വിശ്വാസങ്ങളൊക്കെയും സ്വയംബോധ്യത്തിന്റെ അഗാധതകളില്‍നിന്ന് ഒരരുവിപോലെ വിശുദ്ധമായി ഒഴുകിവരേണ്ടതാണ്. ആക്രോശങ്ങളല്ല, ആര്‍ദ്രതകളാണതില്‍നിന്നും മനുഷ്യരാശി പ്രതീക്ഷിക്കുന്നത്. ഞങ്ങളില്‍ പെടാത്തവരൊക്കെയും തുലഞ്ഞുപോകട്ടെ എന്നത് ഒരു ശാപമാണ്. അതിനൊരിക്കലും ഒരു പ്രാര്‍ഥനയായി സുഗന്ധം പരത്താനാവില്ല.
ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്നത് 'അനുഗ്രഹം' എന്നര്‍ഥമുള്ള 'റഹ്‌മത്ത്' എന്ന പദമാണ്. ഖുര്‍ആന്‍ കടുത്തഭാഷയില്‍ അവിശ്വാസികളേക്കാളധികം വിമര്‍ശിക്കുന്നത് 'മുനാഫിഖുകള്‍' എന്ന കപടവിശ്വാസികളെയാണ്. വിശ്വാസത്തിന്റെ തീ ഉള്ളിന്റെയുള്ളില്‍ എന്നോ കെട്ടുപോയ അവര്‍ 'കാട്ടിക്കൂട്ടലില്‍' മാത്രം കോള്‍മയിര്‍ കൊള്ളുന്നവരാണ്. ദൈവത്തിലല്ല, ചുറ്റുമുള്ള മനുഷ്യരിലാണവരുടെ 'കുറുക്കന്‍ശ്രദ്ധ' കറങ്ങുന്നത്.
മതത്തില്‍ ബലപ്രയോഗം പാടില്ലെന്ന 'മതവിലക്കുകള്‍' പലപ്പോഴും മറിച്ചിടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്, അഗാധ മതബോധ്യമില്ലാത്ത 'കപട മതവിശ്വാസികള്‍' എന്ന മുനാഫിഖുകളാണ്. ദൈവം വിധിക്കേണ്ട ശിക്ഷ, സ്വയം ഏറ്റെടുത്തു നടപ്പിലാക്കാന്‍ വ്യഗ്രതകൊള്ളുന്ന ഇവര്‍ സാക്ഷാല്‍ ദൈവാധികാരത്തെത്തന്നെയാണു വെല്ലുവിളിക്കുന്നത്. ദൈവത്തിന്റെ സ്വയമവരോധിത പോലീസും പട്ടാളവുമായി മാറി സങ്കുചിതസമീപനങ്ങള്‍ മതത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിക്കുന്നവരാണ്, മതേതരത്വത്തിനെന്നപോലെ, മതതത്വങ്ങള്‍ക്കും മുറിവേല്‍പിക്കുന്നത്. 'ജനാധിപത്യമൂല്യത്തിന്റെ മഹത്വം' ഇവരില്‍ പലര്‍ക്കും ഇനിയും മനസിലായിട്ടില്ല. 'അപരരുടെ' അഭിരുചികളെ ആദരിക്കാന്‍ അവരിനിയും പഠിച്ചില്ല. ഒച്ചവച്ചും ഭീഷണിപ്പെടുത്തിയും ഭ്രഷ്‌ടു കല്‍പിച്ചും മനുഷ്യരെ സ്വന്തംവരുതിയില്‍ എന്നെന്നേക്കുമായി തളച്ചിടാന്‍ കഴിയുമെന്ന വ്യാമോഹം ഇനിയുമവര്‍ തോട്ടിലേക്കു വലിച്ചെറിഞ്ഞിട്ടില്ല.
