Thursday, September 25, 2008

ചങ്ങലയിലെ രണ്ടാമത്തെ കണ്ണി

ഒറീസയില്‍ വര്‍ഗീയലഹള ഇതാദ്യമായല്ല. ഈ കാര്യത്തില്‍ രാജ്യത്തിന്റെ ഏതുഭാഗത്തെയും സ്ഥിതി ഇതുതന്നെയാണ്. പക്ഷെ, ഒടുവിലത്തെ സംഭവം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്; അത് 2002-ല്‍ ഗുജറാത്തില്‍ സംഭവിച്ചതിന് സമാനമാണ്. ഒറീസയുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തവും കിരാതവും ഭീഷണവുമായ വര്‍ഗീയ ആക്രമണമാണ് ഇപ്പോള്‍ അവിടെ നടന്നത്.

ഇതൊരു ലഹളയല്ല; മറിച്ച്, ഹിന്ദു വര്‍ഗീയ സംഘടനയിലെ അംഗങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനുംമേല്‍ നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണമാണ്. അത് പെട്ടെന്ന് സംഭവിച്ചതോ അവിചാരിതമായി ഉണ്ടായതോ അല്ല. മതന്യൂപക്ഷങ്ങളെ ദേശീയ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുത്തുന്നതും വേര്‍തിരിച്ച് അടയാളപ്പെടുത്തുന്നതും ലക്ഷ്യമിട്ട ശ്രദ്ധാപൂര്‍വ്വമുള്ള ആസൂത്രണവും ശക്തമായ സംഘാടനവും ഇതിന് പിന്നിലുണ്ട്. രാഷ്ട്രത്തിനുമുന്നില്‍ ഹിന്ദുസ്വത്വം വെളിപ്പെടുത്തുക എന്ന വിശാലമായ രാഷ്ട്രീയപദ്ധതിയുടെ ഭാഗവുമാണിത്. നെടുനാളത്തെ തയ്യാറെടുപ്പ് ഇതിനുപിന്നിലുണ്ട്. ഒറീസാ സംസ്ഥാനത്ത് ഹിന്ദുവര്‍ഗ്ഗീയശക്തികള്‍ വേരുറപ്പിച്ചു തുടങ്ങിയ 1940കള്‍ മുതല്‍ ഇതിനുള്ള സുദീര്‍ഘമായ തയ്യാറെടുപ്പിലായിരുന്നു. അപ്പോള്‍മുതല്‍ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് ഏതുവിധേനയും വെറുപ്പ് പ്രകടിപ്പിക്കുന്നതിലൂടെയും പ്രാദേശികമായ അക്രമ സംഭവങ്ങളിലൂടെയുമാണ് വര്‍ഗീയതയുടെ പൊതു വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ഈ വര്‍ഗീയമായ ഉണര്‍വ് ക്രമേണ, എന്നാല്‍ നിശ്ചയമായും, സമൂഹത്തെ കോളനികളാക്കികൊണ്ടിരിക്കുകയാണ്. സാമൂഹ്യ ഇടപെടലിന്റേതായ അതിന്റെ പ്രവര്‍ത്തനശൈലി നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ആപത്കരമായ ഈ സംഭവവികാസം ശ്രദ്ധിച്ച നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍, ഒറീസ സംസ്ഥാനത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ വിപത്തിനെക്കുറിച്ച് അപകട സൂചന നല്‍കിയിരുന്നതാണ്.

2007 മാര്‍ച്ച് 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ ഒരു സ്വതന്ത്ര ജനകീയ ട്രിബ്യൂണലിനുമുമ്പില്‍ ഒറീസയില്‍നിന്നുള്ള വര്‍ഗീയതയുടെ ഇരകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറുകാര്‍ നടപ്പാക്കുന്ന വിരട്ടലുകളുടെയും പീഡനങ്ങളുടെയും ശാരീരികാക്രമണങ്ങളുടെയും അടയാളപ്പെടുത്തലുകളാണ്. ട്രിബ്യൂണലിനുമുന്നില്‍ ഹാജരാകാന്‍ ധൈര്യപ്പെട്ടവരുടെ മുഖങ്ങളില്‍ ഭയവും നിസ്സഹായതയും നിഴലിച്ചിട്ടുണ്ടായിരുന്നു. (ഇന്ത്യയില്‍ ഫാസിസത്തിന്റെ ഉദയം: വര്‍ഗീയകലാപങ്ങളിലെ ഇരകള്‍ സംസാരിക്കുന്നു, ന്യൂഡല്‍ഹി, 2008)

ഇരകളില്‍ ഒരുവള്‍ സ്വന്തം അനുഭവം വിവരിച്ചത് ഇപ്രകാരമാണ്.

