Sunday, November 8, 2009

വര്‍ഗബോധത്തിന്റെ കരുത്തോടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍

തൊഴിലെടുക്കുന്ന സ്ത്രീകളുടെ അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1979 ഏപ്രില്‍ ഒമ്പതിനും 10നും ചെന്നൈയില്‍ ചേര്‍ന്ന അഖിലേന്ത്യാ കണ്‍വന്‍ഷനിലാണ് എഐസിസിഡബ്ള്യുഡബ്ള്യു രൂപീകരിച്ചത്. ദേശീയതലത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനുമുമ്പുതന്നെ സ. സുശീല ഗോപാലന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2010 ജനുവരിയില്‍ എട്ടാമത് ദേശീയ കവന്‍ഷന്‍ ആദ്യമായി കേരളത്തില്‍ നടക്കുകയാണ്. അതിനുമുന്നോടിയായാണ് വര്‍ക്കിങ് വിമെന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഞായറാഴ്ച കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ചേരുന്നത്.

ലോകത്താകെ തൊഴില്‍രംഗത്ത് വന്‍മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തികമാന്ദ്യം വന്‍തോതിലുള്ള പിരിച്ചുവിടലിനും തൊഴില്‍നഷ്ടത്തിനും ഇടയാക്കിയിരിക്കുന്നു. ലോകത്താകെയുള്ള 29 ബില്യന്‍ തൊഴിലാളികളില്‍ 40 ശതമാനം സ്ത്രീകളാണ്. ആഗോളവല്‍ക്കരണം തൊഴില്‍ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും തൊഴിലിന്റെ സ്ത്രൈണവല്‍ക്കരണംതന്നെയുണ്ടാകുമെന്നുമായിരുന്നു അതിന്റെ വക്താക്കള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, സ്ത്രീകളുടെ ഇടയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതായാണ് ആഗോളതലത്തില്‍ ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. 81.8 മില്യ സ്ത്രീകള്‍ തൊഴിലില്ലാത്തവരായുണ്ടാകുമെന്ന് കണക്കാക്കുന്നു. ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. പണിയെടുക്കുന്ന ദരിദ്രരിലും 60 ശതമാനം സ്ത്രീകളാണ്. സ്ത്രീകള്‍ കൂടുതലായി തൊഴില്‍രംഗത്ത് വരുന്നുണ്ടെങ്കിലും അവരില്‍ മഹാഭൂരിപക്ഷവും തൊഴില്‍ കണ്ടെത്തുന്നത് അസംഘടിത- അനൌപചാരിക മേഖലകളിലാണ്. താല്‍ക്കാലിക, കോണ്‍ട്രാക്ട്, പാര്‍ട്ടൈം, ഹോംബേസിസ് തൊഴിലാളികളാണ് ഏറെയും. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ പരിതാപകരമാംവിധം കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. തങ്ങളുടെ തൊഴില്‍ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും- റിക്രൂട്ട്മെന്റ്, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് ഘട്ടങ്ങളിലെല്ലാം സ്ത്രീകള്‍ വിവേചനത്തിന് ഇരയാകുന്നു. കൂലിയിലടക്കമുള്ള ഈ വിവേചനം വികസിതരാജ്യങ്ങളിള്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും 20 മുതല്‍ 60 ശതമാനംവരെ പുരുഷന്മാരിലും കുറവാണ് സ്ത്രീകളുടെ വേതനം. ഇന്ത്യയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 96 ശതമാനവും അസംഘടിതമേഖലയിലാണ്. ഇവരില്‍ 97 ശതമാനംപേര്‍ക്കും ദേശീയ മിനിമംകൂലി ലഭിക്കുന്നില്ല. ഗ്രാമങ്ങളില്‍ സ്ത്രീത്തൊഴിലാളികള്‍ക്ക് ശരാശരി 34.72 രൂപയും നഗരങ്ങളില്‍ 43.58 രൂപയുമാണ് കൂലി ലഭിക്കുന്നത് (എന്‍എസ്എസ് 61-ാംറൌണ്ട് റിപ്പോര്‍ട്ട്). പല തൊഴില്‍മേഖലയിലും 12-16 മണിക്കൂര്‍വരെ പണിയെടുക്കേണ്ടിവരുന്നു. ഓവര്‍ടൈം അലവന്‍സ് അവര്‍ക്ക് ലഭിക്കുന്നില്ല. ശമ്പളത്തോടുകൂടിയ ആഴ്ചയിലെ അവധിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. സുരക്ഷാസംവിധാനം, സാനിറ്റേഷന്‍, കുടിവെള്ളസൌകര്യങ്ങളോ ഇല്ല. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകളിലെ മഹാഭൂരിപക്ഷത്തിന്റെയും സ്ഥിതിയാണിത്. സ്ത്രീകളുടെ സാമൂഹ്യപദവിയില്‍, ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടുപ്രകാരം 157 രാജ്യങ്ങളില്‍ 113-ാംസ്ഥാനമാണ് ഇന്ത്യക്ക്. ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിലെ സ്ത്രീമുന്നേറ്റം തൊഴില്‍ പങ്കാളിത്തനിരക്കില്‍ പ്രതിഫലിക്കുന്നില്ലെന്നത് കേരളത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നു. ദേശീയതലത്തില്‍ 51.6 ശതമാനം (പുരുഷന്‍), 22.7 ശതമാനം (സ്ത്രീകള്‍) ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 50.6 ശതമാനം (പുരുഷന്‍), 15.3 ശതമാനം (സ്ത്രീകള്‍) മാത്രമാണ്. തൊഴില്‍സേനയില്‍ 42 ശതമാനം പുരുഷന്മാരും 54 ശതമാനം സ്ത്രീകളും തൊഴില്‍രഹിതരാണ്. വിദ്യാസമ്പന്നരായ സ്ത്രീകളിലെ തൊഴിലില്ലായ്മയും പുരുഷന്മാരേക്കാള്‍ രണ്ടര ഇരട്ടിയാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ 20 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 40 ശതമാനവും സ്ത്രീകളാണ്. തൊഴിലന്വേഷകരായ ആളുകളില്‍ 58 ശതമാനം സ്ത്രീകളാണ്.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഒട്ടേറെ നിയമങ്ങളുടെയും നയങ്ങളുടെയും പശ്ചാത്തലത്തില്‍ വലിയ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് ഈ സമ്മേളനത്തില്‍ വിവിധ മേഖലയിലെ സ്ത്രീകള്‍ ഒത്തുചേരുന്നത്. സ്ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം പ്രഖ്യാപിച്ചതില്‍ കേരളത്തിലെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അതീവ സന്തുഷ്ടരാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പീടികത്തൊഴിലാളി ക്ഷേമനിധിനിയമം പത്തുലക്ഷത്തിലേറെ തൊഴിലാളികളെ ക്ഷേമപരിപാടികള്‍ക്കകത്ത് കൊണ്ടുവന്നു. അസംഘടിതമേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമടക്കം ഈ നിയമം ഉറപ്പാക്കുന്നുണ്ട്. ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയും രണ്ടുലക്ഷം തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യം ലഭ്യമാക്കും. രാജ്യത്ത് ആദ്യമായി അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചത് ഈ സര്‍ക്കാരാണ്. അസംഘടിതമേഖലയിലെ 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ 2008ലെ പെന്‍ഷന്‍പദ്ധതിയും സഹായിക്കും.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള കേന്ദ്രനിയമത്തിന്റെ അപര്യാപ്തതയ്ക്കെതിരായും തൊഴിലാളികളെ മനുഷ്യരായി കണക്കാക്കാന്‍ തയ്യാറാകാത്ത മറ്റ് കേന്ദ്ര നയങ്ങള്‍ക്കെതിരായും രാജ്യവ്യാപകമായി എല്ലാ ട്രേഡ് യൂണിയനും യോജിച്ച പോരാട്ടത്തിന് തുടക്കംകുറിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് സംഘടിത- അസംഘടിത മേഖലയിലും കേന്ദ്ര- സംസ്ഥാന- പൊതുമേഖലകളിലും പരമ്പരാഗത വ്യവസായങ്ങളിലുമെല്ലാമുള്ള അമ്പതിലേറെ തൊഴില്‍മേഖലകളെ പ്രതിനിധാനംചെയ്ത് മുന്നൂറ്റമ്പതിലേറെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുന്ന സംസ്ഥാന കവന്‍ഷന്‍ നടക്കുന്നത്. പിരിച്ചുവിടലുകളുടെയും തൊഴില്‍നഷ്ടത്തിന്റെയും വിവേചനങ്ങളുടെയും നിയമനിഷേധങ്ങളുടെയും ആഗോള ദേശീയ സാഹചര്യങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പോരാളികളായി സ്വയം നിലകൊള്ളുന്നതിനും പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് സഹായകരമായ ചര്‍ച്ചകളും തീരുമാനങ്ങളും ഈ കണ്‍വന്‍ഷനില്‍ ഉണ്ടാകും.

