ആചാരത്തിലും അനുഷ്ഠാനത്തിലും പേരിലും മാത്രമല്ല, ശരീരത്തിന്റെ ആകൃതിയില്‍പോലും മതം മറഞ്ഞിരിക്കുന്നുണ്ടെന്ന അസ്വസ്ഥ സത്യമാണ്, 'ഹിന്ദുഛായയുള്ള മുസ്ളിംപുരുഷന്‍' എന്ന ഇന്ദുമേനോന്റെ ശ്രദ്ധേയമായ കഥ തീവ്രമായി ആവിഷ്കരിക്കുന്നത്. കഥാനായകനായ മുസ്തഫയെ സംബന്ധിച്ചിടത്തോളം സ്വന്തം ബാപ്പ ഒരു പൊറുതികേടായി മാത്രം കടന്നുവരുന്ന കാട്ടറബിയാണ്. ഉമ്മ അവന് ഒരു ഹിന്ദിക്കാരന്‍ ഡ്രൈവറുടെ കൂടെ ഒളിച്ചുപോയ പഴയൊരു സാന്ത്വനമാണ്. അവനെ സ്നേഹിച്ച, അഹല്യ ആദ്യമൊരാഹ്ളാദവും, പിന്നെയൊരാഘാതവും, ശേഷം ഉണങ്ങാത്ത മുറിവുമായി മാറുകയാണുണ്ടായത്. അവനാകട്ടെ ഹിന്ദുഛായയുണ്ടായിട്ടും മുസ്ളിമായിപ്പോയ ഒരു മത്സ്യത്തൊഴിലാളിയായതിനാല്‍, പീഡനത്തിന്റെയും മര്‍ദനത്തിന്റെയും ഒരിരയായി തുടരുകയാണ്. മുസ്തഫയുടെ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിലെ പേരുവായിച്ച് ഒരു പൊലീസുകാരന്‍ കണ്ണുകാണിച്ചു. 'ആയിഷ',"ഈശ്വരാ ജഢീലുപോലും മതമോ?''

നാല് അരയക്കുടിലുകള്‍ തീ ചുടുകയും മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ വെട്ടിക്കൊല്ലുകയും ചെയ്ത അന്ന് രക്തമണമുള്ള കാറ്റില്‍ അഹല്യ അടക്കിപ്പിടിച്ച ഭയത്തോടെ ചോദിച്ചു: "പേരെന്താ...'' 'ഞാന്‍ മുസ്തഫ.' ഹാ! അവള്‍ ഭയത്തോടെ കണ്ണ് തുറുപ്പിച്ചു. വലതുകൈകൊണ്ട് തുറന്നുപോയ വായ അടച്ചു. "ങ്ങള് മുസ്ലിമാ? വിളറിയ അവളുടെ മുഖത്ത് കരുവാളിപ്പ് പടരുന്നത് അവന്‍ കണ്ടു. അവളുടെ ഭാവമാറ്റംകണ്ട് മുസ്തഫ പകച്ചുപോയി. 'ങ്ങളെ കണ്ടാ മാപ്ള്യാന്ന് തോന്നില്ലല്ലോ.' അവളുടെ ശബ്ദം ചിലമ്പിച്ചു. 'എന്നെ പറ്റിച്ചു.' അവളുടെ കണ്ണുകളില്‍ നിരാശ പടര്‍ന്നു. കണ്‍മഷി കലങ്ങി. "ഒരു തവണ പറയാര്ന്നില്ലേ മുസ്ളിമാണെന്ന്, ഇന്നെ പറ്റിച്ചു.''
പ്രണയത്തിനിടയില്‍ പരസ്പരം പേരറിയാന്‍പോലും മറന്നവര്‍, പെട്ടെന്ന് അതേ പേരുകളിലേക്ക് തന്നെ എടുത്തെറിയപ്പെട്ടത് സ്വന്തം പ്രദേശത്ത് നടന്ന കലാപത്തിന്റെയും കൂട്ടക്കൊലകളെയും തുടര്‍ന്നാണ്. കൂട്ടക്കൊലകളുടെ കാലത്ത് ഒരു പാവം പേരുപോലും പൊട്ടിത്തെറിക്കുന്ന ബോംബായി പരിണമിക്കുമെന്ന പേടിപ്പിക്കുന്ന പരമാര്‍ഥമാണ്, 'ഹിന്ദുഛായയുള്ള മുസ്ളിം പുരുഷനെന്ന' കഥയെ ഭയസംഭ്രമങ്ങളുടെ ഇരുണ്ടലോകത്തേക്ക് നയിക്കുന്നത്. ഹിന്ദുഛായയുള്ള മുസ്ളിം പുരുഷനില്‍ മുടന്തുന്നത്, കീറിമുറിച്ച് അപഗ്രഥിക്കാന്‍ ഇനിയും നാം സന്നദ്ധമല്ലാത്ത നമ്മുടെ മതേതരത്വത്തിന്റെ മറ്റൊരു മുഖമാണ്. ഇന്ന്, 'ലൌ ജിഹാദായി' പുറത്തുചാടിയിരിക്കുന്നത് ആ മുഖത്തിന്റെ ഒരു പാതിയാണ്!
രണ്ട്
തങ്ങള്‍ക്കേറെ പ്രിയങ്കരരായ സ്വന്തം മക്കള്‍ പ്രണയത്തിലേര്‍പ്പെടുമ്പോഴാണ് സ്നേഹസമ്പന്നരായിരുന്ന രക്ഷിതാക്കളില്‍ ചിലരുടെ, 'തേറ്റകളും ദംഷ്ട്രകളും' പുറത്തുചാടുന്നത്. പ്രണയംപൂക്കുന്ന സിനിമകളെ കെട്ടിപ്പുണരുന്നവര്‍തന്നെയാണ്, പ്രണയ പരവശരാവുന്ന സ്വന്തം മക്കളെ വീട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നത്. 'സ്നേഹം നരകത്തിന്‍ നടുവില്‍ സ്വര്‍ഗം നിര്‍മിക്കുമെന്ന' കാവ്യസങ്കല്പത്തേക്കാള്‍ അതൊരു ശുദ്ധ തോന്ന്യാസമാണെന്ന സമീപനമാണ് ഇന്നും കേരളീയ സമൂഹത്തില്‍ തളിര്‍ക്കുന്നത്. 'സ്നേഹത്തെ കരുതി സ്വയം നൂറാവര്‍ത്തി ചത്തീടുവിന്‍' എന്ന കുമാരനാശാന്റെ പഴയ ആഹ്വാനത്തോടല്ല, മറിച്ച് സ്നേഹത്തിന്റെ പേരില്‍ ചോരയൊഴുക്കുന്ന സങ്കുചിത കാഴ്ചപ്പാടിനോടാണ്, ഈ ആധുനികകാലത്തുപോലും പലരും അടുപ്പം പുലര്‍ത്തുന്നത്.

