ഈ പുസ്തകത്തില്‍ ഞങ്ങള്‍ ഒരു "പ്രചരണ മാതൃക'' അവതരിപ്പിക്കുകയാണ്; എന്നിട്ട് അമേരിക്കയിലെ പൊതു മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതിന്റെ പ്രസക്തി പരിശോധിക്കുകയുമാണ്. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ദീര്‍ഘകാലത്തെ പഠനത്തെ ആധാരമാക്കിയുള്ള ഞങ്ങളുടെ വിശ്വാസത്തെ ഈ പരിശ്രമം പ്രതിഫലിപ്പിക്കുന്നു. ഭരണകൂടത്തിലും സ്വകാര്യ സംരംഭങ്ങളിലും ആധിപത്യം പുലര്‍ത്തുന്ന പ്രത്യേക താല്‍പര്യങ്ങള്‍ക്ക് പിന്തുണ ആര്‍ജിക്കുന്നതിനാണ് അവ പരിശ്രമിക്കുന്നത് എന്നതാണ് ഞങ്ങളുടെ വിശ്വാസം.....
ഇത് വളരെ പ്രകടമായ ഒരു കാര്യം തന്നെയാണ്. പക്ഷേ, മാധ്യമങ്ങള്‍ സ്വതന്ത്രവും സത്യം കണ്ടെത്തുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനും ബാധ്യതപ്പെട്ടവയുമാണെന്നും അവ കേവലം ശക്തരായ വിഭാഗങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് ലോകത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ലെന്നുമാണ് ജനാധിപത്യത്തിലെ അംഗീകൃത തത്വം. തങ്ങള്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് പക്ഷപാതരഹിതവും പ്രൊഫഷണലും വസ്‌തുനിഷ്ഠവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്നാണ് മാധ്യമത്തലവന്മാര്‍ അവകാശപ്പെടുന്നത്. ഈ വിവാദവിഷയത്തില്‍ അവര്‍ക്ക് ധൈഷണിക സമൂഹത്തില്‍ നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍, സാധാരണ ജനങ്ങള്‍ എന്തെല്ലാമാണ് കാണേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും അവര്‍ ചിന്തിക്കേണ്ടത് എന്തിനെക്കുറിച്ചെന്നും തീരുമാനിക്കാനും നിരന്തരമായ പ്രചരണ പ്രവര്‍ത്തനത്തിലൂടെ പൊതുജനാഭിപ്രായത്തെ "നിയന്ത്രിക്കാ''നും സംവാദങ്ങളുടെ പരിസരം നിശ്ചയിക്കാനും അധികാരമുള്ളവര്‍ക്ക് കഴിയുന്നു...
"സമ്മതി ഉല്‍പാദനം'' എന്ന നിലയില്‍ വാള്‍ടര്‍ ലിപ്‌മാന്‍ സൂചിപ്പിച്ചിട്ടുള്ള പ്രചരണത്തിന്റെ പ്രത്യേക പ്രാധാന്യത്തെ പൊതുജനാഭിപ്രായത്തെയും പ്രചരണത്തെയും സാമൂഹ്യ വ്യവസ്ഥിതിയുടെ രാഷ്‌ട്രീയ ആവശ്യങ്ങളെയും സംബന്ധിച്ച് എഴുത്തുകാര്‍ മുമ്പേ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. പ്രചരണം "ജനകീയ ഗവണ്‍മെന്റുകളുടെ പതിവ് ഉപകരണ''മായി മാറിക്കഴിഞ്ഞുവെന്ന് ലിപ്‌മാന്‍ തന്നെ 1920കളുടെ തുടക്കത്തില്‍ എഴുതിയിരുന്നു... മാധ്യമങ്ങള്‍ ഇതു മാത്രമാണ് ചെയ്യുന്നത് എന്നല്ല ഞങ്ങള്‍ സിദ്ധാന്തിക്കുന്നത്; എന്നാല്‍ അവയുടെ മൊത്തം പ്രവര്‍ത്തനത്തില്‍ പ്രചരണ പ്രവര്‍ത്തനം അതിപ്രധാനമായ ഒരു വശമാണെന്ന് ഞങ്ങള്‍ കരുതുന്നു...