*
വി വി പ്രസന്നകുമാരി (അഖിലേന്ത്യാ വര്‍ക്കിങ് വിമെന്‍സ് കോ-ഓര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖിക)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്താകെ തൊഴില്‍രംഗത്ത് വന്‍മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തികമാന്ദ്യം വന്‍തോതിലുള്ള പിരിച്ചുവിടലിനും തൊഴില്‍നഷ്ടത്തിനും ഇടയാക്കിയിരിക്കുന്നു. ലോകത്താകെയുള്ള 29 ബില്യന്‍ തൊഴിലാളികളില്‍ 40 ശതമാനം സ്ത്രീകളാണ്. ആഗോളവല്‍ക്കരണം തൊഴില്‍ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും തൊഴിലിന്റെ സ്ത്രൈണവല്‍ക്കരണംതന്നെയുണ്ടാകുമെന്നുമായിരുന്നു അതിന്റെ വക്താക്കള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, സ്ത്രീകളുടെ ഇടയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതായാണ് ആഗോളതലത്തില്‍ ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. 81.8 മില്യ സ്ത്രീകള്‍ തൊഴിലില്ലാത്തവരായുണ്ടാകുമെന്ന് കണക്കാക്കുന്നു. ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. പണിയെടുക്കുന്ന ദരിദ്രരിലും 60 ശതമാനം സ്ത്രീകളാണ്. സ്ത്രീകള്‍ കൂടുതലായി തൊഴില്‍രംഗത്ത് വരുന്നുണ്ടെങ്കിലും അവരില്‍ മഹാഭൂരിപക്ഷവും തൊഴില്‍ കണ്ടെത്തുന്നത് അസംഘടിത- അനൌപചാരിക മേഖലകളിലാണ്. താല്‍ക്കാലിക, കോണ്‍ട്രാക്ട്, പാര്‍ട്ടൈം, ഹോംബേസിസ് തൊഴിലാളികളാണ് ഏറെയും. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ പരിതാപകരമാംവിധം കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. തങ്ങളുടെ തൊഴില്‍ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും- റിക്രൂട്ട്മെന്റ്, പ്രൊമോഷന്‍, റിട്ടയര്‍മെന്റ് ഘട്ടങ്ങളിലെല്ലാം സ്ത്രീകള്‍ വിവേചനത്തിന് ഇരയാകുന്നു. കൂലിയിലടക്കമുള്ള ഈ വിവേചനം വികസിതരാജ്യങ്ങളിള്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

കാഞ്ഞങ്ങാട്: ആഗോളവല്‍കരണ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സ്ത്രീതൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഖിലേന്ത്യാ വര്‍ക്കിങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കവന്‍ഷന്‍ ആഹ്വാനം ചെയ്തു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വിദേശ-ആഭ്യന്തരനയങ്ങള്‍ കൂടുതല്‍ സാമ്രാജ്യത്വ അനുകൂലമായി. സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ അനിയന്ത്രിതമായ വിലക്കയറ്റത്തിന് ഇടയാക്കുന്നു. പുത്തന്‍ നയങ്ങള്‍ ടെക്സ്റ്റൈല്‍, ഗാര്‍മെന്റ്സ്, ഐടി, വൈരക്കല്ല്, തുകല്‍, ചായ, കെട്ടിടനിര്‍മാണം തുടങ്ങിയ മേഖലകളില്‍ തൊഴില്‍നഷ്ടപ്പെടുത്തുന്നു. ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത് സ്ത്രീകളാണ്. തൊഴില്‍മേഖലയിലെ സ്ത്രീകളുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് കവന്‍ഷന്‍ ആവശ്യപ്പെട്ടു. കരാര്‍ മേഖലയിലെയും കാഷ്വല്‍ തൊഴിലാളികള്‍ക്കും മിനിമംകൂലിയും മറ്റു ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന് കവന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാരഭവനിലെ അഹല്യ രങ്കനേക്കര്‍ നഗറില്‍ നടന്ന കവന്‍ഷന്‍ സിഐടിയു സംസ്ഥാനസെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ വര്‍ക്കിങ് വിമന്‍സ് സംസ്ഥാനപ്രസിഡന്റായി കെ പി മേരിയെയും ജനറല്‍സെക്രട്ടറിയായി വി വി പ്രസന്നകുമാരിയെയും കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കവന്‍ഷന്‍ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ കെ കമലമ്മ (ട്രഷറര്‍). ഷീല റോസാരിയോ, പി കെ ഹാജിറ, പി എന്‍ നാരായണി, എ പി ലവ്ലി, ബീമ ബീവി, ഒ എസ് മോളി, പി ഡി ശ്രീദേവി (വൈസ്പ്രസിഡന്റുമാര്‍), വി സി കാര്‍ത്യായനി, ഗീതാദാസ്, കെ സാവിത്രി, ടി എ ഉഷാകുമാരി, കെ അരുന്ധതി, ബി എസ് ജലജകുമാരി, എ കെ നാരായണി (ജോയ്ന്റ് സെക്രട്ടറിമാര്‍). 62 അംഗ സംസ്ഥാനകമ്മിറ്റിയെയും തെരഞ്ഞെടുത്തു.