വ്യത്യസ്ത വിശ്വാസിവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ, മറ്റുള്ള വിശ്വാസം പുലര്‍ത്തുന്നവരുമായി ജീവിതം പങ്കുവയ്ക്കാന്‍ കഴിയുമെന്നിരിക്കെ, ഒന്നിച്ച് വിവാഹജീവിതം മാത്രം പരസ്പരം പങ്ക് വഹിക്കാന്‍ കഴിയില്ലെന്ന് എങ്ങനെ കരുതും? വ്യത്യസ്ത ആദര്‍ശങ്ങളും അഭിരുചികളും പുലര്‍ത്തുന്നവരെ ഒരു വീടിന് ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ വ്യത്യസ്ത മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെയും ഒരു വീടിന് ഉള്‍ക്കൊള്ളാന്‍ കഴിയണം. വിവിധ പാര്‍ടികളില്‍പ്പെട്ടവര്‍ക്കും ഒരു പാര്‍ടിയിലും പെടാത്തവര്‍ക്കും സംവാദങ്ങള്‍ തുടര്‍ന്നുകൊണ്ട് ഒരു വീട്ടില്‍ പുലരാമെങ്കില്‍, ഹിന്ദു മുസ്ളിം ക്രിസ്ത്യന്‍ വിശ്വാസത്തില്‍പെട്ടവര്‍ക്ക് സ്നേഹപൂര്‍വം ഒരേ വീട്ടില്‍ കഴിയാനാവില്ലെന്ന് എങ്ങനെ മത പൌരോഹിത്യത്തിന് വിധി കല്‍പ്പിക്കാന്‍ കഴിയും? ആശുപത്രിയില്‍ രോഗിയായി കിടക്കുമ്പോള്‍, മതം പരിഗണിക്കാതെ ആരില്‍നിന്നും രക്തം സ്വീകരിക്കുന്നതിന് വിലക്കില്ല. അങ്ങനെയിരിക്കെ ജീവിത പങ്കാളികളെ മതം നോക്കാതെ സ്വീകരിക്കുന്നതിനു മാത്രം എന്തിന് വിലക്ക് ഏര്‍പ്പെടുത്തണം?
ആന്തരികാവയവങ്ങള്‍പോലും മാറ്റിവയ്ക്കപ്പെടുന്നൊരു കാലത്ത്, ബാഹ്യാവയവങ്ങള്‍പോലും ഇഷ്ടാനുസരണം മാറ്റിവയ്ക്കാനാവുമോ എന്ന് ശ്രമിക്കാനെങ്കിലും കഴിയുന്ന ഒരു കാലത്ത്, 'എന്നെ തൊടല്ലേ' എന്ന സമീപനത്തിന് നിലനില്‍ക്കാന്‍ കഴിയുന്നവരൊക്കെയും കാലം തെറ്റിപ്പിറന്നവരാണ്. പഴയ 'അയിത്ത'ത്തെ പുതിയ രൂപത്തില്‍ ആശ്ളേഷിക്കാനല്ലാതെ, ആധുനികകാലത്തെ അഭിമുഖീകരിക്കാനവര്‍ക്ക് കഴിയില്ല.
മൂന്ന്
'കണ്ണേ, കരളേ, ഹൃദയമേ...' തുടങ്ങി സ്നേഹം പ്രകടിപ്പിക്കുന്ന പതിവ് സംബോധനകളെപ്പോലും വെറും വിളികളില്‍ പരിമിതപ്പെടുത്താതെ, വേണ്ടിവന്നാല്‍ അസ്സല്‍പ്രയോഗം തന്നെയായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധം, ശാസ്ത്ര സാങ്കേതികവിദ്യകള്‍ വികസിച്ചുകഴിഞ്ഞ ഒരു ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മുമ്പ് എത്ര സ്നേഹമുണ്ടായിരുന്നാലും , 'കരളേ' എന്ന് വിളിക്കാനല്ലാതെ, കരള്‍ നല്‍കി സ്വന്തം പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. മുമ്പ് 'കണ്ണേ'എന്ന് വിളിക്കാനല്ലാതെ കണ്ണു ദാനം ചെയ്ത് വെളിച്ചം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാലിന്ന് ഇതൊക്കെ ശാസ്ത്രം സാധ്യമാക്കിയിട്ടും, പുറത്തുമാത്രമല്ല അകത്തും പഴയ അയിത്തസങ്കല്‍പ്പം നിലനിര്‍ത്താനാണ് മതപൌരോഹിത്യം ഇന്നും നേതൃത്വം നല്‍കുന്നത്!

'മതം വിട്ട കളി' വേണ്ട എന്ന ഒരന്ത്യശാസനമാണ് പ്രണയം പൊളിക്കുന്നതില്‍ തല്‍പ്പരരായ നവയാഥാസ്ഥികത്വം ഇന്നും മുഴക്കുന്നത്. പഴയ മത യാഥാസ്ഥികത്വത്തിന്റെ പ്രണയഭീതിയാണ് പാഠപുസ്തകവിരുദ്ധതയായിത്തീര്‍ന്നതെങ്കില്‍, സംഘപരിവാര്‍ ഫാസിസത്തിന്റെ 'മുസ്ളിം പേടി'യാണ് പ്രണയജിഹാദ് വിവാദമായി കൊഴുത്തുകൊണ്ടിരിക്കുന്നത്. എത്രയോ കാലമായി സംഘപരിവാര്‍ ഗോഡൌണുകളില്‍ ചത്തുകിടന്ന ആശയ ങ്ങളാണ് മൃതസഞ്ജീവനി കഴിച്ചിട്ടെന്നപോലെ ജീവന്‍വച്ച് തുള്ളിവരുന്നത്! വിദ്യാഭ്യാസമേഖല, 'അഹിന്ദുബ്രാഹ്മണരുടെ' ആധിപത്യത്തിലാണെന്ന സംഘപരിവാര്‍ കണ്ടത്തിലാണ് 'ലൌ ജിഹാദിന്റെ' വേരുകളില്‍ ഒന്നെങ്കിലും ആഴ്ന്നു കിടക്കുന്നത്. "ജാതിശ്രേണിയില്‍ സവര്‍ണനും അവര്‍ണനുമായി വിഭജിക്കുന്നതിന് പ്രമാണങ്ങള്‍ നിരത്തിയവര്‍, ആധുനികസമൂഹത്തില്‍ വിദ്യാഭ്യാസ മേഖല കൈയടക്കി, പുതിയ അഹിന്ദു അബ്രാഹ്മണര്‍ ഉയര്‍ന്നുവന്നത് തിരിച്ചറിയാന്‍ വൈകി.... കേരളത്തിലെ മുസ്ളിം സമൂഹത്തിന്റെ വളര്‍ച്ച ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.'' (കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍: ഡോ. കെ ജയപ്രസാദ്) സമാന ആശയങ്ങള്‍ സംഘപരിവാര്‍ സാഹിത്യത്തില്‍ സുലഭമാണ്!
'മതമില്ലാത്ത ജീവന്‍' എന്ന വിവാദവിധേയമായ ഏഴാം ക്ളാസിലെ പഴയ സാമൂഹ്യപാഠംപോലെ 'ലൌ ജിഹാദും 'പരുക്കനര്‍ഥത്തില്‍ നമ്മുടെ സാമൂഹ്യബോധത്തിന്റെ പിന്നോക്കാവസ്ഥയെയും, പുരുഷമേധാവിത്ത പ്രവണതകളെയുമാണ് സൂചിപ്പിക്കുന്നത്. മിശ്രവിവാഹത്തിനും പ്രണയത്തിനുമെതിരെയുള്ള മതയാഥാസ്ഥിതിക വീക്ഷണങ്ങളും, മുസ്ളിം സമൂഹത്തെ ലക്ഷ്യംവച്ച് സംഘപരിവാര്‍ ശക്തികള്‍ വികസിപ്പിക്കുന്ന 'ലൌജിഹാദും' വിജയിച്ചാല്‍ കലയും തത്വചിന്തയും സാഹിത്യവും തരിശാവും. പ്രതിലോമ താപം സഹിക്കാനാവാതെ ആര്‍ദ്രമായ മനുഷ്യബന്ധങ്ങളൊക്കെയും വീണ്ടുകീറും! കീഴാളനായ ചാത്തനെക്കൊണ്ട് ഉന്നതകുലജാതയായ സാവിത്രിയെ വിവാഹം കഴിപ്പിച്ച ആ കുമാരനാശാനെ വീണ്ടും കുഴിച്ചുമൂടേണ്ടിവരും. മോയിന്‍കുട്ടിവൈദ്യരുടെ പ്രശസ്തമായ ആ ഹുസുനുല്‍ ജമാലിനും ബദറുല്‍ മുനീറിനും വിലക്കേര്‍പ്പെടുത്തേണ്ടിവരും. പ്രേമലേഖനമെഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'ഉമ്മാച്ചു'വെഴുതിയ ഉറൂബിന്റെയും സ്മരണകളൊക്കെയും ചുരുങ്ങിയത് കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കേണ്ടിവരും! സര്‍വമതങ്ങളും കൂട്ടിച്ചേര്‍ത്ത് തന്നിഷ്ടപ്രകാരം,'ദീന്‍ ഇലാഹി' എന്നൊരു സ്പെഷല്‍ മതമുണ്ടാക്കിയ അക്ബര്‍ ചക്രവര്‍ത്തിയുടെ പേര് ഉച്ചരിക്കുന്നത് തന്നെ മതനിന്ദയാകും! "ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, നീയെന്റെ ജീവനല്ലേ'' എന്ന ഈരടി; ' ഇരുമെയ്യാണെങ്കിലും നമ്മളൊരൊറ്റ മതമല്ലേ'എന്ന 'കൂരടി'യാക്കി തിരുത്തിയെഴുതി നാം തലകുനിച്ച് നില്‍ക്കേണ്ടിവരും!
