Tuesday, November 3, 2009

സൂരി മുതല്‍ വി ടി വരെ: വിവാഹത്തിലെ സ്വജാതിയും മിശ്ര ജാതിയും

"ഈ അധ്യായത്തിലും എനി വരുന്ന ചില അധ്യായങ്ങളിലും കുറേ അവ്യവസ്ഥിത മനസ്സുകാരനും സ്ത്രീലോലനും ആയ ഒരു നമ്പൂതിരിപ്പാടിന്റെ കഥയെക്കുറിച്ച് പറയേണ്ടിവരുന്നു. എനിക്ക് മലയാളത്തില്‍ നമ്പൂതിരിമാരേക്കാള്‍ അധിക ബഹുമാനമുള്ളവര്‍ ആരും ഇല്ല. അവരില്‍ അതി ബുദ്ധിശാലികളും സമര്‍ഥന്മാരുമായ പലരേയും ഞാന്‍ അറിയും. അതില്‍ ചിലര്‍ എന്റെ സ്നേഹിതന്മാരായിട്ടും ഉണ്ട്. ഏതു ജാതിയിലും മനുഷ്യര്‍ സമര്‍ഥന്മാരായും വിഡ്ഢികളായും ബുദ്ധിമാന്മാരായും ബുദ്ധിശൂന്യന്മാരായും സത്തുക്കളായും അസത്തുക്കളായും കാണപ്പെടുന്നുണ്ട്. അതുപ്രകാരംതന്നെയാണ് നമ്പൂതിരിമാരിലും ഉള്ളത്. ഈ കഥയില്‍ കാണുന്ന നമ്പൂതിരിപ്പാട് കുറേ അമാന്തക്കാരനാണെങ്കിലും അദ്ദേഹത്തോടുകൂടിതന്നെ എന്റെ വായനക്കാര്‍ക്കു പരിചയമാവാന്‍പോവുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ സാമര്‍ഥ്യവും രസികത്വവും ഓര്‍ത്താല്‍ സാധാരണ ശ്ളാഘനീയന്മാരായും മലയാളത്തില്‍ അത്യുല്‍കൃഷ്ട സ്ഥിതിയില്‍ വയ്ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂതിരിപ്പാടന്മാരെയും നമ്പൂതിരിമാരെയും പരിഹസിക്കണമെന്നുള്ള ഒരു ദുഷ്ടവിചാരം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളും ആയ വായനക്കാര്‍ക്ക് ധാരാളമായി മനസ്സിലാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

"ഇന്ദുലേഖ'' എന്ന നോവലില്‍ കണ്ണഴി മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ സൂരിനമ്പൂതിരിപ്പാട് എന്ന അധ്യായത്തിന്റെ ആരംഭത്തില്‍ ചന്തുമേനോന്‍ നേരിട്ടുതന്നെ ഹാജരായി സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഇത്. ഇന്ദുലേഖക്കും മാധവനുമൊപ്പം പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്ന പേരാണ് സൂരിനമ്പൂതിരിപ്പാടിന്റേത്. നമ്പൂതിരി വിഡ്ഢിത്തം, സംബന്ധ വിവാഹം, ഭോഷ്ക്ക്, പാമരത്വം, സ്ത്രീലമ്പടത്വം എന്നിവയുടെയെല്ലം പരമാവധിയായി സൂരിനമ്പൂതിരിപ്പാടിനെ കണക്കാക്കിവരുന്നു. നോവലില്‍ ഏഴാം അധ്യായം മുതല്‍ 15 -ാം അധ്യായംവരെ തുടര്‍ച്ചയായി സൂരി നമ്പൂതിരിപ്പാടിന്റെ സാന്നിധ്യമുണ്ട്. പേജുകളുടെ എണ്ണമെടുത്താന്‍ ഇത് നോവലിന്റെ പകുതിയോളം വരുന്നുണ്ട്.

അമിതമായും അകാരണമായും പുകഴ്ത്തുന്നവരുടെ വ്യാജ സ്തുതികളും, സകല വൈരൂപ്യങ്ങളും തിന്മകളും അദ്ദേഹത്തിലാരോപിക്കുന്ന നിന്ദനങ്ങളും പ്രത്യക്ഷത്തില്‍ ഭിന്നമെന്നു തോന്നുമെങ്കിലും പരോക്ഷമായി ഓരേ ഫലമാണുണ്ടാക്കുന്നത്. ഇതിനിടയില്‍ വേറിട്ടുനില്ക്കുന്നത് അദ്ദേഹത്തിന്റെ ആശ്രിതനായ ഗോവിന്ദന്റെ സ്വരമാണ്. നൂറ്റിനഞ്ചു പലിശക്ക് മുന്നൂറുറുപ്പിക കടം വാങ്ങിയിട്ടാണ് അദ്ദേഹം സംബന്ധത്തിനായി അണിഞ്ഞൊരുങ്ങി വന്നിട്ടുള്ളതെന്ന വര്‍ത്തമാനം കൂടുതല്‍ കൃത്യതയുള്ള അറിവ് സൂരിനമ്പൂതിരിപ്പാടിനെക്കുറിച്ച് നല്കുന്നുണ്ട്. ചന്തുമേനോന് പ്രിയപ്പെട്ട ആളാണെങ്കിലും സൂരി നമ്പൂതിരിപ്പാടിന്റെ വിശ്വസ്തത നടിച്ച് അദ്ദേഹത്തെ ഭോഷ്ക്കനാക്കി ചിത്രീകരിക്കുന്നതിന് കൂട്ടുനില്ക്കുന്നയാളാണ് ചെറുശ്ശേരി നമ്പൂതിരി. 'സൂക്ഷ്മത്തില്‍ ഒരു പുരുഷന് ഒരു സ്ത്രീ' എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം സ്വജാതി വിവാഹമോ, മക്കത്തായമോ, സംബന്ധ വിവാഹമോ എന്നൊന്നും വ്യക്തമാക്കുന്നതിന് പരിഹാസം കലര്‍ന്ന നിലപാടുകള്‍ സഹായിക്കുന്നുമില്ല.

