Friday, November 27, 2009

സംഘാടനത്തിന്റെ സമകാലിക രാഷ്ട്രീയം

സ്വപ്നവും ഭാവനയും മനുഷ്യന്റെ മാത്രം സവിശേഷതയാണ്. അതിനേക്കാളുപരി സ്വപ്നത്തിലും ഭാവനയിലും കാണുന്നത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്കടമായ ആഗ്രഹവും കഴിവും മനുഷ്യസമൂഹത്തിന്റെ വികാസത്തിന്റെ പ്രധാന ശക്തിസ്രോതസ്സാണ്. ആകാശത്ത് പറവകളെപ്പോലെ പറന്നു നടക്കുന്നതു മുതല്‍ ഭൂമിയില്‍ സമത്വാധിഷ്ഠിതമായ ജീവിതം നയിക്കുന്നതുവരെ മനുഷ്യന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്ത അവന്റെ സ്വപ്നങ്ങള്‍ അനേകമാണ്. ഒരു ആര്‍ക്കിടെക്റ്റ് ഒരു കെട്ടിടം ആദ്യം രൂപകല്പന ചെയ്യുന്നത് സ്വന്തം മനസ്സിലാണ്. അത് പിന്നീട് കടലാസിലേക്ക് പകര്‍ത്തുകയും ഒടുവില്‍ മണ്ണില്‍ പണിതുയര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ധീരവും നൂതനവുമായ സ്വപ്നങ്ങള്‍ കണ്ട മനുഷ്യരുടെ സംഘശക്തിയിലാണ് ലോകം മാറിമറിഞ്ഞിട്ടുള്ളത്. സ്വപ്നം കാണാനുള്ള സര്‍ഗ്ഗാത്മകതയും അവ സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയും സാഗരോര്‍ജ്ജമായി ഇരമ്പുന്ന കാലമാണ് യൌവനം.

പക്ഷേ എന്നിട്ടും എന്തുകൊണ്ട് ആ സര്‍ഗ്ഗാത്മകതയും ഊര്‍ജ്ജവും പ്രയോജനപ്പെടുന്നില്ല?

ഇന്ത്യന്‍ യുവത്വം അഭിമുഖീകരിക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഈ പ്രശ്നത്തിന് ഉത്തരം തേടേണ്ടത്. യുവതയുടെ നിലനില്പ് നമ്മുടെ സമൂഹത്തില്‍ നിന്ന് വിഛേദിക്കപ്പെട്ട, സ്വതന്ത്രമായ ഒരു തലത്തിലല്ല എന്ന തിരിച്ചറിവില്‍ നിന്നുമാത്രമേ യുവസമൂഹത്തെക്കുറിച്ചുള്ള ഏത് അന്വേഷണവും ആരംഭിക്കാനാവൂ.

ചൂഷണത്തില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥയില്‍ സ്വതന്ത്രമായി വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം യുവതീയുവാക്കള്‍ക്കും നിഷേധിക്കപ്പെടുകയാണ്. യുവസമൂഹത്തിന്റെ വികാസത്തിന്റെ പ്രധാന മുന്‍ ഉപാധികള്‍ വിദ്യാഭ്യാസവും തൊഴിലുമാണ്. ഈ രണ്ടു കാര്യങ്ങളിലും ക്രൂരമായ അവഗണനയും നിഷേധവും വിവേചനവുമാണ് നമ്മുടെ യുവസമൂഹത്തിലെ ബഹുഭൂരിപക്ഷവും അഭിമുഖീകരിക്കുന്നത്. ലോകത്ത് ഏറ്റവുമേറെ നിരക്ഷരരുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓര്‍ക്കുക, സ്കൂളില്‍ പോകേണ്ട പ്രായത്തിലുള്ള 70 ദശലക്ഷം കുട്ടികള്‍ സ്കൂളിനുപുറത്താണ് എന്നും അറിയുക. നമ്മുടെ വരും തലമുറയെ കാത്തിരിക്കുന്ന ഭാവി എത്രമാത്രം ഇരുളടഞ്ഞതാണ് എന്ന് ഊഹിക്കാവുന്നതാണല്ലോ. വിദ്യാഭ്യാസത്തിന് ദേശീയ വരുമാനത്തിന്റെ ആറുശതമാനം നീക്കിവെക്കണമെന്ന് കോത്താരി കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് നാലുപതിറ്റാണ്ടു മുമ്പായിരുന്നു. നാലുപതിറ്റാണ്ടിനുശേഷവും ആ ലക്ഷ്യത്തിന്റെ പകുതിപോലും വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിന് അര്‍ഹമായ പ്രായപരിധിയില്‍ വരുന്നവരില്‍ വെറും 6% യുവതീയുവാക്കള്‍ക്കുമാത്രമാണ് അവസരം ലഭിക്കുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്?

രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് ഈ അവസരനിഷേധം. സമ്പത്തും ഭൂമി, മൂലധനം തുടങ്ങിയ സമ്പത്തുല്‍പ്പാദനത്തിന്റെ ഉപാധികളും ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വീണ്ടും വീണ്ടും കൊള്ളലാഭം കൊയ്യാനും തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും ശ്രമിക്കുന്ന ഈ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ് രാഷ്ട്രീയാധികാരവും. ഇന്ത്യയില്‍ സ്വാതന്ത്യ്രാനന്തരം നിലവില്‍ വന്ന ഭരണകൂടങ്ങളെല്ലാം ഈ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളാല്‍ നയിക്കപ്പെട്ടവയാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനം; നിലനില്‍ക്കുന്ന വര്‍ഗ്ഗവാഴ്ചക്കും ഭരണവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കും എതിരാകുമെന്ന ചിന്ത സാര്‍വത്രികവിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായിത്തീരുന്നു. ഭൂപരിഷ്ക്കരണത്തിന്റെ അഭാവത്തില്‍ ജന്മിത്വത്തിന്റെ നുകത്തിനുകീഴില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട ജനസാമാന്യത്തിന് വിദ്യാഭ്യാസം അപ്രാപ്യമായി നിലനില്‍ക്കുകയും ചെയ്യുന്നു.

തൊഴിലിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. കോടിക്കണക്കിന് യുവതീ യുവാക്കള്‍-അഭ്യസ്തവിദ്യരും അല്ലാത്തവരും-രാജ്യത്ത് ഇന്ന് തൊഴില്‍ രഹിതരാണ്. ലാഭാസക്തിയാല്‍ മാത്രം നയിക്കപ്പെടുന്ന കുത്തകമുതലാളിമാര്‍ക്ക് ആവശ്യം; കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികളെയാണ്. കുറഞ്ഞകൂലിക്ക് തൊഴിലാളിയെ കിട്ടാന്‍ തൊഴിലില്ലാപ്പട എന്നും നിലനില്‍ക്കേണ്ടതുണ്ട്. അങ്ങനെയൊരു തൊഴിലില്ലാപ്പട സ്ഥായിയായി നിലനില്‍ക്കാന്‍ ഇടയാക്കുന്ന നയങ്ങള്‍ ഭരണകൂടം പിന്തുടരുന്നു. തൊഴിലില്ലായ്മയും നിലവിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് എന്നര്‍ത്ഥം.

