ആധുനികതയുടെ സാഹിത്യരൂപമാണ് നോവല്‍. സമൂഹസത്തയില്‍നിന്ന് അന്യവത്കൃതമായ ഒരു വ്യക്തിസത്തയെ അത് അടയാളപ്പെടുത്തുന്നു. നോവലിലെ കഥാപാത്രം അതുവരെ നിലനിന്ന വ്യവഹാരങ്ങളിലെ കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാവുന്നത് ഈ വ്യക്തിപരതയാലാണ്. സമൂഹം/വ്യക്തി എന്ന സംഘര്‍ഷം നോവലില്‍ അന്തര്‍ലീനമാണ്. പ്രമേയത്തിലാവണമെന്നില്ല, പാത്രസൃഷ്ടിയിലോ ആഖ്യാനത്തിലോ ഈ സംഘര്‍ഷത്തെ കൈയൊഴിയാന്‍ അതിനാവില്ല. നോവലിന്റെ ചരിത്രം ആരാഞ്ഞവര്‍ ഒരേ തരത്തിലല്ലെങ്കിലും മുതലാളിത്തവുമായുള്ള അതിന്റെ ചാര്‍ച്ചയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെയാണ് നോവല്‍ ആവിഷ്കരിക്കുന്നത് എന്ന് കാണാനാവും. പ്രണയംപോലുള്ള വ്യക്തിസത്തയുടെ വൈകാരിക പ്രകടനം നോവലിന്റെ പ്രധാന പ്രമേയമാവുന്നത് അങ്ങനെയാണ്. ലൈംഗികതയുടെ ജൈവപ്രേരണകള്‍ക്കുമേല്‍ ആധുനികതയുടെ ജീവിതബോധം സൃഷ്ടിച്ച സാംസ്കാരിക പ്രഭാവമാണ് പ്രണയം. നോവലും പ്രണയവും തമ്മിലുള്ള ബന്ധത്തിന് ചെറുകാടിന്റെ നോവലിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ സവിശേഷ സാംഗത്യമുണ്ട്.
നോവലിനെയും പ്രണയത്തെയും ചേര്‍ത്തുനിര്‍ത്തിയുള്ള പരാമര്‍ശങ്ങള്‍ ചെറുകാടിന്റെ പല രചനകളിലും കാണാം. 'മുത്തശ്ശി'യിലെ പതിനേഴാമധ്യായം നോക്കുക. കഥാനായികയായ നാണി മിസ്ട്രസ് ഇങ്ങനെ പറയുന്നുണ്ട്: "വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. നോവലുകളിലും മറ്റും കാണുന്ന പ്രേമമെന്ന് പറയുന്ന ഭാവവിശേഷം എനിക്ക് അയാളില്‍ അങ്കുരിച്ചിരുന്നില്ല. ഞാന്‍ എന്റെ ഹൃദയത്തിന്റെ അഗാധതലങ്ങളിലെല്ലാം ഇറങ്ങിച്ചെന്ന് പരിശോധിച്ചുനോക്കി. അങ്ങനെ ഒരാശയുടെ കണികപോലും അവിടെയെങ്ങും കാണുകയുണ്ടായില്ല.'' വായനശാലാ പ്രവര്‍ത്തനത്തില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന നാരായണമേനോന്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ചാണ് നാണിയുടെ ഈ ചിന്ത. വള്ളുവനാടിന്റെ സഹനവും സമരവും വിശദമായി ആഖ്യാനം ചെയ്ത 'മുത്തശ്ശി'യില്‍ എവിടെയും ഒരു പ്രണയദൃശ്യംപോലും മിന്നിമറയുന്നില്ല എന്നത് യാദൃഛികമാവാനിടയില്ല. മറക്കരുത്, കറുത്തമ്മയും ഉമ്മാച്ചുവും ജ്വലിച്ചുനില്‍ക്കുന്ന കാലത്താണ് നാണിമിസ്ട്രസ് പിറക്കുന്നത്. അതിനാല്‍ എന്തുകൊണ്ട് ഈ പ്രണയ നിരാസം എന്ന് ആരായുകതന്നെ വേണം.