ആധിപത്യത്തിന്റെയും വിധേയത്വത്തിന്റെയും വലിഞ്ഞുമുറുകുന്ന വലക്കെട്ടുകള്‍ക്കിടയില്‍ വിങ്ങിനില്‍ക്കുന്ന ഒരു വിശ്വാസത്തിനും വിശ്വത്തോളം വളരാന്‍ കഴിയില്ല. ആചാരങ്ങളുടെ ഇത്തിരിവട്ടങ്ങളില്‍ കറങ്ങാനല്ലാതെ, അതിനൊരിക്കലും അന്വേഷണങ്ങളുടെ അശാന്തമായ ലോകത്തിലേക്കു കുതിക്കാനാവില്ല.
വിശ്വാസം വെല്ലുവിളികളില്‍വച്ചല്ല, അഗാധമായ വിനയത്തില്‍ വച്ചാണു വിശുദ്ധമാകുന്നത്. സ്വയം പ്രയാസപ്പെട്ടും മറ്റുള്ളവരുടെ ജീവിതം എളുപ്പമാക്കാനാണത് ഉത്സാഹിക്കേണ്ടത്. നെറ്റിയില്‍ കൊമ്പുമായിട്ടല്ല, ശരീരമാസകലം പൂക്കളുമായിട്ടാണതു പ്രത്യക്ഷപ്പെടേണ്ടത്. എന്നാലിന്ന്, മറ്റെല്ലാമെന്നപോലെ, 'വിശ്വാസവും' കണ്ണുരുട്ടിയും മസിലുപിടിച്ചുമാണു നില്‍ക്കുന്നത്. അനുഗ്രഹം നല്‍കേണ്ട കൈകളില്‍നിന്നും ത്രിശൂലങ്ങളാണ് ഉയരുന്നത്. സ്വന്തം വിശ്വാസം ശരിയായി പാലിക്കുന്നതില്‍ തങ്ങളോടുതന്നെ മത്സരിക്കുന്നതിനുപകരം, വിശ്വാസമില്ലാത്തവരെ മലര്‍ത്തിയടിക്കാനാണു വിശ്വാസികളിലൊരുവിഭാഗം ഇപ്പോള്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
മത്സരങ്ങളൊക്കെയും സത്യത്തില്‍ മാനുഷികമാകുന്നത്, മെച്ചപ്പെടാനുള്ള ഒരു സാഹസികശ്രമമായി അതു സ്വയംമാറുമ്പോഴാണ്. എന്നാല്‍, പ്രദര്‍ശനങ്ങളില്‍ മാത്രമായി വിശ്വാസത്തെ പരിമിതപ്പെടുത്തുന്നവര്‍ക്കാണു പൊങ്ങച്ചങ്ങളും വിശ്വാസസംരക്ഷണമെന്ന വ്യാജേനയുള്ള ആക്രമണങ്ങളും ആവശ്യമായിത്തീരുന്നത്. പുറത്തു മതത്തിന്റെ പേരില്‍ അമിത ബഹളം വയ്‌ക്കുന്നവര്‍, സൂക്ഷ്‌മാര്‍ഥത്തില്‍ അകത്തില്ലാത്ത അഗാധവിശ്വാസത്തിനു കൃത്രിമ നഷ്‌ടപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്. അത്തരക്കാരാണ്, വ്രതകാലത്തു തുറന്നുപ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടിച്ചുപൊളിക്കാന്‍ വടിയുമേന്തി മുമ്പിറങ്ങി പുറപ്പെട്ടത്. ഇപ്പോള്‍ അത്തരം അതിക്രമങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നതായി തോന്നുന്നു. മുമ്പൊക്കെ തുറന്നുവച്ച ഹോട്ടലിലേക്കുപോലും വ്രതമനുഷ്‌ഠിക്കാത്ത മുസ്ലീങ്ങള്‍ കയറിയിരുന്നതു പിറകിലൂടെയായിരുന്നു. നോമ്പുകാലത്ത്, നോമ്പെടുക്കാത്ത മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയ കടകള്‍വരെ ഉണ്ടായിരുന്നു.