സംബന്ധത്തിന് നിയമ പരിരക്ഷ ഉറപ്പാക്കുക എന്നതു മാത്രമായിരുന്നു ചന്തുമേനോന്റെ വ്യക്തിപരമായ നിലപാടെന്ന് മരുമക്കത്തായ കമ്മിറ്റി റിപ്പോര്‍ടിലൂടെ അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ഇന്ദുലേഖ'യില്‍ സൂരി നമ്പൂതിരിപ്പാടിലുടെ അദ്ദേഹം വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. നമ്പൂതിരിസമൂഹത്തില്‍ അക്കാലത്ത് സ്വജാതി വിവാഹം എന്നൊരു ആശയം പ്രസക്തമായിക്കഴിഞ്ഞിരുന്നില്ല. സംബന്ധ വിവാഹത്തിലുള്‍പ്പെടുന്ന മിശ്രവിവാഹം എന്ന ആശയമല്ലാതെ മറ്റൊരു തരത്തിലുള്ള മിശ്രവിവാഹ ചിന്തയും അന്ന് ഉയര്‍ന്നുവന്നിട്ടില്ല. ശാസ്ത്ര വിരുദ്ധമാകയാല്‍ മദാമ്മയെ വേള്‍ക്കുന്നത് ഉചിതമല്ലെന്ന് കരുതാനുള്ള യുക്തിബോധം സൂരി നമ്പൂതിരിപ്പാട് പ്രകടിപ്പിക്കുന്നുണ്ട്.

സൂരിയുടെ വരവോടുകൂടി നോവലിന്റെ ആഖ്യാനതലത്തില്‍ സംഭവിക്കുന്ന മാറ്റം ശ്രദ്ധേയമാണ്. 'ഇന്ദുലേഖ'യില്‍ താരതമ്യേന അകറ്റി നിറുത്തപ്പെട്ടു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ള ബഹുജന സംസ്കാരം അതിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നുതായി നാം കാണുന്നു. കിംവദന്തികളും പരദൂഷണങ്ങളും ഹരിഹാസങ്ങളും പെരുകുന്നു. കണ്ണില്‍ മൂക്കില്ലാത്ത വസൂരി നമ്പൂതിരിപ്പാട് എന്നൊരാള്‍; മനയ്ക്കല്‍ ആനച്ചങ്ങല പൊന്നുകൊണ്ടാണത്രേ, പിന്നെ മൂക്കില്ലാഞ്ഞാലെന്ത്, വസൂരിയായാലെന്താ എന്ന് മറ്റൊരാള്‍. മൂക്കു കാണാനേയില്ല മുഖം ഒരു കലം കമഴ്ത്തിയമാതിരി, മുഖം കുതിരമുഖമാണ് എന്നൊക്കെ മറ്റുചിലര്‍. അമാന്തക്കാരനും അവ്യവസ്ഥിത മനസ്സുകാരനും സ്ത്രീലോലനും എന്ന് ചന്തുമേനോന്‍തന്നെ വിശേഷിപ്പിച്ച സൂരി നമ്പൂതിരിപ്പാട് അതു മാത്രമല്ലെന്നാണ് ഇതുകൊണ്ടു വ്യക്തമാകുന്നത്. അദ്ദേഹം വിരൂപനുംകൂടിയാണെന്ന് പൊതുജനം ആരോപിക്കുന്നത് കേട്ടുകേള്‍വിയുടെ മാത്രം പേരിലാണ്. പതിനെട്ടാമധ്യായത്തില്‍ ശാസ്ത്രവും തത്വചിന്തയും ദേശീയതയും സ്വാതന്ത്ര്യസമരവുമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച സംഘടിപ്പിച്ച ചന്തുമേനോന്‍ ജനങ്ങളെ മുന്‍നിര്‍ത്തിയാണ് സംബന്ധ വിവാഹത്തിന്റെ അപചയത്തെ പരിഹസിക്കുന്നത്. ജനങ്ങള്‍ കൂട്ടമായി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ഏറെ മുന്നോട്ടുപോവുകയില്ലെന്നു തന്നെയാണ് ചന്തുമേനോന്‍ പറഞ്ഞുവച്ചത്.

