"ദയവായി കരടികളെ ഊട്ടുക'' .... കാളകള്‍ ലോകമാസകലം വിപണികള്‍ കീഴടക്കവെ, ദി ഇക്കണോമിസ്‌റ്റ് വാരികയുടെ ആഹ്വാനമാണിത്. ( ഒക്ടോബര്‍ 3-9, 2009). ലോകം ഇനി കരടികളെയാണത്രെ തീറ്റിപ്പോറ്റേണ്ടത്. കരടികള്‍ സ്വതവെ ദോഷൈകദൃക്കുകളാണ്. സാമ്പത്തിക ലോകത്തിന് ഇന്നാവശ്യം അവരെയാണ്. കടന്നുപോയ ഒരു ദശകക്കാലം കരടികള്‍ പറഞ്ഞതത്രയും സംഭവിച്ചു. ഡോട്കോം സ്ഥാപനങ്ങളുടെ, അമേരിക്കന്‍ വീടുകളുടെ ഊഹവിലയെക്കുറിച്ച് സംശയിച്ചതവരായിരുന്നു. എന്‍റോണിനോട് അസുഖകരമായ ചോദ്യം ചോദിച്ചത് കരടികള്‍ തന്നെ. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രോഫ. കെന്നത്ത് റോഗോഫ്, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രോഫ. നൌറിയല്‍ റുബീനി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.
ഇപ്പോള്‍ വിപണികള്‍ വീണ്ടും സജീവമായി. കാളകള്‍ ഉറഞ്ഞുതുള്ളുകയാണ്. നമ്മുടെ പത്രമാദ്ധ്യമങ്ങള്‍ക്കും കാളക്കൂറ്റന്‍മാരുടെ വീരഗാഥകള്‍ പാടാനാണിഷ്ടം. പക്ഷെ, പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ കാളകളുടെ ആരാധകര്‍ക്ക് ശുഷ്‌ക്കാന്തി കുറവാണ്. കാരണമുണ്ട്. തിരിച്ചുവരവിന്റെ അടിത്തറയെ ചിലരെങ്കിലും സംശയിക്കുന്നു. കോട്ട പണിയുന്നത് പൂഴിയിലാണ്.
കൊടുങ്കാറ്റിനുശേഷമുള്ള ശാന്തതയെക്കുറിച്ചാണ് മറ്റൊരു ചര്‍ച്ച. പക്ഷെ, ഈ ശാന്തതയില്‍ എന്തോ ഒരു പുതുമ കാണുന്നു. ഭരണാധികാരികള്‍ ജാഗ്രത പാലിക്കണം. പിഴവുകള്‍ ഒഴിവാക്കണം. പ്രൊഫ. റുബീനി നിര്‍ദ്ദേശിക്കുന്നു. തൊഴിലില്ലായ്‌മ രൂക്ഷമാണ്. ഉല്പാദനമേഖലയില്‍ സ്ഥാപിതശേഷി പാഴാവുന്നു. വീട്ടുടമകള്‍ ചിലവു ചുരുക്കുന്നു. ബാങ്കുകളും ബാങ്കിതരസ്ഥാപനങ്ങളും ദുര്‍ബലമാണ്. പൊതുകടം പെരുകുന്നു. സമ്പദ്ഘടനകള്‍ കൃത്രിമ ശ്വാസോച്ച്വാസത്തിലാണ്. ഒരു പക്ഷെ, വളര്‍ച്ച കൃത്രിമമാണ്. ജീവന്റെ സ്രോതസ്സ് സര്‍ക്കാര്‍ ദാനമാണ്. മൃഗചേതനയല്ല. ഉത്തേജകപദ്ധതികള്‍ അനന്തമായി തുടരാനാവില്ല. വളര്‍ച്ച ഭദ്രമല്ല. താല്‍ക്കാലികമാണ്. അസ്ഥിരമാണ്. ഇതാണ് സന്ദേശം.
