Friday, November 20, 2009

സ്നേഹ ജാലകങ്ങൾ തുറന്നിടുമ്പോൾ

അച്ഛന്‍ ലൂയിവോണ്‍ വെസ്റ്റ് ഫേലന്‍. പ്രഭുവാണ്. ഗവണ്‍മെന്റ് കൌണ്‍സിലറാണ്. മകള്‍ കുലീനയായ പ്രഭുകുമാരി, ലാവണ്യവതി - പേര് ജെന്നി. അങ്ങനെ പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലായി എന്നുവരില്ല. മനുഷ്യസമത്വത്തിന്റെ മഹത് സിദ്ധാന്തം ലോകജനതയുടെ ഹൃദയഭിത്തികളില്‍ കുറിച്ചുവച്ച മഹാനായ മാര്‍ക്സിന്റെ പ്രിയതമ. പ്രണയത്തിന്റെ അരുണാഭകൊണ്ട് കാള്‍ മാര്‍ക്സിന്റെ മനസ്സില്‍ കവിതയുടെ റോസാദലങ്ങള്‍ വിരിയിച്ചവള്‍. അതിനപ്പുറം ജെന്നിയുടെ ജീവിതത്തിലേയ്ക്ക് അധികമാരും ജാലകം തുറന്നുനോക്കിയിട്ടില്ല.

ഹൃദയഭേദകമായ അനേകം സന്ദര്‍ഭങ്ങള്‍. മനസ്സിനെ മരവിപ്പിച്ചുകളഞ്ഞ വലിയ വലിയ ദുരന്തങ്ങള്‍. ജെന്നിയുടെ ജീവിതത്തില്‍ പ്രയാസങ്ങളുടെ പാനപാത്രം ഒരിക്കലും ഒഴിഞ്ഞിരുന്നില്ല. ജീവിതദുരന്തങ്ങള്‍ അത്രമേല്‍ വേട്ടയാടിയ ഒരു സ്ത്രീ. സ്നേഹസമ്പന്നനായ ഭര്‍ത്താവിനൊപ്പം ആശയങ്ങളുടെ വഴിത്താരകളിലൂടെ നടന്നുനീങ്ങുമ്പോഴെല്ലാം ജെന്നി വിലപിക്കുകയായിരുന്നു. ദീര്‍ഘമായ ഒരു ദുരിതപര്‍വമായിരുന്നു ജെന്നിയുടെ ജീവിതം. എന്നിട്ടും മാര്‍ക്സിന്റെ മനസ്സിന് അവള്‍ കരുത്തുനല്‍കി. അയാള്‍ എഴുതിക്കൂട്ടിയതെല്ലാം അടുക്കി വേണ്ടവിധം ഫയല്‍ ചെയ്ത് സൂക്ഷിച്ചു. മഹാ ജീനിയസ്സിന്റെ ദൌര്‍ബല്യങ്ങള്‍ എല്ലാമുണ്ടായിരുന്ന മാര്‍ക്സിന് ഒരു പ്രൈവറ്റ് സെക്രട്ടറികൂടിയായിരുന്നു ജെന്നി. 'മൂലധനം' എഴുതിക്കൂട്ടിയ നോട്ടുബുക്കിന്റെ കെട്ടുകള്‍ എണ്ണമിട്ടടുക്കി കുതിരവണ്ടിയില്‍ കയറ്റുമ്പോഴും ലിസ്റ്റിന്റെ കാര്‍ബണ്‍ കോപ്പി കുതിരക്കാരനു കൊടുക്കുമ്പോഴും ജെന്നിയില്‍ ഒരു വേവലാതിയുണ്ടായിരുന്നു. ഒന്നും നഷ്ടപ്പെടാതെവേണം, ഒരു ക്രമവും തെറ്റാതെവേണം ഇവ കപ്പലില്‍ കയറ്റി അയക്കേണ്ടത്. അവള്‍ക്കറിയാം, കേവലമായ ഒരു നോവലോ തത്വശാസ്‌ത്രപുസ്തകമോ അല്ല കയറ്റി അയയ്ക്കുന്നതെന്ന്. ലോകജനതയുടെ സമത്വം സ്വപ്നം കണ്ട് തന്റെ ഭര്‍ത്താവ് എഴുതിത്തയ്യാറാക്കിയ സാമ്പത്തിക ശാസ്‌ത്രത്തിന്റെ മഹത്ഗ്രന്ഥം. അതിലെ ഒരു കടലാസുപോലും ക്രമംതെറ്റുകയോ കളഞ്ഞുപോവുകയോ ചെയ്യരുത്.

