എം ടി വാസുദേവന്‍നായരുമായി ബിജു മുത്തത്തി നടത്തിയ അഭിമുഖം.
തിരക്കഥയുടെ അതിസൂക്ഷ്മ സമഗ്രതയാണ് എം ടി സിനിമകളുടെ പെരുമ. വിജയിച്ച എല്ലാ എം ടി സിനിമകള്‍ക്ക് പിന്നിലും വിജയിച്ച എഴുത്തുകാരനുണ്ട്. എം ടി യുടെ എഴുത്തിനെ ഭാവനാശൂന്യമായി പിന്തുടര്‍ന്ന് തോറ്റ സംവിധായകരുമുണ്ടെന്നത് കണ്‍കണ്ട യാഥാര്‍ഥ്യം. പത്മരാജനെപ്പോലെ, എം ടി യുടെ തിരക്കഥകള്‍ സിനിമ തീര്‍ന്നിട്ടും തീരാതിരിക്കുന്നില്ല. അല്ലെങ്കില്‍ അപൂര്‍ണ വിരാമത്തില്‍ നിര്‍ത്തുന്നതോ കാഴ്ചക്കാരന്‍ പൂരിപ്പിക്കേണ്ടതായോ ഉള്ള ദൃശ്യസംശയവുമില്ല. കഥ പൂര്‍ണമായും പറഞ്ഞുവയ്ക്കുന്നു എം ടി സിനിമയില്‍. ആദിമധ്യാന്തപ്പൊരുത്തമുള്ള കഥാപൂര്‍ണത തന്നെയാണ് പുകള്‍പെറ്റ ആ എഴുത്തുവൈഭവം. അതുകൊണ്ട് നല്ല സിനിമ നല്ല കഥ എന്ന് നിര്‍വചിക്കുന്നവര്‍ എന്നും എം ടിയുടെ ഒരു തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു. കഥ ചരിത്രകഥയായിരുന്നാലും എം ടി യുടെ പേന കാട്ടുന്ന കൃത്യതയും നിരീക്ഷണപടുത്വവുമൊന്നും എഴുത്തിന്റെ സഹജമായ സര്‍ഗമുദ്രകളെ അതിലംഘിക്കുന്നുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'കേരളവര്‍മ പഴശ്ശിരാജാ.'
'പഴശ്ശിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍പോകുന്നതേയുള്ളൂ' എന്നത് സിനിമയിലെ ദേശാഭിമാന ദാര്‍ഢ്യമുള്ള സംഭാഷണങ്ങളില്‍ ഒന്നാണ്. മലയാളത്തിലെ വരണ്ട ചരിത്രസിനിമകളുടെ ചരിത്രത്തോട് യുദ്ധം ചെയ്ത് പഴശ്ശിരാജാ കീഴ്പ്പെടുത്തുന്ന കോട്ടകളും ചുരങ്ങളും കാണാന്‍ പോകുന്നതേയുള്ളൂ. പഴയ വടക്കന്‍പാട്ടു സിനികളുടെ കേവല വിവരണാത്മകതയോടും അതിനാടകീയതയോടും 'ഒരു വടക്കന്‍ വീരഗാഥ' പോരടിച്ച മട്ടിലും മാതിരിയിലും തന്നെയാകും ഇതും. ചരിത്ര സിനിമകള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യയുടെയും കേരളത്തിന്റെയും സിനിമാ ചരിത്രത്തിലേക്ക് പഴശ്ശിരാജ പടയോട്ടം നടത്തുമ്പോള്‍ എഴുത്തിന്റെ മറ്റൊരു ചരിത്രഘട്ടത്തിലാണ് തിരക്കഥാകൃത്ത്. തിരക്കഥാ രചനയുടെ 40-ാം വര്‍ഷത്തില്‍! 1969-ലാണ് എം ടിയുടെ ആദ്യ തിരക്കഥ 'ഓളവും തീരവും' സിനിമയായത്. 2001 -ല്‍ തന്റെ പ്രസിദ്ധമായ 'വാനപ്രസ്ഥം' എന്ന കഥയ്ക്ക് 'തീര്‍ത്ഥാടനം' എന്ന തിരക്കഥയൊരുക്കിയതിനു ശേഷമാണ് ഇപ്പോള്‍ പഴശ്ശിരാജ. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം എം ടിയുടെ ഒരു തിരക്കഥ വീണ്ടും സിനിമയാകുമ്പോള്‍ സ്വാഭാവികമായുമുയരുന്ന ചോദ്യമാണ് എന്തുകൊണ്ട് പഴശ്ശിരാജ എന്നത്. കുറച്ചധികം ചോദ്യങ്ങളിലൂടെ പന്തലിക്കുന്ന ആ ഒറ്റച്ചോദ്യത്തിനുള്ള മറുപടി പറയുകയാണ് ഇവിടെ എം ടി വാസുദേവന്‍നായര്‍.
