ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ ശൃംഖലയായ കണ്‍സള്‍ടേറ്റീവ് ഗ്രൂപ്പ് ഓണ്‍ ഇന്റര്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (സി ജി ഐ എ ആര്‍) ടെര്‍മിനേറ്റര്‍ ജീന്‍-അന്തകവിത്തുകള്‍ നിരോധിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക്മുമ്പു തന്നെ ആവശ്യപ്പെട്ടതാണ്. അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെ പ്രചാരണത്തിന്റെ മറവില്‍ അത്യന്തം ഗുരുതരമായ ജനിതക പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന ടെര്‍മിനേറ്റര്‍ ജീനുകളുടെ വ്യാപനത്തെക്കുറിച്ച് ഡോ. എം എസ് സ്വാമിനാഥനെപ്പോലുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ നിരന്തരമായി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുമുണ്ട്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പരീക്ഷണഘട്ടത്തില്‍ത്തന്നെ വന്‍ എതിര്‍പ്പുകള്‍ക്ക് വിധേയമായ ബി ടി ഭക്ഷ്യവിളകള്‍ അവിടങ്ങളില്‍ നിരോധിക്കപ്പെട്ടിരിക്കയാണ്. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരും ജനകീയ ആരോഗ്യപ്രവര്‍ത്തകരും വര്‍ഷങ്ങളായി പ്രചാരണപ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്.
അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളായ കാര്‍ഗിലും മൊണ്‍സാന്റോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ജനിതക വിത്തുകള്‍ പരീക്ഷിച്ച കര്‍ണാടകയിലും ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും എല്ലാം അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ജനിതകപരുത്തി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത വാറംഗലിലെയും വിദര്‍ഭയിലെയും കൃഷിക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ടെര്‍മിനേറ്റര്‍ ജീനുകളോടൊപ്പം ചേര്‍ന്നിരിക്കുന്ന വിളകളെയും കീടങ്ങളെയും നേരിടാന്‍ കീടനാശിനികള്‍ അമിതമായി ഉപയോഗിക്കേണ്ടിവന്ന സ്ഥലങ്ങളിലെ മനുഷ്യരും കന്നുകാലികളും മറ്റ് ജീവജാലങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്.
ഇതൊന്നും പരിഹരിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ജനിതക എന്‍ജിനീയറിങ് അംഗീകാര സമിതി (GEAC) ബി ടി വഴുതിനങ്ങ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കിയത്. ജി ഇ എ സി യുടെ ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ ആരോഗ്യ പ്രവര്‍ത്തകരും രംഗത്തുവന്നതോടെ താല്‍ക്കാലികമായി ഈ തീരുമാനം നടപ്പാക്കേണ്ടെന്ന് വെച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബി ടി രംഗത്തെ വന്‍കിട കോര്‍പറേറ്റുകളുടെ പിന്‍വാതില്‍ സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുമ്പില്‍ അധികകാലമൊന്നും യു പി എ സര്‍ക്കാര്‍ പിടിച്ചുനില്ക്കുമെന്ന് തോന്നുന്നില്ല. ബി ടി വഴുതിനങ്ങ കൃഷിക്ക് അനുമതി നല്‍കാന്‍ തന്നെയാണ് സാധ്യത.