കാലത്തിന്റെ കരളില്‍ സ്ഥിതിസമത്വ സിദ്ധാന്തമെന്ന ആശയം പതിപ്പിച്ചെടുക്കാന്‍ മാര്‍ക്സിന്റെ ശ്രമങ്ങള്‍ക്കും പഠനങ്ങള്‍ക്കും ജെന്നി പകര്‍ന്നുനല്‍കിയത് കൊടുങ്കാറ്റിന്റെ കരുത്തായിരുന്നു. ലോകചരിത്രത്തില്‍ ജെന്നി അവിസ്‌മരണീയമാകുന്നതും അതുകൊണ്ടുതന്നെ.

മക്കള്‍ ഓരോരുത്തരായി തീരെ ചെറുപ്പത്തില്‍ത്തന്നെ മരണത്തിനു കീഴടങ്ങുന്നതു കണ്ടുനില്‍ക്കേണ്ടിവന്ന ഒരമ്മ. ആദ്യത്തെ ആണ്‍തരിയായ ഗ്യൂദോ ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞത് വിശ്വസിക്കാനാവാതെ ജെന്നി നിലവിളിച്ചു. മാര്‍ക്സ് അവളെ കൈകളില്‍ത്താങ്ങി ആശ്വസിപ്പിച്ചു. 'സഹിക്കുക, മരണത്തിനു പോംവഴി മറ്റൊന്നില്ല. നമുക്കിതു സഹിച്ചേ മതിയാകൂ' ജെന്നി മാര്‍ക്സിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

'മൂര്‍, ഒരമ്മയ്ക്ക് താങ്ങാവുന്നതിലധികമാണിത്. ഇനിയും ഏറ്റുവാങ്ങാന്‍ ഇതിലും അധികം വിപത്തുക്കള്‍ നമുക്കായി കാത്തിരിക്കുന്നുണ്ടോ?

'ഇല്ല, ജെന്നീ, ഇല്ല ഒന്നുമുണ്ടാവില്ല. പക്ഷേ, ഒരു വയസ്സ് പൂര്‍ത്തിയായതേയുള്ളൂ. മകള്‍ ഫ്രാന്‍സിസ്കായേയും മരണം കവര്‍ന്നു. ജെന്നിയുടെ ആര്‍ത്തനാദം ഇന്നും തന്റെ കാതുവട്ടത്ത് മുഴങ്ങിക്കേള്‍ക്കുന്നു'.

മാര്‍ക്സിന്റെ ഓര്‍മകളിലൂടെ ജെന്നിയുടെ സങ്കടങ്ങളെക്കുറിച്ച് വായിക്കുന്നവരെക്കൂടി കരയിപ്പിച്ചുകൊണ്ട് എഴുതിയിരിക്കുന്ന ഒരു നോവലുണ്ട് മലയാളത്തില്‍. സി സോമന്‍ എഴുതിയ 'സങ്കടങ്ങളുടെ ഇടയന്‍'. കാള്‍ മാര്‍ക്സിന്റെ ജീവചരിത്രത്തെ ആസ്‌പദമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നതെങ്കിലും ജെന്നി എന്ന സ്‌ത്രീ കഥാപാത്രത്തിന്റെ വിലാപങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും എന്നാല്‍, അന്യാദൃശമായി അവള്‍ പുലര്‍ത്തിക്കാണുന്ന ആത്മബലത്തിലൂടെയുമാണ് അത് പൂര്‍ണമാകുന്നത്.

