വിദര്‍ഭ എക്സ്പ്രസ് നാഗ്പുരിലെത്താന്‍ ഒന്നര മണിക്കൂറേയുള്ളൂ. രാവിലെ ഒമ്പതുമണിക്ക് തന്നെ ലക്ഷ്യസ്ഥാനത്തെത്തും. മുംബൈ ഛത്രപതി ശിവജി ടെര്‍മിനസില്‍ നിന്ന് പുറപ്പെട്ട് വിദര്‍ഭ മേഖലയുടെ മാറിലൂടെയാണ് വണ്ടി നീങ്ങുന്നത്. റെയില്‍പ്പാളത്തിന് ഇരുവശങ്ങളിലുമുള്ള ആര്യവേപ്പുമരങ്ങളെ തഴുകിയെത്തുന്ന കാറ്റിന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധമാണോ. ആറായിരത്തിലേറെ കര്‍ഷകരുടെ ചിത എരിഞ്ഞുതീര്‍ന്ന വിദര്‍ഭയിലെ വാടിയ പരുത്തിപ്പാടങ്ങള്‍ മഴകൊതിക്കുമ്പോള്‍ പെയ്തുവീഴുന്ന എന്‍ഡോസള്‍ഫാന്റെ അമ്ളമഴയുടെ ഗാഢഗന്ധമോ. ഉറക്കച്ചടവില്‍ ചിന്തകള്‍ അടുക്കും ചിട്ടയുമില്ലാതെ അലയുകയാണ്. പാന്‍ട്രികാര്‍ ഇല്ലാത്ത തീവണ്ടിയെ ശപിച്ച് രാത്രി ഏതോ പ്ളാറ്റ്ഫോമില്‍ നിന്ന് വാങ്ങിത്തിന്ന രണ്ട് വടാപാവിന്റെയും ചായയുടെയും ഊര്‍ജം എപ്പോഴേ തീര്‍ന്നു കഴിഞ്ഞിരുന്നു. വിശപ്പാവാം ചിന്തകളെ കുഴച്ചു മറിച്ചത്.
തിരക്കു കുറഞ്ഞ സാമാന്യം വലിയ ഒരു സ്റ്റേഷനിലാണിപ്പോള്‍ വണ്ടി. ഇറങ്ങി നോക്കിയപ്പോള്‍ വലിയ ബോഡില്‍ ഹിന്ദിയിലും മറാഠിയിലും ഇംഗ്ളീഷിലും എഴുതിവച്ചിരിക്കുന്നു-വര്‍ധ. ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന് പ്രഘോഷിച്ച ഗാന്ധിജിയുടെ സേവാഗ്രാമം ഇവിടെയാണ്. സേവാഗ്രാം ആശ്രമം തുടങ്ങിയ മെഡലിന്‍ സ്ലേഡ് എന്ന മീരാബെന്നിന്റെ ഓര്‍മകള്‍ ഇപ്പോഴുമിവിടെയുണ്ടാവുമോ? നര്‍സി മേഹ്ത എഴുതിയ, ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട വൈഷ്ണവജനതോ തേനേ കഹിയേ എന്ന ഭജന്‍ ലതാമങ്കേഷ്കറിന്റെയോ പണ്ഡിറ്റ് ജസ്രാജിന്റെയോ ശബ്ദത്തില്‍ ഇപ്പോഴും ഇവിടെ ഒഴുകിപ്പരക്കുന്നുണ്ടാവുമോ? പോര്‍ബന്തര്‍ എന്ന ഗുജറാത്ത് ഗ്രാമം ഇപ്പോഴും കള്ളവാറ്റുകാരുടെയും കവര്‍ച്ചക്കാരുടെയും പിടിയിലാണെന്ന പത്രവാര്‍ത്തയാണ് വര്‍ധ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് തിക്കിത്തിരക്കി വന്നത്. വിദര്‍ഭയില്‍ ആത്മഹത്യയുടെ തീവ്രത കൂടിയ ജില്ലകളിലൊന്നാണ് വര്‍ധ. രാഹുല്‍ഗാന്ധി ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച കലാവതിയുടെ ഗ്രാമവും വര്‍ധ ജില്ലയില്‍ തന്നെ.
സര്‍വരുടെയും ഉദയം സ്വപ്നം കണ്ട ഗാന്ധിജി ഇപ്പോഴുണ്ടായിരുന്നുവെങ്കില്‍ വിദര്‍ഭയിലെ ഗ്രാമങ്ങളിലെ വറുതിക്ക് കാരണക്കാരായ ശിഷ്യന്മാരുടെ മൂര്‍ധാവില്‍ ഊന്നുവടികൊണ്ട് പ്രഹരിക്കുമായിരുന്നുവെന്ന് സഹയാത്രികനായ റെയില്‍വെ ജീവനക്കാരന്‍ മറാഠിയില്‍ പറഞ്ഞ ഫലിതം ഒരു ചൂടുചായക്കൊപ്പം ആസ്വദിച്ചു. തമിഴുപോലെ ഇമ്പവും ഒഴുക്കുമേറിയ ഭാഷയാണ് മറാഠി. തെറി വിളിക്കാന്‍ ഇത്രയും നല്ല ഭാഷ വേറെയില്ലെന്നാണ് കേള്‍വി. ഫലിതപ്രിയരാണ് മഹാരാഷ്ട്രക്കാര്‍. മുംബൈയിലെ ലോക്കല്‍ട്രെയിനുകളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കുകളിലും ഉല്ലാസവാന്മാരായി തമാശപറഞ്ഞ് പൊട്ടിച്ചിരിക്കുന്നവരാണ് ഏറെയും.
ഹ്രസ്വമായ ഒരുറക്കത്തിനുകൂടി സമയമുണ്ട്. വായിച്ചുകൊണ്ടുതന്നെ ഉറങ്ങി. നാഗ്പുര്‍ എത്താനിനി അധികമില്ലെന്ന് പറഞ്ഞ് ആരോ തട്ടിയുണര്‍ത്തി. വലതുവശത്തേക്കുള്ള ജാലകത്തിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ഒരു മഹാസൌധം തലയുയര്‍ത്തി നില്‍ക്കുന്നു. വിശാലമായ വളപ്പില്‍ പരന്നു കിടക്കുന്ന ആ കെട്ടിടം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ സ്റ്റേഡിയമാണ്. വഴിയില്‍ അല്‍പ്പം മുമ്പ് കണ്ട കര്‍ഷകരുടെ ചെറ്റക്കുടിലുകളില്‍ നിന്ന് ആഡംബരപൂര്‍ണമായ ഈ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്ര കുറച്ച് ദൂരമേയുള്ളൂ. മുംബൈ പട്ടണത്തില്‍ മലബാര്‍ ഹില്‍സില്‍ അള്‍ടാമൌണ്ട് റോഡില്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി തന്റെ കുടുംബത്തിന് താമസിക്കാന്‍ പണിത ഇരുപത്തേഴ് നിലയുള്ള, മൂന്ന് ഹെലിപാഡുകളുള്ള ആന്റിലിയ റസിഡന്‍സി എന്ന കൊട്ടാരവും തൊട്ടു താഴെ വലിയ വെള്ളക്കുഴലിനുള്ളില്‍ ടാര്‍പോളിന്‍ മറകെട്ടിയ വീടുകളും തമ്മിലുള്ള ദൂരം പോലെ തീരെ കുറവ്.
നനഞ്ഞ പഴന്തുണിപോലെയായിരിക്കുന്നു നാഗ്പുര്‍ നഗരം. ആര്‍ എസ് എസ് ആസ്ഥാനമവിടെയുണ്ടെങ്കിലും സംഘപരിവാറിന്റെ മാതൃസംഘടനക്ക് ഒരു സ്വാധീനവുമില്ല നഗരത്തില്‍. കാല്‍ ലക്ഷത്തിലേറെപ്പേര്‍ തൊഴിലെടുത്തിരുന്ന എംപ്രസ്, മോഡല്‍ എന്നീ മില്ലുകളില്‍ ഒരു കാലത്ത് ശക്തമായിരുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ തന്നെയാവണം നഗരത്തില്‍ ആര്‍എസ്എസ് വ്യാപനം തടഞ്ഞിട്ടുണ്ടാവുക. ഇന്ന് ഈ രണ്ടു മില്ലുകളുടെയും അസ്ഥികൂടങ്ങളാണവിടെയുള്ളത്. വളപ്പുകള്‍ കാടുമൂടിയ ശവപ്പറമ്പുപോലെ. ബ്രിട്ടീഷ് രാജ്ഞിക്കുപോലും പ്രിയപ്പെട്ട പരുത്തി വസ്ത്രങ്ങള്‍ നെയ്തു നല്‍കിയ ഈ മില്ലുകള്‍ ജാംഷെഡ്ജി ടാറ്റയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് മഹാരാഷ്ട്ര സ്റ്റേറ്റ് ടെക്സ്റ്റയില്‍സ് കോര്‍പറേഷനും എന്‍ടിസിയും ഏറ്റെടുത്തെങ്കിലും പൊതുമേഖലയെ തകര്‍ക്കുകയെന്ന കോണ്‍ഗ്രസ്, ശിവസേന സര്‍ക്കാരുകളുടെ നയം ഈ മില്ലുകളെ നാമാവശേഷമാക്കി. ആറു വര്‍ഷം മുമ്പ് രണ്ട് സ്ഥാപനങ്ങളുടെയും ചിറകറ്റു. ഇന്ന് റിയല്‍ എസ്റ്റേറ്റു മാഫിയയുടെ പിടയിലാണ് ഈ വന്‍കിട സ്ഥാപനങ്ങള്‍. എംപ്രസ് മില്ലിന്റെ സ്ഥാനത്ത് വമ്പന്‍ ബഹുരാഷ്ട്ര കമ്പനികളുടെ റിട്ടെയ്ല്‍ ഔട്ട്ലെറ്റുകളും ഫ്ളാറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഉയര്‍ന്നുവരികയാണ്. വിദര്‍ഭ മേഖലയിലെ പരുത്തികൃഷിയുടെ നാശവും ഈ മില്ലുകളെ തളര്‍ത്തിയതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലോകവ്യാപാരസംഘടനയുമായി ഇന്ത്യ കരാറൊപ്പിട്ടതില്‍ പിന്നെ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്കുള്ള അമേരിക്കന്‍ പരുത്തി വ്യാപകമായിരുന്നു. ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞത് ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. ഈ ഫാക്ടറികളില്‍ ചെങ്കൊടിയേന്തി തൊഴിലാളികളെ സംഘടിപ്പിച്ച ഒരു ചെറുപ്പക്കാരന്‍ പിന്നീട് ഈസ്റ്റ് നാഗ്പുര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയിട്ടുണ്ട്. ഇപ്പോഴത്തെ സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍.