തല്‍ക്കാലം 'മുത്തശ്ശി'യെ മാറ്റിനിര്‍ത്തുക. 'ശനിദശ'യിലെ കുഞ്ഞുക്കുട്ടക്കുറുപ്പിന്റെ പിതാവ് മകന്റെ വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ ഇത് നോവലിന്റെയും പ്രണയത്തിന്റെയും കാലമാണെന്ന് പറയുന്നുണ്ട്. അതിനാല്‍ മകന് വല്ല പ്രേമബന്ധവുമുണ്ടോ എന്നാണ് അച്ഛനറിയേണ്ടത്. ഇല്ല എന്ന് നിഷേധിച്ച മകനാകട്ടെ അച്ഛന്റെ നിരീക്ഷണത്തെ ശരിവച്ച്, ആലോചിക്കുന്ന പെണ്‍കുട്ടിയുടെ മനസ്സുകൂടി അറിയാന്‍ അച്ഛനെ ശട്ടംകെട്ടുന്നു. എന്തുകൊണ്ടെന്നാല്‍ 'ഇത് നോവലിന്റെയും പ്രേമത്തിന്റെയും' കാലമാണല്ലൊ. അവള്‍ക്ക് വല്ല പ്രേമവുമുണ്ടെങ്കിലോ! 'ശനിദശ'യിലും ചെറുപ്പക്കാരായ കഥാപാത്രങ്ങള്‍ പ്രണയത്തിലേക്ക് വഴിതിരിയാതിരിക്കാന്‍ ചെറുകാട് ശ്രദ്ധവയ്ക്കുന്നു. പ്രണയം തന്റെ വഴിയല്ല എന്ന് ശഠിക്കുന്നതുപോലെ!
ഇവിടെ ചര്‍ച്ചക്കെടുക്കുന്ന 'ദേവലോക'ത്തിലാവട്ടെ ഈ പ്രണയനിരാസത്തിന്റേതായ മനോഭാവം കൂടുതല്‍ വ്യക്തതയോടെ കാണാനാവും. എന്തുകൊണ്ട് ചെറുകാട് പ്രണയത്തില്‍നിന്ന് മുഖം തിരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷേ, ഈ നോവലിലുണ്ട്. "ഈ പ്രേമം എന്നു പറയുന്നത് ബൂര്‍ഷ്വാസിയുടെ ഹോബിയാണ്. അവന് ഉണ്ടിരിക്കുമ്പോള്‍ ഒരു വിളി തോന്നുന്നു. പുറപ്പെടുകയായി. ആ വിളിയുടെ സാക്ഷാത്കാരമാണ് ജീവിതലക്ഷ്യമെന്നുറപ്പിച്ച് അതിനുവേണ്ടി തപസ്സ് ചെയ്യുന്നു. ചിലര്‍ വിജയിക്കുന്നു. മറ്റു ചിലര്‍ പരാജയപ്പെടുന്നു. രാജമ്മയും രാമചന്ദ്രനും പ്രതിബന്ധങ്ങള്‍ തട്ടിനീക്കി വിവാഹം ചെയ്താലും ഇല്ലെങ്കിലും ആലപ്പുഴയിലെ കയര്‍ത്തൊഴിലാളിക്കോ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളിക്കോ ഒന്നുമില്ല'' എന്ന് കൃതിയിലൊരിടത്ത് പാപ്പച്ചന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ രാജമ്മയോട് പറയുന്നുണ്ട്. പ്രേമത്തെ ബൂര്‍ഷ്വാ വ്യാമോഹമായി കരുതുന്ന പാപ്പച്ചന്‍ തന്റെ വാദഗതികള്‍ വിശദമായിത്തന്നെ രാജമ്മക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഒരു കാമുകികൂടിയായ രാജമ്മയാകട്ടെ ഏറെക്കുറെ അവ അംഗീകരിക്കുകയും ചെയ്യുന്നു. രാമചന്ദ്രനുമൊത്ത് നടത്തിയ പ്രണയകേളികളില്‍ അവള്‍ ലജ്ജിക്കുന്നു. ആഖ്യാനത്തിന്റെ പരിണതിയും പാപ്പച്ചന്റെ പക്ഷത്തെ സാധൂകരിക്കുന്നതാണ്. മറ്റൊരു സന്ദര്‍ഭത്തില്‍ രാമചന്ദ്രനുമായുള്ള പ്രണയം തകര്‍ന്നതറിഞ്ഞ് രാജമ്മയോട് അരവിന്ദന്‍ എന്ന സഖാവ് ഇങ്ങനെ ചോദിക്കുന്നു: 'ഈ പ്രേമം നഷ്ടപ്പെട്ടാല്‍ രാജമ്മക്ക് മാനസികാസ്വാസ്ഥ്യമൊന്നുമുണ്ടാവില്ലേ?' അതിന് അവള്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്: "വ്യസനമുണ്ടാവും. എന്നാലും അതു സഹിക്കാനെനിക്കു കഴിയും. അത്രയൊക്കെ ഈ ബൂര്‍ഷ്വാസിയെപ്പറ്റി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്'' എന്നതാണത്. ഈ മറുപടിയുടെ ആദ്യഭാഗത്തില്‍ സ്വന്തം പ്രണയനഷ്ടത്തിലുള്ള വിഷാദം കലര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ വിഷാദത്തെ അപ്രസക്തമാക്കുന്ന പ്രണയത്തെ സംബന്ധിച്ച ഒരു താത്വിക സമീപനത്തിന്റെ മുഴക്കമാണ് പിന്നീട് നാം കേള്‍ക്കുന്നത്. രാജമ്മയുടെ ഈ പ്രകരണത്തിലെ 'ബൂര്‍ഷ്വാസി' പ്രയോഗത്തിന് അസാമാന്യമായ കനമുണ്ട്.
പ്രേമം ഒരു ബൂര്‍ഷ്വാ വ്യാമോഹമാണെന്ന ധാരണ ചെറുകാടില്‍ ശക്തമായുണ്ട് എന്ന് വേണം കരുതാന്‍. ദാമ്പത്യത്തിലേക്ക് എത്തിച്ചേരാനാവാത്ത പ്രണയത്തെ ബാലിശമെന്ന് കരുതാനാണ് തനിക്ക് താല്‍പ്പര്യം. തന്റെ ഏറ്റവും ധീരമായ കഥാപാത്രത്തെ-രാജമ്മയെ-ഒരു പ്രണയഭംഗത്തില്‍നിന്ന് രക്ഷിച്ച് വിവാഹിതയാക്കാന്‍ താന്‍ കാണിച്ച ശുഷ്കാന്തിക്ക് പിന്നില്‍ കുടുംബമെന്ന സംവിധാനത്തിലുള്ള വിശ്വാസമാണുള്ളത്. കുടുംബമാണ് ചെറുകാടിന്റെ ആദര്‍ശങ്ങളുടെ കേന്ദ്രമേഖല. കുടുംബമെന്ന സംവിധാനത്തെ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന തോന്നലാവാം പ്രണയത്തെ നിരാകരിക്കാന്‍ അദ്ദേഹത്തിനുള്ള പ്രേരണ. 'ഇതൊക്കെയാണ് ഇപ്പോഴത്തെ പ്രേമത്തിന്റെ കുഴപ്പം. ഈ പ്രേമത്തിന് തന്തയും തറവാടും ഒന്നും വേണ്ട' എന്ന 'ദേവലോക'ത്തിലെ രാജമ്മയുടെ അച്ഛന്റെ പരാതി ഒരുപേക്ഷ ചെറുകാടിന്റേത് തന്നെയാവാം.
