അമേരിക്കയിലെ 700 ബില്യണ്‍ ഡോളര്‍ ബെയില്‍ ഔട്ട് നാടകത്തിന്റെ രണ്ടാം ഘട്ടം ഇത്തിരി ഹൃദയസ്പര്‍ശിയാണ്. സെനറ്റില്‍ അത് പാസായപ്പോള്‍ രണ്ടു കക്ഷികളിലെയും നേതാക്കള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ മുന്നോട്ട് വരികയും തങ്ങള്‍ ഇപ്രകാരം വോട്ടു ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുകയും ചെയ്തു. ദ്വികക്ഷി രാഷ്ട്രീയത്തിന്റെ ഊഷ്‌മളമായ ഇത്തിരിവെട്ടത്തില്‍ ഈ അഭിമാനം കൊള്ളല്‍ ഒതുക്കി നിറുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. എങ്കിലും, ബില്ലിനനുകൂലമായി വോട്ട് ചെയ്തവര്‍ ആരും തന്നെ “ഒരു നല്ല ബില്ല് ”എന്ന് അതിനെ വിശേഷിപ്പിച്ചില്ല. “ഒന്നും ചെയ്യാതിരുന്നാല്‍ ചിലപ്പോള്‍ കൂടുതല്‍ മോശമായ അനന്തരഫലങ്ങള്‍ ഉണ്ടാകും” എന്നതിനാലാണവര്‍ അനുകൂലമായി വോട്ട് ചെയ്തത്. പക്ഷെ പോള്‍ ക്രുഗ്‌മാനെപ്പോലുള്ള ചില സാമ്പത്തിക വിദഗ്ദര്‍ ഇങ്ങനെ തുറന്നടിച്ചിട്ടുണ്ട്, “ ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന ഈ രക്ഷാപദ്ധതി കൂടുതല്‍ വലിയ നാറ്റക്കേസാണ്, ഇതിനു യാതൊരു ന്യായീകരണവുമില്ല ”.
എന്നാല്‍, “മറ്റൊരു അവിശ്വാസ വോട്ട് നിലവിലുള്ള പരിഭ്രാന്തിയെ ഒന്നുകൂടി വഷളാക്കും” എന്ന് തന്നെയാണ് അദ്ദേഹവും വിശ്വസിക്കുന്നത്. പ്രതിസന്ധിക്ക് ഉത്തരവാദികളായവര്‍ ജനങ്ങളെ പണത്തിനായി തടങ്കലില്‍ വെച്ചിരിക്കുകയാണ്: ഇതിനു മുന്‍പ് നല്‍കിയതിലും കൂടുതല്‍ പണം തരൂ, ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കും, ഇതാണവരുടെ മനോഭാവം. അവസാനം കടമ്പയും കടന്ന ബില്ലാകട്ടെ ഏതാനു ദിവസം മുന്‍പ് പ്രതിനിധി സഭ തള്ളിക്കളഞ്ഞതിനേക്കാള്‍ മോശവുമാണ്. ഈ ബില്ല് ശരിക്കും ആര്‍ക്കുവേണ്ടിയാണ് എന്നതിനെക്കുറിച്ച് അമേരിക്കന്‍ ജനതക്കിടയില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഈ പദ്ധതിയെക്കുറിച്ച് പലര്‍ക്കും ഉയര്‍ന്ന ശുഭാപ്തിവിശ്വാസമുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി, പതിവിലും ഒരല്‍പ്പം കൂടുതല്‍ വിമര്‍ശകസ്വഭാവം പ്രദര്‍ശിപ്പിച്ചുവെങ്കിലും, മാദ്ധ്യമങ്ങളെല്ലാം ഈ പ്രതിസന്ധി പരിഹരിക്കുക എന്നത് വിവേകമുള്ള ദ്വികക്ഷിരാഷ്ട്രീയത്തിന്റെ ധര്‍മ്മമാണെന്ന ആശയമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒരുമിച്ചിരുന്ന് കൂട്ടായ പരിഹാരമുണ്ടാക്കൂ... അതും പെട്ടെന്ന് തന്നെ, അവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഏറെക്കുറെ അതാണ് സംഭവിച്ചിരിക്കുന്നതും.
ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യമായ അഫ്‌ഗാനിസ്ഥാനെതിരെ ഏഴുവര്‍ഷത്തോളമായി തങ്ങള്‍ ആരംഭിച്ച യുദ്ധത്തിനൊരു അറുതി വരുത്താന്‍ കഴിയാത്ത ഒരു സര്‍ക്കാരും ഒരു കൂട്ടം ആളുകളും ; ഇറാക്കില്‍ യുദ്ധം - അതിലാകട്ടെ തങ്ങളുടെ ഏറ്റവും വെറുക്കപ്പെട്ട ശത്രുവായ ഇറാനാണ് വിജയിയായി മാറിയത്- ആരംഭിച്ച ഒരു നേതൃത്വം ; സി.ബി.എസ് ന്യൂസ് പറയുന്നതനുസരിച്ച്, എട്ടുവര്‍ഷം പ്രസിഡന്റായി തുടരുന്നതിനിടയില്‍ രാജ്യത്തിന്റെ ദേശീയ ഋണബാദ്ധ്യത 71.9% അല്ലെങ്കില്‍ 4.1 ട്രില്യണ്‍ ഡോളര്‍ കണ്ട് വര്‍ദ്ധിപ്പിച്ച ജോര്‍ജ് ബുഷിന്റെ നേതൃത്വം; ഇതൊക്കെ തന്നെയാണ് ഇന്നത്തെ യഥാര്‍ത്ഥ പ്രശ്നം . വൈറ്റ് ഹൌസിലും കോണ്‍ഗ്രസ്സിലുമുള്ള ഇതേ നേതാക്കളുടെ സംഘമാണ്, തങ്ങളിതുവരെക്കണ്ടതില്‍ വെച്ചേറ്റവും സങ്കീര്‍ണ്ണമായൊരു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഏഴു ദിവസം കൊണ്ടൊരു തന്ത്രം രൂപീകരിക്കുന്നത് ! ഇതിനെയാണ് “ശുഭാപ്തി വിശ്വാസം” എന്ന് വിളിക്കുന്നത്.
ഖേദകരമെന്നു പറയട്ടെ, രണ്ടു പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും, ഈ പ്രക്രിയയില്‍ പ്രത്യേകിച്ച് എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ടു . ഈ സാമ്പത്തികപ്രതിസന്ധി, അപ്രതീക്ഷിതമായ ചില രാഷ്ട്രീയ അട്ടിമറികള്‍ സംഭവിക്കുന്നില്ല എങ്കില്‍, ജോണ്‍ മക്ക് കെയിനിന്റെ വൈറ്റ്‌ഹൌസ് പ്രവേശനത്തെ തുരങ്കം വെക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. അതിന്റെ മണമടിച്ചതിനാലാണ് രക്ഷാ ദൌത്യത്തിന്റെ (ബെയില്‍ ഔട്ട്) നേതൃസ്ഥാനം കൈയടക്കാനായി അദ്ദേഹം വാഷിങ്ങ്ടണിലേക്ക് പാഞ്ഞു ചെന്നത്. അതില്‍ അദ്ദേഹം പരാജയപ്പെടുകയും, രക്ഷാ പദ്ധതിയെ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ഒബാമയാകട്ടെ, ഈ ബെയില്‍ ഔട്ട് പദ്ധതിയില്‍ പ്രസക്തമായ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ബുഷ് ഭരണകൂടത്തെ നിര്‍ബന്ധിതനാക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തി. അമേരിക്കയുടെ നിര്‍ജീവമായൊരു സമ്പദ് വ്യവസ്ഥയെ പുന:സംഘടിപ്പിക്കാനുള്ള ഒരു സുവര്‍ണ അവസരമായിരുന്നു ഇത് . അഹന്ത നിറഞ്ഞ ഭരണകൂടം താഴെ വീണുകിടക്കുകയായിരുന്നു, വാള്‍ സ്‌ട്രീറ്റ് മുട്ടില്‍ നിന്ന് കേഴുകയും. ബില്ലില്‍ അവശ്യം വേണ്ടിയിരുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുവാനായി ഈ സ്ഥിതിവിശേഷത്തെ ഒബാമയ്ക്ക് ഉപയോഗിക്കാമായിരുന്നു.