"ഒരു മൂളല്‍, ഒരു നോട്ടം, ഒരു കുത്തുവാക്ക് ഇവയെല്ലാം ശക്തിയുള്ളവരുടെ കൈയിലെ ആയുധങ്ങളാണ്. ഞങ്ങള്‍ക്ക് പേടിച്ചുവിറയ്ക്കാന്‍ ഇത്രയുംതന്നെ ധാരാളമാണ്. രാഷ്ട്രീയ സ്വയംസേവകന്മാര്‍ ഞങ്ങളുടെ ഗ്രാമം വളഞ്ഞപ്പോള്‍ അവരുടെ കണ്ണ് ഞങ്ങളുടെമേല്‍ പതിഞ്ഞു. അവര്‍ തന്നിഷ്ടംപോലെ കണ്ടിടത്തെല്ലാം കയറിയിറങ്ങി. ചന്തയില്‍വച്ച് അവര്‍ ഞങ്ങളെ കുത്തുവാക്കുകള്‍ പറഞ്ഞ് പരിഹസിച്ചു. ആണുങ്ങളെയും പെണ്ണുങ്ങളെയും അവര്‍ ഭീകരമായി മര്‍ദ്ദിച്ചു. ഞങ്ങളെ നോക്കി അവര്‍ പരസ്പരം കുശുകുശുത്തു. അവരുടെ നോട്ടം എന്റെമേല്‍ പതിഞ്ഞു; എനിക്ക് വല്ലാത്ത അറപ്പുതോന്നി. എന്റെ കുട്ടികള്‍ ഭയന്നുവിറച്ചു. പറ്റിയ സമയമെത്തിയാല്‍ സംഘപരിവാറുകാര്‍ അവരുടെ പണിതുടങ്ങുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അവരെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ഞങ്ങള്‍ വെറും തടവുകാര്‍, ക്രമേണ ഇരുട്ടിലേക്ക് തള്ളിനീക്കപ്പെട്ടു.''

പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ മുമ്പേ, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കൂരിരുട്ട് ഒറീസ്സയെയാകെ വിഴുങ്ങി. മറ്റൊരു ഗുജറാത്ത് ആസന്നമായതായി മിക്കവാറും എല്ലാ ഇരകളും വിശ്വസിച്ചു; കാരണം ഗുജറാത്തില്‍ സംഭവിച്ചതുപോലെ ഹിന്ദു സമുദായത്തിന്റെ വര്‍ഗീയവല്‍ക്കരണം ഒറീസയിലും അതിവേഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തല്‍ഫലമായി, ആഗസ്തില്‍ അവിടെ നടന്നതൊന്നും അപ്രതീക്ഷിതമേ ആയിരുന്നില്ല. മതനിരപേക്ഷ പ്രവര്‍ത്തകര്‍ ഭയന്നതുപോലെതന്നെ, ഹിന്ദു വര്‍ഗീയവാദം തങ്ങളുടെ രണ്ടാം പരീക്ഷണശാല സ്ഥാപിക്കുന്നതില്‍ വിജയിച്ചു.

ഗുജറാത്ത്-ആദ്യ മാതൃക

ഒറീസയിലെ വര്‍ഗീയ അതിക്രമങ്ങള്‍ക്ക് ഗുജറാത്തിലെ ആദ്യ മാതൃകയുമായി വളരെ അടുത്ത സാമ്യമുണ്ട്. ഗുജറാത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വിജയകരമായി പരീക്ഷിച്ചുറപ്പാക്കിയത് മത കേന്ദ്രീകൃതമായ പരിപാടികളുടെയും സ്ഥാപനങ്ങളുടെയും ഒരു പരമ്പര കെട്ടഴിച്ചുവിടുകയെന്നതാണ്. ഒരുവശത്ത് മതപരമായ ഐക്യദാര്‍ഢ്യവും മറുവശത്ത് മതവിദ്വേഷവും സൃഷ്ടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നാനാവിധത്തിലുള്ള പരിപാടികളാണ് അവര്‍ നടപ്പാക്കിയത്. അവയില്‍ വളരെ ഫലപ്രദമായ നടപടി വന്നത് സാമൂഹിക-സാംസ്കാരിക സംഘടനകളില്‍നിന്നാണ്. ഇന്ത്യയില്‍ മറ്റേതെങ്കിലും പ്രദേശത്ത് ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട വിവരമൊന്നുമില്ല. എന്നാല്‍ ഇവിടെ സംഘപരിവാറിന് സുഗമമായി തങ്ങളുടെ "വഴി''തുറക്കാന്‍ കഴിയാത്ത സാമൂഹികമോ സാംസ്കാരികമോ ആയ ഒരു മേഖലയുമില്ല.