ആത്യന്തികമായി, സുഭദ്രമായ കുടുംബജീവിതമാണ് മാനവികതയുടെ സാക്ഷാത്കാരമെന്ന സങ്കല്‍പ്പം ചെറുകാടിന്റെ ആഖ്യാനങ്ങളില്‍ പ്രബലമാണ്. 'മുത്തശ്ശി'യില്‍ വീടുപേക്ഷിച്ച് പൊതുപ്രവര്‍ത്തനമൊന്നും വേണ്ട എന്ന് ഒളിവില്‍ താമസിക്കാനെത്തുന്ന ഗോപാലന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് നാണിയെ ഉപദേശിക്കുന്നു. നാടും വീടുമില്ലാതെ പൊതുപ്രവര്‍ത്തനമുണ്ടോ എന്നദ്ദേഹം ചോദിക്കുന്നു. വിപ്ളവ പ്രയോഗങ്ങളുടെ ഓളങ്ങളില്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാവരുതെന്ന ശാഠ്യം ഈ ആഖ്യാനങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. കുടുംബഘടനയെ അസ്ഥിരമാക്കുന്ന ഒരു വിപ്ളവത്തെയും അവ സാധൂകരിക്കില്ല. കുടുംബം ഒരു വിപ്ളവപ്രയോഗത്തിന്റെ പ്രത്യാശയായി മാറുന്നത് 'ശനിദശ' എന്ന നോവലില്‍ നമുക്ക് കാണാം. നായകനായ കുഞ്ഞുക്കുട്ടക്കുറുപ്പിന്റെയും ഭാര്യ തങ്കമ്മയുടേതുമാണ്, നിലവില്‍ വരാതെ പോയ, എന്നാല്‍ പ്രതീക്ഷയായി കടന്നുവന്ന, നോവലിലെ കുടുംബം. വിവാഹം കഴിഞ്ഞുള്ള യാത്രയില്‍ കുറുപ്പിന് ജയിലില്‍ പോകേണ്ടിവന്നാല്‍ തങ്കമ്മ എന്തുചെയ്യും എന്ന് അവര്‍ ആലോചിക്കുന്നുണ്ട്. തങ്കമ്മ പഠിച്ച് ഒരു ഡോക്ടറാവണം എന്നതായിരുന്നു അവരുടെ ധാരണ. സ്ത്രീയുടെ നിലനില്‍പ്പ്, സാമൂഹിക പദവി, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ബോധ്യവും ഭദ്രമായ ഒരു കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയും ആ തീരുമാനത്തിലുണ്ട്. എന്നാല്‍ ഇതിവൃത്ത പരിണതി ആ പ്രത്യാശയെ തകര്‍ത്തുകളഞ്ഞു. കുറുപ്പ് ലോക്കപ്പില്‍വച്ച് കൊല്ലപ്പെടുന്നു. ഇത് കണ്ടുകൊണ്ട് നിന്ന തങ്കമ്മ ആത്മഹത്യ ചെയ്യുന്നു. കുറുപ്പിനെ ഇല്ലാതാക്കിയത് ഭരണകൂടമാണ്. എന്നാല്‍ തങ്കമ്മയെയോ? കുടുംബജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പം തകര്‍ന്നുപോവുമ്പോള്‍ തങ്കമ്മയുടെ നിലനില്‍പ്പ് അര്‍ഥരഹിതമാവുന്നു. ആഖ്യാനത്തില്‍ തങ്കമ്മയുടെ ആത്മഹത്യക്കുള്ള ന്യായമതാണ്. അങ്ങനെ വന്നാല്‍, കുടുംബത്തിന് പുറത്ത് നിലില്‍പ്പില്ലാതെ പോവുന്ന സ്ത്രീജീവിതമാണ് തങ്കമ്മയിലൂടെ ആവിഷ്കരിക്കപ്പെടുന്നത് എന്നുവരുന്നു. തങ്കമ്മ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയുള്ള ഒരു വായനയില്‍, 'ശനിദശ' സ്വത്വത്തെ സംബന്ധിച്ച സ്ത്രീവിരുദ്ധമെന്ന് പറയാവുന്ന ഒരു സന്ദിഗ്ധതയെയാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് വിമര്‍ശിക്കപ്പെട്ടേക്കാം. എന്നാല്‍ കുടുംബം വിപ്ളവത്തിന്റെ സൈദ്ധാന്തിക സമീക്ഷയെയും പ്രയോഗത്തെയും ഏകീകരിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഒരു രൂപകമായി നോവലില്‍ തെളിയുന്നു എന്നതാണ് ഇവിടെ പ്രസക്തമായ സംഗതി.
