Monday, November 16, 2009

ഉണങ്ങാത്ത മുറിവുകള്‍; അണയാത്ത വാക്കുകള്‍

ദര്‍ശന്‍ കൌര്‍ എന്ന സിഖ് വീട്ടമ്മയുടെ ജീവിതം എന്നന്നേക്കുമായി കണ്ണീരില്‍ മുങ്ങിയത് 1984 നവംബര്‍ രണ്ടിനായിരുന്നു. അന്ന് പുലര്‍ച്ചെയാണ് കൊലക്കത്തികളുമായി ആര്‍പ്പുവിളിച്ചെത്തിയ സംഘം ത്രിലോക് പുരിയിലെ കൌറിന്റെ വീട്ടിനുള്ളില്‍ കടന്നുകയറി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നുതള്ളിയത്. ദര്‍ശന്‍ കൌറിന്റെ ഭര്‍ത്താവടക്കം കുടുംബത്തിലെ 12 പേരെയാണ് അക്രമിക്കൂട്ടം അടിച്ചുകൊന്നത്. അല്‍പ പ്രാണന്‍ ശേഷിച്ചവരെ വലിച്ചിഴച്ച് പുറത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. തന്റെ ഉറ്റവരുടെ പ്രാണന്‍ തീജ്വാലകളില്‍ പിടഞ്ഞമരുന്നത് അര്‍ധബോധാവസ്ഥയില്‍ ദര്‍ശന്‍ കൌര്‍ കണ്ടു. മനുഷ്യരൂപം പൂണ്ടെത്തിയ ചെകുത്താന്‍മാരുടെ കരങ്ങളില്‍നിന്ന് അല്‍പപ്രാണനോടെ രക്ഷപ്പെട്ട ദര്‍ശന്‍ കൌര്‍ ഇന്നും ജീവിച്ചിരിക്കുന്നു.

ഇന്ദിരാവധത്തിനുശേഷം വംശഹത്യയെന്ന ലക്ഷ്യവുമായി ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവുകള്‍ അടക്കിഭരിച്ച കൊലയാളിക്കൂട്ടം മൂന്നുദിവസം കൊണ്ട് ദല്‍ഹിയില്‍ മാത്രം അരിഞ്ഞുതള്ളിയത് മൂവായിരത്തിലേറെ സിഖുകാരെയാണ്. ഇന്ത്യയൊട്ടാകെ ഏഴായിരത്തിലേറെ സിഖുകാര്‍ 'വന്‍മരം' വീണുണ്ടായ ആ ആഘാതത്തില്‍ വെറും 'പുല്‍ക്കൊടികളാ'യി പിടഞ്ഞുമരിച്ചു.

25 വര്‍ഷം കഴിഞ്ഞു. സര്‍ക്കാറുകള്‍ പലതും വന്നുപോയി. സിഖ് തലപ്പാവ് ധരിച്ചവരെയൊക്കെ ചുട്ടെരിച്ചപ്പോള്‍ നിസ്സംഗതയോടെ കണ്ടുനിന്ന അതേ പാര്‍ട്ടി ഇന്ന് രാജ്യം ഭരിക്കുന്നു. ആ വംശഹത്യയുടെ ഇരകളില്‍ ഒരാള്‍ക്കുപോലും നീതി ലഭിച്ചില്ല. അന്ന് കൊലയാളികളെ സിഖ് ഭവനങ്ങളിലേക്ക് വഴി നടത്തിയ പലരും ഇന്നും സ്വതന്ത്രരായി വിഹരിക്കുന്നു, അധികാരത്തിന്റെ ഇടനാഴികളില്‍തന്നെ. ഒറ്റ കുറ്റവാളിയും ശിക്ഷിക്കപ്പെട്ടിട്ടില്ല.

12 ഉറ്റവര്‍ ജീവനുവേണ്ടി കേണു കൊലയാളികളുടെ കാലുപിടിച്ച് ചോരവാര്‍ന്ന് മരിക്കുന്നത് കണ്ടുനിന്ന ദര്‍ശന്‍കൌര്‍ എന്ന ദൌര്‍ഭാഗ്യവതിയായ ആ സ്ത്രീയെ കഴിഞ്ഞയാഴ്ച ഞാന്‍ നേരില്‍കണ്ടു. അവരുടെ മുഖത്ത് കണ്ണീര്‍ചാലുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ആ അരുംകൊലയല്ല, അതിന്റെ ഉത്തരവാദികളില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് ആ സ്ത്രീയുടെ വലിയ വേദന.

ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെ കഴിഞ്ഞ ഏപ്രില്‍ ഏഴിന് തലസ്ഥാനനഗരിയിലെ പത്രസമ്മേളനത്തില്‍ ഷൂ എറിഞ്ഞ സിഖ് പത്രപ്രവര്‍ത്തകന്‍ ജര്‍ണയില്‍സിംഗിനെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. മുഴുവന്‍ സിഖ് രോഷത്തിന്റെയും പ്രതീകമായി തന്റെ എട്ടിഞ്ച് റീബക് ഷൂ ചിദംബരത്തിന്റെ മുഖത്തേക്കിട്ട ജര്‍ണയിലിന്റെ ആദ്യപുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. 'ഐ അക്യുസ് ' (ഞാന്‍ പഴിക്കുന്നു) എന്ന ആ പുസ്തകം പ്രകാശനം ചെയ്തത് ദര്‍ശന്‍ കൌറാണ്.