പൂര്‍ത്തീകരിക്കാത്ത ദൌത്യം
ദൌത്യം പൂര്‍ത്തിയായിട്ടില്ല. പോള്‍ ക്രൂഗ്മാന്റെ നിരീക്ഷണമാണിത്. ഓഹരിവില മേല്‍പ്പോട്ടുതന്നെ. ബെര്‍ണാങ്കെയുടെ ഉന്‍മാദത്തിന് അതിരില്ല. വാൾസ്‌ട്രീറ്റ് ജേർണലിന്റെ സാമ്പത്തിക കാര്യ എഡിറ്റര്‍ ഡേവിഡ് വെസ്സല്‍ ഒരു പുസ്തകം പോലുമെഴുതി. പേര് 'ഞങ്ങള്‍ ഫെഡില്‍ വിശ്വാസമര്‍പ്പിക്കുന്നു.( IN FED WE TRUST ) പുസ്‌തകം ബെല്‍ ബെര്‍ണാങ്കെയെ വീരനായകനാക്കിയിരിക്കുന്നു. ഒപ്പം ജോര്‍ജ്ജ് ബുഷും, അല്ലന്‍ ഗ്രീൻസ്‌പാനും, ഹെന്‍ട്രി പോള്‍സണും വിമര്‍ശിക്കപ്പെടുന്നു. പലിശ പൂജ്യം ശതമാനത്തിലെത്തിച്ചതിന്. വായ്‌പകളും കുമിളകളും നാശം വിതച്ച ധനോല്‍പന്നങ്ങളും സംഭാവന ചെയ്തതിനും.
ബെര്‍ണാങ്കെയ്ക്ക് കാലാവധി നീട്ടിക്കിട്ടി. ആകാശം മുട്ടെ വളര്‍ന്ന അദ്ദേഹം തറപ്പിച്ചു പറയുന്നു : പ്രതിസന്ധി തീര്‍ന്നു. പോള്‍ ക്രൂഗ്‌മാന്‍ വിട്ടുകൊടുക്കുന്നില്ല. പ്രതിസന്ധി തീര്‍ന്നില്ല. ഇപ്പോള്‍ കാണുന്നത് ആത്മസംതൃപ്തിയാണ്. സ്വയം സംതൃപ്തിയാണ്. ഇത് ആപല്‍ക്കരമാണ്. വിഡ്ഢിത്തവും.
എന്തുകൊണ്ട് ?
ഊഹക്കച്ചവടത്തിന്റെ ചക്രവര്‍ത്തിയാണ് ജോര്‍ജ്ജ് സോറസ്. അദ്ദേഹം ഒരു ഗ്രന്ഥകര്‍ത്താവാണ്. ഗ്രന്ഥനാമം, 'മുതലാളിത്തത്തിന്റെ പ്രതിസന്ധി' (The Crisis of Capitalism). സോറസ് പറയുന്നു : ധനവിപണകള്‍ ജന്മനാ അസ്ഥിരമാണ്. കമ്പോളം സ്വയം തിരുത്തുമെന്ന വിശ്വാസം പ്രബലമാണ്. പക്ഷെ സ്വതന്ത്ര കമ്പോള ശക്തികള്‍ക്ക് അമിതസ്വാതന്ത്ര്യം അനുവദിച്ചാല്‍ സാമൂഹ്യാഭിലാഷങ്ങള്‍ നിറവേറ്റപ്പെടുകയില്ല. അമേരിക്കയില്‍ ധനകമ്മി 1,20,000 കോടി ഡോളറാണ്. ജി.ഡി.പി.യുടെ 14%. സമ്പന്നരാഷ്ട്രങ്ങളുടെ ധനകമ്മി ഇന്‍ഡ്യയെ കവച്ചുവെക്കുന്നതാണ്.
