Sunday, November 15, 2009

ഒരു സയൻസ് ഫിൿഷൻ കഥ

ഒബാമയേക്കാൾ മോശക്കാരായ ഒട്ടേറെ അമേരിക്കൻ പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട് എന്നതറിഞ്ഞിരുന്നുകൊണ്ട് അദ്ദേഹത്തെ വിമർശിക്കുന്നതിൽ എനിക്കേറെ ഖേദമുണ്ട്. അമേരിക്കയിലെ സ്ഥിതിഗതികൾ തികച്ചും തലവേദനപിടിച്ചതാണെന്ന കാര്യം എനിക്കറിയാം. ഇതിന് ഏറ്റവും നല്ല ഒരു ഉദാഹരണം ഇന്നലെ ഗ്രാൻ‌മയിൽ വന്ന റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടനുസരിച്ച് അമേരിക്കൻ കോൺഗ്രസിലെ 237 അംഗങ്ങൾ, അഥവാ 44 % അംഗങ്ങൾ, ദശലക്ഷപ്രഭുക്കളാണ്. ഇതിനർത്ഥം അവരെല്ലാം തിരുത്താനാവാത്തവിധം പിന്തിരിപ്പന്മാർ ആണെന്നല്ല. എന്നാൽ, ചികിത്സാ സൌകര്യങ്ങൾ നിഷേധിക്കപ്പെട്ട, തൊഴിൽ നഷ്ടപ്പെട്ട, അല്ലെങ്കിൽ നിത്യവൃത്തിക്കായി ഒരു തൊഴിൽ തേടി പരക്കം പായുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരായ അമേരിക്കക്കാരുടെ വികാരങ്ങൾ ഉൾക്കൊള്ളുക എന്നത് അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വളരെയേറെ വിഷമകരമാ‍ണ്.

തീർച്ചയായും, ഒബാമ ഒരു ഭിക്ഷക്കാരനല്ല തന്നെ. അദ്ദേഹത്തിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ സമ്പത്തുണ്ട്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ അദ്ദേഹം നന്നായി തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഭാഷാ പ്രാവീണ്യവും വാഗ്‌ധോരണിയും മേധാശക്തിയുമെല്ലാം ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം ഉയർന്നത് തന്നെ. എന്നാൽ ഇതിനേക്കാളൊക്കെ പ്രധാനമാണ് , വംശീയ സമൂഹങ്ങളുള്ള ഒരു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കൻ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു എന്ന വസ്തുത. അതും, തങ്ങൾതന്നെ സൃഷ്ടിച്ച ഒരു വൻ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിനകത്തും ലോകമാകെയും വീശിയടിക്കുമ്പോൾ.

മുതലാളിത്ത വ്യവസ്ഥയും അതിന്റെ വൻ മാധ്യമ സന്നാഹങ്ങളും ചേർന്ന് എതിരഭിപ്രായം പറയുന്നവരെയൊക്കെ അപ്രകാരം ലേബലടിക്കുമെങ്കിലും, ഇത് വെറുമൊരു അമേരിക്കൻ വിരുദ്ധ ജൽ‌പ്പനമല്ല.

അമേരിക്കൻ ജനത വാസ്തവത്തിൽ കുറ്റവാളികളോ തെറ്റുകാരോ അല്ല. തുടർന്നും മുന്നോട്ട് കൊണ്ടു പോകാനാവാത്ത, കൂടുതൽ കൂടുതൽ മോശമാകുവാൻ പോകുന്ന ഒരു വ്യവസ്ഥയുടെ പീഡനം അവർ ഏറ്റുവാങ്ങുകയാണവർ.

