പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിക്കഴിഞ്ഞു. ഇനി അതിന്റെ നടത്തിപ്പിലേക്കാവശ്യമായ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും തയ്യാറാക്കിയാല്‍ മതി. സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി വഹിക്കണമെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അമ്പതുശതമാനമാണ് വഹിക്കേണ്ടത് എന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി.
സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കു നല്‍കണമെന്ന് ഭരണഘടനയുടെ നാലാം അദ്ധ്യായത്തില്‍ - മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍-പറഞ്ഞിരുന്നത് ആറുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് കേന്ദ്രം നടപ്പാക്കുന്നത്. ഭരണഘടന നിലവില്‍ വരുമ്പോള്‍ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലെ വിഷയമായിരുന്നു. പിന്നീടത് ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ സംയുക്ത പട്ടികയിലാക്കി. അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താനുള്ള അധികാരം ഒരേപോലെ ലഭിക്കും. എന്നാല്‍ കേന്ദ്രം നിയമം നിര്‍മിക്കുകയാണെങ്കില്‍ ആ നിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ ബദ്ധ്യസ്ഥമാണ്. അതിനാല്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്ന നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടതാണ്.
വിദ്യാഭ്യാസകാര്യത്തില്‍ ഉപദേശം തേടുന്നതിനും അഭിപ്രായം സ്വരൂപീക്കുന്നതിനുമായി ഒരു ഉപദേശകസമിതി കേന്ദ്രത്തില്‍ നിലവിലുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരാണ് അതില്‍ അംഗങ്ങളായിട്ടുള്ളത്. മറ്റു പല കാര്യങ്ങളിലും അഭിപ്രായം ആരായുന്നതിനായി ഈ സമിതി വിളിച്ചുചേര്‍ക്കാറുണ്ടെങ്കിലും വിദ്യാഭ്യാസ അവകാശനിയമം പാസാക്കുന്നതിനുമുമ്പ് ഇതില്‍ വിഷയം അവതരിപ്പിച്ചിരുന്നില്ല. അതായത് സംസ്ഥാനങ്ങളെ അന്ധകാരത്തില്‍ നിറുത്തിക്കൊണ്ടാണ് കേന്ദ്രം ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും പാസാക്കിയെടുത്തതും. ഈ നിയമം അനാവശ്യമെന്നോ അപ്രസക്തമെന്നോ ഒരു സംസ്ഥാന സര്‍ക്കാരും പറയുകയില്ലെങ്കിലും ഇക്കാര്യത്തില്‍ വ്യത്യസ്താനുഭവങ്ങളുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായേണ്ടതായിരുന്നു. അത്തരം ഒരു ചര്‍ച്ച സംസ്ഥാനങ്ങളുടെ അവകാശമായിരുന്നു. പ്രത്യേകിച്ച് ഈ വിഷയം സംയുക്ത പട്ടികയില്‍ ഉള്‍പ്പെട്ടതായതിനാല്‍ അതുണ്ടായില്ലായെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണതയിലേക്ക് നീങ്ങുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നു. പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ അതീവ രഹസ്യമായി ആസിയാന്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആ സംശയം ബലപ്പെട്ടു.
വിദ്യാഭ്യാസകാര്യത്തില്‍ കേരളത്തിന് വ്യത്യസ്തമായ അനുഭവവും വ്യക്തമായ അഭിപ്രായവുമുണ്ട്. സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം; ശിശുമരണനിരക്ക് കുറഞ്ഞ സംസ്ഥാനം; പിറന്നുവീഴുന്ന മുഴുവന്‍ ശിശുക്കള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സംവിധാനമുള്ള സംസ്ഥാനം; സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍സെക്കന്‍ഡറി പഠനസൌകര്യം പ്രദാനംചെയ്യുന്ന സംസ്ഥാനം; പന്ത്രണ്ടാം ക്ളാസുവരെ സൌജന്യ വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം; അര്‍ഹതയും യോഗ്യതയുമുള്ള ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന സംസ്ഥാനം എന്നിങ്ങനെയുള്ള നേട്ടങ്ങളും അനുഭവങ്ങളുമുള്ള സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തോട് ചര്‍ച്ചചെയ്യാതെ നിയമനിര്‍മ്മാണത്തിലേര്‍പ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്.