ഒബാമയുടെ താക്കീത്
ബാറക് ഒബാമ വാൾസ് ട്രീറ്റിന് താക്കീത് നല്‍കുന്നു. " എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; ഒരുമ്പെട്ട പെരുമാറ്റങ്ങളിലേയ്ക്കും അതിസാഹസികതയിലേക്കും നാമിനി തിരിച്ചുപോകുകയില്ല. അമിതലാഭത്തിനും ചീര്‍ത്ത ബോണസിനും വേണ്ടിയുള്ള ഒടുങ്ങാത്ത ആര്‍ത്തിയാണ് പ്രതിസന്ധിയുടെ ആത്മാവ് '' .
ഇന്ത്യയില്‍ ദലാള്‍ സ്‌ട്രീറ്റിന്റെ വീക്ഷണത്തില്‍ സെന്‍സെക്സ് 3500 പോയിന്റ് കൂടി കുതിച്ചുയര്‍ന്നാല്‍ പ്രതിസന്ധി പമ്പകടക്കും. കൃഷ്ണാനദി കരകവിഞ്ഞാലും കര്‍ണ്ണൂല്‍ പട്ടണം ഒഴുകിപ്പോയാലും ആയിരക്കണക്കിന് ഹെൿടര്‍ ഭൂമിയില്‍ കൃഷിനശിച്ചാലും ദല്ലാളന്‍മാര്‍ക്ക് ഉത്സവഭേരിയാണ്. ദീപാവലിക്കു മുമ്പ് ഓഹരിസൂചിക 21000 കടത്താനായിരുന്നു ചരടു വലിച്ചത്. എന്തുകൊണ്ടോ നടന്നില്ല.
പാവങ്ങള്‍, ഓഹരിയുടമകള്‍ നിസ്സഹായരാണ്. അവരുടെ ജീവിതമാണ് വിപണിയില്‍ ലേലം ചെയ്യപ്പെടുന്നത്. സത്യം കമ്പ്യൂട്ടര്‍ ഉടമ 5000 കോടി രൂപ തുലച്ചു. അനില്‍ അംബാനിയുടെ വക 2195 കോടി രൂപ. അമേരിക്കയിലായിരുന്നെങ്കില്‍ സുപ്രീം കോടതി ഇടപെടും. വേൾഡ്‌കോം ഓഹരിയുടമകള്‍ക്ക് 600 കോടി ഡോളര്‍ തിരികെ ലഭിച്ചു. എന്‍റോണ്‍ ഇടപാടില്‍ സിറ്റിബാങ്കിനെപോലുള്ള സ്ഥാപനങ്ങള്‍ 200 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. ഇന്ത്യയില്‍ കോടതി ഓഹരിയുടമകളുടെ രക്ഷയ്ക്കെത്തുകയില്ല. കമ്പനി ലോ ബോര്‍ഡ് കൈയ്യൊഴിയും. ഉപഭോക്തൃ തര്‍ക്കപരിഹാര വേദിയും ഓഹരിയുടമകളെ സ്വീകരിക്കില്ല. മിഡാസ് ടച്ച് എന്ന ഉപഭോക്തൃ സംഘടന അതു പരീക്ഷിച്ചു; പരാജയപ്പെട്ടു. ഒരു പൊതുതാല്പര്യഹര്‍ജിപോലും നിലനില്‍ക്കുകയില്ല. കാരണം, ഓഹരിയുടമകളുടേത് സ്വകാര്യതാല്പര്യം മാത്രമാണ്. അവിടെ പൊതുതാല്പര്യമില്ല. ഓഡിറ്റിംഗ് കമ്പനികളാവട്ടെ, അസ്‌പൃശ്യരാണ്. സുസംഘടിതരും. കാളകളും കരടികളും ലഘുനിക്ഷേപകരെ വേട്ടയാടിക്കൊണ്ടിരിക്കും.
