Saturday, November 28, 2009

സീരിയൽ ദൈവങ്ങൾ നമ്മോട് പറയുന്നത്

'പണ്ടൊക്കെ ദൈവം വല്ലപ്പോഴും , ഇപ്പോ ദൈവം കൂടെക്കൂടെ' എന്ന പഴഞ്ചൊല്ല് അക്ഷരാര്‍ഥത്തില്‍ സത്യമായി. തൂണിലും തുരുമ്പിലും ഒളിച്ചുപാര്‍ത്ത ദൈവങ്ങള്‍ ഇന്ന് റിമോട്ടിന്റെ ബട്ടണുകളില്‍ മോചനം കാത്ത് കഴിയുന്നു. ഭക്തി ഇന്നൊരു പ്രസ്ഥാനമല്ല. വ്യവസായമാണ്. സോപ്പും അലക്കുപൊടിയും ഗൃഹോപകരണങ്ങളും വിറ്റഴിക്കേണ്ട ബാധ്യതയും സീരിയല്‍ ദൈവങ്ങള്‍ക്കുണ്ട്. പ്രധാന സ്പോണ്‍സറുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് നമ്മുടെ ദൈവങ്ങള്‍. 'വീല്‍ ഭക്തിവന്ദനം ഓം നമഃശിവായ', 'അമൂല്‍ ശ്രീകൃഷ്ണ' എന്നിവയായിരുന്നു ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രത്യക്ഷപ്പെട്ട് ഭക്തരെ പിടികൂടിയ രണ്ട് പുരാണ സീരിയലുകള്‍. ശ്രീമഹാഭാഗവതം, ദേവീ മാഹാത്മ്യം, ആദിപരാശക്തി, ശ്രീ ഗുരുവായൂരപ്പന്‍, വേളാങ്കണ്ണിമാതാവ്, അല്‍ഫോന്‍സാമ്മ, വിഷ്ണുപുരാണം, ജയ് ഹനുമാന്‍ എന്നിവയാണ് മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഭക്തിസീരിയലുകള്‍.

എല്ലാ കണ്ണീര്‍ പരമ്പരകള്‍ക്കുമെന്നപോലെ പുരാണകഥകള്‍ക്കും അകമ്പടിയാകുന്നത് കണ്ണീരും ഭക്തിയും പ്രണയവും പ്രതികാരവും സമാസമം ചേരുവയാകുന്ന ഒരു റസിപ്പിയാണ്.

മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുക എന്നതാണ് പുരാണ സീരിയലുകളുടെ ഗൂഢമായ ഉദ്ദേശ്യം. ഒരു പരിധിവരെ സംവിധായകന്‍ ഇവിടെ വിജയിക്കുന്നുമുണ്ട്. ശിവകാശിയിലെ പോസ്റ്റര്‍ ഡിസൈനര്‍മാര്‍ വരച്ചുവച്ച രൂപമാണ് ഇന്നും നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവങ്ങള്‍ക്ക്. ഈ ആകാരത്തെ അടയാളപ്പെടുത്താന്‍ ഒരു ശരീരം മാത്രം മതി. അത് പ്രശസ്തരോ പുതുമുഖങ്ങളോ ആരുമാകാം. ചപ്ളാംക്കട്ടക്കുപകരം മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്ന നാരദന്‍ നമ്മുടെ സങ്കല്‍പ്പത്തില്‍ ഇന്നുവരെ ഇല്ലാത്തതിനാല്‍ ആകൃതിയിലും പ്രകൃതിയിലും ഒരു പരീക്ഷണം നടത്താന്‍ ഒട്ടും സാധ്യവുമല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന മട്ടിലാണ് പല ഭക്തപരമ്പരകളും.

രാഷ്ട്രഭാഷയില്‍ മാത്രം സംസാരിച്ച് വശമുള്ള ഈശ്വരന്മാര്‍ മലയാളം പറഞ്ഞുതുടങ്ങിയത് ശരാശരി പ്രേക്ഷകരെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിച്ചത്. എംടി കഥാപാത്രങ്ങളെപ്പോലെ വള്ളുവനാടന്‍ ഭാഷയിലേ ദൈവങ്ങളും സംസാരിക്കുന്നുള്ളൂ എന്നത് നമുക്കൊരു പോരായ്മയായി തോന്നിയിട്ടുമില്ല.