തങ്ങളുടെ ലാഭത്തിലുണ്ടായ ഇടിവിനേയും വളര്‍ച്ചയിലെ മുരടിപ്പിനേയും മറികടക്കാന്‍ ഇന്ത്യയിലെ ഭൂപ്രഭുവര്‍ഗ്ഗവും കുത്തകമുതലാളിമാരും കണ്ടെത്തിയ ഒരു മാര്‍ഗ്ഗം വിദേശ ധനമൂലധനത്തെ (സാമ്രാജ്യത്വത്തെ) കൂടുതലായി ആശ്രയിക്കുക എന്നതാണ്. വിദേശ ധനമൂലധനവുമായുള്ള ശക്തമായ ചങ്ങാത്തത്തിന് തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ ആരംഭമായി. ആഗോള-ഉദാര-സ്വകാര്യവല്‍ക്കരണ നയങ്ങളിലേക്കുള്ള ചുവടുമാറ്റം ഇതിന്റെ ഫലമാണ്. ഇതിന്റെ പ്രയോജനം ഇന്ത്യന്‍ ഭൂപ്രഭുക്കള്‍ക്കും കുത്തകമുതലാളിമാര്‍ക്കും ധനികവര്‍ഗ്ഗങ്ങള്‍ക്കും ലഭിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ അമ്പരപ്പിക്കുന്ന വര്‍ദ്ധന ഉദാഹരമാണ്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ ഇന്ന് ലോകത്ത് നാലാമതാണ്. ഏഷ്യയില്‍ ജപ്പാനെ പിന്തള്ളി ഒന്നാമതും! ഈ ശതകോടിശ്വരന്മാരുടെ ആസ്തികള്‍ ഊഹിക്കാനാവാത്തത്ര പെരുകിയിരിക്കുന്നു. ഇവരുടെ നേതൃത്വത്തില്‍ ആഗോള ഉദാരവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കളായ ഒരു സമ്പന്നവര്‍ഗ്ഗം ഉയര്‍ന്നുവന്നിരിക്കുന്നു. പൊതുമേഖലയും പൊതുആസ്തികളും കയ്യടക്കിയും ഭരണകൂടത്തിന്റെ ആനുകൂല്യങ്ങളും ഇളവുകളും നിര്‍ലോഭം കൈപ്പറ്റിയുമാണ് ഇവര്‍ വളര്‍ന്നു കൊഴുത്തിരിക്കുന്നത്. മറുവശത്ത് സാമാന്യജനതയുടെ ജീവിതം വിവരിക്കാനാവാത്തവിധം ദുരിതം നിറഞ്ഞതായി. 77 കോടി മനുഷ്യര്‍ ജീവിക്കുന്നത് പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനത്തിലാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷവാര്‍ഷിക ഭക്ഷ്യധാന്യലഭ്യത (ആളൊന്നിന് വര്‍ഷത്തില്‍ കിട്ടുന്നത്) 160 കിലോഗ്രാമാണ്. രണ്ടാം ലോകയുദ്ധത്തിന്റേയും 1943 ലെ ബംഗാള്‍ ക്ഷാമത്തിന്റേയും കാലത്തേതിന് സമാനമായ സ്ഥിതിയാണിത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴിത് 180 കിലോഗ്രാം ആയിരുന്നുവെന്നും ഓര്‍മ്മിക്കുക. ലക്ഷക്കണക്കിന് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ഓരോ അരമണിക്കൂറിലും ഒരു കൃഷിക്കാരന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്.

ഒരു ഭാഗത്ത് സമ്പന്ന ന്യൂനപക്ഷം വരുമാനവും സമ്പത്തും കുന്നുകൂട്ടി ധാരാളിത്തത്തില്‍ അഭിരമിക്കുമ്പോള്‍, മറുഭാഗത്ത് സാധാരണ മനുഷ്യരുടെ ജീവിതം പതിറ്റാണ്ടുകള്‍ക്കുമുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് അധ:പതിക്കുന്നു. ഈ ഭയാനകമായ അസമത്വത്തിന്റെ ഇരകളായി ജീവിതം കൈവിട്ടുപോകുന്നവരാണ് ഇന്ത്യയിലെ യുവസമൂഹം. ആഗോളവല്‍ക്കരണനയങ്ങള്‍ സമ്പന്നര്‍ക്കനുകൂലവും ദരിദ്രഭൂരിപക്ഷത്തിനെതിരുമാണ്. വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്‍വാങ്ങല്‍ ആ നയങ്ങളുടെ ഭാഗമാണ്. പണം മുടക്കാന്‍ കഴിയുന്നവര്‍ക്കുമാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുകയും വില നല്‍കാന്‍ കഴിയാത്തവര്‍ക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. തൊഴില്‍ ദായകന്‍ എന്ന ചുമതല സര്‍ക്കാരുകള്‍ കയ്യൊഴിയുകയും മുതല്‍മുടക്കുന്നവര്‍ക്ക് അനുകൂലമായി സര്‍ക്കാരുകള്‍ മുതല്‍ നീതിപീഠങ്ങള്‍ വരെ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. തൊഴിലാളിയെ എപ്പോഴും പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യം മുതല്‍ മുടക്കുന്നവര്‍ക്ക് ലഭ്യമായിരിക്കുന്നു.

