീതമാണെന്ന കവിഭാവന ഭക്തര്‍ ആരാധനയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുന്നു. ദേവാലയങ്ങള്‍, രാജസദസ്സുകള്‍, എന്നിവിടങ്ങളിലെ ശില്‍പങ്ങളിലും ചുമര്‍ചിത്രങ്ങളിലും മുതല്‍ നൃത്തവൈവിധ്യങ്ങളില്‍ വരെ ഈ അഗാധ പ്രണയം ആവിഷ്ക്കരിക്കപ്പെട്ടു വരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവകവിയുടെ ഗീതാഗോവിന്ദം രാധാകൃഷ്ണ പ്രണയത്തെ കൊണ്ടാടുന്നു. ഇക്കാലത്തും ക്ഷേത്രസോപാനത്തില്‍ ഗീതാഗോവിന്ദം അഷ്ടപദി പാടുന്നത് കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രിയമാണ്. ഗീതാഗോവിന്ദത്തിലെ ഒരു വരി ഇപ്രകാരമാണ്: ഗോപീ പീന പയോധര മര്‍ദന ചഞ്ചല കരയുഗ ശാലി - ഗോപികമാരുടെ തടിച്ച മുലകള്‍ കശക്കിക്കൊണ്ടിരിക്കുന്ന ചഞ്ചലങ്ങളായ കൈകളുള്ളവന്‍ എന്നാണ് കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നത്. വൃന്ദാവനത്തില്‍ ആടുകളെ മേയ്ച്ചു നടന്നിരുന്ന ആയിരക്കണക്കിന് ഗോപികമാരുടെ എല്ലാവരുടെയും കാമുകനായ കൃഷ്ണന്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലൈംഗിക സംതൃപ്തി പ്രദാനം ചെയ്തിരുന്ന അത്ഭുതപുരുഷനാണ്. ആ അത്ഭുതമാണ് അദ്ദേഹത്തിന്റെ ദൈവികത തന്നെ. എല്ലാ സ്ത്രീകളിലും കാമപൂര്‍ത്തി കൈവരിക്കുന്നതിലൂടെ ഭൂമിക്ക് തന്നെ നവീനതയും ഭാവിയും കൈവരിക്കുന്ന ഒന്നാണ് കൃഷ്ണന്റെ പ്രവൃത്തി എന്ന് പ്രശംസിക്കപ്പെടുന്നു. ഈ പ്രകീര്‍ത്തനങ്ങള്‍ മുതല്‍ താലപ്പൊലി വരെ ഉദാത്തവും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് തെറി മാത്രമായും അടയാളപ്പെടുത്തപ്പെടുന്നത് സവര്‍ണ ജ്ഞാനാധികാരത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് കാണാം. എം എഫ് ഹുസൈന്റെ രചനകള്‍ ഹിന്ദു വിരുദ്ധമാണെന്നും സോണിയാഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം സംശയാസ്പദമാണെന്നും ആരോപിക്കപ്പെട്ടതും ഇതേ അധികാരവാഴ്ചയുടെ ലക്ഷണങ്ങളാണ്. സവര്‍ണ-ബ്രാഹ്മണ അധികാരവാഴ്ചക്ക് വോട്ടിന്റെയും നിയമത്തിന്റെയും പിന്‍ബലമില്ലാഞ്ഞിട്ടും 'സംസ്ക്കാര'ത്തിന്റെ ബലമുള്ളതുകൊണ്ട് നാം പൊരുത്തപ്പെട്ടു. ഓണവുമായി ബന്ധപ്പെട്ട് കെ ഇ എന്നെ അധിക്ഷേപിക്കാന്‍ കഴിഞ്ഞ വര്‍ഷം നടന്ന നീക്കവും ഇതേപോലെ ഫാസിസ്റ്റുകളുടെ പ്രയോഗത്തെ സാമാന്യജനത സ്വാംശീകരിക്കുന്നതിനു തുല്യമായ പ്രവണതകളിലൊന്നാണ്. തീവ്ര ഇടതുപക്ഷ മുഖം മൂടിയണിഞ്ഞ വലതുപക്ഷത്തിന്റെയും ഫാസിസത്തിന്റെയും മുതലാളിത്ത സാമ്രാജ്യത്വത്തിന്റെയും ഏജന്റുകള്‍ തന്നെയാണ് അതിന്റെ പിന്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നതും രഹസ്യമായ ഒരു വസ്തുതയല്ല.>
