ഈ സമ്മേളനം ഇങ്ങനെ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു:
ഇന്നത്തെ ആഗോള മാന്ദ്യം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ ഒരു പ്രതിസന്ധിയാണ്. മുതലാളിത്തത്തിന്റെ ചരിത്രപരമായ പരിമിതികളും അതിനെ വിപ്ളവപരമായ മാര്‍ഗത്തിലൂടെ തൂത്തെറിയേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി തെളിയിച്ചു കാണിക്കുന്ന പ്രതിസന്ധിയാണത്. മുതലാളിത്തത്തിന്റെ പ്രധാന വൈരുധ്യമായ, ഉല്‍പാദനത്തിന്റെ സാമൂഹ്യസ്വഭാവവും മുതലാളിത്തത്തിന്റെ വ്യക്തിപരമായ ധന സമ്പാദനവും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുന്നതിനെയാണ് അത് പ്രകടമായി കാണിച്ചുതരുന്നത്. ഈ പ്രതിസന്ധിയുടെ മര്‍മസ്ഥാനത്തു കിടക്കുന്ന, മൂലധനവും തൊഴിലും തമ്മിലുള്ള അപരിഹാര്യമായ വൈരുദ്ധ്യത്തെ മറച്ചുവെയ്ക്കാനാണ് മൂലധനത്തിന്റെ രാഷ്ട്രീയ പ്രതിനിധികള്‍ ശ്രമിക്കുന്നത്. ഐഎംഎഫ്, ലോകബാങ്ക്, ഡബ്ള്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളോടൊപ്പം നിന്നുകൊണ്ട് സാമ്രാജ്യത്വശക്തികള്‍ തങ്ങളുടേതായ "പരിഹാരങ്ങള്‍'' നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കിലും, ആ പരിഹാരങ്ങള്‍ മുതലാളിത്ത ചൂഷണം അനിവാര്യമായും നിശിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളവയാണ്. അതിനാല്‍ സാമ്രാജ്യത്വശക്തികള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകളെ ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുകയാണ്. സൈനിക "പരിഹാര''വും രാഷ്ട്രീയ "പരിഹാര''വും ആഗോളതലത്തില്‍ വ്യഗ്രതയോടെ നടപ്പാക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഒരു പുതിയ ആക്രമണോല്‍സുകമായ തന്ത്രം നടപ്പാക്കാനാണ് നാറ്റോ ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളും സിവില്‍ സ്വാതന്ത്ര്യങ്ങളും ട്രേഡ് യൂണിയന്‍ അവകാശങ്ങളും മറ്റും വെട്ടിക്കുറച്ചുകൊണ്ട്, രാഷ്ട്രീയ വ്യവസ്ഥകള്‍ കൂടുതല്‍ കൂടുതല്‍ പിന്‍തിരിപ്പന്‍ സ്വഭാവം ആര്‍ജിക്കുകയാണ്. മുതലാളിത്തത്തിന്‍ കീഴിലെ ഘടനാപരമായ അഴിമതിയെ ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണ്; അഴിമതിയാകട്ടെ, സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ സമ്മേളനം ഇങ്ങനെ ഊന്നിപ്പറയുന്നു:
ഒരുപക്ഷേ 1929ലെ മഹാമാന്ദ്യത്തിനുശേഷമുണ്ടായ, ഏറ്റവും നിശിതമായ, സര്‍വംഗ്രാഹിയായ ഇപ്പോഴത്തെ പ്രതിസന്ധി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ്. ലക്ഷക്കണക്കിന് ഫാക്ടറികള്‍ അടച്ചിടപ്പെട്ടിരിക്കുന്നു. കാര്‍ഷിക സമ്പദ്വ്യവസ്ഥയും ഗ്രാമീണ സമ്പദ്വ്യവസ്ഥയും തകര്‍ച്ചയിലാണ്; ആഗോളതലത്തില്‍ത്തന്നെ കോടിക്കണക്കിന് കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ദാരിദ്ര്യവും ദുരിതങ്ങളും മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ആളുകള്‍ തൊഴിലില്ലാത്തവരായിത്തീരുന്നു; വീടില്ലാത്തവരായിത്തീരുന്നു. തൊഴിലില്ലായ്മ അഭൂതപൂര്‍വ്വമായ തലങ്ങളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 5 കോടി എന്ന പരിധിയേയും അത് ലംഘിക്കും എന്ന് ഔദ്യോഗികമായിത്തന്നെ പ്രതീക്ഷിക്കപ്പെടുന്നു. അസമത്വം ആഗോളതലത്തില്‍ത്തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് - ധനികര്‍ കൂടുതല്‍ വലിയ ധനികരായിത്തീരുന്നു; ദരിദ്രരാകട്ടെ കൂടുതല്‍ ദരിദ്രരായിത്തീരുന്നു. 100 കോടിയില്‍പ്പരം ആളുകള്‍, അതായത് മാനവരാശിയിലെ ആറിലൊരു ഭാഗം, വിശന്നുവലയുന്നു. സ്ത്രീകളും യുവജനങ്ങളും കുടിയേറ്റക്കാരും ആണ് ഇതിന് ആദ്യം ഇരയായിത്തീരുന്നത്.
ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് അതത് മുതലാളിത്ത ഗവണ്‍മെന്റുകള്‍ കൈക്കൊള്ളുന്ന സമീപനം, അവരുടെ വര്‍ഗ സ്വഭാവത്തിന് യോജിച്ചതുതന്നെയാണ്. അടിസ്ഥാന പ്രശ്നങ്ങളെ നേരിടുന്നതില്‍ അത് പരാജയപ്പെടുന്നു. ഇത്ര കാലവും സര്‍ക്കാരിനെ നിന്ദിച്ചിരുന്ന പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ എല്ലാ ഉപാസകരും മുതലാളിത്തത്തിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് കൈകാര്യ കര്‍ത്താക്കളും, ഇപ്പോള്‍ തങ്ങളെ രക്ഷപ്പെടുത്തുന്നതിനായി സര്‍ക്കാരിനെ ഉപയോഗപ്പെടുത്തുകയാണ്. അമിതമായ ലാഭത്തിനുള്ള മാര്‍ഗങ്ങളെ സംരക്ഷിക്കുകയും കൂടുതല്‍ വികസിപ്പിക്കുകയും ആണ് മുതലാളിത്ത ഗവണ്‍മെന്റ് ചെയ്യുക എന്ന മൌലിക വസ്തുതയെ അത് ഒന്നുകൂടി അടിവരയിട്ടു കാണിക്കുന്നു. രക്ഷാപാക്കേജുകളൊക്കെ പൊതുജനങ്ങളുടെ ചെലവിലാണ്; അതേ അവസരത്തില്‍ അതിന്റെ ഗുണം ലഭിക്കുന്നത് ഏതാനും പേര്‍ക്ക് മാത്രമാണുതാനും. ലാഭം ഉണ്ടാക്കുന്ന തുറകളെ ആദ്യം രക്ഷപ്പെടുത്തുന്നതിനും പിന്നെ അവയെ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്, പ്രഖ്യാപിക്കപ്പെട്ട രക്ഷാ പാക്കേജുകളെല്ലാം തന്നെ. ബാങ്കുകളും ഫിനാന്‍ഷ്യല്‍ കോര്‍പ്പറേറ്റുകളും എല്ലാം ഇപ്പോള്‍ വീണ്ടും ബിസിനസ് ആരംഭിച്ചിരിക്കുന്നു; ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കൂറ്റന്‍ സുരക്ഷാ പാക്കേജുകളുടെ സമ്മാനം കോര്‍പ്പറേഷനുകള്‍ക്കാണെങ്കില്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും യഥാര്‍ത്ഥ കൂലിയില്‍ ഉണ്ടാകുന്ന ഇടിവും അധ്വാനിക്കുന്ന ജനങ്ങള്‍ വഹിക്കേണ്ട ഭാരമാണ്.
