Saturday, November 7, 2009

പൊതു-സ്വകാര്യമേഖലകള്‍ ഇടതുപരിപ്രേക്ഷ്യം

വിലകള്‍ കുതിച്ചുയരുന്നു.. വിലക്കയറ്റവിരുദ്ധ പോരാട്ടങ്ങളില്ല...കര്‍ഷക ആത്മഹത്യകളുണ്ട് .. കര്‍ഷക സമരങ്ങളില്ല.... *

1950 കളുടെ തുടക്കത്തില്‍, അന്നത്തെ ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കല്‍ക്കത്തയിലെ ട്രാം യാത്രാനിരക്ക് ഒരു പൈസ വര്‍ദ്ധിപ്പിച്ചതിനെതിരെ ശക്തമായ സമരം നടത്തുകയും വര്‍ദ്ധനവ് പിന്‍വലിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അറുപതുകളില്‍, അഹല്യ രംഗനേക്കറെയും മൃണാള്‍ ഗോറെയെയും പോലുള്ള നേതാക്കള്‍, വിലക്കയറ്റത്തിനെതിരെ ഉഗ്ര സമരം നയിച്ചിരുന്നു. ഒഴിഞ്ഞ പാത്രങ്ങളുമായി, അന്ന്, വീട്ടമ്മമാര്‍ തെരുവിലിറങ്ങിയിരുന്നു. വിലകള്‍ കുതിച്ചുയര്‍ന്നപ്പോള്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം ചോര്‍ന്നു പോയതിനെ തുടര്‍ന്ന്, വിലക്കയറ്റത്തിന്റെ ഈ കാലഘട്ടം നിരവധി സമര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ആ പോരാട്ടങ്ങള്‍ അവസാനം, 1974ലെ വമ്പിച്ച റെയില്‍വെ പണിമുടക്കിലായിരുന്നു എത്തിച്ചേര്‍ന്നത്. വ്യാപാര നിബന്ധനകള്‍, കര്‍ഷക ജനതയ്ക്കെതിരായി മാറിയതിനെ തുടര്‍ന്ന്, എഴുപതുകളുടെ മധ്യം മുതല്‍, ഡല്‍ഹിയിലെ ബോട്ട് ക്ളബ്ബില്‍ അരങ്ങേറിയ അത്യുഗ്രന്‍ റാലികളടങ്ങിയ പ്രതിഷേധം മെച്ചപ്പെട്ട വിലയ്ക്ക് വേണ്ടി കര്‍ഷകരുടെ ഭാഗത്തു നിന്നുണ്ടായി. ചുരുക്കത്തില്‍, സ്വാതന്ത്ര്യാനന്തരമുള്ള നിരവധി ദശകങ്ങളില്‍ പരസ്യമായ പ്രതിഷേധത്തിലൂടെയുള്ള ജനരോഷത്തിന്റെ പ്രകടനങ്ങള്‍ തികച്ചും ഒരു സാധാരണ പ്രക്രിയയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകവുമായിരുന്നു. സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്യവും ഇതുതന്നെയാണ്. പാര്‍ലിമെന്ററി - പാര്‍ലിമെന്റേതര പ്രവര്‍ത്തനങ്ങളെ സമ്മേളിപ്പിച്ചുകൊണ്ടുള്ള പോരാട്ടം. തീര്‍ച്ചയായും പാര്‍ലമെന്റേതരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം ഉയര്‍ത്തല്‍ തന്നെയാണ്.

വര്‍ത്തമാനകാല അവസ്ഥയും ഏറെ വ്യത്യസ്തമല്ല. വിലകള്‍ കുതിച്ചുയരുകയാണ്. ദല്‍ഹിയില്‍, ഓഗസ്റ്റ് മദ്ധ്യത്തില്‍ ഒരു കിലോ തുവരപ്പരിപ്പിന് 90 രൂപയില്‍ കൂടുതലാണ് വില. തിരഞ്ഞെടുപ്പ്കാലത്ത് 60 രൂപയായിരുന്നു. ആഗസ്റ്റ് മാസത്തില്‍ മാത്രം അരിയുടെ വിലയില്‍ 16% വര്‍ദ്ധനവാണുണ്ടായത്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. എന്നിട്ടും കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരെ തെരുവില്‍ ഒരു പ്രതിഷേധം പോലുമില്ല. സമീപകാലത്ത് തൊഴിലാളി വര്‍ഗ്ഗത്തിന് ഏറെ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പണിമുടക്കമെന്നത്, ചുരുക്കം ചില അപവാദങ്ങളൊഴികെ, ഒന്നോരണ്ടോ ദിവസത്തെ സൂചനാ പണിമുടക്കിലൊതുങ്ങുകയാണ്. മഹത്തായ തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും റാലികളുമൊക്കെ പഴയകാല സ്മരണകളായി മാറിയിരിക്കുന്നു. തീര്‍ച്ചയായും സെസ്സിനെതിരെയോ രാജസ്ഥാനിലെയോ ആന്ധ്രയിലെയോ ചില പ്രാദേശിക പ്രശ്നങ്ങള്‍ക്കെതിരെയോ ഉണ്ടാകുന്ന പ്രാദേശിക പ്രസ്ഥാനങ്ങളൊഴികെ, കാര്‍ഷിക പ്രതിസന്ധിയുടെ ഈ കാലഘട്ടം മുഴുവന്‍ കര്‍ഷക സമരങ്ങള്‍ക്കുപകരം കര്‍ഷക ആത്മഹത്യകള്‍ കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ഉണ്ട്. പക്ഷെ, അവ മുന്‍കാലങ്ങളിലെ പ്രസ്ഥാനങ്ങളുടെ മാനം കൈവരിക്കുന്നില്ല. എന്തുകൊണ്ട് ഈ വ്യത്യാസം എന്നതാണ് ചോദ്യം?

സോഷ്യലിസ്റ്റ് തകര്‍ച്ച പോരാട്ടങ്ങളെ തളര്‍ത്തിയോ?

വളരെ പെട്ടെന്നു തന്നെ, സാദ്ധ്യമായ മൂന്ന് വിശദീകരണങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയും. ആദ്യത്തേത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സോഷ്യലിസ്റ്റ് പദ്ധതിയുടെ ദുര്‍ബലപ്പെടലാണ്. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ സ്വാധീനത്തില്‍, കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല അത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് എന്നവാദം, ബദലായി ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച എല്ലാത്തരം സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടെയും തകര്‍ച്ചയിലേക്ക് നയിച്ചു എന്നു പറയുന്നത് തികച്ചും ന്യായമായിരിക്കും. ജൂര്‍ഗന്‍ വോബര്‍ ദാസ് വിളിച്ച പോലെ, "19-ാം നൂറ്റാണ്ടിലെ കാല്പനിക ഊര്‍ജ്ജത്തിന്റെ തകര്‍ന്നു വീഴല്‍'' പിന്‍തുടര്‍ന്നതല്ലെങ്കിലും അനുയാത്ര ചെയ്ത വ്യവസ്ഥയായിരുന്നു സോഷ്യലിസ്റ്റ് പരീക്ഷണം. ഏതൊരു സമൂഹത്തിലും, സാദ്ധ്യമായതിലും 'അപ്പുറം' എന്ന കാഴ്ചപ്പാടാണ് എല്ലായ്പ്പോഴും പ്രതിഷേധത്തെ പരിപോഷിപ്പിക്കുന്നത്. അതുകൊണ്ട് സോഷ്യലിസ്റ്റ് പദ്ധതിക്കേറ്റ തിരിച്ചടി തീര്‍ച്ചയായും പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ഇതില്‍ കുറെയൊക്കെ സത്യമുണ്ടെങ്കിലും ഈ നിഗമനം പൂര്‍ണ്ണമായും അപര്യാപ്തമാണ്. പ്രതിഷേധം ഊര്‍ജം സംഭരിക്കുന്നത്, സാദ്ധ്യമായതിനും 'അപ്പുറം' എന്നതില്‍ നിന്നാണ്. പക്ഷേ കാര്‍ഷിക പ്രതിസന്ധിയുടെ കീഴില്‍, കുതിച്ചുയരുന്ന പണപ്പെരുപ്പത്തില്‍, തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷത്തിനും ജീവിതം അസാദ്ധ്യമാകുമ്പോള്‍, സോവിയറ്റാനന്തര കാലത്തെ മുറിവുണക്കാന്‍ ഇടതുപക്ഷത്തിന് കുറച്ചുസമയം അനുവദിച്ചാല്‍ തന്നെയും, തീര്‍ച്ചയായും സ്വാഭാവികമായ വന്‍ പോരാട്ടങ്ങള്‍ ഉയര്‍ന്നു വരേണ്ടതായിരുന്നു. പക്ഷെ, ഇതെന്തുകൊണ്ടുണ്ടായില്ല?

മധ്യവര്‍ഗ്ഗം പ്രതിവിപ്ളവകാരികളായോ?

