"എടേയ്, ഇപ്പഴും നിന്റെയച്ഛന്‍ പഴയ മാധവണ്ണന്‍ തന്നെയല്ലടേയ്?'' വി പി ശിവകുമാറിന്റെ ഒരു കുറിപ്പിലാണ് ഈ തമാശ ആദ്യം വായിച്ചത്. 'തലസ്ഥാനത്തെ ഹനുമാന്‍' എന്ന സമാഹാരത്തില്‍ ഈ കുറിപ്പ് കാണാം. തിരുവിതാംകൂറിലെ ഒരു തമാശയാണിത് എന്നാണ് കരുതുന്നത്. മിമിക്രിക്കാരുടെ വേദികളിലൂടെയാവണം ഇത് മറ്റിടങ്ങളിലെത്തിയത്. ഈയിടെ പയ്യന്നൂരില്‍വച്ച് ഒരാള്‍ തന്റെ സുഹൃത്തിനോട് ഇത് പറയുന്നതുകേട്ടു. ക്ഷേമാന്വേഷണത്തിന്റെ മുഖംമൂടിയിട്ട പരിഹാസം.
വെറും തമാശയായി ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. ഏതും പഠനവിഷയമാണ്. തള്ളിക്കളയാവുന്നതായി ഒന്നുമില്ല. ഒന്നിനെ ഒരാള്‍ തള്ളുന്നുവെങ്കില്‍ അതേപ്പറ്റി പഠിക്കുവാനുള്ള വക അയാള്‍ക്കില്ല എന്നേ അര്‍ഥമുള്ളൂ. നാല് തലങ്ങളില്‍ ഈ തന്തത്തമാശയുടെ ചരിത്രം പഠിക്കാമെന്നാണ് തോന്നുന്നത്.
ഒന്ന്: അച്ഛന് പ്രാധാന്യം കിട്ടിയ കാലത്തിന്റെ തമാശയാണിത്. മക്കത്തായ കാലത്തിന്റെ ചൊല്ല്. മക്കത്തായ കാലത്തേക്കുള്ള മാറ്റം ഉണ്ടാക്കുന്ന ഒരു കുലുക്കം ഇതിലുണ്ട്. പുതിയൊരു കഥാപാത്രമായി കുടുബത്തില്‍ അച്ഛന്‍ വരികയാണ്. (And papa comes- ഈ രവിവര്‍മചിത്രത്തെക്കുറിച്ച് വിജയകുമാര്‍മേനോന്‍ എഴുതിയിട്ടുണ്ട്.) ബീജബന്ധത്തിന് സ്വത്തധികാരങ്ങളുടെ പിന്തുണ നിയമംമൂലം സിദ്ധിക്കുന്നു. പക്ഷേ മക്കത്തായം പുലരുന്ന ക്രൈസ്തവ ബ്രാഹ്മണാദി സമൂഹങ്ങളില്‍നിന്ന് ജനിച്ചതല്ല ഈ തമാശ. പുതിയ കഥാപാത്രമായ അച്ഛനെ ഒന്നുറപ്പിച്ചുനിര്‍ത്താന്‍ ചരിത്രം ഏര്‍പ്പെടുത്തിയ ഒരു പരീക്ഷയാണ് ഇത്. ഡോ. കെ എന്‍ പണിക്കര്‍ 'വിവാഹപരിഷ്കരണം: പ്രത്യയശാസ്ത്രവും സാമൂഹ്യാടിത്തറയും' എന്ന പ്രബന്ധത്തില്‍ പഴയ അച്ഛന്‍വേഷത്തെപ്പറ്റിയുള്ള ഒരു സംഭവകഥ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്. എം ഒതേനമേനോന്‍ എന്നയാളില്‍നിന്നാണ് അദ്ദേഹത്തിന് ഈ കഥ കിട്ടിയത്. അതിങ്ങനെയാണ്:
"തലശ്ശേരിയിലെ മണ്‍മറഞ്ഞ സബ്‌ഡിവിഷണല്‍ ശിരസ്തദാര്‍ എന്‍ ശങ്കരമാരാരെ ഒരിക്കല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു കല്യാണത്തിന് ക്ഷണിക്കുകയുണ്ടായി. എല്ലാവരും ഇരിക്കുകയാണ്. ഒരു വൃദ്ധന്‍, ക്ഷണിക്കപ്പെട്ട അതിഥി, പന്തലില്‍ പ്രവേശിച്ചതോടെ ആതിഥേയന്‍ എണീറ്റുനില്‍ക്കുകയും ശിരസ്തദാര്‍ക്ക് ആ വൃദ്ധനെ തന്റെ അച്ഛന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. ആ വൃദ്ധനാകട്ടെ അകത്തളങ്ങളിലേക്ക് പോവുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ പ്രവേശിക്കുകയും മേല്‍പ്പറഞ്ഞ ചടങ്ങുകള്‍ ആവര്‍ത്തിക്കകയും ചെയ്തു. ആ വൃദ്ധനെയും തന്റെ അച്ഛനായി ആതിഥേയന്‍ ശിരസ്തദാര്‍ക്ക് പരിചയപ്പെടുത്തി. ശങ്കരമാരാര്‍ തന്റെ നാക്കിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ വീണ്ടുമിരുന്ന് ആതിഥേയനോടു പറഞ്ഞു:
‘മിസ്റ്റര്‍.. താങ്കളുടെ അടുത്ത അച്ഛന്‍ കടന്നുവരുമ്പോള്‍ ഞാന്‍ എണീറ്റുനിന്നില്ലെങ്കില്‍ ദയവുചെയ്ത് ക്ഷമിക്കണം.'