പക്ഷെ അദ്ദേഹമത് ചെയ്തില്ല. സമ്പദ് വ്യവസ്ഥക്കുമേല്‍ ഭരണകൂടത്തിന് കൂടുതല്‍ നിയന്ത്രണാധികാരം, അല്ലെങ്കില്‍ ഭാഗികമായ ഉടമസ്ഥത തന്നെ, ലഭിക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നതിനുള്ള സമയമായിരുന്നു അത്. ഒബാമ വൈറ്റ് ഹൌസിലെത്തുകയാണെങ്കില്‍, അന്നേരം ഇപ്പോഴത്തെ പിഴവുകള്‍ തീര്‍ച്ചയായും അദ്ദേഹത്തെ വേട്ടയാടുക തന്നെ ചെയ്യും. (“എത്തുകയാണെങ്കില്‍” എന്നു പറഞ്ഞത് ഒളിപ്പിച്ചു വച്ചിരിക്കുന്ന വംശീയ കാര്‍ഡ് ഈ മത്സരത്തില്‍ ഇനിയും പുറത്തെടുക്കാനിരിക്കുന്നതേ ഉള്ളൂ എന്നതിനാലാണ് . “അന്നേരം” എന്നു പറഞ്ഞത് തെരഞ്ഞെടുപ്പിനു ഒരു മാസം മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ, മക് കെയിനിന്റെ പ്രചരണത്തെ സാമ്പത്തിക പ്രതിസന്ധി താറുമാറാക്കിയിട്ടുണ്ട് എന്നതിനാലാണ് ). അവസാനമായി, ഈ ബെയില്‍ ഔട്ട് പാക്കേജിലൂടെ വാള്‍ സ്‌ട്രീറ്റിന്റെ മുതുകിലെ ഭാരം മുഴുവന്‍ ട്രഷറിയിലേക്കും അതു വഴി പൊതുജനങ്ങളിലേക്കും മാറ്റപ്പെടുകയാണ്.
ഇതിന്റെ അര്‍ത്ഥം വാള്‍ സ്‌ട്രീറ്റിന്റെ പതനത്തിനു മുന്‍പ് പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ല എന്നൊന്നുമല്ല. ഔദ്യോഗികഭാഷ്യം അനുസരിച്ച് തന്നെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഈ വര്‍ഷം, അതായത് കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ 7,60,000 തൊഴിലുകള്‍ നഷ്ടമായിട്ടുണ്ട്. അതില്‍ അഞ്ചുലക്ഷം നഷ്ടമായത് സെപ്തംബറിനു മുന്‍പായിരുന്നു. സെപ്തംബറിലാകട്ടെ 1,59,000 തൊഴിലുകളാണ് നഷ്ടമായത്, കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഏതെങ്കിലും മാസത്തെ കണക്കെടുത്താല്‍ ഏറ്റവും കടുത്തത്. മൊത്തം 90 ലക്ഷം അമേരിക്കക്കാര്‍ ഇന്ന് തൊഴില്‍ രഹിതരാണ്. ഈ കണക്കുകളിലൊന്നിലും ഇപ്പോഴത്തെ സാമ്പത്തിക ഉരുകിയൊലിക്കല്‍ (മെല്‍റ്റ് ഡൌണ്‍) മൂലമുണ്ടായ തൊഴില്‍ നഷ്ടം ഉള്‍പ്പെടുത്തിയിട്ടില്ല.
ആ കണക്കുകള്‍ പിന്നീടേ വെളിവാകുകയുള്ളൂ. 2002ല്‍ എഴുതിയ ഒരു ലേഖനത്തില്‍ പോള്‍ ക്രുഗ്‌മാന്‍ ഇങ്ങനെ എഴുതിയിരുന്നു, “ഗ്രേറ്റ് ഡിപ്രഷനു ശേഷം അമേരിക്ക ഒരിക്കലും ഇതുപോലെ “അസന്തുലിതം” ആയിരുന്നിട്ടില്ല. ജനാധിപത്യത്തിനും സമ്പദ് വ്യവസ്ഥക്കും ഒരു പോലെ അപകടകരമാണിത്. ” ദരിദ്രരും പിന്നാക്ക വിഭാഗങ്ങളും കുറെക്കാലമായി പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ വര്‍ഷം അത് മുകളിലേക്കു കൂടി വ്യാപിച്ചു, അത്ര മാത്രം.