ഈ സമ്മേളനം മനസ്സിലാക്കുന്നത് ഇതാണ്:
ഏതാനും ചിലരുടെ അത്യാര്‍ത്തിമൂലം ഉണ്ടായ മാര്‍ഗഭ്രംശമോ ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവമോ അല്ല പ്രതിസന്ധിക്ക് അടിസ്ഥാനം. മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണമായ "പരമാവധി ലാഭമുണ്ടാക്കു''ന്നതിനുള്ള ത്വര കാരണം, ആഗോളവല്‍ക്കരണത്തിന്റെ ഇക്കഴിഞ്ഞ ദശകങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള സാമ്പത്തിക അസമത്വവും ഒരേ രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള സാമ്പത്തിക അസമത്വവും രൂക്ഷമായ വിധത്തില്‍ വര്‍ധിച്ചിരിക്കുന്നു. ലോകത്തിലെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ക്കഴിവ് ഇടിയുക എന്നതാണ് അതിന്റെ സ്വാഭാവികമായ അനന്തരഫലം. അതായത് ഇന്നത്തെ പ്രതിസന്ധി വ്യവസ്ഥാപരമായ പ്രതിസന്ധിയാണ്. മുതലാളിത്ത വ്യവസ്ഥ സഹജമായിത്തന്നെ പ്രതിസന്ധി നിറഞ്ഞതാണ് എന്ന മാര്‍ക്സിസ്റ്റ് വിശകലനത്തെ ഇത് ഒരിക്കല്‍കൂടി ന്യായീകരിക്കുന്നു. ലാഭത്തിനുവേണ്ടി പരക്കംപായുന്ന മൂലധനം, അതിര്‍വരമ്പുകളെയെല്ലാം അതിലംഘിക്കുന്നു; എന്തിലും ഏതിലും ചവിട്ടിക്കയറുന്നു. ഈ പ്രക്രിയക്കിടയില്‍ അത് തൊഴിലാളിവര്‍ഗത്തിന്റെയും മറ്റധ്വാനിക്കുന്ന വിഭാഗങ്ങളുടെയും മേലുള്ള ചൂഷണം കൂടുതല്‍ നിശിതമാക്കുന്നു; അവരുടെ തലയില്‍ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങള്‍ കയറ്റിവെയ്ക്കുന്നു. മുതലാളിത്തത്തിന് നിലനില്‍ക്കണമെങ്കില്‍, ഒരു കരുതല്‍ തൊഴില്‍സേന ആവശ്യമാണ്. അത്തരം മുതലാളിത്ത മൃഗീയതയില്‍നിന്നുള്ള മോചനം, യഥാര്‍ത്ഥമായ ബദല്‍, അതായത് സോഷ്യലിസം, സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. സാമ്രാജ്യത്വവിരുദ്ധ കുത്തകവിരുദ്ധ സമരങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ഇതിനാവശ്യമാണ്. അതുകൊണ്ട് ഒരു ബദലിനുവേണ്ടിയുള്ള നമ്മുടെ സമരം മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായ സമരം കൂടിയാണ്. ജനങ്ങളെ ജനങ്ങള്‍ ചൂഷണം ചെയ്യാത്ത, രാഷ്ട്രത്തെ രാഷ്ട്രം ചൂഷണം ചെയ്യാത്ത വ്യവസ്ഥയ്ക്കുവേണ്ടിയുള്ളതാണ്, ബദലിനുവേണ്ടിയുള്ള നമ്മുടെ സമരം. മറ്റൊരു ലോകത്തിനുവേണ്ടിയുള്ള, ന്യായമായ ഒരു ലോകത്തിനുവേണ്ടിയുള്ള, ഒരു സോഷ്യലിസ്റ്റ് ലോകത്തിനുവേണ്ടിയുള്ള സമരമാണത്.
ഈ സമ്മേളനത്തിന് താഴെ പറയുന്ന കാര്യം ബോധ്യമുണ്ട്:
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ തലയില്‍ കൂടുതല്‍ കൂടുതല്‍ ഭാരങ്ങള്‍ കയറ്റിവെച്ചുകൊണ്ടും വികസ്വര രാഷ്ട്രങ്ങള്‍ എന്നു വിളിക്കപ്പെടുന്ന, താഴ്ന്ന നിലവാരത്തിലും മധ്യനിലവാരത്തിലും ഉള്ള മുതലാളിത്ത വികസനം നടന്നിട്ടുള്ള രാജ്യങ്ങളുടെ വിപണികളിലേക്ക് നുഴഞ്ഞുകയറാനും അവിടങ്ങളില്‍ മേധാവിത്വം സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടും, പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ മേധാവിത്വം വഹിക്കുന്ന സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കും എന്ന വസ്തുത ഈ സമ്മേളനത്തിന് ബോധ്യമുണ്ട്. ഒന്നാമതായി ഡബ്ള്യുടിഒയുടെ ദോഹവട്ട വ്യാപാര ചര്‍ച്ചകളിലൂടെയാണ് അവര്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ചെലവില്‍ ഉണ്ടാക്കപ്പെടുന്ന അസമമായ സാമ്പത്തികക്കരാറുകള്‍ അതിന്റെ പ്രതിഫലനമാണ് - പ്രത്യേകിച്ചും കാര്‍ഷിക മാനദണ്ഡങ്ങളുമായും കാര്‍ഷികേതര വിപണി സാധ്യതകളുമായും ബന്ധപ്പെട്ട കരാറുകള്‍.
