Monday, November 23, 2009

മന്ത്രിസഭയിലും ഭീകരവാദിയോ?

അത്ര നിസ്സാരമായി തള്ളിക്കളയാവുന്ന സംഭവമല്ല അന്നുണ്ടായത്. ഒക്ടോബര്‍ 27 പകല്‍ 2.35. ഭുവനേശ്വര്‍- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ പശ്ചിമ ബംഗാളിലെ ഖരഗ്‌പൂറിനു സമീപം ബണ്‍സ്റ്റലയില്‍ അവിചാരിതമായി നിര്‍ത്തി. ഉടന്‍തന്നെ ബംഗാളില്‍ രൂപീകരിക്കപ്പെട്ട പൊലീസ് പീഡനത്തിനെതിരെയുള്ള ജനകീയ സമിതി (പിസിപിഎ)പ്രവര്‍ത്തകരായ മുന്നൂറിലേറെപേര്‍ ട്രെയിന്‍ അക്രമിച്ചു. കല്ലേറില്‍ ജനലുകള്‍ തകര്‍ന്നു, യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ലോക്കോപൈലറ്റ് കെ ആനന്ദ റാവുവിനെയും അസിസ്റ്റന്റ് കെ ജി റാവുവിനെയും തട്ടിക്കൊണ്ടുപോയി. പൊലീസ് കസ്റ്റഡിയിലുള്ള പിസിപിഎ നേതാവ് ഛത്രധര്‍ മഹാതോയെ അരമണിക്കൂറിനകം വിട്ടയക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നും കടുത്ത നടപടികളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ട്രെയിനിന് സംരക്ഷണം നല്‍കിയിരുന്ന റെയില്‍വേ സംരക്ഷണ സേന രംഗത്തുനിന്ന് അപ്രത്യക്ഷമായതും പെട്ടെന്നായിരുന്നു. അവരുടെ അംഗസംഖ്യ വളരെ കുറച്ചു മാത്രമായിരുന്നുവെന്നത് ശരി. അവര്‍ യൂണിഫോമില്‍നിന്ന് സിവിലിയന്‍ വേഷത്തിലേക്ക് പെട്ടെന്ന് മാറിയെന്നും വാര്‍ത്തകളില്‍ കാണുന്നു. അഞ്ചു മണിക്കൂറിനുശേഷമാണ് ലോക്കോ പൈലറ്റുമാര്‍ മോചിതരായത്.

സംഭവമുണ്ടായി വളരെ പെട്ടെന്ന് തന്നെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം വന്നുവെന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്. ട്രെയിന്‍ നിര്‍ത്തിപ്പിച്ചതിനുപിന്നില്‍ സിപിഐ എം ആണെന്ന് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് ഏറെ ആലോചനയും സമയവും വേണ്ടിവന്നില്ല. അവിടംകൊണ്ടും നിര്‍ത്തിയില്ല. ബംഗാള്‍ ഗവണ്‍മെന്റിനെ പിരിച്ചുവിട്ട് ഉടന്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അതേസമയം പിസിപിഎയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തിരസ്‌ക്കരിച്ചു. ട്രെയിന്‍ മോചിപ്പിക്കാന്‍ സിആര്‍പിഎഫ് ജവാന്മാരെ അയക്കാനും ആവശ്യപ്പെട്ടു. കലാപകാരികളുടെ ചെറിയ ചെറുത്തുനില്‍പ്പിനും വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തതിന് ശേഷമാണ് എന്‍ജിന്‍ ഡ്രൈവറും സഹായിയും മോചിപ്പിക്കപ്പെട്ടത്. സംഭവത്തിനുശേഷം മഹാതോയുടെ മോചനം ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയാണ് കലാപകാരികള്‍ പിരിഞ്ഞുപോയത്. രസകരമായ കാര്യം മോചിപ്പിക്കണമെന്ന് കലാപകാരികള്‍ പറയുന്ന മഹാതോ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും മാവോയിസ്റ്റ് മുന്നണി നേതാവുമാണെന്നതാണ്.

പിസിപിഎ മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും സംയുക്തമായാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതെന്നുവേണം അനുമാനിക്കാന്‍. സംഭവം നടന്നയുടന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ നേതാവുമായ ശിശിര്‍ അധികാരി മാധ്യമങ്ങളോട് പറഞ്ഞത് എന്താണ് സംഭവിക്കുകയെന്ന് അറിയാമായിരുന്നുവെന്നാണ്. അതേസമയം റെയില്‍വേ മന്ത്രാലയം അസാധാരണമായി മൌനംപാലിച്ചു. റെയില്‍വെ അധികൃതര്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പ്രതികളിലാരുടെയും പേരും പരാമര്‍ശിച്ചില്ല. കലാപകാരികള്‍ക്ക് നേതൃത്വം നല്‍കിയ അഞ്ചുപേരെയെങ്കിലും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തൃണമൂല്‍-മാവോയിസ്റ്റ് നേതാക്കളുടെ ബന്ധം ഇന്നൊരു രഹസ്യമല്ല. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മമതാ ബാനര്‍ജി മാവോയിസ്റ്റ് നേതാവ് മഹാതോയെ സന്ദര്‍ശിച്ചത് അധികൃതരുടെ അഭ്യര്‍ഥനകള്‍ തള്ളി പൊലീസ് എസ്കോര്‍ട്ടുപോലും ഉപേക്ഷിച്ചാണ്. മാത്രമല്ല മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ കടപഹരിയില്‍ മഹാതോയ്ക്കൊപ്പം സംയുക്ത റാലിയില്‍ പങ്കെടുക്കുകയുംചെയ്തു.

മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനവും യോജിച്ച് നടപടിയെടുക്കുമ്പോള്‍ ജൂലൈ 28ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്നാണ് മമത ആവശ്യപ്പെട്ടത്. മാത്രമല്ല കേന്ദ്രമന്ത്രിമാരായ മുകുള്‍ റോയ്, ശിശിര്‍ അധികാരി എന്നിവരെ നിയമസഭാ പ്രതിപക്ഷ നേതാവ് പാര്‍ഥോ ചാറ്റര്‍ജിക്കൊപ്പം ലാല്‍ഗഢിലേക്ക് അയക്കുകയും കലാപകാരികള്‍ക്ക് ദുരിതാശ്വാസമെത്തിക്കുകയുംചെയ്തു. പിസിപിഎ വക്താവ് അഷിത് മഹാതോ പറഞ്ഞത് 'മമതാ ബാനര്‍ജി തീര്‍ച്ചയായും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. അവര്‍ക്ക് ഞങ്ങളുടെ സഹായം അനിവാര്യമാണ് ' എന്നാണ്. രാജധാനി എക്സ്പ്രസ്സ് അസാധാരണമായി നിര്‍ത്തിയിട്ടതും എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കാതിരുന്നതും കൂട്ടിവായിക്കുന്ന ആര്‍ക്കും മാവോയിസ്റ്റ്-തൃണമൂല്‍ സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്ന് കാണാനാകും.

തൃണമൂലിന്റെ സ്വീകാര്യതയെക്കുറിച്ച് ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നത് നോക്കുക. ചലച്ചിത്രകാരി അപര്‍ണസെന്‍ പറയുന്നു: ഞാന്‍ ചിത്രീകരണത്തിനിടയിലാണ്. അടുത്തകാലത്തെ സംഭവങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല..' നേരത്തെ മഹാതോയെ കാണാതായി അറസ്റ്റുചെയ്യപ്പെടുന്നതിന് മുമ്പ് അയാളെ എത്രയും വേഗം കണ്ടുമുട്ടണം എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ചിത്രകാരി ഷുവപ്രസന്ന, കവി ജോയ് ഗോസ്വാമി, നാടകകാരന്‍ ബിബാഷ് ചക്രവര്‍ത്തി, കൌശിക് സെന്‍ തുടങ്ങിയവരുടേതും സമാനമായ വാക്കുകളാണ്: "പിസിപിഎ ആയുധം എടുത്തെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ല, അതിനര്‍ഥം ഞാന്‍ അവരുടെ പ്രസ്ഥാനത്തെ അനുകൂലിക്കുന്നുവെന്നുമല്ല.''

എഴുത്തുകാരി മഹാശ്വേതാ ദേവിക്ക് കലാപകാരികളെ പിന്തുണയ്ക്കുന്നതിന് നാടകീയമായ കാരണങ്ങളാണുള്ളത്. "പിസിപിഎ ആയുധം എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനെയൊരു സായുധ കലാപമായി കാണേണ്ടതില്ല. അവര്‍ അമ്പും വില്ലുമാണ് ഉപയോഗിക്കുന്നത്. അതിന് ഒരേസമയം ഒരാളെ മാത്രമേ കൊല്ലാന്‍ കഴിയൂ. അവര്‍ ബോംബും തോക്കും ഉപയോഗിക്കുന്നില്ല. അവര്‍ അതുപയോഗിക്കുമ്പോള്‍ ഞങ്ങള്‍ നിലപാടില്‍ മാറ്റംവരുത്തുന്നത് പരിഗണിക്കാം.'' എന്നാല്‍ പിസിപിഎ തോക്കുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ടുകള്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും അതിശയിപ്പിക്കുന്ന നിലാപടാണെടുത്തത്. മാവോയിസ്റ്റ്, പിസിപിഎ എന്നിവയുമായി മമതയ്ക്കുള്ള ബന്ധം അടിസ്ഥാനമില്ലാത്തതെന്നായിരുന്നു ചിദംബരത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല, കള്ളപ്രചാരകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് 'മാവോയിസ്റ്റുകളോട് സിപിഐ എമ്മിന് പ്രത്യേക താല്‍പര്യമാണെ'ന്നും ചിദംബരം പറഞ്ഞുവച്ചു. "അവര്‍ മാവോയിസ്റ്റുകളെ ആയുധധാരികളായ സഖാക്കള്‍ എന്നാണ് വിളിക്കുന്നതും''-ചിദംബരം പറഞ്ഞു.അതേസമയംതന്നെ കേന്ദ്രവുമായി സംസാരിക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.