2005 ല്‍ മന്‍മോഹന്‍സിങ്ങിന്റെ വാഷിങ്ടണ്‍ പര്യടനവേളയില്‍ ഒപ്പുവച്ച തന്ത്രപരമായ ബന്ധം ഉറപ്പുവരുത്തുന്ന കരാറുകളില്‍ പ്രധാനമാണ് കാര്‍ഷിക വിജ്ഞാന വിനിമയത്തിനുള്ള ഉടമ്പടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക വിജ്ഞാന സമിതിയില്‍ അമേരിക്കയെ പ്രതിനിധീകരിച്ചത് മൊണ്‍സാന്റോ കമ്പനിയായിരുന്നു. അന്നുതന്നെ മൊണ്‍സാന്റോപോലുള്ള അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനികളുടെ താല്പര്യങ്ങളാണ് സമിതിയുടെ ശുപാര്‍ശകളില്‍ ഒളിഞ്ഞിരിക്കുന്നതെന്ന വിമര്‍ശനം ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചതാണ്. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന കാലത്തുതന്നെ ജിഇഎസി ബി ടി വഴുതിനങ്ങക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുകയായിരുന്നല്ലോ. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ 2006 ല്‍ ബി ടി വഴുതിനങ്ങയുടെ പരീക്ഷണകൃഷിക്ക് അനുമതി നല്‍കിയത്. അന്ന് ആരംഭിച്ച പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
ലോകത്തിലെതന്നെ ജനിതക ഭക്ഷ്യവിള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുവാദം നല്‍കുന്ന ആദ്യ കാര്‍ഷിക രാജ്യമാകുവാന്‍ പോവുകയാണ് ഇന്ത്യ. ബി ടി വഴുതിനങ്ങകൃഷിയിലൂടെ നമ്മുടെ രാജ്യത്തെ ലോകത്തിലെ ആദ്യത്തെ ജി എം പച്ചക്കറി ഉല്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയെന്ന് യുപിഎ സര്‍ക്കാരിന് അവകാശപ്പെടാം, അഭിമാനിക്കാം. യഥാര്‍ഥത്തില്‍ കോര്‍പറേറ്റ് മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണ താല്പര്യങ്ങള്‍ക്ക് മണ്ണൊരുക്കുന്നവര്‍ ബി ടി കൃഷിയിലൂടെ രാജ്യത്തെ കാര്‍ഷിക മേഖലയെ ചാവുനിലമാക്കുകയാണ്. ബി ടി വിത്തുകളുടെ ഉപയോഗം ഉളവാക്കാന്‍ പോകുന്ന നാനാവിധമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച ജനങ്ങളുടെ അജ്ഞതക്കു മുകളിലാണ് മൊണ്‍സാന്റോ അടക്കമുള്ള അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനികള്‍ നിക്ഷേപം നടത്തുന്നത്. ജനജീവിതത്തെ കഠിനമായി ബാധിക്കുന്ന പ്രശ്നങ്ങളെയും ഭരണ നയങ്ങളെയും വിവാദങ്ങള്‍ പൊലിപ്പിച്ച് സമര്‍ഥമായി മറച്ചുപിടിക്കുന്ന മാധ്യമങ്ങള്‍ ബി ടി വഴുതിനങ്ങ ഉല്പാദനം ഇന്ത്യന്‍ ഭക്ഷ്യകൃഷിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് മൌനം പാലിക്കുന്നു. ശാസ്ത്രത്തിന്റെ നൂതനമായ മാര്‍ഗങ്ങളുപയോഗിച്ച് ഭക്ഷണവും തൊഴിലും സൃഷ്ടിക്കാനുള്ള നീക്കങ്ങളെ തടസ്സപ്പെടുത്തുകയാണ് ബി ടി വിത്തിനെ എതിര്‍ക്കുന്നവരെന്ന് അദ്വാനി മുതല്‍ കേന്ദ്രമന്ത്രി ജയറാം രമേശ് വരെയുള്ളവര്‍ രോഷം കൊള്ളുന്നത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.