ചുണക്കുട്ടന്മാരുടെ വരവ്
ഇതിനിടെ ചുണക്കുട്ടന്മാര്‍(Big Boys) മടങ്ങി വന്നു കഴിഞ്ഞു- അധികാരങ്ങള്‍ ഒന്നൊന്നായി കൈയാളിയ അവര്‍ ഇതില്‍ നിന്നു പണമുണ്ടാക്കുകയുമാണ്. ഈ വന്‍രക്ഷാ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ട്രഷറി സെക്രട്ടറി ആരെയൊക്കെയാണ് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് ഊഹിക്കാനാവുന്നുണ്ടോ? ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രീ പോള്‍സണ്‍ അദ്ദേഹത്തിന്റെ ഉപദേശകരായി റിക്രൂട്ട് ചെയ്തിരിക്കുന്നത് ഗോള്‍ഡ്‌മാന്‍ സാച്ചിലെ പഴയ സഹപ്രവര്‍ത്തകരെയാണത്രെ. ( ഈ രക്ഷാപദ്ധതിയില്‍ ട്രഷറി വകുപ്പിലെ ഉദ്യോഗസ്ഥരും ഒരു വലിയ പങ്ക് നിര്‍വഹിക്കുന്നുണ്ട് എന്നും മറ്റും കൂട്ടിച്ചേര്‍ത്ത് ന്യൂയോര്‍ക്ക് ടൈംസ് ആരോപണത്തിന്റെ കാഠിന്യം അല്‍പ്പം മയപ്പെടുത്തിയിട്ടുണ്ട്.) കാര്യങ്ങളിപ്പോള്‍ കൂടുതല്‍ രസകരമായിരിക്കുന്നു. പുറം കരാറിലൂടെയാണ് ഒരു മാതിരി എല്ലാ രക്ഷാദൌത്യവും നിര്‍വഹിക്കപ്പെടുന്നത്. ബെയില്‍ ഔട്ടിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് 250 ബില്യണ്‍ ഡോളര്‍ ചിലവഴിക്കാനാണ് ട്രഷറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും ലഭിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഏതാനും അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കാണ്. “എന്നാല്‍ ഇതിനൊരു നല്ല വശമുണ്ട് ”, ടൈംസ് ചൂണ്ടിക്കാണിക്കുന്നു. “ഈ സ്ഥാപനങ്ങള്‍ക്ക് വ്യവസായത്തില്‍ നിലവിലുള്ള അംഗീകൃത നിരക്കിനേക്കാള്‍, അതായത് മാനേജ് ചെയ്യുന്ന ഓരോ 100 ഡോളര്‍ അസറ്റിനും 1 ഡോളര്‍ എന്ന നിരക്കിനേക്കാള്‍ , കുറഞ്ഞ നിരക്കിലാണ് ഫീസ് നല്‍കുക. ” ഹോ.....അവര്‍ക്കെങ്ങനെ ഇത്ര കുലീനരാകാന്‍ കഴിയുന്നു? എന്തൊരു മഹാമനസ്കത!!
ഇതിനിടെ, സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ പരിദൃശ്യങ്ങള്‍ മാറ്റി വരയ്ക്കുകയണ്. നാടകീയവും വിനാശകാരിയുമായ സംഭവവികാസങ്ങള്‍ പ്രദാനം ചെയ്യുവാനല്ലാതെ പ്രസിഡന്‍ഷ്യല്‍ സംവാദങ്ങള്‍ക്ക് മറ്റൊരു പ്രസക്തിയുമില്ലെന്ന് വരുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍, പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു സാറാ പാലിന്റെ പ്രകടനം. എങ്കിലും അതും അവരെ സഹായിച്ചില്ല. “സാധാരണക്കാരുടെ മുതുകില്‍ കയറി ഇരിക്കുന്ന സര്‍ക്കാരിനെ ഇറക്കി വിടും”, “ചെലവ് ചുരുക്കും ”എന്നൊക്കെയുള്ള റീഗണോമിക്സിലെ ക്ലിഷേകള്‍ക്കൊക്കെ ഒരെട്ട് വര്‍ഷം മുമ്പ് അതുമല്ലെങ്കില്‍ സാമ്പത്തിക ഉരുകിയൊലിക്കലിനു (മെല്‍ട്ട് ഡൌണ്‍) മുമ്പ് എന്തെങ്കിലും പ്രതികരണം വോട്ടര്‍മാരില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ. ഫാനി, ഫ്രെഡി കൊടുങ്കാറ്റുകള്‍ക്ക് ശേഷം വന്ന ഈ വാഗ്‌ധോരണികള്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല.