ഇതേ നവലിബറല്‍ നയങ്ങളുടെ ഫലമായുണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം തൊഴിലില്ലായ്മയേയും ജീവിതതകര്‍ച്ചയേയും കൂടുതല്‍ രൂക്ഷമാക്കി. ഐ ടി മുതല്‍ പരമ്പരാഗത വ്യവസായമേഖലയില്‍ വരെ പണിയെടുത്തിരുന്ന ലക്ഷങ്ങള്‍ തൊഴില്‍ രഹിതരായി. പ്രവാസികള്‍ തൊഴില്‍ രഹിതരായി തിരിച്ചുവരുന്നു. കാര്‍ഷികപ്രതിസന്ധി കോടിക്കണക്കിന് മനുഷ്യരെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടു. എന്നിട്ടും നയങ്ങളില്‍ മാറ്റമില്ല. അനുഭവങ്ങളില്‍ നിന്ന് ഒരു പാഠവും പുതിയ യു പി എ സര്‍ക്കാര്‍ പഠിക്കുന്നില്ല. ജനകോടികളുടെ ജീവിതദുരിതത്തിന്റെ പാരാവാരം അവരെ അലട്ടുന്നില്ല. ഭക്ഷ്യധാന്യസംഭരണവും പൊതുവിതരണവും അട്ടിമറിക്കുന്നു. ഇതു രണ്ടും സ്വകാര്യമൂലധനശക്തികളുടെ സ്വൈരവിഹാരത്തിനായി വിട്ടുകൊടുക്കുന്നു. ഊഹക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അനിയന്ത്രിതമായ സാഹചര്യങ്ങള്‍ അനുവദിക്കപ്പെടുന്നു. ആളിപ്പടരുന്ന വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രാജ്യത്തെ വറുതിലേക്ക് നയിക്കുന്നു. അപ്പോഴും പക്ഷേ വറുതിയിലേക്ക് നയിച്ച നയങ്ങളില്‍ പുനരാലോചനയില്ല.

നീതികരിക്കാനാവാത്ത ഈ സാമൂഹികക്രമവും നിര്‍ദ്ദയമായ ചൂഷണവും അസമത്വവും യുവസമൂഹത്തില്‍ വലിയൊരു വിഭാഗത്തിന്റെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുംമേല്‍ ഇരുള്‍പടര്‍ത്തുന്നുണ്ട്. അഗാധമായ നിരാശയിലും ഇച്ഛാഭംഗത്തിലും അഗ്നിപര്‍വ്വത സമാനമായ അസംതൃപ്തിയിലും ഉരുകുന്ന ഒരു യുവത വഴിപിഴച്ചാല്‍ അത്ഭുതമുണ്ടോ? യുവസമൂഹത്തിന്റെ അസംതൃപ്തിയെ മുതലെടുക്കാന്‍ ഛിദ്രശക്തികള്‍ രംഗത്തുവരുന്നു. ലോകത്ത് എല്ലായിടത്തും എല്ലാക്കാലത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മുപ്പതുകളിലെ നാസിജര്‍മ്മനിയും ഇറ്റലിയുമെല്ലാം ഉദാഹരണങ്ങള്‍. ഇടതുപക്ഷതീവ്രവാദികളും വര്‍ഗ്ഗീയശക്തികളും മതതീവ്രവാദികളുമെല്ലാം പെറ്റുപെരുകുന്ന സാമൂഹിക സാഹചര്യമിതാണ്. ചോരമരവിപ്പിക്കുന്ന കൂട്ടക്കൊലകളും ക്രൂരതകളും മാത്രം മുഖമുദ്രയാക്കിയ മാവോയിസ്റ്റുകളുടേയും ഗുജറാത്തിലും മറ്റും വംശീയ ഉന്മൂലനത്തിന്റെ രീതിശാസ്ത്രം നടപ്പിലാക്കുന്ന സംഘപരിവാറിന്റേയും ജിഹാദിന്റെ പേരില്‍ നിരപരാധികളെ കൊന്നുരസിക്കുന്ന തീവ്രവാദി സംഘങ്ങളുടേയും പിഴച്ച അണികളിലെ മുഖ്യവിഭാഗം ചോരത്തിളപ്പുള്ള അസംതൃപ്തയുവത്വമാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് കാണാതിരിക്കാനാവുക? നമ്മുടെ യുവസമൂഹം അസംതൃപ്തരാണെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും തന്നെ സമ്മതിക്കുന്നു. എങ്ങനെയാണ് അവര്‍ അസംതൃപ്തരായിത്തീര്‍ന്നത്? എന്തുകൊണ്ടാണ് അവര്‍ അപഥസഞ്ചാരികളായത്? അസംതൃപ്തയുവത്വം അനീതിയില്‍ മാത്രം അധിഷ്ഠിടതമായ ഈ സാമൂഹികക്രമത്തിന്റെ സൃഷ്ടിയാണ്. നാടിനു മുതല്‍ക്കൂട്ടാകേണ്ട നമ്മുടെ യുവതയെ തീവ്രവാദികളും ഗുണ്ടകളും കൊലയാളികളുമാക്കിത്തീര്‍ക്കുന്നത് ഈ വ്യവസ്ഥയുടേയും നയങ്ങളുടേയും നടത്തിപ്പുകാരും വക്താക്കളുമാണ്.