തന്റെ ശൈശവ- യൌവന നാളുകളിൽ വംശീയ വിവേചനവും പരിഹാസങ്ങളും അനുഭവിച്ചറിഞ്ഞ സമർത്ഥനും വിപ്ലവകാരിയുമായ ഒബാമ ഇത് മനസ്സിലാക്കുന്നുണ്ട്. എന്നാൽ തന്നെ പഠിപ്പിച്ച് വലുതാക്കിയ വ്യവസ്ഥയോടും, അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് കൈപിടിച്ചുയർത്തിയ അതിന്റെ രീതികളോടും പ്രതിബദ്ധതയുള്ളതിനാൽ മറ്റുള്ളവരിൽ സമ്മർദ്ദം ചെലുത്തനോ, ഭീഷണിപ്പെടുത്താനോ വഞ്ചിക്കാൻ പോലുമോ ഉള്ള പ്രലോഭനങ്ങളെ അതിജീവിക്കാൻ ഒബാമയ്ക്ക് കഴിയില്ല.

അദ്ദേഹമൊരു വർക്കഹോളിക്ക് ആണ്. അടുത്ത എട്ടു ദിവസങ്ങളിൽ അദ്ദേഹം ചെയ്തു തീർക്കാനുദ്ദേശിക്കുന്ന പരിപാടി പോലെയൊന്ന് മറ്റൊരു അമേരിക്കൻ പ്രസിഡന്റും ഒരു പക്ഷെ ചെയ്തിട്ടുണ്ടാവില്ല.

ലഭ്യമായ പരിപാടിയനുസരിച്ച്, അദ്ദേഹം ആദ്യം ചെയ്യുക അലാസ്ക്കയിൽ വ്യാപകമായി പര്യടനം നടത്തുകയും അവിടെ വിന്യസിച്ചിട്ടുള്ള സേനാ വിഭാഗങ്ങളെ അഭിസംബോധന ചെയ്യുകയും ആണ്. തുടർന്ന് ജപ്പാൻ, സിംഗപ്പൂർ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഏഷ്യാ പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ ഫോറം ( APEC) അസോസിയേഷൻ ഓഫ് ഈസ്റ്റ് ഏഷ്യൻ നേഷൻ‌സ് (ASEAN) എന്നിവയുടെ യോഗങ്ങളിൽ സംബന്ധിക്കും. ഉദയ സൂര്യന്റെ നാട്ടിൽ വച്ച് ജപ്പാനീസ് പ്രധാനമന്ത്രിയുമായും അകിഹിതോ ചക്രവർത്തിയുമായും കൂടിക്കാഴ്‌ച നടത്തും. തുടർന്ന് സിങ്കപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രധാന മന്ത്രിമാരുമായും ഇന്തോനേഷ്യൻ പ്രസിഡ്ന്റ് സുശീലോ ബാംബാംഗ്, റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെഡ്‌ഡേവ്, ചൈനീസ് പ്രസിഡന്റ് ഹൂ ജിന്താവോ എന്നിവരുമായും സംഭാഷണം നടത്തും. ഇതു കൂടാതെ ധാരാളം പ്രഭാഷണങ്ങളും പത്ര സമ്മേളനങ്ങളും ഉണ്ടായിരിക്കും. പര്യടനത്തിലുടനീളം അദ്ദേഹം തന്റെ ന്യൂക്ലിയർ ബ്രീഫ് കേസ് കൂടെ കൊണ്ടുപോകും. ഈ ഓട്ടത്തിനിടയിൽ അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഈ വരുന്ന ഡിസംബർ 5 ന് സ്റ്റാർട്ട്-1 ഉടമ്പടി (START-1 Treaty) അവസാനിക്കുകയാണ് . ഒബാമയുടെ പ്രതിരോധ കാര്യ ഉപദേഷ്ടാവ് പറയുന്നത് റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെഡ്‌ഡേവുമായുള്ള ചർച്ചയിൽ പ്രസ്തുത കരാർ തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ്. ലോക സമാധാനത്തെയോ സമ്പദ്‌വ്യവസ്ഥയെയോ കാര്യമായി സ്വാധീനിച്ചില്ലെങ്കിൽ കൂടി ന്യൂക്ലിയർ ആയുധങ്ങളുടെ വൻ ശേഖരത്തിൽ അല്ലറ ചില്ലറ കുറവ് വരുത്താൻ രണ്ടു രാജ്യങ്ങളും തമ്മിൽ ധാ‍രണയാവും എന്നതിൽ സംശയമില്ല.