രണ്ടാമത്തെ വിശദീകരണം, മധ്യവര്‍ഗത്തിന്റെ മാറിയ പങ്കുമായി ബന്ധപ്പെട്ടതാണ്. ജനങ്ങളുടെ ബുദ്ധിമുട്ടും പരാധീനതകളും ഉയര്‍ത്തിക്കാണിക്കുക, പോരാട്ടത്തിന്റെ സന്ദേശം തൊഴിലാളികള്‍ക്കിടയില്‍ എത്തിക്കുക, ഒരു വിഭാഗം അധഃസ്ഥിതരുടെ വിഷമതകളെക്കുറിച്ച് മറ്റൊരു വിഭാഗത്തെ ബോധവല്‍ക്കരിക്കുക, തൂലികയും മാധ്യമവും ഉപയോഗിച്ച് ചെറുത്തു നില്‍പ് പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക, വളര്‍ത്തിയെടുക്കുക, അവയ്ക്ക് നേതൃത്വം കൊടുക്കുക തുടങ്ങിയവയിലൊക്കെ പരമ്പരാഗതമായിത്തന്നെ മധ്യവര്‍ഗ്ഗം നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, നവലിബറല്‍ കാലഘട്ടത്തില്‍, തൊഴിലാളികള്‍, കര്‍ഷകര്‍, കൈവേലക്കാര്‍, ചെറുകിട ഉല്‍പാദകര്‍ തുടങ്ങിയ വിഭാഗങ്ങളൊക്കെ ദുരിതത്തിലാവുമ്പോള്‍, മധ്യവര്‍ഗ്ഗം, പ്രത്യേകിച്ചും അതിലെ ഉപരിവര്‍ഗ്ഗം, ഈ വ്യവസ്ഥയില്‍ നിന്ന് നേട്ടമുണ്ടാക്കി. അവരെ പ്രതിരോധനിരയില്‍ കണ്ടില്ലെന്നുമാത്രമല്ല, അവര്‍ മറുപക്ഷത്തിന്റെ വക്താക്കളാവുകയും ചെയ്തു. അതുകൊണ്ടുതന്നെ തൊഴിലെടുക്കുന്നവരിലേക്കെത്തുന്ന പ്രതിഷേധത്തിന്റെ സന്ദേശം, പ്രതിഷേധത്തിന്റെ സാദ്ധ്യതയെത്തന്നെ പരിമിതപ്പെടുത്തുകയും, പ്രതിഷേധം നേര്‍ത്തതും നിശ്ശബ്ദവുമാക്കി മാറ്റിയിട്ടുണ്ട്.

ഈ വിശദീകരണത്തിന്റെ പ്രശ്നം, അതില്‍ സത്യത്തിന്റെ അംശമുണ്ടെങ്കിലും അപര്യാപ്തമാണെന്നതാണ്. മധ്യവര്‍ഗ്ഗത്തില്‍ നിന്നായാലും തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്നായാലും മധ്യവര്‍ഗ്ഗ ബുദ്ധിജീവികളുമായി അടുത്ത സമ്പര്‍ക്കവും സൈദ്ധാന്തിക ലോകവുമായുള്ള പരിചയവും, കമ്മ്യൂണിസ്റ്റുകള്‍ നയിച്ച, നാല്പതുകളിലെയും അന്‍പതുകളിലെയും വിപ്ളവ കാര്‍ഷിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു എന്നതില്‍ തര്‍ക്കമില്ല (ഇത്, "എന്താണു ചെയ്യേണ്ടത്?'' എന്ന പുസ്തകത്തില്‍ ലെനിന്‍ ചര്‍ച്ച ചെയ്തതുമായി പൊരുത്തപ്പെടുന്നതായിരുന്നു. തെലുങ്കാന, തേഭാഗ സമരങ്ങള്‍, വര്‍ളി സമരം (ഇതിനെ കര്‍ഷക പ്രസ്ഥാനം എന്നു പറയാന്‍ കഴിയില്ലെങ്കിലും) എന്നിവ ഉത്തമ ഉദാഹരണങ്ങളാണ്.) എന്നാല്‍, എഴുപതുകളുടെ അന്ത്യപാദത്തിലുണ്ടായ, വിലക്കയറ്റത്തിനെതിരായ കര്‍ഷക പ്രക്ഷോഭങ്ങള്‍ നയിച്ചിരുന്നത്, മധ്യവര്‍ഗ ബുദ്ധിജീവി വൃന്ദവുമായോ, സൈദ്ധാന്തിക ലോകവുമായോ പുലബന്ധം പോലുമില്ലാത്ത, വിദൂരമായി പോലും വിപ്ളവപരിപാടി ഇല്ലാതിരുന്ന മഹേന്ദ്ര തികയാത്തിനെപ്പോലുള്ളവരായിരുന്നു. കാര്‍ഷിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് പിന്നീട് അത്തരം പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നില്ല?

മൂന്നാമത്, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യ സമരത്തിന്റെയും അത് കെട്ടഴിച്ചുവിട്ട നിരവധി പ്രക്ഷോഭ സമരങ്ങളുടെയും ചരിത്രപരമായ തുടര്‍ച്ചയായിരുന്നു. മഹത്തായ ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ അലകള്‍ സാവധാനം കെട്ടടങ്ങുകയും സമൂഹം 'സാധാരണ നിലയിലേക്ക്' തിരിച്ചെത്തുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന 'നിരാകുലത' ഒരു അനിവാര്യ പ്രതിഭാസമായി കാണാവുന്നതാണ്. ആത്യന്തികമായി, പ്രതിഷേധങ്ങള്‍ നിറഞ്ഞ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതിധ്വനികളൊടുങ്ങിയ, തികച്ചും പുതിയ പശ്ചാത്തലത്തില്‍, 'കാര്യങ്ങള്‍ പതിവുപോലെ' നടക്കുന്ന, ഒരു പുതിയ വ്യവസ്ഥ സൃഷ്ടിക്കുന്നതായി കാണുന്നു. അത് കൂട്ടായ ജനകീയ ഇച്ഛയുടെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് വഴുതി സ്ഥിരതയുള്ള കീഴടങ്ങലിലേക്ക് ചരിക്കുകയാണെന്ന് പറയാം. ഇതിലും അല്‍പം ശരികളുണ്ട്.

വിജയകരമായ പല വിമോചന പോരാട്ടങ്ങളെയും മഹത്തായ വിപ്ളവങ്ങളെയും അത്തരം ഒരു പരിവര്‍ത്തനം പിന്‍തുടര്‍ന്നിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല. പക്ഷെ അതെന്തുകൊണ്ട് സംഭവിക്കുന്നു എന്നത് വിശദീകരിക്കപ്പെടേണ്ടതുണ്ട്. അത് അനിവാര്യതയാണ് എന്നു പറഞ്ഞ് വെറുതെ നിരാകരിക്കാനാവില്ല. ഴാങ്ങ് പോള്‍ സാര്‍ത്, അദ്ദേഹത്തിന്റെ 'വൈരുദ്ധ്യാത്മ യുക്തിയുടെ വിമര്‍ശം' (A critique of Dialectical Reason) എന്ന കൃതിയില്‍, സോഷ്യലിസ്റ്റ് വിപ്ളവത്തെ തുടര്‍ന്ന്, 'സംയോജിത സംഘ'ത്തില്‍ നിന്ന് പരമ്പരത്വത്തിലേക്കുള്ള മാറ്റത്തിന് നിദാനമായി ചൂണ്ടിക്കാണിക്കുന്നത് 'ഞെരുക്ക'ത്തെയാണ് (Scarcity). സാര്‍ത്രിന്റെ വിശദീകരണത്തെക്കുറിച്ച് നാം എന്തു കരുതിയാലും ശരി, വര്‍ത്തമാനകാല സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നതിന്റെ സാംഗത്യത്തില്‍ സംശയം ഉന്നയിച്ചാലും ശരി, ഈ മാറ്റവും മാറ്റത്തിനിടയാക്കിയ ചില വിശദീകരണങ്ങളും, ചുരുങ്ങിയ പക്ഷം ചില വഴിത്തിരിവുകളുടെ അടയാളപ്പെടുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ട്.

'മൂലധനവിരുദ്ധസമരങ്ങള്‍ 'ദേശവിരുദ്ധസമര'ങ്ങളാവുന്നു...' ! 'രാജ്യം സാമ്പത്തിക ശക്തിയാവാന്‍ ജനങ്ങള്‍ ജീവന്‍ ബലികൊടുക്കണം' !

ഈ പ്രബന്ധത്തില്‍ ഞാന്‍ മുന്നോട്ട് വയ്ക്കുന്ന വാദം, പ്രതിഷേധങ്ങള്‍ നിറഞ്ഞ ഒരു ലോകത്തു നിന്ന് താരതമ്യേന അവ നിശ്ശബ്ദമാക്കപ്പെട്ട ഒരു ലോകത്തിലേക്കുള്ള പരിവര്‍ത്തനം, ഒരു നിയന്ത്രിത സമ്പദ്വ്യവസ്ഥയില്‍ നിന്നും നവലിബറല്‍ വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. നവലിബറല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഈ പരിവര്‍ത്തനം പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ളത് ദേശീയ ഭരണകൂടത്തിന്റെ പരമാധികാരം കവരുന്ന ഒന്നായിട്ടാണ്. ഈ വീക്ഷണത്തിനാധാരമായ പരിപ്രേക്ഷ്യം തെറ്റാണ്. അത് ദേശീയ ഭരണകൂടത്തെ സ്ഥിരമായ ഒന്നായി കാണുകയും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ മെട്രോ നഗരങ്ങളുടെ സ്വാതന്ത്ര്യവുമായി ചേര്‍ത്തുവച്ച് പരിശോധിക്കുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം; രാഷ്ട്രം തന്നെ ശിഥിലമാക്കപ്പെടുന്നതിലൂടെ അതിനു മുകളിലിരിക്കുന്ന ഭരണകൂടത്തിന്റെ സ്വഭാവവും മാറുന്നു എന്നതാണ്. സുസ്ഥിരമായ ഒരിന്ത്യന്‍ രാഷ്ട്രത്തെ നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് അതിന്റെ ആജ്ഞാശേഷി നഷ്ടപ്പെടുന്നു എന്നതല്ല, മറിച്ച്, ഇന്ത്യന്‍ മൂലധനം ആഗോള ധനമൂലധനവുമായി കൂടുതല്‍ കൂടുതല്‍ ഉദ്ഗ്രഥിതമാവുന്നതോടെ, ഇന്ത്യന്‍ രാഷ്ട്രത്തില്‍ വിള്ളലുകളുണ്ടാവുകയും ബൂര്‍ഷ്വാസി കൂടുതല്‍ കൂടുതലായി അതില്‍ നിന്ന് വിട്ടുമാറുകയും ചെയ്യുന്നു എന്നതാണ്. അങ്ങിനെ ഭരണകൂടം അധികമധികം ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒന്നായി മാറുകയും മെട്രോപോളിറ്റന്‍ ഭരണ വ്യവസ്ഥയുടെ തന്ത്രപരമായ പങ്കാളിയുമായി മാറുകയും ചെയ്യുന്നു.