ബാലതാരങ്ങളുടെ ശരീരത്തിലേറി എല്ലാ വൃശ്ചികമാസത്തിലും എത്തുന്ന അയ്യപ്പന്‍ പരമ്പരയും ഗുരുവായൂരപ്പന്റെ ബാലലീലകള്‍ കാട്ടുന്ന ശ്രീഗുരുവായൂരപ്പനും ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ആവര്‍ത്തനം എന്നത് ചില ചാനലുകളുടെ അവകാശമായി മാറുമ്പോഴും അതിനെ വേണ്ടതരത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നതാണ് മലയാളി പ്രേക്ഷകന്റെ ദൌര്‍ബല്യങ്ങളിലൊന്ന്.

അരങ്ങില്‍ വീണുമരിക്കണമെന്ന കഥകളി ആശാന്‍മാരുടെ മോഹംപോലെ 'ഈശ്വരനെ കണ്ട് കണ്ണടയ്ക്കണം' എന്നതാണ് ഭക്തമനസ്സുകളുടെ മിനിമം ഡിമാന്‍ഡ്. നിലവിളക്ക് കത്തിച്ചുവച്ചും ആരതി ഉഴിഞ്ഞും ചതുരപ്പെട്ടിയിലെ ഈശ്വരസാന്നിധ്യത്തെ പൂജിക്കുക എന്നത് മലയാളിക്കും ഒട്ടും കുറച്ചിലുണ്ടാക്കുന്ന സംഗതിയല്ല. ദേവീദേവന്മാരുടെ വേഷം കെട്ടുന്ന നടീനടന്മാര്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുണ്ടാകുന്ന ആദരവ് എടുത്ത് പറയേണ്ടതാണ്. അരുണ്‍ഗോവിലും നിതീഷ് ഭരദ്വാജും പുരാണ പരമ്പരകളുടെ പ്രേക്ഷകര്‍ക്ക് സ്‌ക്രീനിനുപുറത്തും വരം കൊടുത്ത് മടുത്തവരാണ്. അയ്യപ്പവേഷം കെട്ടിയ കൌമാരക്കാരനായ കൌഷിക് ബാബുവിനും ഭക്തര്‍ ഇഷ്ടംപോലെ.

ഭഗവല്‍ കഥാപാത്രങ്ങളെ വ്യാഖ്യാനിക്കേണ്ട നടനിലും ദേവാംശമുണ്ടെന്ന തലതെറിച്ച ചിന്തയാണ് പുരാണ സീരിലയുകളുടെ വിജയഘടകം. വേഷപ്രച്ഛന്നനായ ഒരാളിലൂടെ ഭഗവല്‍ സാന്നിധ്യം കാണുന്നതിന്റെ പുതിയൊരു വിജയതലം നമ്മുടെ യജ്ഞാചാര്യന്മാര്‍ പയറ്റി തുടങ്ങി. ക്ഷേത്രങ്ങളിലെ സപ്താഹയജ്ഞവേദികളില്‍ രുഗ്മിണിയും ശ്രീകൃഷ്ണനും രാധയും രാമനും പരശുരാമനുമൊക്കെ ജീവന്‍ വച്ച് വന്നുതുടങ്ങി. ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന ഭക്തി എന്ന സംശുദ്ധിയെ വേഷം കെട്ടിച്ച് പ്രത്യക്ഷമാക്കുന്ന സീരിയല്‍ സംവിധായകരും ചാനലുകളും ലക്ഷ്യം വയ്ക്കുന്നത് വര്‍ഗീയ പ്രീണനം എന്ന തന്ത്രമാണ്. ദൈവങ്ങളോട് വരം ചോദിച്ചുകൊണ്ട് എസ്എംഎസ് സന്ദേശങ്ങള്‍ അയക്കാന്‍ ചാനലുകള്‍ അധികം വൈകാതെ ആവശ്യപ്പെട്ടെന്നുമിരിക്കും.

