Wednesday, November 25, 2009

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.

*
പ്രകാശ് കാരാട്ട് കടപ്പാട്: ചിന്ത വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

123 said...

അല്ലാത്ത ചൈന യുട സഹായവും ട്രെയിനിംഗ്ഉം മ്യാന്മാര്‍ഇല് നിന്നും ഭുട്ടനില്‍ നിന്നും ഇല്ല, പൊട്ടന്‍

123 said...

അല്ലാത്ത ചൈന യുട സഹായവും ട്രെയിനിംഗ്ഉം മ്യാന്മാര്‍ഇല് നിന്നും ഭുട്ടനില്‍ നിന്നും ഇല്ല, പൊട്ടന്‍