ഇതെല്ലാം വ്യക്തമാക്കുന്നത് മാവോയിസ്റ്റുകള്‍ രാജ്യത്തിന് ഭീഷണിയാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ പോലും തിരിച്ചറിയുന്നില്ലെന്നാണ്. മാവോയിസ്റ്റുകള്‍ക്കെതിരായ പ്രചാരണം ഫലം കാണണമെങ്കില്‍ ഡോ. മന്‍മോഹന്‍സിങ് ആദ്യം ചെയ്യേണ്ടത് തന്റെ സഹപ്രവര്‍ത്തകരെ ശരിയായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്.

***

സുനീത് ചോപ്ര, ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇതെല്ലാം വ്യക്തമാക്കുന്നത് മാവോയിസ്റ്റുകള്‍ രാജ്യത്തിന് ഭീഷണിയാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ പോലും തിരിച്ചറിയുന്നില്ലെന്നാണ്. മാവോയിസ്റ്റുകള്‍ക്കെതിരായ പ്രചാരണം ഫലം കാണണമെങ്കില്‍ ഡോ. മന്‍മോഹന്‍സിങ് ആദ്യം ചെയ്യേണ്ടത് തന്റെ സഹപ്രവര്‍ത്തകരെ ശരിയായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്.

*free* views said...
This comment has been removed by the author.
*free* views said...
This comment has been removed by the author.
Anonymous said...

മധുര മനോജ്ഞ ചൈന ആയുധം കൊടുക്കുന്നതാണു മാവോയിസ്റ്റുകളുടെ ശക്തിക്കു കാരണം സൂചി കൊണ്ടെടുക്കേണ്ടതു തൂമ്പ കൊണ്ടെടുക്കേണ്ടിവരും എന്നതും തീറ്‍ച്ചയാണു

ബംഗാളില്‍ ഭരണം പിടിക്കാന്‍ മമത മുസ്ളീം തീവ്റവാദത്തെയും നക്സലൈറ്റുകളെയും കൂട്ടു പിടിക്കുന്നു അവറ്‍ തന്നെയാണു നക്സലൈറ്റുകള്‍ക്കെതിരെ കേന്രം അനങ്ങാതിരിക്കാന്‍ കാരണവും

ചിദംബരം ഹോം മിനിസ്റ്ററ്‍ ആയ ശേഷവും തീവ്റവാദം ബോംബുവെക്കല്‍ മുറയ്ക്കു നടക്കുന്നു , ബംഗാള്‍ ഗവണ്‍മെണ്റ്റിനു എന്തു കൊണ്ട്‌ നക്സലൈറ്റുകളെ അല്ലെങ്കില്‍ മാവോയിസ്റ്റുകളെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല അവറ്‍ക്കു ജനസമ്മതി അല്ലെങ്കില്‍ ഗ്രൌണ്ട്‌ സപ്പോറ്‍ട്ടുള്ളതു കൊണ്ടായിരിക്കണം

കേന്ദ്രവും സംസ്ഥാനവും ദയനീയമായി ലാ ആന്‍ഡ്‌ ഓറ്‍ഡറ്‍ നിലനിറ്‍ത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു ഈ ഭസ്മാസുരന്‍ കാരണം മമത തന്നെ ബംഗാള്‍ മുഖ്യമന്ത്റി ആയാല്‍ വിഷമിക്കേണ്ടി വരും

ഏതായാലും ബംഗാളിലും കേരളത്തിലും ഭരണമാറ്റം ഉണ്ടാകാന്‍ പോവുകയാണു നല്ലതിനോ ചീത്തക്കോ എന്നു കാലം തെളിയിക്കട്ടെ

chithrakaran:ചിത്രകാരന്‍ said...

ഇത്ര കാലം പശ്ചിമ ബംഗാള്‍ ഭരിച്ചിട്ടും അവിടെ ജനങ്ങള്‍ക്ക് നീതിയും മാന്യതയും തുല്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കൊണ്ടുപോയി കുഴിച്ചിടടേ നിങ്ങളേ കമ്മ്യൂണിസ്റ്റ് സവര്‍ണ്ണ മൃതദേഹത്തെ !!!
കസേര കെട്ടിപ്പിടിച്ചിരിക്കുന്ന ഈ കുറ്റിച്ചൂലു കമ്മ്യൂണിസ്റ്റുകളെ വല്ല മാവോവാദികളും വന്ന് കമ്മ്യൂണിസം പഠിപ്പിച്ചിരുന്നെങ്കില്‍ ഇ.എം.എസ്സിന്റെ പേരില്‍ ഒരു പുഷ്പ്പാഞ്ജലി കഴിപ്പിക്കായിരുന്നു !!! പിണറായിയുടേയും കാരാട്ടിന്റേയും പേരില്‍ ശത്രുസംഹാര പൂജയും ചിത്രകാരന്റെ വക.