Sunday, November 22, 2009

സ്‌ത്രീ - സാംസ്‌ക്കാരിക പഠനത്തില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടത്

സ്‌ത്രീരചനയും വിമോചനവും

എഴുത്ത് ഒരു സാംസ്കാരികപ്രയോഗവും സര്‍ഗാത്മക അന്വേഷണവുമാണ്. ചൂഷണാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതിനാല്‍, ചൂഷകവര്‍ഗത്തിന്റെ പ്രത്യയശാസ്‌ത്രം സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്നു. ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രത്തിന്റെ ഈ വ്യാപനം ആണ് സ്‌ത്രീകളെ അടിമത്തത്തില്‍ തളച്ചിടുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌ത്രീകളെ അപമാനവീകരിക്കുന്നതില്‍ എല്ലാ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങളും ഒറ്റക്കെട്ടാണ്. ഈ ചൂഷകവര്‍ഗപ്രത്യയശാസ്‌ത്രങ്ങള്‍ക്കകത്താണ്, പൊതു സമൂഹത്തിന്റെ മൂല്യബോധം, സൌന്ദര്യബോധം, ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതദര്‍ശനം, ലൈംഗികസങ്കല്‍പ്പങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവ നിലനില്‍ക്കുന്നത്. പ്രത്യയശാസ്‌ത്രത്തിന്റെ ഈ വിവിധ രൂപങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീ പ്രസ്ഥാനത്തിനു മുന്നോട്ടു പോവാന്‍ കഴിയില്ല.

എന്താണ് മൂല്യബോധം?

'നന്മ-തിന്മ'കളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചും സാമാന്യബോധമായി നില്‍ക്കുന്ന ആശയങ്ങളെയാണ് പൊതുവില്‍ മൂല്യബോധം എന്നു പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു നിര്‍ദിഷ്‌ട സമൂഹത്തിലെ വര്‍ഗതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന പ്രത്യയശാസ്‌ത്ര ഉപകരണത്തിന്റെ ഭാഗമാണ് മൂല്യബോധം. ഈ മൂല്യബോധമാണ് സ്‌ത്രീസമൂഹത്തെ നൂറ്റാണ്ടുകളോളം ചവിട്ടിമെതിച്ചത്. ഈ മൂല്യബോധമാണ് സതി സമ്പ്രദായത്തിന് പൊതു സമൂഹസമ്മതി നേടിക്കൊടുത്തത്. ദേവദാസി സമ്പ്രദായവും ഭ്രഷ്‌ടും നരഹത്യയും സ്‌ത്രീസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. വിധവ, കന്യക, പതിവ്രത തുടങ്ങിയ സവിശേഷ നാമങ്ങളിലൂടെ പുരുഷാധിഷ്ഠിത ഫ്യൂഡല്‍ അധികാരം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. സ്‌ത്രീയെ ഭോഗവസ്‌തുവായി കാണുന്ന ഒരു ഫ്യൂഡല്‍ വ്യവസ്ഥയാണ് മേല്‍പ്പറഞ്ഞ മൂല്യസങ്കല്‍പ്പങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിച്ചത്.

ലിംഗപരമായ വിവേചനത്തെ സാധൂകരിക്കുന്നതാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യസങ്കല്‍പ്പങ്ങള്‍. മതാത്മകപരിവേഷമുള്ളവയാണ് ഇവയില്‍ മിക്കതും. എല്ലാ സംഘടിതമതങ്ങളും പൌരോഹിത്യവും സ്‌ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളെ ന്യായീകരിച്ചതിന്റെ ചരിത്രാനുഭവം നമുക്കു മുന്നിലുണ്ട്. സ്‌ത്രീധനംപോലുള്ള പ്രാകൃതമായ ആചാരങ്ങളെ നിലനിര്‍ത്തുന്ന മൂല്യബോധമാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. സതി, ശീലാവതി തുടങ്ങിയ ആദര്‍ശകഥാപാത്രങ്ങളെല്ലാം പുരുഷാധിഷ്ഠിത സവര്‍ണവ്യവസ്ഥയുടെ ഇരകളായിരുന്നു. അത്തരം കഥാപാത്രങ്ങളെ ആദര്‍ശകഥാപാത്രങ്ങളായി സ്വീകരിച്ച വിവേകാനന്ദനും മറ്റും പുരുഷാധിഷ്ഠിത-സവര്‍ണ അധികാരത്തെ പിന്തുണക്കുകയായിരുന്നു. ജീവിതവും സ്വത്വവും നിഷേധിക്കപ്പെട്ട സ്‌ത്രീകളുടെ നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും മറ്റുമുണ്ട്. മനുസ്‌മൃതിയും സംഹിതകളും മറ്റു ഗ്രന്ഥങ്ങളും സ്‌ത്രീയെ ഗാര്‍ഹികവും സാമൂഹികവുമായ അടിമത്തത്തില്‍ തളച്ചിടുന്നതിനുവേണ്ടി രൂപംകൊണ്ടവയാണ്. ഈ കാലഹരണപ്പെട്ട സ്‌ത്രീ വിരുദ്ധാശയങ്ങളെ ആധുനിക കാലഘട്ടത്തില്‍ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.