സ്വജാതി വിവാഹത്തിലേക്ക്

"ഇന്ദുലേഖ അന്നു ഞാന്‍ വായിച്ചിരുന്നില്ല. എന്നല്ല സംബന്ധ സമ്പ്രദായത്തിന്റെ തൊലിയുരിക്കുന്ന അത്തരമൊരു പ്രബന്ധം എഴുതപ്പെടുമെന്നുപോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല'' (വി ടി യുടെ സമ്പൂര്‍ണ കൃതികള്‍, പു. 201).

"ഇന്ദുലേഖ എന്ന നിഴല്‍ക്കണ്ണാടിയിലൂടെയാണ് നമ്പൂതിരിമാരെ അന്യന്മാര്‍ നോക്കിക്കണ്ടിരുന്നത്. അതിനാല്‍ എല്ലാ നമ്പൂതിരിക്കും സൂരി നമ്പൂതിരിപ്പാടിന്റെ മുഖഛായയുണ്ടെന്നാണ് അവരുടെ അഭിപ്രായം'' ( ടി. പു. 237).

"നമ്പൂതിരി സംബന്ധത്തിന്റെ ബീഭത്സതയിലേയ്ക്ക് എന്റെ ശ്രദ്ധ പതിഞ്ഞത് ഇന്ദുലേഖയിലൂടെയാണ്. അന്നു മുതല്‍ സമാരംഭിച്ച സാമുദായിക പരിഷ്കരണ ശ്രമങ്ങളില്‍ പ്രധാനമായും ഞാന്‍ ശ്രദ്ധവച്ചത് നമ്പൂതിരി സ്ത്രീകളുടെ നരക മോചനത്തിനാണ്'' (ടി. പു. 627).

ഇന്ദുലേഖയിലൂടെ ചന്തുമേനോന്‍ ഉന്നയിച്ച സംബന്ധവിവാഹം സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ക്ക് തുടര്‍ന്നും പ്രതികരണങ്ങളുണ്ടായതിന്റെ ചരിത്രമാണ് നമ്പൂതിരി നാവോത്ഥാന മുന്നേറ്റങ്ങള്‍. 'ഇന്ദുലേഖ'യുടെ ഭൂമിശാസ്ത്ര പ്രദേശമായ തെക്കെ മലബാര്‍തന്നെയാണ് വി ടി ഭട്ടതിരിപ്പാടിന്റെ ജന്മദേശവും കര്‍മദേശവും. 'നവോത്ഥാന നായിക' എന്ന് വി ടി തന്നെ വിശേഷിപ്പിച്ച കുറിയേടത്ത് താത്രിയുടെ ജന്മദേശവും ഇതുതന്നെയാണ്. നമ്പൂതിരി സമുദായത്തിലെ മാറ്റങ്ങള്‍ക്ക് ഗതിവേഗം നല്‍കുന്നതില്‍ കുറിയേടത്ത് താത്രി വഹിച്ച പങ്ക് അനിഷേധ്യമാണ്. നമ്പൂതിരി കുടുംബഘടനയില്‍ അടിമുടിയുള്ള മാറ്റം താത്രിക്കുശേഷം ഒഴിവാക്കാന്‍ പറ്റാത്തതായി. സ്വജാതി വിവാഹമെന്ന ആശയം നമ്പൂതിരി സമുദായത്തിലെ കന്യകമാരെ അന്യസമുദായത്തിലെ പുരുഷന്മാര്‍ക്കു വിവാഹം ചെയ്യാവുന്ന കാലംവരെ മാത്രമേ ആവശ്യമുള്ളു എന്ന് പില്‍ക്കാലത്ത് ഇ എം എസ് ഉന്നയിച്ച അഭിപ്രായ (അപ്ഫന്റെ മകളുടെ അവതാരിക) ത്തിന്റെ ഒരു മുന്‍കൂര്‍ മാതൃകകൂടിയാണ് കുറിയേടത്തു താത്രി. മറ്റൊരു വിധത്തിലുള്ള മിശ്രവിവാഹം.

ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെട്ട് ഏഴ്വര്‍ഷങ്ങള്‍ കഴിഞ്ഞാണ് (1896) വി ടിയുടെ ജനനം. 'കണ്ണീരും കിനാവും' കാലം കഴിയുന്നതുവരെയും അദ്ദേഹം ഇന്ദുലേഖ വായിച്ചിട്ടില്ല (വി ടിയുടെ സമ്പൂര്‍ണ കൃതികള്‍, പു. 201). ഇത് ഉദ്ദേശം 1914 വരെ നീളുന്ന കാലമെന്ന് കെ സി നാരായണന്‍ വ്യക്തമാക്കുന്നുണ്ട് (ടി. പു. 25). എങ്കിലും സംബന്ധ കാലത്തിനുമുമ്പ് (1924 ലാണ് അദ്ദേഹം വടക്കെ വാരിയത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധം ചെയ്തത്) എപ്പോഴെങ്കിലും അദ്ദേഹം ആ പുസ്തകം വായിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പിക്കാവുന്നതാണ്. യോഗക്ഷേമ പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ടെങ്കിലും, അത് സ്വജാതി വിവാഹത്തിലേയ്ക്ക് പൂര്‍ണമായി എത്തിക്കഴിഞ്ഞിട്ടില്ല. അപ്ഫനായി ജനിച്ച വി ടി യെ സംബന്ധിച്ച് അന്ന് അനുവദിക്കപ്പെട്ട വൈവാഹിക രീതിയായ സംബന്ധത്തിലേര്‍പ്പെടുന്നതിനു മാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. എന്നാല്‍ അതിനുമുമ്പ് മറ്റൊരു നിര്‍ബന്ധിത സംബന്ധത്തിനും അദ്ദേഹം വിധേയനാവുകയുണ്ടായി. തന്റെ ആത്മകഥയില്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ച ഇക്കാര്യം അദ്ദേഹം മക്കള്‍ക്കു പറഞ്ഞുകൊടുത്തതായി മകന്‍ വി ടി വാസുദേവന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ശങ്കരാചാര്യരില്‍നിന്ന് സൂരിനമ്പൂതിരിപ്പാടിലേക്ക്, സമകാലിക മലയാളം വാരിക 2007 ജൂണ്‍ 1). അവിവാഹിതയായ ഒരു ഗര്‍ഭിണിയെ വിളികേള്‍പ്പിക്കാനും സംരക്ഷിക്കാനും ചെയ്ത വിദ്യയായിരുന്നു അത്. ജീവിതത്തെ തിരിച്ചറിയാനുള്ള വിവേകമോ വിദ്യാഭ്യാസമോ ഇല്ലാത്തതിനാലാണ് താനിങ്ങനെ വിഢിയാക്കപ്പെട്ടത് എന്ന പശ്ചാത്താപത്താല്‍ പഠിക്കണമെന്ന വാശിയോടെ തിരുവനന്തപുരത്തേക്ക് പോവുകയാണ് അന്നു അദ്ദേഹം ചെയ്ത്.

പിന്നീട് സ്വജാതി വിവാഹം എന്ന ആദര്‍ശം യോഗ ക്ഷേമസഭയും മറ്റും ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ സഭയുടെ പ്രവര്‍ത്തകനും സഹചാരിയുമായ അദ്ദേഹത്തിന് അതിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടിവന്നു. അങ്ങനെയാണ് അദ്ദേഹം സ്വജാതി വിവാഹത്തിലൂടെ ശ്രീദേവി അന്തര്‍ജനത്തെ വേള്‍ക്കുന്നത്. 'അടുക്കളയില്‍നിന്നരങ്ങത്തേയ്ക്ക്' എന്ന നാടകത്തിന്റെ കഥാഗതി അദ്ദേഹത്തിന്റെ ജീവിതത്തില്‍ അറം വീഴ്ത്തിയതുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്നും സഹോദരന്റെയും സുഹൃത്തുക്കളുടെയും താല്പര്യത്താലാണിങ്ങനെ ചെയ്തതെന്നും പറയുന്നു (വി ടിയുടെ സമ്പൂര്‍ണ കൃതികള്‍ പു.6). എന്നാല്‍ വി ടിയാകട്ടെ തന്റെ ആദ്യത്തെ സംബന്ധം അറിവില്ലായ്മകൊണ്ടും രണ്ടാമത്തെ സംബന്ധവും മൂന്നാമത്തെ വേളിയും യാദൃച്ഛികതയാലും സംഭവിച്ചതായിട്ടാണ് കണക്കാക്കുന്നത്. ഒന്നിലും തനിക്ക് വലിയ പങ്കില്ലെന്നും ഏതോ നിയോഗത്തിന്റെ കരുവായിത്തീരുകമാത്രമായിരുന്നു താനെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

"യാദൃച്ഛിക സംഭവങ്ങളുടെ ആകത്തുകയാണ് ജീവിതം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരായിരം തവണ ജീവിതത്തെ ഞാന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. മാധവിക്കുട്ടിയും ഞാനും തമ്മിലുണ്ടായ വൈവാഹിക ബന്ധത്തിന്റെ പിന്നിലും ഈ ചൈതന്യം പ്രവര്‍ത്തിച്ചതായി ഞാന്‍ കരുതുന്നു'' (പു.288). എന്നാല്‍ നമ്പൂതിരി യുവജനങ്ങള്‍ ഇതിനെ വെറും യാദൃച്ഛികതയായി കണ്ടില്ല. "(അവര്‍) ശകാരിച്ചു, പരിഹസിച്ചു, അല്പം ചിലര്‍ ബഹിഷ്കരിക്കുകയുമുണ്ടായി. സംബന്ധക്കാരെ അറുപുച്ഛമാണ് അവരില്‍ പലര്‍ക്കും. വ്യഭിചരിക്കാം. സ്വവര്‍ഗ സംഭോഗം ചെയ്യാം. കുറിയേടത്തു താത്രിയുമായി സഹശയനം ചെയ്ത 'ഭ്രഷ്ട' നേക്കാള്‍ നീചനാണ് സംബന്ധക്കാരന്‍ അവരുടെ ദൃഷ്ടിയില്‍'' (പു. 288).