നാല്
മുമ്പ് കോടതികളും റജിസ്ടാഫീസുകളും പതിനെട്ട് വയസ്സ് തികഞ്ഞ അനുരാഗികളെ സംബന്ധിച്ചിടത്തോളം ആശ്വാസ കേന്ദ്രങ്ങളായിരുന്നു. പലരുടെയും കണ്ണുവെട്ടിച്ച് റജിസ്ട്രാഫീസിലെത്താന്‍ കഴിഞ്ഞാല്‍ മുമ്പ് 'സംഗതി' 'ഒ കെ'യായി. ഇന്നതും 'പോ കെ' എന്നൊരവസ്ഥയിലാണ്! സര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് മനസ്സില്ലെങ്കിലും മുമ്പ് മറ്റുള്ളവരും പ്രണയത്തെ അംഗീകരിക്കുമായിരുന്നു. ഇപ്പോള്‍ കോടതി മുതല്‍ റജിസ്റ്റര്‍ ഓഫീസ് വരെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രണയികളെ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പഴയ ഫാസിസ്റ്റ് ജര്‍മനിയെ അനുസ്മരിപ്പിക്കുംവിധം അദൃശ്യമായൊരു 'ഭയം' സര്‍വത്ര ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. 'നിന്നെയിഷ്ടപ്പെടുന്നില്ല ഞാന്‍/ കാരണം നിന്നെയിഷ്ടപ്പെട്ടുപോയ,ത്രമാത്രം' എന്ന് പാബ്ളോ നെരൂദ പാടിയ പ്രണയത്തിലേക്കുപോലും പരസ്പരമുള്ള അവിശ്വാസത്തിന്റെ "വൈറസ്' പ്രവേശിക്കുമോ എന്ന ആശങ്കയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തുറിച്ചുനോക്കുന്നത്. 'വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ ഫാസിസ്റ്റുകള്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍പോലും മാറ്റുമെന്ന, വാള്‍ട്ടര്‍ ബഞ്ചമിന്റെ വാക്കുകള്‍ അന്വര്‍ഥമാകുംവിധം വര്‍ത്തമാനകാലത്തെ കേരളീയ പ്രണയം കടുത്തൊരു പ്രതിസന്ധിയേയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. മുമ്പ് വ്യത്യസ്തമതങ്ങള്‍ക്കകത്ത് മാത്രം ഒതുങ്ങിനിന്ന മുന്‍വിധികളിലധിഷ്ഠിതമായ അവിശ്വാസങ്ങള്‍, ഭരണകൂടോപകരണങ്ങളിലൂടെ സ്വന്തം നിലപാടുകളായി സ്ഥാനക്കയറ്റം കിട്ടുന്ന സംഭ്രമജനകമായ ഒരവസ്ഥയാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിശ്വസനീയവും അതിശയോക്തിപരവുമായ മുസ്ളിംവിരുദ്ധപ്രചാരണം കൂടിയാണ് പ്രണയത്തിന്റെ മറവില്‍നിന്ന് സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ടിരിക്കുന്നത്. നോട്ടീസുകള്‍, ലഘുലേഖകള്‍, പത്രവാര്‍ത്തകള്‍ എന്നിവയിലൂടെ കുത്തിയൊലിച്ചൊഴുകിയ പ്രചാരണം നിയമവ്യവസ്ഥയുടെ കൂടെ ഭാഗമായി ഔദ്യോഗികമായതിലൂടെ, ഫാസിസ്റ്റ് പ്രചാരണത്തിന് പൊതുബോധത്തില്‍ അന്ധാളിപ്പിക്കുന്ന മേല്‍കൈയാണ് നേടാന്‍ കഴിഞ്ഞത്.

അഞ്ച്
മതംമാറ്റം വഴി ഇസ്ളാംമതത്തിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണ്, 'ലൌ ജിഹാദി'ലൂടെ നടക്കുന്നതെന്ന പ്രചാരണം ഇന്നൊരു തമാശയായി മാത്രം മനുഷ്യര്‍ ചിരിച്ചുതള്ളുമെങ്കിലും നാളെയത് ഗൌരവമായ ഒരു ചിന്താവിഷയമായിത്തീരുന്നതിനെ അത്രയെളുപ്പം തള്ളിക്കളയാന്‍ കഴിയില്ല! ഒന്നാംലോക മഹായുദ്ധകാലത്ത് പൊതുവെ യുദ്ധവിരുദ്ധരും സമാധാനപ്രിയരുമായിരുന്ന ജനതയെ യുദ്ധോത്സുകമാക്കാന്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വ്രുഡ്രോവില്‍സന്‍ ചെയ്തത്, ഔദ്യോഗികമായിത്തന്നെ, ക്രീല്‍ കമീഷനെന്ന പേരില്‍ ഒരു ഔദ്യോഗിക പ്രചാരണ കമീഷനെ നിയമിക്കുകയായിരുന്നു. നോം ചോംസ്കി വ്യക്തമാക്കിയപോലെ പ്രസ്തുത ക്രീല്‍ കമീഷന്റെ ആറുമാസത്തെ പ്രവര്‍ത്തനംകൊണ്ട്, ജര്‍മന്‍കാരെ പിച്ചിച്ചീന്താന്‍ കൊതിക്കുംവിധം ഒരു ജനതയെയാകെ യുദ്ധോല്‍ത്സുകമാക്കാന്‍ അമേരിക്കന്‍ഭരണകൂടത്തിന് കഴിഞ്ഞു. ഹിറ്റ്ലര്‍, 'മെയിന്‍ കാംഫില്‍' യുദ്ധപ്രചാരണത്തെക്കുറിച്ച് പ്രത്യേകമായി പ്രതിപാദിക്കുമ്പോള്‍, അമേരിക്കയെയും ബ്രിട്ടനെയും പ്രചാരണകലയുടെ പേരില്‍ പ്രകീര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച തലച്ചോറുകളെ വേണം പ്രചാരണം ഏല്‍പ്പിക്കേണ്ടതെന്ന് ഹിറ്റ്ലര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇരുപക്ഷത്തിന്റെയും ന്യായാന്യായങ്ങള്‍ ഒത്തുനോക്കി ശരിയും തെറ്റും കണ്ടെത്തലല്ല, സ്വന്തം നുണ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം എപ്പോഴും പറയാതെ പറഞ്ഞത്. 'ഒരു ചര്‍ച്ചയും കൂടാതെ തന്നെ സര്‍വ കൊള്ളരുതായ്കളുടെയും ഉത്തരവാദിത്തം ശത്രുവിന്റെ തലയില്‍ വെച്ചുകെട്ടണം', എന്നാണദ്ദേഹം നിരന്തരം ആവര്‍ത്തിച്ചത്. 'പ്രചാരണം ഏതാനും വിഷയങ്ങളിലേക്ക് പരിമിതപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. അസത്യം, ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍, അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി പരിണമിക്കും. ഗീബല്‍സ് പറഞ്ഞതുപോലെ സ്വര്‍ഗം നരകവും നരകം സ്വര്‍ഗവുമായി മാറും! ജനങ്ങള്‍ യുക്തിയേക്കാള്‍ വികാരത്തെ ആശ്രയിക്കുന്നവരും വലിയ മറവിക്കാരുമായതുകൊണ്ട്, ഏത് യുദ്ധം ജയിക്കാനും ആദ്യം പ്രചാരണം, പിന്നെയും പിന്നെയും പ്രചാരണം എന്ന കാഴ്ചപ്പാടാണ് മുമ്പെന്നപോലെ ഇന്നും സാമ്രാജ്യത്വവും ഫാസിസവും കൈക്കൊള്ളുന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും.