സാഹിത്യം, സിനിമ, സാംസ്കാരം, വിദ്യാഭ്യാസം എന്നിവയിലൂടെ ഈ സ്‌ത്രീവിരുദ്ധാശയങ്ങള്‍ ഇന്ന് പ്രക്ഷേപിക്കപ്പെടുകയാണ്. സാങ്കേതികമായി നമ്മുടെ സമൂഹം വികാസം പ്രാപിച്ചെങ്കിലും ആന്തരികതലത്തില്‍ ഇന്നും സ്‌ത്രീവിരുദ്ധമായ ആശയങ്ങളാണ് നിലകൊള്ളുന്നത്. സ്‌ത്രീകള്‍ക്കെതിരായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ശാരീരികാക്രമണങ്ങളെ ന്യായീകരിക്കുന്ന ഒരു പൊതുമനസ്സ് ഇവിടെ രൂപംകൊള്ളുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സാംസ്കാരികരൂപങ്ങളില്‍ ചിതറിക്കിടക്കുന്ന അധിനിവേശ മൂല്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതെ സ്‌ത്രീപ്രസ്ഥാനങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല. സ്‌ത്രീ സമൂഹത്തെ പൊതുവില്‍ നിന്ദിക്കുന്ന സംഭാഷണങ്ങള്‍ക്ക് സിനിമാതിയറ്ററില്‍ വലിയ സ്വീകാര്യതയാണ്. നമ്മുടെ പുരുഷതാരസങ്കല്‍പ്പങ്ങള്‍ ഇന്നു നിലകൊള്ളുന്നത് ഈ സ്‌ത്രീവിരുദ്ധാശയങ്ങളുടെ പിന്‍ബലത്തിലാണ്.

സൌന്ദര്യസങ്കല്‍പ്പം

ഒരു സമൂഹത്തിന്റെ പ്രത്യയശാസ്‌ത്രബോധത്തിനകത്തുതന്നെയാണ് അതിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ രൂപം കൊള്ളുന്നത്. സ്‌ത്രീയെ ഭോഗവസ്‌തുവാക്കി അധഃപതിപ്പിക്കുന്ന സൌന്ദര്യസങ്കല്‍പ്പമാണ് നമ്മുടെ പൊതുസമൂഹവും അതിന്റെ വിവിധ സാംസ്‌ക്കാരികരൂപങ്ങളും പേറുന്നത്. ഇതിഹാസങ്ങളും പുരാണങ്ങളും അതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ്. ഹിന്ദുത്വത്തിന്റെ ദൈവികസങ്കല്‍പ്പങ്ങള്‍പോലും ഇത്തരത്തിലുള്ള ഭോഗാത്മകലൈംഗികതയുടെ ഉദാഹരണങ്ങളാണ്. സ്‌ത്രീകളെ സംബന്ധിക്കുന്ന മൂല്യസങ്കല്‍പ്പങ്ങളും സൌന്ദര്യമാനദണ്ഡങ്ങളും ഒരിക്കലും സ്‌ത്രീസമൂഹം രൂപപ്പെടുത്തിയതല്ല എന്നതാണ് പ്രധാനം. പുരുഷാധികാരത്തിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ടതാണിത്. ലിംഗവിവേചനമാണതിന്റെ ആസ്‌പദം; സ്വകാര്യ സ്വത്തുടമാ ബന്ധമാണതിന്റെ അടിത്തറ. സ്‌ത്രീകള്‍ക്ക് അവരുടെ സര്‍ഗാത്മകത, സ്വാതന്ത്ര്യം എന്നിവ നിഷേധിക്കലാണതിന്റെ ഫലം. അതുപോലെ തന്നെയാണ് സൌന്ദര്യസങ്കല്‍പ്പങ്ങളും സ്‌ത്രീ സൌന്ദര്യത്തിന്റെ പൊതുമാനങ്ങളെ നിര്‍വചിക്കുന്ന കാവ്യങ്ങളും മറ്റും, നാടുവാഴിത്തത്തിന്റെ ഭോഗാത്മകതയെ ആവിഷ്ക്കരിക്കുകയായിരുന്നു.

താത്രിക്കുട്ടിയെപ്പോലുള്ള സ്‌ത്രീകള്‍ നമ്മുടെ പൊതുസൌന്ദര്യബോധത്തിന്റെ ഇരകളായിരുന്നു. സ്‌ത്രീ ആസ്വദിക്കപ്പെടാനുള്ള വിശിഷ്‌ടഭോജ്യങ്ങളാണെന്നുള്ളതാണ് നമ്മുടെ പരമ്പരാഗത സൌന്ദര്യസങ്കല്‍പനം. ഈ സൌന്ദര്യബോധമാണ് ശരീരവെളുപ്പിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട്, ദലിത് സ്‌ത്രീ സമൂഹത്തെ തരംതാഴ്ത്തിയത്. ആഗോളീകരണകാലഘട്ടത്തില്‍ ശരീരവെളുപ്പും സൌന്ദര്യവും പുതിയ മാനങ്ങള്‍ തേടുന്നു. സ്‌ത്രീശരീരത്തെ സ്വയം ഉല്‍പ്പന്നമാക്കുക, മുതലാളിത്തച്ചരക്കുകള്‍ വിറ്റഴിക്കപ്പെടാനുള്ള പ്രചോദനവും ആവേശവുമാക്കി അതിനെ മാറ്റുക, അതിനുവേണ്ടുന്ന പരസ്യരൂപമായി പെണ്ണുടലിനെ രൂപപ്പെടുത്തുക എന്നതാണ് മുതലാളിത്ത തന്ത്രം. സിനിമ, മോഡലിങ്, പരസ്യം, മാധ്യമം, സൌന്ദര്യമത്സരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് മുതലാളിത്തം സ്‌ത്രീശരീരത്തെ ചരക്കുവല്‍ക്കരിക്കുന്നത്.