നവലിബറിലസത്തില്‍ ഭരണകൂടം വന്‍കിട ബൂര്‍ഷ്വാസിയുടെ നിയന്ത്രണത്തിലാകുന്നു

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍, തങ്ങള്‍ അനുഭവിച്ചിരുന്ന ചുരുങ്ങിയ അധികാരത്തില്‍ നിന്നു പോലുമുള്ള, ബഹുജനങ്ങളുടെ രാഷ്ട്രീയമായ ബാഹ്യവല്‍ക്കരണത്തിലേക്കാണ് ഈയവസ്ഥ നയിക്കുക. അതായത്, എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളോട് പ്രതികരിക്കുന്നു എന്ന തോന്നലുളവാക്കിയിരുന്ന ഉള്‍ച്ചേര്‍ക്കല്‍ സ്വാഭാവം പ്രകടിപ്പിച്ചിരുന്ന പോസ്റ്റ് കോളോണിയല്‍ ഭരണ വ്യവസ്ഥയ്ക്ക് അന്ത്യമായി എന്നര്‍ത്ഥം (നിയന്ത്രിത വ്യവസ്ഥയുടെ കുടക്കീഴില്‍ മുതലാളിത്തം കെട്ടിപ്പടുക്കുകയായിരുന്നെങ്കില്‍ തന്നെയും). എല്ലാ വിഭാഗത്തിന്റെയും താല്‍പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം എന്ന നിലയില്‍ നിന്ന്, പ്രത്യേകിച്ചും വന്‍കിട ബൂര്‍ഷ്വാസിയുടെ മാത്രം താല്‍പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം എന്ന നിലയിലേക്ക് അത് മാറുന്നു. വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യം സംരക്ഷിക്കലിലൂടെ, എല്ലാവിഭാഗം ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കപ്പെടുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട്

ഭരണകൂടം, ആഗോള മുതലാളിത്തവുമായി ഉദ്ഗ്രഥിതമാവുന്നു. ഭരണകൂടത്തിന്റെ ഈ മാറിയ കാഴ്ചപ്പാടിന് തെളിവന്വേഷിച്ച് അധികം പോകേണ്ടതില്ല. പരസ്പരം പോരടിക്കുന്ന അംബാനി സഹോദരന്മാര്‍ വൈരം വെടിഞ്ഞ് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി വഴക്കവസാനിപ്പിക്കണമെന്ന് ആഗസ്റ്റ് 22ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വേണമെങ്കില്‍ അവര്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അംബാനിമാരുടെ താല്പര്യമാണ് രാജ്യതാല്‍പര്യം! തീര്‍ച്ചയായും, ജനങ്ങളുടെ ഈ അശാക്തീകരണവും രാഷ്ട്രീയ ബാഹ്യവല്‍ക്കരണവും സംഭവിക്കുന്നത് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂടിനകത്താണ് എന്നോര്‍ക്കുക. എന്നിരുന്നാലും ഇതൊരു യഥാര്‍ത്ഥ പ്രതിഭാസമാണ് എന്ന വസ്തുത നമുക്ക് ബോദ്ധ്യപ്പെടാതെ വയ്യ.

നവലിബറലിസം ജനങ്ങളെ ഇരകളാക്കുക മാത്രമല്ല അതിനെ ചെറുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുള്ള ബോധവും ഉല്‍പാദിപ്പിക്കുന്നു

ഇതിന്റെ ഒരു പരിണിത ഫലം, മൂലധനത്തിനെതിരെയോ ഭരണകൂടത്തിനെതിരെയോ ഉയര്‍ന്നുവരുന്ന എല്ലാ സമരങ്ങളും ചെറുത്തു നില്‍പുകളും തൊഴിലാളി പ്രതിഷേധങ്ങളും ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ്. തൊഴിലാളികളുയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍, വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ശേഷി ന്യൂനീകരിക്കപ്പെടും എന്നുള്ളതുകൊണ്ട്, സമരങ്ങള്‍ ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ഇത് നേരിട്ടല്ല പ്രകടമാക്കുക. സാധാരണയായി പ്രയോഗിക്കാറുള്ള രീതി, സമരങ്ങളും ചെറുത്തുനില്‍പുകളും രാജ്യത്തിന്റെ 'വളര്‍ച്ച'യെ ദോഷകരമായി ബാധിക്കും എന്നു പ്രചരിപ്പിക്കലാണ്. മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെ ന്യായീകരിക്കുന്നതും ഇതേ 'വളര്‍ച്ചാ പ്രകടന'ത്തിന്റ പേരിലാണ്. ചുരുക്കത്തില്‍ ഈ വളര്‍ച്ചാപ്രകടനത്തിന്റെ പ്രോത്സാഹിപ്പിക്കല്‍ സ്വകാര്യ മൂലധനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു യുക്തിയായി മാറുകയും, അത് അത്തരത്തില്‍ തന്നെ മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഈ പറയപ്പെടുന്ന വളര്‍ച്ച ശ്രദ്ധേയമാകുമ്പോള്‍, അത് വന്‍മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്നതുനുള്ള ന്യായീകരണമായി മാറുകയും അല്ലാത്തപ്പോള്‍, ഈ താല്‍പ്പര്യ സംരക്ഷണത്തിനായിത്തന്നെ, 'രാജ്യപുരോഗതിക്ക് ഇനിയും ഏറെ ചെയ്യാനുണ്ട്' എന്ന വാദം മുന്നോട്ടു വയ്ക്കുന്നതും കാണാം. എന്നാല്‍ തൊഴിലെടുക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍, ഈ 'വളര്‍ച്ച'യുടെ പ്രസക്തിയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാറില്ല. ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ഉയര്‍ച്ചയുടെ പേരിലല്ല, മറിച്ച്, ഉയര്‍ന്നു വരുന്ന ലോകത്ത് ഇന്ത്യയുടെ 'പദവി'യും 'ശക്തിയു'മായി ബന്ധപ്പെട്ടാണ് 'വളര്‍ച്ചാ പ്രകടനം ശ്രദ്ധാകേന്ദ്രമാകുന്നത്. 'വളര്‍ച്ചാ പ്രകടന'ത്തിനുള്ള ഈ അമിതമായ പ്രാധാന്യത്തെ ന്യായീകരിക്കുന്നത്, എല്ലാറ്റിനേയും കവച്ചുവയ്ക്കുന്ന 'സാമ്പത്തിക വന്‍ശക്തി' യായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകത മുന്നോട്ടു വച്ചുകൊണ്ടാണ്!

മൂലധന വാഴ്ചയേയും നിയോ ലിബറല്‍ കടന്നാക്രമണങ്ങളേയും പ്രതിരോധിക്കുവാനുള്ളശേഷി സ്വകാര്യവല്‍ക്കരണം നഷ്ടപ്പെടുത്തുന്നു.

'നാം സാമ്പത്തിക വന്‍ശക്തിയായി ഉയരണം' എന്ന ഈ വ്യവഹാരം മൂലധനത്തിന്റെ പ്രത്യയശാസ്ത്രമാണ്. അത് എല്ലായ്പ്പോഴും അങ്ങിനെയായിരുന്നുതാനും. സ്വാതന്ത്ര്യസമരപോരാട്ടത്തിലൂടെ ഉയര്‍ന്നുവന്ന 'രാഷ്ട്രം' തകരുമ്പോഴും, ബൂര്‍ഷ്വാസി, മെട്രോ പോളിറ്റന്‍ ബൂര്‍ഷ്വാസിയുമായി കൂടുതല്‍ ഉദ്ഗ്രഥിതമാവുമ്പോഴും 'രാഷ്ട്ര'ത്തിന്റെ ഈ തകര്‍ച്ചയെ 'രാഷ്ട്ര'ത്തിന്റെ പേരില്‍ തന്നെ ന്യായീകരിക്കുകയാണ്! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് ഗൂഢമായി ഒരു 'രാഷ്ട്ര' സങ്കല്പനം കൊണ്ട് പഴയതിന് പകരം വയ്ക്കുകയും രണ്ടും ഒന്നു തന്നെയാണെന്ന് എല്ലായ്പ്പോഴും വാദിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വത്തിനെതിരെ ഐക്യപ്പെട്ട, 'രാഷ്ട്രം' എന്ന സങ്കല്പത്തില്‍ നിന്ന് സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ സഖ്യത്തിന്റെ കുടക്കീഴില്‍, രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗത്തിനുമേലും മറ്റ് കൊച്ചുകൊച്ച് അയല്‍ രാജ്യങ്ങളുടെ മേലും അധീശത്വം സ്ഥാപിക്കുന്ന ഒരു 'രാഷ്ട്ര' സങ്കല്പത്തിലേക്ക് അത് മാറുന്നു. വന്‍കിട മൂലധനത്തിന്റെ താല്പര്യം പരിപോഷിപ്പിക്കുന്ന നടപടികള്‍ ന്യായീകരിക്കപ്പെടുന്നത്, സാമ്രാജ്യത്വവുമായി ചേര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ അധീശത്വം സ്ഥാപിക്കുന്ന രണ്ടാമതു പറഞ്ഞ ഈ 'രാഷ്ട്ര'ത്തിന്റെ പേരിലാണ്.

സാമ്പത്തിക വന്‍ശക്തിയായി 'രാഷ്ട്രം' ഉയരുന്നതിനുവേണ്ടി ജനങ്ങളുടെ താല്പര്യം ബലികഴിക്കണം എന്നവാദം കൂടുതലായി സ്വീകരിക്കപ്പെടുകയാണ്. ഒരു ഉദാഹരണം ഇക്കാര്യം വ്യക്തമാക്കും. കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിലെ ചെറുകിട ഉല്പാദകരെ ദോഷകരമായി ബാധിക്കുന്നതാണ് ഇന്ത്യ-ആസിയാന്‍ കരാര്‍ എന്ന വിമര്‍ശനത്തെ ഗവണ്‍മെന്റും ബൂര്‍ഷ്വാ മാധ്യമങ്ങളും നേരിടുന്നത്, ഒരു വന്‍ ശക്തിയായി ഇന്ത്യ വളരുന്നതിന് ഈ കരാര്‍ അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം ചൈനയായിരിക്കും നേട്ടമുണ്ടാക്കുക എന്നു വാദിച്ചുകൊണ്ടാണ്.