?ചരിത്രത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന പഴശ്ശിരാജായെ സിനിമാ ചരിത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമം എന്തിനായിരുന്നു.
പഴശ്ശിരാജാവിന്റെ കഥ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാണ്. ആ ജീവിതകഥ കുറേക്കൂടി ശ്രദ്ധ അര്‍ഹിക്കുന്നതായി തോന്നി. മലയാളത്തില്‍ പഴശ്ശിരാജായെക്കുറിച്ച് കുഞ്ഞിരാമന്‍നായരുടെ കവിത വന്നിട്ടുണ്ട്. നോവലുണ്ട്. നാടകമുണ്ട്. വീണ്ടും അത് ഒന്നുകൂടി ഹൈലൈറ്റ് ചെയ്യണം എന്ന തോന്നലുണ്ടായതുകൊണ്ടാണ് അങ്ങനെയൊരു സിനിമ സംഭവിച്ചത്. വളരെ വലിയ ക്യാന്‍വാസില്‍ തന്നെയാണ് ചിന്തിച്ചത്. അതു നന്നായി എടുത്തു. ആളുകള്‍ സ്വീകരിച്ചു. എല്ലാം അറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്.
?ചരിത്രത്തിനും ഐതിഹ്യത്തിനുമിടയിലല്ലേ പഴശ്ശിരാജായുടെ ജീവിതകഥ? ചരിത്രം സിനിമയാക്കുമ്പോഴുള്ള ബാധ്യതകളും സാധ്യതകളും എന്താണ്.
ഐതിഹ്യമല്ല, ചരിത്രം തന്നെയാണ്. രേഖകളുള്ള ചരിത്രം തന്നെയാണ് പഴശ്ശിരാജായുടെ ജീവിതം. ചരിത്രരേഖകളെ നമുക്ക് മാറ്റിമറിക്കാന്‍ കഴിയില്ല. ഏതു തീയതിയിലാണ് പഴശ്ശിക്കൊട്ടാരം കൊള്ളയടിക്കപ്പെട്ടത്, എന്നാണ് അദ്ദേഹം മരിച്ചത്, ഏതു സമയത്താണ് കുറിച്യപ്പടയുടെ സഹായത്തോടെ പഴശ്ശി, ചുരങ്ങള്‍ പിടിച്ചത്-എല്ലാം ചരിത്രം തന്നെയാണ്. അതിലൊന്നും ഐതിഹ്യമില്ല. കെട്ടുകഥകളുടെ അംശമില്ല. ഹിസ്റ്റോറിക്കലാണ് എല്ലാം. മലബാര്‍ മാന്വലിലുണ്ട് പഴശ്ശിയുടെ ചരിത്രം. ചരിത്രകാരന്മാര്‍ പഴശ്ശി സമരങ്ങളെക്കുറിച്ച് നിരവധിയെഴുതിയിട്ടുണ്ട്; കെ കെ എന്‍ കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍. അത് പിന്തുടരുക തന്നെയായിരുന്നു ഞാനും.
?പ്രധാനമായും പഴശ്ശിയുടെ ജീവിതത്തില്‍ താങ്കളെ ആകര്‍ഷിച്ചിട്ടുള്ള ഘടകമേതാണ്.