1984ല്‍ തന്റെ സമുദായം അരുംകൊല ചെയ്യപ്പെട്ട ദിനങ്ങളില്‍ ജര്‍ണയിലിന് കേവലം 11 വയസ്സുമാത്രമായിരുന്നു പ്രായം. പക്ഷേ, അന്നുകണ്ട കാഴ്ചകളുടെ നൊമ്പരങ്ങള്‍ ആ മനസ്സില്‍ കാല്‍നൂറ്റാണ്ടിനിപ്പുറവും ശക്തമാണ്, ഒരു ഭരണകൂടത്തിന്റെ മുഖത്തേക്ക് ചെരിപ്പെറിയാന്‍ തക്കവണ്ണം ദൃഢം.

ആ കലാപനാളുകളില്‍ ദല്‍ഹിയിലും രാജ്യത്തും എന്തു സംഭവിച്ചെന്നതിന്റെ വിവരണമാണ് ജര്‍ണയിലിന്റെ പുസ്തകം. നീതിക്കുവേണ്ടി കാത്തിരിക്കുന്ന ഒരുപാട് അനാഥര്‍, വിധവകള്‍, ഒന്നുറക്കെ കരയാന്‍ പോലുമാവാതെ എരിഞ്ഞമര്‍ന്നവര്‍. 'ഞാന്‍ പഴിക്കുന്നു' പുസ്തകത്തിന്റെ പേജുകളില്‍നിന്ന് അങ്ങനെ ഒരുപാട് ഇരകള്‍ നമ്മുടെ നിയമ-നീതി സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നു. അത്തരമൊരു പുസ്തകം പ്രകാശനം ചെയ്യാന്‍ നമ്മുടെ കേവല രാഷ്‌ട്രീയക്കാരൊന്നും വരാതിരുന്നത് സ്വാഭാവികം. അവരെ ക്ഷണിക്കാതിരുന്നത് ഉചിതവും.

പുസ്തകത്തില്‍ ഒരിടത്ത് ജര്‍ണയില്‍ ഇങ്ങനെ പറയുന്നു: 'ഏഴായിരത്തിലേറെ നിരപരാധികളെ കൊന്നൊടുക്കിയിട്ടും പ്രാഥമികാന്വേഷണം പോലും പലയിടത്തും ഉണ്ടായില്ല. ആരും അറസ്റ്റ് ചെയ്യപ്പെട്ടില്ല. കാല്‍നൂറ്റാണ്ടു മുമ്പത്തെ ആ വംശഹത്യയുടെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ 2002ലെ ഗുജറാത്ത് വംശഹത്യയും 2008ലെ ഒറീസ കൂട്ടക്കൊലയും സംഭവിക്കുമായിരുന്നില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുംവരെ ആ രക്തക്കറയുടെ വേദന മറക്കാന്‍ സിഖ് സമുദായത്തിന് കഴിയില്ല'. നിഷേധിക്കപ്പെട്ട നീതിയുടെ മുഖത്തേക്ക് താനെറിയുന്ന ചെരിപ്പാണ് ഈ പുസ്തകമെന്ന് ജര്‍ണയില്‍ വിശദീകരിക്കുന്നു.

11 വയസ്സുകാരനായിരുന്ന ജര്‍ണയിലിന്റെ ഓര്‍മകളില്‍നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. ദക്ഷിണ ദല്‍ഹിയിലെ ലജ്‌പത്‌നഗറില്‍ പ്രാണഭയത്തോടെ വീടിന്റെ തട്ടിന്‍പുറത്ത് ദിവസങ്ങളോളം മറഞ്ഞിരുന്ന തന്റെ കുടുംബത്തിന്റെ അനുഭവം അദ്ദേഹം വിവരിക്കുന്നു. മുത്തശ്ശി, ജര്‍ണയിലിനെയും ആ മച്ചിന്‍പുറത്ത് ആ ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു. എന്നിട്ടും ജര്‍ണയിലിന്റെ സഹോദരന്‍മാര്‍ ക്രൂരമായി തല്ലിച്ചതക്കപ്പെട്ടു. അമ്മാവന്‍ മൃതപ്രായനായി.

'ഞാനെന്തുകൊണ്ട് ആ ചെരിപ്പെറിഞ്ഞു' എന്ന അധ്യായത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്. അവതാരികയില്‍ ഖുശ്വന്ത് സിങ് എഴുതുന്നു 'ഇനിയും ഉണങ്ങാത്ത മുറിവുകളെ ഈ പുസ്തകം തുറക്കുന്നു. വംശഹത്യകള്‍ ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം.