നവലിബറലിസത്തിന്റെ ഭാഗമായിവരുന്ന ഈ മാറ്റത്തിന്റെ സ്വാഭാവികമായ ഒരു ഫലമാണ് രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നു നിഷ്ക്കാസിതരാക്കപ്പെടുന്ന ബഹുജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളോടുള്ള ഭരണകൂട അസഹിഷ്ണുത. ഈ അസഹിഷ്ണുത പ്രകടിപ്പിക്കപ്പെടുന്നത് ബന്ദ് നിരോധിച്ചുകൊണ്ടാണ്; അത്യാവശ്യ സേവനങ്ങളില്‍ മാത്രം ഒതുങ്ങാതെ നിരവധി മേഖലകളില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടാണ്; ബഹുജന റാലികളെ നഗരകേന്ദ്രങ്ങളില്‍ നിന്നും അകലേക്കു മാറ്റിക്കൊണ്ടാണ്; നഗരാതിര്‍ത്തിയില്‍ പ്രകടനങ്ങള്‍ നടത്തുന്നതിന് അനുമതി നിക്ഷേധിച്ചുകൊണ്ടാണ്! ഈ നീക്കങ്ങളിലെല്ലാം ജുഡീഷ്യറിയും നിര്‍ണ്ണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തെ മറ്റു വിഭാഗങ്ങളെ പോലെ ജനപിന്തുണ നേടിയെടുക്കുകയോ ആരോടെങ്കിലും മറുപടി പറയുകയോ ചെയ്യേണ്ട ആവശ്യകത ജൂഡീഷ്യറിക്കില്ല. ശിക്ഷിക്കപ്പെടില്ല എന്നുറപ്പുള്ളതുകൊണ്ട് ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കുന്നതിനുള്ള നടപടികള്‍ എടുക്കാനുള്ള 'സൌകര്യം' അതിനുണ്ട്. തന്റെ കാര്‍ ഒരു പ്രകടനത്തിനിടയില്‍ കുടുങ്ങിപ്പോയി എന്നുള്ളതുകൊണ്ടുമാത്രം നിശ്ചിത സമയങ്ങളില്‍ പ്രകടനങ്ങള്‍ നിരോധിക്കാന്‍ ഉത്തരവിട്ട കല്‍ക്കത്തയിലെ ഹൈക്കോടതി ജഡ്ജിയുടെ നടപടി ഈ 'സൌകര്യം' തുറന്നുകാട്ടുന്നുണ്ട്.

അപ്പോള്‍ ഈ ചോദ്യം ഉയര്‍ന്നു വന്നേക്കാം: നവലിബറല്‍ വ്യവസ്ഥയുടെ ഘടനയില്‍ തന്നെ ജനങ്ങളുടെ രാഷ്ട്രീയ അശാക്തീകരണം ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷെ ജനങ്ങള്‍ അതിനെ എന്തുകൊണ്ട് സ്വീകരിക്കുന്നു? വലിയ ചെറുത്തു നില്‍പൊന്നുമില്ലാതെ എങ്ങിനെയാണ് ഈ അശാക്തീകരണം അവരില്‍ അടിച്ചേല്‍പിക്കപ്പെടുന്നത്? ഇതിനുള്ള പ്രധാന കാരണം നമ്മുടെ സമൂഹത്തില്‍ ചെറുത്തു നില്പിനുള്ള ശേഷി, പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സന്തുലിതാവസ്ഥയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.

ഒരു നിയന്ത്രിത സമ്പദ് വ്യവസ്ഥയില്‍ എന്തുകൊണ്ട് ചെറുത്ത്നില്‍പ്പുകള്‍ ശക്തമായിരുന്നു?

ഈ വാദം ഇങ്ങനെ മുന്നോട്ടുവയ്ക്കാം. നമ്മുടെ സമൂഹത്തില്‍ പ്രതിഷേധവും ചെറുത്തുനില്‍പും ഏതളവില്‍ സാധാരണമായിരിക്കുന്നു എന്നത്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമരങ്ങളും വ്യാവസായിക പോരാട്ടങ്ങളും ഏതളവില്‍ ഫലപ്രദമായിരിക്കുന്നു എന്നതുമായി ഇഴചേര്‍ന്നെന്നവണ്ണം ബന്ധപ്പെട്ടിരിക്കുന്നു. വര്‍ഗപോരാട്ടം നിലയ്ക്കുകയോ ഫലപ്രദമല്ലാതാവുകയോ ചെയ്യുന്ന ഒരു സമൂഹത്തില്‍, ക്രമേണ എല്ലാത്തരം ചെറുത്തു നില്പുകളും പ്രക്ഷേധങ്ങളും പുറന്തള്ളപ്പെടും. ചുരുക്കത്തില്‍ ഒരേസമയം പൊതു സമൂഹത്തിന്റെ മര്‍ദ്ദമാപിനിയായും ചെറുത്തു നില്‍പിന്റെ ഉത്തേജകമായും തൊഴിലാളി വര്‍ഗ്ഗം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പൊതുസമൂഹത്തിന്റെ 'സ്വാതന്ത്ര്യ'ത്തിന്റെ പേരില്‍ തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ('സമൂഹത്തെ കൈയിലെടുത്തമ്മാനമാടാന്‍ തൊഴിലാളികളെ അനുവദിക്കരുത്' തുടങ്ങിയ വാദങ്ങള്‍) അങ്ങേയറ്റം പിശകാണെന്ന് ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.

അതേസമയം തൊഴിലാളി വര്‍ഗ ചെറുത്തു നില്‍പ്പ് സ്വകാര്യമേഖലയിലേതിനെക്കാള്‍ പൊതുമേഖലയുടെ മണ്ഡലത്തിലാണ് ഫലപ്രദമായി അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും സ്വകാര്യമേഖലയേക്കാള്‍ പൊതുമേഖലയുടെ ആധിപത്യമുള്ളിടത്ത്, സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ഈ ചെറുത്തുനില്‍പ്പ് കൂടുതല്‍ ഫലപ്രദമായിരിക്കും. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നിടത്ത്, പുരോഗമന ശക്തികളുടെ സമ്മര്‍ദ്ദം ഭരണകൂടത്തില്‍ ചെലുത്തുന്നതു വഴി പൊതുമേഖലയുടെ സാമ്പത്തികമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സുതാര്യതയും കണക്കു ബോധിപ്പിക്കലും ഒരു പരിധിവരെ സാദ്ധ്യമാകുന്നു എന്നുള്ളത് ആദ്യത്തെ വാദത്തെ സാധൂകരിക്കുന്നു. എന്നാല്‍ സ്വകാര്യമേഖലയുടെ കാര്യത്തില്‍ ഇത്തരം ഒരു സമ്മര്‍ദ്ദം സാദ്ധ്യമല്ല. മുഖ്യമായും പൊതുമേഖല നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, പൊതുമേഖലയുടെ നിലനില്‍പിനാധാരമായ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ ഫലമായി, തൊഴിലാളികളുമായുള്ള ഇടപെടലുകള്‍ മെച്ചപ്പെടുത്താന്‍ സ്വകാര്യമേഖല നിര്‍ബ്ബന്ധിതമാകുന്നു എന്നതാണ് രണ്ടാമത്തെ വാദത്തിനുള്ള സാധൂകരണം. വളരെ നിര്‍ണ്ണായകമായ ഒരു സന്ദര്‍ഭത്തില്‍ സ്വകാര്യ മുതലാളിമാര്‍ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുന്നു എന്നു ബോദ്ധ്യപ്പെട്ടാല്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടാന്‍ കഴിയും എന്നുള്ളതും, പൊതുമേഖലയോട് പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയുള്ള ഒരു ഭരണകൂടം അതിന് തെല്ലും മടികാണിക്കുകയില്ല എന്നുള്ളതും തൊഴിലാളികളെ കൂടുതല്‍ കരുത്തുറ്റവരാക്കി മാറ്റുന്നു.

അത്തരത്തില്‍ ഒരു നിയന്ത്രിത സമ്പദ് വ്യവസ്ഥയില്‍ തൊഴിലാളി വര്‍ഗത്തിന്റേയും ഇതര ജനവിഭാഗങ്ങളുടെയും ചെറുത്തുനില്‍പ്പുശേഷി ഒരു നവലിബറല്‍ വ്യവസ്ഥയിലേതിലും കൂടുതലായിരിക്കും. സമ്പദ് തലത്തില്‍ നവലിബറല്‍ വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം ചെറുത്തു നില്‍ക്കാനുള്ള തൊഴിലാളികളുടെയും മറ്റ് അദ്ധ്വാനിക്കുന്നവരുടെയും ചെറുത്തു നില്‍പുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അതുപോലെ തന്നെ രാഷ്ട്രീയ തലത്തിലും, എല്ലാ തലത്തിലേയും ചെറുത്തുനില്‍പ് പോരാട്ടങ്ങള്‍ക്കുണ്ടാകുന്ന ഈ അധോഗതി, മുന്‍പ് ചൂണ്ടിക്കാണിച്ച 'രാഷ്ട്ര'ത്തെ തകര്‍ക്കാനും അതിനെ പുനഃര്‍നിര്‍വ്വചിച്ച്, ആഗോള ധനമൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍, ഭരണകൂടത്തെ പാകപ്പെടുത്തിയെടുക്കുക എന്ന നവലിബറല്‍ ലക്ഷ്യത്തെ സഹായിക്കുന്നുണ്ട്. സമ്പദ്ഘടനയില്‍ സംഭവിക്കുന്ന ഘടനാപരമായ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചെറുത്തുനില്‍പ്പുകളുടെ ദുര്‍ബലപ്പെടലിനു പുറമെയാണ്, ഏതുതരം പ്രതിഷേധങ്ങളെയും തടസ്സപ്പെടുത്തുന്ന ജുഡീഷ്യറിയുടെയും ഭരണകൂടത്തിന്റെയും ഇടപെടലുകള്‍. (പണിമുടക്കുകളും ബന്ദുകളും നിരോധിച്ചുകൊണ്ട് ജനങ്ങളുടെ പ്രതിഷേധത്തിന് തടയിടുന്ന അതേ ജുഡീഷ്യറി തന്നെയാണ്, ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയും മറ്റു ക്ഷേമനടപടികളും കൈക്കൊള്ളാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് 'മാനുഷിക മുഖം' പ്രകടിപ്പിക്കുന്നതും. ഇവിടെ യഥാര്‍ത്ഥ ലക്ഷ്യം ജനങ്ങള്‍ക്ക് 'നന്മ' ചെയ്യുക എന്നതല്ല, 'നന്മ' ചെയ്യുന്ന പ്രക്രിയയില്‍ അവര്‍ക്ക് 'വിഷയാത്മക' പങ്ക് നിക്ഷേധിക്കുക എന്നതാണ്)

ചരക്കുകളുടെ സ്വതന്ത്ര സഞ്ചാരം തൊഴിലാളി വര്‍ഗ്ഗത്തെ ക്ഷീണിപ്പിക്കുന്നു.ഫാക്ടറി തൊഴിലാളികളെ നിസ്സഹായരാക്കുന്നു.