എന്നെ ആകര്‍ഷിച്ചിട്ടുള്ള ഘടകമെന്നത് ഹിസ്റ്ററിയിലുള്ളത് തന്നെയാണ്. പഴശ്ശിയെ പിടിക്കാന്‍ നിയുക്തനായ കലക്ടര്‍ ബാബര്‍ എഴുതിയ ഒരു കത്തുണ്ട്. പഴശ്ശി വീണതിനുശേഷം, അയാളുടെ ദൌത്യം പൂര്‍ത്തിയായതിനുശേഷം, അയാള്‍ മേലധികാരികള്‍ക്ക് എഴുതിയ കത്ത്. പഴശ്ശി നമ്മുടെ ശത്രുവായിരുന്നുവെങ്കിലും, എല്ലാവിധ ബഹുമതികളോടും കൂടിയാണ് താനീ മൃതദേഹം അയക്കുന്നതെന്ന് കത്തില്‍ പറയുന്നു. അത് എന്റെ മേലധികാരികള്‍ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും. അതൊക്കെ ചരിത്രത്തിലെ പ്രധാനപ്പെട്ട വിഷയമാണ്. കൃഷിക്കാര്‍ക്കൊപ്പം നിലകൊണ്ട ഭരണാധികാരിയായിരുന്നു പഴശ്ശി. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം കൃഷിക്കാര്‍ കൃഷി ചെയ്യാതിരിക്കുകയായിരുന്നു. അവര്‍ക്ക് വിത്തും വല്ലിയും കടം വാങ്ങിക്കൊടുത്ത് കൃഷി ചെയ്യൂ എന്നു പറഞ്ഞത് പഴശ്ശിയാണ്. നികുതി പിരിവ് വളരെ ക്രൂരമായപ്പോള്‍ നികുതി നിഷേധിക്കാന്‍ കല്പിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ യുദ്ധതന്ത്രമായിരുന്നു അത്. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്നതിനുള്ള ആദ്യത്തെ ആസൂത്രിത സമരമായിരുന്നു നികുതി നിഷേധം. നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നികുതി നിഷേധം പിന്നീടു വന്നു; വളരെക്കഴിഞ്ഞ്. ആദ്യം അത് തുടങ്ങിയത് പഴശ്ശിയായിരുന്നു. വയനാടന്‍ കാടുകളിലെ കുറിച്യരെയും ആദിവാസികളെയും സംഘടിപ്പിച്ച് അവരുടെ സഹായത്തോടെ ചുരങ്ങള്‍ കീഴടക്കി. അങ്ങനെ ഒരു പ്രത്യേകമായ യുദ്ധമുറതന്നെ അദ്ദേഹമുണ്ടാക്കി. അതിന്റെയൊരു ഘട്ടത്തില്‍ അദ്ദേഹം പറയുന്നുണ്ട്; തനിക്ക് ഒരു രാജ്യം കിട്ടാനാണ്, രാജ്യ ത്തിന്റെ ഒരുഭാഗം കിട്ടാനാണ് ഇതെന്ന് ആരും കരുതേണ്ടെന്ന്. 'വേണ്ട; ഒരു രാജ്യം എനിക്ക് തളികയില്‍ വെച്ചുതന്നാലും എനിക്കു വേണ്ട. എനിക്ക് ഇവിടെ ആളുകള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണണം. ഈ തലശ്ശേരിക്കോട്ടയിലേക്ക് വരാന്‍പോലും എനിക്ക് ബ്രിട്ടീഷുകാരുടെ പാസ്സുവേണം. ഈ സ്ഥിതി മാറിയേ തീരു' -ഇതൊക്കെ രേഖകളാണ്. അതെല്ലാം അടിവരയിട്ട് കാണിക്കുകയായിരുന്നു എഴുതുമ്പോള്‍ എന്റെ താല്പര്യവും ലക്ഷ്യവും. എനിക്കു കഴിയുന്ന രീതിയില്‍ ഞാന്‍ എഴുതി. അത് ശക്തമായും ഭംഗിയായും ഹരിഹരന്‍ ദൃശ്യരേഖയാക്കി. അതിലെ നടീനടന്മാരും സാങ്കേതിക വിദഗ്ധരും ഭംഗിയായി അത് എക്സിക്യൂട്ട് ചെയ്തു.
?സര്‍ഗാത്മക സാഹിത്യകാരന്‍ ചരിത്രമെഴുതുമ്പോള്‍ പ്രശ്നങ്ങളില്ലേ.
സര്‍ഗാത്മക സാഹിത്യത്തിന്റെ അംശങ്ങള്‍ എല്ലാത്തിലും വരും. ഞാന്‍ പുരാണമെഴുതിയിട്ടുണ്ട്. നാടന്‍പാട്ടെഴുതിയിട്ടുണ്ട്. എഴുത്തുകാരനെന്ന നിലയില്‍ എന്റെ സര്‍ഗാത്മകത ഇതിലൊക്കെ വരും. അത് ചരിത്രമെഴുതുമ്പോഴും വരും.
?താങ്കളുടെ 'ഒരു വടക്കന്‍ വീരഗാഥ'യുമായാണ് ഇപ്പോള്‍ 'പഴശ്ശിരാജാ'യെ താരതമ്യപ്പെടുത്തുന്നത്. അപ്രസക്തമല്ലേ ഇത്തരം താരതമ്യങ്ങള്‍.
