ഒരു ദശാബ്ദത്തിലേറെക്കാലം നീണ്ടുനിന്ന ഉറുഗ്വേവട്ട ചര്‍ച്ചകളുടെ അവസാനം ഗാട്ട് കരാര്‍ രൂപ പരിണാമത്തിനു വിധേയമാവുകയും ലോക വ്യാപാര സംഘടന നിലവില്‍വരികയും ചെയ്തു. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും 1995-ല്‍ ഇന്ത്യ അതില്‍ അംഗമായി. അന്നത്തെ ധനകാര്യമന്ത്രി പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ഇക്കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിനുശേഷം ശക്തനായി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷത്തിന്റെ അതിശക്തമായ ഇടങ്കോലിടല്‍ കാരണം നടപ്പാക്കാന്‍ കഴിയാതിരുന്ന പല പരിഷ്കാരങ്ങളും ഇപ്പോള്‍ മിന്നല്‍ വേഗത്തിലാണ് നടപ്പിലാക്കുന്നത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അറിയാതെയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെയുമാണ് ആസിയാന്‍ കരാര്‍ ഒപ്പിട്ടത്. കൃഷിമന്ത്രി അറിയാതെയാണ് വാണിജ്യമന്തി കാര്‍ഷിക വിളകളുടെ സ്വതന്ത്രവ്യാപാരത്തിനുള്ള കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹത്തിന്റെ കക്ഷി പരിഭവപ്പെട്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ വൈശ്യന്മാരുടെ ഭരണമാണിന്ന് നടക്കുന്നത്. അവിടെ ശൂദ്രന്മാര്‍ക്ക് എന്തു കാര്യം?
ലോക വ്യാപാര സംഘടനയില്‍ ഇന്ത്യ അംഗമാകുമ്പോള്‍ പറഞ്ഞിരുന്നത് കാര്‍ഷിക-വ്യാവസായിക-വ്യാപാരമേഖലകളില്‍ ഇന്ത്യക്ക് വന്‍ കുതിപ്പിനുള്ള സാധ്യതകള്‍ തുറന്നു തരുമെന്നായിരുന്നു. ആ കരാറിന്റെ ഒരു നിബന്ധനയായിരുന്നു പത്തുവര്‍ഷത്തിനുള്ളില്‍ സേവന മേഖലയെക്കൂടി വ്യാപാര നിയമങ്ങള്‍ക്കു വിധേയമാക്കണമെന്നുള്ളത്. അതാണ് ഗാട്സ്. (GATS - General Agreement on Trade in Services) വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതുവിതരണം, ഗതാഗതം തുടങ്ങിയ ജനക്ഷേമ സേവനമേഖലകളെ വ്യാപാരനിയമപ്രകാരം ലാഭകരമായി നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക എന്നതായിരുന്നു അതുകൊണ്ടുദ്ദേശിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുകയും സ്വകാര്യ മൂലധന നിക്ഷേപകര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിനു പ്രേരകമായി ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ലാഭകരമായും കാര്യക്ഷമമായും മേല്‍പ്പറഞ്ഞ സേവന മേഖലകളെ നടത്തിക്കൊണ്ടുപോകുന്നതിന് കഴിയുന്ന തരത്തില്‍ സ്വകാര്യ മൂലധനനിക്ഷേപകരെ പങ്കാളികളാക്കുക എന്നതാണ് ഗാട്സിന്റെ ലക്ഷ്യം.