നാഗ്പുര്‍ ഒരു കാലത്ത് സമൃദ്ധമായിരുന്നുവെന്ന് ഇപ്പോഴത്തെ കോട്ടണ്‍ മാര്‍ക്കറ്റ് കണ്ടാലറിയാം. കോട്ടണ്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സുഭാഷ് മാര്‍ഗിന് രണ്ടു വശത്തുമായാണ് രണ്ടു വന്‍കിട തുണിമില്ലുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുള്ളത്. ഈ മാര്‍ക്കറ്റിന് സമീപത്തുള്ള ഒക്ട്രോയ് നികുതി പിരിക്കുന്ന കെട്ടിടം അവസ്ഥ കണ്ടാലറിയാം ഒരു കാലത്ത് കോടികളാണ് ഇവിടെ കൈമറിഞ്ഞിരുന്നതെന്ന്.
സുഭാഷ് റോഡിലെ സിപിഐ എം ഓഫീസ് തേടി കൂടുതല്‍ അലയേണ്ടി വന്നില്ല. മുംബൈയില്‍ സിപിഐ എം നേതാക്കള്‍ നമ്പര്‍തരുമ്പോള്‍ ഓഫീസിന്റെ പേര് എകെ ഗോപാലന്‍ ഭവന്‍ ആണെന്ന് പറഞ്ഞിരുന്നില്ല. ലാല്‍ഝണ്ഡാവാലകളുടെ (ചെങ്കൊടിക്കാരുടെ) ഓഫീസ് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു സിപിഐ എം നാഗ്പുര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം അരുണ്‍ലാട്കര്‍ ഫോണില്‍ പറഞ്ഞിരുന്നത്. മൂന്നു നിലയുള്ള കെട്ടിടം. ഓഫീസിന്റെ ഉമ്മറത്ത് സ്ഥാപിച്ച ചിത്രത്തില്‍ ചെങ്കൊടിയുടെ പശ്ചാത്തലത്തില്‍ എകെജി പുഞ്ചിരി തൂകുന്നു. ഇതുപോലുള്ള പാര്‍ടി ഓഫീസുകള്‍ കേരളത്തിന് പുറത്ത് അധികം കാണാറില്ല. രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലുണ്ട് നാഗ്പുരിലെ എകെജി ഭവനോളം വലിയ ഒരു ഓഫീസ്. ഉത്തരേന്ത്യയിലെ ദീര്‍ഘമായ തീവണ്ടിയാത്രയിലെവിടെയെങ്കിലും ചെങ്കൊടിയേന്തി സമരം നടത്തുന്നവരെ കണ്ടാല്‍ അടുത്ത സ്റ്റേഷനില്‍ ചാടിയിറങ്ങി സമരഭൂമിയിലേക്ക് കുതിച്ചെത്തിയിരുന്ന എകെജിയുടെ കഥ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു കേട്ടറിഞ്ഞിട്ടുണ്ട്. എകെജിയുടെ സമരവീര്യം ഈ നഗരവും അറിഞ്ഞിട്ടുണ്ടാവും, തീര്‍ച്ച.
വിദര്‍ഭ മേഖലയില്‍ പതിനൊന്ന് ജില്ലകളാണ്. നാഗ്പുര്‍, യവത്മാല്‍, ഭണ്ഡാര, ഗോണ്ടിയ, ഗഡ്ചിരോളി, ചന്ദ്രാപുര്‍, അമരാവതി, വാഷിം, അകോല, വര്‍ധ, ബുല്‍ധാന എന്നിവ. മേഖലയുടെ കേന്ദ്രമായി കണക്കാക്കുന്നത് നാഗ്പുരിനെ. ഇതില്‍ യവത്മാല്‍, അമരാവതി, വാഷിം, അകോല, വര്‍ധ, ബുല്‍ധാന ജില്ലകളിലാണ് വ്യാപകമായി പരുത്തി കൃഷി ചെയ്യുന്നത്. യവത്മാലിലാണ് ആത്മഹത്യ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ മേഖലയോട് ചേര്‍ന്നു കിടക്കുന്ന മറാഠ്വാഡ മേഖലയിലെ ചില ജില്ലകളിലും പരുത്തിക്കൃഷിയുണ്ട്. അതുകൊണ്ടുതന്നെ ആത്മഹത്യകളും. വിദര്‍ഭയിലെ ആത്മഹത്യകളുടെ ആധിക്യത്തില്‍ മറാഠ്വാഡയിലെ ആത്മഹത്യകള്‍ കൂടുതലായി അറിയുന്നില്ലെന്ന് മാത്രം.
ആയിരം വര്‍ഷത്തിലേറെയായി പരുത്തിക്കൃഷി ചെയ്യുന്ന വിദര്‍ഭയിലെ കറുത്ത മണ്ണ് നനയണമെങ്കില്‍ മഴ തന്നെ പെയ്യണം. പ്രദേശത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പരുത്തിക്കൃഷിക്ക് ആവശ്യമായ ജലസേചന സൌകര്യങ്ങളൊരുക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ലെന്നതാണ് സത്യം. പരുത്തിക്കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ കാര്യമായി ഈ പ്രദേശങ്ങളിലില്ല. വ്യവസായ വികസനത്തിനുവേണ്ട ഒരു നടപടിയും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. മഹാരാഷ്ട്രയിലെ മഹാരഥന്മാരായ രാഷ്ട്രീയക്കാരില്‍ ഒരാള്‍ പോലും വിദര്‍ഭ മേഖലയില്‍ നിന്നില്ലെന്നതും ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമായിട്ടുണ്ടാവാം. വിദര്‍ഭയിലെയും മറാഠ്വാഡയിലെയും പരുത്തി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കരിമ്പിനോട് തോറ്റുപോവുന്നതിന്റെ പിന്നിലെ രസതന്ത്രവും ഇതുതന്നെ. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കരിമ്പുലോബിയുടെ അമരത്തുണ്ട് പലവട്ടം മുഖ്യമന്ത്രിയും യുപിഎ സര്‍ക്കാരില്‍ രണ്ടാംവട്ടം കേന്ദ്രകൃഷിമന്ത്രിയായ ശരദ്പവാര്‍. മുന്‍മുഖ്യമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, വിലാസ്റാവു ദേശ്മുഖ്, കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് കല്‍മാഡി, മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ അഭയ്രാജ് നിംബാള്‍കര്‍, ആര്‍ ആര്‍ പാട്ടീല്‍ എന്നിവരൊക്കെയും പടിഞ്ഞാറന്‍ മഹാരാഷ്ട്രക്കാര്‍ തന്നെ. പടിഞ്ഞാറന്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ആധിപത്യം കൊങ്കണ്‍ മേഖലയ്ക്കാണ്. ബാല്‍ താക്കറെ, നാരായണ്‍ റാണെ, മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളൊക്കെ കൊങ്കണില്‍ നിന്നുള്ളവര്‍. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ശിവസേനയുടെയും ഈ നേതാക്കളൊന്നും വിദര്‍ഭയെ കാര്യമായി പരിഗണിച്ചില്ലെന്ന് മാത്രമല്ല, കൃഷിയുടെ കോര്‍പറേറ്റ്വല്‍ക്കരണമെന്ന പരീക്ഷണത്തിന് വിദര്‍ഭയിലെയും മഹാരാഷ്ട്രയിലെയും കര്‍ഷകരെ ഗിനിപ്പന്നികളാക്കാന്‍ മുന്നില്‍ നിന്നവരും ഇവര്‍ തന്നെ. അന്തകവിത്തുകളുടെ കുത്തകയായ മോണ്‍സാന്റോയുടെയും ബഹുരാഷ്ട്ര കീടനാശിനി കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരാവാന്‍ ഇവരൊക്കെ ഒരുപോലെ മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
വിദര്‍ഭയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാന്‍ വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി അധ്യക്ഷന്‍ കിഷോര്‍ തിവാരിയുമായി സംസാരിക്കുകയാണ് ഉചിതമെന്ന് വിദര്‍ഭയുടെയും വയനാടിന്റെയും പ്രതിസന്ധി ലോകത്തെ അറിയിച്ച മഗ്സാസെ അവാഡ് ജേതാവും ഹിന്ദു പത്രത്തിന്റെ ഗ്രാമകാര്യ എഡിറ്ററുമായ പി സായ്നാഥ് നിര്‍ദേശിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അരുണ്‍ ലാട്കറിന്റെ സുഹൃത്താണ് തിവാരി. തിവാരിയുമായി സംസാരിച്ച് അഭിമുഖത്തിന് സമയം ഉറപ്പിച്ചു തരുന്നതിനിടയ്ക്ക് ലാട്കര്‍ പരുത്തി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് ചെറുതായൊന്നു വിശദീകരിച്ചു. ആഗോളവല്‍ക്കരണനയങ്ങളും ലോകവ്യാപാര സംഘടനയുടെ കഴുത്തറപ്പന്‍ നിലപാടുകളുമാണ് ഈ മേഖലയെ തകര്‍ത്തതെന്ന് പാര്‍ടി ക്ളാസെടുക്കുന്ന ഗൌരവത്തോടെ അദ്ദേഹം വിശദീകരിച്ചു. ഒപ്പം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും ഭക്ഷ്യവസ്തുക്കളുടെ വിലയക്കയറ്റവും പ്രതിപാദിക്കുന്ന അതീവ ലളിതമായ ഒരു കണക്കും. നവഉദാര സാമ്പത്തിക നയങ്ങള്‍ തുടങ്ങിയ കാലത്ത് അതായത് 1992ല്‍ പരുത്തി ക്വിന്റലിന് 1600 രൂപയായിരുന്നു. 2009ല്‍ 2200 രൂപയായി. പതിനേഴ് വര്‍ഷത്തിലുണ്ടായത് അറുനൂറു രൂപയുടെ വര്‍ധന. എന്നാല്‍, 1992ല്‍ കിലോയ്ക്ക് നാലര രൂപയുണ്ടായിരുന്ന ഗോതമ്പിന് ഇന്നത്തെ വില 23 രൂപ. കാര്‍ഷികോല്‍പ്പന്നത്തിന് നാമമാത്രമായി മാത്രം വിലകൂടിയപ്പോള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ധന അഞ്ചിരട്ടി.