തന്റെ തിരക്കിട്ട സന്ദർശനങ്ങൾക്കിടയിൽ നമ്മുടെ വിശിഷ്ട സുഹൃത്ത് എന്താവും ചർച്ച ചെയ്യുക? വൈറ്റ് ഹൌസ് ഇതിനകം തന്നെ അവയെന്താവും എന്ന് ഔപചാരികമായി വ്യക്തമാക്കിയിട്ടുണ്ട് : കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പുനരുജ്ജീവനവും, ന്യൂക്ലിയർ നിരായുധീകരണവും അഫ്‌ഗാൻ യുദ്ധവും, ഇറാനിലും വടക്കൻ കൊറിയയിലും ഉണ്ടാകാൻ ഇടയുള്ള യുദ്ധത്തിന്റെ ഭീഷണി- ഇവയൊക്കെയാവും വിഷയങ്ങൾ. അതെ , ഒരു സയൻസ് ഫിൿഷൻ ബുക്ക് രചിക്കാൻ വേണ്ടത്ര മസാല ആയിക്കഴിഞ്ഞു.

ഗ്രീൻ ഹൌസ് വാതകങ്ങളുടെ പുറന്തള്ളലിനെക്കുറിച്ചുള്ള കോപ്പൻ ഹേഗൻ ഉച്ചകോടിയ്ക്ക് മുന്നോടിയായി ബാങ്കോക്കിലും ബാഴ്‌സിലോണയിലും നടന്ന പ്രിപ്പറേറ്ററി മീറ്റിങ്ങുകളിൽ യു എസ് പ്രതിനിധികൾ സ്വീകരിച്ച സമീപനം എല്ലാ വ്യവസായവത്‌കൃത- ധനിക രാഷ്ട്രങ്ങളുടെയും കൂട്ടത്തിൽ ഏറ്റവും പിന്തിരിപ്പനായിരുന്നു. അമേരിക്കൻ ഐക്യനാടുകൾ ക്യോട്ടോ പ്രോട്ടോക്കോളിൽ ഒപ്പു വയ്ക്കാതിരിക്കെ, ആ രാജ്യത്തിലെ അധീശവർഗം ഇക്കാര്യത്തിൽ സഹകരിക്കാൻ തയ്യാറല്ലാതിരിക്കെ, ഒബാമയ്ക്കെങ്ങനെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ കഴിയും?

2008 അവസാനിക്കുമ്പോഴുള്ള കണക്കനുസരിച്ച് അമേരിക്കൻ ഐക്യ നാടുകളുടെ കടം - ഫെഡറൽ സർക്കാരിന്റേയും വിവിധ സംസ്ഥാനങ്ങളുടേയും പ്രാദേശിക ഭരണകൂടങ്ങളുടേയും ബിസിനസ്സിന്റെയും കുടുംബങ്ങളുടേയും എല്ലാം ചേർത്ത്- 57 ട്രില്യൺ ഡോളർ അഥവാ ആ രാജ്യത്തിന്റെ ജി ഡി പി യുടെ 400 ശതമാനത്തിലും അധികമായിരിക്കുന്നു.ആ രാജ്യത്തിന്റെ ബജറ്റ് കമ്മി 2009 സാമ്പത്തിക വർഷത്തിൽ ജി ഡി പി യുടെ 13 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഈ കാര്യങ്ങളൊക്കെ അറിയാവുന്ന ഒബാമയ്ക്ക് മാനവ സമൂഹത്തിലെ ഒരു വലിയ ശതമാനം ഇന്നനുഭവിയ്ക്കുന്ന സാമ്പത്തിക ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിൽ എന്തു സംഭാവന നൽകാൻ കഴിയും?