ലോക വ്യാപാരകരാറില്‍ ഇന്ത്യ പങ്കാളിയായതിനു പിന്നാലെയാണ് വിദ്യാഭ്യാസമേഖലയെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രണ്ടു വ്യവസായ പ്രമുഖരെ നിയോഗിച്ചത്. അംബാനി-ബിര്‍ളാ റിപ്പോര്‍ട്ട് അങ്ങനെയാണുണ്ടായത്. പ്രസ്തുത റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദ്ദേശം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ചെലവുമുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്നും ഉന്നത വിദ്യാഭ്യാസം സ്വകാര്യ-വിദേശ മൂലധനനിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കണമെന്നുമായിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുമുമ്പ് സമര്‍പ്പിക്കപ്പെട്ട പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രയോഗമാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ ഇന്നു കാണുന്ന സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ അതിപ്രസരം. ഇന്ത്യയിലെ വന്‍കിട വ്യവസായ-വ്യാപാരകുത്തകകള്‍ വിദ്യാഭ്യാസമേഖലയില്‍ മുടക്കിയ മൂലധനത്തിന്റെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെങ്കിലും പണം മുടക്കാന്‍ കെല്‍പുള്ള ആര്‍ക്കും ഇന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടുമെന്നുറപ്പായിട്ടുണ്ട്.
അംബാനി-ബിര്‍ളാ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസമേഖലയിലാണ് സ്വകാര്യ മൂലധനനിക്ഷേപത്തിന് ശുപാര്‍ശചെയ്തതെങ്കില്‍ ഇപ്പോഴത് സ്കൂള്‍ വിദ്യാഭ്യാസമേഖലയിലും നടപ്പിലാക്കാന്‍ പോവുകയാണ്. തീരുമാനമെടുക്കുന്ന കാര്യത്തിലും നടപ്പിലാക്കുന്ന കാര്യത്തിലും അര്‍ജുന്‍സിങ്ങിനെക്കാള്‍ വേഗത കൂടുതലാണ് ഇപ്പോഴത്തെ മാനവശേഷി വികസനവകുപ്പുമന്ത്രി കപില്‍ സിബലിന്. അതിന്റെ ആദ്യത്തെ തെളിവാണ് വിദ്യാഭ്യാസം മൌലികാവകാശമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം. അപ്പോള്‍തന്നെ അദ്ദേഹം പ്രഖ്യാപിച്ചതാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യനിക്ഷേപകരെ പങ്കാളികളാക്കുന്നത് സംബന്ധിച്ച ഒരു നയരേഖ ഉടനെ പ്രസിദ്ധീകരിക്കുമെന്ന്. സെപ്തംബര്‍മാസം ആദ്യവാരത്തില്‍തന്നെ നയപ്രഖ്യാപനരേഖ പൊതു ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചില വികസ്വര രാഷ്ട്രങ്ങളില്‍ ലോകബാങ്ക് നടത്തിയ പഠനത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയില്‍ ഉദ്ധരിക്കുന്നുണ്ട്. കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഫിലിപ്പയിന്‍സ്, ടാന്‍സാനിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണവ. പ്രസ്തുത പഠനത്തിന്റെ ഫലമായി മൂന്നു കാര്യങ്ങള്‍ വ്യക്തമായത്രേ! (1) പൊതുമേഖലാ വിദ്യാലയങ്ങളിലെ പഠിതാക്കളേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് സ്വകാര്യ വിദ്യാലയങ്ങളിലുള്ളവര്‍ കാഴ്ചവച്ചത്. (2) വിദ്യാലയാധിഷ്ഠിതമായ ചെലവ് സ്വകാര്യ സ്കൂളുകളില്‍ കുറവാണ്. (3) വിദ്യാലയതലത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയില്‍ കൂടുതലായതിനാല്‍ നേട്ടങ്ങളും കൂടുതലാണ്. ഇക്കാരണങ്ങളാല്‍ സ്വകാര്യപങ്കാളിത്തം ആവണമെന്നാണ് തീരുമാനം.