യുവതയുടെ തിരിച്ചറിവും മാറ്റത്തിനുള്ള അഭിവാഞ്ഛയും ഭയപ്പെടുന്ന ശക്തികള്‍ അവരുടെ രോഷത്തെ തെറ്റായവഴിയിലേക്ക് ബോധപൂര്‍വ്വം തന്നെ നയിക്കുന്നു. ജനവിരുദ്ധവും സാമൂഹികവിരുദ്ധവുമായ മൂല്യബോധത്തിന്റേയും സംസ്കാരത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും തടവുകാരാക്കിമാറ്റുന്നു. ആരോടും ഉത്തരവാദിത്തമില്ലാത്ത ഒരു അനീതിയോടും കലഹിക്കാത്ത അരാഷ്ട്രീയതയുടെ അനുചരന്മാരും തന്‍കാര്യം നോക്കികളുമാക്കുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു അരാഷ്ട്രീയ യുവസമൂഹം തീവ്രവാദികളേയും വര്‍ഗ്ഗീയവാദികളേയും ഗുണ്ടകളേയുമല്ലാതെ മറ്റാരെയാണ് നമുക്ക് സമ്മാനിക്കുക? ഉപഭോഗതൃഷ്ണയിലും വ്യക്തിവാദത്തിലും കരിയറിസത്തിലും പ്രകടമാകുന്ന മുതലാളിത്ത സംസ്കാരത്തിന്റെ ഉദാരവല്‍ക്കരിക്കപ്പെട്ട ജീര്‍ണ്ണത ഇന്നത്തെ യുവത്വത്തിന് അശ്ളീലതയുടേയും അരാജകത്വത്തിന്റേയും ഇരുണ്ട അധമമാര്‍ഗ്ഗമല്ലാതെ മറ്റെന്തു സാംസ്കാരിക വെളിച്ചമാണ് നല്‍കുക?

പക്ഷേ ഇതിനര്‍ത്ഥം എല്ലാ പ്രതീക്ഷകളും നശിച്ചു എന്നതല്ല. വിഷാദാത്മകമായ പിന്‍വാങ്ങലല്ല വിചാരപൂര്‍ണ്ണമായ മുന്നൊരുക്കങ്ങളിലൂടെയുള്ള ഇടപെടലുകളാണ് ഇന്നാവശ്യം. മുമ്പിലുള്ള അനന്തമായ സാദ്ധ്യതകള്‍ കാണാനും വിനിയോഗിക്കാനുമാവണം. ഇന്ത്യയിലെ ജനസംഖ്യയില്‍ 54% പേര്‍ 25 വയസ്സില്‍ താഴെപ്രായമുള്ളവരാണ്. യുവത്വം തുളുമ്പുന്ന ഒരു ജനതയാണ് നമ്മുടേത് എന്നര്‍ത്ഥം. മുന്നേറ്റത്തിനുതകുന്ന മനുഷ്യവിഭവശേഷിയുടെ ഒരു മഹാറിസര്‍വോയറാണിത്. ആ റിസര്‍വോയറില്‍ അണകെട്ടിനിര്‍ത്തിയ മനുഷ്യ ഊര്‍ജ്ജത്തിന്റെ മഹാശക്തിയെ ശരിയായി വിനിയോഗിക്കാനായാല്‍ മാറ്റത്തിന്റെ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ഈ മനുഷ്യവിഭവശേഷിക്ക് ആശയവ്യക്തതയോടെയുള്ള ദിശാബോധവും സംഘടനയുടെ അച്ചടക്കത്തിലധിഷ്ഠിതമായ ഉള്‍ക്കരുത്തും ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള ശാസ്ത്രീയമായ ശിക്ഷണവും നല്‍കണം. ഇതുവരെ ആരും സമീപിച്ചിട്ടില്ലാത്തവരെ സമീപിക്കണം. ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങള്‍ ഏറ്റെടുക്കണം. അസംഘടിതരായവരെ സംഘടിപ്പിക്കണം. സമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പുറമ്പോക്കില്‍ കഴിയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ യുവസമൂഹത്തിലേക്കിറങ്ങിച്ചെല്ലുന്ന പുതുവഴികള്‍ വെട്ടിത്തുറക്കണം. തീര്‍ച്ചയായും ലളിതമല്ല, സങ്കീര്‍ണ്ണമാണ് കടമകള്‍. അനായാസമല്ല ദുഷ്കരമാണ് ദൌത്യം. അതിന് പ്രാപ്തരാകാന്‍ സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനുമുള്ള ഇച്ഛാശക്തിയും സിദ്ധാന്തത്തേയും പ്രയോഗത്തേയും സമന്വയിപ്പിക്കാനുള്ള സര്‍ഗ്ഗാത്മകതയും സമൂര്‍ത്തസാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്ത് ഇടപെടാന്‍ കഴിയുന്ന പ്രത്യയശാസ്ത്ര അവഗാഹവും വേണം. 'സംഘടന കലയും ശാസ്ത്രവുമാണ്'എന്ന് ലെനിന്‍ പറയുന്നതിനര്‍ത്ഥം ഇതാണ്.