ഈ പുസ്തകത്തില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നതുപോലുള്ള ആധികാരിക വിമര്‍ശനത്തെ വ്യവസ്ഥിതിയുടെ സംരക്ഷകരായ നിരൂപകര്‍ "ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍'' എന്ന പേരില്‍ പൊതുവെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ ഇത് വെറുമൊരു ഒഴിഞ്ഞുമാറല്‍ മാത്രമാണ്. പൊതുമാധ്യമങ്ങളുടെ പ്രകടനത്തെ വിശദീകരിക്കാന്‍ ഞങ്ങള്‍ ഒരു വിധത്തിലുമുള്ള "ഗൂഢാലോചനാ'' പരികല്‍പനയും ഉപയോഗിച്ചിട്ടില്ല. വാസ്തവത്തില്‍ ഞങ്ങളുടെ പ്രതിപാദന ശൈലിക്ക് "സ്വതന്ത്ര വിപണി'' വിശകലനവുമായാണ് ഏറെ അടുപ്പം. കമ്പോളശക്തികളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് പ്രധാനമായും അവ. ശരിയായി ചിന്തിക്കുന്നവര്‍ എന്ന നിലയില്‍ ചില ആളുകളെ മുന്‍കൂട്ടി നിശ്ചയിക്കല്‍, മറച്ചുവെയ്ക്കപ്പെടുന്ന മുന്‍വിധികള്‍, ഉടമസ്ഥതയുടെയും സംഘടനയുടെയും വിപണിയുടെയും രാഷ്‌ട്രീയാധികാരത്തിന്റെയും നിയന്ത്രണങ്ങള്‍ക്ക് വ്യക്തികളെ അനുയോജ്യരാക്കല്‍ എന്നിവയില്‍നിന്നാണ് മാധ്യമങ്ങളില്‍നിന്നുള്ള ഏറ്റവും പക്ഷപാതപരമായ തെരഞ്ഞെടുക്കല്‍ വരുന്നത്. സെന്‍സര്‍ഷിപ്പ് പ്രധാനമായും സ്വയം ഏര്‍പ്പെടുത്തുന്നവയാണ്. തങ്ങളുടെ സ്രോതസ്സിന്റെ വാസ്തവികതയുമായും മാധ്യമ സ്ഥാപനത്തിന്റെ ആവശ്യങ്ങളുമായും വഴങ്ങുന്ന റിപ്പോര്‍ട്ടര്‍മാരും കമന്റേറ്റര്‍മാരുമാണ് ഈ സ്വയം സെന്‍സര്‍ഷിപ്പ് നടപ്പിലാക്കുന്നത്; മാധ്യമ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തലങ്ങളിലുള്ളവരും അത് നിര്‍വഹിക്കുന്നു.
പൊതു മാധ്യമങ്ങള്‍ എല്ലാ വിഷയങ്ങളിലും സുദൃഢമായ ഒരു ഏകശിലാസ്തംഭമല്ല. അധികാര കേന്ദ്രങ്ങളില്‍ തന്നെ വിയോജിപ്പുണ്ടാകുമ്പോള്‍ പൊതുവായ ലക്ഷ്യം കൈവരിക്കുന്നതെങ്ങനെയെന്നത് സംബന്ധിച്ച് അടവുപരമായ വിധി തീര്‍പ്പുകളില്‍ ചില ഭിന്നതകള്‍ ഉണ്ടാകാം; അവ മാധ്യമ സംവാദങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ അടവുകളെക്കുറിച്ച് പ്രമാണിവര്‍ഗത്തിനിടയില്‍ തീവ്രമായ ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ പോലും, മൌലികമായ പരിസരങ്ങളെ വെല്ലുവിളിക്കുന്നതോ ഭരണകൂടാധികാര നിര്‍വ്വഹണത്തിന്റെ നിരീക്ഷണ രീതി വ്യവസ്ഥാപരമായ ഘടകങ്ങളെ ആധാരമാക്കിയാണെന്ന് നിര്‍ദ്ദേശിക്കുന്നതോ ആയ വീക്ഷണങ്ങള്‍ പൊതു മാധ്യമങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടും.
വാര്‍ത്തകളില്‍ ആധിപത്യം പുലര്‍ത്തുന്നത് എങ്ങനെ എന്നറിയാന്‍ ഒരു ഉദാഹരണം തെരഞ്ഞെടുക്കാന്‍ അമേരിക്കയുടെ ആക്രമണത്തിന് വിധേയമായ നിക്കരാഗ്വയെ തന്നെ പരിഗണിക്കാം. ഒരു ഭീകരസേനയ്ക്ക് പിന്തുണ നല്‍കുന്നത് നിക്കരാഗ്വയെ "കൂടുതല്‍ ജനാധിപത്യപര''വും "അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി കുറഞ്ഞ''തും ആക്കാന്‍ ഫലപ്രദമാകുമോ എന്ന ചോദ്യമുന്നയിക്കാന്‍ അനുവദിക്കണമോ എന്നത് സംബന്ധിച്ചായിരുന്നു പ്രമാണിവര്‍ഗത്തിനിടയിലെ അഭിപ്രായ ഭിന്നത. എന്നാല്‍, എല്‍സാല്‍വദോറിനെയും ഗ്വാട്ടിമാലയെയുംകാള്‍ വളരെയേറെ ജനാധിപത്യപരമാണ് നിക്കരാഗ്വ എന്ന് സൂചന നല്‍കുകയെങ്കിലും ചെയ്യുന്ന വിവരങ്ങള്‍ മാധ്യമങ്ങളുടെ വാര്‍ത്താ കോളങ്ങളില്‍ അനുവദിച്ചിരുന്നില്ല. എല്‍സാല്‍വദോറിലെയും ഗ്വാട്ടിമാലയിലെയും സര്‍ക്കാരുകള്‍ ചെയ്തിരുന്നതുപോലെ നിക്കരാഗ്വയിലെ സര്‍ക്കാര്‍ അവിടത്തെ സാധാരണ പൌരന്മാരെ നിത്യേന കൊന്നൊടുക്കിയിരുന്നില്ലയെന്നും മേല്‍സൂചിപ്പിച്ച മറ്റ് രണ്ട് രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി നിക്കരാഗ്വയില്‍ അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രയോജനപ്രദമായ വിധം സാമൂഹിക-സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയിരുന്നെന്നും നിക്കരാഗ്വ അയല്‍രാജ്യങ്ങള്‍ക്കൊന്നും സൈനികഭീഷണി ആയിരുന്നില്ലെന്നും മറിച്ച് വാസ്തവത്തില്‍ അമേരിക്കയുടെയും അവരുടെ പിണിയാളുകളുടെയും നിരന്തരമായ ആക്രമണത്തിന് നിക്കരാഗ്വ വിധേയമായിരുന്നെന്നും അമേരിക്ക നിക്കരാഗ്വയെ ഭയന്നിരുന്നത് അതിന്റെ നന്മകള്‍ മൂലം ആയിരുന്നെന്നും മറിച്ച് അതിനുമേല്‍ ആരോപിക്കപ്പെട്ടിരുന്ന തിന്മകളാല്‍ ആയിരുന്നില്ലെന്നും പൊതുമാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചിരുന്നതേയില്ല.
1954ല്‍ സിഐഎ പിന്തുണയുള്ള ഒരാക്രമണത്തിലൂടെ ഗ്വാട്ടിമാലയിലേക്ക് "ജനാധിപത്യം'' കൊണ്ടുവരുന്നതിന് അമേരിക്ക ഇതിനു സമാനമായ നീക്കം നടത്തിയതിന്റെ പശ്ചാത്തലത്തെയും ഫലങ്ങളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതില്‍നിന്നും പൊതുമാധ്യമങ്ങള്‍ മുഖം തിരിച്ചാണ് നിന്നിരുന്നത്. പതിറ്റാണ്ടുകളോളം ഗ്വാട്ടിമാലയില്‍ (മറ്റു പല രാജ്യങ്ങളിലും എന്നപോലെ) ഭരണകൂട ഭീകരത സംഘടിപ്പിക്കുന്നതിന് അവിടത്തെ പ്രമാണിവര്‍ഗത്തിന്റെ ഭരണത്തെ അമേരിക്ക പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുകയായിരുന്നെങ്കിലും, ബ്രസീലിലും ചിലിയിലും ഫിലിപ്പൈന്‍സിലും (മറ്റു പലയിടത്തും എന്നപോലെ) ജനാധിപത്യത്തെ അട്ടിമറിച്ചതിനെ അംഗീകരിക്കുകയോ ശരിക്കും അട്ടിമറിക്കുകയോ ചെയ്‌തിരുന്നെങ്കിലും, ആഗോളാടിസ്ഥാനത്തില്‍ തന്നെ ഭീകര ഭരണാധികാരികളുമായി അമേരിക്ക "സൃഷ്ടിപരമായി ചങ്ങാത്തത്തിലാ''യിരുന്നെങ്കിലും മാധ്യമങ്ങള്‍ അതൊന്നും കണ്ടതായി നടിച്ചിരുന്നില്ല. കിരാതമായ സൊമോസാ വാഴ്ച അധികാരത്തില്‍ ഉറച്ചിരുന്നിടത്തോളം നിക്കരാഗ്വയിലെ ജനാധിപത്യത്തെ സംബന്ധിച്ച് ഈ മാധ്യമങ്ങള്‍ക്ക് ഒരുല്‍ക്കണ്ഠയുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിക്കരാഗ്വയിലെ "ജനാധിപത്യ''ത്തെക്കുറിച്ചുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ഉല്‍ക്കണ്ഠകള്‍ മാധ്യമങ്ങള്‍ മുഖവിലയ്‌ക്കെടുക്കുകയുമാണ്.