അപ്പര്‍പ്രൈമറിതലംവരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി രൂപീകരിച്ച സര്‍വശിക്ഷാ അഭിയാന്‍ എന്ന പദ്ധതി അടുത്ത അദ്ധ്യയന വര്‍ഷത്തോടുകൂടി ഭാഗികമായി നിലയ്ക്കാന്‍പോവുകയാണ്. കേന്ദ്രവും സംസ്ഥാനവും 3:1 എന്ന ക്രമത്തിലായിരുുന്നു ധനവിനിയോഗം നടത്തിയിരുന്നത്. അതിനി 2:2 എന്ന ക്രമത്തിലാകാന്‍ പോകുന്നു. അതായത് പ്രാഥമിക വിദ്യാഭ്യാസത്തിനായി കേന്ദ്രം നീക്കിവയ്ക്കുന്ന പണത്തില്‍ ഗണ്യമായ കുറവു വരുത്തുന്നു എന്നര്‍ത്ഥം.
ഇതിന്റെ മറുവശം സംസ്ഥാനങ്ങളുടെ ചെലവ് ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ്. പന്ത്രണ്ടാം ക്ളാസുവരെയുള്ള പഠനം സൌജന്യമായിട്ടുള്ള കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസച്ചെലവിന്റെ 25% മാത്രം വഹിച്ചാല്‍ മതിയായിരുന്നു. അതിനി 50% ആയി വര്‍ദ്ധിക്കും. എന്നുമാത്രമല്ല അണ്‍ എയിഡഡ് സ്കൂളുകളില്‍ ചേര്‍ന്നു പഠിക്കുന്ന പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളില്‍പ്പെട്ട 25% പേരുടെ ചെലവും സംസ്ഥാനം വഹിക്കേണ്ടതായി വരും. അതാണ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഒരു പ്രത്യേകത. അതായത് അണ്‍ എയിഡഡ് മേഖലയ്ക്കുകൂടി സംസ്ഥാനം സാമ്പത്തികസഹായം ചെയ്യേണ്ടതായി വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ഭാരത്താല്‍ ഞെരുങ്ങുന്ന സംസ്ഥാനത്തിന് ഇത് കൂടുതല്‍ ഭാരമായിരിക്കും അടിച്ചേല്‍പിക്കുന്നത്.
ഇതിനോട് കേരളം ശക്തിയായി പ്രതിഷേധിക്കുകയും പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദംചെലുത്തുകയും വേണം. ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ എണ്ണയുമിട്ടുകൊണ്ട് വാഴയില്‍ കയറുന്ന നയം സ്വീകരിച്ച കേരളത്തില്‍നിന്നുള്ള ചില കേന്ദ്രമന്ത്രിമാരുടെ സഹായം ഇക്കാര്യത്തില്‍ നമുക്ക് ലഭിക്കില്ലായെന്ന് വ്യക്തമാണ്. ലോകസഭയില്‍ ഇടതുപക്ഷത്തിന്റെ അംഗബലം കുറവാണെങ്കില്‍പ്പോലും നമ്മുടെ പ്രതിഷേധം അവിടെ കേള്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതിനുള്ള അടവുകള്‍ തയ്യാറാക്കേണ്ടതുണ്ട്.
എന്നാല്‍ കേന്ദ്രനിയമത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളില്‍ രൂപീകരിക്കേണ്ട മാനേജ്മെന്റ് സമിതികള്‍. (School Management Council - SMC). സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കുന്ന എല്ലാ സ്കൂളുകളിലും ഇത്തരം സമിതികള്‍ രൂപീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. നാലുതരം സ്കൂളുകളെപ്പറ്റിയാണ് നിയമത്തില്‍ പറയുന്നത്. (1) സര്‍ക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍; (2) അദ്ധ്യാപകരുടെയും ഇതര ജീവനക്കാരുടെയും ശമ്പളയിനത്തിലും മറ്റുചെലവുകള്‍ക്കുമായി സര്‍ക്കാരില്‍നിന്നും പണം പറ്റുന്ന എയിഡഡ് സ്കൂളുകള്‍; (3) കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക സ്കൂളുകള്‍ എന്നിവ; (4) സര്‍ക്കാരില്‍നിന്നും യാതൊരുവിധ സാമ്പത്തിക സഹായവും ലഭിക്കാത്ത അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍. (ഈ മൂന്നും നാലും വിഭാഗത്തില്‍പെടുന്ന സ്കൂളുകളിലേക്കാണ് ഇനിമുതല്‍ കേരളം പണം ഒഴുക്കേണ്ടതായി വരുന്നത്.) ഇതില്‍ ആദ്യത്തെ രണ്ടു വിഭാഗത്തില്‍പ്പെടുന്നവയിലാണ് മാനേജ്മെന്റ് സമിതികള്‍ രൂപീകരിക്കേണ്ടത്. സമിതിയിലെ അംഗസംഖ്യ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിറക്കേണ്ടത്.