മൂന്നു മേഖലകളിലായി ആറുതലങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തിനുള്ള ശുപാര്‍ശകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അടിസ്ഥാനസേവനം, പിന്തുണസേവനം, വിദ്യാഭ്യാസസേവനം എന്നിവയാണ് മൂന്നുമേഖലകള്‍. ആറുതലങ്ങളുള്ളതില്‍ ഒന്നാമത്തേത് അടിസ്ഥാന സൌകര്യ വികസനത്തില്‍ സ്വകാര്യ സാമ്പത്തിക സഹകരണമാണ്. ഇതനുസരിച്ച് സര്‍ക്കാര്‍വക ഭൂമിയില്‍ സ്വകാര്യസ്ഥാപനം സ്കൂള്‍ കെട്ടിടം പണിയുകയും അത് കൈവശംവയ്ക്കുകയും ഒരു നിശ്ചിതകാലത്തേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കരാര്‍ കാലത്തേക്ക് സര്‍ക്കാര്‍ ഒരു നിശ്ചിതതുക സ്വകാര്യസ്ഥാപനത്തിനു നല്‍കുന്നു. കരാര്‍ കാലാവധി കഴിയുമ്പോള്‍ പറമ്പും കെട്ടിടവും സര്‍ക്കാരിന്റേതാകും. നമ്മുടെ നാട്ടിലെ റോഡുകളില്‍ പാലംകെട്ടി ചുങ്കം പിരിക്കുന്നതുപോലുള്ള ഒരേര്‍പ്പാട്. ബ്രിട്ടനില്‍ ഇങ്ങനെ ചില സ്കൂളുകളുണ്ടത്രേ!
പിന്തുണ സംവിധാനപ്രകാരം ഉച്ചഭക്ഷണം, ഐടി സൌകര്യം, ലബോറട്ടറി, ജിംനേഷ്യം, ഗതാഗതം എന്നിത്യാദികള്‍ സ്വകാര്യപങ്കാളി സജ്ജമാക്കുകയും സര്‍ക്കാര്‍ അതിനുള്ള കൂലി നല്‍കുകയും വേണം. ഇത് കെട്ടിട നിര്‍മാണവുമായി ബന്ധിപ്പിച്ചോ പ്രത്യേകമായോ നല്‍കാം. ചില പ്രത്യേക മേഖലകളില്‍ സ്വകാര്യ പങ്കാളിക്ക് വൈദഗ്ധ്യം കൂടുതല്‍ കാണുമെന്നുള്ളതുകൊണ്ട് ഇതിന് മേന്മയുണ്ട്. ഉദാഹരണത്തിന് അംഗീകാരമുള്ള ഒരു ഭക്ഷണവിതരണക്കാരന് ഒരു സ്കൂളിലോ ഒന്നിലേറെ സ്കൂളുകളിലോ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കാന്‍ കഴിയും. അങ്ങനെയായാല്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ സാധിക്കും. ഉദാഹരണത്തിന് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഐ ടി സേവനം നല്‍കുന്നത് സ്വകാര്യ പങ്കാളികളാണ്.
അടിസ്ഥാന സൌകര്യം, പിന്തുണ സൌകര്യം, വിദ്യാഭ്യാസസേവനം എന്നീ മൂന്നു കാര്യങ്ങളും സ്വകാര്യ പങ്കാളിതന്നെ നല്‍കുന്നതാണ് മൂന്നാമത്തെ തലം. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം ഉള്‍പ്പെടെയുള്ള ഭരണനിയന്ത്രണം സ്വകാര്യ പങ്കാളിക്കായിരിക്കും. വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു നിശ്ചിത ഫീസ് എന്ന നിരക്കിലുള്ള തുക സര്‍ക്കാര്‍ നല്‍കണം. അടിസ്ഥാന സൌകര്യം, പിന്തുണ സൌകര്യം, അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഹാജര്‍, അദ്ധ്യാപകരുടെ യോഗ്യത, പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വ്യവസ്ഥകള്‍ നിശ്ചയിക്കാം. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിശ്ചിതനിലവാരം നിലനിര്‍ത്തേണ്ടത് സ്വകാര്യ പങ്കാളിയുടെ ആവശ്യമായതിനാല്‍ അവ മെച്ചപ്പെടുത്താന്‍ അയാള്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. നഗരപ്രദേശങ്ങളില്‍ ഇതായിരിക്കുമത്രേ നല്ലത്. എന്തെന്നാല്‍ അവിടെ ഒന്നിലേറെ പങ്കാളികള്‍ ഈ രംഗത്ത് മത്സരിക്കാനുണ്ടാകും. ഉദാഹരണമായി ചിലിയില്‍ 1981 മുതല്‍ നിലനില്‍ക്കുന്ന സ്കൂള്‍ വൌച്ചര്‍ പരിപാടി. സ്കൂളുകള്‍ വിദ്യാര്‍തഥികള്‍ക്ക് വൌച്ചര്‍ നല്‍കുകയും അവ ഹാജരാക്കിയാല്‍ സര്‍ക്കാര്‍ പണം നല്‍കുകയും ചെയ്യും. ഇന്ത്യയിലെ എയിഡഡ് സ്കൂള്‍ സമ്പ്രദായവും ഇതിനകത്തു വരുമത്രേ! ഇതിനനുസരിച്ച് കെട്ടിടം പണിയുടെ ഉത്തരവാദിത്വം മാത്രമേ സ്വകാര്യപങ്കാളിക്കുള്ളു. അദ്ധ്യാപകരുടെ ശമ്പളവും മരാമത്തു ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാലിവിടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം സ്വകാര്യ പങ്കാളിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിനാല്‍ അത് തുടരുന്നത് ഗുണകരമല്ല.
നാലാമത്തെ തലം സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യപങ്കാളിക്കു നല്‍കുന്ന രീതിയാണ്. അദ്ധ്യാപകരെയും ജീവനക്കാരേയും സ്വകാര്യപങ്കാളി കൈകാര്യംചെയ്തുകൊള്ളും. ഉദ്യോഗസ്ഥന്മാരുടെ കൈകടത്തലില്‍നിന്ന് സ്കൂളിനെ മോചിപ്പിക്കാനും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം ഉറപ്പാക്കാനും ഇതുകൊണ്ടു സാധിക്കും. കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലെ ചാര്‍ട്ടര്‍ സ്കൂള്‍ ഈ രീതിയിലാണത്രെ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും നിയമിക്കുകയും സ്കൂള്‍ നടത്തിക്കുകയും സ്വകാര്യ പങ്കാളിതന്നെ ചെയ്യുന്നതാണ് അഞ്ചാമത്തെ തലം. ഇതിലൂടെ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം ലഭിക്കുകയും അദ്ധ്യാപകര്‍ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാവുകയും ചെയ്യുമത്രേ! പാകിസ്ഥാനില്‍ തുടര്‍ച്ചയായി മോശപ്പെട്ടുകൊണ്ടിരുന്ന ചില സര്‍ക്കാര്‍ സ്കൂളുകളെ ചില സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) ഏറ്റെടുക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തുവത്രെ.
തൊഴിലധിഷ്ഠിത സേവനം നല്‍കുന്നതാണ് ആറാമത്തെ രീതി. ഇതനുസരിച്ച് അദ്ധ്യാപക പരിശീലനം, ഗുണനിയന്ത്രണം, വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം തുടങ്ങിയ സേവനങ്ങള്‍ സ്വകാര്യ പങ്കാളി നിര്‍വഹിക്കും. നിരവധിപേര്‍ മത്സരരംഗത്തുണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് ഓരോ സ്വകാര്യ പങ്കാളിയും നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. പരീക്ഷാ നടത്തിപ്പുപോലുള്ള ഭാരമേറിയ പ്രവൃത്തികളില്‍നിന്നും സ്കൂളധികൃതര്‍ക്ക് മോചനം ലഭിക്കും.