എങ്കിലും അധിക്ഷേപങ്ങള്‍ തുടരുക തന്നെയാണ്. ബൌദ്ധികമായി വെല്ലുവിളികള്‍ നേരിടുന്നവനെന്ന് തങ്ങള്‍ കരുതുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ മേല്‍ നിന്ദകള്‍ ചൊരിയുന്നതില്‍ മാദ്ധ്യമങ്ങള്‍ ആര്‍മാദിക്കുകയാണ്. തന്റെ തന്നെ ഉത്തരവ് പ്രകാരം ബോംബ് ചെയ്യപ്പെട്ട ഏതെങ്കിലും ഒരു രാജ്യത്തിന്റെ സ്ഥാനം കൃത്യമായി ലോകഭൂപടത്തില്‍ ചൂണ്ടിക്കാണിക്കുവാന്‍ പോലും കഴിവില്ലാത്ത ഒരു മനുഷ്യനെ പിന്തുണയ്ക്കുകയും രണ്ടാമതും പ്രസിഡന്റ് ആകാന്‍ സഹായിക്കുകയും ചെയ്തതും ഇതേ മാദ്ധ്യമങ്ങള്‍ തന്നെയാണ് . മിസ്സ് പാലിന്റെ റോള്‍, ഒരിക്കലും, പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളെ ഗൌരവപൂര്‍ണവും ഉദാത്തവുമായ തലങ്ങളിലേയ്ക്കുയര്‍ത്തുക എന്നതായിരുന്നില്ല. മക് കെയിനെ വെറുത്ത, അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വിട്ടു പോയ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ വിശ്വാസികളെ ആകര്‍ഷിക്കുകയും അടുപ്പിച്ചു നിറുത്തുകയുമായിരുന്നു പാലിനെ ഏല്‍പ്പിച്ച കടമ. അതവര്‍ വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. സംവാദങ്ങളില്‍ തന്നെ വ്യക്തമായ ഒരു സംഗതിയുണ്ട്, ടെലിവിഷന്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ എന്ന നിലയിലും മുന്‍ സൌന്ദര്യ റാണി എന്ന നിലയിലും ടി വി കാമറയെ എങ്ങനെ അഭിമുഖീകരിക്കണമെന്നും അതിലൂടെ പ്രേക്ഷകരിലേക്ക് എങ്ങനെ എത്താന്‍ കഴിയും എന്നതിനെക്കുറിച്ചും അവര്‍ക്കുള്ള അറിവ് സാറായെ ഒട്ടൊന്നുമല്ല സഹായിച്ചത്. (ജോ ബിഡെന്‍ ആവട്ടെ സംവാദം കണ്ട ദശലക്ഷക്കണക്കിന് പ്രേക്ഷകരെ നോക്കിയതേയില്ല , മറിച്ച് മോഡറേറ്ററുടെ മുഖത്തേക്ക് നോക്കി ദത്തശ്രദ്ധനായി ഇരിക്കുകയായിരുന്നു.) വിദേശ നയ സംബന്ധിയായി ആഴ്ചകളായി പാലിന്‍ മറുപടി പറഞ്ഞു വരുന്ന പല ചോദ്യങ്ങളെയും സംബന്ധിച്ചാണെങ്കില്‍ സാക്ഷാല്‍ ജോര്‍ജ് ഡബ്ല്യു ബുഷിനു പോലും “ബുഷ് സിദ്ധാന്തം“ (“the Bush doctrine”) എന്താണ് എന്ന് വിശദീകരിക്കുവാന്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നത് മൂന്നരത്തരം.
