2008-ല്‍ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 3,98,111. മൊത്തം 15.6 കോടി രൂപാ. ആയിരത്തിന്റെ 31,857, അഞ്ഞൂറിന്റെ 2,19,739, നൂറിന്റെ 1,33,314 കള്ളനോട്ടുകള്‍. 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. റിസർവ് ബാങ്ക് ഓഫീസുകളിലും രാജ്യത്തെ ബാങ്ക് ശാഖകളിലും മാത്രം പിടിക്കപ്പെട്ട കള്ളനോട്ടുകളുടെ കണക്ക്. പോലീസും മറ്റ് ഏജന്‍സികളും രാജ്യത്താകെ കണ്ടെടുത്ത കള്ളനോട്ടുകളുടെ എണ്ണം റിസർവ് ബാങ്കിന്റെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലതാനും. റിസർവ് ബാങ്ക് 2009 ആഗസ്റ് 27 ന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. ഭയവും അറിവില്ലായ്മയുംമൂലം കള്ളനോട്ട് കൈവശം വന്നാല്‍ സാധാരണക്കാര്‍ റിപ്പോര്‍ട്ടു ചെയ്യാറില്ല. ചെറുകിട സ്ഥാപനങ്ങളും നൂലാമാലകള്‍ ഒഴിവാക്കും. ഇക്കാരണങ്ങളാലെല്ലാം റിസർവ് ബാങ്കിന്റെ കണക്കില്‍ ഉള്‍പ്പെടുന്നത് രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടിന്റെ ഒരു ചെറിയ അംശം മാത്രം.
കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ അളവ് മൊത്തം പ്രചാരത്തിലുള്ള കറന്‍സിയുടെ 0.0008 ശതമാനം (ദശലക്ഷത്തില്‍ എട്ട്) മാത്രമാണെന്നാണ് റിസർവ് ബാങ്ക് നിലപാട്. അത് അവഗണിക്കാവുന്ന അളവില്‍ മാത്രം എന്നും. ഇപ്പോള്‍ മൊത്തം പ്രചാരത്തിലുള്ളത് 49,000 ദശലക്ഷം നോട്ടുകളാണ്.
1999-2000 ല്‍ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 38,000 ആയിരുന്നു. റിസർവ് ബാങ്കിലും, മറ്റ് ബാങ്കുകളിലും മാത്രം പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണം പത്തുവര്‍ഷത്തില്‍ പത്തിരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടും അതവഗണിക്കാവുന്ന അളവില്‍തന്നെയെന്ന റിസർവ് ബാങ്ക് നിലപാട് ഗൌരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത നയം കള്ളനോട്ടിന്റെ ടോളറന്‍സ് ലവല്‍ പൂജ്യം ആയിരിക്കണം എന്നതിന്റെ വെളിച്ചത്തില്‍.
2008 ല്‍ ആയിരം രൂപയുടെ 31857 കള്ളനോട്ടുകള്‍ പിടികൂടി. ഇതേ കാലയളവില്‍ പരിശോധിച്ച് നശിപ്പിച്ചത് ആയിരത്തിന്റെ 39 ദശലക്ഷം നോട്ടുകളാണ്. റിസർവ് ബാങ്കിലെയും ബാങ്കുകളിലേയും പരിശോധനയിലാണ് ബാങ്കിംഗ് ചാനലില്‍ എത്തുന്ന കള്ളനോട്ടുകള്‍ പിടികൂടപ്പെടുന്നത്. അപ്പോള്‍ റിസർവ് ബാങ്കില്‍ പരിശോധിക്കപ്പെട്ട ആയിരത്തിന്റെ നോട്ടുകളുടെ എത്ര ശതമാനമാണ് പിടിക്കപ്പെട്ട കള്ളനോട്ടുകള്‍ എന്നു നോക്കിയാല്‍ അത് ദശലക്ഷത്തില്‍ 817 എന്നു കാണാം. ഇതെങ്ങനെ അവഗണിക്കാവുന്ന അളവിലെന്ന് പറഞ്ഞുതള്ളും?
അതുപോലെ 2008-ല്‍ പിടിക്കപ്പെട്ട അഞ്ഞൂറുരൂപാ കള്ളനോട്ടുകളുടെ എണ്ണം 2,19,739. ഏകദേശം 11 കോടി രൂപ. അത് പരിശോധിച്ചു നശിപ്പിച്ച 735 ദശലക്ഷം അഞ്ഞൂറുരൂപ നോട്ടുകളില്‍ ദശലക്ഷത്തില്‍ 298 കള്ളനോട്ടുകള്‍ എന്ന കണക്കിലാണ്.