ഒറീസയില്‍, സംഘപരിവാറിന് ഏകദേശം 1700 സാംസ്കാരിക സംഘടനകളുടെ നിയന്ത്രണമുള്ളതായി കണക്കാക്കപ്പെടുന്നു. അവയുടെ പ്രവര്‍ത്തനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയുമെല്ലാം ലക്ഷ്യം ന്യൂനപക്ഷങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുകയാണ്. ഗുജറാത്തില്‍, സംഘപരിവാര്‍ ലക്ഷ്യമിട്ടത് മുസ്ളിങ്ങളെയായിരുന്നെങ്കില്‍, ഒറീസയില്‍ അവര്‍ ശത്രുപക്ഷത്ത് നിറുത്തിയത് ക്രിസ്ത്യാനികളെയാണ്.

കഴിഞ്ഞ കാലങ്ങളില്‍ റൂര്‍ക്കലയിലും ഭദ്രക്കിലും മുസ്ളിങ്ങള്‍ക്കെതിരെ കലാപം അഴച്ചുവിട്ടിരുന്നുവെങ്കിലും ഒറീസയുടെ വര്‍ഗീയവല്‍ക്കരണം പ്രാഥമികമായും ക്രിസ്ത്യാനികള്‍ക്കെതിരായ ഒരു പദ്ധതിയെ ആധാരമാക്കിയായിരുന്നു നടപ്പിലാക്കിയത്. ക്രിസ്ത്യന്‍ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളെയും മതപ്രചാരണത്തിനുവേണ്ടിയുള്ളതായി ചിത്രീകരിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായിട്ടില്ലെങ്കിലും, ഹിന്ദു സമുദായത്തിന്റെ ശക്തിക്ക് ഭാവിയില്‍ ഭീഷണിയായി ക്രിസ്ത്യന്‍ മിഷണറിമാര്‍ ചിത്രീകരിക്കപ്പെട്ടു.

ആയതിനാല്‍ മത പരിവര്‍ത്തനം വളരെ വൈകാരികമായ ഒരു പ്രശ്നമായി മാറി; ജാതീയമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന ഹിന്ദു സമുദായത്തെ അടുപ്പിക്കുന്നതിന് ഇതിനെ സംഘപരിവാര്‍ പ്രയോജനപ്പെടുത്തി.

അജ്ഞരും സംശയലേശമില്ലാത്തവരുമായ സമുദായാംഗങ്ങള്‍ സംഘപരിവാറിന്റെ കള്ളക്കഥകള്‍ വിശ്വസിച്ചുവെന്നുമാത്രമല്ല, അവരുടെ കൊലയാളി സംഘത്തില്‍ പങ്കാളികളാവുകയും ചെയ്തു. ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലാണ് സംഘപരിവാര്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചത്. ഹിന്ദുത്വവല്‍ക്കരണത്തിന്റെ പലവിധ തന്ത്രങ്ങളും പയറ്റി ഗിരിവര്‍ഗക്കാരെ പരിവാറില്‍ അണിചേര്‍ക്കുകയുമാണ്്. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കതിരായ ആക്രമണത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് അവരെ ഗിരിവര്‍ഗമേഖലയില്‍നിന്ന് ആട്ടിപ്പായിക്കലാണ്.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രതന്ത്രശാസ്ത്രജ്ഞയായ പ്രൊഫസര്‍ അഞ്ജന ചാറ്റര്‍ജിയുടെ അഭിപ്രായപ്രകാരം ക്രമാനുഗതവും നിരന്തരവും സാവകാശവും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒറീസയില്‍ ആകെയുള്ള 20,000 ഗ്രാമങ്ങളില്‍ 12,000 എണ്ണവും സംഘപരിവാറിന്റെ "ശക്തമായ സ്വാധീനത്തിന്‍കീഴില്‍'' ആയിക്കഴിഞ്ഞിരിക്കുന്നു. ഈ ഗ്രാമങ്ങളില്‍, ആര്‍എസ്എസിനെക്കാള്‍ അധികം ബജ്റംഗറളും വിശ്വഹിന്ദു പരിഷത്തുമാണ് തൊഴില്‍രഹിതരായ യുവാക്കളെ സ്വന്തം സംഘത്തില്‍ റിക്രൂട്ട്ചെയ്ത് വലിയ മേധാവിത്വം സ്ഥാപിച്ചിരിക്കുന്നത്.