എങ്കിലും, കാര്യങ്ങളിങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നത്. സമ്പദ് വ്യവസ്ഥയാണ് സംഗതികളെ ഡെമോക്രാറ്റുകള്‍ക്കനുകൂലമാക്കിയത്. എന്നാല്‍ എല്ലാം അവസാനിക്കും വരെ ഒന്നും അവസാനിച്ചുവെന്ന് പറയാന്‍ കഴിയില്ല. ഇത്തരം സമയങ്ങളിലാണ് ഡി.ഡി.റ്റി (Departments of Dirty Tricks) വ്യാപകമായി സ്പ്രേ ചെയ്യപ്പെടുന്നത്. ഇതിനു മുമ്പും “ഒക്‍ടോബര്‍ മാസത്തെ അതിശയങ്ങള്‍” തെരെഞ്ഞെടുപ്പ് പ്രചരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മക്‍കെയിന്റെ പ്രചാരണം കൂടുതല്‍ കൂടുതല്‍ തുളച്ചുകയറുന്നതും നിഷേധാത്മകവും വ്യക്തിപരവും ആകും. ഒബാമയുടെ വ്യക്തിത്വത്തെ കൂടുതല്‍ കൂടുതല്‍ കടന്നാക്രമിക്കും. റിപ്പബ്ലിക്കന്മാര്‍ ഈ വസ്തുത വ്യക്തമാക്കിക്കഴിഞ്ഞു. അവരുടെ ലക്ഷ്യം സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച പേജ് മറിച്ച് എത്രയും പെട്ടെന്ന് അടുത്ത പേജിലേക്ക് കടക്കുക എന്നതാണ് (രക്ഷാ പദ്ധതി പാസ്സായി കഴിഞ്ഞില്ലേ..പിന്നെ എന്തിനാണ് അതും പറഞ്ഞിരിക്കുന്നത്?). അവര്‍ ആഗ്രഹിക്കുന്നത് ബില്‍ ആയേര്‍സിനെ പോലുള്ള 1960 കളിലേയും 1970 കളിലേയും മുന്‍ വിപ്ലവകാരികളുമായുള്ള ഒബാമയുടെ സഹകരണങ്ങളിലേക്കും ബന്ധങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ്. 1970 കളില്‍ ചില വസ്തു വകകള്‍ക്കെതിരെ (വ്യക്തികള്‍ക്കെതിരെ അല്ല) ബോംബ് വിസ്‌ഫോടനങ്ങള്‍ നടത്തിയ “വെതര്‍ അണ്ടര്‍ഗ്രൌണ്ട് ”എന്ന തീവ്രവാദി ഗ്രൂപ്പിന്റെ സ്ഥാപകാംഗമായ ബില്‍ ആയേര്‍സിനെ ഒബാമ അറിയുമായിരുന്നെന്നാണ് ( ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചെന്നും) സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇന്‍ഡോ ചൈനയില്‍ നിഷ്‌കളങ്കരായ അനേകായിരം സാധാരണ പൌരന്മാരെ ബോംബിട്ട് കൊന്ന ഗവണ്മെന്റിനോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനാണ് ബില്‍ ആയേര്‍സും കൂട്ടാളികളും അന്ന് ശ്രമിച്ചത്. വെതര്‍ അണ്ടര്‍ഗ്രൌണ്ടുകാരുടെ (വെതര്‍മെന്‍സ്)സ്‌ഫോടനങ്ങളില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല - ബോംബ് നിര്‍മ്മാണത്തിനിടെ പിണഞ്ഞ അപകടത്തില്‍ ആ ഗ്രൂപ്പിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതൊഴിവാക്കിയാല്‍ - എന്നതാണ് വസ്തുത. ആയേര്‍സിനെ കണ്ടപ്പോള്‍ ഒബാമയ്ക്ക് എട്ടു വയസ്സായിരുന്നു പ്രായം. ആ കൂടിക്കാഴ്ച നടന്ന് ഏകദേശം രണ്ടു ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അവര്‍ അയല്‍ക്കാരുമാണ്. ബില്‍ ആയേര്‍സ് ഇന്നിപ്പോള്‍ യൂണിവേര്‍സിറ്റി ഓഫ് ഇല്ലിനോയിസില്‍ പ്രൊഫസര്‍ ഓഫ് എഡ്യൂക്കേഷനാണ്.
എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ വിചാരിക്കുന്നതു പോലെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച പേജ് മറിയ്ക്കുക എന്നത് , അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് പത്ത് ലക്ഷം അമേരിക്കക്കാര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെടുകയുണ്ടായി. ഓരോ ദിവസവും ബാങ്കുകള്‍ ഏറ്റെടുക്കുന്ന വീടുകളുടെ (ഫോര്‍ക്ലോഷര്‍) എണ്ണം പെരുകുകയാണ്. ഇത് ഒരു പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത് വാസസ്ഥലത്തിന്റെ മേല്‍വിലാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാല്‍ ധാരാളം കൃത്രിമങ്ങള്‍ അരങ്ങേറാനുള്ള സാദ്ധ്യതയുണ്ട്. വന്‍തോതില്‍ ഫോര്‍ക്ലോഷര്‍ നടന്നിട്ടുള്ള പ്രദേശങ്ങളിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും വീടുകള്‍ നഷ്ടപ്പെട്ടവരെ ഒഴിവാക്കാന്‍ ഏതെങ്കിലും റിപ്പബ്ലിക്കന്മാര്‍ ശ്രമിച്ചുകൂടായ്‌കയില്ല.