എതിര്‍ സത്യവാങ്മൂലം
ഇന്ത്യയില്‍ കരടികളുടെ വക്കാലത്ത് എടുക്കാന്‍ ആളില്ല. ദോഷൈകദൃക്കുകളാവാന്‍ ആര്‍ക്കും താല്പര്യമില്ല. എല്ലാം കമ്പോളത്തെയേല്പിക്കുക. കാളകളെ വിശ്വസിക്കുക. കണ്ണടച്ചു ധ്യാനിക്കുക. കമ്പോളം ചതിക്കുകയില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.
ലേമാന്‍ ബ്രദേഴ്‌സിന്റെ ഒന്നാം ചരമവാര്‍ഷികവേളയില്‍ ധാരാളം സംവാദങ്ങള്‍ നടന്നു. അല്ലന്‍ ഗ്രീൻസ്‌പാനും സംഘവും പ്രതിപട്ടികയിലായി. ലേമാന്‍ തകര്‍ച്ചയുടെ തലേന്നു വരെ കാളകളുടെ വിളയാട്ടമായിരുന്നു. മൂക്കുകയറിടാന്‍ ആരും ഉണ്ടായില്ല. വിമര്‍ശനം മൂത്തപ്പോള്‍ മാക്രോ ഇക്കണോമിസ്‌റ്റുകളുടെ മൂപ്പന്‍ റോബര്‍ട്ട് ലൂക്കാസ് നെഞ്ചുവിരിച്ച് മുന്നോട്ടുവന്നു. അദ്ദേഹഠ പറഞ്ഞു:
"അപകടം മണത്തറിഞ്ഞ് കാളക്കൂറ്റന്‍മാരെ പിടിച്ചു കെട്ടിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. വളവു തിരിയുമ്പോള്‍ മറ്റൊരു വാഹനം ചീറിപ്പാഞ്ഞു വന്നിടിക്കുമെന്ന് പേടിച്ച്, സ്വന്തം വണ്ടി പൊടുന്നനെ വഴിതിരിച്ചു വിടുന്നതിന് തുല്യമാണത്. ഏറ്റവും ഉചിതവും പ്രായോഗികവുമായ നടപടി കണ്ണുകള്‍ തുറന്നു പിടിച്ച്, നന്മ മാത്രം പ്രതീക്ഷിച്ച്, കാത്തിരിക്കുക മാത്രമായിരുന്നു''(ദ ഇക്കണോമിസ്‌റ്റ് ആഗസ്റ് 8, 2009).
അതെ; അതാണുണ്ടായത്. കാളകള്‍ അഴിഞ്ഞാടി. കരടികളെ ആരും ഊട്ടിയില്ല. രണ്ടുവര്‍ഷം കഴിഞ്ഞില്ല, കാളകള്‍ വീണ്ടും വേദി കൈയ്യടക്കുന്നു.
ഒരു ന്യൂനപക്ഷത്തിന്റെ ഏകാധിപത്യം
വിപണിയെ ഇത്ര ഭയപ്പെടുന്നതെന്തിന്? ഒരു ചോദ്യമുയരാം. ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്.
പക്ഷെ ഒരു മറുചോദ്യത്തിനും സാവകാശമുണ്ട്. ഓഹരിവിപണിയെ ഇത്രമാത്രം താലോലിക്കുന്നതെന്തിന് ? വെറും 0.58% ജനത മാത്രം വ്യാപരിക്കുന്ന ഒരു മേഖലയെക്കുറിച്ച് വന്‍കിടപത്രങ്ങളും ദൃശ്യമാധ്യമങ്ങളും, കോര്‍പ്പറേറ്റകുളം ഗവണ്‍മെന്റും ഇത്ര വ്യാകുലപ്പെടുന്നതെന്തിന് ? എല്ലാ തീരുമാനങ്ങളും നടപടികളും കാളക്കൂറ്റന്‍മാരെ ഉത്തേജിപ്പിക്കുന്നതെന്തിന് ?