തന്റെ പരസ്യമായ സംരക്ഷണ നയങ്ങള്‍ (protectionist policies) ചൈനീസ് കയറ്റുമതിയെ നിയന്ത്രിക്കുവാന്‍ ലക്ഷ്യമിടുന്നതായിരിക്കെ, ചൈനയിൽ നിന്ന് മൂന്നാം ലോകരാജ്യങ്ങളിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിയെ ദോഷകരമായി ബാധിക്കുന്നതായ യുവാന്റെ വില കുറയ്ക്കല്‍ എന്തു വിലകൊടുത്തും ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, അദ്ദേഹത്തിന് എന്ത് വാഗ്ദാനമാണ് ഹു ജിന്റാവോയോക്ക് നല്‍കാനുണ്ടാവുക?

ബ്രസീലിയന്‍ ദൈവശാസ്‌ത്രജ്ഞനായ ലിയോനാര്‍ഡോ ബോഫ്, ഇദ്ദേഹം കാള്‍ മാര്‍ക്സിന്റെ ശിഷ്യനല്ലെന്നു മാത്രമല്ല സാമ്രാജ്യത്വവുമായി സഹകരിക്കുവാന്‍ തയ്യാറല്ലാത്ത ലാറ്റിന്‍ അമേരിക്കയിലെ നിരവധി സത്യസന്ധരായ കാത്തോലിക്കാ മതവിശ്വാസികളില്‍ ഒരാളുമാണ്, ഈയിടെ പറയുകയുണ്ടായി, “ നമ്മൾ നമ്മെത്തന്നെയും ജീവിതത്തിന്റെ വൈവിധ്യത്തെയും അപകടപ്പെടുത്തുകയാണ് ” ( we are risking our destruction and the devastation of life's diversity).

“...ലോകത്തിലെ മനുഷ്യരില്‍ പകുതിയോളവും ഇന്ന് ദാരിദ്ര്യത്തില്‍ കഴിയുകയാണ്. ഏറ്റവും സമ്പന്നരായ 20% ഭൂമുഖത്തെ സമ്പത്തിന്റെ 82.49% ഉപഭോഗിക്കുമ്പോള്‍ ദരിദ്രരില്‍ ദരിദ്രരായ 20 ശതമാനം പേര്‍ സമ്പത്തിന്റെ 1.6 ശതമാനം മാത്രം ഉപയോഗിച്ചാണ് ജീവിക്കുന്നത്.“ അദ്ദേഹം എഫ്.എ.ഒ യെ ഉദ്ധരിച്ച് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. “..കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അഭയാര്‍ത്ഥികളുടെ സംഖ്യ .വരും വര്‍ഷങ്ങളില്‍ 15 കോടി മുതല്‍ 20 കോടി വരെ ആകും.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു “പുനരുല്പാദിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ 30 ശതമാനം അധികമായി ഇന്ന് മനുഷ്യവര്‍ഗം ഉപഭോഗം ചെയ്യുന്നുണ്ട്. ഇനിയും ഇത് താങ്ങാന്‍ കഴിയില്ലെന്നതിനുള്ള വ്യക്തമായ എല്ലാ സൂചനകളും ഭൂമി നല്‍കുന്നുമുണ്ട്.”

അദ്ദേഹം പറയുന്നത് വാസ്‌തവമാണ്, പക്ഷേ ഒബാമയും അമേരിക്കന്‍ കോണ്‍ഗ്രസും അതിനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