മുസ്ളിം ജനസംഖ്യ വര്‍ധിപ്പിച്ചും ഭീകരരെ ഉല്‍പ്പാദിപ്പിച്ചും ലോകാധിപത്യം നേടാനുള്ള മാധ്യമമായി 'ലൌജിഹാദ്' മാറുമെന്ന് പ്രചരിപ്പിക്കുന്നവര്‍, ഇന്ന് ലോകാധിപത്യം സ്ഥാപിച്ചിരിക്കുന്ന മൂലധനശക്തികള്‍ ന്യൂനപക്ഷമാണെന്ന സത്യമാണ് മറച്ചുവയ്ക്കുന്നത്. ഏതെങ്കിലും മതസമുദായത്തിന്റെ സംഖ്യാപരമായ ശക്തിയല്ല, മറിച്ച് കോര്‍പറേറ്റുകളുടെ ശൃംഖലിതമായ മൂലധന ശക്തിയാണ്, ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീകരതയെന്ന യാഥാര്‍ഥ്യമാണ്, 'ലൌ ജിഹാദ്' തുടങ്ങിയ ഒതളങ്ങ വര്‍ത്തമാനങ്ങള്‍ക്കിടയില്‍വച്ച് വഴുക്കിപ്പോകുന്നത്!

ആറ്
ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ഭാഗങ്ങളില്‍നിന്നും എല്ലാ മുസ്ളിങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ഗോള്‍വാള്‍ക്കറുടെ പദ്ധതിയെക്കുറിച്ചുള്ള രാജേശ്വര്‍ദയാലിന്റെ ഞെട്ടിപ്പിക്കുന്ന വിവരണം മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരക് ആയ കൃഷ്ണഗോപാല്‍ രസ്തോഗി സ്ഥിരീകരിച്ചിട്ടുണ്ട്.'പ്രചാരക് ജീവന്‍' (പ്രചാരക്കിന്റെ ജീവിതം) എന്ന തന്റെ ആത്മകഥയില്‍ റൂര്‍ക്കിക്കും ഹരിദ്വാറിനും (ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗം) ഇടയിലുള്ള കലിയറിലെ മുസ്ളിങ്ങള്‍ക്കെതിരെ സായുധരായ ഹിന്ദുക്കളെ നേരിട്ട് നയിച്ച സംഭവം വിവരിക്കവെ, യാതൊരു കുറ്റബോധവുമില്ലാതെ, അദ്ദേഹം പറയുന്നു:

ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ പരമോന്നത പദവി അലങ്കരിച്ച റസ്തോഗി ചെയ്ത 'സല്‍കൃത്യം' സുദീര്‍ഘമായി ഇവിടെ ഉദ്ധരിച്ചത് അദ്ദേഹത്തെ അനാദരിക്കാനോ, ആദരിക്കാനോ അല്ല, മറിച്ച് 'അന്ന്' സംഭവിച്ചത് 'അത്രമാത്ര'മായിരുന്നെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്. ഇതിന് 'ലൌ ജിഹാദുമായോ, ഈ പ്രബന്ധത്തില്‍ ഇനി വിശദമാകാന്‍ പോകുന്ന കാര്യങ്ങളുമായോ, 'യുക്തിപരമായി' നേര്‍ക്കുനേര്‍ യാതൊരു ബന്ധവുമില്ല!
'ലൌ കുരുക്ഷേത്ര', 'ലൌ കുരിശ്', 'ലൌ ജിഹാദ്' തുടങ്ങിയ പദാവലികള്‍ 'എക്ളറ്റിക്' സ്വഭാവം പുലര്‍ത്തുന്നതിനാല്‍, ഇത്തരം പദാവലികളെല്ലാം ഗൌരവമായൊരു പ്രണയസംവാദത്തില്‍നിന്നും നിര്‍ബന്ധമായും മാറ്റിനിര്‍ത്തേണ്ടതാണ്. വേറിട്ടുനില്‍ക്കുന്ന ആശയങ്ങളെ ഒരു തത്വദീക്ഷയുമില്ലാതെ, കൃത്രിമമായി സംയോജിപ്പിക്കുന്ന, 'പെറുക്കിയെടുക്കല്‍' രീതിയേയാണ്, 'എക്ളറ്റിക്' എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്നത് എന്നാലും ഇന്ന്, 'ലൌ ജിഹാദ്' എന്ന വാക്ക് ഉപയോഗിക്കാതെ, പ്രണയം സംബന്ധിച്ച ഒരാശയ ചര്‍ച്ചയില്‍ ഇടപെടാനാവാത്ത ഒരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാസികളുടെ വിമര്‍ശകര്‍ക്കുപോലും ഹിറ്റ്ലറുടെ ജര്‍മനിയില്‍ നാസിതത്വചിന്ത നുഴഞ്ഞുകയറി മലിനമാക്കിയ ഭാഷ ഉപയോഗിക്കേണ്ടിവന്നതുപോലെയുള്ള ഒരവസ്ഥയാണ് അന്ധാളിപ്പിക്കുംവിധം മലയാളി സമൂഹവും ഇന്ന് അനുഭവിക്കുന്നത്. 'കാതിനോ നാവിനോ കൂടുതല്‍ രുചിയെന്ന് നരഭോജികള്‍ തര്‍ക്കിക്കുമ്പോള്‍' മാത്രമല്ല; വസ്തുനിഷ്ഠ യഥാര്‍ഥ്യത്തെ വക്രീകരിക്കുന്ന, 'ലൌ ജിഹാദ്'പോലുള്ള വാക്കുകള്‍ ജീവിതത്തില്‍ വേരാഴ്ത്തുമ്പോഴും, 'ഭാഷയില്‍ ഇരുട്ട്' നിറയും! ലൌ ജിഹാദിനെ തുടര്‍ന്ന്, ക്ളിനിക്കല്‍ ജിഹാദ് സൈനേഡ് ജിഹാദ്, ചീറ്റ് ജിഹാദ്, സ്പൈ ജിഹാദ് തുടങ്ങി നിരവധി പദങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് വിദ്വേഷമുള്ള എന്തിന്റെയും മുന്നിലല്ലെങ്കില്‍, പിന്നിലെങ്കിലും ഒരു 'ജിഹാദ്' എന്ന് കൂടി എഴുതിച്ചേര്‍ത്താല്‍, 'ദേശരക്ഷ' സുഭദ്രമാകുമെന്നാണ് സംഘപരിവാര്‍ ശക്തികളും ബന്ധുജനങ്ങളും സ്വയം കരുതുന്നത്. സമകാലിക രാഷ്ട്രിയ സന്ദര്‍ഭത്തില്‍, നിന്ദസൂചകപദ നിര്‍മാണ കലയില്‍ സാമ്രാജ്യത്വവും ഫാസിസവുമാണ്, പുതിയ കണ്ടെത്തലുകള്‍ നടത്തി സംഭ്രമം സൃഷ്ടിക്കന്നത്! ഇറാഖ് അധിനിവേശകാലത്ത് സ്വന്തം രാജ്യത്തെ വ്യോമസേനയെ ആകാശത്തിലെ വീര പോരാളികള്‍ എന്ന് വിളിച്ചവര്‍, ഇറാഖിലെ വ്യോമസേനയെ, 'ബാഗ്ദാദിലെ തന്തയില്ലാത്തവര്‍' എന്നാണ് വിളിച്ചത്! 'മൊത്തത്തിലുള്ളതിനെക്കുറിച്ച് പരാമര്‍ശമില്ലാതെ ഒരു ഭാഗത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ വസ്തുതയെക്കുറിച്ചും കാര്യകാരണബന്ധമില്ലാതെ ഒരു സംഭവത്തെക്കുറിച്ചും, പൊതു സാഹചര്യത്തെ പരാമര്‍ശിക്കാത്തതായ ഒരു പ്രത്യേക പ്രതിസന്ധിയെക്കുറിച്ചും പഠനം നടത്തുന്നത് മാര്‍ക്സിന് വൃഥാവ്യായാമമായി മാത്രമേ അനുഭവപ്പെടുമായിരുന്നുള്ളൂ എന്ന് ഇ എച്ച് കാര്‍ പറഞ്ഞത് 'ലൌജിഹാദ്' അടക്കമുള്ള ഏതൊരു സാമൂഹ്യ വിഷയത്തെക്കുറിച്ചുള്ള പഠനത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്.