ഈ അസ്ഥിരപിതൃത്വത്തിന്റെ ദീര്‍ഘപാരമ്പര്യം മാഞ്ഞ്, മക്കളുടെ ജനയിതാവും സംരക്ഷകനും ഗൃഹനാഥനുമായ അച്ഛന്‍ എന്ന ആധുനികപ്രരൂപം സാധാരണമായിത്തീര്‍ന്ന കാലത്തിന്റെ ശബ്ദങ്ങളിലൊന്നാണ് പഠനവിഷയമായ തമാശ.
രണ്ട്: 'ഇപ്പഴും'/'പഴയ' എന്ന ദ്വന്ദ്വത്തിന് മേലെ കെട്ടിപ്പൊക്കിയ ഭാഷാഘടനയാണിത്. നിരവധി സമരങ്ങളിലൂടെ, ആഗ്രഹപ്രകടനങ്ങളിലൂടെയാണ് അച്ഛന്‍ പിറന്നത്. എന്നാല്‍ അച്ഛന്‍ ആധുനികതയുടെ സ്ഥിരം പ്രയോക്താവാകാതെ, വ്യവസ്ഥാനുകൂലിയും ദുശ്ശാസകനുമായാല്‍, മക്കള്‍ക്ക് അച്ഛനെ പ്രത്യയശാസ്ത്രപരമായി തള്ളിപ്പറയേണ്ടിവരും. മുമ്പ് പുരോഗതിയെ മുന്‍നിര്‍ത്തി കാരണവരെ തള്ളിപ്പറഞ്ഞതുപോലെ. ഇതില്‍ അസ്വാരസ്യം തോന്നുന്നവരുടെ വാങ്മയമായും ഈ തമാശക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. അച്ഛനെ പ്രത്യയശാസ്ത്രപരമായി മറികടന്ന്, ആധുനികതയെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം അധ്വാനിക്കുന്നവരെ വെറുതെ ഭൂതകാലം പറഞ്ഞ് തളര്‍ത്താനുള്ള ശ്രമമാണിതിലുള്ളത്. അവര്‍ക്ക് വേണ്ടാത്ത ഭൂതകാലത്തിന്റെ പ്രതിനിധിയാണ് അച്ഛന്‍. ആ കാലത്തിന്റെ കുരുക്കില്‍നിന്ന് സ്വയം വിടുവിക്കാനാണ് അവര്‍ തിടുക്കപ്പെടുന്നത്. ആ പ്രവര്‍ത്തനത്തെ കളിയാക്കാനാണ് ഈ തമാശ. ജീവശാസ്ത്രപരമായി മാറ്റാനാവാത്ത ശരീരവസ്തുതയാണ് അച്ഛന്റേത് എന്നതുകൊണ്ട് അക്കാര്യം പറഞ്ഞ് പുതിയ ക്രമത്തിനായി മെനക്കെടുന്നവരെ കുരുക്കിയിടാനുള്ള വാക്യമാണത്, ഇങ്ങനെ നോക്കിയാല്‍.