കടലാസുകള്‍ക്കിടയില്‍ കഥാപാത്രങ്ങളുടെ ഭാവം തിരുകിവയ്ക്കാനുള്ള കലാവിദ്യ സ്വായത്തമാക്കാന്‍ ഒരു എഴുത്തുകാരനു കഴിയുക എന്നത് അപൂര്‍വമാണ്. ആത്മസംഘര്‍ഷങ്ങളുടെ യാഥാര്‍ഥ്യമറിയുന്ന ഒരാള്‍ക്കേ അതു സാധ്യമാകൂ. വായിക്കുമ്പോള്‍ വിതുമ്പലുണ്ടാകത്തക്കവിധം എംപതറ്റിക്കലായി എഴുതിയിരിക്കുന്ന നോവലാണ് 'സങ്കടങ്ങളുടെ ഇടയന്‍'.

മൂന്നാംവട്ടം മൂഷ് എന്ന് ഓമനപ്പേരിട്ട് വിളിച്ച എഡ്‌ഗാര്‍കൂടി മരണത്തിന്റെ മഞ്ചത്തിലേറി യാത്രയായി. മൃത്യുവിന്റെ നിരന്തരവും അപാരവുമായ ഇടപെടലുകളില്‍പ്പെട്ട് മാര്‍ക്സിന്റെ കുടുംബം ദുരിതച്ചുഴികളിലേക്ക് ചുഴറ്റി എറിയപ്പെട്ടുകൊണ്ടേയിരുന്നു. ദാരിദ്ര്യം, നിന്ദ, കുന്നുകളായി കുമിഞ്ഞുകൂടുന്ന കടം.... ആകപ്പാടെ മൂകമായ ആ വീട്ടില്‍ ചില ചങ്ങാതിമാരും തൊഴിലാളി സഖാക്കളും വന്നുപോവുകയോ അന്തിയുറങ്ങുകയോ മാത്രം ചെയ്തു. ആശ്വസിപ്പിക്കാന്‍ അവര്‍ക്കും ആകുമായിരുന്നില്ല. ജെന്നി നിശബ്ദമായി കരഞ്ഞുകൊണ്ടേയിരുന്നു. മൂറിന്റെ കണ്‍പോളകള്‍ ചുവക്കുമ്പോള്‍ അവള്‍ അരികിലെത്തി അയാളെ ആശ്വസിപ്പിക്കും. അവളും മുഖംപൊത്തി കണ്ണീര്‍ വാര്‍ക്കും.

'മൂലധന'മെഴുതിയ മൂര്‍ എന്ന നീണ്ട താടിക്കാരന്‍ മാര്‍ക്സിന് അയാളുടെ ജീവിതത്തിന് കരളലിയിക്കുന്ന ഒരു പിന്നാമ്പുറംകൂടിയുണ്ടായിരുന്നെന്ന് അങ്ങനെ അധികമാര്‍ക്കും അറിയില്ല. സ്വയം വിലപിച്ചുകൊണ്ടാണ് മഹത്തായ ഒരു പ്രത്യയശാസ്‌ത്രത്തിന് ഈ മനുഷ്യന്‍ ജന്മംകൊടുത്തതെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന നോവലാണ് 'സങ്കടങ്ങളുടെ ഇടയന്‍'.