ഇന്ത്യയില്‍, 'ഹിന്ദുക്കള്‍' മരിച്ചുകൊണ്ടിരിക്കുകയാണെന്നും, വൈകാതെ ഇന്ത്യയില്‍ ഹിന്ദുജനത ന്യൂനപക്ഷമായിത്തീരുമെന്നും നിരന്തരം പ്രചാരണം നടത്തുന്ന, കാവിജനസംഖ്യാശാസ്ത്രവും 'ലൌജിഹാദ്' പ്രചാരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ന്യായമായും അന്വേഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ മരണങ്ങളധികവും ഭരണകൂട ഭീകരതയായിരുന്നെന്ന് തെളിഞ്ഞുകഴിഞ്ഞ പശ്ചാത്തലത്തില്‍, പൊതുസമൂഹത്തിന് മുമ്പില്‍ മലിനമായ സ്വന്തം പ്രതിച്ഛായ മിനുസപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമമാണോ 'ലൌജിഹാദിന്' പിറകിലുള്ളതെന്ന സംശയവും ഇന്ന് പ്രബലമാണ്. സംഘപരിവാര്‍ ഗ്രന്ഥങ്ങള്‍ പറയുന്നത്, ഇതരമതസ്ഥരെപ്പോലെ മാമോദീസമുക്കലോ സുന്നത്തോ അല്ല ഹിന്ദുവിനെ ഹിന്ദുവാക്കുന്നതെന്നാണ്. ഹിന്ദുവിനെ ഹിന്ദുവാക്കുന്നത് നിത്യം വിളക്ക്വയ്ക്കുക, നാമം ചൊല്ലുക, ഓണം ആചാരമനുസരിച്ചുതന്നെ കൊണ്ടാടുക തുടങ്ങിയ കാര്യങ്ങളാണ്. എന്നാല്‍ സംഘപരിവാര്‍ നിര്‍ദേശിക്കുംവിധം 'ആചാരങ്ങളൊന്നും' അനുഷ്ഠിക്കാന്‍ സന്നദ്ധമല്ലാത്ത ഹിന്ദുസമൂഹത്തിലെതന്നെ ഭൂരിപക്ഷത്തിനുനേരെയുള്ള പരോക്ഷഭീഷണിയാവുമോ ലൌ ജിഹാദ്?
ഏഴ്
ഒരു സംഘപരിവാര്‍ഗ്രന്ഥം പറയുന്നത് കേരളത്തില്‍ ഒരു വര്‍ഷം പതിനായിരം പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതില്‍ തൊണ്ണൂറ്റിരണ്ടു ശതമാനം ഹിന്ദുക്കളാണെന്നാണ്. 'കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ ഹിന്ദുക്കള്‍ മാത്രം എന്തിനാണ് ഇത്രയധികം ആത്മഹത്യചെയ്യുന്നതെന്ന ചോദ്യം കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്. ഹിന്ദുക്കളില്‍ ആത്മവിശ്വാസം കുറവായതിനാലാണ് ഈ ദുരന്തം ഉണ്ടാകുന്നത്. മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയില്‍ ഹിന്ദുസമൂഹമാണ് ബലിയാടാകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിപത്തുകളില്‍നിന്ന് ഒരു പരിധിവരെ വിമുക്തരാണ്'' (കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍) ഇതനുസരിച്ച് ഹിന്ദുക്കളെ കള്ള് കുടിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സൂചിപ്പിക്കാന്‍ ഒരു 'ആല്‍ക്കഹോള്‍ ജിഹാദ്' എന്ന വാക്കും, ഭാഗ്യപരീക്ഷണങ്ങളില്‍ കുടുക്കി തകര്‍ക്കുന്നു എന്ന് വിശദമാക്കാന്‍ ഒരു 'ലക്ക് ജിഹാദും' ആത്മഹത്യ ചെയ്യിപ്പിച്ച് ഹിന്ദുക്കളെ ഇന്ത്യയില്‍നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാക്കാന്‍ ഒരു സൂയിസൈഡ് ജിഹാദും കൂടി മിനിമം അനിവാര്യമാകും! മുസ്ളിം ഡോക്ടറെ അവിശ്വസിക്കുന്ന ഹിന്ദു രോഗിയും ഹിന്ദുവക്കീലിനെ ഭയക്കുന്ന മുസ്ളിം കക്ഷിയും, ഭക്ഷണത്തില്‍ പരസ്പരം വിഷം ചേര്‍ക്കുമോ എന്ന് പേടിക്കുന്ന ഹിന്ദു-മുസ്ളിം വിഭാഗങ്ങളുമായി, കേരളീയ സമൂഹം നെറുകെ പിളര്‍ന്നാല്‍, പിറന്ന മണ്ണില്‍ നമ്മളെങ്ങനെ തലനിവര്‍ത്തി നില്‍ക്കും? ഗുജറാത്തിലും ഒറീസയിലും വംശഹത്യക്ക് മുമ്പും പിമ്പുമായി ഇത്തരം പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നു. എന്നാലിപ്പോള്‍ മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തിലാണ്, 'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ' എന്ന ന്യായത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ പൊടിപാറ്റുന്നത്. കൃഷ്ണനും മമ്മതും തമ്മിലുള്ള വ്യക്തിപരമായ ഒരു തര്‍ക്കത്തെ ഹിന്ദുമതവും ഇസ്ളാം മതവും തമ്മിലുള്ള തര്‍ക്കമാക്കി തീര്‍ക്കുംവിധമാണ്, കാര്യങ്ങള്‍ വളരുന്നത്! പ്രണയവും പ്രണയത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനവും പതിറ്റാണ്ടുകളായി കേരളത്തില്‍ നടന്നുവരുന്ന ഒരു കാര്യമാണ്. അതിപ്പോള്‍ മാത്രം ഒരു പുതിയ പ്രശ്നമായി രൂപാന്തരം പ്രാപിക്കുന്നതിന്റെ രാഷ്ട്രീയമാണ് ഇന്ന്, നാം അന്വേഷിക്കേണ്ടത്.