റിസർവ് ബാങ്കിന്റെ പ്രഖ്യാപിത നയമനുസരിച്ച് കള്ളനോട്ടിന്റെ "ടോളറന്‍സ് ലവല്‍'' പൂജ്യം ആണ്. അപ്പോള്‍ ആയിരം രൂപയുടെ 817 കള്ളനോട്ടുകളെങ്ങനെ അവഗണിക്കാവുന്ന അളവിലാകും? ലോകത്ത് മറ്റൊരു രാജ്യവും അവരുടെ കറന്‍സി അവസാന ആഡിറ്റ് പോയിന്റില്‍ സാമ്പിള്‍ പരിശോധന മാത്രം നടത്തി നശിപ്പിക്കുന്നതായി അറിവില്ല.
റിസർവ് ബാങ്കില്‍ കള്ളനോട്ട് കണ്ടുപിടിക്കുന്നത് നോട്ടുകളുടെ അവസാന ആഡിറ്റിലാണ്. ആ നോട്ട് സമ്പദ്ഘടനയില്‍ ഏല്പിക്കാവുന്ന എല്ലാ ആഘാതവും ഏല്പിച്ചതിനുശേഷം റിസർവ് ബാങ്കില്‍ കണ്ടുപിടിക്കപ്പെടുന്ന ഒരു നോട്ടുപോലും അവഗണിക്കാവുന്നതല്ല എന്ന് ചുരുക്കം.
മുന്‍വര്‍ഷത്തേക്കാള്‍ 103 ശതമാനം വര്‍ദ്ധനവ് കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായി. മൂല്യത്തില്‍ 180 ശതമാനം വര്‍ദ്ധനവും. പത്തു വര്‍ഷത്തിനിടയില്‍ പത്തിരട്ടി വര്‍ദ്ധനവും. ഇപ്പോഴും അതവഗണിക്കാവുന്ന അളവിലെന്ന നിലപാട് വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. പ്രത്യേകിച്ച് കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകള്‍ ആ denomination ല്‍ പരിശോധിച്ചു നശിപ്പിച്ച നോട്ടുകളുടെ ശതമാനമായി കണക്കാക്കി നോക്കുമ്പോള്‍ അങ്ങനെ നോക്കുന്നതാണ് ശരിയായതും യുക്തിസഹവും.
മൊത്തം പ്രചാരത്തിലുള്ള കറന്‍സിയുടെ 4% മാത്രമാണ് ആയിരത്തിന്റെ നോട്ടുകള്‍. 13 ശതമാനം അഞ്ഞൂറുരൂപാ നോട്ടുകള്‍. 28% നൂറുരൂപാ നോട്ടുകളും. ഇവ മാത്രമാണ് നശിപ്പിക്കുന്നതിനുമുമ്പ് റിസർവ് ബാങ്കില്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
മൊത്തം കറന്‍സിയുടെ 55% വരുന്ന മറ്റു നോട്ടുകള്‍ക്ക് സാമ്പിള്‍ പരിശോധന മാത്രവും. 2008 -ല്‍ 5214 ദശലക്ഷം നോട്ടുകള്‍ സാമ്പിള്‍ പരിശോധനമാത്രം നടത്തി നശിപ്പിച്ചു. അതുകൊണ്ടുതന്നെ അവയില്‍ പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണം തുലോം വിരളവും.സ്ഥിതി ഇതായിരിക്കെ, 4% മാത്രം വരുന്ന ആയിരം രൂപയിലും 13% വരുന്ന അഞ്ഞൂറുരൂപയിലും പിടിക്കപ്പെടുന്ന കള്ളനോട്ടുകള്‍ 49000 ദശലക്ഷം മൊത്തം കറന്‍സിയുടെ ശതമാനമാക്കി അവതരിപ്പിക്കുന്നത് കള്ളനോട്ടു വ്യാപനത്തിന്റെ വ്യാപ്തിയും ആഴവും ചുരുക്കിക്കാണിക്കാന്‍ മാത്രമേ ഉപകരിക്കൂ.
എന്നാല്‍ റിസർവ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും, 2009 ജൂലൈയില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലും, ആര്‍.ബി.ഐ. ഡപ്യൂട്ടി ഗവര്‍ണ്ണര്‍ ശ്രീമതി ഉഷാ തോറാട്ട് അധ്യക്ഷയായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലും നല്‍കിയിരിക്കുന്ന കണക്കുകള്‍ എല്ലാം കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകള്‍ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ ദശലക്ഷത്തില്‍ 8 എണ്ണം മാത്രമാണ് എന്നാണ്.