ജനിതക വിത്തുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും അതുകൊണ്ട് ഉല്പാദന വര്‍ധനവ് ഉറപ്പാണെന്നുമാണ് ബി ടി കമ്പനികളുടെയും അവരുടെ ഏജന്റുമാരായ ഭരണാധികാരികളുടെയും അവകാശവാദം. കര്‍ഷകന്റെ വിത്തവകാശങ്ങളെപ്പോലും കവര്‍ന്നെടുക്കുന്ന ബി ടി കമ്പനികള്‍ കാര്‍ഷികോല്പാദന വ്യവസ്ഥക്ക് മുകളില്‍ കോര്‍പറേറ്റ് ആധിപത്യമാണ് ലക്ഷ്യമിടുന്നത്. അല്ലാതെ കര്‍ഷകന്റെ നന്മയും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയുമല്ല. ഈയൊരു വസ്തുതയെ കാണാതെ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യ പുരോഗതിക്ക് ഉപയോഗിക്കുന്നതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജനിതക സാങ്കേതിക വിദ്യയിലൂടെ രൂപപ്പെട്ട ഭക്ഷ്യവിളകൃഷിവഴി മനുഷ്യസമൂഹത്തിന്റെ നൈസര്‍ഗികാടിസ്ഥാനങ്ങളെയും ജീവനെത്തന്നെയും തങ്ങളുടെ മൂലധനാധിപത്യത്തിന്‍കീഴില്‍ കൊണ്ടുവരാനാണ് ബഹുരാഷ്ട്ര കുത്തകകള്‍ ലക്ഷ്യംവെക്കുന്നത്. മൊണ്‍സാന്റോ, കാര്‍ഗില്‍ ഇന്‍ കോര്‍പറേറ്റഡ്, നോവാര്‍ടീസ്, അഡ്രോഇവോ, ഡ്യുപോണ്ട്, സെനെക്ക, ഡോ തുടങ്ങിയ കുത്തകകളുടെ മേധാവിത്വത്തിലേക്ക് ലോക ഭക്ഷ്യഉല്പാദനത്തെത്തന്നെ എത്തിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നടക്കുന്നത്. ജനിതക സാങ്കേതികവിദ്യയും ലോകവ്യാപാര സംഘടനയുടെ ബൌദ്ധിക സ്വത്തവകാശ വ്യവസ്ഥകളും പേറ്റന്റ് നിയമങ്ങളുമെല്ലാം ഇതിനായി രൂപപ്പെടുത്തപ്പെട്ടതാണ്.
ജനിതക ടെക്നോളജിയോടുള്ള സമീപനം
നവലിബറല്‍ മുതലാളിത്തവും അതിന്റെ വികസന നയവും നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വേണം ജനിതക സാങ്കേതികവിദ്യയെ ഉപയോഗിച്ചുള്ള കൃഷിയെയും അത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെയും വിശകലനം ചെയ്യാന്‍. ശാസ്ത്രത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തി മനുഷ്യസമൂഹത്തിന്റെ പൊതുനന്മക്കും പുരോഗതിക്കും ഉപയുക്തമാക്കുക എന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന സമീപനം. ശാസ്ത്ര സാങ്കേതിക വികസനത്തെയും ഉല്പാദന ശക്തികളെയും പരമാവധി തടസ്സപ്പെടുത്തുന്ന കുത്തകാധിപത്യത്തിന്റെ ഘട്ടമാണ് സാമ്രാജ്യത്വമെന്ന് ലെനിന്‍ വിശദമാക്കുന്നുണ്ട്. സാമ്രാജ്യത്വ വ്യവസ്ഥയുടെ കൂടുതല്‍ തീക്ഷ്ണമായ ആഗോളവല്‍ക്കരണ ഘട്ടമെന്നത് ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട സംഹാരാത്മകമായ ചൂഷണത്തിന്റെയും ജീര്‍ണതയുടെതുംകൂടിയാണ്. സ്വതന്ത്ര മത്സരത്തിന്റെ ആദ്യഘട്ടങ്ങളില്‍ (അധിക ലാഭത്തിനുവേണ്ടിയുള്ള അന്വേഷണത്തിനിടയില്‍) ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങളെ ഉപയോഗപ്പെടുത്തി ഉല്പാദനച്ചെലവ് കുറയ്ക്കാന്‍ മുതലാളിത്ത ശക്തികള്‍ നിരന്തരം ശ്രമിച്ചിരുന്നു. സ്വതന്ത്ര വ്യാപാരത്തിന്റെയും കുത്തകാധിപത്യത്തിന്റെയും സാധ്യതകളെ ഉപയോഗിച്ച് അധിക ലാഭമാര്‍ജിക്കുവാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ സാമ്രാജ്യത്വത്തിന് ഇന്ന് കഴിയുന്നുണ്ട്. ഉല്പന്നങ്ങള്‍ക്ക് കുത്തകവില നിര്‍ണയിക്കാനും നിലനിര്‍ത്താനും പ്രാപ്തമായ അന്താരാഷ്ട്ര സംവിധാനങ്ങളെത്തന്നെ സാമ്രാജ്യത്വം രൂപപ്പെടുത്തിയിട്ടുണ്ട്. വിഭവങ്ങള്‍ക്കും വിപണിക്കും അന്താരാഷ്ട്ര വാണിജ്യ മാര്‍ഗങ്ങള്‍ക്കും മുകളില്‍ സൈനികവും രാഷ്ട്രീയവുമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ആധിപത്യം നിലനിര്‍ത്താനും ഇന്ന് സാമ്രാജ്യത്വ ശക്തികള്‍ക്ക് കഴിയുന്നുണ്ട്. സാമ്രാജ്യത്വ പ്രതിസന്ധി തീവ്രമാകുന്നതിന്റെ പ്രത്യക്ഷാനുപാതത്തില്‍തന്നെ ഈ അധിനിവേശ പ്രവണതകളും ജീര്‍ണതകളും തീവ്രഗതിയാര്‍ജിക്കുന്നതാണ് നാം കാണുന്നത്.