ഹിന്ദിയിലും പുസ്തകം ഇറങ്ങിയിട്ടുണ്ട്. പഞ്ചാബി പതിപ്പും താമസിയാതെ പുറത്തിറങ്ങും. ജര്‍ണയില്‍ ഇപ്പോള്‍ അതിന്റെ പണിപ്പുരയിലാണ്. 15 വര്‍ഷത്തിനിടെ നിരവധി പ്രമുഖപത്രങ്ങളില്‍ ജോലി ചെയ്ത ജര്‍ണയില്‍സിംഗ് ഇപ്പോള്‍ പത്രത്തൊഴിലാളിയല്ല. 'ദൈനിക് ജാഗര'ന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ജോലിയില്‍നിന്ന് ചെരിപ്പേറു സംഭവത്തോടെ അദ്ദേഹം പുറത്തായി. പക്ഷേ, ആ യുവാവിന്റെ വാക്കുകളിലെയും മനസ്സിലെയും അഗ്നി അണയുന്നില്ല. ആ തീയുടെ ജ്വാല ഈ പുസ്തകത്തില്‍ ആളിപ്പടരുന്നത് കാണാം. (I Accuse... The Anti Sikh Violence of 1984, പെന്‍ഗ്വിന്‍, വില: 350 രൂപ)

ജര്‍ണയിലിന്റെ പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്ത രാത്രി ഞാന്‍ ഒരു കവിത വായിച്ചു. കവിയെ വായനക്കാരറിയും. ലോകപ്രശസ്ത ഉര്‍ദുകവി ഫൈസ് അഹ്മദ് ഫൈസ്. ഇന്ത്യാവിഭജനത്തോടെ പാക്കിസ്താനിലായ അദ്ദേഹം അന്തരിച്ചിട്ട് കാല്‍നൂറ്റാണ്ടായി. പുരോഗമന എഴുത്തുകാരുടെ മുന്‍നിരയിലായിരുന്ന അദ്ദേഹം ഒരു മാര്‍ക്സിസ്റ്റു കവിയായും വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ മികച്ച കവിതകള്‍ ശിവ കെ. കുമാര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചില വരികള്‍ ഇങ്ങനെ:

ശബ്ദിക്കുക,
നിങ്ങളുടെ നാവുകള്‍ ഇനിയും മുദ്രവക്കപ്പെട്ടിട്ടില്ല.
ശബ്ദിക്കുക
വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്കു സ്വന്തമാണ്.
ഉറക്കെപറയുക
ആത്മാവ് ഇപ്പോഴും നിങ്ങള്‍ക്ക് നഷ്ടമായിട്ടില്ല.
പ്രതികരിക്കുക
നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് ഇനിയും ബാക്കിയാണ്.
കാലം കടന്നുപോകും മുമ്പ്
പറയേണ്ടത് പറയുക.
ശരീരവും മനസ്സും കൈമോശം വരും മുമ്പ്
പ്രതികരിക്കുക.
സത്യം ഇനിയും മരിച്ചിട്ടില്ല
അതിനാല്‍ പറയുക
നിങ്ങള്‍ക്ക് ലോകത്തോട്
പറയാനുള്ളത് എന്തായാലും!

*****

നേരക്കുറികള്‍ / ഹുംറ ഖുറൈശി, കടപ്പാട് : മാധ്യമം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ദര്‍ശന്‍ കൌര്‍ എന്ന സിഖ് വീട്ടമ്മയുടെ ജീവിതം എന്നന്നേക്കുമായി കണ്ണീരില്‍ മുങ്ങിയത് 1984 നവംബര്‍ രണ്ടിനായിരുന്നു. അന്ന് പുലര്‍ച്ചെയാണ് കൊലക്കത്തികളുമായി ആര്‍പ്പുവിളിച്ചെത്തിയ സംഘം ത്രിലോക് പുരിയിലെ കൌറിന്റെ വീട്ടിനുള്ളില്‍ കടന്നുകയറി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നുതള്ളിയത്. ദര്‍ശന്‍ കൌറിന്റെ ഭര്‍ത്താവടക്കം കുടുംബത്തിലെ 12 പേരെയാണ് അക്രമിക്കൂട്ടം അടിച്ചുകൊന്നത്. അല്‍പ പ്രാണന്‍ ശേഷിച്ചവരെ വലിച്ചിഴച്ച് പുറത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. തന്റെ ഉറ്റവരുടെ പ്രാണന്‍ തീജ്വാലകളില്‍ പിടഞ്ഞമരുന്നത് അര്‍ധബോധാവസ്ഥയില്‍ ദര്‍ശന്‍ കൌര്‍ കണ്ടു. മനുഷ്യരൂപം പൂണ്ടെത്തിയ ചെകുത്താന്‍മാരുടെ കരങ്ങളില്‍നിന്ന് അല്‍പപ്രാണനോടെ രക്ഷപ്പെട്ട ദര്‍ശന്‍ കൌര്‍ ഇന്നും ജീവിച്ചിരിക്കുന്നു.

simy nazareth said...

നല്ല ലേഖനം. ഫൈസിനെ ഓര്‍മ്മിപ്പിച്ചതും നന്നായി.

Nachiketh said...

There are always tremors when a great tree falls

The Neyork times nov 20 1984


വൻ‌മരങ്ങൾ വീഴുമ്പോൾ പുൽക്കൊടികളെന്ത്..?