മഹാരാഷ്ട്രയിലെ സര്‍ക്കാരുകളുടെ നയരൂപീകരണം എക്കാലത്തും കരിമ്പുകൃഷിക്കുവേണ്ടിയായിരുന്നു, പരുത്തികൃഷിക്കുവേണ്ടിയായിരുന്നില്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന-ബിജെപി നേതാക്കളിലേറെയും പഞ്ചസാരമില്ലുകളുടെ ഉടമകളോ കരിമ്പുലോബിയിലെ ഉന്നതരുടെ ബിനാമികളോ ആണ്. എന്നാല്‍, സ്വതന്ത്രവ്യാപാരം പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സമ്പന്നമായ കരിമ്പുമേഖലയെക്കൂടി തകര്‍ക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. പഞ്ചസാര ഇളവുകളോടെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. കൊക്കകോള, പെപ്സി തുടങ്ങിയ ശീതളപാനീയ കുത്തകകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈക്കൊണ്ട ഈ തീരുമാനത്തോടെ ഇന്ത്യന്‍ പഞ്ചസാരയുടെ വില തകരാന്‍ ഇടയാക്കുമെന്ന് ഈ നേതാക്കള്‍ക്കറിയാം. താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഒരു ജനതയെയാകെ ഒറ്റിക്കൊടുക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കള്‍.
വിദര്‍ഭയെക്കുറിച്ചുള്ള സഞ്ചരിക്കുന്ന എന്‍സൈക്ളോപിഡിയയാണ് കിഷോര്‍ തിവാരിയെന്ന പി സായ്നാഥിന്റെ അഭിപ്രായം മനസ്സിലിട്ടാണ് നാഗ്പുര്‍ പട്ടണത്തിന്റെ വടക്കേ അറ്റത്തുള്ള ത്രിശരണ്‍ നഗറിലേക്ക് നീങ്ങിയത്. സായ്നാഥിന്റെ നിര്‍ദേശ പ്രകാരം വന്നയാളാണെന്നതുകൊണ്ടുതന്നെ തിവാരി സംസാരിക്കാന്‍ ഏറെ ഉത്സുകനായിരുന്നു. കേരളവും വിദര്‍ഭയും തമ്മിലുള്ള താരതമ്യം തിവാരിയുടെ സംഭാഷണത്തിലുടനീളം നിറഞ്ഞുനിന്നു. വിദര്‍ഭയില്‍ സംഭവിക്കുന്നത് കേരളത്തില്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്ന സ്വന്തം ചോദ്യത്തിന് തിവാരി തന്നെ ഉത്തരം പറഞ്ഞു:
"കേരളത്തില്‍ സാമൂഹ്യബോധവും ചടുലമായ രാഷ്ട്രീയ ബോധവുമുള്ള ഒരു ജനതയുണ്ട്. പ്രശ്നങ്ങളോട് നിങ്ങള്‍ എത്ര ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. വയനാട്ടിലെ ആത്മഹത്യകള്‍ തടയാന്‍ കഴിഞ്ഞില്ലേ കേരളത്തിന്. ഇന്ത്യയിലാദ്യമായി കാര്‍ഷിക കടാശ്വാസ കമീഷന്‍ തുടങ്ങി മാതൃക കാട്ടിയവരാണ് നിങ്ങള്‍. ഞങ്ങളുടെ നാട്ടില്‍ എന്താണ് സ്ഥിതി? ആത്മഹത്യകള്‍ ആറായിരവും കടന്ന് മുന്നേറുന്നു. കര്‍ഷകര്‍ക്കൊഴികെ ആര്‍ക്കും അതില്‍ ഉത്കണ്ഠയില്ല''-അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പരുത്തിയുടെ കീര്‍ത്തി മുഗള്‍ സാമ്രാജ്യകാലത്തു തന്നെ കടലുകള്‍ക്കപ്പുറമെത്തിയിരുന്നു. റോമിലേക്കും ഗ്രീസിലേക്കും കയറ്റി അയച്ചിരുന്നു ഇന്ത്യന്‍ പരുത്തിയും വസ്ത്രങ്ങളും. ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ ഈ നാണ്യവിളയെ പരമാവധി ചൂഷണം ചെയ്യാനാണ് വൈദേശിക ശക്തികള്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കും ലങ്കാഷയറിലേക്കും കടത്തിയ പരുത്തി, പിന്നീട് വിലയേറിയ വസ്ത്രങ്ങളായാണ് തിരിച്ചെത്തിയത്. അത് ഇന്ത്യയിലെ മധ്യവര്‍ഗം വാങ്ങിക്കൂട്ടിയപ്പോള്‍ തടിച്ചുകൊഴുത്തത് ബ്രിട്ടണിലെ തുണിവ്യവസായമായിരുന്നു. ഇന്ത്യന്‍ പരുത്തിക്ക് ബ്രിട്ടണിലുള്ള പ്രിയം അവര്‍ പരമാവധി ചൂഷണം ചെയ്തു. അതേ സമയം ഇന്ത്യന്‍ പരുത്തി തങ്ങളുടെ വിപണി കീഴടക്കുന്നത് തടയാനും സ്വന്തം കര്‍ഷകരെ സംരക്ഷിക്കാനും അവര്‍ ശ്രദ്ധകാട്ടി. ഇന്ത്യന്‍ പരുത്തിക്കര്‍ഷകര്‍ക്ക് കനത്ത നികുതി ചുമത്തിയും നെയ്ത്തുകാരെ ദ്രോഹിച്ചും അവര്‍ മുന്നേറി. ഇതേ പരുത്തി പിന്നീട് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമരമുദ്രകളിലൊന്നായി. വിദേശവസ്ത്ര ബഹിഷ്കരണത്തോടൊപ്പം ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പ് പ്രചരിപ്പിച്ചും ദേശീയ പ്രസ്ഥാനം കോളനിശക്തികളുടെ അധിനിവേശത്തിനെതിരെ പ്രതിരോധത്തിന്റെ നെടുങ്കോട്ട തീര്‍ത്തു. ഗാന്ധിജി മുപ്പതുകളില്‍ വര്‍ധ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതും യാദൃഛികമല്ല.
നവകോളനീകരണത്തിന്റെ നടപ്പുകാലത്ത് നടക്കുന്നതും മറ്റൊന്നുമല്ല. സ്വതന്ത്രവ്യാപാര കരാറിലൂടെ അമേരിക്കന്‍ പരുത്തി ഇന്ത്യന്‍ വിപണിയില്‍ കുമിഞ്ഞു കൂടിയതോടെ ഇന്ത്യന്‍ പരുത്തിയുടെ ആവശ്യം കുത്തനെ ഇടിഞ്ഞു. വന്‍തോതില്‍ സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന അമേരിക്കന്‍ കര്‍ഷകന് തന്റെ പരുത്തി താരിഫ് തടസ്സങ്ങളൊന്നുമില്ലാതെ യഥേഷ്ടം ഇന്ത്യയിലേക്കിറക്കാന്‍ കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയിലുള്ള പൊതുനിക്ഷേപത്തിന്റെ തോത് കുറയ്ക്കാനും കാര്‍ഷിക മേഖലയ്ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കാനും തുടങ്ങിയത്. സബ്സിഡി ആനുകൂല്യങ്ങള്‍ ഘട്ടം ഘട്ടമായി നഷ്ടപ്പെട്ട കര്‍ഷകന് കൃഷിച്ചെലവ് താങ്ങാനാവാത്ത സ്ഥിതിയിലേക്ക് മാറി. എണ്‍പതുകളുടെ തുടക്കംവരെ സമൃദ്ധി കളിയാടി നിന്ന വിദര്‍ഭയുടെ പഴയ നാളുകളിലേക്ക് കിഷോര്‍ തിവാരിയുടെ ഓര്‍മകള്‍ പിന്മടങ്ങുകയാണ്.
"വിദര്‍ഭയിലെ അറുപതു ശതമാനത്തിലേറെ ഭൂമിയിലും പരുത്തിയാണ്. മുപ്പത് ശതമാനത്തില്‍ താഴെ പ്രദേശങ്ങളില്‍ സോയാബീനും ബാക്കി പയറുവര്‍ഗങ്ങളുമാണ്. പരുത്തിയുടെ ഇടവിളയായാണ് സോയാബീനും പയറുവര്‍ഗങ്ങളും കൃഷി ചെയ്യുന്നത്. ജൂണില്‍ വിത്തിറക്കി ഡിസംബറില്‍ വിളവെടുക്കുന്ന നാലഞ്ചുമാസത്തെ കൃഷിപ്പണിയേ അന്നൊക്കെയുള്ളൂ. ബാക്കിയുള്ള കാലം ഉത്സവാഘോഷങ്ങളുടെ മേളമായിരുന്നു വിദര്‍ഭയില്‍. മൂന്നു മുതല്‍ പത്തുവരെ ഏക്കറില്‍ കൃഷി ചെയ്ത അല്ലലറിയാതെ ജീവിക്കുന്ന ഇടത്തരം കര്‍ഷകരായിരുന്നു അന്ന് വിദര്‍ഭയില്‍. ഒരു സീസണില്‍ പരുത്തിയും സോയാബീനും വിറ്റുകിട്ടുന്ന പണം കൊണ്ട് വര്‍ഷം മുഴുവന്‍ സുഭിക്ഷമായി ജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പല ആഘോഷങ്ങള്‍ക്കിടയിലെ നേരമ്പോക്കായിരുന്നു അവര്‍ക്ക് കൃഷി.''
അറുപതുകളില്‍ തുടങ്ങി എഴുപതുകളുടെ മധ്യത്തോടെ ശക്തിപ്രാപിച്ച ഹരിത വിപ്ളവത്തിന്റെ ഭാഗമായുള്ള സങ്കരയിനം വിത്തുകളുടെയും രാസവളത്തിന്റെയും കീടനാശിനിയുടെയും പ്രയോഗം തുടങ്ങിയത് മണ്ണിന്റെ ഘടനക്ക് കാര്യമായ ഹാനിയുണ്ടാക്കിയിരുന്നുവെങ്കിലും അധികവിള കിട്ടിയ കാലമായിരുന്നു. രാജ്യത്തെ ഒന്നേമുക്കാല്‍ കോടി പരുത്തി കര്‍ഷകരും എഴുപതുകളുടെ അവസാനത്തില്‍ ഹരിതവിപ്ളവ പരീക്ഷണത്തില്‍ വിജയം കൊയ്തവരായിരുന്നു.