ഇത്തരത്തില്‍ സ്വകാര്യപങ്കാളിയെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏല്‍പിക്കുന്നതിന്റെ യുക്തി എന്താണെന്നും രേഖ വെളിപ്പെടുത്തുന്നു. എന്തൊക്കെയാണവ? ബഡ്ജറ്റ് ഭാരം ലഘൂകരിക്കാം; കാര്യക്ഷമത വര്‍ദ്ധിപ്പിക്കാം; നഷ്ടമുണ്ടായാല്‍ അതും പങ്കുവയ്ക്കാം; പ്രവര്‍ത്തനവേഗത വര്‍ദ്ധിപ്പിക്കാം; ചെലവുകുറയ്ക്കാം; പ്രവൃത്തിയില്‍ ഉത്തരവാദിത്വം ഉറപ്പാക്കാം; ഗുണമേന്മ ഉറപ്പാക്കാം; പ്രവര്‍ത്തനസ്വാതന്ത്യ്രം കൂടുതലാക്കാം- എന്നീ കാര്യങ്ങള്‍ നേടാന്‍ കഴിയുമത്രെ.
ഇന്ത്യയിലിപ്പോള്‍തന്നെ പലതരത്തിലുള്ള സ്വകാര്യ പങ്കാളികള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൂടുതല്‍ വ്യാപകമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പുതിയവ നിര്‍മിക്കുന്നതിനാണെങ്കില്‍ ഒരുപാടു സമയം വേണംതാനും. സ്വകാര്യ പങ്കാളിയെ ഉള്‍പ്പെടുത്തിയാല്‍ താഴെപ്പറയുന്ന നേട്ടങ്ങളുണ്ടാവും. നിര്‍മാണ സമയം കുറയ്ക്കുക, ചെലവുകുറയ്ക്കുക, അനുയോജ്യമായ രൂപരേഖ, അടിസ്ഥാന സൌകര്യവും സേവനവും ലഭ്യമാക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, ദീര്‍ഘകാല ഗഡുക്കളായിട്ടാണ് പണം കൊടുക്കുന്നത് എന്നതിനാല്‍ സര്‍ക്കാരിന് ഒരുമിച്ച് പണം ചെലവാക്കേണ്ടിവരുന്നില്ല, മരാമത്ത് പണി സ്വകാര്യ പങ്കാളി ചെയ്തുകൊള്ളും എന്നിവയാണ് നേട്ടങ്ങള്‍. എങ്കിലും ചില കോട്ടങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള പങ്കാളിത്തം ഇന്ത്യയില്‍ ആദ്യമായതിനാല്‍ അത് നടപ്പിലാക്കുന്നതിനാവശ്യമായ ഒരു അന്തരീക്ഷം ഇപ്പോള്‍ നിലവിലില്ല. അത് സൃഷ്ടിച്ച് മികച്ച സ്വകാര്യ പങ്കാളികളെ ആകര്‍ഷിക്കേണ്ടതുണ്ട്. നല്ലൊരു ശതമാനം സ്കൂളുകളും ഉള്‍നാടന്‍ പ്രദേശങ്ങളിലായതിനാല്‍ പ്രസിദ്ധങ്ങളായ സ്വകാര്യ പങ്കാളികള്‍ വരാന്‍ സാദ്ധ്യത കുറയും. ഭാവിയില്‍ സ്വകാര്യപങ്കാളിക്ക് പണം നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായതിനാല്‍ ബഡ്ജറ്റിലെ ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. നല്ലൊരു സ്വകാര്യ പങ്കാളിയുടെ മൂല്യം സര്‍ക്കാരിന്റേതിനേക്കാള്‍ കൂടുതലായതിനാല്‍ ചെലവും കൂടാന്‍ സാദ്ധ്യതയുണ്ട്.
നേട്ടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കോട്ടങ്ങള്‍ നിസ്സാരങ്ങളായതിനാല്‍ സ്വകാര്യ പങ്കാളികള്‍ക്കായി വിദ്യാഭ്യാസമേഖലയെ തുറന്നുകൊടുക്കുന്നതാണ് അഭികാമ്യമെന്ന് നയരേഖ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല സ്കൂള്‍ കെട്ടിടങ്ങള്‍ സ്വീകാര്യ പങ്കാളിയുടേതായാലും സര്‍ക്കാരിന്റേതായാലും അവ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്താല്‍ കൂടുതല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും പരമാവധി നേട്ടം കൈവരിക്കാനും സാധിക്കും. സ്കൂള്‍ പ്രവൃത്തിസമയം കഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി കെട്ടിടങ്ങളെ ഉപയോഗപ്പെടുത്താം. ഷിഫ്റ്റടിസ്ഥാനത്തില്‍ മറ്റു സ്ഥാപനങ്ങളും നടത്താം. വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമുള്ള നിരവധി വ്യക്തികള്‍ വിരമിച്ചശേഷം വെറുതേയിരിക്കുന്നുണ്ട്. അവരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ സ്വകാര്യപങ്കാളികള്‍ക്കുകഴിയും.