സംബന്ധ വിവാഹത്തെ യാദൃച്ഛികതയായി വിലയിരുത്തിയ വി ടി തന്റെ വേളിയെ അങ്ങനെ കാണുന്നില്ലെന്നത് ശ്രദ്ധേയമാണ്. അങ്ങനെ നിരീക്ഷിച്ചിരുന്നുവെങ്കില്‍ മൊത്തം നവോത്ഥാനപ്രവര്‍ത്തനങ്ങളെയും വെറും യാദൃച്ഛികതയായിത്തന്നെ അദ്ദേഹത്തിനു കാണേണ്ടിവരുമായിരുന്നു. എന്നാല്‍ മാധവിക്കുട്ടി വാരസ്യാര്‍ക്ക് സംബന്ധം കേവലം യാദൃച്ഛികതയല്ലായിരുന്നു. അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്തി, ജ്യേഷ്ഠന്‍ പെരുവഴിയിലാക്കിയ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കാന്‍ തനിക്ക് നമ്പൂതിരി സ്ത്രിയെ വേളി കഴിക്കേണ്ടിവരും എന്നു പറഞ്ഞ വി ടിയോട് ഉറക്കപ്പിച്ചില്‍ കലങ്ങിയ കണ്ണും ഉലഞ്ഞ ഉടുപുടുവയുമായി പ്രത്യക്ഷപ്പെട്ട മാധവിക്കുട്ടി അലമുറയിട്ടുകൊണ്ട് പറഞ്ഞു: "എനിക്കു നാള്‍തെറ്റിയിരിക്കുന്നു. എന്നെ രക്ഷിക്കാന്‍ ഒരു വല്മീകി കയറിവന്നെങ്കില്‍'' (പു. 291).

പരിമിത നവോത്ഥാനം

എന്തായിരുന്നു സ്വജാതി വിവാഹം എന്ന ആശയത്തിന്റെ അടിസ്ഥാന കാരണമായി വര്‍ത്തിച്ചത്? പലരും പലതായിട്ടാണ് സ്വജാതി വിവാഹത്തെ കണ്ടത് എന്നതാണ് വാസ്തവം. വി ടിതന്നെ തന്റെ വേളിയെ കുടുംബം പുലര്‍ത്താനുള്ള ഒരു ആവശ്യമായാണ് കണ്ടത്. യോഗക്ഷേമസഭയും നമ്പൂതിരി യുവജന സംഘവും ഉയര്‍ത്തിയ ഇത്തരമൊരാശയത്തിന്റെ അന്തര്‍ഗതങ്ങളെക്കുറിച്ച് സംശയാലുവായിരുന്നു വി ടി.

"വൈദിക മേധാവിത്വത്തിന്റെ നേര്‍ക്ക് ആരംഭിച്ച ഈ വിമോചനസമരം പുരുഷ താല്‍പ്പര്യത്തിനുവേണ്ടി ചെയ്ത വഞ്ചനയായിരുന്നു. കാരണം സ്ത്രീസ്വാതന്ത്ര്യത്തെ ഈ പ്രസ്ഥാനക്കാര്‍ ഒരിക്കലും മാനിച്ചിട്ടില്ല. നമ്പൂതിരി സ്ത്രീകളില്‍നിന്ന് ഒരു ഇന്ദുലേഖയെ വാര്‍ത്തെടുക്കാന്‍ യുവ തലമുറ അഭിലഷിച്ചിട്ടില്ല. സ്വജാതീയ വിവാഹത്തിന് കനിഷ്ഠന്മാര്‍ മനവളപ്പില്‍ ചുരമാന്തി നിന്നിട്ടുണ്ടെങ്കില്‍ അതിന് അവരെ പ്രേരിപ്പിച്ചത് രണ്ടു കാരണങ്ങളാണ്. ഒന്ന് ഭാര്യയായി കുതിരകയറാന്‍ ഒരു വിജാതീയ സ്ത്രീ വഴങ്ങായ്ക; രണ്ട് കനത്ത സ്ത്രീധനത്തുകയും ഒരടിമപ്പെണ്ണും കൈവരുമെന്ന വ്യാമോഹവും'' (പു. 298).

യോഗക്ഷേമ സഭയുടെ രൂപീകരണ (1907)ത്തെ തുടര്‍ന്നുള്ള കാലത്ത് ഇളംകുളം കുഞ്ഞന്‍പിള്ളയുടെ മരുമക്കത്തായ സിദ്ധാന്തത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ട് കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതിയ പുസ്തകത്തില്‍ (നമ്പൂതിരിമാരും മരുമക്കത്തായവും -1915) നമ്പൂതിരിമാരുടെ അടിസ്ഥാന വിവാഹസമ്പ്രദായം മക്കത്തായമാണെന്നും വിജാതീയ സംബന്ധ വിവാഹം അപഭ്രംശമാണെന്നും അക്കാരണത്താലാണ് അവര്‍ സ്വജാതി വിവാഹത്തിന് ശ്രമിക്കുന്നതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വഴിവിട്ട രീതിയില്‍നിന്ന് നേര്‍വഴിയിലേക്കുള്ള മാറ്റം മാത്രമാണ് സ്വജാതി വിവാഹം.