എനിക്ക് വിരോധമില്ല!
? അങ്ങനെയെങ്കില്‍ ഒരു വടക്കന്‍ വീരഗാഥയില്‍ താങ്കളെടുത്ത സ്വാതന്ത്ര്യം ഈ സിനിമയിലും കാണാനാവുമോ.
വടക്കന്‍ വീരഗാഥയില്‍ ഞാന്‍ അങ്ങനെ സ്വാതന്ത്ര്യമൊന്നുമെടുത്തിട്ടില്ല. എവിടെയാണ് സ്വാതന്ത്ര്യമെടുത്തിട്ടുള്ളത്? വടക്കന്‍പാട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. വേറെ സ്വാതന്ത്ര്യമൊന്നും ഞാനെടുത്തിട്ടില്ല. ഇതിലിപ്പോള്‍ എവിടെയാണ് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുള്ളത്? ചരിത്രമാണല്ലോ? ചരിത്രം മാറ്റിയെഴുതാന്‍ പറ്റുന്നതാണോ? പഴശ്ശിയുടെ യുദ്ധങ്ങളും മാറ്റിമറിക്കാനാവില്ല. അതിനെല്ലാം റിക്കാര്‍ഡുണ്ട്.
അങ്ങനെയായാലും അതില്‍ എഴുത്തുകാരന്റേതായ കോണ്‍ട്രിബ്യൂഷന്‍സ് ഉണ്ടാകും. ഞാനൊരു ക്രിയേറ്റീവ് റൈറ്റര്‍ എന്ന നിലയില്‍ എന്റേതായ കോണ്‍ട്രിബ്യൂഷന്‍സ് ഉണ്ടാകും. ഏതു വിഷയമെടുത്ത് എഴുതുമ്പോഴും അങ്ങനെ തന്നെയാകും. അത് ചരിത്രമായാലും നാടോടിക്കഥയായാലും. അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരനാണ്. അതിന്റെ കോണ്‍ട്രിബ്യൂഷനുണ്ടാകും. എന്നാല്‍ എഴുത്തുകാരന്റെ കോണ്‍ട്രിബ്യൂഷന്‍കൊണ്ടുമാത്രം സിനിമ മഹത്താവില്ല. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രഗല്‍ഭനായ ഒരു സംവിധായകന്റെ മിടുക്ക്. ഹരിഹരന്‍ അത് നന്നായി ചെയ്തു. പിന്നെ മമ്മൂട്ടിയെയും ശരത്കുമാറിനെയും മനോജ് കെ ജയനെയും പോലുള്ളവരുടെ പ്രകടനവും എടുത്തുപറയണം.
?കുറേ വിദേശികളുമുണ്ടല്ലോ സിനിമയില്‍.
ഞാന്‍ അത് പറയാനിരിക്കുകയാണ്. എല്ലാത്തിനും മീതെയാണ് അവരുടെ പ്രകടനം. തുടക്കം മുതല്‍, അവരുടെ ഡ്രസ്സ് റിഹേഴ്സല്‍ തൊട്ട് ഞാന്‍ കണ്ടതാണ്. ബോംബെയില്‍ ചെന്ന് ഹരിഹരനാണ് അവരെ തെരഞ്ഞെടുത്തത്. അവര്‍ക്കിതിലുള്ള താല്പര്യം, ആത്മസമര്‍പ്പണം -എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു.
ഇന്റര്‍നെറ്റില്‍നിന്ന് ഓരോ കാര്യങ്ങള്‍ പഠിച്ച് അവര്‍ നമ്മോട് സംശയങ്ങള്‍ ചോദിക്കാന്‍ വരും. വയനാടന്‍ കാടുകളിലൂടെ കുടകിലേക്ക് സഞ്ചരിക്കുമ്പോള്‍ എവിടെയാണ് പഴശ്ശിയുടെ യുദ്ധനിലങ്ങള്‍, സ്മാരകങ്ങള്‍ എന്നെല്ലാം ഗ്രാമീണരോടു ചോദിക്കുമായിരുന്നു. അവര്‍ക്കതിലുള്ള താല്പര്യം തന്നെയായിരുന്നു അവരുടെ പ്രകടനങ്ങളെയും ഉഗ്രനാക്കിയതിനു പിന്നില്‍. അവരെ കണ്ടെത്തിയത് ഹരിഹരന്റെ കോണ്‍ട്രിബ്യൂഷനാണ്.