മുമ്പെന്നപോലെ ഇന്നും മതയാഥാസ്ഥിതികരും മതരാഷ്ട്രീയക്കാരും അപൂര്‍വം സന്ദര്‍ങ്ങളില്‍ ഇതിലൊന്നും പെടാത്തവരും പ്രണയം പൊളിക്കാന്‍ അത്യുത്സാഹപൂര്‍വം പ്രവര്‍ത്തിക്കുന്നതായി, ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ ആര്‍ക്കും കാണാന്‍ കഴിയും? അതൊന്നും സംഭവിക്കുന്നത് ഒരു ലൌ ജിഹാദിന്റെയും പേരിലല്ല. മറിച്ച് കേരളത്തിന്റെ അബോധത്തിന്, പ്രണയത്തെ അതര്‍ഹിക്കുംവിധം ആശ്ളേഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. മതത്തിന്റെ മാനദണ്ഡംവച്ചാണ് പ്രണയത്തെപ്പോലും പലരും ഇന്നും അടയാളപ്പെടുത്തുന്നത്.
ബ്രാഹ്മണ സമൂഹത്തില്‍ പിറന്ന്, മതരഹിതയായി മാറിയ എ പി സബിതയെ, മുസ്ളിം സമൂഹത്തില്‍ പിറന്ന് മതരഹിതനായി മാറിയ ഒരു കുഞ്ഞഹമ്മദ് കല്യാണം കഴിക്കുന്നത്, ഹിന്ദുമതത്തിന്റെയോ ഇസ്ളാംമതത്തിന്റെയോ അഭിമാനത്തിന്റെയോ അപമാനത്തിന്റെയോ പ്രശ്നമല്ല, മറിച്ച് വ്യക്തികള്‍ എന്ന നിലയിലുള്ള ഞങ്ങളിരുവരുടെയും പൌരാവകാശത്തിന്റെയും ആത്മാവിഷ്കാരത്തിന്റെയും പ്രശ്നമാണ്. നാളെ ഞങ്ങളിലൊരാളോ, ഞങ്ങളുടെ മകന്‍ മെനിനോഫ്രൂട്ടോയോ ഏതെങ്കിലും ഒരു മതം സ്വീകരിക്കുകയോ, വ്യത്യസ്തമായ മൂന്നു മതങ്ങള്‍ സ്വീകരിക്കുകയോ, മതരഹിതരും, മതവിശ്വാസികളുമടങ്ങുന്ന ഒരു 'മിശ്രകൂട്ടായ്മ'യായി മാറുകയോ ചെയ്താലും, അതിനെ എങ്ങനെ ഏതെങ്കിലും മതത്തിന്റെ അഭിമാനത്തിന്റെയും അപമാനത്തിന്റെയും കള്ളിയിലേക്ക് ചുരുക്കും? പക്ഷേ ഏറെ കൌതുകകരമായ കാര്യം, മിശ്രവിവാഹത്തെ എതിര്‍ക്കുന്നവര്‍പോലും മിശ്രതയിലെ വ്യത്യസ്ത മതങ്ങളെപ്പറ്റി അനാവശ്യജാഗ്രതയും ഉത്കണ്ഠയും വച്ചുപുലര്‍ത്തുന്നു എന്നുള്ളതാണ്. ഞങ്ങള്‍ക്കുണ്ടായ രണ്ട് വിചിത്രമായ അനുഭവങ്ങള്‍മാത്രം ഓര്‍ത്ത് ഞാനേറെ ചിരിക്കുകയും കരയുകയും ചെയ്തിട്ടുണ്ട്..
അതിലൊന്ന് ഒരു ബ്രാഹ്മണ യുവാവും മുസ്ളിം യുവതിയും തമ്മിലുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ടപ്പോഴുണ്ടായ അനുഭവമാണ്. മേല്‍ പറഞ്ഞ ബ്രാഹ്മണയുവാവിന്റെ പ്രായംകൂടിയ ഒരു ബന്ധു പ്രസ്തുത വിവാഹത്തോടനുബന്ധിച്ച് പറഞ്ഞ രസകരമായ ഒരു കമന്റാണ് ഞാനോര്‍ക്കുന്നത്. 'കെ ഇ എന്‍' ഇവ്ട്ന്ന് ഒന്ന് കൊണ്ടുപോയപ്പം നീ അവിടന്ന് ഒന്നിനെ ഇങ്ങോട്ടും കൊണ്ടുപോന്നു എന്നാശ്വസിക്കും വിധമായിരുന്നു അത്! അര്‍ഥശൂന്യമായ ഒരൊത്തുനോക്കലാണ് അദ്ദേഹം നടത്തിയതെങ്കിലും ഞങ്ങളിരുവരുടെയും മിശ്രവിവാഹത്തെ അദ്ദേഹം അംഗീകരിച്ചല്ലോ എന്ന ആഹ്ളാദമായിരുന്നു എനിക്ക്! പക്ഷേ, അപ്പോഴും സ്വന്തം ബന്ധുവായ ബ്രാഹ്മണയുവാവിന്റെ മിശ്രവിവാഹത്തെ അദ്ദേഹം മുച്ചൂടും എതിര്‍ക്കുകയായിരുന്നു! കെ ഇ എന്‍ ഇവ്ട്ന്നു ഒന്നിനെ കൊണ്ടുപോയ നഷ്ടം, അവിട്ന്ന് ഒന്നിനെക്കൊണ്ട് വന്ന് നീ നികത്തിയത് നല്ല കാര്യം! പക്ഷേ നിന്റെ 'മിശ്രവിവാഹം അംഗീകരിക്കുന്ന പ്രശ്നമില്ല.' എന്റെ കോഴിയെ നിങ്ങളെടുത്തോളിന്‍/ പക്ഷേ, എന്റെ കോഴിയെ മാത്രം എനിക്ക് തരിന്‍'' എന്ന് കവി പാടിയ അവസ്ഥ! വിശ്വാസികളുടെ അഗാധമാവേണ്ട മതവിശ്വാസം ഇവ്വിധം പൊള്ളയായിപ്പോകുന്നതോര്‍ത്ത് മതരഹിതനായ എനിക്ക് സങ്കടമാണ് അനുഭവപ്പെടുന്നത്.