എണ്‍പതുകളുടെ തുടക്കത്തിലാണ് അമേരിക്കയും ചൈനയും ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ കന്നിമണ്ണില്‍ വര്‍ധിച്ചതോതില്‍ പരുത്തിക്കൃഷി തുടങ്ങിയത്. ഇന്നാടുകളിലെ ചെലവുകുറഞ്ഞ കൃഷിരീതികളോട് ഒരു കാലത്തും പിടിച്ചുനില്‍ക്കാനാവുമായിരുന്നില്ല ഇന്ത്യന്‍ പരുത്തി കര്‍ഷകര്‍ക്ക്. ഇരുപതു വര്‍ഷത്തോളം നീണ്ട ഹരിതവിപ്ളവപരീക്ഷണം തിരിച്ചടിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. വളപ്രയോഗത്തിലൂടെ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്ടി നഷ്ടമായി. പുതിയ തരം ശക്തിയേറിയ കീടങ്ങള്‍ വിളകളെ മുച്ചൂടും നശിപ്പിക്കാന്‍ തുടങ്ങി. സങ്കരയിനം വിത്തുകള്‍ക്ക് മുമ്പത്തെയത്ര വിളവ് കിട്ടാതിരുന്നതും പരുത്തിച്ചെടികളില്‍ പുതിയ രോഗങ്ങളുടെ വിത്തുമുളച്ചതും കര്‍ഷകരെ അങ്കലാപ്പിലാക്കി. ശക്തമായ കീടനാശിനികളായിരുന്നു ഏക അഭയം. എന്നാല്‍ ഏതു ഘോരവിഷത്തെയും അതിജീവിക്കാനുള്ള കരുത്ത് നേടിയവയായി കീടങ്ങള്‍ മാറി. താങ്ങാനാവാത്ത കൃഷിച്ചെലവ് കര്‍ഷകനെ വലയ്ക്കാന്‍ തുടങ്ങിയകാലമായിരുന്നു അത്.
ഇന്ത്യന്‍ പരുത്തി തകരുമെന്ന ഘട്ടത്തിലാണ് പത്തുവര്‍ഷം മുമ്പ് മോണ്‍സാന്റോ എന്ന കമ്പനി ബിടി പരുത്തിയുമായി രംഗത്തെത്തിയത്. പരുത്തിക്കായയെ നശിപ്പിക്കുന്ന ബോള്‍ വേമിനെ പ്രതിരോധിക്കാനുള്ള ശേഷി ബി ടി വിത്തുകള്‍ക്കുണ്ടാവുമെന്നായിരുന്നു അവകാശവാദം. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ ഈ വിത്തുകളുടെ പ്രചാരണവുമായി രംഗത്തെത്തി. ഹിന്ദി സിനിമാ നടന്‍ നാനാ പടേക്കറായിരുന്നു പരുത്തികര്‍ഷകന്റെ വേഷമണിഞ്ഞുകൊണ്ട് ഇതിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഉയര്‍ന്ന വിളവു പ്രതീക്ഷിച്ച് ബി ടി വിത്തുകളില്‍ അഭയം തേടിയവര്‍ക്ക് ഒന്നാം വര്‍ഷം തന്നെ തിരിച്ചടിയേറ്റു. അമേരിക്കന്‍ വയലുകളില്‍ പരാജയപ്പെട്ടതാണ് ബിടി വിത്തുകള്‍ എന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മുന്‍കൈയോടെ ഈ വിത്തു പ്രചരിപ്പിച്ചത്. അപ്രതീക്ഷിതമായി എത്തിയ കീടങ്ങള്‍ പരുത്തിക്കായകള്‍ തിന്നു തീര്‍ത്തത് കണ്ണീരോടെയാണ് കര്‍ഷകര്‍ നോക്കി നിന്നത്. കീടങ്ങളെ നിയന്ത്രിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തന്നെ മറുമരുന്നുമായി എത്തി. എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കൊടുംശക്തിയുള്ള കീടനാശിനികള്‍. പലതിന്റെയും വില ആയിരങ്ങള്‍. കര്‍ഷകര്‍ വായ്പകള്‍ക്കായി പരക്കം പായാന്‍ തുടങ്ങിയത് ഇക്കാലത്താണ്. സഹകരണ സൊസൈറ്റികളില്‍നിന്നും ബാങ്കുകളില്‍ നിന്നും വായ്പ കിട്ടാത്തവര്‍ വട്ടിപ്പലിശക്കാരില്‍ അഭയം തേടി. മുംബൈ പോലുള്ള നഗരങ്ങളില്‍ ചെറുകാറുകള്‍ മടുത്ത സമ്പന്നന് മെഴ്സിഡസ് ബെന്‍സ് വാങ്ങാന്‍ ഒരു ഈടും ആവശ്യമില്ലാതെ നാലുശതമാനം പലിശക്ക് ബാങ്കുകള്‍ ലക്ഷങ്ങള്‍ വാരിക്കോരി വായ്പ നല്‍കുന്ന കാലത്താണ് പത്തും പന്ത്രണ്ടും ശതമാനം പലിശക്ക് കര്‍ഷകര്‍ വായ്പയെടുത്തത്. കിട്ടിയ പണത്തിന് മുഴുവന്‍ വിത്തും വളവും കീടനാശിനിയും വാങ്ങി കൃഷി നടത്തിയ അവര്‍ക്ക് പ്രതീക്ഷിച്ച മേനി വിളകിട്ടാതിരുന്നപ്പോള്‍ വാങ്ങിവച്ച കീടനാശിനി കഴിച്ച് കടവും തിരിച്ചടവുമില്ലാത്ത ലോകത്തേക്ക് യാത്രയാവുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
2002 മുതലാണ് ആത്മഹത്യയുടെ തോത് വര്‍ധിക്കുന്നത്. ഇക്കാലത്ത് ഈ പ്രശ്നത്തെ ഗൌരവത്തോടെ സമീപിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ വിദര്‍ഭയില്‍ ചെലവിട്ട കോടിക്കണക്കിന് രൂപയുടെ പാക്കേജുകളൊന്നും ഫലം കണ്ടതുമില്ല. പാക്കേജുകള്‍ ഏറെയും ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനുവേണ്ടി മാത്രമുള്ളതായിരുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അന്ത്യോദയ അന്നയോജന പ്രകാരമുള്ള റേഷന്‍ വിഹിതം അനുവദിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും അതിതുവരെ നടപ്പായിട്ടില്ല.
കിഷോര്‍ തിവാരി വിദര്‍ഭയിലെ കര്‍ഷകരുടെ ദൈന്യത്തെക്കുറിച്ച് രോഷത്തോടെയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ സംസാരിച്ച ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ നാഗ്പുര്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്ത അദ്ദേഹം കാണിച്ചു തന്നു. ആത്മഹത്യ ചെയ്തവരുടെ എണ്ണം കുറച്ചു കാണിക്കാന്‍ മുഖ്യമന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കിയതിനെക്കുറിച്ചുള്ളതായിരുന്നു ഒന്നാം പേജില്‍ വന്ന ആ വാര്‍ത്ത. പല ആത്മഹത്യകള്‍ക്കും കാരണം കാര്‍ഷികപ്രശ്നങ്ങളല്ലെന്നാണ് മുഖ്യമന്ത്രി അശോക് ചവാന്‍ കലക്ടര്‍മാരുടെ യോഗത്തില്‍ വാദിച്ചത്. ഇതിനെതിരെ കാര്യമായ എതിര്‍പ്പൊന്നും പ്രതിപക്ഷ പാര്‍ടികളില്‍ നിന്നുണ്ടായില്ലെന്നതും മഹാരാഷ്ട്ര ചെന്നുപെട്ട ഒരു മഹാദുരന്തത്തിന്റെ സൂചനയാണെന്ന് തിവാരി പറഞ്ഞു. വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് കോണ്‍ഗ്രസുകാര്‍ ഒരുക്കിയ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ചത് ബിജെപിക്കാരാണ്. കാര്‍ഷികമേഖലയുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിലൂടെയും പൊതുനിക്ഷേപം വെട്ടിക്കുറയ്ക്കലിലൂടെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകരെ ശവപ്പെട്ടിയിലടക്കിയപ്പോള്‍ വിത്തുബില്ലിലൂടെ ആ ശവപ്പെട്ടിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അവസാനത്തെ ആണിയടിക്കുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് കേന്ദ്രകൃഷിമന്ത്രിയായിരുന്ന കാലത്താണ് വിത്തുബില്ല് പാസാക്കിയത്. ഈ രണ്ടു പാര്‍ടികളുടെ നേതാക്കള്‍ക്കും ആഭിമുഖ്യം അമേരിക്കന്‍ വിത്തുമാഫിയകളോടാണ്. അവരുടെ ഏജന്റുമാരായാണ് ഈ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികമേഖലയിലെ ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുമെല്ലാം ഇവരുടെ ദല്ലാളുമാരായാണ് പ്രവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശുകാരാണ് തിവാരികള്‍. അവരെങ്ങനെ മഹാരാഷ്ട്രയിലെത്തിയെന്ന ചോദ്യത്തിന് ഒരു മറുചോദ്യമായിരുന്നു കിഷോര്‍ തിവാരിയുടെ മറുപടി.
"തലമുറകളായി ആര്‍എസ്എസ്സുകാരായിരുന്ന ഞങ്ങള്‍ എങ്ങനെ ആര്‍എസ്എസ്സിന് എതിരായി എന്നു നിങ്ങള്‍ എന്തുകൊണ്ട് ചോദിച്ചില്ല? നൂറ്റാണ്ടു മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് വിദര്‍ഭയിലെത്തി ബിസിനസ്സും കൃഷിയുമായി വളര്‍ന്ന മുത്തച്ഛനും അച്ഛനും ആര്‍എസ്എസ്സിന്റെയും ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നേതാക്കളായിരുന്നു. ഞാന്‍ ബിജെപിയുടെ സംസ്ഥാന തലത്തിലുള്ള നേതാവായിരുന്നു. ഞാനുള്‍പ്പെടുന്ന മേഖലയിലെ കര്‍ഷകരടക്കമുള്ള ജനവിഭാഗങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു പാര്‍ടിയില്‍ എങ്ങനെ തുടരാനാവും. അങ്ങനെ അത് ഉപേക്ഷിച്ചു. പത്തുകൊല്ലമായി വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു.''
വിദര്‍ഭയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭിച്ച സ്ഥിതിക്ക് ഇനി ഗ്രാമങ്ങളില്‍ ചെല്ലണം. ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തിവാരി തന്നെ ഉപായം പറഞ്ഞു തന്നു. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന യവത്മാല്‍ ജില്ലയിലെ പാണ്ഡര്‍കാവ്ഡയിലാണ് സമിതിയുടെ ആസ്ഥാനം. അവിടെ സമിതി പ്രവര്‍ത്തകര്‍ നിങ്ങളെ കാത്തു നില്‍ക്കും. അവരുടെ നമ്പര്‍ തരാം.