സ്വകാര്യ പങ്കാളികളെ വിദ്യാഭ്യാസമേഖലയില്‍ കൂടുതലായി കൊണ്ടുവരുന്നതിനുള്ള തീരുമാനം മുന്‍കൂട്ടി എടുത്തതിനുശേഷം അതിനാവശ്യമായ പൊതുജനാഭിപ്രായം നിര്‍മിക്കുന്നതിനായി നയരേഖ പ്രസിദ്ധീകരിച്ചുവെന്നേയുള്ളു. നവംബര്‍ ഒമ്പതാം തീയതിക്കുമുമ്പായി അഭിപ്രായങ്ങള്‍ മാനവശേഷി മന്ത്രാലയത്തിനെ അറിയിക്കണമെന്നും രേഖയില്‍ പറയുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും എത്രപേര്‍ അഭിപ്രായപ്പെട്ടു എന്ന് പൊതുജനം ഒരിക്കലും അറിയാന്‍ പോകുന്നില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചാലും ലഭിക്കുന്ന മറുപടിയെ വെല്ലുവിളിക്കാനാവശ്യമായ തെളിവുകള്‍ ചോദ്യകര്‍ത്താവിന്റെ പക്കലുണ്ടാവില്ല. നവരത്ന പട്ടികയില്‍പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍പോലും വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ പങ്കാളികള്‍ക്കു പണയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സ്ഥാപനമായ അക്കൌണ്ടന്റ് ജനറല്‍ ആഫീസിലെ പതിവുപണികള്‍പോലും സ്വകാര്യപങ്കാളിക്ക് (ഔട്ട്സോഴ്സിംഗ് എന്ന ഭംഗിവാക്ക്) നല്‍കിയിരിക്കുന്ന അനുഭവമുള്ള കേരളീയര്‍ക്ക് വിദ്യാഭ്യാസമേഖലയിലെ പുതിയ ഭരണപരിഷ്കാരത്തെപ്പറ്റി സംശയമൊന്നുമുണ്ടാകില്ല. തുടര്‍ച്ചയായി രണ്ടാംതവണയും ഭരിക്കാന്‍ അവസരം ലഭിച്ചതിനാല്‍ സമസ്ത മേഖലകളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള അംഗീകാരമാണത് എന്ന നിലയ്ക്കാണ് ഇക്കഴിഞ്ഞ ആറുമാസമായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. വികെഎന്‍ തന്റെ പ്രസിദ്ധ നോവലായ 'പിതാമഹനി'ലെ സര്‍ ചാത്തുവിനെക്കൊണ്ട് പ്രധാനമന്ത്രിയെന്ന നിലയില്‍ കൊച്ചി രാജ്യത്തിന്റെ ഖജനാവ് തന്റേയും സില്‍ബന്ധികളുടേയും പേരിലേക്ക് ചോര്‍ത്തിയ രീതിയില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരും കാലാവധി തീരുമ്പോള്‍ ഇന്ത്യയിലെ പൊതുമേഖലയെ പലര്‍ക്കായി ചോര്‍ത്തിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.
ഗുണപാഠമിതാണ്. പൊതുമേഖലാ വിദ്യാഭ്യാസത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും നിലവാരം മെച്ചപ്പെടുത്താനും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാദ്ധ്യതയുണ്ട്. അതില്‍ പരാജയപ്പെടുന്നവര്‍ക്ക് മറ്റൊന്നിനെപ്പറ്റിയും കുറ്റംപറയാന്‍ അവകാശമില്ല.