*
എം ബി രാജേഷ് യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വപ്നവും ഭാവനയും മനുഷ്യന്റെ മാത്രം സവിശേഷതയാണ്. അതിനേക്കാളുപരി സ്വപ്നത്തിലും ഭാവനയിലും കാണുന്നത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്കടമായ ആഗ്രഹവും കഴിവും മനുഷ്യസമൂഹത്തിന്റെ വികാസത്തിന്റെ പ്രധാന ശക്തിസ്രോതസ്സാണ്. ആകാശത്ത് പറവകളെപ്പോലെ പറന്നു നടക്കുന്നതു മുതല്‍ ഭൂമിയില്‍ സമത്വാധിഷ്ഠിതമായ ജീവിതം നയിക്കുന്നതുവരെ മനുഷ്യന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്ത അവന്റെ സ്വപ്നങ്ങള്‍ അനേകമാണ്. ഒരു ആര്‍ക്കിടെക്റ്റ് ഒരു കെട്ടിടം ആദ്യം രൂപകല്പന ചെയ്യുന്നത് സ്വന്തം മനസ്സിലാണ്. അത് പിന്നീട് കടലാസിലേക്ക് പകര്‍ത്തുകയും ഒടുവില്‍ മണ്ണില്‍ പണിതുയര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ധീരവും നൂതനവുമായ സ്വപ്നങ്ങള്‍ കണ്ട മനുഷ്യരുടെ സംഘശക്തിയിലാണ് ലോകം മാറിമറിഞ്ഞിട്ടുള്ളത്. സ്വപ്നം കാണാനുള്ള സര്‍ഗ്ഗാത്മകതയും അവ സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയും സാഗരോര്‍ജ്ജമായി ഇരമ്പുന്ന കാലമാണ് യൌവനം.

പക്ഷേ എന്നിട്ടും എന്തുകൊണ്ട് ആ സര്‍ഗ്ഗാത്മകതയും ഊര്‍ജ്ജവും പ്രയോജനപ്പെടുന്നില്ല?

ഇന്ത്യന്‍ യുവത്വം അഭിമുഖീകരിക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഈ പ്രശ്നത്തിന് ഉത്തരം തേടേണ്ടത്. യുവതയുടെ നിലനില്പ് നമ്മുടെ സമൂഹത്തില്‍ നിന്ന് വിഛേദിക്കപ്പെട്ട, സ്വതന്ത്രമായ ഒരു തലത്തിലല്ല എന്ന തിരിച്ചറിവില്‍ നിന്നുമാത്രമേ യുവസമൂഹത്തെക്കുറിച്ചുള്ള ഏത് അന്വേഷണവും ആരംഭിക്കാനാവൂ.