
ഈ പൊളിവചനങ്ങളില്‍ മുഖ്യമായിട്ടുള്ളത് മുപ്പത്താറുവര്‍ഷം മുമ്പ് പൊക്രാന്‍ മരുപ്രദേശത്ത് നടത്തിയ ആണവപരീക്ഷണത്തെത്തുടര്‍ന്ന് അമേരിക്കയും കൂട്ടരും ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഫലമായി ഉളവായ ആണവരംഗത്തെ ഒറ്റപ്പെടല്‍ അവസാനിക്കുമെന്നതായിരുന്നു. അതായത് അമേരിക്കന്‍ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങളില്‍നിന്ന് നമ്മുടെ ആണവപരീക്ഷണങ്ങള്‍ക്കും ആണവോര്‍ജ നിര്‍മാണത്തിനും ആവശ്യമായ ഇന്ധനവും സാങ്കേതികവിദ്യയും ലഭിക്കാതെവരുന്ന ദുരവസ്ഥയില്‍നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടുമെന്നും ഇന്ധനം ആവശ്യംപോലെ 45 അംഗങ്ങള്‍ അടങ്ങിയ ഇന്ധനവിതരണ രാഷ്ടസംഘടനക്കാരില്‍നിന്ന് (എന്‍.എസ്.ജി) വാങ്ങിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ആയിരുന്നു. ഇപ്രകാരമുള്ള ധാരണ മന്‍മോഹന്‍സിങ്ങിന് ബുഷ് നല്‍കിയിരുന്നുവെന്നൊന്നും വ്യക്തമല്ല. അതൊക്കെ മറച്ചുവച്ചിരിക്കുകയാണല്ലോ.
എന്നാല്‍, ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്ത രാഷ്ട്രങ്ങള്‍ക്ക് ഇന്ധനം നല്‍കിക്കൂടാ എന്ന അമേരിക്കയുടെയും മറ്റ് ആണവകുത്തകരാഷ്ട്രങ്ങളുടെയും നിലപാടിന് വിപരീതമായി ബുഷ്-മന്‍മോഹന്‍ ധാരണയില്‍ എന്തെങ്കിലും ഉണ്ടോ എന്ന സംശയം ദൂരീകരിക്കാന്‍ ഇന്ത്യ-യുഎസ് ആണവകരാറിനെ സ്പര്‍ശിച്ചുകൊണ്ടുതന്നെ 2006 ഡിസംബറില്‍ അമേരിക്ക ഒരു നിയമം പാസാക്കി. അതാണ് ഹൈഡ് ആക്ട് എന്ന പേരില്‍ അറിഞ്ഞുവരുന്ന നിയമം. അമേരിക്കയിലെ ഭരണനിര്‍വാഹക അധികാരമുള്ള പ്രസിഡന്റും സര്‍വസൈന്യാധിപനുമാണ് ബുഷ് എങ്കിലും ഈ നിയമം നിലനില്‍ക്കുവോളം അതിന് വിപരീതമായ ഒരു ധാരണയും നടപടിയും നിലനില്‍ക്കുകയില്ല എന്നത് ആര്‍ക്കും മനസ്സിലാവുന്ന ഹരിശ്രീയാണ്. പക്ഷേ, ഇന്ത്യ-യുഎസ് ആണവ കരാര്‍ 1954ല്‍ അമേരിക്ക അംഗീകരിച്ച ആണവോര്‍ജ നിയമത്തിന്റെ 123-ാ0 വകുപ്പ് പ്രകാരമാണെന്നും അതിനെ മറികടക്കാന്‍ ഹൈഡ് ആക്ടിന് കഴിയില്ലെന്നുമുള്ള പച്ചക്കള്ളം മന്‍മോഹന്‍സിങ്ങും പ്രണബ് മുഖര്‍ജിയും അവരുടെ വക്താക്കളും തട്ടിവിട്ടു. ഇന്ത്യയുടെ പരമാധികാരത്തെയും ആത്മാഭിമാനത്തെയും ഊര്‍ജസുരക്ഷിതത്വ നടപടികളെയും വിഘാതപ്പെടുത്തുന്ന ഈ കരാറുമായി മുന്നോട്ടുപോയാല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപക്ഷകക്ഷികള്‍ അറിയിച്ചു. എന്നാല്‍, പിന്തുണ പിന്‍വലിച്ചോളൂ എന്ന ധാര്‍ഷ്ട്യഭാവത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിശ്വാസവോട്ട് വിജയിപ്പിക്കാന്‍ അവര്‍ കൈക്കൊണ്ട അധാര്‍മികവും നീചവുമായ നടപടികളെപ്പറ്റി കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