വര്‍ഗീയവല്‍ക്കരണപ്രക്രിയയുടെ സുപ്രധാനമായ ഒരു സവിശേഷത അതിന്റെ വ്യാപനം അതിവേഗത്തിലായിരുന്നെങ്കിലും നിരുപദ്രവകരമായ വിധത്തിലെന്ന് തോന്നുമാറാണ് അത് സംഭവിച്ചത്. ബോധപൂര്‍വമായ ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്; പ്രാരംഭഘട്ടത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് ഇടംകിട്ടാന്‍വേണ്ടിയാണത്. വര്‍ഗീയശക്തികള്‍ ഇതിനു മുന്‍പൊരിക്കലും ആക്രമണം നടത്തിയിട്ടില്ലയെന്നല്ല ഇതിനര്‍ത്ഥം. വാസ്തവ ത്തില്‍, വര്‍ഗീയ സംഘര്‍ഷങ്ങളുടേതായ ഒട്ടേറെ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഗ്രഹാം സ്റ്റൈയിന്‍സിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിനുശേഷമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളുമെല്ലാം അതിന് ഉദാഹരണമാണ്.

പ്രഥമവും പ്രധാനവുമായി അക്രമസ്വഭാവമുള്ള ഈ സംഭവങ്ങള്‍ മതപരിവര്‍ത്തനം തടയുന്നതിനും മതപരിവര്‍ത്തനം നടത്തിയവരെ വീണ്ടും ഹിന്ദുസമുദായത്തിലേക്ക് മാറ്റിയെടുക്കുന്നതിനും ഉദ്ദേശിച്ചുള്ളവയാണ്. ഈ അക്രമങ്ങളില്‍ അധികവും അതത് പ്രദേശത്തിന് പുറത്തുള്ള ലോകം അറിയാറേയില്ല; അവയൊന്നും പ്രാദേശിക പത്രങ്ങളില്‍പ്പോലും വാര്‍ത്തയാകാറുമില്ല. മതപരിവര്‍ത്തനം ചെയ്തവര്‍ക്കെതിരെ സംഘപരിവാര്‍ ബലപ്രയോഗം നടത്തുന്നുമുണ്ട്. സംഘപരിവാറുകാര്‍ മതപരിവര്‍ത്തനം നടത്തിയ സ്ത്രീകളെ ബലംപ്രയോഗിച്ച് ഗ്രാമമുറ്റത്ത് പിടിച്ചുകൊണ്ടുവന്ന് വസ്ത്രാക്ഷേപം നടത്തുകയും തല മുണ്ഡനംചെയ്യുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.