നിക്കരാഗ്വയുമായി ഇടപെടുന്നതിലെ അടവുകളെക്കുറിച്ചുള്ള പ്രമാണിവര്‍ഗത്തിനിടയിലെ ഭിന്നതകള്‍ പൊതുസംവാദങ്ങളില്‍ പ്രതിഫലിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രമാണിവര്‍ഗത്തിന്റെ മുന്‍ഗണനകള്‍ ഏറ്റെടുത്ത പൊതുമാധ്യമങ്ങള്‍ നിക്കരാഗ്വയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെയും അക്രമങ്ങളുടെയും തെളിവുകള്‍ വളരെ കൃത്യനിഷ്ഠയോടെ മൂടിവെയ്ക്കുകയായിരുന്നു; എന്നിട്ട് സാന്റിനിസ്റ്റകളെ തികച്ചും കടുത്ത ചായത്തില്‍ കൊള്ളരുതാത്തവരായി ചിത്രീകരിക്കുകയുമായിരുന്നു. നേരെമറിച്ച്, ഏറ്റവും മോശപ്പെട്ട സ്ഥിതി നിലനിന്നിരുന്ന എല്‍സാല്‍വദോറിനെയും ഗ്വാട്ടിമാലയേയും "മിതവാദി''കളായ നേതാക്കന്മാര്‍ക്കു കീഴില്‍ ജനാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളായി ചിത്രീകരിച്ച് ജനങ്ങളുടെ സഹാനുഭൂതിയും പിന്തുണയും ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. ഇങ്ങനെ മാധ്യമങ്ങള്‍ മദ്ധ്യ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള നയപരിപാടികളുടെ യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെയ്‌ക്കുകയുംചെയ്‌തു. ജാക്വസ് എല്ലൂല്‍ വ്യക്തമാക്കിയതുപോലെ പ്രചരണത്തിന്റെ ഒരു അനുപേക്ഷണീയമായ പ്രത്യേകതയാണിത്.
"പ്രചാരകന് അയാള്‍ ആര്‍ക്കുവേണ്ടിയാണോ പണിയെടുക്കുന്നത് ആ പ്രമാണിയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ സ്വാഭാവികമായും വെളിപ്പെടുത്താന്‍ കഴിയില്ല... അങ്ങനെ ചെയ്‌താല്‍ ആ പദ്ധതി പൊതു ചര്‍ച്ചയ്‌ക്കും പൊതുജനാഭിപ്രായ പരിശോധനയ്ക്കും വിധേയമാകും; അങ്ങനെ ആ പദ്ധതി വിജയിക്കുന്നത് തടയപ്പെടുകയും ചെയ്യും... അതുകൊണ്ട് പ്രചരണം അത്തരം പദ്ധതികള്‍ക്കുള്ള ഒരു മുഖംമൂടി മാത്രമായിരിക്കും - യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മറച്ചുപിടിക്കാനുള്ള മുഖംമൂടി''.
സര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച് പ്രമാണിവര്‍ഗത്തിനിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാത്തപ്പോഴും ചില്ലറ ചില അഭിപ്രായ ഭിന്നതകള്‍ മാത്രമുള്ളപ്പോഴും ചിലപ്പോള്‍ പൊതുമാധ്യമങ്ങളില്‍ തെറ്റിയും തെറിച്ചും ചില വാര്‍ത്തകള്‍ വരാറുണ്ട്; ശരിയായി മനസ്സിലാക്കപ്പെടുകയാണെങ്കില്‍ അവ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായിരിക്കുകയും ചെയ്യും. എന്നാല്‍ പൊതുവെ അത്തരം വാര്‍ത്തകള്‍ പത്രത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത ഏതെങ്കിലും കോണിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്...
മാധ്യമ മുന്‍ഗണനകളെയും പക്ഷപാതിത്വങ്ങളെയും വിമര്‍ശിക്കുന്നതിന് അത്യാവശ്യം വേണ്ട ചില വസ്‌തുതകള്‍ പലപ്പോഴും ഞങ്ങള്‍ മാധ്യമങ്ങളില്‍നിന്നു തന്നെയാണ് ശേഖരിക്കുന്നത്. മുഖ്യധാരാ പത്രങ്ങളില്‍നിന്നു തന്നെ അതേ മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ വസ്‌തുതകള്‍ ഉദ്ധരിക്കുന്നത് വിമര്‍ശനം അപ്രസക്തമാണെന്നതിന്റെ സ്വയം വ്യക്തമാക്കുന്ന "സാക്ഷ്യപത്രം'' ആണെന്നും തര്‍ക്ക പ്രശ്‌നങ്ങള്‍ക്ക് മാധ്യമങ്ങള്‍ തികച്ചും ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് അവകാശവാദമുന്നയിക്കാന്‍ അവസരമൊരുക്കുന്നു. ഏതു വിഷയത്തെ സംബന്ധിച്ചും മാധ്യമങ്ങള്‍ ചില വസ്‌തുതകള്‍ അവതരിപ്പിക്കും എന്നത് ശരി തന്നെയാണ്; എന്നാല്‍ അത് പൂര്‍ണമായും കൃത്യമാണെന്നോ വേണ്ടത്ര പ്രാധാന്യം നല്‍കിയെന്നോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. വാസ്‌തവത്തില്‍, പൊതുമാധ്യമങ്ങള്‍ വലിയൊരു ഭാഗം വസ്‌തുതകളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ മൂടിവെയ്‌ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ പശ്ചാത്തലത്തില്‍ അതിനേക്കാള്‍ പ്രധാനം ഒരു വസ്‌തുതയ്ക്ക് കൊടുക്കുന്ന പ്രാധാന്യത്തിന്റെ പ്രശ്‌നമുണ്ട്- ആ വസ്‌തുത പ്രസിദ്ധീകരിച്ച സ്ഥാനം, അത് അവതരിപ്പിക്കുന്ന ശൈലി, ആവര്‍ത്തനങ്ങള്‍, അതിനോട് അനുബന്ധിച്ചുള്ള വസ്‌തുതകള്‍, അതിനു നല്‍കുന്ന വ്യാഖ്യാനം (അഥവാ മുന്‍വിധിയോടെയുള്ള ധാരണ). ഒരു വസ്‌തുത കണ്ടെത്തുന്നതിനുവേണ്ടി സൂക്ഷ്‌മാന്വേഷണം നടത്തുന്ന ഒരു വായനക്കാരന് ചിലപ്പോള്‍ ജാഗ്രതയോടെ പരതിയാല്‍ എന്തെങ്കിലും കുറച്ച് കണ്ടെത്താനാവും; എന്നാല്‍ സംശയദൃഷ്‌ടിയോടെ പരിശോധിക്കുന്ന ഒരാള്‍ക്ക് ആ വസ്‌തുതയ്‌ക്ക് വേണ്ടത്ര ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നും അതിന് അര്‍ഹിക്കുന്ന പ്രസക്തിയും പ്രാധാന്യവും ലഭിച്ചുവെന്നും പറയാനാവില്ല; വായനക്കാരന് കാര്യങ്ങള്‍ അനായാസം വ്യക്തമായി മനസ്സിലാകാത്തവിധം ഫലപ്രദമായി വളച്ചൊടിക്കുകയോ പാടെ മൂടിവെയ്ക്കുകയോ ചെയ്തിരിക്കും. അതിന് എത്രത്തോളം ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നത് തര്‍ക്ക വിഷയമാണ്; എന്നാല്‍, കാര്യങ്ങള്‍ ചുഴിഞ്ഞു നോക്കുന്ന ഒരാള്‍ക്ക് അല്ലെങ്കില്‍ സംശയാലുവായ ഒരു ഗവേഷകന് ഈ മാധ്യമങ്ങളില്‍നിന്ന് ചില വസ്‌തുതകള്‍ കണ്ടെത്താനാകും എന്നതുകൊണ്ട് തീവ്രമായ പക്ഷപാതിത്വമോ ഫലത്തില്‍ വസ്‌തുതകളെ മൂടിവെയ്ക്കുന്നതോ ഇല്ലാതാകുന്നില്ല.
ധാര്‍മ്മികരോഷം പൂണ്ട പ്രചാരണങ്ങളും വസ്‌തുതകള്‍ മൂടിവെയ്ക്കലും ഒഴുക്കന്‍ മട്ടിലുള്ള അവതരണവും വലിയ ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്നതും സന്ദര്‍ഭങ്ങളുടെ തെരഞ്ഞെടുപ്പും പരിസരങ്ങളും പൊതുഅജണ്ടയുമെല്ലാം നമുക്ക് നിരീക്ഷിക്കാനാവുന്ന മാതൃകകളാണെന്ന്
വ്യക്തമാക്കുന്നതാണ് ഈ പുസ്തകത്തിലെ കേന്ദ്ര പ്രമേയം. അധികാര കേന്ദ്രങ്ങള്‍ക്കുവേണ്ടിയാണ് മാധ്യമങ്ങള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെയും മറ്റു പ്രമുഖ അധികാര കേന്ദ്രങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് അവ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. കമ്യൂണിസത്തിന്റെ ഇരകളിലേക്ക് നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സര്‍ക്കാരിന്റെ ശത്രുക്കളുടെ തിന്മകളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നു; അങ്ങനെ ആ രാജ്യങ്ങളില്‍ ഇടപെടലിനും അട്ടിമറി നടത്താനും ഭീകര ഭരണകൂടങ്ങള്‍ക്ക് പിന്തുണ നല്‍കാനും ആയുധപ്പന്തയങ്ങള്‍ക്കും സൈനിക സംഘട്ടനങ്ങള്‍ക്കുമെല്ലാം അനുയോജ്യമായ അരങ്ങൊരുക്കുന്നു - എല്ലാം മഹനീയമായ ലക്ഷ്യത്തിനുവേണ്ടി (കമ്യൂണിസത്തെ തകര്‍ക്കല്‍)യെന്ന നാട്യത്തിലുമാണ്. അതേസമയം തന്നെ, ഈ ചെറിയൊരു വിഭാഗം ഇരകളോടുള്ള നമ്മുടെ നേതാക്കന്മാരുടെയും മാധ്യമങ്ങളുടെയും വീരാരാധന പൊതുജനങ്ങളുടെ ആത്മാഭിമാനവും ദേശസ്‌നേഹവും ഉയര്‍ത്താനും ഇടയാക്കുന്നു; രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യപ്രകാരമുള്ള അനിവാര്യമായ നടപടികളാണ് സര്‍ക്കാരിന്റേത് എന്ന ധാരണ അത് പരത്തുന്നു.