ഇങ്ങനെ സംഭവിക്കുവാന്‍ വളരെ സാദ്ധ്യത കുറവാണ് എന്നാണ് നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത്, അല്ലേ? എന്നാല്‍ അറിയുക, ഈ കളി ഇന്ത്യയിലെ ധനവാന്മാര്‍ ഒരിക്കല്‍ കളിച്ചതാണ്. 2004 ല്‍, മഹാരാഷ്ട്രയിലെ 11 പ്രമുഖരായ വ്യക്തികള്‍ ചേരികളിലെ താമസക്കാര്‍ക്ക് വോട്ടവകാശം നല്‍കരുതെന്നാവശ്യപ്പെട്ടു കൊണ്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. അതിനടുത്ത വര്‍ഷം, മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലെ ഏറ്റവും പട്ടിണിപ്പാവങ്ങളുടെ 84000 കുടിലുകള്‍ നിരപ്പാക്കിയ ശേഷം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെ വീടില്ലാതായ ആളുകളുടെ പേരുകള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ചീഫ് ഇലക്‍ടറല്‍ ഓഫീസറോട് അഭ്യര്‍ത്ഥിച്ചു.( വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വിദേശ പൌരന്മാര്‍ക്കും വോട്ടവകാശം നല്‍കാനാഗ്രഹിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുമാണ് ഇത്തരം നടപടികളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ) ചേരി നിവാസികള്‍ക്ക് ഇപ്പോള്‍ വീടുമില്ല, മേല്‍വിലാസവുമില്ല. അവര്‍ക്കെങ്ങനെയാണ് വോട്ട് ചെയ്യാനാവുക? അത്തരം സാഹചര്യം അമേരിക്കയില്‍ ഇതു വരെ വന്നിട്ടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, ഒരു പക്ഷെ മറ്റേതെങ്കിലും രീതിയില്‍ വരുമായിരിക്കാം( ചിലപ്പോള്‍ വരികയില്ലായിരിക്കാം). പക്ഷെ ഒന്നുണ്ട്, രണ്ടിടത്തും സമീപനം എതാണ്ട് സമാനമാണ്, എതിര്‍ക്കപ്പെടേണ്ടതും.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധേയമായി തോന്നുന്ന ഏക വസ്തുത അത് ഒബാമയ്ക്ക് നല്‍കേണ്ടിയിരുന്ന ലീഡ് നല്‍കിയിട്ടില്ല എന്നതാണ്. ഇതു വരെ എന്തായാലും ലീഡ് ലഭിച്ചിട്ടില്ല. അതിനാല്‍ മാത്രമാണ് മക്‍ കെയിന്റെ പ്രചാരണത്തിന്റെ ഹൃദയം മിടിക്കുന്നത്. ജീവനുള്ളിടത്തോളം പ്രതീക്ഷയുമുണ്ട്. പ്രതീക്ഷയുണ്ടെങ്കില്‍ മത്സരം തീര്‍ച്ചയായുമുണ്ട്.
*
പി.സായ്‌നാഥ് ഹിന്ദുവില്‍ എഴുതിയ Of bailouts, public sell-outs and media cop outs എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
Subscribe to:
Post Comments (Atom)
5 comments:
ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യമായ അഫ്‌ഗാനിസ്ഥാനെതിരെ ഏഴുവര്‍ഷത്തോളമായി തങ്ങള്‍ ആരംഭിച്ച യുദ്ധത്തിനൊരു അറുതി വരുത്താന്‍ കഴിയാത്ത ഒരു സര്‍ക്കാരും ഒരു കൂട്ടം ആളുകളും ; ഇറാക്കില്‍ യുദ്ധം - അതിലാകട്ടെ തങ്ങളുടെ ഏറ്റവും വെറുക്കപ്പെട്ട ശത്രുവായ ഇറാനാണ് വിജയിയായി മാറിയത്- ആരംഭിച്ച ഒരു നേതൃത്വം ; സി.ബി.എസ് ന്യൂസ് പറയുന്നതനുസരിച്ച്, എട്ടുവര്‍ഷം പ്രസിഡന്റായി തുടരുന്നതിനിടയില്‍ രാജ്യത്തിന്റെ ദേശീയ ഋണബാദ്ധ്യത 71.9% അല്ലെങ്കില്‍ 4.1 ട്രില്യണ്‍ ഡോളര്‍ കണ്ട് വര്‍ദ്ധിപ്പിച്ച ജോര്‍ജ് ബുഷിന്റെ നേതൃത്വം; ഇതൊക്കെ തന്നെയാണ് ഇന്നത്തെ യഥാര്‍ത്ഥ പ്രശ്നം . വൈറ്റ് ഹൌസിലും കോണ്‍ഗ്രസ്സിലുമുള്ള ഇതേ നേതാക്കളുടെ സംഘമാണ്, തങ്ങളിതുവരെക്കണ്ടതില്‍ വെച്ചേറ്റവും സങ്കീര്‍ണ്ണമായൊരു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഏഴു ദിവസം കൊണ്ടൊരു തന്ത്രം രൂപീകരിക്കുന്നത് ! ഇതിനെയാണ് “ശുഭാപ്തി വിശ്വാസം” എന്ന് വിളിക്കുന്നത്.