മൂത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ "അപ്ഫന്റെ മകള്‍'' (1933) എന്ന നോവലില്‍ അപ്ഫന്റെ മകളെ കൈവിട്ട് ഇട്ടിച്ചിരിയെ വേള്‍ക്കുന്ന മധു പ്രത്യക്ഷത്തില്‍ സ്വീകരിക്കുന്നത് സ്വജാതി വിവാഹത്തെയും നിരാകരിക്കുന്നത് സംബന്ധ വിവാഹത്തെയുമാണ്. അപ്ഫന്റെ മകള്‍ക്ക് അവതാരികയെഴുതിയ ഇ എം എസ്, 'സ്വജാതി വിവാഹ'മെന്ന ആദര്‍ശം പഴകുമെന്നും, മിശ്രവിവാഹം നടപ്പായിത്തുടങ്ങുന്ന കാലത്ത് അന്നത്തെ പഴമക്കാര്‍ സ്വജാതി വിവാഹത്തെ എതിര്‍ക്കുന്നവരെ പരിഹസിക്കുമെന്നും വിലയിരുത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല സ്വജാതി വിവാഹം മുന്നോട്ടുപോയത്.

സ്വജാതി വിവാഹമെന്ന ആദര്‍ശത്തില്‍ വലിയൊരു 'ഐറണി' അടങ്ങിയിട്ടുള്ളത് ഇക്കാലത്ത് കൂടുതല്‍ തിരിച്ചറിയാനാവുന്നുണ്ട്. സ്വജാതി വിവാഹമെന്നത് ദേശകാല സമുദായ പരിതഃസ്ഥിതികള്‍ക്കകത്ത് മാത്രം വിശദീകരണക്ഷമമായ ഒരു പരിമിത നവോത്ഥാനം മാത്രമാണെന്ന തിരിച്ചറിവ് ഇ എം എസിനുണ്ടായിരുന്നു. വി ടിക്കാകട്ടെ ഈ ആശയത്തിന്റെ ആദര്‍ശശുദ്ധിയെക്കുറിച്ചുതന്നെ ഉല്‍ക്കണ്ഠയുണ്ടായിരുന്നു. ഗണ്യമായ തോതിലല്ലെങ്കിലും കേരളീയ സമൂഹം ജാതിചിന്തകള്‍ വെടിയാന്‍ തുടങ്ങുകയും പരസ്പര വിവാഹങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്ത ഘട്ടത്തിലാണ് നമ്പൂതിരി സമുദായം 'സ്വജാതി പ്രസ്ഥാനം' ആരംഭിക്കുന്നത്. അതിന്മുമ്പുതന്നെ നായര്‍ സമുദായം സംബന്ധത്തിന്റെ കെട്ടുപാടുകളില്‍നിന്ന് രക്ഷപ്പെടാന്‍ തുടങ്ങിയത് നമ്പൂതിരി സമുദായത്തിന് മറ്റു പോംവഴികളില്ലാതാക്കുകയും ചെയ്തു. ചന്തുമേനോന്റെ നിലപാടുകളിലൂടെ നായര്‍ സമൂഹം ആഗ്രഹിച്ചത് സംബന്ധ വിവാഹത്തിന് നിയമപ്രാബല്യം ലഭിക്കുന്നതിനായിരുന്നു. ഇത് നമ്പൂതിരി സംബന്ധങ്ങള്‍ക്കുകൂടി ബാധകമാവുന്നതിനാല്‍ കുടുംബഘടനയിലും സ്വത്തവകാശങ്ങളിലും സൃഷ്ടിക്കാന്‍പോകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരായിരുന്നു. മറ്റു ജാതിവിഭാഗങ്ങള്‍ സ്വത്വബോധം നേടിത്തുടങ്ങിയ ഒരു ഘട്ടത്തില്‍ ഒറ്റക്കുനില്‍ക്കാനാണ് നമ്പൂതിരിസമുഹവും തീരുമാനിച്ചത്. എന്നാല്‍ ഇതിന് സമാന്തരമായി 'മിശ്രവിവാഹം' എന്ന മറ്റൊരു രീതിയും വി ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ആദ്യവിവാഹം 1940 മെയ് 20-ാം തീയതി നടന്നു. വി ടിയുടെ സഹോദരി പാര്‍വതി അന്തര്‍ജനവും രാഘവപ്പണിക്കരും തമ്മിലായിരുന്നു പ്രസ്തുത വിവാഹം. ഒരര്‍ഥത്തില്‍ സംബന്ധ വിവാഹത്തിലെ നമ്പൂതിരി നായര്‍ സമവാക്യത്തെ തിരിച്ചിട്ടതാണിത്. എന്നാല്‍ ഇത്തരമൊരു വിവാഹരീതി ഒരു മാതൃകയായി ഒട്ടും മുന്നോട്ടുപോയില്ല. ഒരേ സമയം സ്വജാതി വിവാഹം, മിശ്രവിവാഹം എന്നീ രണ്ടു പ്രസ്ഥാനങ്ങള്‍ ഒരുമിച്ചുകൊണ്ടുപോകുന്നതിലെ വൈരുധ്യാത്മകത, സ്വജാതി വിവാഹത്തിനുമാത്രം സാമൂഹ്യാംഗീകാരം ലഭിക്കുന്നതിലാണ് പര്യവസാനിച്ചത്. ആധുനിക മക്കത്തായ വ്യവസ്ഥയുടെ ആനുകൂല്യവും ജാതികളുടെ വളര്‍ന്നുവരുന്ന സ്വത്വബോധത്തിന്റെ പിന്‍ബലവും അതിനായിരുന്നു.