ശാസ്ത്ര സാങ്കേതിക വിപ്ളവം മനുഷ്യവംശത്തിനു മുമ്പില്‍ അനന്തമായ സാധ്യതകളാണ് തുറന്നുതന്നിരിക്കുന്നത്. പ്രകൃതിയെ പുനര്‍നിര്‍മിക്കാനും മനുഷ്യജീവിതം മെച്ചപ്പെടുത്താനാവശ്യമായ ഭൌതിക സമ്പത്ത് ഉല്പാദിപ്പിക്കാനും പ്രാപ്തമായ ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ സര്‍ഗസാധ്യതകളെ വികസ്വരമാക്കുവാനും സര്‍വതോമുഖമായ പുരോഗതിയും പൊതുക്ഷേമവും ഉറപ്പുവരുത്തുവാനുമൊക്കെ കഴിയുന്ന അഭൂതപൂര്‍വമായ സാധ്യതകളാണ് രൂപപ്പെട്ടിരിക്കുന്നത്.
മനുഷ്യ പുരോഗതിക്ക് ഉപയോഗപ്പെടേണ്ട ഈ ശാസ്ത്ര സാങ്കേതിക വികാസത്തെ ബഹുരാഷ്ട്ര കുത്തക ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ചൂഷണം ആഴത്തിലാക്കാനും ലാഭം വര്‍ധിപ്പിക്കാനുമാണ്. പരിസ്ഥിതിയുടെ നൈസര്‍ഗികാടിസ്ഥാനങ്ങളെത്തന്നെ അപകടപ്പെടുത്തുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും മര്‍ദിത രാജ്യങ്ങളെയും സമര്‍ഥമായി ചൂഷണം ചെയ്യുവാനുമാണ് സാമ്രാജ്യത്വമിന്ന് ശാസ്ത്രനേട്ടങ്ങളെ ഉപയോഗപ്പെടുത്തുന്നത്. മുതലാളിത്തത്തിന്റെ ലാഭം ലക്ഷ്യംവച്ചുള്ള വികസന നയങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉല്പാദനശക്തികളുടെ വളര്‍ച്ചയെയും ഉല്പാദന ബന്ധങ്ങളുടെ പുനഃസംഘാടനത്തെയും ലക്ഷ്യംവയ്ക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയുമെല്ലാം മുതലാളിത്തത്തിന്റെ ലാഭചോദനയില്‍നിന്നു മാനവികതയുടെ സമഗ്ര പുരോഗതിക്കാവശ്യമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് മാര്‍ക്സിസത്തിന്റെ സമീപനം. ആഗോളമൂലധന ക്രമത്തിന്റെ ലാഭാര്‍ത്തമായ ചൂഷണ താല്പര്യങ്ങള്‍ മനുഷ്യനും പ്രകൃതിക്കുമേല്പ്പിക്കുന്ന ദുരന്തങ്ങള്‍ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വകതിരിവില്ലാതെ ഉപയോഗിക്കുന്നതുകൊണ്ടുകൂടിയാണെന്ന് മാര്‍ക്സിസ്റ്റുകാരും പുരോഗമനകാരികളും തിരിച്ചറിയുന്നുണ്ട്.