ഈ മട്ടില്‍ ചിന്തിക്കുമ്പോള്‍ 'ദേവലോക'വും ഒരു കുടുംബസങ്കല്‍പ്പത്തെ ആന്തരവല്‍ക്കരിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍പ്പിലേക്ക് നയിച്ച അപചയ കാലമാണ് നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. പ്രസ്ഥാനം അതിന്റെ സമരപാരമ്പര്യത്തില്‍നിന്നകന്നുപോവുകയും സ്വാര്‍ഥരും സുഖലോലുപരും തന്‍കാര്യം നോക്കികളുമായ ബുദ്ധിജീവികള്‍ പാര്‍ടിയെ അപനയിക്കുകയും ഉദ്യോഗസ്ഥവൃദ്ധം സമൂഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കലുഷകാലത്തെയാണ് 'ദേവലോകം' ചിത്രീകരിക്കുന്നത്. ഈ വിമര്‍ശപക്ഷത്തെ, ഇതിന് സമാന്തരമായി നിര്‍വഹിക്കപ്പെടുന്ന യഥാര്‍ഥ വിപ്ളവ പ്രയോഗത്തെ സംബന്ധിച്ച ദുര്‍ബലമെങ്കിലും ആശാവഹമായ സൂചനകള്‍കൊണ്ട് പൂരിപ്പിക്കാന്‍ ചെറുകാട് ശ്രമിക്കുന്നു. വര്‍ഗസംഘര്‍ഷത്തിന്റെ സൂക്ഷ്മ ശ്രുതികളും പ്രസ്ഥാനവിമര്‍ശനത്തിന്റെ പ്രത്യക്ഷ സ്വരങ്ങളും 'ദേവലോക'ത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. പാര്‍ടി നേതൃത്വത്തിന്റെ ആലസ്യം, ഉദ്യോഗസ്ഥ മേധാവിത്വം, സമ്പന്ന വിഭാഗത്തിന്റെ ധൂര്‍ത്തജീവിതം, മധ്യവര്‍ഗത്തിന്റെ ചാഞ്ചാട്ടം, അടിസ്ഥാന ജനതയുടെ ജീവിതക്ളേശം, വിപ്ളവകാരികളുടെ സമരോത്സുകത എന്നിവ പ്രത്യക്ഷപാഠങ്ങളാണ്. എന്നാല്‍, പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രകടമാവുന്ന ആദര്‍ശവിമുഖതയോടുള്ള രോഷമാണ് നോവലിന് പ്രേരണയായത് എങ്കിലും, ഉപരിവര്‍ഗ ജീവിതത്തില്‍ ദൃശ്യമാവുന്ന ജീര്‍ണതകളാണ് പ്രതിപാദ്യമെങ്കിലും ശിഥിലമായിപ്പോകുന്ന കുടുംബത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയിലാണ് ആഖ്യാനത്തിന്റെ ഊന്നല്‍. സ്വന്തം കുടുംബബന്ധങ്ങളുടെ ആത്മാര്‍ഥതയും ഊഷ്മളതയും തിരിച്ചറിയാതെപോവുന്നു എന്നതിലാണ് കഥാനായകന്റെ അപഥസഞ്ചാരത്തെക്കുറിച്ചുള്ള പ്രബലമായ സൂചനകള്‍ ഉള്ളടങ്ങിക്കിടക്കുന്നത്. കരുപ്പിടിപ്പിക്കാനാവാത്ത, ശിഥിലമായിപ്പോവുന്ന ദാമ്പത്യത്തിലൂടെയാണ് അയാളുടെ പതനം പൂര്‍ത്തിയാവുന്നത്. ഇതിന് അനുപൂരകമാംവിധം സ്നേഹവും സന്തോഷവും പങ്കിടലും കൊണ്ട് സ്നിഗ്ധമായ ചില കുടുംബചിത്രങ്ങള്‍ നോവലില്‍ തെളിയുകയും ചെയ്യുന്നു. രാമചന്ദ്രന്‍ ഒളിവില്‍ തങ്ങാനിടവന്ന കുടിലിലെ ദാമ്പത്യത്തിന്റെ ചിത്രീകരണം നോക്കുക: "അമ്മയുടെ മുഖത്തതാ കരി''. ചന്തുക്കുട്ടി പറഞ്ഞപ്പോള്‍ കുഞ്ഞമ്മ കരിതുടയ്ക്കുവാന്‍ കൈപൊക്കി. ശങ്കു കുഞ്ഞമ്മയെ സമീപിച്ചു പറഞ്ഞു. "അതു തുടച്ചു മുഖത്തൊക്കെ പരത്തേണ്ട. വരട്ടെ, നില്‍ക്കൂ. ഞാന്‍ തുടച്ചുതരാം''. ശങ്കു താന്‍ കുളിക്കാനെടുത്ത തോര്‍ത്തുമായി കുഞ്ഞമ്മയെ സമീപിച്ച് അവളുടെ മുഖത്തെ കരി പതുക്കെ തുടച്ചുകളഞ്ഞു. രാമചന്ദ്രന്‍ ആ ദമ്പതികളുടെ ആത്മാര്‍ഥമായ സ്നേഹവിശ്വാസങ്ങളെ മനസ്സാ അഭിനന്ദിച്ചു. അവിശ്വാസവും സംശയവും ഉലച്ചുകളഞ്ഞ രാമചന്ദ്രന്റെ കുടുംബചിത്രത്തിന് എതിര്‍പക്ഷത്തായി സ്നേഹവും വിശ്വാസവും പരസ്പര ബഹുമാനവുംകൊണ്ട് ദൃഢമാക്കപ്പെട്ട രാജമ്മയുടെ കുടുംബചിത്രം ചെറുകാട് വരയ്ക്കുന്നു.
പാര്‍ടി വിമര്‍ശനത്തിന്റെ പ്രത്യക്ഷ പാഠത്തിനപ്പുറം കുടുംബ ഭദ്രതയിലൂന്നുന്ന, പ്രണയബന്ധങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരെഴുത്തുകാരന്‍ 'ദേവലോക'ത്തിലുണ്ട്. പ്രസ്ഥാന നേതൃത്വത്തിന്റെ അപഥസഞ്ചാരം പ്രമേയമാവുന്ന ഒരു രചനയില്‍ രാമചന്ദ്രന്‍ എന്ന മുന്‍ കമ്യൂണിസ്റ്റിന്റെ തകര്‍ച്ചയെ പ്രത്യക്ഷവത്ക്കരിക്കാന്‍, പാളം തെറ്റുന്ന, അയാളുടെ കുടുംബജീവിതത്തെ ആഖ്യാനം ചെയ്യുക വഴി 'ദേവലോകം' സൃഷ്ടിക്കുന്ന പ്രതീതിയെന്താണ് ? പ്രസ്ഥാനത്തിനും ആദര്‍ശങ്ങള്‍ക്കുമപ്പുറം സഖാക്കളും അവരുടെ കുടുംബബന്ധങ്ങളും വഞ്ചകരും അവരുടെ കൂട്ടുകെട്ടും സ്നേഹബന്ധങ്ങളും അവിഹിത വേഴ്ചകളും എല്ലാം കൂടിക്കലര്‍ന്ന് ഈ ആഖ്യാന രാശി, പ്രസ്ഥാനം ഒരു കുടുംബമാണെന്ന ഗുണപാഠത്തെ ഗര്‍ഭത്തില്‍ വഹിക്കുന്ന ഒരന്യാപദേശ കഥയായി 'ദേവലോക'ത്തെ മാറ്റുന്നു. നോവലിലുടനീളം വിവരിക്കപ്പെടുന്ന, കുടുംബത്തിന് പുറത്തുള്ള രാമചന്ദ്രന്റെ സഞ്ചാരങ്ങള്‍ കുടുംബമെന്ന സങ്കല്‍പ്പത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കാനുള്ള അബോധപൂര്‍വമായ ഇച്ഛയെ പ്രകടിപ്പിക്കുന്നതാണ്. അപനയിക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് ജീവിതത്തെ, അലസിപ്പോയ ഒരു കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെ കുടുംബബന്ധങ്ങളുടെ മൂല്യക്രമവുമായി ബന്ധിപ്പിക്കാനുള്ള ഔത്സുക്യമുണ്ട്. ഇവിടെ വച്ച് 'ദേവലോകം' ഒരു കുടുംബകഥയായി മാറുന്നു.