സംബന്ധ വ്യവസ്ഥ ഒരു വിവാഹ വ്യവസ്ഥ മാത്രമല്ല. ജന്മി നാടുവാഴി രാഷ്ട്രീയഘടനയുടെ ഒരു ഉല്‍പ്പന്നമായതിനാലാണ് സംബന്ധ വ്യവസ്ഥക്ക് ഇത്തരത്തില്‍ നിലനില്‍ക്കാനായത്. സംബന്ധ വ്യവസ്ഥയുടെ പരിണാമം, മക്കത്തായ ഘടനയിലേക്കുള്ള മാറ്റം എന്നീ കാര്യങ്ങളിലും സാമൂഹ്യവും രാഷ്ട്രീയവുമായ അടിസ്ഥാനങ്ങളുണ്ടായിരുന്നു. ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പിന്തുണ അതിനുണ്ടായിരുന്നു. എന്നാല്‍ മിശ്രവിവാഹമെന്ന ആശയത്തിന് ഇത്തരമൊരു പിന്തുണ ലഭിക്കുകയുണ്ടായില്ല.

മലബാര്‍ കലാപാനന്തരം

മലബാര്‍ കലാപം മത ജാതി വിഭാഗങ്ങളുടെ സ്വത്വബോധത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന വലിയ മാറ്റം മലബാറില്‍, പ്രത്യേകിച്ച് തെക്കേ മലബാറില്‍, സൃഷ്ടിക്കുകയുണ്ടായി. കലാപത്തിനുമുമ്പ്, ശേഷം എന്നിങ്ങനെയായി കാലവിഭജനമെന്ന് മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ 'ഖിലാഫത്ത് സ്മരണകളി'ല്‍ രേഖപ്പെടുത്തുന്നത് പ്രസ്തുത കാലം സമൂഹത്തിലുണ്ടാക്കിയ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. നമ്പൂതിരിസമുദായത്തിന്റെയും ഉയര്‍ന്ന ജാതി വിഭാഗങ്ങളുടെയും അന്തസ്സും ഉയര്‍ന്നനിലയും കലാപശേഷം ഏറെക്കുറെ അപ്രസക്തമായി. കലാപത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന താണ ജാതി വിഭാഗത്തിലുള്ളവരും ഉന്നത ജാതിക്കാരുടെ സാമൂഹ്യമായ വീഴ്ചയില്‍ സന്തോഷാലുക്കളായി.

മലബാര്‍ കലാപാനന്തര കാലത്ത് തെക്കേമലബാറില്‍ ഒരു മതേതര മാനവികതാ സങ്കല്‍പ്പം ഉയിര്‍ക്കൊള്ളുന്നുണ്ടായിരുന്നു. ഇടശ്ശേരി, ഉറൂബ്, അക്കിത്തം എന്നിവര്‍ക്കൊപ്പം അതിന്റെ സഹയാത്രികനായി വി ടിയുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും ഏറെ വൈകാതെ ഈ പ്രദേശത്ത് ആരംഭിക്കപ്പെട്ടു. ജാതീയവും മതപരവുമായ സ്വത്വങ്ങളിലേക്കുള്ള ധ്രുവീകരണം നടക്കുമ്പോള്‍തന്നെ അതിന്നെതിരായ ശക്തികളുടെ പ്രവര്‍ത്തനങ്ങളും സജീവമായി. ഈ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച സന്ദിഗ്ധത സ്വജാതി വിവാഹപ്രസ്ഥാനത്തിലും മിശ്രവിവാഹ സങ്കല്‍പ്പത്തിലും തെക്കേ മലബാറിന്റെ എഴുത്തിലും അടങ്ങിയിട്ടുണ്ട്. ഇടശ്ശേരി ഗോവിന്ദനായര്‍ക്ക് കുടുംബത്തിനകത്തും മതപരമായ വരമ്പുകളില്ലാതാക്കുന്ന കൂട്ടുകൃഷി നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, അതിനുള്ള നിലം പാകപ്പെട്ടിട്ടില്ലെന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ സ്വന്തം കളരിക്കാരനായ ഉറൂബ് 'ഉമ്മാച്ചു' എന്ന നോവലിലൂടെ കുടുംബങ്ങള്‍ക്കകത്തും മതത്തിന്റെ വരമ്പുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. മിശ്രവിവാഹ കുടുംബത്തിലും തുടരുന്ന ജാതി/പുരുഷ മേല്‍ക്കൊയ്മകളെക്കുറിച്ചും (കുഞ്ഞമ്മയും കൂട്ടുകാരും) ഉറൂബിന് ബോധ്യമുണ്ടായിരുന്നു.