******
ജി. പി.രാമചന്ദ്രന്‍
കടപ്പാട്: യുവധാര
3 comments:
സ്വാതന്ത്ര്യസമരകാലത്ത് ഇംഗ്ളണ്ടിലും അമേരിക്കയിലും വിദ്യാര്‍ത്ഥിയായിരുന്ന അംബേദ്കറോട് താങ്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തുകൊണ്ട് ഭാഗഭാക്കാവുന്നില്ല എന്നു ചോദിച്ചപ്പോള്‍, ബ്രാഹ്മണരുടെയും ബനിയാക്കളുടെയും ഭരണം ഞങ്ങള്‍ ബഹുജന(അധഃസ്ഥിതര്‍ക്ക്)ങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഭയാനകമായിരിക്കുമെന്ന മറുപടിയാണ് കൊടുത്തത്. മുണ്ടും നേര്യതും ഓണവും കൈകൊട്ടിക്കളിയും താലപ്പൊലിയുമാണ് കേരളം എന്നുണ്ടെങ്കില്‍ ഐക്യകേരളം പോലും വേണ്ടതില്ല എന്നാവും സമാനനായ ഒരു ധിഷണാശാലി കേരളത്തിന്റെ അവസ്ഥയില്‍ പ്രതികരിച്ചിട്ടുണ്ടാവുക. കഴിഞ്ഞ വര്‍ഷം ഐക്യകേരളത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍, പല പഞ്ചായത്തുകളിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ചപ്പോള്‍ ആവര്‍ത്തിച്ചു കണ്ട ഒരു കാഴ്ച എന്നില്‍ മടുപ്പും ആത്മ വിദ്വേഷവും ജനിപ്പിച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെ കേരള സാരി എന്ന യൂണിഫോം അണിയിച്ച് ജാഥകളായി അണിനിരത്തുന്ന അശ്ലീല ദൃശ്യമായിരുന്നു ആ വൃത്തികെട്ട കാഴ്ച.
"ഇതിനെയെല്ലാം മൂടിനില്‍ക്കുകയും അതേ സമയം ഇതിനെയൊക്കെ അനുവദിക്കുകയും ചെയ്യുന്ന തരം ഉദാരമായ മുതലാളിത്തത്തിന്റെ ജനാധിപത്യ-സെക്കുലര്‍ വീക്ഷണങ്ങളാണ് മതാഘോഷങ്ങളെ അവയുടെ സങ്കുചിത പരിസരങ്ങളില്‍ നിന്നും വളര്‍ത്തിയെടുക്കുന്നത്."
സന്തോഷം, ഇന്ന് വ്യാപകമാകുന്ന ചരിത്രവിരുദ്ധവും, പ്രതിലോമകരവും ആയ പോസ്റ്റ് മോഡേണിസ്റ്റ് വാദങള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് ചരിത്രപരതയെ ഉയര്‍ത്തിപിടിക്കുന്നതിന്.
ഇതെന്താ പുതിയ ഒരു വാക്കു്? മതകീയം! വെളുത്തീയം പോലെ വല്ലതും ആണോ ഇതു്?
സംസ്കൃതരീതിയില്‍ ഈയം പൂശുകയാണെങ്കില്‍ അതു നേരേ ചൊവ്വേ ചെയ്യുക. അല്ലെങ്കില്‍ നല്ല മലയാളം രീതിയില്‍ ചെയ്യുക.
പദ്ധതിയേതരം, ഫിലിമോത്സവം തുടങ്ങിയ കിടിലന്‍ പ്രയോഗങ്ങള്‍ക്കു ശേഷം നമ്മുടെ പത്രമെഴുത്തണ്ണന്മാര്‍ ഭാഷയുടെ ഉടുതുണി വലിച്ചഴിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം - മതകീയം!
ലേഖനം കൊള്ളാം.
Post a Comment