ഇതിന്റെ വിവിധ മാതൃകകള്‍ തന്നെയാണ് നമ്മുടെ സിനിമകളും സാഹിത്യരൂപങ്ങളും. സ്‌ത്രീശരീരത്തിനുമേലുള്ള പുരുഷാധികാരത്തെ ആസ്വദിക്കുന്ന രീതിയിലാണ് നമ്മുടെ പ്രധാന സാഹിത്യകൃതികളും മറ്റും രൂപംകൊണ്ടിട്ടുള്ളത്. ഇത്തരത്തില്‍ നമ്മുടെ സാംസ്കാരികമേഖലയില്‍ രൂഢമൂലമായിട്ടുള്ള അധിനിവേശ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും പൊളിച്ചെടുക്കുകയും പുത്തന്‍ സൌന്ദര്യസങ്കല്‍പ്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. സൌന്ദര്യബോധം എന്നു പറയുമ്പോള്‍ അത് സ്‌ത്രീയെ സംബന്ധിക്കുന്നതുമാത്രമല്ല. പുരുഷസങ്കല്‍പ്പം, ഭാഷ, ശില്‍പവൈഭവം തുടങ്ങിയവയെല്ലാം തന്നെ പുരുഷാധിഷ്ഠിത സൌന്ദര്യസങ്കല്‍പ്പത്തില്‍ കെട്ടിപ്പടുത്തതാണ്. ഇതിന്റെയെല്ലാം അടിത്തറ പുരുഷാധികാരം വിളംബരം ചെയ്യുന്ന ഫ്യൂഡല്‍ സൌന്ദര്യസങ്കല്‍പ്പമാണ്.

ഭാഷ

ആശയവിനിമയത്തിന്റെ മാധ്യമമാണ് ഭാഷ എന്നത് ഭാഷയെസംബന്ധിച്ച ഒരു നിര്‍വചനമാണ്. ഒരു വര്‍ഗാധിഷ്ഠിതസമൂഹത്തില്‍ ഭാഷ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഭരണകൂടത്തിന്റെ അധികാരശാസനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന പ്രാഥമിക കടമയാണ് ഭാഷ ചരിത്രത്തില്‍ നിര്‍വഹിച്ചത്. ചരിത്രവികാസഘട്ടത്തോടെ അതിന്റെ ധര്‍മങ്ങള്‍ സങ്കീര്‍ണമായി. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാമ്പ്രദായികധാരണകളെ സമൂഹത്തിന്റെ ബോധാബോധമനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുകയെന്ന ധര്‍മമാണത് നിര്‍വഹിച്ചത്. സ്‌ത്രീ പുരുഷ വിവേചനത്തിന്റെയും വര്‍ഗവിഭജനത്തിന്റെയും മികച്ച ദൃഷ്‌ടാന്തമാണ് ഭാഷ. പ്രാചീന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് സംസ്‌കൃതം സംസാരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല.

ഇന്നും പല ഉത്തരേന്ത്യന്‍ ഭാഷകളുമെടുത്ത് പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒന്നുണ്ട്. സ്‌ത്രീകള്‍ക്ക് പ്രത്യേകം വ്യാകരണ നിയമങ്ങളുണ്ടതില്‍! നമ്മുടെ പൊതുവ്യവഹാരഭാഷ പരിശോധിച്ചാല്‍ അതിലെ സ്‌ത്രീവിരുദ്ധത ബോധ്യമാവും. നമ്മുടെ പുരാവൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഇത് സ്പഷ്‌ടമാക്കുന്നു.

'അബലമാരതി ചപലമാര്‍'

'പതിച്ചിയുടെ കുറ്റമോ കുട്ടി പെണ്ണായത് '

'എട്ടാമത്തെ പെണ്ണ് നടുക്കല്ല് പൊളിക്കും'

'നാരി നടിച്ചിടവും നാരകം നട്ടിടവും'
കൂവളം പട്ടിടവും നശിക്കും'

'പെണ്‍പെറ്റ വീടുപോലെ'

'പെണ്ണാവുന്നതില്‍ ഭേദം മണ്ണാവുന്നത്.'

'പെണ്‍ബുദ്ധി പിന്‍ബുദ്ധി'

'പെണ്‍ചൊല്ലു കേട്ടാല്‍ പെരുവഴിയില്‍'

'മകന്‍ ചത്താല്‍ ശവം മകള്‍ ചത്താല്‍ പിണം'

'പുത്തനച്ചി പുരപ്പുറം തൂക്കും'

തുടങ്ങിയവയിലെ സ്‌ത്രീ വിരുദ്ധത വളരെ സ്പഷ്‌ടമാണ്. സ്‌ത്രീയെ ആദര്‍ശവല്‍ക്കരിക്കുക, സ്‌ത്രീത്വത്തെ വിഗ്രഹവല്‍ക്കരിക്കുക എന്നീ കീഴ്വഴക്കങ്ങളോടൊപ്പം തന്നെ സ്‌ത്രീയെ വേശ്യയായും പുറാളിയായും അധഃപതിപ്പിക്കുക എന്നത് വര്‍ഗവ്യവസ്ഥയുടെ രീതിയാണ്. ഇത്തരം സ്‌ത്രീവിരുദ്ധത നമ്മുടെ സാഹിത്യഭാഷയിലും വ്യവഹാരഭാഷയിലും വ്യാപകമാണ്. പുരുഷാധിഷ്ഠിത വര്‍ഗവ്യവസ്ഥയുടെ രുചിയും അഭിരുചിയും ചിഹ്നങ്ങളും രൂപകങ്ങളും വഴക്കങ്ങളും അബോധങ്ങളും പ്രത്യയശാസ്‌ത്രങ്ങളും ചേര്‍ന്നതാണ് നമ്മുടെ പൊതുഭാഷ. ഇത്തരത്തില്‍ നമ്മുടെ സാംസ്‌ക്കാരികതയിലും ഭാഷയിലും ലീനമായ സ്‌ത്രീവിരുദ്ധതയെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് സ്‌ത്രീപ്രസ്ഥാനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്.