പരിസ്ഥിതി നാശത്തിന് ഒന്നാമതായും ഉത്തരവാദികളായ മുതലാളിത്തം, കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് ഈ ഗ്രഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാരം മുഴുവന്‍ (പ്രഥമവും പ്രധാനവുമായി അതിനു കാരണക്കാര്‍ മുതലാളിത്തം തന്നെയാണ്) അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ചുമലില്‍ കയറ്റിവെക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ മുതലാളിത്തം നിര്‍ദ്ദേശിക്കുന്ന പുനഃസംഘടനയ്ക്ക്, പരിസ്ഥിതി സംരക്ഷണവുമായി വലിയ ബന്ധമൊന്നുമില്ല. കോര്‍പറേറ്റുകളുടെ പ്രേരണയോടെയുള്ള 'ഹരിത വികസനവും' 'ഹരിത സമ്പദ്വ്യവസ്ഥ'യും പരമാവധി ലാഭം ഉണ്ടാക്കുന്നതിനും ജനങ്ങളുടെ തലയില്‍ പുതിയ ദുരിതങ്ങള്‍ കയറ്റിവെക്കുന്നതിനും ഉതകുന്ന പുതിയ സ്റ്റേറ്റ് കുത്തകകള്‍ നിയന്ത്രണങ്ങള്‍ കെട്ടിയേല്‍പ്പിക്കുന്നതിനുള്ള ശ്രമം തന്നെയാണ്. അതായത്, മുതലാളിത്തത്തിന്‍ കീഴില്‍ പരമാവധി ലാഭം ഉണ്ടാക്കുന്നതിനുള്ള വ്യഗ്രതയെ പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ അവകാശങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയില്ല.
ഈ സമ്മേളനം താഴെ പറയുന്ന കാര്യം മനസ്സിലാക്കുന്നു:
തൊഴിലാളിവര്‍ഗത്തേയും സാധാരണ ജനങ്ങളെയും സംബന്ധിച്ചിടത്തോളം, ഈ മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനുള്ള ഒരേയൊരു മാര്‍ഗം മൂലധനത്തിന്റെ നിയമത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. തങ്ങള്‍ ശക്തി സംഭരിക്കുകയും മുതലാളിത്തത്തിന്റെ, ഈ ശ്രമങ്ങളെ ചെറുക്കുകയും ചെയ്യുമ്പോള്‍, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിയുന്നുവെന്നാണ് തൊഴിലാളിവര്‍ഗത്തിന്റെ അനുഭവം. വ്യവസായങ്ങളിലെ കുത്തിയിരിപ്പ്, ഫാക്ടറി പിടിച്ചെടുക്കല്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങള്‍ കാരണം, തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഭരണവര്‍ഗങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നു. സമരങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും നേടിയെടുക്കാമെന്നും, തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും ഇന്നത്തെ രംഗവേദിയായ ലാറ്റിന്‍ അമേരിക്ക നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രതിസന്ധിയുടെ ഇന്നത്തെ ഘട്ടത്തില്‍, തൊഴിലാളിവര്‍ഗം ഒരിക്കല്‍കൂടി അസംതൃപ്തികൊണ്ട് തിളച്ചുമറിയുകയാണ്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളിവര്‍ഗം നടത്തുന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്ക് നിരവധി രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്; ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ബഹുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ട്, ഇത്തരം തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് - അടിയന്തിര ആശ്വാസത്തിനുവേണ്ടി മാത്രമല്ല, തങ്ങളുടെ ദുഃസ്ഥിതിക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണുന്നതിനുവേണ്ടി കൂടിയുള്ള പ്രക്ഷോഭങ്ങളായിരിക്കണം അവ.