എന്നാല്‍ തങ്ങളുടെ ആശ്രിത രാജ്യങ്ങളിലെ ഇരകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദത പൊതുജനശ്രദ്ധയില്‍ പെടുന്നില്ല. ശത്രുരാജ്യങ്ങളുടെ ഇരകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലെ തന്നെ ഭരണകൂട നയങ്ങളെ പിന്തുണയ്ക്കുന്നതിന് ഇതും ഏറെ ആവശ്യമാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ സോവിയറ്റ് ശാസ്‌ത്രജ്ഞനായ ആന്ദ്രേ സഖറോവിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്കോ പോളണ്ടിലെ ജേഴ്‌സി പോപ്പിലുസ്‌ക്കോയുടെ കൊലപാതകത്തിനോ നല്‍കിയതുപോലുള്ള വാര്‍ത്താ പ്രാധാന്യം നല്‍കുമായിരുന്നെങ്കില്‍ ഗ്വാട്ടിമാലയിലെ സര്‍ക്കാരിന് കഴിഞ്ഞ ദശകങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുവാന്‍ പറ്റുമായിരുന്നില്ല. മാധ്യമങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍, നിഷ്ഠുരമായ കടന്നാക്രമണങ്ങളെ സ്വാതന്ത്ര്യസംരക്ഷണത്തിനുവേണ്ടിയുള്ളവയായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ലെങ്കില്‍, ദക്ഷിണ വിയറ്റ്നാമിനും ഇന്‍ഡോ ചൈനയിലെ മറ്റു പ്രദേശങ്ങള്‍ക്കുമെതിരെ അതിക്രൂരമായ യുദ്ധം അഴിച്ചുവിടാനും ഒരിക്കലും പരിഹരിക്കാനാവാത്ത ദുരന്തങ്ങളും കഷ്ടപ്പാടുകളും സൃഷ്ടിക്കാനും അമേരിക്കന്‍ സര്‍ക്കാരിന് ആകുമായിരുന്നില്ല.
ഈ പുസ്തകത്തില്‍ നാം ചര്‍ച്ച ചെയ്യുന്ന മറ്റു കാര്യങ്ങളെ സംബന്ധിച്ചും ഇതാണ് സത്യം- ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും.
പ്രചരണ മാതൃക
പൊതുജനങ്ങള്‍ക്ക് വിവരങ്ങളും അബോധമായി ആശയങ്ങളും എത്തിച്ചുകൊടുക്കുന്നതിനുള്ള ഒരു സംവിധാനമായാണ് പൊതുമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തം സമൂഹത്തിന്റെ സ്ഥാപനപരമായ ഘടനയുമായി ജനങ്ങളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പെരുമാറ്റ രീതികളെയും വിശ്വാസസംഹിതകളെയും മൂല്യങ്ങളെയും കുറിച്ച് വ്യക്തികളെ ഉദ്ബോധിപ്പിക്കുകയും ജനങ്ങളെ ആഹ്ളാദിപ്പിക്കുകയും വിനോദിപ്പിക്കുകയും അവര്‍ക്ക് വിവരങ്ങള്‍ എത്തിക്കുകയുമാണ് മാധ്യമങ്ങളുടെ ധര്‍മ്മം. സമ്പത്ത് ചിലരുടെ കൈവശം കുന്നുകൂടിയിരിക്കുന്നതും വര്‍ഗ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഘട്ടനങ്ങള്‍ നടക്കുന്നതുമായ ലോകത്ത് ഈ കടമകള്‍ നിര്‍വഹിക്കുന്നതിന് ചിട്ടയോടുകൂടിയ പ്രചരണം ആവശ്യമാണ്.