ആചാരാനുഷ്ഠാനങ്ങള്‍

നഗ്നമായ സ്‌ത്രീവിരുദ്ധതയാണ് നമ്മുടെ പൊതു സമൂഹത്തില്‍ വ്യാപനം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ പ്രകടമാവുന്നത്. ഇത്തരം ഹീനമായ ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്തുകൊണ്ടാണ് നമ്മുടെ നവോത്ഥാന-ദേശീയ-പുരോഗമനപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സവര്‍ണഹിന്ദുത്വത്തിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രബലമാണ്. കീഴാളത്വ-ജനകീയ ആചാരങ്ങളുടെയും മറ്റു മര്‍ദിതവര്‍ഗ സംസ്‌ക്കാരങ്ങളുടെയും മേല്‍ സവര്‍ണമേധാവിത്വം അരക്കിട്ടുറപ്പിക്കയാണിന്ന്. ഈ പുറാളിവിഭാഗത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നു. ജനനം, മരണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയെല്ലാം മതാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ കൂട്ടിലൊതുക്കുന്നു. ശാസ്‌ത്രീയവും മതനിരപേക്ഷപവും ജനാധിപത്യപരവുമായ ആശയങ്ങളെ തകിടംമറിക്കുകയാണിതിന്റെ ലക്ഷ്യം.

സ്‌ത്രീധനസമ്പ്രദായംപോലുള്ള ഹീനമായ ആചാരങ്ങളെ നമ്മുടെ നവോത്ഥാനനായകര്‍ ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. എന്നാലിന്ന് ഈ സമ്പ്രദായത്തിന് പൊതുസമ്മതി ലഭിച്ചിരിക്കയാണ്. വിവാഹത്തെ ആഘോഷമാക്കി മാറ്റുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു വിവാഹസങ്കല്‍പ്പം ഇനിയും നാം വളര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ഇത്തരം ആചാരങ്ങളുടെ ഫലമായി പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമായി മാറുന്നു; കുടുംബം ഭീകരമായ സാമ്പത്തിക ഞെരുക്കങ്ങളില്‍ പെടുന്നു. ആത്മഹത്യകളും, കൊലപാതകങ്ങളും നിതാന്തമായ മാനസിക-ശാരീരികപീഡകളും ലൈംഗികമര്‍ദനങ്ങളും തുടരുന്നു. സ്വത്തവകാശത്തില്‍ സ്‌ത്രീകള്‍ക്ക് തുല്യത, വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനും ബന്ധം വിഛേദിക്കാനുമുള്ള തുല്യാവകാശം, കുട്ടികളെ വളര്‍ത്തുന്നതിലുള്ള തുല്യപങ്കാളിത്തം തുടങ്ങിയവ നടപ്പാക്കണം. രാഷ്‌ട്രീയവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്ക് തുല്യപങ്കാളിത്തവും സ്വാതന്ത്ര്യവും വികസിപ്പിക്കണം. മനുഷ്യാവകാശപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കുവേണ്ട പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

ജീവിതദര്‍ശനം

ഫ്യൂഡല്‍-മുതലാളിത്ത സമൂഹത്തിന്റെ അധിനിവേശപ്രത്യയശാസ്‌ത്രമാണിന്ന് സ്‌ത്രീ ബോധത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്നത്. സ്‌ത്രീയെ ആവിഷ്‌ക്കരിക്കുന്നതും വിലയിരുത്തുന്നതും നിര്‍വചിക്കുന്നതും സ്‌ത്രീയില്‍ വളര്‍ന്നുവരുന്നതും ഇത്തരം അപമാനവികരിക്കപ്പെട്ട ബോധമാണ്. പുരുഷന്റെ ഉപഗ്രഹമാവാനും പുരുഷവികാരങ്ങള്‍ സഫലമാക്കാനും പുരുഷജീവിതം പൂര്‍ണമാക്കാനുമുള്ളതാണ് സ്‌ത്രീജന്മമെന്ന ബോധത്തിന്റെ വിവിധ രൂപങ്ങള്‍ വിന്യസിക്കപ്പെടുന്നു. സിനിമ, സീരിയല്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി എല്ലാ സാംസ്‌ക്കാരിക തുറസ്സുകളിലും ഇതിന്റെ വിന്യാസം കാണാം.

വിവാഹം കഴിക്കുക, മാതാവാവുക എന്നിവയാണ് സ്‌ത്രീയുടെ ഏറ്റവും അടിസ്ഥാനലക്ഷ്യങ്ങളെന്നും അവളുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്നുമുള്ള ധാരണ ശക്തിപ്പെടുന്നു. സാമൂഹികവും സര്‍ഗാത്മകവുമായ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രവണതയാണിത്. വളര്‍ന്നുവരുന്ന മൂലധനാധിഷ്ഠിതവും ഉപഭോഗാധിഷ്ഠിതവുമായ സംസ്‌ക്കാരങ്ങള്‍ക്കനുസരിച്ചാണിന്ന് പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത്. സാമൂഹികവും മാനസികവുമായ പ്രസ്ഥാനങ്ങളില്‍നിന്നുമകന്ന ധനാധിഷ്ഠിതവും കുടുംബമാത്രാധിഷ്ഠിതവുമായ ഒരു ജീവിതദര്‍ശനമാണിന്ന് വളര്‍ന്നുവരുന്നത്. നമ്മുടെ വിദ്യാലയങ്ങള്‍, മാധ്യമം തുടങ്ങിയവയും ഇതിന്റെ പരിശീലനകേന്ദ്രങ്ങളാണ്. കമ്പോളസംസ്‌ക്കാരത്തിന്റെ ഇരകളാക്കപ്പെടുന്നതില്‍ പ്രധാനം സ്‌ത്രീകളാണ്. സ്‌ത്രീയുടെ അഭിരുചിയെ കമ്പോളത്തിനനുസൃതമായി രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്നതാണ് മൂലധനതന്ത്രം.