അപ്പോഴും വിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് തുടര്‍ച്ചയായ ഇന്ധനലഭ്യതയെയും ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനം പുനഃസംസ്കരണം നടത്താനുള്ള അവകാശത്തെയുംകുറിച്ചുള്ള ആശങ്ക അസ്ഥാനത്താണെന്ന് മന്‍മോഹന്‍സിങ് പാര്‍ലമെന്റിന് ഉറപ്പുകൊടുത്തതാണ്. പക്ഷേ, അതിനിടയ്ക്ക് ഈ ഉറപ്പിലെ പൊള്ളത്തരം വ്യക്തമാക്കുന്ന ഒരു സംഭവം നടന്നുകഴിഞ്ഞിരുന്നു. അമേരിക്കന്‍ ജനപ്രതിനിധിസഭ ആവശ്യപ്പെട്ടതനുസരിച്ച് പ്രസിഡന്റ് ബുഷ് കൈയൊപ്പോടുകൂടി എഴുതിക്കൊടുത്ത വിശദീകരണത്തില്‍ വളരെ വ്യക്തമായിത്തന്നെ ഹൈഡ് ആക്ടിന് വിധേയമായിട്ടായിരിക്കും കരാര്‍ എന്ന് പ്രസ്താവിച്ചത് പ്രസിദ്ധീകൃതമായി. ഈ വഞ്ചനയോട് പ്രണബ് മുഖര്‍ജി പ്രതികരിച്ചത് അമേരിക്കന്‍ ഭരണവ്യവസ്ഥയിലെ രണ്ട് ഉപവകുപ്പ് തമ്മിലുള്ള കത്തിടപാട് ഇന്ത്യക്കോ ആണവ കരാറിനോ ബാധകമല്ല എന്നായിരുന്നു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ഡേവിഡ് മുള്‍ഫോര്‍ഡും സ്റ്റേറ്റ്സെക്രട്ടറി കോണ്ടലീസ റൈസും ഹൈഡ് ആക്ട് ഈ കരാറിന് ബാധകമാണെന്ന് ഡല്‍ഹിയില്‍വച്ച് ഒക്ടോബര്‍ നാലിന് പ്രസ്താവിക്കുകയുണ്ടായി. എന്നിട്ടും മന്‍മോഹന്‍സിങ്ങും സോണിയഗാന്ധിയും വീണ്ടുവിചാരത്തിന് തയ്യാറായില്ല എന്നത് അവരുടെ രാജ്യസ്നേഹത്തിന് ഏറ്റ കരിനിഴലാണ്. എങ്കിലും അവസാനമായി പ്രസിഡന്റ് ബുഷ് കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ വാമൊഴിയായോ വരമൊഴിയായോ ഈ ഇന്ത്യ വിരുദ്ധ നിലപാട് പേരിനെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു മന്‍മോഹന്‍ പ്രഭൃതികള്‍ക്ക്.
മേല്‍വിവരിച്ചപോലെ അങ്ങനെ നടത്തുന്ന തിരുത്തലിനും ഉറപ്പുകള്‍ക്കും നിയമസാധുത ഇല്ലെന്ന കാര്യം വ്യക്തമാണെങ്കിലും ഈ വ്യവസ്ഥപ്രകാരം മേല്‍നടപടി കൈക്കൊള്ളുമ്പോഴേക്കും ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും എന്നതിനാല്‍ തെരഞ്ഞെടുപ്പുകാലത്തെ പ്രചാരണത്തിന് ഉപകരിക്കുമെന്നായിരിക്കും മോഹം. പക്ഷേ, ആ മോഹവും നിറവേറ്റാന്‍ ബുഷ് തയ്യാറായില്ല. വീണ്ടും ഇന്ത്യയുടെ പ്രഖ്യാപിതമായ ആശങ്ക സ്ഥിരീകരിക്കുംവിധമാണ് ബുഷ് കരാറില്‍ ഒപ്പിടുന്നതിനുമുമ്പ് സംസാരിച്ചത്. പുനഃസംസ്കരണത്തിനുള്ള അവകാശം മുതലായവ പോകട്ടെ, ഇന്ധനം ലഭിക്കുമെന്ന ഉറപ്പുപോലും ബുഷിന്റെ പ്രസ്താവനയില്‍ ഇല്ലായിരുന്നു. ഇന്ധനം നല്‍കുക എന്നത് നിയമപരമായ ഒരു ബാധ്യതയല്ലെന്നും അതൊരു രാഷ്ട്രീയ തീരുമാനമാണെന്നുംകൂടി വ്യക്തമാക്കിയതോടെ ഇന്ത്യയുടെ ആണവോര്‍ജ മോഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പരമാധികാരത്തിന്റെയും ശവപ്പെട്ടിമേല്‍ ബുഷ് അവസാനത്തെ ആണിയും തറച്ചിരിക്കുന്നു.
വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇക്കാര്യത്തെക്കുറിച്ച് വാചകമടിയും വിവാദങ്ങളും നടന്നേക്കാമെന്നല്ലാതെ നടപടികള്‍ മുന്നോട്ടുപോകാന്‍ ഇടയില്ല. അടുത്ത തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സര്‍ക്കാര്‍ യുപിഎയുടേതല്ലെങ്കില്‍ ഈ കറുത്ത ശനിയാഴ്ചയിലെ അപമാനഭാരം ഇന്ത്യക്ക് തിരുത്താന്‍ കഴിഞ്ഞേക്കും.