ഇത്തരം നിരവധി പീഡനങ്ങള്‍ക്ക് വിധേയരായ സ്ത്രീകളില്‍ ഒരുവളാണ് കിളിപ്പാലിലെ സംയുക്താ കാന്തി. സ്വന്തം അനുഭവങ്ങള്‍ അവര്‍ ഇങ്ങനെയാണ് വിവരിക്കുന്നത്: "വീട്ടില്‍ ഞാനും രണ്ട് മക്കളും എന്റെ നാത്തൂനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്നുവന്ന ഒരു സംഘം എന്നെ ബലാല്‍സംഗം ചെയ്തു. അവര്‍ ഞങ്ങളെ ഗ്രാമചത്വരത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി, അവിടെവച്ച് എല്ലാവരുടെയും മുന്നില്‍വച്ച് അവര്‍ ഞങ്ങളുടെ തല മുണ്ഡനംചെയ്തു. കുട്ടികളും നാത്തൂനും ഒരുവിധത്തില്‍ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ആ ഗ്രാമചത്വരത്തില്‍ ഉണ്ടായിരുന്ന ഒരു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍, താന്‍ രണ്ടാം ദാരാസിങ്ങാണെന്നും ഞങ്ങളെയെല്ലാം കൊന്നൊടുക്കുമെന്നും പറഞ്ഞു''. പലപ്പോഴും സാമ്പത്തിക ഉപരോധംകാരണം മതപരിവര്‍ത്തനം നടത്തിയവര്‍ ഗ്രാമത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരാവുകയുമാണ്. ഒട്ടേറെപ്പോര്‍ ബലാത്സംഗംചെയ്യപ്പെടുകയുമുണ്ടായി. അതിന് ഇരയായവര്‍ തങ്ങളുടെ അനുഭവം കണ്ണീരോടെ വിവരിക്കുകയാണുണ്ടായത്.

സാമൂഹികമായ വിവേചനം

മിഷണറിമാര്‍ തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗിരിവര്‍ഗ മേഖലയില്‍ ആളുകളെ നിര്‍ബന്ധിച്ച് മതപുന:പരിവര്‍ത്തനം നടത്തുന്നതില്‍ കേന്ദ്രീകരിച്ചാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് ആളുകള്‍ മാറുന്നത് സ്വമേധയാ അല്ലെന്നും പണത്തിന്റെ പ്രലോഭനംകാരണമാണെന്നുമാണ് വിശ്വഹിന്ദുപരിഷത്ത് വാദിക്കുന്നത്.

മതപരിവര്‍ത്തനം നടത്തുന്നതുമൂലം അങ്ങനെ പരിവര്‍ത്തനംചെയ്യപ്പെടുന്നവര്‍ക്ക് പൊതുവെ ഒരാനുകൂല്യവും ലഭിക്കാറില്ലെന്നാണ് അഞ്ജനാചാറ്റര്‍ജിയുടെ പഠനം കാണിക്കുന്നത്. "ദളിതര്‍ എന്ന നിലയില്‍, അവരനുഭവിക്കുന്ന മര്‍ദ്ദനങ്ങള്‍ ഹിന്ദുമതത്തെ ഏറെ വെറുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഹിന്ദുമതം അവരില്‍ അടിച്ചേല്‍പിക്കുന്ന വിവേചനത്തില്‍നിന്നും രക്ഷനേടാനുള്ള അഭയകേന്ദ്രങ്ങളായാണ് അവര്‍ ക്രിസ്തുമതത്തെയും ബുദ്ധമതത്തെയുംമറ്റും കാണുന്നത്''.

മതപരിവര്‍ത്തനത്തിന്റെ കാരണം എന്തുതന്നെയായാലും, ന്യൂനപക്ഷവിഭാഗങ്ങള്‍ സാമൂഹികമായ വിവേചനത്തിനും സാമ്പത്തികമായ പാര്‍ശ്വവല്‍ക്കരണത്തിനും വിധേയരാവുകയാണ്. ആത്മപരിശോധന നടത്തുന്നതിനുപകരം ഹിന്ദുവര്‍ഗീയ സംഘടനകള്‍ മതപരിവര്‍ത്തനത്തിന്റെപേരില്‍ ഇതര സമുദായങ്ങളെ കുറ്റപ്പെടുത്തുകയെന്ന എളുപ്പവഴി അവലംബിക്കുകയാണ്.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തിന് പകവീട്ടുന്നതിനാണ് ഇപ്പോള്‍ വ്യാപകമായി വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നത് എന്നാണ് വിഎച്ച് പി അവകാശപ്പെടുന്നത്. സ്വാമിയെ കൊന്നത് ആരാണെന്നത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളാണോ അതോ ക്രിസ്ത്യാനികള്‍ക്കെതിരായ സ്വാമിയുടെ നടപടികളില്‍ പ്രകോപിതരായ ക്രിസ്ത്യാനികളാണോ അതുമല്ലെങ്കില്‍ എളുപ്പം പണമുണ്ടാക്കാന്‍ ലക്ഷ്യമിട്ട മറ്റാരെങ്കിലുമാണോ അത് ചെയ്തത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. ആ പ്രദേശത്തെ ക്രിസ്ത്യാനികളുടെ കൈക്രിയയാണിതെന്ന് വിശ്വസിക്കാനാണ് പ്രവീണ്‍ തൊഗാഡിയയും വിഎച്ച്പിയും ഇഷ്ടപ്പെടുന്നത്. ഗോധ്രാ സംഭവത്തെപ്പോലെ സ്വാമിയുടെ മരണവും ഒരു കാരണം എന്നതിലുപരി ഒരു നിമിത്തമാണോ?