ബെയില്‍ ഔട്ടിനു പിന്നിലെ ജനവഞ്ചന തുറന്നു കാട്ടുകയാണ് സായ്‌നാഥ്.
ഇത് വര്‍ക്കേഴ്സ് ഫോറത്തിന്റെ 400 ആം പോസ്റ്റ് ആണ്. ഇതുവരെ നല്‍കിയ എല്ലാ പ്രോത്സാഹനങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.
പ്രിയ വര്‍ക്കേഴ്സ് ഫോറം,
ലേഖനം പരിചയപ്പെടുത്തിയതിനു നന്ദി.
"വന്‍തോതില്‍ ഫോര്‍ക്ലോഷര്‍ നടന്നിട്ടുള്ള പ്രദേശങ്ങളിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും വീടുകള്‍ നഷ്ടപ്പെട്ടവരെ ഒഴിവാക്കാന്‍ ഏതെങ്കിലും റിപ്പബ്ലിക്കന്മാര്‍ ശ്രമിച്ചുകൂടായ്‌കയില്ല" എന്ന ഖണ്ഡികയില്‍നിന്ന്
തൊട്ടടുത്ത ഖണ്ഡികയിലേക്ക് -ഇന്ത്യന്‍ അവസ്ഥയിലേക്ക് - സായ്‌നാഥ് വരുന്നത് കാണുക. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന പതനത്തെ ബാങ്കുകളുടെ വെറും ‘കൊളാറ്ററലും’ ‘ഗ്രീഡും’ എന്നൊക്കെ വിശേഷിപ്പിച്ച്, പബ്ലിക്ക് സിസ്റ്റം എന്ന പ്ലംബിംഗ് സിസ്റ്റത്തെക്കുറിച്ച് വാചാലരാവുന്ന അനോണികള്‍ക്ക് ഇല്ലാത്തത് ഈ ചരിത്രയുക്തിയാണ്. ബെയില്‍ ഔട്ടിനെപ്പോലും ‘പുറംകരാറി’നുകൊടുക്കുന്ന മുതലാളിത്തത്തെയും അവര്‍ കാണുന്നില്ല.
അഭിവാദ്യങ്ങളോടെ
ഒന്നേകാല്‍ വര്‍ഷത്തില്‍ 400 വിലപ്പെട്ട, ഈടുറ്റ, പഠനാര്‍ഹമായ വിഷയങ്ങള്‍ പരിചയപ്പെടുത്തുകയും അവയില്‍ ഒട്ടുമിക്കവയിലും നിലവാരം പുലര്‍ത്തിയ ചര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്ത വര്‍ക്കേഴ്സ് ഫോറത്തിനും അതിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
വര്‍ക്കേഴ്സ് ഫോറം കൂടുതലാളുകള്‍ കാണാനിടവരട്ടെ എന്നാഗ്രഹിക്കുന്നു.
ഫോറത്തിന്റെ ലേഖനങ്ങള്‍ മിക്കതും വളരെ നിലവാരം പുലറ്ത്തുന്നവയാണ്.ഇനിയും വളരെക്കാലം ഈ ബ്ളൊഗ് നില നില്കട്ടെ എന്നു ആശംസിക്കുന്നു.
നല്ല ലേഖനം.
നല്ല പരിഭാഷ.
അഭിവാദ്യങ്ങളോടെ
Post a Comment