അധികാരത്തിന്റെ ദണ്ഡ് ബ്യൂറോക്രസിയുടെ കൈവശത്തായിട്ടുള്ള രാജ്യങ്ങളില്‍ മാധ്യമങ്ങളുടെ മൊത്തം നിയന്ത്രണം പലപ്പോഴും ഔദ്യോഗികമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയായിരിക്കും നിര്‍വഹിക്കുന്നത്. ഭരണത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന വരേണ്യ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരിക്കും മാധ്യമങ്ങള്‍ എന്ന് ഇത് ഉറപ്പാക്കും. എന്നാല്‍ മാധ്യമങ്ങള്‍ സ്വകാര്യ ഉടമസ്ഥതയില്‍ ആയിരിക്കുകയും ഔദ്യോഗിക സെന്‍സര്‍ഷിപ്പ് ഇല്ലാതിരിക്കുകയും ചെയ്യുന്നിടങ്ങളില്‍ പ്രചരണ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. മാധ്യമങ്ങള്‍ സജീവമായി പരസ്‌പരം മല്‍സരിക്കുകയും ഇടയ്‌ക്കിടെ കോര്‍പ്പറേറ്റുകളുടെയും സര്‍ക്കാരിന്റെയും ദുഷ്‌ചെയ്‌തികളെ തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന, പൊതുജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ വക്താക്കളും തങ്ങളാണെന്ന് മാധ്യമങ്ങള്‍ സ്വയം അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ ഇത് ഏറെ ദുഷ്‌ക്കരമാണ്. ഈ വിമര്‍ശനങ്ങളുടെ പരിമിതമായ സ്വഭാവമാണ് വെളിവാക്കപ്പെടാത്തത്. (ഇക്കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറുമില്ല) വിഭവങ്ങള്‍ കൈയടക്കിവെയ്‌ക്കുന്നതിലെ ഭീമമായ അസമത്വവും സ്വകാര്യ മാധ്യമ സംവിധാനത്തിന്റെ ലഭ്യതയുടെ സ്വാധീനവും അതിന്റെ പെരുമാറ്റരീതികളും പ്രകടനവും ഒരിക്കലും അവ തുറന്നു കാട്ടാറില്ല.
സമ്പത്തിന്റെയും അധികാരത്തിന്റെയും ഈ അസമത്വത്തിലാണ്, പൊതുമാധ്യമ താല്‍പര്യങ്ങള്‍ക്കുമേലുള്ള അതിന്റെ ബഹുമുഖമായ സ്വാധീനങ്ങളിലാണ്, പ്രചരണ മാതൃക കേന്ദ്രീകരിക്കുന്നത്. അച്ചടിക്കു പറ്റിയ വിധത്തിലും ഭിന്നാഭിപ്രായങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചും സര്‍ക്കാരിനെയും മേധാവിത്വം പുലര്‍ത്തുന്ന സ്വകാര്യതാല്‍പര്യങ്ങളെയും തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തത്തക്കവിധം എത്തിക്കുന്നതിന് സൌകര്യമൊരുക്കിയും വാര്‍ത്തകളെ ഒരുക്കിയെടുക്കാന്‍ പണവും അധികാരവും ഉള്ളവര്‍ക്ക് കഴിയുന്നതിനുള്ള വഴികള്‍ ഏതെന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്. ഞങ്ങള്‍ അവതരിപ്പിക്കുന്ന ഈ പ്രചരണ മാതൃകയുടെ, അഥവാ വാര്‍ത്തകള്‍ "അരിച്ച്'' ഒരുക്കിയെടുക്കുന്നതിന്റെ, അനുപേക്ഷണീയമായ ഘടകങ്ങള്‍ ചുവടെ ചേര്‍ത്തിട്ടുള്ള തലവാചകങ്ങളില്‍ ഉള്‍പ്പെടുന്നു:
1. ആധിപത്യം പുലര്‍ത്തുന്ന പൊതുമാധ്യമ സ്ഥാപനങ്ങളുടെ വലിപ്പവും കേന്ദ്രീകൃത ഉടമസ്ഥതയും ഉടമസ്ഥന്റെ സമ്പത്തും ലാഭോന്മുഖതയും.
2. പൊതുമാധ്യമങ്ങളുടെ പ്രാഥമിക വരുമാന സ്രോതസ്സ് എന്ന നിലയില്‍ പരസ്യത്തിനുള്ള സ്ഥാനം.
3. സര്‍ക്കാരും ബിസിനസ് സ്ഥാപനങ്ങളും ഈ പ്രാഥമിക സ്രോതസ്സുകളില്‍നിന്ന് പണം പറ്റുന്നവരും അവരുടെ അംഗീകാരമുള്ളവരുമായ "വിദഗ്ദ്ധ''ന്മാരും അധികാരത്തിന്റെ ഏജന്റുമാരും.
4. മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മാര്‍ഗ്ഗം എന്ന നിലയിലുള്ള 'പ്രചാരകര്‍'
5. 'കമ്യൂണിസ്റ്റ് വിരുദ്ധത' ഒരു ദേശീയമതവും നിയന്ത്രണ സംവിധാനവും എന്ന നിലയില്‍.
ഈ ഘടകങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുകയും പരസ്‌പരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അസംസ്കൃത വാര്‍ത്തകള്‍ തുടര്‍ച്ചയായ പല അരിപ്പകളിലൂടെ കടത്തിവിടപ്പെടുന്നു; ശുദ്ധീകരിച്ച അവശിഷ്‌ടം മാത്രമാണ് അച്ചടിക്കാന്‍ അനുയോജ്യമായവിധം ബാക്കിയാകുന്നത്. അവയാണ് തുടര്‍ന്നുള്ള വിവാദങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പരിസരം നിശ്ചയിക്കുന്നത്. പ്രഥമ പരിഗണന നല്‍കി പ്രസിദ്ധീകരിക്കേണ്ടത് ഏതെന്നതിനെ സംബന്ധിച്ച നിര്‍വചനവും അവര്‍ നല്‍കുന്നു.