വലിയ സ്ക്രീനില്‍ പരാജയപ്പെട്ട സംവിധായകരുടെ ഉപജീവനം എന്ന മട്ടിലാണ് ഇപ്പോഴത്തെ ഭക്തി സീരിയലുകള്‍. ഡബ്ബിങ് താരങ്ങളാണ് ഇതിലൂടെ രക്ഷപ്പെട്ട മറ്റൊരു കൂട്ടര്‍. സംഭാഷണപ്രധാനമായ സീനുകള്‍ക്കൊണ്ട് നിറയ്ക്കുകയാണ് ഓരോ എപ്പിസോഡും. ഐതിഹ്യം, പുരാണം എന്നിവയുടെ ദൃശ്യാവിഷ്കാരത്തിന് എഴുത്തുകാരനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യമാണ് തിരക്കഥാകൃത്തിന് ഇവിടെ ലഭിക്കുന്നത്. അമ്മ മാതാവും പിതാവ് പിതാശ്രീയുമാകുന്ന ചെറിയ സൂത്രവാക്യം അറിഞ്ഞിരിക്കണമെന്നുമാത്രം.

ചക്കിനുകെട്ടിയ കാളയെപ്പോലെ എപ്പിസോഡുകള്‍ ഇഴഞ്ഞുനീങ്ങുമെന്ന ദോഷമുണ്ടെങ്കിലും പറയുന്നതെല്ലാം വേദാന്തമാകയാല്‍ ഒരു മതപാഠശാലയിലെന്നപോലെ കേട്ടിരിക്കാം....'എന്തുകൊണ്ടാണ് സ്വാമീ, അസുരനെ വധിക്കാത്തത് ?' എന്ന് ചോദിച്ചാല്‍ അതിന് തക്കതായ ന്യായീകരണമുണ്ട്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങള്‍ക്കും ആയുസ്സിന് നിശ്ചിതപരിധിയുണ്ട്.... സമയമായിട്ടില്ല' ഡാന്‍സ് മാസ്റ്റര്‍മാര്‍ക്ക് സ്പീഡുകൂടിയതോടെ ശിവതാണ്ഡവത്തിന്റെയൊക്കെ ചുവടുതന്നെ മാറിപ്പോയി. ലാച്ചയണിഞ്ഞ് ഐഷാഡോയിട്ട പാര്‍വതിയും കാലം വല്ലാതെ മാറിപ്പോയെന്ന് ഭക്തരെ ഓര്‍മിപ്പിക്കുന്നു.

നാലുംകൂടിയ ഒരു വഴിയില്‍നിന്നുകൊണ്ട് 'ശബ്ദങ്ങളി'ലെ നായകന്‍ ബഷീറിനോട് ചോദിക്കുന്നുണ്ട്. 'ഞാനൊന്ന് ചോദിക്കട്ടെ, ഈശ്വരനുണ്ടോ?' 'വേണമെങ്കില്‍ ഉണ്ട് എന്റെ ഈ 34-ാം വയസ്സില്‍ ഇങ്ങനെയാണ് തോന്നുന്നത്.' ചാനലുകള്‍ മാറ്റുമ്പോള്‍ നമുക്കും തോന്നിപ്പോകുന്നു വേണമെങ്കില്‍ ഈശ്വരനുണ്ട്. അതുകൊണ്ട് വെറുതെ പ്രാര്‍ഥിക്കാം. 'ചാനല്‍ ഈശ്വരോ രക്ഷതു'

***

അനില്‍ വള്ളിക്കോട് , കടപ്പാട് : ദേശാഭിമാനി, സ്‌ത്രീ സപ്ലിമെന്റ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുക എന്നതാണ് പുരാണ സീരിയലുകളുടെ ഗൂഢമായ ഉദ്ദേശ്യം. ഒരു പരിധിവരെ സംവിധായകന്‍ ഇവിടെ വിജയിക്കുന്നുമുണ്ട്. ശിവകാശിയിലെ പോസ്റ്റര്‍ ഡിസൈനര്‍മാര്‍ വരച്ചുവച്ച രൂപമാണ് ഇന്നും നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവങ്ങള്‍ക്ക്. ഈ ആകാരത്തെ അടയാളപ്പെടുത്താന്‍ ഒരു ശരീരം മാത്രം മതി. അത് പ്രശസ്തരോ പുതുമുഖങ്ങളോ ആരുമാകാം. ചപ്ളാംക്കട്ടക്കുപകരം മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്ന നാരദന്‍ നമ്മുടെ സങ്കല്‍പ്പത്തില്‍ ഇന്നുവരെ ഇല്ലാത്തതിനാല്‍ ആകൃതിയിലും പ്രകൃതിയിലും ഒരു പരീക്ഷണം നടത്താന്‍ ഒട്ടും സാധ്യവുമല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന മട്ടിലാണ് പല ഭക്തപരമ്പരകളും.