ഉത്തര്‍പ്രദേശിലെ ദുമരിയാഗഞ്ചില്‍ ഒരു കറന്‍സി ചെസ്റ്റില്‍ വന്‍ കള്ളനോട്ടുശേഖരം കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമിക്കപ്പെട്ട ഉന്നതതലസമിതിയുടെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും ഇപ്പോഴും റിസർവ് ബാങ്കിന്റെ പരിഗണനയിലുണ്ട്.
1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്‌മെന്റ് റിസർവ് ബാങ്കില്‍ നിക്ഷിപ്തമാണ്. പുതിയ നോട്ടുകള്‍ പുറത്തിറക്കേണ്ടതും പ്രചാരത്തിലുള്ളവ പരിശോധിച്ച് വൃത്തിയുള്ളവമാത്രം തിരികെ നല്‍കേണ്ടതും റിസർവ് ബാങ്കിന്റെ ചുമതലയാണ്. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് വിശദമായി പരിശോധിച്ച് വ്യാജനില്ലെന്നുറപ്പു വരുത്തേണ്ടതും റിസർവ് ബാങ്കാണ്. ആ പരിശോധനയിലാണ് കറന്‍സി ചെസ്‌റ്റുകളിലും, റിസർവ് ബാങ്കിലുമായി കള്ളനോട്ടുകള്‍ കണ്ടുപിടിക്കപ്പെടുന്നത്.
റിസർവ് ബാങ്കിന് രാജ്യത്താകെയുള്ള 20 ഇഷ്യൂ ഓഫീസുകളിലും വിവിധ ബാങ്കുകളിലെ 4300 കറന്‍സി ചെസ്‌റ്റുകളിലും ആണ് കറന്‍സി നോട്ടുകള്‍ പരിശോധിക്കുന്നത്. കറന്‍സി ചെസ്‌റ്റുകളില്‍ പരിശോധിച്ചവ റിസർവ് ബാങ്കില്‍ ഫൈനല്‍ ആഡിറ്റ് നടത്തി നശിപ്പിക്കും. രാജ്യത്താകെ റിസർവ് ബാങ്കില്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 12000ത്തില്‍ കൂടുതല്‍ നോട്ടു പരിശോധകരുണ്ടായിരുന്നു.
2001 മുതല്‍ നോട്ടുപരിശോധകരെ ഒഴിവാക്കി. പകരം കോടികള്‍ മുടക്കി സ്ഥാപിച്ച കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്‌റ്റം എന്ന യന്ത്രസംവിധാനം ഏര്‍പ്പെടുത്തി. യന്ത്രസംവിധാനം ഏര്‍പ്പെടുത്തുന്നത് എല്ലാ നോട്ടുകളും റിസർവ് ബാങ്കിന്റെ ഫൈനല്‍ ആഡിറ്റിങ്ങിന് വിധേയമാക്കുന്നതിനാണ് എന്ന് അന്നത്തെ കേന്ദ്രധനമന്ത്രി പാര്‍ലമെന്റംഗങ്ങള്‍ക്കുറപ്പുനല്‍കി. ജീവനക്കാരുടെ എണ്ണം കൂട്ടിയാലും അവര്‍ക്കു പരിശോധിച്ചുതീര്‍ക്കാന്‍ പറ്റാത്ത തരത്തില്‍ പരിശോധിക്കേണ്ട കറന്‍സിയുടെ അളവു കൂടുകയാണെന്നും അതിനാല്‍ യന്ത്രസംവിധാനം അനിവാര്യം ആണെന്നും വിശദീകരണമുണ്ടായി. എന്നാല്‍ വളരെ പെട്ടെന്നുതന്നെ നോട്ടുപരിശോധകര്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടു. നോട്ടുപരിശോധന യന്ത്രസംവിധാനത്തില്‍ മാത്രമായി.