സ്‌ത്രീശരീരം: ചരക്കും ചരക്കുവല്‍ക്കരണവും

ആഗോളീകരണകാലഘട്ടത്തില്‍ സ്‌ത്രീശരീരം സ്വയം ഒരു ചരക്കും യഥാര്‍ഥ ചരക്കുകള്‍ക്കുവേണ്ടിയുള്ള പരസ്യലോകത്തിലെ പ്രചോദനവും കമ്പോളത്തിന്റെ ഇരയുമാണ്.

ടൂറിസത്തിന്റെ വ്യാപനത്തോടെ സ്‌ത്രീശരീരം കൂടുതല്‍ ചരക്കുവല്‍ക്കരിക്കപ്പെടുന്നു. ഇന്ത്യന്‍ ടൂറിസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഷറുകളില്‍ കേരളത്തിലെ സ്‌ത്രീശരീരം വിന്യസിപ്പിക്കപ്പെടുന്നത് ഈ രീതിയിലാണ്. സെൿസ് ടൂറിസത്തിന്റെ വ്യാപനം ആശങ്കാജനകമാണ്. സ്‌ത്രീശരീരത്തെ കമ്പോളവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവ്യവസായം ഇന്നു തടിച്ചുകൊഴുക്കുന്നു. ഗര്‍ഭധാരണം, പ്രസവം ഇവയെയെല്ലാം ചരക്കുവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്‌ത്രീ ഒരു ശരീരം മാത്രമാണെന്ന ധാരണ വളര്‍ത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്. ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും മേഖലയിലുണ്ടായ വളര്‍ച്ച സാംസ്‌ക്കാരികതയുടെ ഒരു വികാസഘട്ടം തന്നെയാണ്. പക്ഷേ, ഈ മേഖല, സ്‌ത്രീ ഉടലിനെയും അവളുടെ അധ്വാനശക്തിയെയും ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നു. മുതലാളിത്തത്തിനനുകൂലമായി വാചാലരാവാനും പുരോഗമനപ്രസ്ഥാനങ്ങളെ നിരാകരിക്കാനും വേണ്ടി ആധുനിക മുതലാളിത്തമാധ്യമം പെണ്‍കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ ഉപയോഗപ്പെടുത്തിയാണ് ഇത് സംഭവിക്കുന്നത്.

ലൈംഗികസങ്കല്‍പ്പങ്ങള്‍ കുടുംബബന്ധങ്ങള്‍

മുതലാളിത്ത അണുകുടുംബവ്യവസ്ഥ, മുതലാളിത്തത്തിന്റെ മൂലധനതാല്‍പ്പര്യത്തിനു വഴങ്ങുന്ന ഒന്നാണ്. അതനുസരിച്ച് ചരക്കുകള്‍ കൂടുതല്‍ വിറ്റഴിക്കുന്നു. ഗൃഹനിര്‍മാണവസ്‌തുക്കള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ആഹാരം, സാങ്കേതികസൌകര്യങ്ങള്‍ എന്നിവ കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നു. ഇന്‍ഷുറന്‍സ്, സേവിങ്സ്-ബാങ്കിങ് മേഖലകള്‍ വികസിക്കുന്നതും അണുകുടുംബവുമായി ബന്ധപ്പെട്ടാണ്. പഴയ കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ച വ്യക്തികളില്‍ കൂടുതല്‍ അന്യവല്‍ക്കരണവും അരക്ഷിതാവസ്ഥയും വളര്‍ത്തിയെടുത്തിരിക്കുന്നു. ഇത് മൂലധനശക്തികള്‍ക്കും ഗുണകരമായി മാറുന്നു.

പഴയ കൂട്ടുകുടുംബവ്യവസ്ഥയെ ന്യായീകരിക്കാന്‍ ഇത് പ്രചോദനം നല്‍കുന്നത് ശരിയായിരിക്കില്ല. കാരണം പഴയ കൂട്ടുകുടുംബവ്യവസ്ഥയിന്‍ കീഴില്‍ സ്‌ത്രീകളുടെ അധ്വാനഭാരം ഇരട്ടിയായിരുന്നു. ഭര്‍ത്താവുള്‍പ്പെടെയുള്ള നിരവധി പുരുഷന്മാര്‍ക്കുവേണ്ടി അവള്‍ സേവനം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഫ്യൂഡല്‍ കൂട്ടുകുടുംബം/മുതലാളിത്ത അണുകുടുംബം എന്ന ദ്വന്ദ്വത്തിനപ്പുറമുള്ള ഒരു ജനാധിപത്യകുടുംബസങ്കല്‍പ്പം ഉയര്‍ന്നു വരേണ്ടതുണ്ട്.

മുതലാളിത്ത കുടുംബം പുരുഷാധികാരത്തിലധിഷ്ഠിതമാണ്. പ്രണയബന്ധത്തില്‍പോലും ഈ അധികാരവ്യവസ്ഥയുടെ ഇടപെടല്‍ ശക്തമാണ്. സ്വതന്ത്രമായ വ്യക്തിത്വം സ്‌ത്രീക്കു നിഷേധിക്കുന്ന അന്തരീക്ഷമാണ് കുടുംബത്തില്‍ നിലനില്‍ക്കുന്നത്. മതവിശ്വാസം, ഫ്യൂഡല്‍-മുതലാളിത്തമൂല്യങ്ങള്‍ ഇവയെല്ലാം സ്‌ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുട്ടിക്കാലത്തുതന്നെ സ്‌ത്രീയെന്ന നിലയിലുള്ള സാംസ്‌ക്കാരികവും പ്രത്യയശാസ്‌ത്രപരവുമായ നിര്‍മിതി നടക്കുന്നുണ്ട്. ഇതിനെതിരായ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ കൂട്ടായ്‌മയിലൂടെയുള്ള പാചകം പോലുള്ള വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമായി മാറണം. ലോക സ്‌ത്രീപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികമായ അറിവുകളും നമുക്കാര്‍ജിക്കേണ്ടതുണ്ട്. ഒപ്പം വിപുലമായ സ്‌ത്രീ സാഹിത്യം വായിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.