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലും ഇപ്പോഴത്തെ പ്രതിസന്ധിക്കു തൊട്ടുമുമ്പുണ്ടായിരുന്ന കുതിപ്പിന്റെ ഘട്ടങ്ങളിലും ആഹ്ളാദം കൊണ്ട സാമ്രാജ്യത്വം, തൊഴിലാളിവര്‍ഗത്തിന്റെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കുമേല്‍ അഭൂതപൂര്‍വമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരുന്നത്. ഇതിനോടൊപ്പം തന്നെ ഭ്രാന്തുപിടിച്ച കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണവും നടന്നുകൊണ്ടിരുന്നു. - ഓരോരോ രാജ്യങ്ങളില്‍ മാത്രമല്ല, ആഗോളതലത്തിലും യൂറോപ്യന്‍ യൂണിയന്‍, കൌണ്‍സില്‍ ഓഫ് യൂറോപ്പ്, ഒ.എസ്.സി.ഇ തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും അത്തരം പ്രചരണങ്ങള്‍ നടന്നുകൊണ്ടിരുന്നു. അവര്‍ എത്രതന്നെ ശ്രമിച്ചാലും ശരി, ആധുനിക സംസ്കാരത്തിന്റെ അതിര്‍ത്തികള്‍ നിര്‍വചിക്കുന്നതില്‍ സോഷ്യലിസം വഹിച്ച പങ്കും നേടിയ നേട്ടങ്ങളും ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയുകയില്ല. അവിരാമമായ ഇത്തരം ആക്രമണങ്ങളെ നേരിടേണ്ടിവന്ന നമ്മുടെ സമരങ്ങള്‍ ഇത്രയും കാലം, പ്രധാനമായും പ്രതിരോധ സ്വഭാവത്തോടു കൂടിയതായിരുന്നു - അതായത് നാം മുമ്പ് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍. എന്നാല്‍ മുമ്പ് ലഭിച്ച അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല, പുതിയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍, ഉപരോധാക്രമണങ്ങള്‍, കെട്ടഴിച്ചുവിടേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ ചില അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍ മാത്രമല്ല അത്; മറിച്ച്, മുതലാളിത്ത സൌധം ആകെ ഇടിച്ചു തകര്‍ക്കുന്നതിനുള്ള, മൂലധനത്തിന്റെ നിയമത്തിനുനേര്‍ക്കുള്ള, സോഷ്യലിസം എന്ന രാഷ്ട്രീയ ബദലിനുവേണ്ടിയുള്ള ആക്രമണമാണത്.
പൂര്‍ണസമയ ജോലി സ്ഥിരമായി ലഭ്യമാക്കുക; ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവ എല്ലാവര്‍ക്കും സൌജന്യമായും പൊതുമേഖലയിലൂടെ മാത്രമായും ലഭ്യമാക്കുക; ലിംഗപരമായ അസമത്വവും വംശീയമായ അസമത്വവും അവസാനിപ്പിക്കുക; യുവാക്കള്‍, സ്ത്രീകള്‍, കുടിയേറ്റക്കാരായ തൊഴിലാളികള്‍, വംശീയ - ദേശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ജനകീയശക്തികളിലെ ഏറ്റവും വിപുലമായ വിഭാഗങ്ങളെ അണിനിരത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളി പാര്‍ടികളും സജീവമായി പ്രവര്‍ത്തിക്കുന്നതാണെന്ന്, ഈ പരിതഃസ്ഥിതിയില്‍ ഈ സമ്മേളനം പ്രസ്താവിക്കുന്നു.