*
പി ഗോവിന്ദപ്പിള്ള, കടപ്പാട്: ദേശാഭിമാനി
4 comments:
മഹാത്മാഗാന്ധി ഒരു ഹൈന്ദവ വര്‍ഗീയഭ്രാന്തന്റെ വെടിയേറ്റ് രക്തസാക്ഷിയായ 1948 ജനുവരി 30ഉം ഇന്ദിരാഗാന്ധി ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യമൂല്യങ്ങളെയും തൃണവല്‍ഗണിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 ഉം പോലെ സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്തദിനംകൂടി പിന്നിട്ടിരിക്കുന്നു - 2008 ഒക്ടോബര്‍ 10. അന്നാണ് ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്രവിദേശനയത്തെയും അമേരിക്കന്‍ സാമ്രാജ്യവാദികളുടെ കാല്‍ക്കല്‍ അടിയറവച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുവേണ്ടി വിദേശമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അടിമത്തച്ചങ്ങലയുടെ രേഖാരൂപമായ ഇന്തോ-യുഎസ് ആണവകരാറില്‍ ഒപ്പുവച്ചത്.
പി ഗോവിന്ദപ്പിള്ള എഴുതിയ ലേഖനം.
2008 ഒക്ടോബര്‍ 10 വെള്ളിയാഴ്ച്ചയല്ലേ?
രിയാസ്
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി
ഒന്നുകില്‍ 10, അല്ലെങ്കില്‍ ശനി
ഏതു വേണമെന്ന് കണ്‍ഫ്യൂഷനിലാണ്
:)
ബ്രിട്ടീഷുകാരുമായി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി അവരില്‍ നിന്ന് അത് നേടിത്തന്നു എന്നഭിമാനിക്കുന്ന ഇന്ത്യന്‍ ഭരണ വര്‍ഗം എത്തിപ്പെട്ട പതനം !
സ്വാതന്ത്ര്യ സമരകാലത്ത് രൂപപ്പെട്ടതും സ്വാന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണം നടപ്പാക്കി ഫലം തെളിയിക്കപ്പെട്ടതുമായ ചേരിചേരായ്മയിലൂന്നിയ വിദേശ നയം രാജ്യ താല്‍പര്യത്തലുപരി തങ്ങളുടെ സങ്കുചിത വര്‍ഗ താല്പര്യ പൂര്‍ത്തീകരണത്തിനായി അമേരിക്കയ്ക്ക് അടിയറവെയ്ക്കാന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനമെന്നഭിമാനിക്കുന്നവരുടെ പിന്മുറക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നത് മറ്റെന്തിലുമുപരി വര്‍ഗ താല്പര്യത്തിന്‍റെ ശക്തി വെളിപ്പെടുത്തുന്നു. ഇതര വര്‍ഗങ്ങള്‍ക്കത് പാഠമാകേണ്ടതാണ്.
പക്ഷെ ആഗോള മുതലാളിത്തം എത്തിപ്പെട്ട കുഴപ്പത്തിന്‍റെ ആഴം അളക്കാന്‍ ഇന്ത്യന്‍ ഭരണ വര്‍ഗത്തിനായില്ലെന്നതിന്‍റെ തെളിവ് കൂടിയാണ് സ്വന്തം അടിയന്തിര താല്പര്യം പോലും ബലികഴിച്ചുള്ള (ഇന്ത്യക്കെങ്കിലും ഒഴിവാക്കാമായിരുന്ന കുഴപ്പത്തിലേയ്ക്ക് സ്വയം എടുത്തു ചാടിയുള്ള) വര്‍ഗ താല്‍പര്യ സംരക്ഷണം.
ആഗോള മുതലാളിത്തക്കുഴപ്പം കൂടുതല്‍ രൂക്ഷമാകാനും അതിന്‍റെ പതനം എളുപ്പമാകാനും ഇതിടയാക്കുമെന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, ഇന്ത്യക്കാര്‍ക്ക്, ഭരണവര്‍ഗത്തെ പിന്തുണക്കുന്നവര്‍ക്ക്, തല്‍ക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കി നിര്‍ത്തപ്പെടാമായിരുന്ന ദുരിതമാണ് ഈ നടപടിയിലൂടെ, ഇന്ത്യന്‍ സമ്പദ്ഘടനയെ അമേരിക്കന്‍ സമ്പദ്ഘടനയുമായി കൂട്ടിക്കെട്ടുന്നതിലൂടെ, ഇന്ത്യന്‍ ഭരണാധികാരികള്‍ അവര്‍ക്കുമേല്‍ വലിച്ചു വെയ്ക്കുന്നത്. ഇടതുപക്ഷത്തോടുള്ള അന്ധമായ വിരോധം ഭരണ വര്‍ഗത്തെ അതിലേയ്ക്ക് നയിച്ചത് മനസിലാക്കാം. പക്ഷെ, അമേരിക്കന്‍ പിന്തുണക്കാരുടെ ഗതികേടില്‍ അവരോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍.
Post a Comment