ദുരമൂത്ത ലാഭതാല്പര്യങ്ങളാല്‍ പ്രചോദിതമാവുന്ന നവലിബറല്‍ മൂലധനശക്തികള്‍ ലോകത്തെ ഭൌമതാപനത്തിലും അതിരൂക്ഷമായ പാരിസ്ഥിതിക തകര്‍ച്ചയിലുമാണെത്തിച്ചിരിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും നല്‍കുന്ന സാധ്യതകളേക്കാള്‍ എത്രയോ പിറകിലാണ് ഉല്പാദനശക്തികളുടെ വികാസവും സാമൂഹ്യവികാസവുമെന്നതാണ് യാഥാര്‍ഥ്യം. ഇതിനുകാരണം സാമ്രാജ്യത്വ വ്യവസ്ഥ തങ്ങളുടെ മൂലധനാധിപത്യതാല്പര്യങ്ങള്‍ക്കനുസരണമായി രൂപപ്പെടുത്തിയ ബൌദ്ധികസ്വത്തവകാശ വ്യവസ്ഥകളാണ്. ലോകത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പേറ്റന്റുകളുടെ 10 ശതമാനം മാത്രമേ വ്യാവസായികമായി ഉപയോഗപ്പെടുത്തുന്നുള്ളു. വിജ്ഞാനത്തിന്റെയും വിവരണങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും തടസ്സം സൃഷ്ടിക്കുന്ന പേറ്റന്റ് വ്യവസ്ഥകളാണ് മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ളത്. ഗവേഷണവും വികസനവുമെല്ലാം ബഹുരാഷ്ട്രകുത്തകകളുടെ വാണിജ്യ താല്പര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു.
ശാസ്ത്രത്തിന്റെ 'ആത്യന്തികമണ്ഡല'മായിട്ടാണ് പലരും ജനിതക സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്. ജനിതക സാങ്കേതികവിദ്യയുടെയും ജനിതക എന്‍ജിനീയറിങ്ങിന്റെയും രംഗത്തെ സമീപകാല വികാസവും ആഗോള സാമ്രാജ്യത്വ വ്യവസ്ഥയുടെ വാണിജ്യ താല്പര്യങ്ങളും വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയുന്നതാണ്. ഈ മേഖലയില്‍ മറ്റുള്ളവരെക്കാള്‍ കഴിവും മുന്‍തൂക്കവുമുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ കര്‍ക്കശമായ പേറ്റന്റ് സംരക്ഷണ നിയമങ്ങളിലൂടെ കുത്തക നേടിയിരിക്കുകയാണ്.
ബി ടി, പേറ്റന്റ്, സാമ്രാജ്യത്വക്കൊള്ള
ലോകത്തിലെ തന്നെ ആദ്യത്തെ ബി ടി ഭക്ഷ്യവിളക്കൃഷിക്കാണ് യുപിഎ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നേരത്തെ ബി ടി പരുത്തിക്കൃഷിക്ക് അനുമതി നല്‍കിയതാണ്. അതിന്റെ ദുരന്തങ്ങള്‍ വിദര്‍ഭയിലെയും വാറംഗലിലെയും കൃഷിക്കാര്‍ ജീവിച്ച് തീര്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത കാപ്പി, കുരുമുളക്, കോളിഫ്ളവര്‍, കാബേജ്, മത്തന്‍, തണ്ണിമത്തന്‍, പയര്‍ തുടങ്ങിയ ഭക്ഷ്യവിളകള്‍ക്കെല്ലാം അനുമതി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ബയോടെക്നോളജി രംഗത്തെ ബഹുരാഷ്ട്ര കുത്തകകളാണ് ഈ വിത്തുകളുടെയും പേറ്റന്റ് എടുത്തിരിക്കുന്നത്. മൊണ്‍സാന്റോ, ഡി എന്‍ എ പ്ളാന്റ്ടെക്, കാര്‍ഗില്‍, പയനീര്‍ ഹൈ-ബ്രൊഡ്, മൈക്കോജന്‍, ഐസിഐ, സീബാഗീഗി, സ്യുപോണ്ട്, റോക്ക് ഫെല്ലര്‍ യൂണിവ്, അട്രാസൈറ്റസ്, അഗ്രികള്‍ച്ചര്‍ ജനറ്റിക്സ്, അമോക്കോ, മിച്ചിഗണ്‍ സ്റ്റേറ്റ് യൂണീവ്, ലുബിന്‍സോന്‍ എന്നീ പതിനാല് കുത്തകകള്‍ WTO രൂപംകൊണ്ട (1995) വര്‍ഷംവരെയുള്ള കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പേറ്റന്റുകളുടെ 79 ശതമാനവും കൈയടക്കിക്കഴിഞ്ഞിരുന്നു. ഇതില്‍ ഭൂരിഭാഗവും അമേരിക്കന്‍ കമ്പനികളാണ്. പതിനായിരക്കണക്കിന് പുതിയ പേറ്റന്റുകള്‍ക്കാണ് ഈ കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ഭക്ഷ്യവിളകളുടെയും മറ്റു കാര്‍ഷികവിളകളുടെയും മേഖലയില്‍ സമ്പൂര്‍ണമായ കുത്തകാധിപത്യം തന്നെയാണ് ഈ അഗ്രി ബിസിനസ് കമ്പനികള്‍ നേടുന്നത്.