പിറ്റേന്ന് പുലര്‍ച്ചെ തന്നെ പാണ്ഡര്‍കാവ്ഡയിലേക്ക്. ഏക്കറുകള്‍ പരന്നുകിടക്കുന്ന പരുത്തിപ്പാടങ്ങള്‍ക്കു നടുവിലൂടെയുള്ള ദേശീയപാത. നാഗ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വഴി. വാരാണസിയില്‍ തുടങ്ങി ഹൈദരാബാദും ബംഗ്ളൂരും മധുരയും സ്പര്‍ശിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന ദേശീയപാത ഏഴിന്റെ ഭാഗം. മൂന്നരമണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ പാണ്ഡര്‍കാവ്ഡയില്‍ ബസ്സിറങ്ങി. മരണം ചടുലനൃത്തം ചവിട്ടുന്ന മണ്ണ്. ഗ്രാമങ്ങളില്‍ നിന്നെവിടെ നിന്നോ നെറ്റിയില്‍ ചുവന്നകണ്ണുമായി ഒരു ശവവണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ചീറിപ്പോവുന്ന കാഴ്ച ഇവിടുത്തുകാര്‍ക്ക് പരിചിതമായിട്ടുണ്ടാവണം. വഴി ചോദിച്ചപ്പോള്‍ ഓട്ടോക്കാര്‍ക്ക് ഒട്ടും പരിചയക്കുറവില്ല. ഇനി സമിതി ഓഫീസ്. പറ്റുമെങ്കില്‍ ഇന്നുതന്നെ മരണവീടുകള്‍ തെരയണം.
വിദര്‍ഭയില്‍ സംഭവിക്കുന്നതും കേരളത്തില്‍ സംഭവിക്കാത്തതും
വിദര്‍ഭയില്‍ ആത്മഹത്യകള്‍ക്കുമുണ്ട് ഒരു ഏകതാനത. എല്ലാ ദിവസത്തെയുംപോലെ വയലിലേക്കുള്ള കര്‍ഷകന്റെ യാത്ര ഏതെങ്കിലും ജില്ലാ ആശുപത്രിയുടെയോ താലൂക്ക് ആശുപത്രിയുടെയോ മോര്‍ച്ചറിയുടെ മരവിപ്പില്‍ ചെന്നവസാനിക്കും. ജനിതകമാറ്റം വരുത്തിയ വിത്തില്‍ നിന്ന് മുളപൊട്ടുന്ന പരുത്തിച്ചെടിയെ തിന്നുതീര്‍ക്കുന്ന കീടങ്ങളെ തുരത്താന്‍ വന്‍തുക കൊടുത്തു വാങ്ങിയ കീടനാശിനി കഴിച്ചാണ് ബഹുഭൂരിപക്ഷം ആത്മഹത്യകളും. പലപ്പോഴും കൂടെയുള്ളയാള്‍-അത് ഭാര്യയാവാം, മക്കളാവാം ജോലിക്കാര്‍ ആരെങ്കിലുമാവാം- വെള്ളമെടുക്കാനോ വളമെടുക്കാനോ മറ്റോ മാറുന്ന സമയത്താണ് കീടനാശിനി കഴിക്കുന്നത്. പൊതുജനാരോഗ്യശൃംഖല ശക്തമല്ലാത്തതുകൊണ്ടുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാവില്ല. ആശുപത്രിയിലെത്താന്‍ ഏറെ സമയമെടുക്കും. അതിനുമുമ്പു തന്നെ മരണം വന്നെത്തും. പിന്നെ പതിവ് ഉപചാരങ്ങള്‍. ആത്മഹത്യ ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാ അധികാരികളിലെത്തിക്കണം. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ഒരു ലക്ഷം രൂപക്കുവേണ്ടിയുള്ള എഴുത്തുകുത്തുകള്‍ നടത്തണം. വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതിക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് യവത്മാല്‍ ജില്ലയില്‍, സമിതി പ്രവര്‍ത്തകരാണ് ഇതൊക്കെ ചെയ്യുക. "അല്ലെങ്കില്‍ ആത്മഹത്യകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ ഫയലുകളില്‍ ചുവപ്പുനാടയുടെ കുരുക്ക് വീഴും''-സമിതി പ്രവര്‍ത്തകന്‍ സുരേഷ് ബൊലേന്‍വാര്‍ ഇതുപറയുമ്പോള്‍ ഏറെ മരണങ്ങള്‍ക്ക് സാക്ഷിയാണയാള്‍ എന്ന് മുഖത്തെ നിര്‍വികാരതയില്‍നിന്ന് വായിച്ചെടുക്കാം. ഇരുപത് ഏക്കറില്‍ തലമുറകളായി പരുത്തികൃഷി ചെയ്യുന്ന സുരേഷിന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആന്ധ്രയില്‍നിന്ന് യവത്്മാലിലെ പാണ്ഡര്‍കാവ്ഡയിലേക്ക് കുടിയേറിയതാണ്. വന്‍തുക മുടക്കി കുഴല്‍ക്കിണര്‍ കുഴിച്ച് പരുത്തിപ്പാടങ്ങളില്‍ വെള്ളം പമ്പ് ചെയ്യുന്നതുകൊണ്ടുമാത്രമാണ് ഇയാള്‍ക്ക് തെറ്റില്ലാത്ത വിളവ് കിട്ടുന്നത്. "അതുകൊണ്ടുതന്നെ നഷ്ടം കൂടാതെ കൃഷിനടത്തുന്നു. ആത്മഹത്യ ചെയ്യാത്തതുകൊണ്ട് നിങ്ങളോടിപ്പോള്‍ സംസാരിക്കാനും കഴിയുന്നു.'' സുരേഷ് ബൊലേന്‍വാര്‍ പറയുന്നു.
പാണ്ഡര്‍കാവ്ഡയില്‍ ഏറ്റവുമൊടുവില്‍ ആത്മഹത്യ നടന്നത് എവിടെയാണെന്ന അന്വേഷണത്തിന് 'ഹിവ്റ' എന്നായിരുന്നു സുരേഷിന്റെ മറുപടി. അവിടേക്ക് ഞങ്ങളെ അനുഗമിക്കാനും സുരേഷ് തയ്യാറായി. കിഷോര്‍ തിവാരിയുടെ ശുപാര്‍ശ പ്രകാരം പാണ്ഡര്‍കാവ്ഡയിലെത്തിയവരെ പിണക്കാന്‍ സുരേഷിന് കഴിയില്ല. ഹിവ്റയില്‍ ഒടുവിലത്തെ ആത്മഹത്യയുണ്ടായത് ആഴ്ചകള്‍ക്കു മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ സ്വാതന്ത്ര്യദിനത്തലേന്ന്. ദിലീപ് ഹിരാമന്‍ ചഹാരാണ് ആഗസ്ത് 14 ലെ രക്തസാക്ഷി. രാജ്യം അറുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്താണ് ദിലീപ് ഹിരാമന്‍ ചഹാരെ എന്ന കര്‍ഷകന്റെ ചിതയെ മൂടിയ ചാണക വറളികള്‍ ഹുങ്കാരത്തോടെ എരിഞ്ഞു തീര്‍ന്നത്.
വയലില്‍ പതിവുപോലെ പണിക്ക് പോയ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം പാണ്ഡര്‍കാവ്ഡ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ കാര്യം പറയുമ്പോള്‍ രേഖ ചഹാരെയുടെ കണ്ണില്‍ ഭയപ്പെടുത്തുന്ന ഒരു നിര്‍വികാരതയാണ് ഉണ്ടായിരുന്നത്. പശുത്തൊഴുത്തിനേക്കാള്‍ വൃത്തിഹീനമാണ് അവരുടെ വീട്. പുതിയ വീടിനു കെട്ടിയ തറ കാടുപിടിച്ച് കിടക്കുന്നു. പരുത്തിക്കൃഷി തകര്‍ന്നതോടെ അരപ്പട്ടിണി മുഴുപ്പട്ടിണിയാവാതിരിക്കാന്‍ ഒരേക്കര്‍ പാടത്തിന്റെ പകുതിയില്‍ റൊട്ടിക്കുള്ള ജൊവര്‍ എന്ന ധാന്യം കൃഷി ചെയ്യുകയായിരുന്നു ദീലീപ് ചഹാരെ. കുട്ടികള്‍ പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടു മാത്രം. ബാങ്കില്‍ നിന്നും ബ്ളേഡുപലിശക്കാരില്‍നിന്നും എടുത്ത കടം എങ്ങനെ അടച്ചുതീര്‍ക്കുമെന്ന ആശങ്ക ഒരിക്കല്‍പോലും താനുമായി പങ്കുവെച്ചിരുന്നില്ലെന്ന് രേഖ ചഹാരെ പറയുന്നു. പത്തുവയസ്സുള്ള ശുഭാംഗിയെയും എട്ടുവയസ്സുള്ള വൈശാലിയെയും എങ്ങനെ പുലര്‍ത്തുമെന്ന ചോദ്യത്തിന് അടര്‍ന്നു വീഴുന്ന കണ്ണുനീരിന്റെ സ്ഫടികഗോളങ്ങള്‍ കൊണ്ടാണ് അവര്‍ മറുപടി നല്‍കിയത്.
നാലഞ്ചുവര്‍ഷംകൊണ്ട് വിദര്‍ഭയിലെ കര്‍ഷകര്‍ ചെന്നുചാടിയ കടക്കെണിയുടെയും കോര്‍പറേറ്റ് ചൂഷണത്തിന്റെയും ആഴങ്ങളെക്കുറിച്ച് ആത്മഹത്യകള്‍ നടന്ന ഓരോ ഗ്രാമവും നമ്മെ ബോധ്യപ്പെടുത്തുന്നു. ഹിവ്റ ഗ്രാമത്തില്‍ പത്തുമാസത്തിനുള്ളില്‍ സംഭവിച്ച രണ്ടാമത്തെ ആത്മഹത്യയാണ് ദിലീപ് ചഹാരെയുടേത്. ഛത്തര്‍സിങ് ജാന്‍സിങ് ബിയാസാണ് ഹിവ്റയുടെ ആദ്യരക്തസാക്ഷി. ചഹാരെയുടെ വീടിനടുത്ത് ചാണകവും ഗോമൂത്രവും ഒഴുകിപ്പരക്കുന്ന നാലഞ്ചു കുടിലുകള്‍ക്കപ്പുറമാണ് ഛത്തര്‍സിങ്ങിന്റെ വീട്. നാലേക്കര്‍ വയലില്‍ പണിയെടുക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ വെള്ളമെടുക്കാന്‍ പോയ തക്കത്തിലാണ് ഛത്തര്‍സിങ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി കഴിച്ചത്. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുപ്പതിനായിരം രൂപയുടെ കടം അടച്ചുതീര്‍ക്കാന്‍ കഴിയാതെയാണ് ഈ കര്‍ഷകന്‍ മരണത്തിനു കീഴടങ്ങിയത്. "അച്ഛന്‍ മരിച്ചപ്പോള്‍ കിട്ടിയ ഒരു ലക്ഷം രൂപകൊണ്ട് കടവും പലിശയും അടച്ചു തീര്‍ത്തു. പക്ഷേ ഒമ്പതാംക്ളാസില്‍ മുടങ്ങിയ വിദ്യാഭ്യാസം ഇനി തുടരാന്‍ ആരെങ്കിലും സഹായിക്കുമോ?'' കഞ്ചന്‍ എന്ന പതിനഞ്ചുകാരി ചോദിക്കുമ്പോള്‍ ആര്‍ക്കാണ് ഉത്തരം നല്‍കാനാവുക. മറ്റു കര്‍ഷകരുടെ വയലുകളില്‍ തൊഴിലെടുക്കുന്ന അമ്മയാണ് ഇപ്പോള്‍ ഈ കുടുംബത്തെ പോറ്റുന്നത്.