****

പി പി സത്യൻ, കടപ്പാട് : ദേശാഭിമാനി വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത കുടുംബം പുരുഷാധികാരത്തിലധിഷ്ഠിതമാണ്. പ്രണയബന്ധത്തില്‍പോലും ഈ അധികാരവ്യവസ്ഥയുടെ ഇടപെടല്‍ ശക്തമാണ്. സ്വതന്ത്രമായ വ്യക്തിത്വം സ്‌ത്രീക്കു നിഷേധിക്കുന്ന അന്തരീക്ഷമാണ് കുടുംബത്തില്‍ നിലനില്‍ക്കുന്നത്. മതവിശ്വാസം, ഫ്യൂഡല്‍-മുതലാളിത്തമൂല്യങ്ങള്‍ ഇവയെല്ലാം സ്‌ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുട്ടിക്കാലത്തുതന്നെ സ്‌ത്രീയെന്ന നിലയിലുള്ള സാംസ്‌ക്കാരികവും പ്രത്യയശാസ്‌ത്രപരവുമായ നിര്‍മിതി നടക്കുന്നുണ്ട്. ഇതിനെതിരായ ഒരു ജനാധിപത്യ-സോഷ്യലിസ്‌റ്റ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ കൂട്ടായ്‌മയിലൂടെയുള്ള പാചകം പോലുള്ള വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമായി മാറണം. ലോക സ്‌ത്രീപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികമായ അറിവുകളും നമുക്കാര്‍ജിക്കേണ്ടതുണ്ട്. ഒപ്പം വിപുലമായ സ്‌ത്രീ സാഹിത്യം വായിക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും വേണം.

പി പി സത്യന്‍ എഴുതുന്നു

chithrakaran:ചിത്രകാരന്‍ said...

പൊന്നു സത്യോ...,സഖ.ദേശാഭിമാനിക്കുട്ടാ..,
പ്രിയ വര്‍ക്കേഴ്സ് ഫോറോ, എന്താ ഇഷ്ടന്മാരെ ഇത് ???

കാലഹരണപ്പെടേണ്ട ഈ വര്‍ഗ്ഗ സിദ്ധാന്തത്തില്‍ നിങ്ങള്‍ കൂണ്‍ കൃഷി ചെയ്യുന്നതു കാണുംബോള്‍ ചിത്രകാരനു സഹതാപം തോന്നുന്നു... നിങ്ങളുടെ ഷണ്ഡമായ ചിന്താശക്തിയോട് ! സ്ത്രീയെയും പുരുഷനേയും അന്യ വര്‍ഗ്ഗങ്ങളായി വര്‍ഗ്ഗീകരിച്ചു കാണുന്ന ചിന്താപരമായ ഇടുങ്ങലിനെ അറപ്പോടെ മാത്രമേ ചിത്രകാരനു കാണാനാകു. കാരണം നിങ്ങളുടെ കഴ്ച്ചപ്പാട് തികഞ്ഞ കാപട്യത്തിന്റെ സര്‍ക്കസ്സു മാത്രമാണ്. അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ മനുഷ്യ സംസ്ക്കാരത്തിന്റെ കടക്കല്‍ കത്തിവക്കുകയാണ്. സംസ്ക്കാരത്തെ കൂട്ടിക്കൊടുക്കുകയാണ്. സമൂഹത്തെ വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ക്ക് ഒറ്റിക്കൊടുക്കുകയാണ്.

നിങ്ങള്‍ മുന്നോട്ടു വക്കുന്ന സ്ത്രീ വര്‍ഗ്ഗപ്രശ്നം ഉപരിപ്ലവമായി ചിന്തിക്കുന്ന 99.9% മനുഷ്യരും തലകുലുക്കി സമ്മതിക്കുന്ന പ്രത്യക്ഷ വസ്തുതയാണെന്ന് ചിത്രകാരന്‍ സമ്മതിക്കുന്നു. ഇത്രയും പ്രത്യക്ഷ സത്യത്തിന്റേയും,ബഹുജന സമ്മതിയുടേയും കരുത്തുണ്ടായിട്ടും നിങ്ങള്‍ക്ക് നിങ്ങള്‍ മുന്നോട്ടുവക്കുന്ന സ്ത്രീവര്‍ഗ്ഗത്തെ തുല്യതയുടെ പങ്കു കച്ചവടത്തിന്റെ നിസാരമായ അവകാശം നേടിക്കൊടുക്കാന്‍ കഴിയുന്നില്ല എന്നത് എന്തുകൊണ്ടാണ് മക്കളേ ?
എത്ര ആയിരം വര്‍ഷം സമരം ചെയ്താലും നിങ്ങളുടെ വര്‍ഗ്ഗസമരം ജയിക്കില്ലെന്ന് ചിത്രകാരന് ഉറപ്പുള്ളത് എന്തുകൊണ്ടാണെന്നോ... പറയാം.