*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക
വിദ്യാഭ്യാസ അവകാശനിയമവും കേരളവും
പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍
Subscribe to:
Post Comments (Atom)
4 comments:
ഒരു ദശാബ്ദത്തിലേറെക്കാലം നീണ്ടുനിന്ന ഉറുഗ്വേവട്ട ചര്‍ച്ചകളുടെ അവസാനം ഗാട്ട് കരാര്‍ രൂപ പരിണാമത്തിനു വിധേയമാവുകയും ലോക വ്യാപാര സംഘടന നിലവില്‍വരികയും ചെയ്തു. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും 1995-ല്‍ ഇന്ത്യ അതില്‍ അംഗമായി. അന്നത്തെ ധനകാര്യമന്ത്രി പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ഇക്കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിനുശേഷം ശക്തനായി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷത്തിന്റെ അതിശക്തമായ ഇടങ്കോലിടല്‍ കാരണം നടപ്പാക്കാന്‍ കഴിയാതിരുന്ന പല പരിഷ്കാരങ്ങളും ഇപ്പോള്‍ മിന്നല്‍ വേഗത്തിലാണ് നടപ്പിലാക്കുന്നത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അറിയാതെയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെയുമാണ് ആസിയാന്‍ കരാര്‍ ഒപ്പിട്ടത്. കൃഷിമന്ത്രി അറിയാതെയാണ് വാണിജ്യമന്തി കാര്‍ഷിക വിളകളുടെ സ്വതന്ത്രവ്യാപാരത്തിനുള്ള കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹത്തിന്റെ കക്ഷി പരിഭവപ്പെട്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ വൈശ്യന്മാരുടെ ഭരണമാണിന്ന് നടക്കുന്നത്. അവിടെ ശൂദ്രന്മാര്‍ക്ക് എന്തു കാര്യം?
ശ്രീ കാര്‍ത്തികേയന്‍ നായര്‍ ഉള്‍പ്പടെയുള്ളവരുടെ തുഗ്ളക്ക് മോഡല്‍ പരിഷ്കാരങ്ങള്‍ ആണു പൊതു മേഖലയില്‍ നിന്നും എത്രയും വേഗം തണ്റ്റെ കുട്ടികളെ നിലവാരമുള്ള (പത്രാസില്‍ എങ്കിലും) സ്വകാര്യ സ്കൂളുകളില്‍ പഠിപ്പിക്കണം എന്നു ചുമട്ടു തൊഴിലാളിക്കു പോലും തോന്നിപ്പിച്ചത്,
ഡീ പീ ഈ പിയില്‍ തുടങ്ങി റങ്ക് സമ്പ്രദായം ഏറ്റുത്തു കളയുക ഗ്രേഡിംഗ് നടപ്പാക്കുക ഇണ്റ്റേര്‍ണല്‍ അസ്സസ്മണ്റ്റ് എന്ന പേരില്‍ വാരിക്കോരി മാറ്‍ക്കു നല്‍കി അക്ഷരം അമ്പത്താറുണ്ടെനു പോലും അറിയാത്ത കുട്ടികളെ ജയിപ്പിക്കുക അവരെ പ്ളസ് ടുവില്‍ കൊണ്ടു ചെന്നു തള്ളി അവിടെയുള്ള നിലവാരം ഇല്ലാതാക്കുക കൂണുപോലെ മുളച്ച സ്വാശ്രയ കോളേജുകളില്‍ പ്ളസ് ടു വിദ്യാര്‍ഥികളെ പോലെ എന്‍ ജിനീയറിംഗ് പഠിപ്പിക്കുക ഇങ്ങിനെ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിനു വെളിയില്‍ ഉള്ള കുട്ടികളുടെ പത്തിലൊന്നു നിലവാരം പോലും ഇന്നു കേരളത്തില്‍ പഠിക്കുന്ന കുട്ടിക്കില്ലാതാക്കിയിരിക്കുന്നു എന്‍ ജിനീയറിംഗ് പാസ്സായ ഒരു കുട്ടി തണ്റ്റെ കരിക്കുലം വിറ്റാ എഴുതി കൊണ്ടു വരുന്നത് കണ്ടാല്‍ പലപ്പോഴും നമ്മള്‍ ലജ്ജിക്കേണ്ടി വരുന്നു
സര്‍ക്കാരിലും എയിഡഡിലും അധ്യാപകര്‍ ഒബ്സൊലേറ്റ് ആയ പാഠ്യ പധതിയുമായി അതു തന്നെ പഠിപ്പിക്കാന്‍ ശ്രമിക്കാതെ സമയം കളയുന്നു അതെ സമയം മറ്റു സംസ്ഥാനങ്ങളില്‍ സ്വാശ്രയമായാലും ഗവണ്‍മണ്റ്റ് ആയാലും പുതിയ കോഴ്സുകള്‍ , പുതിയ ഡിഗ്രികള്‍ അനുദിനം ഇണ്റ്റ്രൊഡ്യൂസ് ചെയ്യുന്നു അവിടെ പഠിച്ചു വരുന്നവറ്‍ക്കു ഇംഗ്ളീഷ് നിലവാരം ഇന്‍ഡസ്റ്റ്രി എക്സ്പോഷര്‍ എന്നിവ കൂടുതല്‍ ആയതിനാല്‍ ലക്ഷക്കണക്കിനു രൂപ ശമ്പളമുള്ള ഉദ്യോഗങ്ങള്‍ അനായാസം കിട്ടുന്നു
അതു കണ്ട് മിഡില്‍ ക്ളാസും കാണം വിറ്റും തണ്റ്റെ കുട്ടിയെ അന്യ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ ഇല്ലാത്ത പെട്രോളിയം എന്‍ ജിനീയറിംഗ് പോലെയുള്ള കോര്‍സുകളില്‍ വിടുന്നു നമ്മുടെ പണം അന്യ സംസ്ഥാനങ്ങളില്‍ പോകുന്നു
ഇവിടെ അഞ്ചു വര്‍ഷമായിട്ടും മര്യാദക്കു എന്‍ ട്ര്‌റന്‍സ് റിസല്‍റ്റ് ഇടാനോ അഡ്മിഷന്‍ പൂര്‍ത്തിയാക്കാനോ കഴിയുന്നില്ല എം ഇ ബേബിക്കു ജൂണ്‍ ജൂലൈ ആകുമ്പോള്‍ ചില ബോധോദയം ഉണ്ടാകുന്നു പിന്നെ കോടതി കയറ്റം ആയി നവംബര്‍ ആയാലും അഡ്മിഷന്‍ തീരുന്നില്ല കൌണ്‍സലിംഗ് നടക്കുന്നതെയുള്ളു
This year's entrance policy not yet declared, he is waiting for June 2010 to announce that.
ഈ സമയം വെളിയില്‍ പോയ വിദ്രാര്‍ഥികള്‍ ഒരു സെമസ്റ്റര്‍ പഠിച്ചു കഴിയുന്നു സ്വകാര്യ പങ്കാളിത്തം നല്ല നല്ല കോര്‍സുകള്‍ അന്താരാഷ്ട്ര യൂണിവേര്‍സിറ്റികളുടെ കോര്‍സുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പഠിക്കാനുള്ള അവസരം ഉണ്ടാക്കും അവസാന വര്‍ഷം നമ്മുടെ കുട്ടികള്‍ക്കു ബ്രീട്ടനിലും അമേരിക്കയിലും പോയി പഠിക്കാം ഗ്ളോബലൈസേഷണ്റ്റെ ഫലമായി ഉണ്ടാകുന്ന നല്ല നല്ല ജോലികള്‍ കരസ്ഥമാക്കാം
അതിനാല്‍ എതിര്‍ക്കല്‍ മാറ്റി വച്ചു ഇനി എങ്കിലും കണ്ണു തുറന്നു നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കു
Post a Comment