കാലാതീതമായ ഒരു മൂലധനവ്യവസ്ഥ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ സീമാതീതമായ കടക്കെണിയില്‍പ്പെട്ട് അയാള്‍ ഉഴലുകയായിരുന്നു. ലോകജനതയുടെ മുഴുവന്‍ പട്ടിണിമാറ്റാന്‍ പടപൊരുതുമ്പോഴൊക്കെ കൊടും പട്ടിണിയുടെ കരാളഹസ്‌തങ്ങളില്‍പ്പെട്ട് ഉരുകിയില്ലാതാവുകയായിരുന്നു അയാള്‍. അപ്പോഴൊക്കെ ധൈര്യത്തിന്റെ വാക്കുകള്‍ പകര്‍ന്നുകൊണ്ട് ജെന്നി അയാളെത്താങ്ങി നിര്‍ത്തി. പതര്‍ച്ചയുടെയോ ഇടര്‍ച്ചയുടെയോ ഇടനാഴികളില്‍ ജീവിതപ്രയാസങ്ങള്‍കൊണ്ട് ആ ബുദ്ധിജീവി വേച്ചുവീഴാതിരുന്നെങ്കില്‍ അതിന്നുത്തരവാദി ജെന്നി മാത്രമാണ്. ആഗോള സ്നേഹത്തിന്റെ ആകാശങ്ങളില്‍ രക്തവര്‍ണാങ്കിതമായ ഒരു നക്ഷത്രമായി മാര്‍ക്സ് ഇന്ന് പരിശോഭിച്ചുകാണുന്നതിനുപിന്നില്‍, ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും കൂര്‍ത്തമുള്ളുകളിലൂടെ ജീവിതയാഥാര്‍ഥ്യങ്ങളുടെ നഗ്നപാദങ്ങളാല്‍ അയാളോടൊപ്പം നടന്നുനീങ്ങിയ ഒരു സ്‌ത്രീയുടെ അശ്രാന്തമായ പരിശ്രമങ്ങള്‍കൂടിയുണ്ടായിരുന്നെന്ന് മറന്നുകൂടാ.

തീര്‍ത്തും ഭൌതികവാദിയായ മാര്‍ക്സിന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിച്ച് കവിതയെഴുതിപ്പിക്കാന്‍ പോന്ന കാമുകീഭാവവും പിന്നീട് പ്രയാസങ്ങളുടെ ഘോഷയാത്രയിലും തളര്‍ന്നുവീഴാതെ ജീവിതത്തിനുമേല്‍ തത്വശാസ്‌ത്രത്തിന്റെ കൊടിപാറിക്കാന്‍ പോന്ന ആത്മധൈര്യവും ഒത്തുചേര്‍ന്ന മഹത്വ്യക്തിത്വമായിരുന്നു ജെന്നിയുടേത്. ജെന്നിയുടെ മരണം മാര്‍ക്സിന്റെ ജീവിതത്തില്‍ പിന്നീടുണ്ടാക്കിയ ശൂന്യത നിസ്സാരമായിരുന്നില്ല. ഒറ്റപ്പെടലിന്റെ ലോകത്തേയ്ക്ക് പിന്നീടുള്ള കാലം മുഴുവന്‍ അയാള്‍ വലിച്ചെറിയപ്പെട്ടു.

മാര്‍ൿസെഴുതിയ പ്രണയകവിതകളിലെ കാമുകീഭാവങ്ങളിലോ കാല്‍പ്പനിക മാത്രകളിലോ മാത്രമാണോ ജെന്നിയുടെ സ്ഥാനം? അങ്ങനെ മാത്രം ജെന്നിയെ മാറ്റിനിര്‍ത്തുന്നത് ചരിത്രത്തിനും വരാനിരിക്കുന്ന കാലത്തിനും നീതികേടാണ്. പ്രണയത്തിന്റെ റോസാദലങ്ങള്‍ക്കൊപ്പം ജീവിതത്തിന്റെ കുപ്പിച്ചില്ലുകളിലൂടെയും നടന്നുപോയ ജെന്നിയെക്കൂടി ഓര്‍മിപ്പിക്കുന്ന പുസ്തകമാണ് 'സങ്കടങ്ങളുടെ ഇടയന്‍'.

നിലാവും പൊള്ളുന്ന തീപോലുള്ള വെയിലുമായിരുന്നു ജെന്നി. മഞ്ഞും മലകളില്‍ ആര്‍ത്തുപെയ്യുന്ന പേമാരിയുമായിരുന്നു അവള്‍.

അവള്‍ മൂറിന്റെ മക്കളുടെ മരണത്തില്‍ ആര്‍ത്തലച്ചു വിലപിച്ച അമ്മയും പടപൊരുതുന്ന മനസ്സിന്റെ കരുത്തുമായിരുന്നു.

കാലത്തിന്റെ കുതിരവേഗങ്ങള്‍ എത്രതന്നെ പൊടിയടിച്ചു പാഞ്ഞുപോയാലും ചരിത്രത്തിന്റെ സ്‌മൃതിപഥങ്ങളില്‍നിന്ന്, സങ്കടങ്ങളുടെ ഇടയന് കൂട്ടായും അയാളുടെ ആശയങ്ങള്‍ക്ക് കാവലായും നിന്ന അവളുടെ പേര് ജെന്നിയെന്നാണെങ്കില്‍ അതൊരിക്കലും മാഞ്ഞുപോകില്ലതന്നെ.