ഹിന്ദുക്കളില്‍ ഒരു വിഭാഗമെങ്കിലും വളരെയേറെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയായിരുന്നു; അവര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണത്തിന് സന്നദ്ധരുമായിരുന്നു. സ്വാമിയുടെ കൊലപാതകം സംഭവിച്ചില്ലായിരുന്നെങ്കിലും ഈ ആക്രമണങ്ങള്‍ നടക്കുമായിരുന്നു. വിഎച്ച്പി സ്വാമിയെ ബലിയാടാക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നതും ലാഘവത്തോടെ തള്ളിക്കളയാനാവില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രവര്‍ത്തനശൈലിയും ചരിത്രവും അതാണു താനും. എന്തായാലും കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യം അക്രമങ്ങള്‍ പ്രാദേശികമായി ഒതുങ്ങിനിന്നില്ല. അക്രമങ്ങളുടെ പ്രഭവകേന്ദ്രം കാന്തമാല്‍ ആയിരുന്നെങ്കിലും അപ്പോള്‍തന്നെ, ഒരേ സമയം മറ്റ് ഏഴ് ജില്ലകളില്‍ കൂടി അക്രമം പടര്‍ന്നുപിടിച്ചു. സൂക്ഷ്മതയോടുകൂടിയ ആസൂത്രണത്തിന്റെയും സംഘാടനത്തിന്റെയും സൂചനയാണിത്. എത്രയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നോ എത്രമാത്രം സ്വത്തു നാശമുണ്ടായെന്നോ കൃത്യമായ കണക്കൊന്നും ഇതേവരെ ലഭ്യമായിട്ടില്ല.

ഭരണകൂടത്തിന്റെ പരാജയം

എന്നാലും, നൂറിലധികം ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും ഏകദേശം രണ്ട് ഡസന്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീ ജീവനോടെ ചുട്ടെരിക്കപ്പെടുകയാണുണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം കാടുകളില്‍ ഓടിയൊളിച്ചത്. ഗുജറാത്ത് വംശഹത്യയിലെ ഇരകളെപ്പോലെ ഇവരും ഇനിയുള്ള കാലം താല്‍കാലിക കൂടാരങ്ങളില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കേണ്ടതായിവരും. വര്‍ഗീയതയെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ട ഭരണകൂടത്തിനുള്ള മറ്റൊരു ഉദാഹരണമായിരിക്കുകയാണ് ഒറീസ.

ഒറീസാ സര്‍ക്കാരില്‍ ബിജെപിയും ഘടകകക്ഷിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ ശക്തികളോട് മൃദുവായ സമീപനമേ സ്വീകരിക്കൂ എന്ന് പ്രതീക്ഷിക്കപ്പെട്ടതുതന്നെയാണ്. എന്നാല്‍, മതനിരപേക്ഷവേദിയുടെ കൊടിയുയര്‍ത്തി അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയതയുടെ പ്രശ്നത്തെ നേരിടുന്നതില്‍ എന്തെങ്കിലും താല്‍പര്യം കാണിക്കുകയോ അടിയന്തിരമായി ഇടപെടുകയോ ഉണ്ടായില്ല.

വര്‍ഗീയ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബില്ലുപോലും ഇതേവരെ പാസ്സാക്കിയിട്ടില്ല. വാസ്തവത്തില്‍, രാജ്യമാകെ പടര്‍ന്നുപിടിക്കുന്ന വര്‍ഗീയ വിഷവിത്തിനെ നശിപ്പിക്കുന്നതിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു നടപടിയും അവര്‍ കൈക്കൊണ്ടില്ല. മുന്നണിയിലെ മുഖ്യഘടകകക്ഷിയായ കോണ്‍ഗ്രസാകട്ടെ, തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന് തോന്നുമ്പോഴെല്ലാം മൃദുഹിന്ദുത്വ നിലപാടെടുക്കാന്‍ മടിക്കാറുമില്ല.