സമിതിയുടെ ഘടനയെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം നിയമത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമിതിയിലുണ്ടാകണം. നാലില്‍ മൂന്ന് അംഗങ്ങളും രക്ഷിതാക്കളായിരിക്കണം. അദ്ധ്യാപക പ്രതിനിധികള്‍ ഉണ്ടായിരിക്കണം. ആകെ അംഗസംഖ്യയുടെ പകുതിയും വനിതകളായിരിക്കണം. നാല് പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങളാണ് സമിതിക്കുള്ളത്. 1. സ്കൂളിന്റെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക; 2. സ്കൂള്‍ വികസന പദ്ധതി തയ്യാറാക്കുക; 3. സര്‍ക്കാരില്‍നിന്നോ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുന്ന ധനം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക; 4. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റ് ധര്‍മങ്ങള്‍ നിര്‍വഹിക്കുക. ഈ സമിതി തയ്യാറാക്കുന്ന വികസനപദ്ധതി പ്രകാരമായിരിക്കും സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.
ഇപ്പോള്‍ നിലവിലുള്ള അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിക്ക് പകരമല്ല. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമിതി, അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതികളുടെ ഘടനയേയും അധികാരത്തെയുംപറ്റി വ്യക്തമായ ഉത്തരവ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഭൂരിപക്ഷം സ്കൂളുകളിലും സമിതികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലായെന്ന് വിശ്വസിക്കുന്ന ചില എയിഡഡ് സ്കൂളുകള്‍ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ മോണിറ്ററിംഗ് സമിതിയുടെ സ്വഭാവം അതല്ല. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കേണ്ടത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ഒരു പ്രവണതയാണ് അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന. ജനനനിരക്ക് വര്‍ദ്ധിച്ചതുകൊണ്ടോ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണത്തില്‍ കുറവുവന്നിട്ടോ അല്ല ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. ഇതോടൊപ്പംതന്നെ സിബിഎസ്ഇ - ഐസിഎസ്സി വിദ്യാലയങ്ങളിലേക്കുള്ള ഒഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വിദ്യാലയങ്ങളില്‍ മഹാഭൂരിപക്ഷവും അണ്‍എയിഡഡ് മേഖലയിലാണുതാനും. അതായത് അണ്‍ എയിഡഡ് മേഖലയില്‍ രണ്ടുതരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു സാരം. കേരള പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ളവയും, സിബിഎസ്ഇ/ഐസിഎസ്സി പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ളവയും. ഈ രണ്ടുതരം പാഠ്യപദ്ധതിയുമായി പഠിക്കുന്ന കുട്ടികള്‍ മലയാളികളുടെ മക്കള്‍തന്നെയാണ്.
ഈ പ്രതിഭാസത്തിന് കാരണം രണ്ടാണ്. ഒന്ന് സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ട് കേരള പാഠ്യപദ്ധതി നിലവിലുള്ള അണ്‍ എയിഡഡ് വിദ്യാലയങ്ങളിലേക്ക് മക്കളെ അയക്കുന്നവര്‍. രണ്ട്, കേരള പാഠ്യ പദ്ധതിയുടെ നിലവാരത്തില്‍ വിശ്വാസമില്ലാഞ്ഞിട്ട് മറ്റു പാഠ്യ പദ്ധതികളെ ആശ്രയിക്കുന്നവര്‍. ആരാണീ രക്ഷകര്‍ത്താക്കള്‍? അതില്‍ മഹാഭൂരിപക്ഷംപേരും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന മദ്ധ്യവര്‍ഗത്തില്‍പെട്ടവരാണ്. അദ്ധ്യാപകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, അഭിഭാഷകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമുദായികസംഘടനാ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബാങ്ക്, എല്‍ഐസി, റെയില്‍വെ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരൊക്കെ അതില്‍പ്പെടും. രാഷ്ട്രീയ കക്ഷികളുടെവരെ നയ രൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിയുന്നവരാണിവര്‍.