***

എല്‍ ആര്‍ മധുജന്‍, കടപ്പാട് : സ്‌ത്രീ സപ്ലിമെന്റ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

തീര്‍ത്തും ഭൌതികവാദിയായ മാര്‍ക്സിന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിച്ച് കവിതയെഴുതിപ്പിക്കാന്‍ പോന്ന കാമുകീഭാവവും പിന്നീട് പ്രയാസങ്ങളുടെ ഘോഷയാത്രയിലും തളര്‍ന്നുവീഴാതെ ജീവിതത്തിനുമേല്‍ തത്വശാസ്‌ത്രത്തിന്റെ കൊടിപാറിക്കാന്‍ പോന്ന ആത്മധൈര്യവും ഒത്തുചേര്‍ന്ന മഹത്വ്യക്തിത്വമായിരുന്നു ജെന്നിയുടേത്. ജെന്നിയുടെ മരണം മാര്‍ക്സിന്റെ ജീവിതത്തില്‍ പിന്നീടുണ്ടാക്കിയ ശൂന്യത നിസ്സാരമായിരുന്നില്ല. ഒറ്റപ്പെടലിന്റെ ലോകത്തേയ്ക്ക് പിന്നീടുള്ള കാലം മുഴുവന്‍ അയാള്‍ വലിച്ചെറിയപ്പെട്ടു.

മാര്‍ൿസെഴുതിയ പ്രണയകവിതകളിലെ കാമുകീഭാവങ്ങളിലോ കാല്‍പ്പനിക മാത്രകളിലോ മാത്രമാണോ ജെന്നിയുടെ സ്ഥാനം? അങ്ങനെ മാത്രം ജെന്നിയെ മാറ്റിനിര്‍ത്തുന്നത് ചരിത്രത്തിനും വരാനിരിക്കുന്ന കാലത്തിനും നീതികേടാണ്. പ്രണയത്തിന്റെ റോസാദലങ്ങള്‍ക്കൊപ്പം ജീവിതത്തിന്റെ കുപ്പിച്ചില്ലുകളിലൂടെയും നടന്നുപോയ ജെന്നിയെക്കൂടി ഓര്‍മിപ്പിക്കുന്ന പുസ്തകമാണ് 'സങ്കടങ്ങളുടെ ഇടയന്‍'.

chithrakaran:ചിത്രകാരന്‍ said...

തീര്‍ച്ചയായും,സ്ത്രീയുടെ സ്നേഹത്തിന്റെ മരുപ്പച്ചയില്ലാതെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനോ, മാനവികതെ മുഴുവന്‍ വാരിപ്പുണരുന്ന ഒരു സ്നേഹ ശാസ്ത്രം രചിക്കാനോ കഴിയുകയില്ല.മാര്‍ക്സോളം മഹതിയായ ജെന്നിയെ സ്നേഹാദരത്തോടെ പരിചയപ്പെടുത്തിയതിനും,സങ്കടങ്ങളുടെ ഇടയന്‍ എന്ന പുസ്തകത്തെക്കുറിച്ച് അറിവു നല്‍കിയതിനും ചിത്രകാരന്‍ നന്ദി പറയുന്നു.

ജനശക്തി said...

“പ്രേമമെന്ന ആര്‍ഭാട“ത്തില്‍ മുഴുകുന്നത് ഇടതുപക്ഷക്കാര്‍ക്ക് യോജിച്ചതാണോ സഖാവേ? :)

വര്‍ക്കേഴ്സ് ഫോറം said...

ജനശക്തിക്കു പിന്നിലെ ജനങ്ങളും ശക്തിയും ഒക്കെ ഉണ്ടാകണമെങ്കില്‍ “പ്രേമമെന്ന ആര്‍ഭാട“ത്തില്‍ മുഴുകണ്ടേ ജനശക്തീ...

:)