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രചാരത്തിലുള്ളത് 49000 ദശലക്ഷം നോട്ടുകളാണ്. ഇന്നത്തെ നിലയിലുള്ള വര്‍ദ്ധനവ് കണക്കാക്കിയാല്‍ 2012ല്‍ അത് 64000 ദശലക്ഷമാകും. 1938 ല്‍ ഇത് 124 ദശലക്ഷം മാത്രമായിരുന്നു. 1989ല്‍ ഇത് 18500 ദശലക്ഷവും. പി.ആര്‍. നായക് കമ്മിറ്റി ശുപാര്‍ശയനുസരിച്ച് ഇന്നത്തെ നിലയിലെങ്കിലും വൃത്തിയുള്ള നോട്ടുകള്‍ ലഭ്യമാക്കണമെങ്കില്‍ 25000 ദശലക്ഷം നോട്ടുകളെങ്കിലും ഓരോ വര്‍ഷവും പ്രചാരത്തില്‍നിന്ന് പിന്‍വലിച്ച്, പരിശോധിച്ച് നശിപ്പിച്ച് പുതിയവ പുറത്തിറക്കേണ്ടതുണ്ട്. അത്ര ബൃഹത്തും സങ്കീര്‍ണ്ണവുമാണ് സ്ഥിതി. ഒന്നിലധികം ഷിഫ്റ്റുകളിലായി 54 സി.വി.പി.എസ്. യന്ത്രങ്ങളില്‍ 2008 ല്‍ പരിശോധിക്കപ്പെട്ടത് 6748 ദശലക്ഷം നോട്ടുകളാണ്. 2008 മൊത്തം നശിപ്പിക്കപ്പെട്ട 11962 ദശലക്ഷം നോട്ടുകളില്‍ യന്ത്രം പരിശോധിച്ച 6748 ദശലക്ഷത്തിന്റെ ബാക്കി 5214 ദശലക്ഷം നോട്ടുകള്‍ സാമ്പിള്‍ പരിശോധന മാത്രമേ റിസർവ് ബാങ്കില്‍ നടത്തിയിട്ടുള്ളൂ.
റിസർവ് ബാങ്കിലെ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് യന്ത്രവും ബാങ്കുകളിലെ നോട്ട് സോര്‍ട്ടിംഗ് മെഷിനും നേരിട്ട് കള്ളനോട്ടുകള്‍ കണ്ടുപിടിക്കുന്നവയല്ല. യന്ത്രം നല്ലതല്ലാത്ത നോട്ടുകള്‍ തരംതിരിക്കും. യന്ത്രം തരംതിരിച്ചുമാറ്റിയവയില്‍ കള്ളനോട്ടുകളും ഉണ്ടാകും. തരംതിരിച്ചു മാറ്റിയവയില്‍ കള്ളനോട്ടുകള്‍ എത്രയെന്ന് അവ ഓരോന്നു പരിശോധിച്ചുറപ്പുവരുത്തേണ്ടത് പരിചയസമ്പത്തുള്ള ജീവനക്കാരാണ്. യന്ത്രം തരം തിരിച്ചുമാറ്റുന്ന നോട്ടുകള്‍ ഓരോന്നും സൂക്ഷ്മമായി പരിശോധിക്കുന്നതിന് ആവശ്യത്തിന് പരിശോധകരെ നിയോഗിക്കാതെ പരിശോധന ചടങ്ങാക്കിയാല്‍ യന്ത്രം തരംതിരിച്ചവയില്‍ നിന്നുപോലും കള്ളനോട്ടുകളെല്ലാം പടിക്കപ്പെടണമെന്നില്ല.55% കറന്‍സിക്ക് സാമ്പിള്‍ പരിശോധന മാത്രം. ബാക്കി പരിശോധിക്കുന്നത് സി.വി.പി.എസ്. യന്ത്രസംവിധാനത്തില്‍. യന്ത്രം പാസ്സാക്കിയ നോട്ടുകള്‍ ഓണ്‍ലൈനില്‍ നശിപ്പിക്കുകയാണ് പതിവ്. യന്ത്രം പാസ്സാക്കുന്നതില്‍ കള്ളനോട്ടു കാണില്ല എന്നത് വിശ്വാസം മാത്രം. ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ യാതൊരു സംവിധാനവുമില്ല. നിലവിലുള്ള പരിശോധനാ സംവിധാനം എല്ലാ കള്ളനോട്ടുകളും കണ്ടുപിടിക്കാന്‍ പര്യാപ്തമല്ല എന്നു ചുരുക്കം.