അദ്ദേഹം നമുക്കായി ഈ അര്‍ദ്ധഗോളത്തില്‍ ബാക്കിവെക്കുന്നത് എന്താണ്? ഹോണ്ടുറാസിലെ ലജ്ജാകരമായ സ്ഥിതിഗതികളും, കൊളമ്പിയയെ തങ്ങളുടെ ഭൂവിഭാഗത്തോട് ചേര്‍ക്കലും. ഇവിടെ അമേരിക്ക ഏഴ് സൈനികത്താവളങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നുമുണ്ട്. 100ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ക്യൂബയിലും സൈനികത്താവളം സ്ഥാപിക്കുകയും, ബലം പ്രയോഗിച്ച് അവ നിലനിര്‍ത്തുകയും ചെയ്തു. ഈ താവളത്തിലാണ് അവര്‍ ലോകമാസകലം കുപ്രസിദ്ധി നേടിയ പീഢനക്യാമ്പുകള്‍ തീര്‍ത്തത്. ഒബാമയ്ക്ക് അവ അടച്ചുപൂട്ടുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഒബാമ അധികാരം വിട്ടൊഴിയുന്നതിനു മുന്‍പ് ലാറ്റിന്‍ അമേരിക്കയില്‍ സാമ്രാജ്യത്തിന്റെ സഖ്യകക്ഷികളായി ആറു മുതല്‍ എട്ടുവരെ വലതുപക്ഷ ഗവര്‍മ്മെണ്ടുകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെത്തന്നെ, അമേരിക്കയിലെ തീവ്രവലതുപക്ഷക്കാര്‍ അദ്ദേഹത്തിന്റെ ഭരണം ഒരു തവണത്തേക്ക് മാത്രമായി ചുരുക്കുവാന്‍ ശ്രമിക്കുകയും ചെയ്യും. വീണ്ടുമൊരിക്കല്‍ക്കൂടി ഒരു നിക്സണോ, ബുഷോ, ചെനിയോ വൈറ്റ്ഹൌസില്‍ ഉണ്ടാകും. അതോടുകൂടി, മയക്കുമരുന്ന് കടത്തലിനെതിരെയുള്ള യുദ്ധത്തിന്റെ മറവില്‍ ദക്ഷിണ അമേരിക്കയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന, ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത (സൈനിക) താവളങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകും. ഈ (മയക്കുമരുന്നു കടത്തലെന്ന) പ്രശ്നമാകട്ടെ ലാറ്റിന്‍ അമേരിക്കയിലെ സംഘടിതരായ കുറ്റകൃത്യ- മയക്കുമരുന്ന് നിര്‍മ്മാണ സംഘങ്ങള്‍ക്ക് അമേരിക്കയില്‍ നിന്നും ലഭിക്കുന്ന ബില്യണ്‍ കണക്കിനു ഡോളറുകള്‍ സൃഷ്ടിച്ചിട്ടുള്ളതുമാണ്.


നീതിയും സാമൂഹികമായ വികസനവും മാത്രമാണ് മയക്കുമരുന്നിനെതിരെ യുദ്ധത്തില്‍ വേണ്ടതെന്ന് ക്യൂബ തെളിയിച്ചിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് ഇത്ര കുറ്റകൃത്യം എന്നതിന്റെ കണക്കെടുത്താല്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് നമ്മുടെ രാജ്യത്തേതായിരിക്കും. അര്‍ദ്ധഗോളത്തിലെ മറ്റൊരു രാജ്യത്തിനും ഇത്രയും കുറഞ്ഞ കുറ്റകൃത്യ നിരക്ക് ചൂണ്ടിക്കാണിക്കാനാവുകയില്ല. ഉപരോധത്തിനിടയിലും നമ്മുടെ രാജ്യത്തെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ഉണ്ടെന്ന് മറ്റൊരു രാജ്യത്തിനു അവകാശപ്പെടാനാവുകയില്ല എന്നതും ഏവര്‍ക്കും അറിയുന്ന കാര്യമാണ്.

സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ ലാറ്റിന്‍ അമേരിക്കന്‍ ജനത പ്രതിരോധിക്കുക തന്നെ ചെയ്യും.

ഒബാമയുടെ പര്യടന പരിപാടി ഒരു സയന്‍സ് ഫിക്ഷന്‍ പോലെ അനുഭവപ്പെടുന്നു.