99.9%പേരും ഉപരിപ്ലവമായി കാണുന്ന സ്ത്രീവര്‍ഗ്ഗ വിവേചനത്തിന്റെ സത്യത്തേക്കാള്‍ ... ഒട്ടും ജനപ്രീതിയല്ലാത്ത , അതായത് .001% ജന പിന്തുണപോലും ഇല്ലാത്ത സ്ഥാനത്താണ് ഒറിജിനല്‍ സത്യം കുടികൊള്ളുന്നത്.ആ സത്യത്തെ സത്യമല്ലാതാക്കാന്‍,അഥവ അവഗണിച്ച് മറികടക്കാന്‍ ജനത്തെ മുഴുവന്‍ വേശ്യാസംസ്കൃതിലെത്തിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും കഴിയു.

നിങ്ങള്‍ പൊക്കിപ്പിടിക്കുന്ന ഈ സ്ത്രീവര്‍ഗ്ഗ പ്രത്യയ ശാസ്ത്രം(?)
മനുഷ്യനെ ഒന്നായിക്കാണാനുള്ള കാഴ്ച്ചശക്തിക്കുറവുകൊണ്ടുള്ള അതീവ ഗുരുതരമയതും നാടിനെയും മാനവികതയേയും കുട്ടിച്ചോറാക്കുന്നതുമായ ചവറ് ചിന്താ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ചിത്രകാരന്‍
അങ്ങട്ട് പ്രസ്താവിച്ചുകൊള്ളുന്നു:) ഹഹഹ !!

പൊലാടി മക്കളല്ലെ ഇനി സ്ത്രീക്ക് അന്തസ്സുണ്ടാക്കുന്നത്. കുട്ട്യോളെ പീഡിപ്പിക്കുന്നതിനെതിരെ വല്ല വര്‍ഗ്ഗ സമരത്തിന്റെയും പുറപ്പാടുണ്ടോ ?
സോറി... ആണ്‍ കുട്ടി വര്‍ഗ്ഗം, പെണ്‍കുട്ടി വര്‍ഗ്ഗം എന്നു പറയണമല്ലോ അല്ലേ...!!!ഹഹഹ...

ഏതായാലും ചിത്രകാരനെ ചിന്തിപ്പിച്ചു... അതില്‍ സന്തോഷം, നന്ദി !!!

വര്‍ക്കേഴ്സ് ഫോറം said...

ചിത്രകാരന്‍

സ്ത്രീ വര്‍ഗവും പുരുഷ വര്‍ഗവും?

സ്ത്രീയെയും പുരുഷനേയും അന്യ വര്‍ഗ്ഗങ്ങളായി വര്‍ഗ്ഗീകരിച്ചുവെന്നോ? എവിടെ?

Unknown said...

ലേഖനം നന്നായിരിക്കുന്നു.
സ്തീകൾ അനുഭവിക്കുന്ന പീഠനങ്ങൾ ഇന്ത്യയിലോ കേരളത്തിലോ മാത്രം ഉള്ളതാണെന്ന് കരുതാവുന്നതല്ല.അതൊരു സാവർവ്വദേശീയ പ്രശനമാണ്‌.

വിനയപൂർവ്വം ഒരു ചോദ്യം ഹിന്ദുത്വവാദികൾ ആണോ കേരളസമൂഹത്തിൽ താങ്കൾ പറയുന്ന സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ പ്രയോക്താക്കൾ? അതോ മറ്റേതെങ്കിലും ആളൂകളോ?

മനുസ്മൃതിയെ കുറിച്ച്‌ പറയുമ്പോൾ ഇന്നു കേരളത്തിൽ ജീവിക്കുന്ന ഹിന്ദുക്കളിൽ എത്രപേർ മനുസ്മൃതിയെ പൈന്തുടരുന്നുണ്ട്‌? ന:സ്ത്രീ സ്വാതന്ത്രമർഹതി എന്നുമ്പറഞ്ഞ്‌ പെണ്ണിനെ ചുമരുകൾക്കുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഒതുക്കി നിർത്തുന്നത്‌ ഹിന്ദുത്വവാദികൾ ആണോ?

ഏതുഹിന്ദുസ്ത്രീക്കാണ്‌ സർഗാതമകതയുടെ പേരിൽ കേരളത്തിൽ പീഠനം അനുഭവിക്കേണ്ടിവന്നിട്ടുള്ളത്‌? രാജ്യം വിട്ട്‌ അന്യനാടുകളിൽ അഭയം പ്രാപിക്കേണ്ടിവന്നിട്ടുള്ളത്‌? കമലാ സുരയ്യ അവരുടെ ഏറ്റവും നല്ല സൃഷ്ടികൾ പൂർണ്ണസ്വാതന്ത്രത്തോടെ എഴുതിയത്‌ ഹിന്ദുവായിരിക്കുന്ന കാലത്താണ്‌.

മുപ്പതുവർഷമായി കമ്യൂണിസ്റ്റുഭരണം കൊടികുത്തിവാഴുന്ന കൽക്കട്ടയിൽ ഉള്ളത്ര വേശ്യാതൊഴിലാളികൾ ഇന്ത്യയിൽ (മുംബൈയിൽ ഒഴികെ) വേറെ എവിടെ ആണുള്ളത്‌? കേരളത്തിൽ അനുദിനം വർദ്ധിക്കുന്ന സ്തീപീഠനങ്ങൾ ഹിന്ദുഭരണത്തിന്റെ കീഴിൽ ആണോ?ശാരിയുടെ ദുരന്തത്തിനു അഞ്ചാവാർഷികം തിയുന്ന വേളയിൽ ആ കേസിനു എന്തുപറ്റി? ഒരുകാലത്ത്‌ ആ കേസ്‌ ഏറ്റവും അധികം പൊക്കിപ്പിടിച്ചവർ ഇനി ഒന്നരവർഷം കഴിഞ്ഞാൽ വീണ്ടും രംഗത്തുവരുമോ?