സൌജന്യ വിദ്യാഭ്യാസം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ കാശുമുടക്കി സ്വന്തം മക്കളെ പഠിപ്പിക്കാനയക്കുന്നത്? കാശുള്ളതുകൊണ്ടാണ് എന്ന മറുപടി കിട്ടിയേക്കാം. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നു. കാശുകൊടുത്താല്‍ കിട്ടുന്നതിനേക്കാള്‍ മെച്ചപ്പെട്ടത് സൌജന്യമായി കിട്ടുമെങ്കില്‍ അത് സ്വീകരിക്കുന്നതല്ലേ മനുഷ്യസഹജമായിട്ടുള്ളത്? അതേ എന്നാണുത്തരമെങ്കില്‍ പൊതുമേഖലാ വിദ്യാഭ്യാസം മെച്ചപ്പെട്ടതല്ലയെന്ന തോന്നലുണ്ടാകാന്‍ കാരണം പരിശോധിക്കേണ്ടതല്ലേ?
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട പ്രവണതയും പരിശോധിക്കേണ്ടതായിട്ടുണ്ട്. അത് നമ്മുടെ നാട്ടിലെ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളാണ്. പ്രൈമറി ക്ളാസുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ളാസുകള്‍വരെ ഈ ട്യൂഷന്‍ പരിപാടി നീളുന്നു. ഇത് പൊതുമേഖലാ സ്ഥാപനങ്ങളിലെ അദ്ധ്യാപനത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള സംശയത്തില്‍നിന്നും വളര്‍ന്നുവന്ന പ്രവണതയാണ്. ഈ ട്യൂട്ടോറിയലുകളിലെ അദ്ധ്യാപകരുടെ യോഗ്യത എന്താണ്? പലരും ബിരുദധാരികളല്ല. ബിരുദധാരികളാണെങ്കില്‍പ്പോലും ഭൂരിപക്ഷത്തിനും അദ്ധ്യാപന പരിശീലന ബിരുദമില്ല. എന്നാല്‍ ഇവരെ കുട്ടികള്‍ക്കുവിശ്വാസമാണ്. ഇവര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ക്കു മനസ്സിലാകും. പരീക്ഷയില്‍ തോല്‍വി ഉണ്ടാവില്ല.
ഈ അദ്ധ്യാപകരെക്കാള്‍ എത്രയോ ഉയര്‍ന്ന യോഗ്യതയും കഴിവുമുള്ളവരാണ് സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ അധ്യാപകര്‍. മത്സരപ്പരീക്ഷയില്‍ വിജയികളാവുന്നവരെ അഭിമുഖപരീക്ഷയ്ക്കുകൂടി വിധേയമാക്കിയതിനുശേഷമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ നിയമിക്കുന്നത്. എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമാണ് സെക്കന്‍ഡറിതലംവരെ മത്സരപ്പരീക്ഷയും അഭിമുഖ പരീക്ഷയുമില്ലാതെ അദ്ധ്യാപകരെ നിയമിക്കുന്നത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എയിഡഡ് മേഖലയിലും അഭിമുഖപരീക്ഷയുണ്ട്. സര്‍ക്കാര്‍-എയിഡഡ് മേഖലയിലെ അദ്ധ്യാപകരുടെ ജ്ഞാന നിലവാരവും അദ്ധ്യാപന നിലവാരവും മെച്ചപ്പെടുത്താന്‍ പതിവായി പരിശീലനപരിപാടികളും നടത്താറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഈ വകയില്‍ വര്‍ഷംതോറും ചെലവാക്കുന്നത്. അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍ യാതൊരുവിധ ചെലവും വഹിക്കേണ്ടതായിട്ടില്ല. ഇതിനുപുറമെ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. എന്നാല്‍ അണ്‍ എയിഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് ഈവിധമായ യാതൊരു സൌജന്യവും സര്‍ക്കാര്‍ നല്‍കുന്നില്ല. അവര്‍ സ്വന്തം കയ്യില്‍നിന്നും കാശ് ചെലവാക്കി സര്‍ക്കാര്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നു. അറിവും അനുഭവവും നേടി സ്വന്തം വിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ യത്നിക്കുന്നു. അവര്‍ക്ക് ശമ്പളം തുഛമാണ്. മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. അതീലേക്കായി സംഘടിക്കുന്നില്ല. സമരംചെയ്യുന്നില്ല. അവിടെ സ്വന്തം ജീവിതമാണ് പ്രശ്നം. സ്ഥാപനം നിലനില്‍ക്കേണ്ടതും നിലവാരം മെച്ചപ്പെടുത്തേണ്ടതും സ്വന്തം നിലനില്‍പിന് അത്യാവശ്യമാണ്. നിലനില്‍പ് സുരക്ഷിതമായ അദ്ധ്യാപകരുള്ള പൊതുമേഖലാ വിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും പഠനനിലവാരം മോശമാണ്. അത്തരം വിദ്യാലയങ്ങളിലെ കുട്ടികളാണ് ട്യൂഷന്‍ സെന്ററുകളില്‍ പോകുന്നത്.
ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ പൊതുമേഖലാ വിദ്യാലയങ്ങളിലെ നിലവാരം വര്‍ദ്ധിപ്പിച്ചേ മതിയാകു. അതിന് ഓരോ വിദ്യാലയത്തിന്റെയും നടത്തിപ്പ് പുന:സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. അദ്ധ്യാപകരുടെ ശേഷി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നതിനുള്ള രീതിയിലുള്ള പുന:സംഘാടനം അനിവാര്യമാണ്. അതിനുള്ള ഒരുപാധിയാണ് മോണിറ്ററിംഗ് സമിതി. വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ തറ്റേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ അധികാരമുണ്ട്. ആ അധികാരം മോണിറ്ററിംഗ് സമിതിയിലൂടെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയും. അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താന്‍ കഴിയും. കൃത്യവിലോപം കാട്ടുന്നവരും നിരുത്തരവാദപരമായി പെരുമാറുന്നവരുമായ അദ്ധ്യാപകരെ നേര്‍വഴിക്ക് നയിക്കാന്‍ സാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിലവാരവും മെച്ചപ്പെട്ടാല്‍ സ്വാഭാവികമായും അണ്‍എയിഡഡ് മേഖലയിലേക്കുള്ള ഒഴുക്കിന് വിരാമമുണ്ടാകും. അതിനാല്‍ മോണിറ്ററിംഗ് സമിതികള്‍ അടിയന്തിരമായി രൂപീകരിച്ച് വിദ്യാലയങ്ങളുടെ നടത്തിപ്പ് മെച്ചപ്പെട്ടതാക്കണം. ഇത് മാനേജര്‍മാരെ നിയന്ത്രിക്കാനല്ല, വിദ്യാര്‍ത്ഥികളുടെ നിലവാരം മെച്ചപ്പെടുത്താനാണ്. വിദ്യാര്‍ത്ഥികളുടെ അവകാശം രാഷ്ട്രത്തിന്റെ കടമയാണ്. ആ ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഭാവിതലമുറയുടെ ക്ഷേമത്തിന് ആവശ്യമാണ്. അതിനാല്‍ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാക്കേണ്ടതാണ്.
(ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ)
*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക
ഈ വിഷയത്തിലെ പ്രസക്തമായ മറ്റൊരു ലേഖനം
സര്‍ക്കാര്‍-സ്വകാര്യ മൂലധനപങ്കാളിത്തം വിദ്യാഭ്യാസത്തില്‍
Subscribe to:
Post Comments (Atom)
1 comment:
പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിക്കഴിഞ്ഞു. ഇനി അതിന്റെ നടത്തിപ്പിലേക്കാവശ്യമായ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും തയ്യാറാക്കിയാല്‍ മതി. സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി വഹിക്കണമെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അമ്പതുശതമാനമാണ് വഹിക്കേണ്ടത് എന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി.
സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കു നല്‍കണമെന്ന് ഭരണഘടനയുടെ നാലാം അദ്ധ്യായത്തില്‍ - മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍-പറഞ്ഞിരുന്നത് ആറുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് കേന്ദ്രം നടപ്പാക്കുന്നത്. ഭരണഘടന നിലവില്‍ വരുമ്പോള്‍ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലെ വിഷയമായിരുന്നു. പിന്നീടത് ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ സംയുക്ത പട്ടികയിലാക്കി. അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താനുള്ള അധികാരം ഒരേപോലെ ലഭിക്കും. എന്നാല്‍ കേന്ദ്രം നിയമം നിര്‍മിക്കുകയാണെങ്കില്‍ ആ നിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ ബദ്ധ്യസ്ഥമാണ്. അതിനാല്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്ന നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടതാണ്.
Post a Comment