*

ഫിദല്‍ കാസ്‌ട്രോ എഴുതിയ A Science Fiction Story ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

പ്രസക്തമായ മറ്റൊരു വാര്‍ത്ത കൂട്ടിച്ചേര്‍ക്കുന്നു..

സൈന്യത്തിന്റെ പീഡനം ലോകമറിയുന്നത് അമേരിക്ക തടഞ്ഞു

അമേരിക്കന്‍ സൈന്യത്തിന്റെ തടവില്‍ വിദേശികള്‍ പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പുറംലോകത്തെത്തുന്നത് ഒബാമ ഭരണകൂടം തടഞ്ഞു. ഇത്തരത്തിലുള്ള 44 ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് തടഞ്ഞ് യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഉത്തരവിറക്കി. കോടതിവിധി മറികടക്കാന്‍ യുഎസ് കോണ്‍ഗ്രസില്‍ നിയമനിര്‍മാണം നടത്തിയാണ് ഗേറ്റ്സിന് ഇതിനുള്ള അധികാരം നല്‍കിയത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ സൈനികരുടെ ക്രൂരത വെളിവാക്കുന്ന 21 ചിത്രം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇത് തടയാനായി സര്‍ക്കാര്‍ നിരത്തിയ വാദഗതി കോടതി അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഗേറ്റ്സിന് യുഎസ് കോണ്‍ഗ്രസ് പുതിയ അധികാരം നല്‍കിയത്. ചിത്രങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ഗേറ്റ്സിന് അധികാരം നല്‍കുന്ന നിയമത്തില്‍ കഴിഞ്ഞമാസമാണ് പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചതെന്ന് അധികൃതര്‍ സുപ്രീംകോടതിയെ അറിയിച്ചു. എസിഎല്‍യു ആവശ്യപ്പെട്ട 21 ചിത്രമടക്കം 44 ചിത്രം രഹസ്യമായി സൂക്ഷിക്കാന്‍ ഗേറ്റ്സിന് അധികാരം നല്‍കുന്നതാണ് നിയമം. ഈ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് അമേരിക്കന്‍ പൌരന്മാരെയും സൈന്യത്തെയും വിദേശത്തുള്ള ഉദ്യോഗസ്ഥരെയും അപകടത്തിലാക്കുമെന്നതിനാലാണ് തടയുന്നതെന്ന് ഗേറ്റ്സ് ഉത്തരവില്‍ പറഞ്ഞു.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒബാമയേക്കാള്‍ മോശക്കാരായ ഒട്ടേറെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ട് എന്നതറിഞ്ഞിരുന്നുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ എനിക്കേറെ ഖേദമുണ്ട്. അമേരിക്കയിലെ സ്ഥിതിഗതികള്‍ തികച്ചും തലവേദനപിടിച്ചതാണെന്ന കാര്യം എനിക്കറിയാം. ഇതിന് ഏറ്റവും നല്ല ഒരു ഉദാഹരണം ഇന്നലെ ഗ്രാന്‍‌മയില്‍ വന്ന റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിലെ 237 അംഗങ്ങള്‍, അഥവാ 44 % അംഗങ്ങള്‍, ദശലക്ഷപ്രഭുക്കളാണ്. ഇതിനര്‍ത്ഥം അവരെല്ലാം തിരുത്താനാവാത്തവിധം പിന്തിരിപ്പന്മാര്‍ ആണെന്നല്ല. എന്നാല്‍, ചികിത്സാ സൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ട, തൊഴില്‍ നഷ്ടപ്പെട്ട, അല്ലെങ്കില്‍ നിത്യവൃത്തിക്കായി ഒരു തൊഴില്‍ തേടി പരക്കം പായുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരായ അമേരിക്കക്കാരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുക എന്നത് അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വളരെയേറെ വിഷമകരമാ‍ണ്.

ഫിദല്‍ കാസ്ട്രോ എഴുതുന്നു