എസ്കാ ജെനറ്റിക് എന്ന അമേരിക്കന്‍ ബയോടെക്നോളജി രംഗത്തെ ഭീമന്‍കമ്പനി ജനറ്റിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത എല്ലാവിധ കാപ്പി ഇനങ്ങളുടെയുംമേല്‍ പേറ്റന്റ് എടുത്തിരിക്കുകയാണ്. അമേരിക്കയിലെ ഡിഎന്‍എ പ്ളാന്റ് ടെക്നോളജി ജനിതക മാറ്റം വരുത്തിയ എല്ലാ കുരുമുളക് ചെടികളുടെയും പേറ്റന്റ് എടുത്തുകഴിഞ്ഞു. കാര്‍ഗില്‍ ഇന്‍ കോര്‍പറേറ്റ് എന്ന അമേരിക്കന്‍ കമ്പനി ബ്രസീക്ക കുടുംബത്തില്‍പ്പെട്ട കാബേജ്, കോളിഫ്ളവര്‍, കടുക് തുടങ്ങിയ എല്ലാ ചെടികളുടെയും പേറ്റന്റ് എടുത്തതായി അവകാശപ്പെടുന്നു.
ലോകത്തിലെ കാപ്പി ജെംപ്ളാസത്തിന്റെ അമൂല്യമായ കലവറയായിട്ടാണ് ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യ അറിയപ്പെടുന്നത്. കാപ്പി ഇനങ്ങളിലുള്ള എല്ലാ ജെനറ്റിക് എന്‍ജിനീയറിങ്ങിലൂടെ രൂപപ്പെടുത്തിയ ഇനങ്ങള്‍ക്കും തങ്ങള്‍ പേറ്റന്റ് എടുത്തുകഴിഞ്ഞുവെന്ന് എസ്കാ ജെനറ്റിക്സ് അവകാശപ്പെടുന്നതിന്റെ അര്‍ഥമെന്താണ്. എത്യോപ്യന്‍ ജനതയ്ക്ക് (കാപ്പി കര്‍ഷകര്‍ക്ക്) ഇനി തങ്ങളുടെ ഏതെങ്കിലും കാപ്പിയുടെ ജെംപ്ളാസം ഉപയോഗിച്ച് പുതിയ എന്തെങ്കിലും കാപ്പിഇനം ഉണ്ടാക്കുവാനോ കയറ്റി അയക്കാനോ അധികാരമില്ല. WTO വില്‍ അംഗമായിരിക്കുന്ന ഒരു രാജ്യത്തേയ്ക്കും എത്യോപ്യക്ക് കാപ്പി ഉല്പന്നങ്ങള്‍ കയറ്റി അയക്കാനുള്ള അധികാരമോ സ്വാതന്ത്യ്രമോ ഇല്ല. ഈ കമ്പനിക്ക് വിലകൊടുത്തേ ഏതുതരം കാപ്പിയും എത്യോപ്യക്കാര്‍ക്ക് ഉല്പാദിപ്പിക്കാന്‍ അവകാശമുള്ളൂ.