നവലിബറല്‍ വ്യവസ്ഥയില്‍, ജനങ്ങളുടെ ചെറുത്തുനില്‍പ് ശേഷിയുടെ ന്യൂനീകരണത്തിന് വഴിവയ്ക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. അത് ആഗോളീകരണ പ്രക്രിയയില്‍ അന്തര്‍ലീനമാണ്. മൂലധനത്തിന്റെ കേന്ദ്രീകരണം എല്ലായ്പ്പോഴും തൊഴിലാളിവര്‍ഗ്ഗ ചെറുത്തുനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്ന ജോലി നിര്‍വ്വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു മുതലാളി വസ്ത്രം ഉല്പാദിപ്പിക്കുന്ന 10 ഫാക്റ്ററികള്‍ നടത്തുന്നു എന്നു കരുതുക. ഇവിടെ മുതലാളിക്ക് എപ്പോള്‍ വേണമെങ്കിലും ഉല്‍പാദനം ഒരു ഫാക്റ്ററിയില്‍ നിന്നും മറ്റൊരു ഫാക്റ്ററിയിലേക്ക് മാറ്റാന്‍ കഴിയും എന്നുളളതുകൊണ്ട് ഒരു ഫാക്റ്ററിയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പോരാട്ടം സംഘടിപ്പിക്കുക എന്നത്, മുതലാളിക്ക് ഒരു ഫാക്ടറി മാത്രമുളള സാഹചര്യത്തില്‍ നിന്നും ഏറെ ബുദ്ധിമുട്ടുളളതായിരിക്കും. അതുപോലെതന്നെ തൊഴിലാളികള്‍ ദേശീയതലത്തില്‍ സംഘടിച്ചിരിക്കുന്നു എന്നുളളതുകൊണ്ട്, ആഗോളീകരണം അവരുടെ പ്രതിഷേധങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. രാജ്യാന്തരതലത്തില്‍ തന്നെ ചരക്കുകളുടെ സ്വതന്ത്ര സഞ്ചാരം എന്നതിനര്‍ത്ഥം, ഇറക്കുമതി കൊണ്ട് ആഭ്യന്തര ഉല്‍പാദനത്തിന് പകരം വയ്ക്കാം എന്ന സാധ്യത തൊഴിലാളിവര്‍ഗ്ഗ പോരാട്ടത്തെ പരിമിതപ്പെടുത്തുന്നു എന്നതാണ്. അതുപോലെ തന്നെ, മൂലധനത്തിന്റെ ആഗോളീകരണമെന്ന യാഥാര്‍ത്ഥ്യം ഏതെങ്കിലും ഒരു രാജ്യത്തെ തൊഴിലാളികളുടെ സമരോത്സുകത മൂലം മൂലധനം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റപ്പെടും എന്ന ഭീഷിണി നിലനില്‍ക്കുന്നതുകൊണ്ട്, പ്രതിഷേധങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ തൊഴിലാളിവര്‍ഗ്ഗം നിര്‍ബന്ധതിതമാകുന്നുണ്ട്. ഏറ്റവും പ്രധാനമായി, ഊഹകച്ചവടക്കാരുടെ യുക്തിയായ 'നിക്ഷേപകരുടെ വിശ്വാസം' നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളാന്‍ ധനത്തിന്റെ ആഗോളീകരണം ഭരണകൂടത്തെ നിര്‍ബന്ധിതമാക്കുന്നു എന്നതാണ്. മുന്‍പ് ചൂണ്ടികാണിച്ചതുപോലെ നവലിബറല്‍ വ്യവസ്ഥയിലെ ഭരണകൂടം, ആഗോളധനമൂലധനമായി ഉദ്ഗ്രഥിതമായിട്ടുളള വന്‍കിട മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇത്, സ്വന്തം ഇച്ഛാശക്തിയനുസരിച്ച് മാത്രമല്ല മറിച്ച് ഭരണകൂടത്തിന് മറ്റുതാല്‍പര്യങ്ങളുണ്ടെങ്കില്‍ തന്നെയും മൂലധനത്തിന്റെ അതിര്‍ത്തികടന്നുളള സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്ത കാലത്തോളം അത് ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ തടയുന്ന തരത്തില്‍ നിര്‍ബന്ധബുദ്ധിയോടെ തന്നെ ആഗോളമൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായ നടപടികള്‍ കൈക്കൊളളും.

ലോകത്ത് പൊതുമേഖല നിലനില്‍ക്കുന്നിടത്താണ് ചെറുത്ത് നില്‍പ്പുകള്‍ ഇപ്പോഴും തുടരുന്നത്

ചുരുക്കത്തില്‍ നവലിബറല്‍ വ്യവസ്ഥ ജനങ്ങളെ ഇരകളാക്കുക മാത്രമല്ല ചെയ്യുന്നത്. തങ്ങള്‍ ഇരകളാക്കപ്പെടുന്നത് തടയാനുളള ചെറുത്തുനില്‍പ് നടത്താന്‍ ജനങ്ങള്‍ക്ക് കഴിയില്ല എന്നുറപ്പാക്കുന്ന സ്വയം പ്രവര്‍ത്തക സംവിധാനം കൂടി അതിനുണ്ട്. എന്നാല്‍, മുന്‍പ് നിലനിന്നിരുന്ന നിയന്ത്രിത വ്യവസ്ഥയാക്കട്ടെ ജനകീയ ചെറുത്തുനില്‍പിന് കൂടുതല്‍ ഉപയുക്തമായ ഒന്നായിരുന്നു. ആ അനുഭവം വച്ച് വിലയിരുത്തുമ്പോള്‍, ഒരു ജനാധിപത്യസംവിധാനത്തിനകത്തെ നിയന്ത്രിത വ്യവസ്ഥയാണ് തൊഴിലാളികളുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ചെറുത്തുനില്‍പിന് അനുകൂലമായ അന്തരീക്ഷം സ്വാഭാവികമായും ഒരുക്കുന്നത് എന്ന് സാമാന്യമായി പറയാം.

ദേശീയ സ്വാശ്രയത്വത്തിലൂന്നുന്ന വികസനമാണ് പൊതുമേഖലയുടെ ലക്ഷ്യം

നമ്മുടെ വിശ്വാസത്തിന് വിപരീതമായി ഇതിനൊരു വൈരുദ്ധ്യാത്മകതലം കൂടിയുണ്ട്. ബാഹ്യവല്‍ക്കരണം ചെറുത്തുനില്‍പ്പിന് ആക്കം കൂട്ടുന്നു എന്ന് നാം പലപ്പോഴും വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ അതിന് നേര്‍വിപരീതമായി, ജനങ്ങളുടെ ഭാഗത്തുനിന്നുളള ചെറുത്തുനില്‍പ്പിനെ നിര്‍വ്വീര്യമാക്കുന്ന പ്രക്രിയയും ഒപ്പം നടക്കും. പട്ടിണിയും ദാരിദ്ര്യവും എങ്ങിനെയാണോ വൈയക്തിക തലത്തില്‍ ഭക്ഷണം സ്വരൂപിക്കുന്നതിനുളള ശേഷി കുറയ്ക്കുന്നത്, സാമൂഹ്യതലത്തില്‍എങ്ങിനെയാണോ തൊഴിലാളി വര്‍ഗത്തിന്റെ വിലപേശല്‍ ശേഷി കുറയ്ക്കുന്നത്, അതേപോലെതന്നെ, രാഷ്ട്രീയ തലത്തിലുളള അശാക്തീകരണം (ഒരു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂടിനകത്ത് നിലനില്‍ക്കുമ്പോഴും) തങ്ങളുടെ സാമ്പത്തിക ദുരിതത്തിനെതിരായുളള സമരം ഉള്‍പ്പെടെയുളള ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിനുളള ജനങ്ങളുടെ ശേഷിയെ കുറയ്ക്കുന്നുണ്ട്. ജനങ്ങളുടെ ഈ അശാക്തീകരണം, വന്‍കിട ബൂര്‍ഷ്വാസിയുടെ ശാക്തീകരണത്തിന്റെ ദ്വന്ദ്വാത്മകതയില്‍ തെളിഞ്ഞുകാണാം. നിയന്ത്രിത വ്യവസ്ഥയില്‍ നിന്ന് നവലിബറല്‍ വ്യവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ വന്‍കിട ബൂര്‍ഷ്വാസിയുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിക്കുന്നതായി കാണാം. നവലിബറലിസത്തിന്‍ കീഴിലെ വന്‍കിട ബൂര്‍ഷ്വാസിയുടെ വര്‍ദ്ധിച്ച ശക്തിക്ക്, സമൂഹത്തെയും ഭരണകൂടത്തെയും നേരിട്ട് നിയന്ത്രിക്കുന്ന ഒരു മറുപുറമുണ്ട്. പ്രസിഡണ്ട് ഒബാമയുടെ പുതിയ ആരോഗ്യരക്ഷാ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെമ്പാടുമുളള ചെറിയ പട്ടണങ്ങളില്‍ വിളിച്ചുചേര്‍ക്കപ്പെടുന്ന യോഗങ്ങളില്‍, കോര്‍പ്പറേറ്റ് ഭീമന്മാര്‍ വളരെ കൃത്യമായിത്തന്നെ ജനങ്ങളെ ഇളക്കിവിട്ട് ബഹളം സൃഷ്ടിക്കുന്നു. അമേരിക്ക 'ഫാസിസത്തിന്റെ വക്കിലാണ്' എന്നുപോലും ചിലര്‍ ആരോപിക്കുന്നു. യു.എസ്സിലെ ഈ വര്‍ത്തമാനകാല അവസ്ഥ ഇതിനുദാഹരണമാണ്. പോള്‍ ക്രുഗ്മാന്‍ പറഞ്ഞതിതാണ്: "ഉപശാലാവൃത്തങ്ങളുടെ ഒരു വലിയ പട തന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ തമ്പടിച്ചിരിക്കെ, തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഏത് നിയമനിര്‍മ്മാണത്തിനെതിരെയും വ്യാജമായ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിനും കോര്‍പ്പറേറ്റുകള്‍ തയ്യാറായിരിക്കെ, എന്നത്തേയും പോലെതന്നെ ചിന്തിക്കാനുളള പ്രവണതയാണ് ഈ സാഹചര്യത്തിലും നമുക്കുളളത്. പക്ഷേ നമ്മുടെ കോര്‍പ്പറേറ്റധീനവ്യവസ്ഥ 1970കളുടെ അവസാനത്തോടെ ഉടലെടുത്ത, താരതമ്യേന സമീപകാല സൃഷ്ടിയാണ്'' ( The Hindu Sept. 01,2009 ഊന്നല്‍ ചേര്‍ത്തത്) അമേരിക്കയില്‍ റെയ്ഗണോമിക്സിന്റെ ഉയര്‍ച്ചയും നിയന്ത്രിത വ്യവസ്ഥയുടെ താഴ്ചയും തുടങ്ങുന്നത് 1970കളുടെ അവസാന ഘട്ടത്തിലാണെന്ന് നാം ഓര്‍ക്കുക.

തൊഴിലാളികളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന, പൊതുമേഖലാ സ്ഥപാനങ്ങളുടെ സ്വകാര്യവല്‍ക്കരണം നടക്കുന്നുവെങ്കില്‍, പുതിയ നിയമനങ്ങള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ സ്വാഭാവികമായ ദുര്‍ബലപ്പെടല്‍ സംഭവിക്കുന്നതുകൊണ്ട് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നുവെങ്കില്‍, പൊതുമേഖലയുടെ ജോലി സ്വകാര്യമേഖലയ്ക്ക് പുറംകരാര്‍ നല്‍കുന്നുവെങ്കില്‍ ജനങ്ങളുടെ അശാക്തീകരണം വര്‍ദ്ധിക്കും. അതായത് സാമാന്യമായി നോക്കുമ്പോള്‍ പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുളള സന്തുലിതാവസ്ഥ, തൊഴിലുടമകള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും കണക്കുബോധിപ്പിക്കലിനും വിധേയരാകുകയും അതുമൂലം തൊഴിലാളികള്‍ കൂടുതല്‍ അധികാരവും സുരക്ഷിതത്വവും അനുഭവിക്കുന്നവരാകുകയും ചെയ്യുന്നു. പൊതുമേഖലയ്ക്കെതിരായി മാറുന്ന ഒരു പരിസരത്തില്‍, ജനങ്ങളുടെ രാഷ്ട്രീയ അശാക്തീകരണം വര്‍ദ്ധിക്കുന്നു എന്നര്‍ത്ഥം.

തൊഴിലാളികളെയും കര്‍ഷകരെയും സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ ബാഹ്യവല്‍ക്കരണം, പ്രതിഷേധത്തിലേക്കും ചെറുത്തുനില്‍പ്പിലേക്കും നയിക്കുന്നു എന്ന പൊതു വിശ്വാസത്തിന് വിപരീതമാണ് മേല്‍ചൂണ്ടികാണിച്ച അശാക്തീകരണം വര്‍ദ്ധിക്കുന്നു എന്ന പ്രസ്താവം. രാഷ്ട്രീയ ബാഹ്യവല്‍ക്കരണം തീര്‍ച്ചയായും ശക്തമായ ചെറുത്തുനില്‍പ് വിളിച്ചുവരുത്തുന്നുണ്ട്. പക്ഷേ ഒരു നീണ്ട കാലയളവിനു ശേഷം മാത്രമാണ് അത് ഉണ്ടാവാറ്. 1930 കളിലും 40കളിലും രാജ്യത്താകമാനം ഉയര്‍ന്നുവന്ന ഫ്യൂഡല്‍ പ്രഭുക്കളുടെ അടിച്ചമര്‍ത്തലിനെതിരായ ശക്തമായ പോരാട്ടം ഇതിന് ഉത്തമോദാഹരണമാണ്. ഏറെക്കാലം അടിച്ചമര്‍ത്തപ്പെട്ടിരുന്നു എന്നുളളതുകൊണ്ട് ആ പോരാട്ടം അതിശക്തമായിരുന്നു. അത്തരം ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയ്ക്ക് ഒരു വന്‍ തിരമാലയുടെ കരുത്തുണ്ടായിരിക്കും. പക്ഷേ അവ വളര്‍ന്നു വരുന്നതിന് നീണ്ട കാലമെടുക്കും എന്നുമാത്രം. എന്നാല്‍ രാഷ്ട്രീയ ഉള്‍ചേര്‍ക്കല്‍ സംഭവിക്കുന്ന സംവിധാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ചെറുത്തുനില്‍പ്പും വളര്‍ത്തികൊണ്ടുവരാനുളള സാധ്യത ഏറുന്നു. ഈ രണ്ടു പരിസരങ്ങളും നമ്മള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്.

പൊതുമേഖല ബദല്‍ തൊഴില്‍ പ്രചോദനവും സാമൂഹ്യ പ്രതിരോധത്തിന്റെ ഊര്‍ജ്ജസ്രോതസ്സുമാണ്

മേല്‍പറഞ്ഞതില്‍ നിരവധി പ്രധാന കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ ആദ്യത്തേത് പൊതുവും സ്വകാര്യവും തമ്മിലുളള പ്രശനമാണ്. മുന്‍കാലങ്ങളില്‍ സ്വാശ്രയത്വം എന്ന സാമൂഹ്യലക്ഷ്യത്തിന്റെയും മൂലധന ശക്തികളെ അകറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിലാണ്, പൊതുമേഖലയുടെ ആവശ്യകത ചര്‍ച്ച ചെയ്തിരുന്നത്. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിനാവശ്യമായ നിക്ഷേപം നടത്താന്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മാത്രമേ സാധ്യമാകുമായിരുന്നുളളു. ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയെ ആശ്രയിച്ചുകൊണ്ട് സാമൂഹ്യ ലക്ഷ്യം കൈവരിക്കാന്‍ സാദ്ധ്യമല്ല എന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലയുടെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നത്. പൊതുമേഖലയ്ക്ക് വേണ്ടിയുളള വാദം മുന്നോട്ടുവയ്ക്കപ്പെട്ടത്, ഊഹക്കച്ചവട സാധ്യതയുടെ പ്രചോദനം കൊണ്ടല്ല മറിച്ച് 'ഉത്തരവാദിത്വത്തോടുകൂടിയ കൃത്യനിര്‍വ്വഹണ'ത്തിന്റെ അടിസ്ഥാനത്തിലാണ്. സമീപകാലത്തായി ഈ വാദം ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശക്തിയായി പുനരുജ്ജീവിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊതുമേഖലയ്ക്ക് മുന്‍ഗണന പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത് അതിന് പൊതു സമൂഹത്തോട് കണക്കുപറയേണ്ടതായിട്ടുണ്ട് എന്നുളളതുകൊണ്ടാണ്. അല്ലാതെ ഓഹരിയുടമകളോടുമാത്രം കണക്കുപറഞ്ഞാല്‍ മതി എന്നതു കൊണ്ടല്ല (സ്വകാര്യസ്ഥാപനങ്ങള്‍ അതുപോലും ചെയ്യാറില്ല.) ഇതിനെല്ലാം പുറമെയായി, ശക്തമായ മറ്റൊരു വാദം കൂടി ഉയര്‍ന്നുവരുന്നുണ്ട്. അതിതാണ്, തൊഴിലാളികളുടെയും തദ്വാര ബഹുജനങ്ങളുടെയും ചെറുത്തുനില്‍പ്ശേഷി നിലനിര്‍ത്തുന്നതിനുളള സുപ്രധാനമായ ഒരുപാധിയാണ് പൊതുമേഖല. അത്തരം ശേഷി ജനാധിപത്യത്തിന്റെ സത്തയാണ് എന്നതുകൊണ്ടുതന്നെ, ജനാധിപത്യം കാത്തു സൂക്ഷിക്കുന്നതിന് എല്ലാറ്റിലുമുപരിയായി പൊതുമേഖല ആവശ്യമാണ്. സമീപകാലത്തായി ഫ്രാന്‍സില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ഏറ്റവും നിശ്ചയദാര്‍ഡ്യത്തോടെയുളള ചെറുത്തുനില്‍പ്പുകള്‍ നാം കണ്ടത് തികച്ചും ആകസ്മികമല്ല. അത്, ഫ്രാന്‍സില്‍ ഇപ്പോഴും സുപ്രധാനമായി തുടരുന്ന പൊതുമേഖലയിലെ തൊഴിലാളികളുടെ സമര പോരാട്ടങ്ങളുടെ ഫലമാണ്.

ഇടതുപക്ഷ കടമ തൊഴിലാളികളെ മുതലാളിത്ത യുക്തിക്ക് കീഴടങ്ങുന്നതില്‍ നിന്ന് തടയുകയാണ്.