*
(കെ ഇ എന്‍ എഡിറ്റ് ചെയ്ത് ചിന്താ പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന 'ലൌ സിന്ദാബാദ്, ലൌജിഹാദ് മൂര്‍ദാബാദ്'എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍നിന്ന്)
കടപ്പാട്: ദേശാഭിമാനി വാരിക
6 comments:
'ലൌ കുരുക്ഷേത്ര', 'ലൌ കുരിശ്', 'ലൌ ജിഹാദ്' തുടങ്ങിയ പദാവലികള്‍ 'എക്ളറ്റിക്' സ്വഭാവം പുലര്‍ത്തുന്നതിനാല്‍, ഇത്തരം പദാവലികളെല്ലാം ഗൌരവമായൊരു പ്രണയസംവാദത്തില്‍നിന്നും നിര്‍ബന്ധമായും മാറ്റിനിര്‍ത്തേണ്ടതാണ്. വേറിട്ടുനില്‍ക്കുന്ന ആശയങ്ങളെ ഒരു തത്വദീക്ഷയുമില്ലാതെ, കൃത്രിമമായി സംയോജിപ്പിക്കുന്ന, 'പെറുക്കിയെടുക്കല്‍' രീതിയേയാണ്, 'എക്ളറ്റിക്' എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്നത് എന്നാലും ഇന്ന്, 'ലൌ ജിഹാദ്' എന്ന വാക്ക് ഉപയോഗിക്കാതെ, പ്രണയം സംബന്ധിച്ച ഒരാശയ ചര്‍ച്ചയില്‍ ഇടപെടാനാവാത്ത ഒരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാസികളുടെ വിമര്‍ശകര്‍ക്കുപോലും ഹിറ്റ്ലറുടെ ജര്‍മനിയില്‍ നാസിതത്വചിന്ത നുഴഞ്ഞുകയറി മലിനമാക്കിയ ഭാഷ ഉപയോഗിക്കേണ്ടിവന്നതുപോലെയുള്ള ഒരവസ്ഥയാണ് അന്ധാളിപ്പിക്കുംവിധം മലയാളി സമൂഹവും ഇന്ന് അനുഭവിക്കുന്നത്. 'കാതിനോ നാവിനോ കൂടുതല്‍ രുചിയെന്ന് നരഭോജികള്‍ തര്‍ക്കിക്കുമ്പോള്‍' മാത്രമല്ല; വസ്തുനിഷ്ഠ യഥാര്‍ഥ്യത്തെ വക്രീകരിക്കുന്ന, 'ലൌ ജിഹാദ്'പോലുള്ള വാക്കുകള്‍ ജീവിതത്തില്‍ വേരാഴ്ത്തുമ്പോഴും, 'ഭാഷയില്‍ ഇരുട്ട്' നിറയും! ലൌ ജിഹാദിനെ തുടര്‍ന്ന്, ക്ളിനിക്കല്‍ ജിഹാദ് സൈനേഡ് ജിഹാദ്, ചീറ്റ് ജിഹാദ്, സ്പൈ ജിഹാദ് തുടങ്ങി നിരവധി പദങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് വിദ്വേഷമുള്ള എന്തിന്റെയും മുന്നിലല്ലെങ്കില്‍, പിന്നിലെങ്കിലും ഒരു 'ജിഹാദ്' എന്ന് കൂടി എഴുതിച്ചേര്‍ത്താല്‍, 'ദേശരക്ഷ' സുഭദ്രമാകുമെന്നാണ് സംഘപരിവാര്‍ ശക്തികളും ബന്ധുജനങ്ങളും സ്വയം കരുതുന്നത്. സമകാലിക രാഷ്ട്രിയ സന്ദര്‍ഭത്തില്‍, നിന്ദസൂചകപദ നിര്‍മാണ കലയില്‍ സാമ്രാജ്യത്വവും ഫാസിസവുമാണ്, പുതിയ കണ്ടെത്തലുകള്‍ നടത്തി സംഭ്രമം സൃഷ്ടിക്കന്നത്! ഇറാഖ് അധിനിവേശകാലത്ത് സ്വന്തം രാജ്യത്തെ വ്യോമസേനയെ ആകാശത്തിലെ വീര പോരാളികള്‍ എന്ന് വിളിച്ചവര്‍, ഇറാഖിലെ വ്യോമസേനയെ, 'ബാഗ്ദാദിലെ തന്തയില്ലാത്തവര്‍' എന്നാണ് വിളിച്ചത്! 'മൊത്തത്തിലുള്ളതിനെക്കുറിച്ച് പരാമര്‍ശമില്ലാതെ ഒരു ഭാഗത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ വസ്തുതയെക്കുറിച്ചും കാര്യകാരണബന്ധമില്ലാതെ ഒരു സംഭവത്തെക്കുറിച്ചും, പൊതു സാഹചര്യത്തെ പരാമര്‍ശിക്കാത്തതായ ഒരു പ്രത്യേക പ്രതിസന്ധിയെക്കുറിച്ചും പഠനം നടത്തുന്നത് മാര്‍ക്സിന് വൃഥാവ്യായാമമായി മാത്രമേ അനുഭവപ്പെടുമായിരുന്നുള്ളൂ എന്ന് ഇ എച്ച് കാര്‍ പറഞ്ഞത് 'ലൌജിഹാദ്' അടക്കമുള്ള ഏതൊരു സാമൂഹ്യ വിഷയത്തെക്കുറിച്ചുള്ള പഠനത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്.
“സംഘപരിവാര്‍ നിര്‍ദേശിക്കുംവിധം 'ആചാരങ്ങളൊന്നും' അനുഷ്ഠിക്കാന്‍ സന്നദ്ധമല്ലാത്ത ഹിന്ദുസമൂഹത്തിലെതന്നെ ഭൂരിപക്ഷത്തിനുനേരെയുള്ള“ ....
ഏതു ഹിന്ദു സമൂഹത്തെപ്പറ്റിയാണ് കെ ഈ എൻ ഇവിടെ പറയുന്നത്? ഇവിടെ ഇപ്പോഴുള്ള ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷം സംഘ് പരിവാർ നിർദേശിക്കുന്ന ആചാരങ്ങൾ അനുഷ്ഠിക്കാൻ സന്നദ്ധരാണ്. കൈയിൽ ചരടും നെറ്റിയിൽ ചന്ദനക്കൂറിയും ഇല്ലാത്ത ചെറുപ്പക്കാരെ കണികാണാൻ കിട്ടുന്നില്ല ഇന്ന്. ശബരിമലയ്ക്കു പോകാത്ത ഏതെങ്കിലും ഹിന്ദു കുടുംബത്തെ കെ ഈ എന്ന് കാണിച്ചുതരാൻ പറ്റുമോ? കാവിമുണ്ടും കാവിക്കൊടിയും കാവിമനസ്സായി മാറുന്ന സന്ദർഭങ്ങളാണിവയൊക്കെ. ഇതിനു മുഖ്യകുറ്റവാളികൾ ഇവിടെത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. വിശ്വാസത്തെ വിപ്ലവത്തിനുശേഷം കൈകാര്യം ചെയ്താൽ മതി എന്ന തട്ടിപ്പ്-അതും സവർണ കമ്യൂണിസ്റ്റ് താത്പര്യാർഥം- എടുത്തതോടെ ഇപ്പോൾ സഖാക്കൾ ലോക്കൽ കമ്മിറ്റികൂടിയാണ് ശബരിമലയ്ക്കുപോകുന്നത്. അത്തരക്കാർ ലൌ ജിഹാദിനെപ്പറ്റിയുള്ള സംഘ്പരിവാർ പ്രചാരണങ്ങളെയാണ് കെ ഈ എന്നിന്റെ ഈ പ്രചാരണത്തേക്കാൾ വിശ്വസിക്കുക. നമ്മളും അവരും എന്ന രൂപകങ്ങൾ അങ്ങനെ സൃഷ്ടിക്കപ്പെടുന്നു.ഓണത്തെക്കുറിച്ച് കെ ഈ എൻ മുന്നോട്ടുവച്ച കാഴ്ച്ചപ്പാട് ഏതെങ്കിലും മാർക്സിസ്റ്റുകാരൻ പിന്തുണക്കുന്നുണ്ടോ? പൊതുചടങ്ങുകൾ നിലവിളകുകൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ഏർപ്പാട് സി പി എം ഭരിക്കുമ്പോഴും തുടരുന്നതെന്തുകൊണ്ട്?
മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയില്‍ ഹിന്ദുസമൂഹമാണ് ബലിയാടാകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിപത്തുകളില്‍നിന്ന് ഒരു പരിധിവരെ വിമുക്തരാണ്''
ന്യൂനപക്ഷാങ്ങള്‍ ആത്മഹത്യ ചെയ്യുന്നതില്‍ മാത്രമായിരിക്കും കുറവ് . രാവിലത്തെ പത്രം കെ.ഇ.എന്‍ നിവര്‍ത്താനും മറന്നൊ?
ഇനി നാളെ മുസ്ലിം കുട്ടികള്‍ പൊട്ടു തൊടാന്‍ തുടങ്ങിയാല്‍ അതും ഒരു ഫാഷനാവുമോ
നാടു നീളെ ഹിന്ദുക്കള്‍ റാഖി കെട്ടുന്നതും നെറ്റിയില്‍ കുംകുമം നീട്ടിവരയ്ക്കുന്നതും ഫാഷനായി അയാള്‍ സമ്മതിക്കുമോ ?