? മമ്മൂട്ടിയാണ് പഴശ്ശിയാകേണ്ടതെന്ന് തോന്നിയതെപ്പോഴാണ്. എഴുത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മറിച്ചൊരു ചിന്തയുണ്ടായിരുന്നോ.
ആകാരംകൊണ്ടും പ്രായംകൊണ്ടും മാത്രമല്ല എല്ലാതരത്തിലും മമ്മൂട്ടിയുമായി യോജിക്കുന്ന കഥാപാത്രമായിരുന്നു പഴശ്ശിയുടേത്. മമ്മൂട്ടി അത് ഗംഭീരമായി ചെയ്തു എന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. എനിക്കുമുണ്ട്. അതിലൊന്നും സംശയത്തിന്റെ അംശമില്ല. ആകൃതികൊണ്ട്, പ്രകൃതികൊണ്ട്, ആകാരംകൊണ്ട്, പ്രായംകൊണ്ട്- മമ്മൂട്ടിക്ക് ചേര്‍ന്ന കഥാപാത്രം. അതുകൊണ്ടാകണം അദ്ദേഹത്തിന്റെ പര്‍ഫോമന്‍സും ഗംഭീരമായത്.
?ഇരുപതുവര്‍ഷത്തിന്റെ ദൂരമെടുത്തു താങ്കളും ഹരിഹരനും ചേര്‍ന്നുള്ള ഒരു സിനിമയ്ക്ക്. കൂടാതെ മാസ്റ്റര്‍മാര്‍ വേറെയും - ഇളയരാജ, റസൂല്‍ പൂക്കുട്ടി, ഒഎന്‍വി കുറുപ്പ്. നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നോ എല്ലാം.
ഹരിഹരനും ഞാനും കൂടിയാണ് ആദ്യം ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തത്. അത് വലിയൊരു ക്യാന്‍വാസിലാകും, കൂടുതല്‍ എക്സ്പന്‍സീവാകും എന്നെല്ലാം ചിന്തിച്ചു. ഒരു പ്രൊഡ്യൂസര്‍ അതിന് തയ്യാറായി നില്‍ക്കുന്നുവെന്ന് കണ്ടപ്പോള്‍ എഴുതി. ബാക്കിയുള്ളവരൊക്കെ പിന്നീട് വന്നതാണ്. അന്ന് ആലോചനയിലുണ്ടായിരുന്നത്, പഴശ്ശിരാജായെ ആരു പെര്‍ഫോം ചെയ്യും എന്നു മാത്രമാണ്. അതിനെക്കുറിച്ച് വളരെയധികം ആലോചനയുടെ ആവശ്യമുണ്ടായിരുന്നില്ല. കാരണം വര്‍ഷങ്ങളുടെ മാറ്റം അങ്ങനെ തീരെ ബാധിച്ചില്ല മമ്മൂട്ടിക്ക്. ശരീരഘടനയെയും ഒട്ടും ബാധിച്ചിട്ടില്ല. ആ പ്രായത്തില്‍, പഴശ്ശിയുടെ പ്രായത്തില്‍ -അദ്ദേഹമേ അത് ചെയ്യാനുള്ളൂ. വെറുമൊരു യോദ്ധാവോ അങ്കക്കാരനോ അല്ല. വളരെ വൈവിധ്യമുള്ള, ഡീപ്പായ ക്യാരക്ടറാണ് അത്. അങ്ങനെ ചെയ്യാന്‍ പറ്റിയ വലിയ നടനാണ് മമ്മൂട്ടി. ടെക്നിക്കല്‍ ബ്രില്ല്യന്‍സ് ഉള്ള ആളുകളൊക്കെ പിന്നീട് വന്നതല്ലേ.
? എന്നിട്ടും മൂന്നുവര്‍ഷത്തോളമെടുത്തു പഴശ്ശിരാജാ യാഥാര്‍ഥ്യമാവാന്‍. അത്രയും വര്‍ഷത്തെ അധ്വാനവും കാത്തിരിപ്പും നല്ല ഫലം കണ്ടുവെന്ന് കരുതുന്നുണ്ടോ.
കാലം നീണ്ടുപോയത് പല കാരണങ്ങള്‍കൊണ്ടാണ്. കാലാവസ്ഥയും മറ്റുംകൊണ്ട് അങ്ങനെയായി. ചില സ്ഥലങ്ങളില്‍ ആഴ്ചകളോളം താമസിക്കേണ്ടിവന്നു. അതൊന്നും പടത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്ന പ്രശ്നങ്ങളല്ല. അതിന്റെ പല ഘട്ടങ്ങളിലും ഹരിഹരന്‍ എന്നെ കാണിച്ചിരുന്നു. ഫസ്റ്റ്കോപ്പി മദ്രാസില്‍നിന്നു കണ്ടപ്പോഴേ സംതൃപ്തി തോന്നി.