വിദര്‍ഭയുടെ സമ്പദ്ഘടനയുടെ നട്ടെല്ലായ പരുത്തിക്കൃഷി തകരുമ്പോള്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളുടെ കുത്തൊഴുക്കിലേക്കാണ് പാണ്ഡര്‍കാവ്ഡയിലെ ആദ്യദിവസം ഞങ്ങള്‍ കണ്ണുതുറന്നത്. രേഖാ ചഹാരെയപ്പോലുള്ള ആയിരക്കണക്കിന് യുവവിധവകള്‍. കഞ്ചനെപ്പോലെ വിദ്യാഭ്യാസം മുടങ്ങിയ പെണ്‍കുട്ടികള്‍. ഇവരുടെ ഭാവി ജീവിതത്തിന്റെ ഇനിയുള്ള ഗതി എന്തായിരിക്കും? വിശപ്പ് അസ്വസ്ഥമാക്കുമ്പോള്‍ ഇവര്‍ ഏത് ഇരുള്‍മറയിലാണ് അഭയം തേടുക. 'ഒരു പത്രവാര്‍ത്തയും പരേതാത്മാവിന്റെ നിവേദനവും' എന്ന അശോകന്‍ ചരുവിലിന്റെ കഥയിലെ ആന്ധ്രപ്രദേശിലെ ബെലികൊണ്ട സ്വദേശിനി ജയമംഗലയെയാണ് ഈ യുവതികളെ കണ്ട് മടങ്ങുമ്പോള്‍ ഓര്‍മ വന്നത്. കൈക്കുഞ്ഞായ ചിണ്ടുവുമൊന്നിച്ച് തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ച ജയമംഗലയെ. ജമീന്ദാര്‍മാരുടെ കാമപൂര്‍ത്തിക്കിരയാവേണ്ടിവന്ന ജയമംഗലയെ. പനിവന്ന് മരിച്ച നിലക്കടല കൃഷിക്കാരന്‍ ദാസപ്പയുടെ ഭാര്യ ജയമംഗലയെ. ഈ സ്ത്രീകള്‍ക്കും ജയമംഗലക്കും തമ്മിലെന്തിന് സാമ്യമാരോപിക്കണം?അശുഭചിന്തകളെ നിയന്ത്രിക്കാന്‍ എന്തുകൊണ്ടാണ് മനസ്സിന് കഴിയാത്തത്?
ഹിവ്റ ഗ്രാമം കണ്ട് മടങ്ങും വഴി സുരേഷ് ബൊലേന്‍വാറുടെ പരുത്തി വയല്‍ വിശദമായി കണ്ടു. വയല്‍ക്കരയില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഒരു ചെടിയില്‍ കണ്ണുടക്കി. കതിരില്‍ വെളുത്ത പൂക്കളുള്ള ഒരു കുറ്റിച്ചെടി. അതെന്താണെന്നു ചോദിക്കും മുമ്പ് ബൊലേന്‍വാറുടെ ചിരിച്ചുകൊണ്ടുള്ള മറുപടി:
"അതു ഞങ്ങള്‍ക്കു കിട്ടിയ പുതിയ സമ്മാനമാണ്. ബി ടി വിത്തുകള്‍ വാങ്ങുമ്പോള്‍ സൌജന്യമായി കിട്ടുന്ന കള. ബി ടി വിത്തുകള്‍ക്ക് സഹജമായുള്ള രോഗങ്ങള്‍ക്കു പുറമെയാണ് ഈ കളകള്‍. ഇവയെ നശിപ്പിക്കുക ഒരു പുതിയ വെല്ലുവിളിയാണ്. എന്തുവിഷമാണോ ആവോ?''
"ബി ടി വിത്ത് വിതയ്ക്കും വരെ ഇത്തരം കളകള്‍ ഇവിടെയാരും കണ്ടിട്ടില്ല. ആത്മഹത്യകള്‍ പെരുകിയതും ബി ടി വിത്തുകള്‍ വന്നശേഷമാണ്. മോണ്‍സാന്റോ എന്ന അമേരിക്കന്‍ കമ്പനിയും അവരുടെ ഇന്ത്യന്‍ രൂപമായ മഹികോയും വിറ്റഴിക്കുന്ന വിത്തുകള്‍ വാങ്ങിയാണ് വിദര്‍ഭയിലെ കര്‍ഷകന്‍ മുടിഞ്ഞുപോകുന്നത്.'' ഇതും പറഞ്ഞ് ബൊലേന്‍വാര്‍ ചൂണ്ടിക്കാണിച്ചത് തൊട്ടടുത്ത വയലിലേക്കാണ്. അവിടെ ഒരു മെലിഞ്ഞ മനുഷ്യന്‍ പരുത്തിച്ചെടികള്‍ക്ക് മരുന്നടിക്കുന്നുണ്ട്. "നിങ്ങള്‍ ഇനിയും വിദര്‍ഭയിലേക്ക് വരേണ്ടി വരും. തീര്‍ച്ച. ആത്മഹത്യകളെക്കുറിച്ച് എഴുതാനായിരിക്കില്ല അത്. എന്‍ഡോസള്‍ഫാന്റെ വിഷമേറ്റ് മരിച്ചുവീഴുന്നവരെക്കുറിച്ച് എഴുതാനായിരിക്കും അത്.''
ബൊലേന്‍വാറിന്റെ വാക്കുകള്‍ അറംപറ്റാതിരിക്കട്ടെയെന്ന് കാസര്‍കോട്ടെ പെദ്രയിലെയും സ്വര്‍ഗയിലെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ചിത്രങ്ങള്‍ മനസ്സിലോര്‍ത്തുകൊണ്ട് ഞങ്ങള്‍ പറഞ്ഞു. ഫോട്ടോഗ്രാഫര്‍ ദിലീപ്കുമാറിനായിരുന്നു എന്‍ഡോസള്‍ഫാനെക്കുറിച്ച് അറിയാന്‍ കൂടുതല്‍ ഔത്സുക്യം. കാസര്‍കോട്ടെ ദുരന്തങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട് ദിലീപ്. കാസര്‍കോട്ട് കശുവണ്ടിത്തോട്ടങ്ങളില്‍ ഹെലികോപ്റ്ററിലാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെങ്കില്‍ വിദര്‍ഭയിലെ പരുത്തിത്തോട്ടങ്ങളില്‍ മനുഷ്യര്‍ നേരിട്ടാണ് സ്പ്രേ ചെയ്യുന്നത്. അതും മാസ്കും കൈയുറയുമൊന്നും ധരിക്കാതെ. പരുത്തിച്ചെടിക്കുണ്ടാവുന്ന ലാലിയ രോഗത്തിന് കാരണമാവുന്ന കീടങ്ങളെയും പരുത്തിക്കായ തുരക്കുന്ന ബോള്‍വേമിനെയും തുരത്താനാണ് എന്‍ഡോസള്‍ഫാന്‍.
ബി ടി വിത്തുകള്‍ വിതച്ചാല്‍ ഒരു കീടവും ചെടിയെ ആക്രമിക്കില്ലെന്നായിരുന്നു പ്രചാരണം. എന്നാല്‍ അരക്കിലോ പോലുമില്ലാത്ത വിത്തു പാക്കറ്റ് അറുനൂറും എഴുനൂറും രൂപയ്ക്ക് എല്ലാകൊല്ലവും വാങ്ങുന്ന വിദര്‍ഭയിലെ കര്‍ഷകര്‍ ആയിരക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും കീടനാശിനിക്കായി മുടക്കുന്നത്. നാടന്‍വിത്തുകളും സങ്കരയിനം വിത്തുകളും മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് പാണ്ഡര്‍കാവ്ഡയില്‍ നേരത്തെ നാലോ അഞ്ചോ വിത്തു-കീടനാശിനിക്കടകളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മുപ്പതിലേറെയായി. കൃഷിച്ചെലവിന്റെ സിംഹഭാഗവും അപഹരിക്കുന്നത് വിത്തും കീടനാശിനിയും. പണം മുഴുവന്‍ എത്തുന്നത് അമേരിക്കന്‍-ബ്രിട്ടീഷ് കുത്തകകളുടെ ഖജനാവിലേക്കും.
ഇരുനൂറ് ലിറ്റര്‍ വെള്ളത്തിലാണ് ഒരു ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കലക്കേണ്ടത്. എന്നാല്‍ ഇതൊന്നും ഇവിടുത്തെ കര്‍ഷകര്‍ പാലിക്കാറില്ല. അറിവില്ലായ്മ മാത്രമല്ല കാരണം. എങ്ങനെയെങ്കിലും കീടങ്ങളുടെ ആക്രമണം തടയണം. അതിനാല്‍ ചിലര്‍ ഇരുനൂറ് ലിറ്റര്‍ വെള്ളം എന്ന വ്യവസ്ഥ പാലിക്കാറില്ല. ഇരുപതും മുപ്പതും ലിറ്റര്‍ വെള്ളത്തിലാണ് പ്രയോഗം-ബൊലേന്‍വാര്‍ പറയുന്നു.
ഇപ്പോള്‍ തന്നെ കീടനാശിനി പ്രയോഗം മൂലം ആളുകള്‍ മരിച്ചിട്ടുണ്ടാവാമെന്ന ബൊലേന്‍വാറുടെ അനുമാനം വിശ്വസിക്കാന്‍ അല്‍പ്പം മടിതോന്നി. കീടനാശിനി കൊണ്ടുള്ള മരണം സംബന്ധിച്ച രേഖകള്‍ സമിതിയുടെ കൈവശമുണ്ടോ എന്ന ചോദ്യത്തിനു മുന്നില്‍ അദ്ദേഹം കൈമലര്‍ത്തി. അടുത്തു കണ്ട താലൂക്ക് ആശുപത്രിയില്‍ ചെന്നന്വേഷിച്ചാലോ എന്ന നിര്‍ദേശം ബൊലേന്‍വാറിനും ബോധിച്ചു. അവിടെ ഒരു ഡോക്ടറുണ്ട്. സമിതിയുമായി സഹകരിക്കുന്നയാള്‍. ചോദിക്കാം.