മിശ്രവിവാഹത്തെ എതിര്‍ക്കുന്നത് ഹിന്ദു-സവര്‍ണ- ബ്രാഹ്മണ സമൂഹം മാത്രമാണോ?
മുസ്ലിം പെണ്‍കുട്ടികളില്‍ മിശ്രവിവാഹം കുറയുന്നത് അവര്‍ക്ക് സ്വന്തം മതത്തെയും മതവിശ്വാസികളെയും അത്രയ്ക്ക് ഇഷ്ടമായതിനാലാണൊ ?
.
അതൊ അവര്‍ക്ക് അതിന് സ്വാതന്ത്ര്യം ഇല്ലാത്തതിനാലോ ?
ഒരു മുസ്ലിം പെണ്‍കുട്ടി ജൂത-ജൈന-ഹിന്ദു-സിഖ്-ക്രിസ്ത്യന്‍-മതതില്‍ പെട്ട ആരെയെങ്കിലും കെട്ടി മതം മാറിയാല്‍ അത് വെറും ലവ്വില്‍ ഒതുങ്ങുമ്മോ?
വെരും ലവ് മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇങ്ങനെ ആദ്യരാത്രി വെളുക്ക്കുന്നതിനു മുമ്പു തന്നെ സാരിഥുമ്പു തലയിലേയ്ക്കും പര്‍ദ മോളിളെയ്ക്കും വലിച്ചു കേറ്റാന്‍ ധൃതി കൂട്ടുന്നതു എന്തിനാണ്
വര്‍ഗ രാഷ്ടീയത്തിനു പകരമായി സ്വത്വ/ജാതി രാഷ്ട്രീയം കൊണ്ടു വരണമെന്ന് സത്യാന്വേഷി പറയുകയാണോ? സത്യാന്വേഷി പറയുന്ന തരത്തിലുള്ള സമരം(ങ്ങള്‍) വര്‍ഗസമരത്തെ ശക്തിപ്പെടുത്തുന്ന രീതിയിലായിരിക്കണം, അതിനു പകരമായികൂടാ എന്ന കാഴ്ചപ്പാടാണ് കമ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതിനെ ‘വിപ്ലവത്തിനു ശേഷം വിശ്വാസത്തെ കൈകാര്യം ചെയ്താല്‍ മതി‘യെന്നൊക്കെ അതിലളിതവല്‍ക്കരിക്കുന്നത് ശരിയല്ല. ഇന്നും സംഘപരിവാറിനു സ്വാധീനം ചെലുത്താന്‍ കഴിയാത്ത മേഖലകള്‍ ഇടതുപക്ഷത്തിനു സ്വാധീനം ഉള്ള മേഖലകളാണ്. ഇതിന്റെ അര്‍ത്ഥം സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും എതിര്‍ക്കുന്നതും ഇടതുപക്ഷം ആണെന്നു തന്നെയാണ്. ആ ഇടതുപക്ഷരാഷ്ട്രീയത്തെ ഏതൊക്കെ രീതിയില്‍ സഹായിക്കാന്‍ കഴിയും എന്നു ചിന്തിക്കുന്നതിനു പകരം എല്ലാത്തിനും കുറ്റക്കാര്‍ ഇടതുപക്ഷമാണെന്ന് അഭിപ്രായപ്പെടുന്നത് ഒരു പക്ഷേ സംഘപരിവാര്‍ രാഷ്ട്രീയത്തെയും ഉപരിവര്‍ഗ രാഷ്ട്രീയത്തെയും തന്നെയായിരിക്കും സഹായിക്കുക. ആ ഒരു ഉദ്ദേശ്യം ഇല്ലെങ്കില്‍ക്കൂടി.
സത്യാന്വേഷിയുടെ നിലപാടിനോട് ശക്തമയി വിയോജിക്കുന്നു.ഒന്നാമതായി ശബരിമലക്ക് പോകുന്നവരോ ക്ഷേത്രങ്ങളിൽ പോകുന്നവരോ എല്ലാം പരിവാറിന്റെ കൊടിക്കീഴിൽ അല്ല. മാത്രമല്ല ഇക്കൂട്ടത്തിൽ പലരും കോൺഗ്രസ്സുകാരോ അല്ലെങ്കിൽ ഇടതുപക്ഷ നിലപാടുള്ളവരോ പാർട്ടി പ്രവർത്തകരും ആണെന്ന് മനസ്സിലാക്കുക.ഉദാഹരണമായി അന്തരിച്ച പ്രമുഖ നടൻ ഭരത് മുരളി ആദ്യാത്മികവിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നതോടൊപ്പം ഒരു ഇടതു പക്ഷ അനുഭാവി/സഹയാത്രികൻ കൂടെ ആയിരുന്നു.ഇത്തരത്തിൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ കാണുവാൻ കഴിയും.
കയ്യിൽ ചരടോ ചന്ദനക്കുറിയോ ഇട്ടവരൊക്കെ പരിവാറായിരുന്നേൽ ഇന്ന് ഇവിടെ പരിവാറിന്റെ രാഷ്ടീയ ശക്തി എന്തായിരിക്കും?ഇത് തികച്ചും ബാലിശമായ വാദമാണ്. തലയിൽ തൊപ്പിയും താടിയും ഉള്ളവനൊക്കെ അപകടകാരിയാണെന്ന കുപ്രചാരണത്തിനു തുല്യമാണ് ഇത്.തികച്ചും ബാലിശം.
വർഗ്ഗീയത സംബന്ധിച്ചുള്ള കെ.ഈ.എന്റെ പല നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പുള്ള ആളാണ് എന്നത്കൂടെ പറഞ്ഞുകൊള്ളട്ടെ. പലപ്പോഴും ഇല്ലാത്ത ശത്രുവിനെതിരെ വല്ലാത്ത അങ്കലാപ്പ് കാണിക്കുകയും എന്നാൽ സമൂഹത്തിൽ നടക്കുന്ന പലതിനേയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നതായിട്ടാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എനിക്ക് തോന്നിയിട്ടുള്ളത്.പ്രത്യേകിച്ച് കേരളത്തിലെ തീവ്രവാദം,സംഘപരിവാർ വിഷയങ്ങളിൽ.
കേരളസമൂഹത്തിൽ ഇരകൾ ഉള്ളൂ.അത് ദളിതരും ആദിവാസികളും മുന്നോക്കക്കാരിലെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരും ആണ്.അല്ലാതെ കെ.ഈ.എൻ പറയുന്ന വിഭാഗമല്ല.ഇതു എന്റെ മാത്രം വാക്കല്ല മറ്റു പലരും മുമ്പ് പറഞ്ഞിട്ടുള്ളതാണ്.
തിരക്കുകൾ മൂലം തൽക്കാലം നിർത്തുന്നു. വിശദമായി പിന്നീട് എഴുതാമെന്ന് കരുതുന്നു.
എന്റെ ഈ ചോദ്യത്തിന്ന് മറുപടി വല്ലവര്‍ക്കും അറിയുമോ ?
എനിക്കിത് മനസ്സിലാവ്വുന്നേയില്ല.
വെറും ലൌ മാത്രമാണ് ഉള്ളതെങ്കില്‍ ഇങ്ങനെ ആദ്യരാത്രി ഇരുട്ടിവെളുക്കുന്നതിനു മുമ്പു തന്നെ സാരിത്തുമ്പ് തലയിലേയ്ക്കും പര്‍ദ മോളിളെയ്ക്കും വലിച്ചു കേറ്റാന്‍ ധൃതി കൂട്ടുന്നതു എന്തിനാണ്
Post a Comment