തങ്ങളുടെ രാജ്യങ്ങളില്‍ ഈ കടമ ഏറ്റെടുക്കുവാനും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായും വിപുലമായ സമരങ്ങള്‍ കെട്ടഴിച്ചുവിടാനും കമ്യൂണിസ്റ്റ് പാര്‍ടികളോടും തൊഴിലാളി പാര്‍ടികളോടും സമ്മേളനം ആഹ്വാനം ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥ പാരമ്പര്യമായിത്തന്നെ പ്രതിസന്ധി നിറഞ്ഞതാണെങ്കിലും, അത് സ്വയം തകര്‍ന്നുവീഴുകയില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന്റെ അഭാവത്തില്‍, പിന്തിരിപ്പന്‍ ശക്തികള്‍ ഉയര്‍ന്നുവരിക എന്ന അപകടം സംഭവിക്കാനിടയുണ്ട്. തങ്ങളുടെ നിലവിലുള്ള അവസ്ഥ സംരക്ഷിക്കുന്നതിനുവേണ്ടി ഭരണവര്‍ഗങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും വളര്‍ച്ച തടയുന്നതിനായി സര്‍വതോമുഖമായ ആക്രമണം കെട്ടഴിച്ചുവിടുന്നു. "മുതലാളിത്തത്തിന്റെ മാനവീകരണം'', "നിയന്ത്രണം'', "ആഗോള നിയന്ത്രണം'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് വ്യാമോഹം പ്രചരിപ്പിക്കാനാണ് സോഷ്യല്‍ ഡെമോക്രസി തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗസമരത്തെ നിഷേധിക്കുകയും ജനവിരുദ്ധനയങ്ങള്‍ തുടരുന്നതിനെ സഹായിക്കുകയും ചെയ്യുന്ന ഈ നിലപാട്, യഥാര്‍ത്ഥത്തില്‍, മൂലധനത്തിന്റെ തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എത്രതന്നെ പരിഷ്കാരങ്ങള്‍ വരുത്തിയാലും, മുതലാളിത്തത്തിന്റെ കീഴിലുള്ള ചൂഷണത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. മുതലാളിത്തത്തെ തൂത്തെറിഞ്ഞേ പറ്റൂ. ഇതിന്, തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ജനകീയ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 'ബദലില്ല' തുടങ്ങിയ എല്ലാ വിധത്തിലുള്ള സിദ്ധാന്തങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അവയെ ചെറുത്തുകൊണ്ട് "സോഷ്യലിസമാണ് ബദല്‍'' എന്ന നമ്മുടെ പ്രതികരണം നാം ഉയര്‍ത്തിപ്പിടിക്കണം.
ഭൂമിയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും വന്നെത്തിയവരും തൊഴിലാളിവര്‍ഗത്തിന്റെയും സമൂഹത്തിലെ മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും (ആഗോള ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും അവരാണ്) താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരുമായ, കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളി പാര്‍ടികളുമായ നാം, കമ്യൂണിസ്റ്റ് പാര്‍ടികളുടെ പങ്കിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, മനുഷ്യരാശിയുടെ ഭാവിക്ക് സോഷ്യലിസം മാത്രമേ യഥാര്‍ത്ഥ ബദലായിട്ടുള്ളൂ എന്നും ഭാവി നമ്മുടേതാണെന്നും പ്രഖ്യാപിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ജനങ്ങളോടും നമ്മോടൊപ്പം ചേരാന്‍ ആഹ്വാനം ചെയ്യുന്നു.
*
കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
ഇന്നത്തെ ആഗോള മാന്ദ്യം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ ഒരു പ്രതിസന്ധിയാണ്. മുതലാളിത്തത്തിന്റെ ചരിത്രപരമായ പരിമിതികളും അതിനെ വിപ്ളവപരമായ മാര്‍ഗത്തിലൂടെ തൂത്തെറിയേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി തെളിയിച്ചു കാണിക്കുന്ന പ്രതിസന്ധിയാണത്. മുതലാളിത്തത്തിന്റെ പ്രധാന വൈരുധ്യമായ, ഉല്‍പാദനത്തിന്റെ സാമൂഹ്യസ്വഭാവവും മുതലാളിത്തത്തിന്റെ വ്യക്തിപരമായ ധന സമ്പാദനവും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുന്നതിനെയാണ് അത് പ്രകടമായി കാണിച്ചുതരുന്നത്. ഈ പ്രതിസന്ധിയുടെ മര്‍മസ്ഥാനത്തു കിടക്കുന്ന, മൂലധനവും തൊഴിലും തമ്മിലുള്ള അപരിഹാര്യമായ വൈരുദ്ധ്യത്തെ മറച്ചുവെയ്ക്കാനാണ് മൂലധനത്തിന്റെ രാഷ്ട്രീയ പ്രതിനിധികള്‍ ശ്രമിക്കുന്നത്. ...
Post a Comment