എന്നാലിപ്പോള്‍ അതൊക്കെ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. നോമ്പുള്ളവര്‍ക്കു നോമ്പ്, നോമ്പില്ലാത്തവര്‍ക്കും നോമ്പുതുറയില്‍ പങ്കെടുക്കാം എന്നുള്ളിടത്തോളം ഇന്നു കേരളീയസമൂഹം വളര്‍ന്നിരിക്കുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ 'ചായക്കടകള്‍' പൂര്‍ണമായും ഒരുമാസം മുഴുവനും അടച്ചിടുന്ന പ്രവണത അവസാനിച്ചിട്ടില്ല.
ഇതു നോമ്പുകാലത്തു കട നടത്തുന്ന മുസ്ലീങ്ങള്‍ നിര്‍ബന്ധമായും അനുഷ്‌ഠിക്കേണ്ട പവിത്രകര്‍മമാണെന്ന ഒട്ടും ശരിയല്ലാത്ത സമീപനം ചിലരെങ്കിലും ഇപ്പോഴും വച്ചുപുലര്‍ത്തുന്നു. ഇന്നസ്‌ഥലത്തുവച്ചു കുടിക്കാന്‍ ഒരു തുള്ളി വെള്ളംപോലും കിട്ടിയില്ല എന്നൊരാള്‍ പറയേണ്ടിവരുന്നത് ഒരു മതത്തിനും അഭിമാനകരമല്ല. ഒരുകട ഒരു വ്യക്‌തിയുടേതായിരിക്കെത്തന്നെ, അതു നടത്തുന്നവര്‍ക്കു സാമൂഹ്യമായ ചില കടമകളുമുണ്ട്. തങ്ങള്‍ വ്രതമെടുത്തതുകൊണ്ടു മറ്റെല്ലാവരും പട്ടിണികിടന്നോട്ടെ എന്ന കാഴ്‌ചപ്പാട് വ്രതത്തിന്റെ തന്നെ മൂല്യബോധത്തിന് എതിരാണ്.
ഇസ്ലാംമതം, വ്രതം ഇസ്ലാംമതവിശ്വാസികളുടെ മേല്‍പോലും 'റംസാന്‍' മാസം കേവലാര്‍ഥത്തില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവരെ വ്രതത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റു മതസ്‌ഥര്‍ക്കും മതരഹിതര്‍ക്കും നോമ്പ് പണ്ടേ ബാധകവുമല്ല. അങ്ങനെയിരിക്കെ വ്രതകാലത്ത് 'കടകള്‍', സ്വമേധയാ അടച്ചിടുന്നതുപോലും നീതിയല്ല. ഞങ്ങള്‍ തിന്നുന്നില്ല, അതുകൊണ്ടു നിങ്ങളും തിന്നണ്ട എന്ന കടുംപിടിത്തം ഉപേക്ഷിക്കുമ്പോഴാണു വ്രതാനുഷ്‌ഠാനം മഹത്വപൂര്‍ണമായി മാറുന്നത്. ഞങ്ങള്‍ തിന്നുകയില്ല, എന്നാല്‍ തിന്നാനുള്ള നിങ്ങളുടെ അവസരം ഒരുവിധത്തിലും ഞങ്ങള്‍ തടയുകയില്ല എന്ന സ്‌നേഹസന്ദേശമാണ് 'വിശുദ്ധവ്രതമാസത്തില്‍' തളിര്‍ക്കേണ്ടത്.
***
കെ ഇ എന്‍ , കടപ്പാട് : മംഗളം
Monday, September 29, 2008
വ്രതം മഹത്വപൂര്‍ണ്ണമാകുന്നത് ഇങ്ങനെ....
Subscribe to:
Post Comments (Atom)
4 comments:
നോമ്പുള്ളവര്‍ക്കു നോമ്പ്, നോമ്പില്ലാത്തവര്‍ക്കും നോമ്പുതുറയില്‍ പങ്കെടുക്കാം എന്നുള്ളിടത്തോളം ഇന്നു കേരളീയസമൂഹം വളര്‍ന്നിരിക്കുന്നു. എന്നാല്‍ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ 'ചായക്കടകള്‍' പൂര്‍ണമായും ഒരുമാസം മുഴുവനും അടച്ചിടുന്ന പ്രവണത അവസാനിച്ചിട്ടില്ല.