പുതിയ ക്രമത്തിനായുള്ള ശ്രമം ഒരേസമയം വിപ്ളവാത്മകവും പ്രഹസനാത്മകവും ആകാം. ചിലര്‍ അതിന്റെ സാധ്യതകള്‍ തികച്ചുമറിഞ്ഞ് സ്വയം മുഴുവനായും മാറിക്കൊണ്ട് ഈ ശ്രമത്തിലേര്‍പ്പെടും. മറ്റു ചിലര്‍ ഭാഗികമായി, ബാഹ്യമായി മാത്രമേ മാറൂ. അവര്‍ പുറമേക്ക് സമകാലികരാവുമ്പോഴും ഉള്ളാലെ പഴഞ്ചന്മാരായിരിക്കും. അതിനാല്‍ അവരുടെ സമകാലികരൂപത്തില്‍ വിഡ്ഢിത്തത്തിന്റെയും പ്രകടനപരതയുടെയും അംശം നന്നായുണ്ടാകും. ഇത് അസഹ്യമായ തോതില്‍ത്തന്നെയുണ്ടാകാം. ഈ വൈരുദ്ധ്യത്തെ കളിയാക്കേണ്ടത് യഥാര്‍ഥമായ മാറ്റത്തിനായുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആവശ്യമായിത്തോന്നും. ആ ആവശ്യത്തില്‍നിന്ന് വരുന്നതുമാകാം ഈ തമാശ. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കായി പൂര്‍വികരെ തള്ളിപ്പറയുന്ന 'ഞാനി'കള്‍ക്ക് നേരെയുള്ള പരിഹാസമാണത്.
മൂന്ന്: ഈ തമാശ ഒട്ടും നിരുപദ്രവകരമല്ല. അതിനാല്‍ അസഹിഷ്ണുതയുടെ അംശം ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യതയുണ്ട്. അച്ഛനൊക്കെ ദാരിദ്ര്യത്തിലായിരുന്ന, ബാല്യം ദുരിതമയമായിരുന്ന ഒരാള്‍ സ്വന്തം അധ്വാനംകൊണ്ട് നന്നായി; അയാള്‍ക്ക് പൊതു സമൂഹത്തിന്റെ അംഗീകാരവും കിട്ടുന്നു. ഇതില്‍ അസൂയയുള്ള 'അഭിജാത'മൂല്യക്കാര്‍ ഉണ്ടാക്കുന്ന തമാശയുമാകാമിത്. തന്നെ ഞങ്ങക്കറിയാം എത്രയൊക്കെയായാലും താന്‍ പാരമ്പര്യംകെണ്ട് കുലീനനൊന്നുമല്ലല്ലോ എന്നാണതിന്റെ വിവക്ഷ. ഒരാളുടെ വ്യക്തിത്വത്തിന്റെ 'സത്ത' അയാളുടെ ജീവചരിത്രത്തിന്റെ ആദ്യത്തെ അധ്യായമാണെന്നാണ് ഇങ്ങനെ പറയുന്നവരുടെ വിചാരം. കര്‍മത്തിലല്ല, ജന്മത്തിലാണ് ശ്രേഷ്ഠത എന്ന ഫ്യൂഡല്‍ ദര്‍ശനമാണവരുടെ കൈമുതല്‍. ഒരു സമൂഹത്തിനുള്ളില്‍ തന്നെയുള്ള തിരശ്ചീനചലനം (horizontal mobility) മാത്രമേ അവര്‍ പരമാവധി സമ്മതിച്ചുകൊടുക്കുകയുള്ളു. ആ സമൂഹത്തിന്റെ ബലതന്ത്രത്തെതന്നെ, അതിന്റെ പൊതുബോധത്തെതന്നെ ഉലയ്ക്കുന്ന ഒരു കുതിപ്പ് (vertical mobility) ആരെങ്കിലും നടത്തിയാല്‍, അത് തങ്ങളുടെ നിലനില്‍പ്പിന് തടസ്സമാവും എന്നുകണ്ട്, അതിനെ പരിഹസിക്കാനായി ഒരുക്കിയ തമാശക്കെണിയാണിത്. 'മാധവണ്ണന്‍' എന്ന് ശ്രോതാവിന്റെ അച്ഛനെ വിളിക്കാന്‍ അര്‍ഹതയുള്ള സ്വസമുദായക്കാരനാണ് ഇവിടെ വക്താവ്.