കമ്യൂണിസം, ബൂര്‍ഷ്വാസി, പ്രണയം, കുടുംബം എന്നീ പ്രമേയങ്ങള്‍ക്ക് ചെറുകാടിന്റെ ആഖ്യാനങ്ങളില്‍ കൈവരുന്ന പരസ്പരബന്ധങ്ങളിലേക്കാണ് നാമെത്തിച്ചേരുന്നത്. പ്രണയം ഒരു ബൂര്‍ഷ്വാ വ്യാമോഹമാണെന്ന പ്രഖ്യാപനത്തില്‍ കുടുംബത്തെക്കുറിച്ചുള്ള ആധുനിതകതയുടെ വാഗ്ദാനങ്ങളോടുള്ള ഒരു പ്രതികരണമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി ഒരു കുടുംബമാണെന്ന 'ദേവലോക' സന്ദേശത്തിന് ചില സമകാലിക വിവക്ഷകളുമുണ്ട്.
***
ഡോ. പി വി പ്രകാശ് ബാബു, കടപ്പാട് : ദേശാഭിമാനി വാരിക
Monday, November 2, 2009
പ്രണയം എന്ന ബൂര്‍ഷ്വാ വ്യാമോഹം; 'ദേവലോകം' ഇന്ന് വായിക്കുമ്പോള്‍
Subscribe to:
Post Comments (Atom)
3 comments:
ആധുനികതയുടെ സാഹിത്യരൂപമാണ് നോവല്‍. സമൂഹസത്തയില്‍നിന്ന് അന്യവത്കൃതമായ ഒരു വ്യക്തിസത്തയെ അത് അടയാളപ്പെടുത്തുന്നു. നോവലിലെ കഥാപാത്രം അതുവരെ നിലനിന്ന വ്യവഹാരങ്ങളിലെ കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമാവുന്നത് ഈ വ്യക്തിപരതയാലാണ്. സമൂഹം/വ്യക്തി എന്ന സംഘര്‍ഷം നോവലില്‍ അന്തര്‍ലീനമാണ്. പ്രമേയത്തിലാവണമെന്നില്ല, പാത്രസൃഷ്ടിയിലോ ആഖ്യാനത്തിലോ ഈ സംഘര്‍ഷത്തെ കൈയൊഴിയാന്‍ അതിനാവില്ല. നോവലിന്റെ ചരിത്രം ആരാഞ്ഞവര്‍ ഒരേ തരത്തിലല്ലെങ്കിലും മുതലാളിത്തവുമായുള്ള അതിന്റെ ചാര്‍ച്ചയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെയാണ് നോവല്‍ ആവിഷ്കരിക്കുന്നത് എന്ന് കാണാനാവും. പ്രണയംപോലുള്ള വ്യക്തിസത്തയുടെ വൈകാരിക പ്രകടനം നോവലിന്റെ പ്രധാന പ്രമേയമാവുന്നത് അങ്ങനെയാണ്. ലൈംഗികതയുടെ ജൈവപ്രേരണകള്‍ക്കുമേല്‍ ആധുനികതയുടെ ജീവിതബോധം സൃഷ്ടിച്ച സാംസ്കാരിക പ്രഭാവമാണ് പ്രണയം. നോവലും പ്രണയവും തമ്മിലുള്ള ബന്ധത്തിന് ചെറുകാടിന്റെ നോവലിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ സവിശേഷ സാംഗത്യമുണ്ട്.
വളരെ നല്ല എഴുത്ത്...
വളരെ നല്ല പോസ്റ്റ്...
കോണ്‍ഗ്രസില്‍ മാത്റം ഉള്ളതെന്നു നമ്മള്‍ ധരിച്ചിരുന്ന മാല മാരാറ്‍ പോളെയുള്ളവറ്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാറ്‍ട്ടിയിലും ഉണ്ട്
പ്റേമം ഒരു ശുധ തട്ടിപ്പാണു രണ്ടു മാസം കഴിഞ്ഞാല്‍ ഏതു ദിവ്യ പ്റേമവും മറക്കും പ്റേമം ഇപ്പോള്‍ ജിഹാദികള്‍ക്കു മതം മാറ്റാനുള്ള ഒരു വഴി മാത്റം അതില്‍ വീഴുന്ന ഈയാം പാറ്റകള്‍ ജാഗ്രതൈ
Post a Comment