?ചരിത്രവുമായി ബന്ധപ്പെട്ട സംശയങ്ങളിലേക്കുതന്നെ വരികയാണ്. ചരിത്രംതന്നെ ആരെങ്കിലും എഴുതിയതോ പറഞ്ഞു തരുന്നതോ ആണ്. ആവിഷ്കരിക്കുന്ന ചരിത്രം അക്ഷരത്തിലായാലും സിനിമയിലായാലും എത്രമാത്രം 'യഥാര്‍ഥ'മാണ്.
ഓര്‍മകളാണ് എല്ലാം. ചില കാര്യങ്ങള്‍ നമ്മള്‍ മറന്നുപോകുന്നത്, നാം വീണ്ടും വീണ്ടും ഓര്‍മിക്കാന്‍ ബാധ്യസ്ഥരാണ്. അങ്ങനെയാണ് പഴശ്ശിരാജാ എഴുതിയത്. ആദിവാസികളെ പരിശീലിപ്പിച്ച് യോദ്ധാക്കളാക്കുക, അവരെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്തുക, കൃഷിക്കാരെ ഓര്‍ഗനൈസ് ചെയ്യുക-ഒന്നും ചെറിയ കാര്യമല്ല. ചരിത്രത്തില്‍ അങ്ങനെ ചില സംഭവങ്ങള്‍ വിട്ടുകളയാന്‍ പാടില്ലാത്തതാണ്. അത് വീണ്ടും ഓര്‍മിക്കണമെന്നു തോന്നി; ഓര്‍മിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്നും.
?ചരിത്ര സിനിമകളുടെ ചെറുതല്ലാത്ത ഒരു ചരിത്രമുണ്ട് നമുക്ക്. 'ഗാന്ധി' സിനിമയൊക്കെ ഉള്‍പ്പെടുന്ന ചരിത്രസിനിമയുടെ ചരിത്രം. ഒരു ചരിത്രനായകന്റെ കഥ ചരിത്രത്തില്‍ എങ്ങനെ നിലനില്‍ക്കാനാണ് അങ്ങ് ആഗ്രഹിക്കുന്നത്.
ആറ്റന്‍ബറോയുടെ 'ഗാന്ധി'യുമായി ഇതു താരതമ്യം ചെയ്യേണ്ട. അതൊരു സമീപകാല ചരിത്രമാണ്. ആറ്റന്‍ബറോയുടെ കാസ്റ്റിങ്തന്നെ വളരെ വ്യത്യാസപ്പെട്ടുനില്‍ക്കുന്നു. അദ്ദേഹം ഗ്രേറ്റ് ഫിലിംമേക്കറാണ്. ഗ്രേറ്റ് ഫിലിം എഡിറ്ററാണ്. അതൊരു മഹത്തായ സിനിമയാണ്. നമ്മളിവിടെ നമ്മുടെ ചരിത്രത്തില്‍നിന്ന് അത്രയേറെ ശ്രദ്ധിക്കാതെപോയ നമ്മുടെ ഒരു ഹീറോവിനെക്കുറിച്ചു സിനിമയുണ്ടാക്കുന്നു. ആ ഹീറോവിനെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. ആ ഹീറോവിന്റെ ചരിത്രം വരുംകാല തലമുറകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ സ്വാതന്ത്ര്യമെന്നൊക്കെപ്പറയുന്നത് എത്രയെത്രയാളുകള്‍ ഓരോരിടത്ത്നിന്ന് നേടിത്തന്നതാണ്! ഇവിടെ മാത്രമല്ല. ഇന്ത്യയുടെ പലഭാഗത്തും ഇങ്ങനെയുണ്ടായിട്ടുണ്ട്. നമ്മുടെയൊക്കെ നിലനില്പിന്റെ ഭാഗമായിട്ടാവണം പഴശ്ശിരാജായെപ്പോലുള്ള ചരിത്രനായകന്മാരെ നാം മനസ്സിലാക്കേണ്ടത്.
? അപ്പോള്‍ അധിനിവേശത്തിനെതിരായ പുതിയ പോരാട്ട ചരിത്രത്തിലും പഴശ്ശിരാജാ ഒരു പ്രചോദനമാണെന്നാണോ.
അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പഴശ്ശി അധിനിവേശത്തിനെതിരായിരുന്നു. അദ്ദേഹം ആദ്യംതന്നെ ചോദിച്ചത്, കച്ചവടം ചെയ്യാന്‍ വന്നവര്‍ക്ക് ഇവിടെ ഭരിക്കാന്‍ എന്താണവകാശം എന്നാണ്. കച്ചവടം ചെയ്യാന്‍ വന്നയാളുകളാണോ ഇവിടുത്തെ നികുതി നിശ്ചയിക്കേണ്ടത്, അവരാണോ ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള പാസ് കൊടുക്കേണ്ടത് എന്നൊക്കെയാണ്. പഴശ്ശിയുടെ സമരം അധിനിവേശത്തിനെതിരെയുള്ള ഏറ്റവും വലിയ സമരമായിരുന്നു. ദക്ഷിണേന്ത്യയിലുണ്ടായ ഏറ്റവും വലിയ സമരം. അത് പില്‍ക്കാലത്തിനും പ്രചോദനമാകുമെന്നതില്‍ സംശയംവേണ്ട.
? എട്ടുവര്‍ഷത്തിനുശേഷമാണ് അങ്ങയുടെ ഒരു തിരക്കഥ ഇപ്പോള്‍ സിനിമയായിരിക്കുന്നത്. അങ്ങയുടെ ഒരു തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്ന എത്രയോ സംവിധായകരുണ്ട് ഇന്ന് ഇന്ത്യയിലും കേരളത്തിലും. അവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ.
ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. ഇതുതന്നെ ഏറെക്കാലത്തിനുശേഷം എഴുതിയതാണ്. സിനിമയ്ക്കുവേണ്ടി ഒന്നും എഴുതാതിരുന്ന കാലത്താണ് ഇങ്ങനെയൊരു ചാലഞ്ചിങ് ആയ ഭാഗം ചരിത്രത്തില്‍നിന്ന് എടുത്തെഴുതാന്‍ തീരുമാനിച്ചത്. പിന്നെ ഹരിഹരന്‍ വന്നുപറഞ്ഞു. സാഹചര്യവും ഒരുങ്ങി. ഇനി, ഒന്നു കഴിയുമ്പോള്‍ അടുത്തതൊന്ന് - അങ്ങനെ അനൌണ്‍സ് ചെയ്യാനൊന്നും ഞാന്‍ പോകുന്നില്ല. ചിലപ്പോള്‍ എഴുതും, ചിലപ്പോള്‍ എഴുതില്ല.
പഴശ്ശിരാജ 130 തിയറ്ററുകളില്‍ റിലീസായ ദിവസമായിരുന്നു കോഴിക്കോട്ടെ 'സിതാര'യില്‍വച്ച് എം ടി യെ കണ്ടത്. ഫസ്റ്റ് കോപ്പി കണ്ട് മദ്രാസില്‍നിന്ന് പുറപ്പെട്ടതാണെന്ന് പറഞ്ഞു എം ടി. രണ്ടാഴ്ചയിലധികം അയര്‍ലണ്ടിലായിരുന്നു. തിയറ്ററില്‍ പോയി രണ്ട് ഷോയ്ക്കും ടിക്കറ്റ് കിട്ടാതെ വന്നപ്പോഴാണ് സിനിമയെഴുതിയയാളെ കണ്ടേക്കാമെന്ന് തീരുമാനിച്ചതെന്ന് പറഞ്ഞപ്പോള്‍ എം ടി ചിരിച്ചു. ചിരിയാണോ എന്നൊന്നും തോന്നാത്ത പ്രസിദ്ധമായ ആ എം ടിയന്‍ ചിരി! പിന്നെ, കളരിയുടെയും മറ്റും പശ്ചാത്തലത്തില്‍ ഒരു ഹോളിവുഡ് സിനിമയ്ക്കുവേണ്ടി എഴുതിയ തിരക്കഥയുടെ കാര്യം സൂചിപ്പിച്ചു. അപ്പോള്‍ എം ടി ഇത്രകൂടി പറഞ്ഞു: "തിരക്കഥ അതിന്റെ നിര്‍മാതാക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു. അതില്‍ അഭിനയിക്കുന്ന ജാപ്പാനീസ് നടനും ഇവിടെ വന്നിരുന്നു. അവര്‍ ചെയ്യട്ടെ; അതിനുശേഷം പറയാം.''
*
കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
3 comments:
തിരക്കഥയുടെ അതിസൂക്ഷ്മ സമഗ്രതയാണ് എം ടി സിനിമകളുടെ പെരുമ. വിജയിച്ച എല്ലാ എം ടി സിനിമകള്‍ക്ക് പിന്നിലും വിജയിച്ച എഴുത്തുകാരനുണ്ട്. എം ടി യുടെ എഴുത്തിനെ ഭാവനാശൂന്യമായി പിന്തുടര്‍ന്ന് തോറ്റ സംവിധായകരുമുണ്ടെന്നത് കണ്‍കണ്ട യാഥാര്‍ഥ്യം. പത്മരാജനെപ്പോലെ, എം ടി യുടെ തിരക്കഥകള്‍ സിനിമ തീര്‍ന്നിട്ടും തീരാതിരിക്കുന്നില്ല. അല്ലെങ്കില്‍ അപൂര്‍ണ വിരാമത്തില്‍ നിര്‍ത്തുന്നതോ കാഴ്ചക്കാരന്‍ പൂരിപ്പിക്കേണ്ടതായോ ഉള്ള ദൃശ്യസംശയവുമില്ല. കഥ പൂര്‍ണമായും പറഞ്ഞുവയ്ക്കുന്നു എം ടി സിനിമയില്‍. ആദിമധ്യാന്തപ്പൊരുത്തമുള്ള കഥാപൂര്‍ണത തന്നെയാണ് പുകള്‍പെറ്റ ആ എഴുത്തുവൈഭവം. അതുകൊണ്ട് നല്ല സിനിമ നല്ല കഥ എന്ന് നിര്‍വചിക്കുന്നവര്‍ എന്നും എം ടിയുടെ ഒരു തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു. കഥ ചരിത്രകഥയായിരുന്നാലും എം ടി യുടെ പേന കാട്ടുന്ന കൃത്യതയും നിരീക്ഷണപടുത്വവുമൊന്നും എഴുത്തിന്റെ സഹജമായ സര്‍ഗമുദ്രകളെ അതിലംഘിക്കുന്നുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'കേരളവര്‍മ പഴശ്ശിരാജാ.'
ശ്രീ. എം.ടി.വാസുദേവന്‍ നായരുമായുള്ള അഭിമുഖം.
മലബാര്‍ മാന്വലില്‍നിന്നു കിട്ടുന്ന പഴശ്ശിയുടെ ചിത്രം, എം.ടി. ഇവിടെ പറയുന്നതില്‍നിന്ന് തുലോം വ്യത്യസ്തമാണെന്നു തോന്നുന്നു. തന്റെ രാജ്യാധികാരത്തിന്മേല്‍ അമ്മാവനും, ഈസ്റ്റ് ഇന്ത്യാ കമ്പനിയും നടത്തിയ ഇടപെടലുകള്‍ക്കെതിരെ മാത്രമായിരുന്നു പഴശ്ശിയുടെ എതിര്‍പ്പും കലാപവും. പിന്നീട് അതിനെ പഴശ്ശി വികസിപ്പിച്ചു. ടിപ്പുവുമായുള്ള കൂട്ടുകെട്ടിലൂടെ. എന്നിട്ടും, കമ്പനിയുമായി സന്ധിയുണ്ടാക്കുകയും, നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. മാപ്പിളമാര്‍ക്കെതിരെയും പഴശ്ശി സൌഹാര്‍ദ്ദപരമായ ഒരു നിലപാടായിരുന്നില്ല കൈക്കൊണ്ടിരുന്നത് എന്ന് രേഖകളിലുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പഴശ്ശി ആദ്യം ഉരസുന്നതുതന്നെ, അഞ്ചു മാപ്പിളമാരെ വധിച്ചതുമായി ബന്ധപ്പെട്ടാണ്.
സിനിമ കണ്ടിട്ടില്ല. അതുകൊണ്ട്, അതിനെക്കുറിച്ചൊരു അഭിപ്രായം പറയാനാവില്ല.
അഭിവാദ്യങ്ങളോടെ
ഓരോ ചരിത്രങ്ങളുടെയും പുനര്‍വായനയെന്നത്, ചരിത്രം സമകാലീനതയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവിലേയ്ക് എത്തിയ്കാനാവുന്നിലെങ്കില്‍ ,ഒരു വീരസ്യം പറഞ്ഞാനന്ദിക്കുക മാത്രമായിരിക്കും. പഴശ്ശിരാജ എന്ന സിനിമയ്ക് അതിനെത്ര കഴിയുന്നു വെന്നതാണ് സിനിമയുടെ പ്രസക്തി.
Post a Comment