ഇതു നോമ്പുകാലത്തു കട നടത്തുന്ന മുസ്ലീങ്ങള്‍ നിര്‍ബന്ധമായും അനുഷ്‌ഠിക്കേണ്ട പവിത്രകര്‍മമാണെന്ന ഒട്ടും ശരിയല്ലാത്ത സമീപനം ചിലരെങ്കിലും ഇപ്പോഴും വച്ചുപുലര്‍ത്തുന്നു. ഇന്നസ്‌ഥലത്തുവച്ചു കുടിക്കാന്‍ ഒരു തുള്ളി വെള്ളംപോലും കിട്ടിയില്ല എന്നൊരാള്‍ പറയേണ്ടിവരുന്നത് ഒരു മതത്തിനും അഭിമാനകരമല്ല. ഒരുകട ഒരു വ്യക്‌തിയുടേതായിരിക്കെത്തന്നെ, അതു നടത്തുന്നവര്‍ക്കു സാമൂഹ്യമായ ചില കടമകളുമുണ്ട്. തങ്ങള്‍ വ്രതമെടുത്തതുകൊണ്ടു മറ്റെല്ലാവരും പട്ടിണികിടന്നോട്ടെ എന്ന കാഴ്‌ചപ്പാട് വ്രതത്തിന്റെ തന്നെ മൂല്യബോധത്തിന് എതിരാണ്.
ഇസ്ലാംമതം, വ്രതം ഇസ്ലാംമതവിശ്വാസികളുടെ മേല്‍പോലും 'റംസാന്‍' മാസം കേവലാര്‍ഥത്തില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവരെ വ്രതത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റു മതസ്‌ഥര്‍ക്കും മതരഹിതര്‍ക്കും നോമ്പ് പണ്ടേ ബാധകവുമല്ല. അങ്ങനെയിരിക്കെ വ്രതകാലത്ത് 'കടകള്‍', സ്വമേധയാ അടച്ചിടുന്നതുപോലും നീതിയല്ല. ഞങ്ങള്‍ തിന്നുന്നില്ല, അതുകൊണ്ടു നിങ്ങളും തിന്നണ്ട എന്ന കടുംപിടിത്തം ഉപേക്ഷിക്കുമ്പോഴാണു വ്രതാനുഷ്‌ഠാനം മഹത്വപൂര്‍ണമായി മാറുന്നത്. ഞങ്ങള്‍ തിന്നുകയില്ല, എന്നാല്‍ തിന്നാനുള്ള നിങ്ങളുടെ അവസരം ഒരുവിധത്തിലും ഞങ്ങള്‍ തടയുകയില്ല എന്ന സ്‌നേഹസന്ദേശമാണ് 'വിശുദ്ധവ്രതമാസത്തില്‍' തളിര്‍ക്കേണ്ടത്.
പറഞ്ഞത് ശരിയാണ്.ഞങ്ങളുടെ നാട്ടിലും റംസാന്‍ മാസകാലത്ത് ഹോട്ടലുകള്‍ അടച്ചിടുകയാണ് പതിവ്.സാധാരണയായി ഹോട്ടലിലെ അറ്റകുറ്റപണികള്‍ ഈ സമയത്താണ് ചെയ്യാറ്.
ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷം ഉണ്ടായ പ്ര്‍തിഭാസങ്ങളാണിതെല്ലം, അതിനു മുന്‍പ് എണ്റ്റെ ചില മുസ്ളീം സഹപാഠികള്‍ രഹ്സ്യമായി ഒക്കെ ഭക്ഷണം കഴിക്കുമായിരുന്നു, വീട്ടില്‍ അഛന്‍ അമ്മമാര്‍ വ്ര്‍തം എടുക്കുമ്പോള്‍ മക്കള്‍ക്കു ഭക്ഷ്ണം കൊടുത്തിരുന്നു, ഇതേ കുട്ടി തന്നെ ഇന്നു അഛന്‍ ആയപ്പോള്‍ ഭയങ്കര വ്ര്‍തം സ്വന്തം കുട്ടികള്‍ വെള്ളം കുടിച്ചാല്‍ അവരെ ശാസിക്കുക എന്ന നിലയിലേക്കു മാറി, ഞാന്‍ കളിയാക്കി ചോദിച്ചപ്പോള്‍ വെനമസ് ആയി പ്രതികരിക്കുകയും ചെയ്തു
ഹിന്ദു വര്‍ഗീയതയും ക്രിസ്ത്യന്‍ വര്‍ഗീയതയും മുസ്ളീം വര്‍ഗീയതയും ഒന്നുപോലെ ഭ്രാന്തമായി വളരുന്നതാണു കാണുന്നത്, പൊങ്കാലകള്‍ ഇന്നു മിക്കവാറും എല്ലാ ചെറിയ അമ്പലങ്ങളിലും രോഡ് ഗതാഗതം മുടക്കി നടക്കുന്നു, ലോക്കല്‍ ഹോളീഡേ വേണമെന്നു കളകടറോട് ആവശ്യപ്പെടുന്നു, അച്ചന്‍മാരും കന്യാസ്ത്രീകളും അത്ര ബുധിമുട്ടിക്കുന്നില്ല എങ്കിലും പാതി രാത്രിയില്‍ പള്ളിപെരുന്നാളൂം ഓശാന പെരുന്നാളും ആയി ജാത നടത്തുന്നു, ഒപ്പം കാവിയും ധരിക്കുന്നു, കാവി ആര്‍ എസ് എസിണ്റ്റെതു മാത്രം അല്ല എന്നു വരുത്താനുള്ള ബുധി ആയിരിക്കം, നമാസ് തെരുവിലേക്കിറങ്ങി വന്നിട്ടില്ല ഇതുവരെ വടക്കെ ഇന്തയിലെപ്പോലെ
ഈ രോഗത്തിനെതാണൂ ശാന്തി സര്‍ക്കോസിയെപോലെ മത പരമ്മായ വസ്ത്ര ധാരണം സ്കൂളില്‍ നിരോധിക്കുക, അഷ്ടമി രോഹിണീ, നബി ദിനം, ഗുരു ജയന്തി, മോണ്ടീ തേസ്ഡെ എന്നീ അവധികള്‍ എടുത്തുകളയുക ഇങ്ങിനെ കടുത്ത നടപടികള്‍ വേണ്ടി വരും, പക്ഷെ അതിനൊന്നും ധൈര്യമുള്ള എല്‍ ഡീ എഫോ യൂ ഡീ എഫോ ഇല്ലല്ലോ
ഇന്ദിര ഗാന്ധിക്കു ശേഷം നട്ടെല്ലുള്ള ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചിട്ടില്ല മുസ്ളീങ്ങളുടെ ബോംബ് നിര്‍മ്മാണം കൂടി ആയപ്പോള്‍ വര്‍ഗീയ വിഭാഗീയത ഭീകരമാകുന്നു, ബീ ജേ പിക്കു അധികാരം കേന്ദ്രത്തില്‍ കിട്ടിയാല്‍ ഇന്ത്യ ഒരു അഫ്ഗാനിസ്ഥാന്‍ ആകും, അതിനു വേണ്ടി ആണല്ലോ പ്രകാശ് കാരാട്ട് ആണവകരാറിണ്റ്റെ പേരില്‍ ബീജേപിയുമായി പ്ളാറ്റ് ഫോം പങ്കിട്ടു തുടങ്ങിയത്
“അതിനു വേണ്ടി ആണല്ലോ പ്രകാശ് കാരാട്ട് ആണവകരാറിണ്റ്റെ പേരില്‍ ബീജേപിയുമായി പ്ളാറ്റ് ഫോം പങ്കിട്ടു തുടങ്ങിയത്.”
ആരുഷിക്കുട്ടി നല്ലൊരു കമന്റു പാസാക്കിയല്ലോ എന്നു കരുതി സന്തൊഷത്തോടെ വായിച്ച വന്നപ്പോള്‍ ദേ കിടക്കുന്നു. പടിക്കലൊരു ഉടഞ്ഞ കുടം.
Post a Comment