നാല്: ലംബദിശയിലുള്ള മുകളിലോട്ടുള്ള സമൂഹചലനത്തിന്റെ (upward social mobility) നേര്‍ക്കുള്ള മറ്റൊരുതരത്തിലുള്ള ആക്രമണമായും ഇത്തരമൊരു തമാശയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതിനായി അത് തെല്ല് മാറും. 'മാധവണ്ണന്‍'പോലുള്ള വക്താവിന്റെ സ്വസമുദായസൂചന അതിലുണ്ടാവില്ല. അത് ഇങ്ങനെ മാറാം: "നിന്റെയച്ഛന്‍ ('നിങ്ങളുടെ അച്ഛന്‍' എന്നുവരെയാവാം) പഴയ ആശാരിരാമന്‍ (അല്ലെങ്കില്‍ 'തട്ടാന്‍ ശങ്കരന്‍') തന്നെയല്ലേ?'' വക്താവ് മേലാള സമുദായക്കാരനും ശ്രോതാവ് കീഴാള സമുദായക്കാരനും എന്ന് വ്യക്തം. കീഴാളന്‍ പുതിയ സാഹചര്യങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി, കുലത്തൊഴിലിന്റെ പരിധിവിട്ട് വളര്‍ന്നിട്ടുണ്ട്- അതിലുള്ള അസഹ്യത മേലാളന് സ്വന്തം മനസ്സില്‍ സൂക്ഷിക്കാന്‍ വയ്യ. അതിനാല്‍ അയാള്‍ ഇങ്ങനെയൊരു തമാശ പറയുന്നു.
യഥാര്‍ഥ പ്രതിഷേധങ്ങളെ തടസ്സപ്പെടുത്താനും, ഹാസ്യവിമര്‍ശനത്തിന്റെ തനതുഗുണത്തെ ക്ഷീണിപ്പിക്കാനുമാണ് ഇന്ന് കേരളത്തില്‍ വലിയൊരു ഷോ ബിസിനസ്സായി മാറിയിട്ടുള്ള കോമഡിയരങ്ങുകള്‍ ഉതകുന്നത്. ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയില്‍ സ്വയം ന്യായീകരിക്കാനാഗ്രഹിക്കുന്ന പ്രാദേശികമായ സംസ്കാരപഠനത്തിന് ഇത്തരം ഷോകളില്‍ കേവലഹാസ്യമായി മുഴങ്ങുന്ന തമാശച്ചൊല്ലുകളെ വര്‍ഗവിശകലനത്തിന്റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരേണ്ട ബാധ്യതയുണ്ട്.
*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
"എടേയ്, ഇപ്പഴും നിന്റെയച്ഛന്‍ പഴയ മാധവണ്ണന്‍ തന്നെയല്ലടേയ്?'' വി പി ശിവകുമാറിന്റെ ഒരു കുറിപ്പിലാണ് ഈ തമാശ ആദ്യം വായിച്ചത്. 'തലസ്ഥാനത്തെ ഹനുമാന്‍' എന്ന സമാഹാരത്തില്‍ ഈ കുറിപ്പ് കാണാം. തിരുവിതാംകൂറിലെ ഒരു തമാശയാണിത് എന്നാണ് കരുതുന്നത്. മിമിക്രിക്കാരുടെ വേദികളിലൂടെയാവണം ഇത് മറ്റിടങ്ങളിലെത്തിയത്. ഈയിടെ പയ്യന്നൂരില്‍വച്ച് ഒരാള്‍ തന്റെ സുഹൃത്തിനോട് ഇത് പറയുന്നതുകേട്ടു. ക്ഷേമാന്വേഷണത്തിന്റെ മുഖംമൂടിയിട്ട പരിഹാസം.
വെറും തമാശയായി ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. ഏതും പഠനവിഷയമാണ്. തള്ളിക്കളയാവുന്നതായി ഒന്നുമില്ല. ഒന്നിനെ ഒരാള്‍ തള്ളുന്നുവെങ്കില്‍ അതേപ്പറ്റി പഠിക്കുവാനുള്ള വക അയാള്‍ക്കില്ല എന്നേ അര്‍ഥമുള്ളൂ. നാല് തലങ്ങളില്‍ ഈ തന്തത്തമാശയുടെ ചരിത്രം പഠിക്കാമെന്നാണ് തോന്നുന്നത്.
Post a Comment