2001 മുതല്‍ നോട്ടുപരിശോധകരെ ഒഴിവാക്കി യന്ത്രത്തേയുംസാമ്പിള്‍ പരിശോധനയേയും ആശ്രയിച്ച് റിസര്‍വ്ബാങ്ക് കറന്‍സി മാനേജ്‌മെന്റ് മേഖലയില്‍ നടപ്പില്‍ വരുത്തിയ പരിഷ്ക്കാരങ്ങളുടെ ദുരന്തഫലങ്ങളും തീരെ കുറവല്ല. ദുമരിയാഗഞ്ചിലെ കറന്‍സി ചെസ്‌റ്റില്‍ കണ്ടുപിടിക്കപ്പെട്ട വന്‍ കള്ളനോട്ടുശേഖരം, മൈസൂറിലെ നോട്ട് പ്രസില്‍ നിന്ന് തിരുവനന്തപുരത്തേക്കയച്ചതില്‍ കണ്ടുപിടിച്ച 50 ലക്ഷം രൂപയുടെ കുറവ്, കത്തിച്ചതിനുശേഷം ചവറയിലെ ഫര്‍ണസില്‍ നിന്ന് റിസർവ് ബാങ്കിലെത്തിയ പഞ്ച്ചെയ്ത നോട്ടുകെട്ട്, തിരുവനന്തപുരത്തെ ഒരു കറന്‍സി ചെസ്‌റ്റില്‍ കണ്ടുപിടിക്കപ്പെട്ട തിരിമറി.... ഇവയെല്ലാം സംഭവിച്ചത് 2001 ല്‍ ആരംഭിച്ച പരിഷ്ക്കാരങ്ങള്‍ക്കുശേഷമാണ്. പരിഷ്കാരികള്‍ തകര്‍ത്തുകളഞ്ഞത് 65 വര്‍ഷം റിസര്‍വ് ബാങ്ക് വളര്‍ത്തി കാത്തുസംരക്ഷിച്ച വിശ്വാസ്യതയും.
കറന്‍സി ഓരോ പൌരന്റെയും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. പൌരനെ സംബന്ധിച്ചിടത്തോളം കറന്‍സിയാണ് റിസർവ് ബാങ്കിന്റെ മുഖം. സാധാരണ പൌരന്റെ കൈവശം വന്നുപെടുന്ന കള്ളനോട്ടുകളില്‍ അവര്‍ കാണുന്നത് റിസർവ് ബാങ്കിന്റെ വികൃതമായ മുഖമായിരിക്കും.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും ധനകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി 2008 ഡിസംബര്‍ 18 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമ്പദ്ഘടനയിലെ കള്ളനോട്ട് വ്യാപനത്തിന്റെ അപകടസ്ഥിതിയില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും കറന്‍സി മാനേജ്‌മെന്റിലെ നിലവിലെ എല്ലാ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വീണ്ടും വിലയിരുത്തപ്പെടണം എന്നും നിര്‍ദ്ദേശിച്ചിക്കുകയും ചെയ്തിരുന്നു.
കള്ളനോട്ടു വ്യാപനം സമ്പദ്ഘടനയിലുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ അതീവ ഗൌരവത്തോടെ കാണുകയും രാജ്യത്തെ കറന്‍സി സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനങ്ങളെല്ലാം പുനക്രമീകരിച്ച് കുറ്റമറ്റതാക്കേണ്ടത് അടിയന്തിരാവശ്യമാണ്. രാജ്യത്തെ എല്ലാ നോട്ടുകളും നശിപ്പിക്കുന്നതിനുമുമ്പുള്ള ഫൈനല്‍ ആഡിറ്റില്‍ റിസർവ് ബാങ്കില്‍ പരിശോധിക്കപ്പെടണം.
***
റ്റി.കെ. തങ്കച്ചന്‍, വൈസ് പ്രസിഡന്റ്, ആള്‍ ഇന്ത്യാ റിസർവ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍
Subscribe to:
Post Comments (Atom)
2 comments:
1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്‌മെന്റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. പുതിയ നോട്ടുകള്‍ പുറത്തിറക്കേണ്ടതും പ്രചാരത്തിലുള്ളവ പരിശോധിച്ച് വൃത്തിയുള്ളവമാത്രം തിരികെ നല്‍കേണ്ടതും റിസര്‍വ് ബാങ്കിന്റെ ചുമതലയാണ്. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് വിശദമായി പരിശോധിച്ച് വ്യാജനില്ലെന്നുറപ്പു വരുത്തേണ്ടതും റിസര്‍വ് ബാങ്കാണ്. ആ പരിശോധനയിലാണ് കറന്‍സി ചെസ്‌റ്റുകളിലും, റിസര്‍വ് ബാങ്കിലുമായി കള്ളനോട്ടുകള്‍ കണ്ടുപിടിക്കപ്പെടുന്നത്.
പിടി കൂടിയത് ഇത്രേം..അപ്പൊ ഇനി പിടിക്കപെടാതെ പോകുന്നതിന്റെ കണക്കോ? ഭയങ്കരം..
Post a Comment