ഡോക്ടര്‍ നിലേഷ് പര്‍ഛാകെക്ക് കേരളത്തില്‍ നിന്ന് വന്ന പത്രക്കാരോട് വിദര്‍ഭയെക്കുറിച്ച് പറയാന്‍ ഏറെ താല്‍പര്യം. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. കീടനാശിനി കുട്ടികളുടെ ജനനവൈകല്യത്തിന് കാരണമാവുന്നുണ്ടെന്നും ഞങ്ങള്‍ പറഞ്ഞത് മനുഷ്യസ്നേഹിയായ ആ ഡോക്ടറെ അസ്വസ്ഥനാക്കി.
കീടനാശിനിയെക്കുറിച്ച് ഡോക്ടര്‍ നിലേഷിന് പറയാന്‍ ഏറെയുണ്ട്. സുരേഷ് പങ്കുവച്ച ആശങ്കകള്‍ ശരിയാണെന്ന് അദ്ദേഹവും പറഞ്ഞു. കീടനാശിനിയുടെ അമിതമായ ഉപയോഗംമൂലം ഗുരുതരമായ രോഗങ്ങളുമായി പലരും വരുന്നുണ്ട്. പലരും മരണാസന്നരുമാണ്. പ്രദേശത്ത് ക്യാന്‍സറും ചര്‍മ രോഗങ്ങളുമുള്ളവരുടെ എണ്ണം നാലഞ്ചു വര്‍ഷമായി വല്ലാതെ കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യപാനാസക്തിയും ആത്മഹത്യാ പ്രവണതയും കൂടിയിട്ടുണ്ട്; എയ്ഡ്സ് ബാധിതരുടെ എണ്ണവും. മദ്യാസക്തിക്കും എയ്ഡ്സ് ബാധക്കും ഈ പ്രദേശത്തെ കാര്‍ഷിക പ്രതിസന്ധിയുമായി പ്രത്യക്ഷബന്ധമുണ്ടെന്നും ഈ ഡോക്ടര്‍ വിശ്വസിക്കുന്നു. പക്ഷേ അതിനു ഉപോല്‍ബലകമായ തെളിവു തരാന്‍ താന്‍ അശക്തനാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളികളാണ് കീടനാശിനി പ്രയോഗത്തിന്റെ ഇരകളില്‍ കൂടുതലും.
കേരളത്തില്‍നിന്നുള്ള ഞങ്ങളോട് തിരിക്കിനിടയിലും ഇത്രയും കാര്യമായി ഡോക്ടര്‍ സംസാരിച്ചതിന് കാരണമുണ്ട്. വര്‍ധ മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ മലയാളിയായി വിനോദ് നായരായിരുന്നു നിലേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വിനോദ് നായര്‍ എന്ന ഡോക്ടറെ അറിയുമോ എന്ന് സംഭാഷണത്തിനിടയില്‍ ചോദിച്ചു. അറിയില്ല, ഏതു നാട്ടുകാരനാണ് അയാള്‍ എന്ന് ആരാഞ്ഞപ്പോള്‍ അതറിയില്ലെന്ന് മറുപടി. പഴയൊരു മൊബൈല്‍ നമ്പറുണ്ട്, ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞ് ഉടന്‍ ഡയല്‍ ചെയ്തു. മറുവശത്ത് വിനോദ് നായരുണ്ട്. സംസാരം തുടങ്ങി. നാട്ടുകാരില്‍ ചിലര്‍ ഇവിടെയുണ്ടെന്ന് ആഹ്ളാദത്തോടെ പറഞ്ഞു. പിന്നെ ഫോണ്‍ കൈമാറി. വിനോദ് നായര്‍ തിരുവല്ലക്കാരനാണ്. അവിടെ ഒരു ക്ളിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നു. നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും വിളിക്കാമെന്ന് ഉറപ്പുകൊടുത്തു. ഈ രണ്ട് ഡോക്ടര്‍മാരുടെ സൌഹൃദം പുതുക്കാന്‍ ഞങ്ങള്‍ നിമിത്തമായി.
എന്‍ഡോസള്‍ഫാന്‍ തളിച്ച പാടങ്ങള്‍ കടന്നെത്തിയത് പച്ചക്കറി കൃഷി ചെയ്യുന്ന വയലുകളിലേക്കാണ്. പോക്കുവെയിലില്‍ ചുവന്നുതുടുത്ത തക്കാളി ശേഖരിക്കുന്ന ആദിവാസി പെണ്‍കുട്ടികളെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്താന്‍ ഫോട്ടോഗ്രാഫറുടെ ആജ്ഞ. ആ കൌമാരക്കാരികളുടെ എണ്ണമിനുപ്പ് ഒട്ടുമില്ലാത്ത മുടിയിഴകള്‍ വെയിലില്‍ സ്വര്‍ണക്കമ്പികളായി തിളങ്ങുകയാണ്. പച്ച പുതച്ച വയലിന്റെ പശ്ചാത്തലത്തില്‍ ഈ പെണ്‍കുട്ടികള്‍ തക്കാളി ശേഖരിക്കുന്ന പടമെടുക്കാന്‍ പോകുന്ന വഴി ഒരു തക്കാളി തിന്നാന്‍ തുടങ്ങിയപ്പോള്‍ അവര്‍തന്നെ തടഞ്ഞു. കെറോജന്‍ എന്ന കീടനാശിനിയാണ് തക്കാളിയില്‍ പൂശുന്നത്. എത്ര നന്നായി കഴുകിയാലും കീടനാശിനിയുടെ അംശം പോവില്ലെന്ന് ബൊലേന്‍വാറുടെ താക്കീത്.
കീടനാശിനി ശരീരത്തിലെമ്പാടും ആയിട്ടുണ്ടാവും. ലോഡ്ജ് മുറിയില്‍ വിസ്തരിച്ച് ഒരു കുളികഴിഞ്ഞിറങ്ങിയപ്പോള്‍ മൊബൈല്‍ റിങ് മുഴങ്ങുന്നു. ലൈനില്‍ സുരേഷ് ബൊലേന്‍വാര്‍. രാത്രിയിലെ ഒരു ബ്രെയ്ക്കിങ് ന്യൂസിനെക്കുറിച്ച് വിവരം തരാനാണ്. കീടനാശിനി സ്പ്രേ ചെയ്ത മൂന്നു പേര്‍ വിവിധ ജില്ലകളില്‍ മരിച്ചുവെന്നാണ് വാര്‍ത്ത. ചികിത്സയിലായിരുന്ന ഇവര്‍ മരിച്ചത് പല ദിവസങ്ങളിലായാണ്. പലയിടത്തുനിന്നായി ശേഖരിച്ച വാര്‍ത്തകള്‍ ഏജന്‍സികള്‍ സമാഹരിച്ചു നല്‍കിയതാണ് ഈ ബ്രേക്കിങ് ന്യൂസ്. ഇനി വിദര്‍ഭയിലേക്ക് വരുന്നത് കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ റിപ്പോര്‍ട് ചെയ്യാനായിരിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി വരുമോ?
പിന്നെയും ആത്മഹത്യ ചെയ്തവരുടെ വീടുകള്‍. എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ കഥകള്‍. ശ്വേതസ്വര്‍ണം എന്നറിയപ്പെട്ട പരുത്തിയുടെ സുവര്‍ണഭൂതകാലത്തിന്റെ അയവിറക്കലുകള്‍. 1972ല്‍ ഒരു ക്വിന്റല്‍ പരുത്തി വിറ്റാല്‍ 15 ഗ്രാം സ്വര്‍ണം വാങ്ങാന്‍ കഴിയുമായിരുന്നു വിദര്‍ഭക്കാര്‍ക്ക്. അതായത് ക്വിന്റല്‍ പരുത്തിക്ക് 340 രൂപയായിരുന്നുവെങ്കില്‍ പത്തു ഗ്രാം സ്വര്‍ണത്തിന് 220 രൂപമാത്രം. 2005ല്‍ 15ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ വിദര്‍ഭക്കാര്‍ക്ക് അഞ്ച് ക്വിന്റല്‍ പരുത്തി വില്‍ക്കണമായിരുന്നു. 2008ലാണെങ്കില്‍ ഒമ്പതു ക്വിന്റലും. 1991ല്‍ നാടന്‍ പരുത്തി വിത്ത് ഒരു കിലോയ്ക്ക് ഒമ്പതു രൂപയായിരുന്നുവെങ്കില്‍ 2004ല്‍ 450 ഗ്രാം ബി ടി പരുത്തി വിത്തിന്റെ പാക്കറ്റിന് 1800 രൂപയായി. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി ലഭിച്ചതോടെ വില 850 ആയി കുറഞ്ഞു. അപ്പോഴേക്കും ഇനി തിരിച്ചുവരാത്ത വിധം പരുത്തിയുടെ നല്ല കാലം അവസാനിച്ചിരുന്നു. കൃഷിച്ചെലവ് കൂടുകയും ജീവിത നിലവാരം തകരുകയും ചെയ്യുന്നതിന്റെയും സംസാരിക്കുന്ന തെളിവാണ് ഈ കണക്കുകള്‍. ഇന്ത്യയിലെ കൃഷിഭൂമിയുടെ അഞ്ച് ശതമാനവും പരുത്തിയാണെന്നതുകൊണ്ടു തന്നെ ബിടി വിത്തുകളുടെയും കീടനാശിനികളുടെയും കുത്തകകള്‍ ഇന്ത്യയെ പരീക്ഷണശാലയാക്കുന്നതില്‍ അത്ഭുതമേതുമില്ല. നമ്മുടെ സര്‍ക്കാരുകളും ഗവേഷണ സ്ഥാപനങ്ങളും ഇത്തരം കോര്‍പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാവുന്നതിന്റെയും ദയനീയ ദൃശ്യമാണ് വിദര്‍ഭയില്‍ കാണുന്നത്.
യവത്മാലില്‍നിന്ന് മുംബൈയിലെത്തിയിട്ടുവേണം നാട്ടിലേക്കു മടങ്ങാന്‍. റോഡു മാര്‍ഗം പോവേണ്ടത് പുതിയ മുംബൈ-പുണെ എക്സ്പ്രസ് വേ വഴി. ദരിദ്രമായ വയലുകളുടെ നടുവിലൂടെ സമ്പന്നതയുടെ തേര് ഉരുളുന്നതു കാണാം എക്സ്പ്രസ് വേയിലൂടെയുള്ള യാത്രയില്‍. വന്‍തുക കപ്പം കൊടുത്ത് എക്സ്പ്രസ് വേയിലൂടെ നിര്‍ത്താതെ ചീറിപ്പായുന്ന കൂറ്റന്‍ കാറുകള്‍. മക്ഡൊണാള്‍ഡ്സിന്റെയും മറ്റും ഫുഡ്കോര്‍ടുകളില്‍ മാത്രമാണ് വാഹനങ്ങള്‍ നിര്‍ത്തുക. കിലോമീറ്ററുകള്‍ നീണ്ട യാത്രയില്‍ ടയര്‍ പൊട്ടി അപകടങ്ങളുണ്ടാവുന്നതും പതിവാണിവിടെ. ഇടയ്ക്ക് ഭയജനകമായ ലോനാവാലയിലെ ചുരങ്ങളും തുരങ്കങ്ങളും.