വിവാഹ പരിഷ്കാരങ്ങള്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുടെയോ, ചെറു സമൂഹങ്ങളുടെ ആഗ്രഹചിന്തകളുടെയോ മാത്രം ഫലമായി സംഭവിക്കുന്നതല്ല. അതിന് സാമൂഹ്യവും സാമ്പത്തികവുമായ ഉള്ളടക്കംകൂടി ഉണ്ടാകേണ്ടതുണ്ടെന്നാണ് സൂരിനമ്പൂതിരിപ്പാട് മുതല്‍ വി ടി ഭട്ടതിരിപ്പാട് വരെയുള്ളവരുടെ അനുഭവം വെളിപ്പെടുത്തുന്നത്. വി ടിയുടെകൂടി നേതൃത്വത്തില്‍ നടന്ന സമുദായപരിഷ്കരണത്തിലൂടെ അദ്ദേഹം സ്വന്തം ജീവിതത്തെയും 'പരിഷ്കരിക്കാ'നാണ് ശ്രമിച്ചത്. അക്കാരണത്താല്‍തന്നെ നമ്പൂതിരി നവോത്ഥാന ചരിത്രത്തില്‍ വി ടിയുടെ ജീവചരിത്രവുംകൂടി ഉള്‍പ്പെടാതിരിക്കില്ല.

സംബന്ധ വിവാഹത്തില്‍നിന്ന് നായര്‍/നമ്പൂതിരി സമുദായങ്ങള്‍ മാറുന്നതിനും മക്കത്തായ വ്യവസ്ഥ തുടരുന്നതിനും പ്രസ്തുത സമുദായങ്ങള്‍ക്കകത്തും പുറത്തും പ്രത്യക്ഷവും പരോക്ഷവുമായ സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കകത്തും പുറത്തും ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. നമ്പൂതിരിമാരുടെ സ്വജാതി വിവാഹകാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

സമൂഹത്തിലെ രാഷ്ട്രീയം അതേ അളവിലും വ്യാപ്തിയിലും കുടുംബ ബന്ധങ്ങളിലേക്ക് കടന്നെത്തുന്നില്ലായിരിക്കും. എന്നാല്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന രാഷ്ട്രീയവും സമരങ്ങളുമാണ് കുടുംബഘടനയെ മാറ്റുന്നത്. സൂരിനമ്പൂതിരിപ്പാടുമുതല്‍ വി ടി ഭട്ടതിരിപ്പാടുവരെയുള്ളവരുടെ കാര്യത്തിലും മറ്റൊന്നല്ല ഉണ്ടായത്.

*
ഡോ. വി മോഹനകൃഷ്ണന്‍ കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സമൂഹത്തിലെ രാഷ്ട്രീയം അതേ അളവിലും വ്യാപ്തിയിലും കുടുംബ ബന്ധങ്ങളിലേക്ക് കടന്നെത്തുന്നില്ലായിരിക്കും. എന്നാല്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന രാഷ്ട്രീയവും സമരങ്ങളുമാണ് കുടുംബഘടനയെ മാറ്റുന്നത്. സൂരിനമ്പൂതിരിപ്പാടുമുതല്‍ വി ടി ഭട്ടതിരിപ്പാടുവരെയുള്ളവരുടെ കാര്യത്തിലും മറ്റൊന്നല്ല ഉണ്ടായത്.

Anonymous said...

"സ്വജാതി വിവാഹമെന്നത് ദേശകാല സമുദായ പരിതഃസ്ഥിതികള്‍ക്കകത്ത് മാത്രം വിശദീകരണക്ഷമമായ ഒരു പരിമിത നവോത്ഥാനം മാത്രമാണെന്ന തിരിച്ചറിവ് ഇ എം എസിനുണ്ടായിരുന്നു."
അതുകൊണ്ടാവും ഇ എം എസ്സും മക്കളും സ്വജാതി വിവാഹം മാത്രം ചെയ്തത്.

Calicocentric കാലിക്കോസെന്‍ട്രിക് said...

"യോഗക്ഷേമ സഭയുടെ രൂപീകരണ (1907)ത്തെ തുടര്‍ന്നുള്ള കാലത്ത് ഇളംകുളം കുഞ്ഞന്‍പിള്ളയുടെ മരുമക്കത്തായ സിദ്ധാന്തത്തിനെതിരെ..."
പത്തുവയസ്സു തികയുന്നതിനു മുന്‍പ് ഇളംകുളം മരുമക്കത്തായ സിദ്ധാന്തം ഉണ്ടാക്കിയിരിക്കണം.
മരുമക്കത്തായത്തിനും കൂട്ടുകുടുംബവ്യവസ്ഥയ്ക്കും എതിരായി പടപൊരുതിയ ചന്തുമേനോനെപ്പറ്റി ഇ എം എസ് എത്രയിടത്തു പറഞ്ഞിരിക്കുന്നു എന്ന വല്ല അറിവുമുണ്ടോ?