രണ്ടാമത്തെ ഉളളടക്കവും ദൂരവ്യാപകമാണ്. ഇന്ത്യയില്‍ ഇടതുപക്ഷം മൂന്നു സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പൊതുസ്വകാര്യമേഖലകള്‍ തമ്മില്‍ എന്ന വിഷയത്തില്‍, ഈ സര്‍ക്കാരുകളുടെ കാഴ്ചപ്പാട് മറ്റു സംസ്ഥാനസര്‍ക്കാരുകളുടേതിന് തുല്യമാവില്ല. ജനങ്ങളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുക എന്നതിലുപരി അവരെ കേവലം വസ്തുക്കള്‍ എന്ന അവസ്ഥയില്‍ നിന്ന് ചരിത്രത്തില്‍ അവര്‍ക്കുളള 'സ്ഥാനം' നേടിയെടുക്കുന്നതിന് അവരെ സഹായിക്കുക എന്നതാണ് ഇടതുസര്‍ക്കാരുകളുടെ കടമ. ഈ കടമ നിര്‍വ്വഹിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നിരിക്കെ, അതിലേക്കുള്ള മുന്നേറ്റത്തില്‍ പരിമിതമായ അധികാരം മാത്രമേ ഉളളുവെങ്കിലും, ഈ മൂന്നു സര്‍ക്കാരുകളും വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി പൊതുമേഖലയെ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിലവിലുളള വ്യവസ്ഥക്കകത്ത് നിന്നുകൊണ്ട് തന്നെ, ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വളര്‍ച്ചയുടെയും വ്യവസായവല്‍ക്കരണത്തിന്റെയും തന്ത്രത്തില്‍ പൊതുമേഖല നേതൃത്വപരമായ പങ്കുവഹിക്കേണ്ടതുണ്ട്.

ജനാധിപത്യം നിലനില്‍ക്കാന്‍ ശക്തമായ പൊതുമേഖലാസാന്നിദ്ധ്യംകൊണ്ട് മുതലാളിത്തം നിയന്ത്രിക്കപ്പെടണം

പക്ഷേ പൊതുമേഖലയുടെ 'പ്രഭാവം' എന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന അതിന്റെ 'സ്വത്ത്' തന്നെയാണ് അതിന്റെ ശാപമെന്ന് ഇടതുപക്ഷത്തുളള ചിലര്‍ ഉള്‍പ്പെടെ പലരും പറയുന്നുണ്ട്. സാമ്പത്തികാവശ്യങ്ങള്‍ക്കായുളള പോരാട്ടങ്ങളും ഭരണകൂടത്തില്‍ രാഷട്രീയ സമ്മര്‍ദം ചെലുത്തുന്ന ചെറുത്തുനില്‍പ് സമരങ്ങളും സംയോജിപ്പിക്കാന്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ക്കു കഴിയും എന്നുളളതുകൊണ്ട് പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനുളള ശേഷി സ്വകാര്യമേഖലയിലെ തൊഴിലാളികളേക്കാള്‍ അവര്‍ക്കുണ്ട് എന്ന വാദം നാം മുന്നോട്ടുവെക്കേണ്ടതുണ്ട്. എന്നാല്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ സമരോത്സുകതയ്ക്കും സമ്മര്‍ദ്ദം ചെലുത്തലിനും വാസനയുളളവരായതുകൊണ്ട് മത്സരം നിലനില്‍ക്കുന്ന കമ്പോളത്തില്‍, പൊതുമേഖലാ ഉല്‍പ്പനങ്ങള്‍ സ്വകാര്യ മേഖലയുടെ ഉല്‍പ്പന്നങ്ങളാല്‍ പിന്തളളപ്പെടുമെന്നിരിക്കെ, ഈ വിഭാഗം തന്നെയാണ് പൊതുമേഖലയുടെ ദൌര്‍ബല്യവും എന്ന മറുവാദവും ഉയരാറുണ്ട്.

പൊതുമേഖലയിലെ തൊഴിലാളി സാമൂഹ്യമാറ്റത്തിന്റെ സംഘാടകനാണ്


ഇത് തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരു കാര്യമാണ്. പക്ഷേ അതിന്റെ വക്താക്കള്‍ വാദിക്കുന്നതിന്റെ നേര്‍ വിപരീതമാണ് ഫലമെന്ന് കാണാം. മുതലാളിത്ത സാഹചര്യങ്ങള്‍ക്കു കീഴിലും മുതലാളിത്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും 'വിജയം' എന്നത് തൊഴിലാളികളുടെ ഭാഗത്തുനിന്നുളള നിശ്ചയദാര്‍ഢ്യവുമായും യഥാര്‍ത്ഥ ജനാധിപത്യവുമായും പൊരുത്തപ്പെടാത്തതാണ്. മുതലാളിത്തം മൌലികമായിത്തന്നെ ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കഴിയണമെങ്കില്‍ ശക്തമായ ഒരു പൊതുമേഖല പടുത്തുയര്‍ത്തി മുതലാളിത്തത്തെ നിയന്ത്രിക്കണം. അതിനായി അതിര്‍ത്തികള്‍ ഭേദിച്ചുളള മൂലധന ഒഴുക്കിനെ നിയന്ത്രിക്കുന്ന നവലിബറല്‍ നയങ്ങളില്‍ നിന്നു വ്യത്യസ്തമായ നയങ്ങള്‍ കൈക്കൊളളുന്ന ഒരു ഭരണകൂടമുണ്ടാവണം. അതുകൂടാതെ സ്വകാര്യ മേഖലയില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ പൊതുമേഖല നടത്തപ്പെടുകയും വേണം. നവലിബറല്‍ മുതലാളിത്തത്തിന്റെ യുക്തിക്കു പകരമായും, തൊഴിലാളികളുടെ പ്രതിഷേധവും ചെറുത്തുനില്‍പ്പും ഇല്ലാതാകുന്ന തരത്തില്‍ പൊതുമേഖലയെ സ്വകാര്യ മേഖലയുടെ തനിപ്പകര്‍പ്പാക്കുന്നതിനു ബദലായും പൊതുമേഖലയെ സംരക്ഷിക്കുന്നതിനും അതിനെ സ്വകാര്യമേഖലയുടെ പകര്‍പ്പാക്കി മാറ്റാതിരിക്കുന്നതിനും നവലിബറല്‍ ഭരണകൂടത്തെ തന്നെ മാറ്റിമറിക്കേണ്ടതുണ്ട്. കേവലജനാധിപത്യത്തിന് പോലും ഇത് അത്യാവശ്യമാണ്.

ജനങ്ങളുടെ ചെറുത്തുനില്‍പ്പിനുളള ശേഷി വളര്‍ത്തുന്നതിനൊപ്പം തന്നെ ബദലായ ഒരു തൊഴില്‍ സംസ്കാരത്തിന്റെയും തൊഴില്‍ നൈതികതയുടെയും വികാസം ഉറപ്പാക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട് എങ്കില്‍ ചെറുത്തുനില്‍പ്പിന്റെയും ബദല്‍തൊഴില്‍ പ്രചോദനത്തിന്റെയും കേന്ദ്രമായിക്കൊണ്ട്, സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖല തികച്ചും വ്യത്യസ്തമാക്കേണ്ടതുണ്ട്.

സോഷ്യലിസത്തിന് വേണ്ടിയുള്ള പോരാട്ടത്തെ ജ്വലിപ്പിക്കുന്നതിനുള്ള അടിത്തറയാണ് പൊതുമേഖല

ഫ്യൂഡലിസത്തിന്‍ കീഴില്‍ തമ്പുരാന്റെയോ 'പാരമ്പര്യ'ത്തിന്റെയോ ബലപ്രയോഗത്തില്‍ നിന്നാണ് തൊഴിലെടുക്കാനുളള പ്രചോദനം ഉയര്‍ന്നിരുന്നത്. മുതലാളിത്തത്തിന്‍ കീഴില്‍ അത്തരം ബലപ്രയോഗം മറ്റൊരു രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്നുമാത്രം. അതായത്, തൊഴിലാളികളുടെ ശിരസ്സിനുമുകളില്‍ തൂങ്ങുന്ന, അവരെ തൊഴിലില്ലാത്തവരുടെ കരുതല്‍ സേനയിലേക്കും അതുവഴി നിത്യദാരിദ്ര്യത്തിലേക്കും തളളിവിടാന്‍ കെല്‍പ്പുളള 'പുറത്താക്കല്‍' എന്ന ഭീഷണി! യഥാര്‍ത്ഥ ജനാധിപത്യം ഇത്തരം എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നുളള അതിജീവനം ആവശ്യപ്പെടുന്നുണ്ട്. അത് ഒരു ബദല്‍ തൊഴില്‍ പ്രചോദനമാണ്. ഈ പ്രചോദനത്തിന് പൊതുനന്മയ്ക്കു വേണ്ടി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ബൂര്‍ഷ്വാ സമൂഹത്തിനകത്തും പൊതുമേഖലാ തൊഴിലാളികളുടെ തൊഴില്‍ സംസ്കാരത്തിലും തൊഴില്‍ ധാര്‍മ്മികതയിലും ഈ പ്രചോദനം കണ്ടെത്തണം. രാഷ്ട്രീയാവബോധവും വര്‍ഗ്ഗബോധവും സ്വയം പ്രകാശിതമാവുന്നത് ചെറുത്തുനില്‍പിലൂടെ മാത്രമല്ല, മറിച്ച് ഒരു ബദല്‍ തൊഴില്‍ പ്രചോദനത്തിലൂടെയാണ്.

ആയതിനാല്‍, ഒരു മുതലാളിത്ത പ്രപഞ്ചത്തിനകത്തെ 'മത്സര'ത്തിനുവേണ്ടി തങ്ങളുടെ അവകാശങ്ങള്‍ അടിയറവയ്ക്കുന്നതിന് മൌനാനുവാദം നല്‍കുന്നതിനുപകരം പൊതുമേഖലാ തൊഴിലാളികളടക്കമുളള മുഴുവന്‍ തൊഴിലാളികളും തങ്ങളുടെ അവകാശങ്ങളും ജനങ്ങളുടെ ചെറുത്തുനില്‍ക്കുന്നതിനുളള ശേഷിയും നിലനിര്‍ത്തുന്നതിനായി; നവലിബറലിസത്തിനു വിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുന്ന ഭരണമാറ്റത്തിനായുളള പോരാട്ടങ്ങള്‍ സംഘടിക്കേണ്ടതുണ്ട്. മുഴുവന്‍ സമൂഹത്തിനും മാര്‍ഗ്ഗദീപമായിക്കൊണ്ട് പൊതുമേഖല തുടരുന്ന അവസ്ഥാവിശേഷം മുതലാളിത്തം അനുവദിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥ ജനാധിപത്യം മുതലാളിത്തവുമായി പൊരുത്തപ്പെടുമെന്നും ഞാന്‍ വിശ്വിസിക്കുന്നില്ല.