മുംബൈയില്‍ ഒരു പകല്‍ കഴിച്ചുകൂട്ടണം. അന്ധേരിയില്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കൂട്ടുകാര്‍ കാത്തുനില്‍ക്കുന്നുണ്ട്. ബിജോയിയും സഞ്ജയും. ഒരാളെക്കൂടി കിട്ടാനുണ്ട്. മുംബൈയിലെ പ്രശസ്തമായ ബിസിനസ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍. അയാള്‍ കമലാമില്ലിന്റെ പരിസരത്തുണ്ടാവും. അന്ധേരിയില്‍ നിന്ന് കമലാമില്ലിലേക്ക് ചെറിയ ദൂരമേയുള്ളൂ. എന്നാല്‍ മുംബൈയുടെ നഗരകാന്താരങ്ങളിലൂടെ മൂന്ന് കിലോമീറ്റര്‍ യാത്രപോലും കടുപ്പം. ബാന്ദ്രക്കും വര്‍ളിക്കുമിടയില്‍ കടലില്‍ പണിത പാലത്തിലൂടെയുള്ള യാത്ര ഒരു സ്വപ്നമായിരുന്നു. എന്നാല്‍, വാഹനത്തിരക്കില്‍ ആ സ്വപ്നം പൊലിഞ്ഞു. കമലാ മില്ലില്‍ ചെന്ന് കൂട്ടുകാരനെ കണ്ടു. ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുത്തിരുന്ന കമലാമില്ലിന്റെ സ്ഥാനത്ത് ബഹുരാഷ്ട്രകമ്പനികളുടെ ഓഫീസ് സമുച്ചയങ്ങളാണ്. മില്ലിനോടു ചേര്‍ന്നുള്ള ബസ്സ്റ്റോപ്പില്‍ നിന്ന് അവന്‍ കാറില്‍ കയറുമ്പോള്‍ ഒപ്പമുള്ള ബിജോയിയും സഞ്ജയും പറഞ്ഞു.
"മുംബൈയില്‍ കമലാ എന്ന പേരില്‍ മില്ലുള്ള വിവരം ക്രൈം നന്ദകുമാറും വീരേന്ദ്രകുമാറും അറിയാതിരുന്നത് നന്നായി. അല്ലെങ്കില്‍ സിംഗപ്പുരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായി അവര്‍ അവതരിപ്പിച്ച പിണറായി വിജയന് ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഈ മില്ലിന്റെ ഉടമസ്ഥാവകാശവും ചാര്‍ത്തിക്കൊടുത്തേനേ.''
ബിസിനസ് പത്രത്തിനുവേണ്ടി ഫോട്ടോ എടുത്തു നടക്കുന്ന നീ ഇതുവരെയും വിദര്‍ഭയില്‍ പോയില്ലേ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു:
"ഇക്കാര്യം ഞാന്‍ ഡെസ്ക് യോഗത്തില്‍ എഡിറ്ററോട് ചോദിച്ചതാണ്.അദ്ദേഹം പറഞ്ഞതെന്താണെന്നറിയാമോ. പാവങ്ങള്‍ എന്തുതന്നെയായാലും മരിക്കാനുള്ളവരാണ്. നാമെന്തിന് അവര്‍ക്കു പിന്നാലെ പോവണം, പിന്നെ ഞാന്‍ വിദര്‍ഭ എന്ന് മിണ്ടിയിട്ടേയില്ല.''
ഇവരുമായി വെടിപറഞ്ഞ് നാട്ടിലേക്കുള്ള ട്രെയിനില്‍ മടങ്ങുമ്പോള്‍ കിഷോര്‍ തിവാരി പറഞ്ഞ വാക്കുകളായിരുന്നു മനസ്സില്‍.
"വിദര്‍ഭയില്‍ നടക്കുന്നത് കേരളത്തില്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ? അവിടെ സാമൂഹ്യബോധവും രാഷ്ട്രീയബോധവുമുള്ള ഒരു ജനതയുണ്ട്. പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരുണ്ട്. വയനാട്ടിലെ ആത്മഹത്യകള്‍ സ്വിച്ചിട്ട പോലല്ലേ നിന്നത്. കേരളം ആവിഷ്കരിച്ചതുപോലെ കടാശ്വാസ കമീഷന്‍ നടപ്പാക്കാന്‍ മറ്റേത് സംസ്ഥാനത്തിന് കഴിഞ്ഞു?''
*
എന്‍ എസ് സജിത് ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
7 comments:
ബിസിനസ് പത്രത്തിനുവേണ്ടി ഫോട്ടോ എടുത്തു നടക്കുന്ന നീ ഇതുവരെയും വിദര്‍ഭയില്‍ പോയില്ലേ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു:
"ഇക്കാര്യം ഞാന്‍ ഡെസ്ക് യോഗത്തില്‍ എഡിറ്ററോട് ചോദിച്ചതാണ്.അദ്ദേഹം പറഞ്ഞതെന്താണെന്നറിയാമോ. പാവങ്ങള്‍ എന്തുതന്നെയായാലും മരിക്കാനുള്ളവരാണ്. നാമെന്തിന് അവര്‍ക്കു പിന്നാലെ പോവണം, പിന്നെ ഞാന്‍ വിദര്‍ഭ എന്ന് മിണ്ടിയിട്ടേയില്ല.''
എന്‍ എസ് സജിത് എഴുതുന്നു...
മുംബൈയില്‍ കമലാ എന്ന പേരില്‍ മില്ലുള്ള വിവരം ക്രൈം നന്ദകുമാറും വീരേന്ദ്രകുമാറും അറിയാതിരുന്നത് നന്നായി. അല്ലെങ്കില്‍ സിംഗപ്പുരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായി അവര്‍ അവതരിപ്പിച്ച പിണറായി വിജയന് ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഈ മില്ലിന്റെ ഉടമസ്ഥാവകാശവും ചാര്‍ത്തിക്കൊടുത്തേനേ
സജിത്തേ നീ രക്ഷപ്പെടും.. ഒറപ്പാ നിനക്കു പണിയറിയാം.. വിദര്‍ഭ സ്റ്റോറിയില്‍ പോലും പിണറായി സ്തുതിക്കു വഴി കണ്ടെത്തിയ ആ ബുദ്ധിയുണ്ടല്ലോ അത് തൊഴിലാളി വര്‍ഗത്തിന് എന്നും മുതല്‍ക്കൂട്ടാവും. നമിച്ചു സഗാവേ നമിച്ചു...
"വിദര്‍ഭയില്‍ നടക്കുന്നത് കേരളത്തില്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ? അവിടെ സാമൂഹ്യബോധവും രാഷ്ട്രീയബോധവുമുള്ള ഒരു ജനതയുണ്ട്. "
For this Malayalees should forever be indebted to communist movement. When you have freedom and rights you never know the value of it.
What happens in some states make me wonder what is covering the eyes of the oppressed people there. I compare them with the jews that were led to the smoke chambers, walking like obedient cattle. "Chhiniye khayee ki neno"
Look at Bombay and you can see the impending social conflict. Bombay is waiting for a small spark and awareness to boil over with the rich adn poor divide.
Once i went to a shoe store and sales person was tying my shoelace, it was a horrible experience. Some call it customer care, I do not agree, if an awareness means I do not get the same "service" I am more than happy.
(I know I tend to be offtopic in many of what i comment, but i cannot help it. This is one forum I got to express my views. If I tell these things openly in other channels I am branded and ready to be considered silly)
വീരേന്ദ്രകുമാരിന്റെയും ക്രൈം നന്ദകുമാരിന്റെയും പേര് ഒന്നിച്ച് കന്ടപ്പോള്‍ mirchy.sandwich നെ പോലുള്ളവര്‍ക്ക് കലി തോന്നുക സ്വാഭാവികം
പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങള്‍ തന്നെയാണ് കേരളത്തെ വിദര്‍ഭ ആക്കാതിരിക്കുന്നത്.
അല്ല, ആക്ചുവലി കമല ഇന്റര്‍നാഷണലിനു എന്ത് സംഭവിച്ചു. അതെന്തോ ഡിസ്നി ലാന്‍ഡ് പോലുള്ള സംഭവമല്ലേ ? (!!!) അതിന്റെ പടം കിട്ടുമോ ? ഒരു ട്രഷര്‍ ഹണ്ട് കളിക്കാമായിരുന്നൂ,ന്നൂ,ന്നൂ
"സജിത്തേ നീ രക്ഷപ്പെടും.. ഒറപ്പാ നിനക്കു പണിയറിയാം.. വിദര്‍ഭ സ്റ്റോറിയില്‍ പോലും പിണറായി സ്തുതിക്കു വഴി കണ്ടെത്തിയ ആ ബുദ്ധിയുണ്ടല്ലോ അത് തൊഴിലാളി വര്‍ഗത്തിന് എന്നും മുതല്‍ക്കൂട്ടാവും. നമിച്ചു സഗാവേ നമിച്ചു..."
Very good comment. LOL ... I missed the Pinarayi Sthuthi in the article.
The party Pinarayi is leading is just another party, only advantage is what some people think it stands for, it is just a symbol. Also because there are lot of selfless party workers and martyrs who gave their life believing a dream, a dream some in the party kill everyday. Rajavinekal valiya Rajabhakti. Is it very difficult not to bring Pinarayi into everything?
(From when is Virendra Kumar so chee chee for Sakhakal? You would have been singing sthuthis for Muralidharan and Karunakaram if they joined LDF. You were ready to sing sthuthi for Madani. Party is lead by people ready to create aliance with Deve Gowda, Mulayalam etc.) Your party accepted military use against "maoists", haaaaa... Martyrs will now be proud of Kodiyeri and Pinarayi.
" പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങള്‍ തന്നെയാണ് കേരളത്തെ വിദര്‍ഭ ആക്കാതിരിക്കുന്നത്. "
ഹ ഹ !!
അതൊക്കെ പഴയ കഥ്. അങ്ങ്ങ്ങനെയൊരു കാലമുണ്ടായിരുന്നു, ചങ്ങായീ. ഇപ്പൊ പീണരായിമാര്‍ മുന്പ് പാര്‍ട്ടിക്കു വേണ്ടി ചോര ചിന്തിയവരുടേയുമ് മരിച്ച്വരുടേയും ചിലവില്‍ വിലസുന്നു.
അല്ല സഖാവെ നിങ്ങള്‍ ഇപ്പ്രാവശ്യത്തെ സ്വാശ്രയ കരാര്‍ വയിച്ചോ.
Post a Comment