ഓരോ സമൂഹത്തിലും അതിന്റേതായ രീതിയിൽ സ്ത്രീകളെ നിയന്ത്രിക്കുവാൻ പുരുഷമേധാവിത്വം എന്നും ശ്രമിച്ചിട്ടുണ്ട്‌.അത്‌ കേവലം ഭാരതീയ സംസ്കാരത്തിൽ മാത്രം ഒതുങ്ങുന്നില്ല.എന്നാൽ മറ്റുള്ളവരെ ബോധപൂർവ്വം ഒഴിവാക്കി ഏകപക്ഷീയമായി ഉള്ള ഇത്തരം നിരീക്ഷണങ്ങൾ തികച്ചും ബാലിശവും അർത്ഥശൂന്യവും ആണ്‌.
ഇന്നു സ്ത്രീകൾ ഏറ്റവും അധികം സ്വാതന്ത്രത്തോടെ ജോലിയിലും,വിദ്യാഭ്യാസത്തിലു,പൊതുമണ്ടലത്തിലും വരുന്നത്‌ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുമാണ്‌ എന്നത്‌ പറയുവാൻ താങ്കൾ വിട്ടുപോയതാണൊ?

പ്രാജീന ഇന്ത്യയിൽ സ്ത്രീകൾക്ക്‌ സംസ്കൃതം സംസാരിക്കുവാൻ അവകാശമുണ്ടായിരുന്നില്ല എന്നത്‌ ശുദ്ധ അസംബന്ധമാണ്‌.

പെണ്ണായഞ്ഞാനും വിറക്കുന്നില്ല ആണായനിങ്ങൾ വിറക്കുന്നതെന്തേ? ഉണ്ണിയാർച്ചയുടെ വാൾത്തലപ്പിന്റെ മൂർച്ചയുള്ള വാക്കുകൾ!!

പുത്തനച്ചി പുറപ്പുറം തൂക്കും എന്നത്‌ ശൈലിയായി വന്നത്‌ പുതിയവീടിന്റെ ശീലങ്ങൾ പരിചയ്ം ഇല്ലാത്തതിനാൽ അവർ ചെയ്യുന്നകാര്യങ്ങൾ പലതും ആ വീട്ടിലുള്ളവർക്ക്‌ പുതുമയുള്ളതായിരിക്കും, മാത്രമല്ല പുതിയ വീട്ടിൽ അവർ നല്ല രീതിയിൽ ഇടപെടുവാനും ശ്രമിക്കും.അതിന്റെ ഭാഗമായി വന്നതണ്‌.അത്തരം ശൈലികളെ സ്ത്രീവിരുദ്ധതയുടേ മകുടോദാഹരണമായി കാണുന്നതിൽ അർത്ഥമില്ല.
പഴയ നായർത്തറവാടുകളിൽ മരുമക്കത്തായത്തിന്റെ ഭാഗമായി സ്തീകൾക്ക്‌ ഉണ്ടായിരുന്ന മേൽക്കോയമയെ കുറിച്ച്‌ അറിയാതെ പോകരുത്‌. കൂട്ടിരിപ്പുകാരൻ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭർത്താക്കന്മാർ ഉണ്ടായിരുന്നു..


ഇടതുപുരോഗമന പ്രസ്ഥാനങ്ങളോട്‌ ഏറ്റവും അടുത്തുനിൽക്കുന്നതും മതത്തിന്റെ അമിതമായ വിശ്വാസപ്രമാണങ്ങളെപിന്തുടർന്ന് ജീവിക്കാത്തതും ഹൈന്ദവസമൂഹമാണ്‌.പിന്നെ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരങ്ങൾ പാലിച്ചുപോരുന്നു എന്നതിനപ്പുറം അവർ അന്ധമായി മതത്തിന്റെ സങ്കുചിത്വങ്ങളിൽ കുടുങ്ങിക്കിടക്കുന്നില്ല.അങ്ങിനെ കുടുങ്ങിക്കിടന്നിരുന്നു എങ്കിൽ എന്നേ ഇവിടെ പരിവാർ സംഘടനകൾ പിടിമുറുക്കുമായിരുന്നു.

പ്രമുഖരായ എത്ര ഇടതുപ്ക്ഷ പുരോഗമന നേതാക്കന്മാരുടെ മരുമക്കൾ സ്വർണ്ണാഭരണ വിഭൂഷിതകളായി വിവാഹവേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ നാം കണ്ടുകഴിഞ്ഞു? കൂടാതെ അനവധിവിവാഹങ്ങൾ കഴിക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണോ എന്ന് ലേഖകൻ വ്യക്തമാക്കിയാൽ കൊള്ളാം.

ലൈംഗീകചൂഷണത്തെ കുറിച്ച്‌ ലേഖകൻ എഴുതിയ ഭാഗങ്ങൾ തികച്ചും യാദാർത്ഥ്യബോധത്തോടെ ആണെന്ന് സമ്മതിക്കുന്നു.സ്ത്രീശരീരത്തിന്റെ ചൂഷണ സാധ്യതകൾ മുതലാളിത്വവ്യവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്‌.

ലേഖകനെപ്പോലുള്ളവർ "സാക്ഷിക്കണ്ണിലൂടേ" കാണുവാൻ ശ്രമിക്കുമ്പ്പോൾ ആണ്‌ സവർണ്ണ ഹൈന്ദവതയെപറ്റി വാചാലമാകുകയും മറ്റുള്ള പലതിനെപറ്റിയും ബോധപൂർവ്വം നിശ്ശബ്ദരാകുന്നതും.....

വിനയപൂർവ്വം ഒരു വായനക്കാരൻ