മദ്രാസ്, ഇന്ദിരാഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസേര്‍ച്ചിലെ പ്രൊഫ. ആര്‍ നാഗരാജിനെ ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കാം:
"ഫൈനാന്‍സ് സൈദ്ധാന്തികര്‍ സ്വകാര്യ ഉടമസ്ഥതയുടെ മഹത്വം വിവരിക്കുന്നു. സ്വകാര്യ ഉടമസ്ഥത വിപണി നിയന്ത്രിതമാണ്. വിപണിയുടെ അച്ചടക്കത്തിന് വിധേയമാണ്. കാര്യക്ഷമമാണ്. എന്നാല്‍, തെളിവുകള്‍ സമര്‍ത്ഥിക്കുന്നത് മറ്റൊന്നാണ്. വികസിത നാടുകളില്‍ വിപണിയധിഷ്ഠിത അച്ചടക്കം ഒരു കമ്പനിയുടെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടില്ല''
ആദ്യചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഇനി പ്രയാസമില്ല. കമ്പോളത്തിന്റെ അച്ചടക്കം കലര്‍പ്പില്ലാത്ത ഒന്നല്ല. കമ്പോളത്തെ നിയന്ത്രിക്കുന്നത് ലാഭക്കൊതിയാണ്. അതു മൂരിക്കുട്ടന്‍മാരുടെ അഴിഞ്ഞാട്ടമാണ്.
ഓഹരിയുടമകളുടെ ജനാധിപത്യത്തെ സ്വതന്ത്രകമ്പോള പണ്ഡിതന്‍മാര്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ ഓഹരിയുടമകളുടെ ജനാധിപത്യം കേവലം മിഥ്യയാണ്. വാര്‍ഷികയോഗങ്ങളില്‍ ഓഹരിയുടമകള്‍ മാപ്പു സാക്ഷികളാണ്. ഡയറക്ടര്‍ ബോര്‍ഡ് അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് കൈയ്യടിക്കാനേ കഴിയൂ. ഡയറക്ടര്‍ ബോര്‍ഡിനെ സി.ഇ.ഒ ഭരിക്കുന്നു. സത്യം കമ്പ്യൂട്ടര്‍ രാമലിംഗരാജു ചെയ്തതുപോലെ. അവസാനം ചെന്നെത്തുക, ഒരു ന്യൂനപക്ഷത്തിന്റെ, സി.ഇ.ഒ.യുടെ ഏകാധിപത്യവാഴ്ചയിലാണ്.
ഇതു ജനാധിപത്യവിരുദ്ധമാണ്. ജനഹിതത്തിനെതിരാണ്. കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് പാര്‍ലമെന്റിനെ അപമാനിക്കുന്നു. അവഗണിക്കുന്നു. കമ്പോളവും കമ്പോളസിദ്ധാന്തങ്ങളുമെല്ലാം ആകയാല്‍,നമ്മുടെ എതിര്‍ ചേരിയിലെ ഒന്നാം പട്ടികയില്‍ തന്നെയാണ്; സംശയമില്ല.
****
കെ.വി.ജോര്‍ജ്ജ്, കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം
( ബി ഇ എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Subscribe to:
Post Comments (Atom)
3 comments:
"ദയവായി കരടികളെ ഊട്ടുക'' .... കാളകള്‍ ലോകമാസകലം വിപണികള്‍ കീഴടക്കവെ, ദി ഇക്കണോമിസ്‌റ്റ് വാരികയുടെ ആഹ്വാനമാണിത്. ( ഒക്ടോബര്‍ 3-9, 2009). ലോകം ഇനി കരടികളെയാണത്രെ തീറ്റിപ്പോറ്റേണ്ടത്. കരടികള്‍ സ്വതവെ ദോഷൈകദൃക്കുകളാണ്. സാമ്പത്തിക ലോകത്തിന് ഇന്നാവശ്യം അവരെയാണ്. കടന്നുപോയ ഒരു ദശകക്കാലം കരടികള്‍ പറഞ്ഞതത്രയും സംഭവിച്ചു. ഡോട്കോം സ്ഥാപനങ്ങളുടെ, അമേരിക്കന്‍ വീടുകളുടെ ഊഹവിലയെക്കുറിച്ച് സംശയിച്ചതവരായിരുന്നു. എന്‍റോണിനോട് അസുഖകരമായ ചോദ്യം ചോദിച്ചത് കരടികള്‍ തന്നെ. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രോഫ. കെന്നത്ത് റോഗോഫ്, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രോഫ. നൌറിയല്‍ റുബീനി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.
ഇപ്പോള്‍ വിപണികള്‍ വീണ്ടും സജീവമായി. കാളകള്‍ ഉറഞ്ഞുതുള്ളുകയാണ്. നമ്മുടെ പത്രമാദ്ധ്യമങ്ങള്‍ക്കും കാളക്കൂറ്റന്‍മാരുടെ വീരഗാഥകള്‍ പാടാനാണിഷ്ടം. പക്ഷെ, പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ കാളകളുടെ ആരാധകര്‍ക്ക് ശുഷ്‌ക്കാന്തി കുറവാണ്. കാരണമുണ്ട്. തിരിച്ചുവരവിന്റെ അടിത്തറയെ ചിലരെങ്കിലും സംശയിക്കുന്നു. കോട്ട പണിയുന്നത് പൂഴിയിലാണ്.
വിപണീ ഒരു ചൂതാട്ടം മാത്റമാണു, ഈ പണ്ഢിതന്‍മാരൊക്കെ ഷെയറ്‍ കയറുമ്പോള്‍ ഗീറ്‍ വാണം വിടും പൊളിയുമ്പോള്‍ മിണ്ടാതിരിക്കും ഗവണ്‍മെണ്റ്റിനു ഒരു കണ്ട്റോളും ഇല്ല കണ്‍ ട്റോള്‍ ചെയ്യണ്ടവര്‍ പണം വാങ്ങി മിണ്ടാതിരിക്കും ഇന്ത്യന്‍ വിപണി ഒരു ചൂതാട്ടം മാത്റം പിന്നെ റിട്ടയറ്‍ ചെയ്തവറ്‍ക്കു സമയം കൊല്ലാം കരുതലോടെ കളിച്ചാല്‍ ദിവസേന ഉള്ള പെഗ്ഗ് ഇതില്‍ നിന്നുണ്ടാക്കാം അത്യാഗ്രഹികളുടെ പണം ബുധിമാന്‍മാറ്‍ കൊണ്ടുപോകും, എല്ലം കള്ളപ്പണമാണു കൈക്കൂലി കിട്ടിയതും മറ്റും, സാധാരണക്കാരന്‍ അതിമോഹം കാരണം ഇതില്‍ ചാടിയാല്‍ കൂട്ട ആത്മഹത്യ ഫലം.
ഊഹക്കച്ചവടത്തിന്റെ കയറ്റിറക്കങ്ങളിൽ അനിശ്ചിതത്വങ്ങളെ നേരിടുവാൻ കഴിയുന്നവർക്കേ ഇതിൽ നിലനിൽക്കുവാൻ ആകൂ..ഇന്നത്തെ കാളകളുടെ മുന്നേറ്റം എന്നെയും ഭയപ്പെടുത്തുന്നു.ഏതെങ്കിലും വളവിൽ അപ്രതീക്ഷിതമായി ഒരു അപകടം പതിയിരിക്കുന്നു എന്നുവേണം എപ്പോഴുംകരുതുവാൻ.....
ധാരാളം വിവരങ്ങൾ ലളിതമായി അവതരിപ്പിച്ചതിൽ ലേഖകനെ അഭിനന്ദിക്കുന്നു. എങ്കിലും വിപണിയെ പൂർണ്ണമായും നിരസിക്കുന്നത് ധനകാര്യ രംഗത്ത് പ്രായോഗികമാണോ എന്നു കൂടെ ചിന്തിക്കുന്നത് നന്നായിരിക്കും..
Post a Comment