മുക്കുവന്‍ said...

മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുക എന്നതാണ് പുരാണ സീരിയലുകളുടെ ഗൂഢമായ ഉദ്ദേശ്യം..


well said..

poor-me/പാവം-ഞാന്‍ said...

കെ.കെ.നംബ്യാര്‍ “സ്സാര്‍” മുമ്പ് പാടിയതും ഇതുതന്നേയാണ്..

നിസ്സഹായന്‍ said...

ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ എന്തു ചെയ്യണമെന്നാണ് ഉദ്ദേശ്യം? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാകാനുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഇല്ലാതാകുന്നതുവരെ അവ സമൂഹത്തില്‍ നിലനില്‍ക്കുമെന്നല്ലേ പ്രമാണം. നമുക്ക് കൈയും കെട്ടി നോക്കിയിരിക്കാം.

Anonymous said...

ആഭ്യന്തര മന്ത്റി തലയില്‍ മൂണ്ടിട്ടു പൂമൂടല്‍ നടത്തുന്നു അതില്‍ പിന്നെ വെച്ചടി വെച്ചടി കയറ്റവും ആള്‍ക്കാറ്‍ പിന്നെ ഭഗവതിമാരുടെ പുറകെ പോകാതിരിക്കുന്നതെങ്ങിനെ? ഇവിടെ ആരും ഏതു നിമിഷവും ഗുണ്ടകളാല്‍ കൊല്ലപ്പെടാം ആരുടെ ഭവനവും എപ്പോള്‍ വേണമെങ്കിലും കൊള്ളയടിക്കപ്പെടാം ആരുടെ മാലയും പട്ടാപ്പകല്‍ പിടിച്ചു പറിക്കപ്പെടാം

ഇവിടെ ഉയറ്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നു തകറ്‍ന്നു വീഴുന്നു അപ്പോള്‍ നമ്മള്‍ ഭക്തിയിലേക്കു കൂടുതല്‍ ആകറ്‍ഷിക്കപ്പെടുന്നു പുറമേ നിരീശ്വരവാദി എന്നു പറയുന്നവനും വീട്ടില്‍ പടം വച്ചു പൂജിക്കുന്നു വെള്ളാപ്പള്ളി വീട്ടില്‍ ബ്രാഹ്മണനെ വിളിച്ചു പൂജ നടത്തുന്നു എന്തിനു പോലീസുകാറ്‍ പോലും സ്റ്റേഷനില്‍ കൈക്കൂലി കൂടാന്‍ ദുറ്‍ മന്ത്റവാദം നടത്തുന്നു അങ്ങിനെ അങ്ങിനെ ഈശര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകില്‍ എന്നു ആരും പാടിപ്പോകുന്നു ആസുരമായ ഒരു കാലം മൂല്യച്യുതികള്‍ മാത്റം എവിടെയും

Spark said...

ആരുഷി,
മറവി ഒരനുഗ്രഹമാണ്‌. പക്ഷെ നിങ്ങള്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവരെല്ലാം ക്വാണ്‍ഗ്രസ്സുകാരോ മറവി ശീലമാക്കിയവരോ ആണെന്ന്
കരുതരുത്. ആഭ്യന്തര മന്ത്രിയുടെ ഭാര്യ പോയെന്നായിരുന്നു വ്യാജ വാര്‍ത്ത.
ആ വാര്‍ത്ത നിര്‍മ്മിച്ചവന്‍ പിടിക്കപ്പെട്ടതും മറക്കാറായിട്ടില്ല.