ഇപ്പോള്‍പോലും, ഒറീസ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോഴും, അതവസാനിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ചില നിയമപരമായ സാങ്കേതികത്വങ്ങളില്‍ പിടിച്ച് ഒളിച്ചുകളിക്കുകയാണവര്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ കൃത്യമായും ഇതുതന്നെയാണ് അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ബിജെപിയും ചെയ്തത്. ബിജെപിയുടെ വര്‍ഗീയമായ മുന്‍ അനുഭവങ്ങള്‍ കാരണം അവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ, കോണ്‍ഗ്രസ് അങ്ങനെയല്ല. മതനിരപേക്ഷതയുടെ മേലങ്കിയണിയുന്ന കക്ഷിയാണ് അത്.

മുന്‍കാലങ്ങളില്‍ സാധാരണ സംഭവിച്ചിരുന്നതുപോലെ, രണ്ട് സമുദായങ്ങളിലെ ആളുകള്‍ തമ്മിലുള്ള പ്രാദേശികമായ എന്തെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമുണ്ടായ മറ്റൊരു വര്‍ഗീയ ലഹളയല്ല ഇപ്പോള്‍ ഒറീസയില്‍ സംഭവിച്ചത്. ഇത് വിപുലമായ ഒരാസൂത്രണത്തിന്റെ ഭാഗമാണ്. ഗുജറാത്തിലാണ് ഇതിന് തുടക്കംകുറിച്ചത്. അതുകൊണ്ടാണ് ബിജെപിയുടെ സ്വാധീനത്തില്‍പെട്ട ഒറീസ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കുന്നതിനുവേണ്ട നടപടികളൊന്നും സ്വീകരിക്കാതിരുന്നത്.

ഇതേവരെ ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്ത, പ്രധാനമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെടാന്‍ പ്രതീക്ഷയോടെ കാത്തുകഴിയുന്ന എല്‍ കെ അദ്വാനി, വര്‍ഗീയ ചങ്ങലയിലെ രണ്ടാമത്തെ കണ്ണിയായി ഒറീസ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവും. പൌരസമൂഹത്തിന്റെ ഇടപെടലിലൂടെ മാത്രമേ അത്തരമൊരു ദുരന്തം ഒഴിവാക്കാനാകൂ.

*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ചിന്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒറീസയില്‍ വര്‍ഗീയലഹള ഇതാദ്യമായല്ല. ഈ കാര്യത്തില്‍ രാജ്യത്തിന്റെ ഏതുഭാഗത്തെയും സ്ഥിതി ഇതുതന്നെയാണ്. പക്ഷെ, ഒടുവിലത്തെ സംഭവം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്; അത് 2002-ല്‍ ഗുജറാത്തില്‍ സംഭവിച്ചതിന് സമാനമാണ്. ഒറീസയുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തവും കിരാതവും ഭീഷണവുമായ വര്‍ഗീയ ആക്രമണമാണ് ഇപ്പോള്‍ അവിടെ നടന്നത്.

ഇതൊരു ലഹളയല്ല; മറിച്ച്, ഹിന്ദു വര്‍ഗീയ സംഘടനയിലെ അംഗങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനുംമേല്‍ നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണമാണ്. അത് പെട്ടെന്ന് സംഭവിച്ചതോ അവിചാരിതമായി ഉണ്ടായതോ അല്ല. മതന്യൂപക്ഷങ്ങളെ ദേശീയ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെടുത്തുന്നതും വേര്‍തിരിച്ച് അടയാളപ്പെടുത്തുന്നതും ലക്ഷ്യമിട്ട ശ്രദ്ധാപൂര്‍വ്വമുള്ള ആസൂത്രണവും ശക്തമായ സംഘാടനവും ഇതിന് പിന്നിലുണ്ട്. രാഷ്ട്രത്തിനുമുന്നില്‍ ഹിന്ദുസ്വത്വം വെളിപ്പെടുത്തുക എന്ന വിശാലമായ രാഷ്ട്രീയപദ്ധതിയുടെ ഭാഗവുമാണിത്. നെടുനാളത്തെ തയ്യാറെടുപ്പ് ഇതിനുപിന്നിലുണ്ട്............

ഡോ.കെ.എന്‍.പണിക്കര്‍ എഴുതിയ ലേഖനം