മറ്റൊരു ജീവവസ്തുവിന്റെ ഡിഎന്‍എ ഉപയോഗിച്ച് ജെനറ്റിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിക്കുന്ന ചെടികളെ ട്രാന്‍സ്ജെനിക് ചെടികളെന്നണ് പറയുന്നത്. ഇത്തരമൊന്നും ഇനി എത്യോപ്യക്കോ മറ്റെതെങ്കിലും രാജ്യത്തിനോ ഉപയോഗിക്കാനാവില്ല. 1985 ലാണ് അമേരിക്കന്‍ പേറ്റന്റ് ട്രേഡ്മാര്‍ക്ക് ഓഫീസ് (PTO) ചെടിയിനങ്ങള്‍ക്ക് പേറ്റന്റ് നല്‍കിത്തുടങ്ങിയത്. 1980 ലെ അമേരിക്കന്‍ സുപ്രീംകോടതിയുടെ ഒരു വിധിയെ തുടര്‍ന്നാണ് ചെടിയിനത്തിന് വ്യവസായപേറ്റന്റ് നല്‍കാന്‍ തീരുമാനിച്ചത്. ഒരു കംപ്യൂട്ടര്‍ ചിപ്പോ പ്രത്യേക മോഡലിലുള്ള ഫാനോപോലെ സൂക്ഷ്മ ജീവികളെയും വ്യാവസായിക കണ്ടുപിടുത്തംപോലെ പേറ്റന്റ് ചെയ്യാമെന്നായി.
വലിയ പ്രതിസന്ധി നേരിടുന്ന മുതലാളിത്ത രാജ്യങ്ങളിലെ ബയോടെക്നോളജി വ്യവസായത്തിന് ജീവനുള്ള വസ്തുകള്‍ക്കുമേല്‍ നിയമപരമായ മാര്‍ഗത്തിലൂടെ പേറ്റന്റ് നേടാന്‍ അവകാശം നല്‍കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതോടെ സൂക്ഷ്മജീവികളും ചെടികളും മൃഗങ്ങളും മനുഷ്യ ജനിതക ഘടകങ്ങളുടെല്ലാം പേറ്റന്റ് ചെയ്യപ്പെടുന്ന അവസ്ഥയായി. സര്‍വ ജീവരൂപങ്ങളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നിയമപരമായ മാര്‍ഗങ്ങളിലൂടെ കൈയടക്കാനാവുന്ന സാഹചര്യമാണ് WTO വിന്റെ ബൌദ്ധികസ്വത്തവകാശ വ്യവസ്ഥകള്‍വഴി രൂപപ്പെട്ടിരിക്കുന്നത്.
ബി ടി വഴിയുള്ള കുത്തകാധിപത്യം
ഇന്ത്യയുടെ ജൈവവൈവിധ്യ മേഖലയില്‍ ബയോടെക്നോളജി ഉപയോഗിച്ചുള്ള ഉല്പന്ന പേറ്റന്റുകളിലൂടെ കടന്നുകയറാനാണ് ബഹുരാഷ്ട്ര കുത്തകകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൊണ്‍സാന്റോയും കാര്‍ഗിലുമെല്ലാം ഇന്ത്യയിലെ ഭക്ഷ്യവിളകള്‍ക്കും കാര്‍ഷിക വിളകള്‍ക്കുംമേല്‍ കുത്തക സ്ഥാപിക്കാനാണ് ബി ടി വിത്തുകള്‍വഴി സാഹചര്യമൊരുക്കുന്നത്. വിത്തുകള്‍, സസ്യാംശങ്ങള്‍, പ്രകൃതിജന്യവും അല്ലാത്തതുമായ സൂക്ഷ്മജീവികള്‍ എന്നിവയ്ക്കെല്ലാം വിപണനാവകാശ കുത്തക നല്‍കുക എന്നതായിരുന്നു ലോകവാണിജ്യ സംഘടനയുടെ TRIPS വ്യവസ്ഥകളുടെ ലക്ഷ്യം. പ്രകൃതിജന്യമായ ജീവല്‍ ഘടകങ്ങളെ കൂട്ടിയോജിപ്പിക്കുകയോ വേര്‍പെടുത്തി മറ്റൊന്നുമായി സംയോജിപ്പിക്കുകയോ ആണ് ജനിതക എന്‍ജിനീയറിങ്ങിലൂടെ ചെയ്യുന്നത്. മനുഷ്യകോശങ്ങള്‍, പ്രോട്ടീനുകള്‍, ജീനുകള്‍ എന്നിവയ്ക്കൊക്കെ പേറ്റന്റ് എടുക്കാമെന്നായിരിക്കുന്നു. അര്‍ബുദത്തെ അതിജീവിക്കാന്‍ ശേഷിയുള്ള പനാമയിലെ ആദിവാസി സ്ത്രീയുടെ കോശസരണി (Cell line) യുടെ പേറ്റന്റ്അമേരിക്കല്‍ വാണിജ്യ വകുപ്പ് എടുത്തുകഴിഞ്ഞുവെന്നത് നവലിബറല്‍ മുതലാളിത്തം എന്തുമാത്രം ഭീകരമാണെന്നാണ് കാണിക്കുന്നത്. ജോണ്‍കൂര്‍ എന്ന ഒരു അര്‍ബുദ രോഗിയുടെ കോശസരണി അയാളറിയാതെ ലോസ് ആഞ്ചലോസ് സര്‍വകാലശാലയിലെ മെഡിക്കല്‍ വിഭാഗം പേറ്റന്റ് എടുത്തത് വലിയ വിവാദമായതാണ്. ഈ അവകാശം ഒരു മരുന്നുകമ്പനിക്ക് കൈമാറുകയാണല്ലോ ഡോക്ടര്‍മാര്‍ ചെയ്തത്. മനുഷ്യജീനുകള്‍ കൃത്രിമമായി സങ്കലനം നടത്തി മുലപ്പാല്‍ ഉല്പാദിപ്പിക്കുന്ന പശുക്കള്‍, ഔഷധങ്ങള്‍ ഉല്പാദിപ്പിക്കുന്ന ആടുകള്‍വരെ പേറ്റന്റ് അവകാശത്തിനായുള്ള അപേക്ഷകളിലുണ്ട്. സ്ത്രീയുടെ പാലുല്പാദന ഗ്രന്ഥി ഉപയോഗിച്ച് മരുന്നുകള്‍ ഉണ്ടാക്കുന്ന 'ജൈവനിലയ'ത്തിനുവരെ പേറ്റന്റ് അവകാശം നേടാനുള്ള നീക്കത്തിലാണ് ബഹുരാഷ്ട്ര കുത്തകകള്‍.
*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
2005 ല്‍ മന്‍മോഹന്‍സിങ്ങിന്റെ വാഷിങ്ടണ്‍ പര്യടനവേളയില്‍ ഒപ്പുവച്ച തന്ത്രപരമായ ബന്ധം ഉറപ്പുവരുത്തുന്ന കരാറുകളില്‍ പ്രധാനമാണ് കാര്‍ഷിക വിജ്ഞാന വിനിമയത്തിനുള്ള ഉടമ്പടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക വിജ്ഞാന സമിതിയില്‍ അമേരിക്കയെ പ്രതിനിധീകരിച്ചത് മൊണ്‍സാന്റോ കമ്പനിയായിരുന്നു. അന്നുതന്നെ മൊണ്‍സാന്റോപോലുള്ള അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനികളുടെ താല്പര്യങ്ങളാണ് സമിതിയുടെ ശുപാര്‍ശകളില്‍ ഒളിഞ്ഞിരിക്കുന്നതെന്ന വിമര്‍ശനം ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചതാണ്. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന കാലത്തുതന്നെ ജിഇഎസി ബി ടി വഴുതിനങ്ങക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുകയായിരുന്നല്ലോ. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ 2006 ല്‍ ബി ടി വഴുതിനങ്ങയുടെ പരീക്ഷണകൃഷിക്ക് അനുമതി നല്‍കിയത്. അന്ന് ആരംഭിച്ച പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
Post a Comment