മാധ്യമങ്ങള്‍ക്കുമേലുള്ള വരേണ്യവര്‍ഗാധിപത്യവും ഈ അരിപ്പകളുടെ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന ഭിന്നാഭിപ്രായങ്ങളുടെ പാര്‍ശ്വവല്‍ക്കരണവും തികഞ്ഞ സ്വാഭാവികതയോടെയാണ് സംഭവിക്കുന്നത്. മാധ്യമ വാര്‍ത്താരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വയം കരുതുന്നത് തങ്ങള്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതും വ്യാഖ്യാനിക്കുന്നതും തികച്ചും "വസ്‌തുനിഷ്‌ഠമായും തൊഴില്‍പരമായി വാര്‍ത്തകളുടെ മൂല്യം വിശകലനം ചെയ്‌തതിന്റെ അടിസ്ഥാനത്തിലും'' ആണെന്നാണ്. പൂര്‍ണമായ സത്യസന്ധതയോടെയും സന്മനോഭാവത്തോടെയുമായിരിക്കും അവര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നത്. ഈ അരിപ്പ തടസ്സങ്ങളുടെ പരിമിതിക്കുള്ളില്‍ മിക്കവാറും അവ വസ്‌തുനിഷ്‌ഠവുമായിരിക്കും; എന്നാല്‍ അരിപ്പകളിലൂടെ സൃഷ്‌ടിക്കപ്പെടുന്ന പ്രതിബന്ധങ്ങള്‍ വളരെ ഏറെ ശക്തമാണ്; വാര്‍ത്തകള്‍ തെരഞ്ഞെടുക്കാനുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ച് സങ്കല്‍പിക്കാന്‍പോലും ആകാത്തവിധം അടിസ്ഥാനപരമായ വിധത്തിലാണ് സംവിധാനവുമായി അതിനെ വിളക്കിചേര്‍ത്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ളതും അതോടൊപ്പം തന്നെ സൂക്ഷ്‌മാംശത്തിലുള്ളതുമായ (ഓരോരോ വാര്‍ത്തകളെയും സംബന്ധിച്ച് പ്രത്യേകമായി) നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും മാത്രമേ മാധ്യമങ്ങളുടെ കൌശല പ്രയോഗങ്ങളെയും പക്ഷപാതിത്വത്തെയും തിരിച്ചറിയാന്‍ കഴിയൂ.
****
എഡ്വേര്‍ഡ് എസ് ഹെര്‍മന്‍, നോം ചോംസ്‌കി, കടപ്പാട് : ചിന്ത വാരിക
Subscribe to:
Post Comments (Atom)
3 comments:
മാധ്യമങ്ങള്‍ സ്വതന്ത്രവും സത്യം കണ്ടെത്തുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനും ബാധ്യതപ്പെട്ടവയുമാണെന്നും അവ കേവലം ശക്തരായ വിഭാഗങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് ലോകത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ലെന്നുമാണ് ജനാധിപത്യത്തിലെ അംഗീകൃത തത്വം. തങ്ങള്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് പക്ഷപാതരഹിതവും പ്രൊഫഷണലും വസ്‌തുനിഷ്ഠവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്നാണ് മാധ്യമത്തലവന്മാര്‍ അവകാശപ്പെടുന്നത്. ഈ വിവാദവിഷയത്തില്‍ അവര്‍ക്ക് ധൈഷണിക സമൂഹത്തില്‍ നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍, സാധാരണ ജനങ്ങള്‍ എന്തെല്ലാമാണ് കാണേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും അവര്‍ ചിന്തിക്കേണ്ടത് എന്തിനെക്കുറിച്ചെന്നും തീരുമാനിക്കാനും നിരന്തരമായ പ്രചരണ പ്രവര്‍ത്തനത്തിലൂടെ പൊതുജനാഭിപ്രായത്തെ "നിയന്ത്രിക്കാ''നും സംവാദങ്ങളുടെ പരിസരം നിശ്ചയിക്കാനും അധികാരമുള്ളവര്‍ക്ക് കഴിയുന്നു...
I am missing an article on maoist struggle and cpi(m) response to that. Why does workers forum ignore that? It is time you publish article from Arundhati Roy. Simply following some leaders who call themselves communist is not enough to be communist. There is your struggle, what are you doing with it, sleeping in your blanket, sipping your parliamentarian coffee?
ചോംസ്കി കൃത്യമായി ഇന്നിന്റെ വലതു കുത്തക മാധയ്മ ജനവിരുദ്ധതയെ ഇങ്ങനെ നിര്‍വചിച്ചു എന്നും കൂട്ടി വായിക്കണം.
bludeoning/suppression in autocracy is to propaganda(corporate-right wing propaganda) in democracy.
Post a Comment