പൊതുമേഖല സ്റ്റേറ്റ് മുതലാളിത്തമല്ല, സാമൂഹ്യ മാറ്റത്തിനുള്ള ജനങ്ങളുടെ സമരായുധമാണ്

മുതലാളിത്തവുമായി പൊരുത്തപ്പെട്ടാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന്റെ കടമ, തൊഴിലാളികള്‍ മുതലാളിത്തത്തിന്റെ യുക്തിക്ക് കീഴടങ്ങുന്നത് തടയുക എന്നതാണ്. ഇടതുപക്ഷത്തിനിടയില്‍ പോലും, വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങളുടെ നിര്‍ഭയ സേവകനാകുന്നതിന് ഭരണകൂടം ഉപയോഗിക്കുന്ന 'വളര്‍ച്ചാപ്രകടന'ത്തെ മഹത്വവല്‍ക്കരിക്കാനുളള പ്രവണത പ്രകടമാണ്. തങ്ങളുടെ വര്‍ഗപരമായ നിലപാടിന് കടകവിരുദ്ധമാണെങ്കിലും ഇടതുപക്ഷത്തെ ചിലവിഭാഗങ്ങള്‍, 'ഉല്‍പാദനശക്തികളുടെ വികാസം' ചരിത്രപരമായി പുരോഗമിക്കുന്നതാണ് എന്നതുകൊണ്ട്, ആ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് എന്ന വിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയതിനാല്‍ വളര്‍ച്ചാനിരക്ക് ഉല്‍പാദന ശക്തികളുടെ വികാസത്തിന്റെ വേഗതയുടെ സൂചകമായി അവര്‍ കാണുകയും ചെയ്യുന്നു. ഈ വിശ്വാസം തെറ്റാണെന്ന് നമുക്ക് കരുതേണ്ടിവരും.

നിയോലിബറല്‍ കാലത്തെ വര്‍ഗ്ഗസമരങ്ങളില്‍ പൊതുമേഖലയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ നിര്‍ണ്ണായകവും അനിവാര്യവുമാണ്

തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ചെറുത്തുനില്‍പ് പോരാട്ടങ്ങള്‍ക്കുളള ശേഷിയില്‍ നിന്നുവേറിട്ട്, സ്വതന്ത്രമായി 'വെറുതെ' സംഭവിക്കുന്ന ഒന്നല്ല ഉല്‍പാദനശക്തികളുടെ വികാസം. തൊഴിലെടുക്കുന്നവന്റെ ശക്തി, പ്രചോദനം, ബോധം എന്നിവയില്‍ നിന്ന് വേറിട്ട് സ്വതന്ത്രമായ 'ഉല്‍പ്പാദന ശക്തികള്‍' എന്നൊന്നില്ല. കാള്‍മാര്‍ക്സ് 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന കൃതിയില്‍ പറയുന്നത്: "ഒരു ബൂര്‍ഷ്വാ സമൂഹത്തില്‍ ഉല്‍പാദന ശക്തികളുടെ വികാസത്തിന്റെ ഏറ്റവും ഉന്നതതലം, വിപ്ളവകാരിയായ തൊഴിലാളിയുടെ രൂപപ്പെടലാണ്'' എന്നാണ്. അതായത് വളരെ ഇടുങ്ങിയ സാമ്പത്തിക അര്‍ത്ഥത്തില്‍നിന്നും, അതിലളിതമായ ഭൌതിക മാനദണ്ഡത്തില്‍ നിന്നും ഉല്‍പാദന ശക്തികള്‍ എന്ന സംജ്ഞയെ വേര്‍പെടുത്തുകയാണ് മാര്‍ക്സ് ചെയതത്. കൂടാതെ പ്രസ്തുത ഉല്‍പ്പാദന ശക്തികളെ മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസം ഏറ്റെടുത്ത് വികസിപ്പിക്കുമെന്നും അദ്ദേഹം കരുതി. ഒരു സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഉല്‍പ്പാദന ശക്തികളുടെ വികാസത്തിന്റെ അടിസ്ഥാനം വിപ്ളവകാരിയായ തൊഴിലാളിയാണന്ന് മാര്‍ക്സ് ചൂണ്ടികാട്ടുക യും ചെയ്തു. ഒരു സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയില്‍ ഉല്‍പാദന ശക്തികളെ വികസിപ്പിക്കുന്നതില്‍ തൊഴിലാളിയുടെ വിപ്ളവകരമായസ്വഭാവം സ്വയം പ്രകാശിതമാവുന്ന പ്രത്യക്ഷമണ്ഡലം തൊഴില്‍ പ്രചോദനമാണ്. പൊതുമേഖലയെ മുതലാളിത്തത്തിന്റെ യുക്തിയില്‍ കെട്ടിയിടാതിരിക്കുന്നു എങ്കില്‍, ഈ ബദല്‍ തൊഴില്‍ പ്രചോദനം, വികസ്വര ബൂര്‍ഷ്വാസമ്പദ് വ്യവസ്ഥയിലെ പൊതുമേഖലയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ചേര്‍ക്കാവുന്നതാണ്. ഇടതുപക്ഷത്തിന് തീര്‍ച്ചയായും സോഷ്യലിസത്തിനു വേണ്ടിയുളള പോരാട്ടത്തെ ശക്തിപ്പെടുത്താനുള്ള അടിത്തറയായിരിക്കും അത്. കൂടാതെ യഥാര്‍ത്ഥ ജനാധിപത്യം കാംക്ഷിക്കുന്ന ഏതൊരാളും, അയാള്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍പോലും, പൊതുമേഖലയുടെ പ്രാധാന്യം മാത്രമല്ല, അതിനെ സ്വകാര്യ മേഖലയുടെ തലത്തിലേക്ക് താഴ്ത്താതിരിക്കേണ്ടതിന്റെ ആവശ്യകതയും അംഗീകരിക്കേണ്ടതുണ്ട്.

*
ഡോ. പ്രഭാത് പട്നായ്കിന്റെ Public & private എന്ന ലേഖനത്തിന്റെ മലയാള രൂപാന്തരം.
പരിഭാഷ നിര്‍വ്വഹിച്ചത് സി.ബി. വേണുഗോപാല്‍
(*ഉപശീര്‍ഷകങ്ങള്‍ മൂലലേഖനത്തില്‍ ഉള്ളതല്ല.)

‘നവലിബറലിസം തകരുമ്പോള്‍ ഇടതുപക്ഷം എന്തു ചെയ്യണം’ എന്ന പി.എ.ജിയുടെ ദശവാര്‍ഷിക പുസ്തകപരമ്പരയിലെ ആദ്യ പുസ്തകത്തില്‍ നിന്നും എടുത്തത്.

പി.എ.ജിയുടെ വിലാസം : Convenor, PAG, 'Narmada', Karuvissery, Kozhikode- 673 010, Ph: 0495- 2374666
ഇമെയില്‍ വിലാസം: pag.ajayan@gmail.com

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1950 കളുടെ തുടക്കത്തില്‍, അന്നത്തെ ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കല്‍ക്കത്തയിലെ ട്രാം യാത്രാനിരക്ക് ഒരു പൈസ വര്‍ദ്ധിപ്പിച്ചതിനെതിരെ ശക്തമായ സമരം നടത്തുകയും വര്‍ദ്ധനവ് പിന്‍വലിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അറുപതുകളില്‍, അഹല്യ രംഗനേക്കറെയും മൃണാള്‍ ഗോറെയെയും പോലുള്ള നേതാക്കള്‍, വിലക്കയറ്റത്തിനെതിരെ ഉഗ്ര സമരം നയിച്ചിരുന്നു. ഒഴിഞ്ഞ പാത്രങ്ങളുമായി, അന്ന്, വീട്ടമ്മമാര്‍ തെരുവിലിറങ്ങിയിരുന്നു. വിലകള്‍ കുതിച്ചുയര്‍ന്നപ്പോള്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം ചോര്‍ന്നു പോയതിനെ തുടര്‍ന്ന്, വിലക്കയറ്റത്തിന്റെ ഈ കാലഘട്ടം നിരവധി സമര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ആ പോരാട്ടങ്ങള്‍ അവസാനം, 1974ലെ വമ്പിച്ച റെയില്‍വെ പണിമുടക്കിലായിരുന്നു എത്തിച്ചേര്‍ന്നത്. വ്യാപാര നിബന്ധനകള്‍, കര്‍ഷക ജനതയ്ക്കെതിരായി മാറിയതിനെ തുടര്‍ന്ന്, എഴുപതുകളുടെ മധ്യം മുതല്‍, ഡല്‍ഹിയിലെ ബോട്ട് ക്ളബ്ബില്‍ അരങ്ങേറിയ അത്യുഗ്രന്‍ റാലികളടങ്ങിയ പ്രതിഷേധം മെച്ചപ്പെട്ട വിലയ്ക്ക് വേണ്ടി കര്‍ഷകരുടെ ഭാഗത്തു നിന്നുണ്ടായി. ചുരുക്കത്തില്‍, സ്വാതന്ത്ര്യാനന്തരമുള്ള നിരവധി ദശകങ്ങളില്‍ പരസ്യമായ പ്രതിഷേധത്തിലൂടെയുള്ള ജനരോഷത്തിന്റെ പ്രകടനങ്ങള്‍ തികച്ചും ഒരു സാധാരണ പ്രക്രിയയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകവുമായിരുന്നു. സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്യവും ഇതുതന്നെയാണ്. പാര്‍ലിമെന്ററി - പാര്‍ലിമെന്റേതര പ്രവര്‍ത്തനങ്ങളെ സമ്മേളിപ്പിച്ചുകൊണ്ടുള്ള പോരാട്ടം. തീര്‍ച്ചയായും പാര്‍ലമെന്റേതരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം ഉയര്‍ത്തല്‍ തന്നെയാണ്.

പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ പഠനാര്‍ഹമായ ലേഖനം.