കാര്‍ത്തിക് രാജാറാമിന് 45 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എം.ബി.എ ബിരുദധാരിയായ ഇദ്ദേഹം തൊഴിലിനായി അമേരിക്കയിലേക്ക് കുടിയേറിയ ലക്ഷകണക്കിന് ഇന്ത്യക്കാരില്‍ ഒരാള്‍ മാത്രം. താമസം ലോസ് ആഞ്ചല്‍സില്‍. തമിഴ് നാട്ടില്‍ നിന്നു തന്നെയുള്ള ശുഭശ്രീയെയാണ് രാജാറാം വിവാഹം കഴിച്ചത്. പഠനത്തില്‍ മിടുക്കരായ മൂന്ന് ആണ്‍മക്കളോടൊപ്പം ഇവര്‍ സുഖമായവിടെ ജീവിച്ചു വരികയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യാ മാതാവ് കൂടി അവരോടൊപ്പം താമസമായി.
അമേരിക്കയിലെ പ്രസിദ്ധ കമ്പനിയായ സോണി പിക്‍ചേഴ്‌സിലാണ് രാജാറാം ജോലി ചെയ്തിരുന്നത്. പിന്നീട് "പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് '' എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയിലായി പണി. 1997ല്‍ ഒരു മോര്‍ട്ട്ഗേജ് ബാങ്കില്‍ നിന്നും വായ്‌പയെടുത്തുകൊണ്ട് 2,74,000 ഡോളര്‍ (ഒരു കോടി മുപ്പത്തിയേഴു ലക്ഷം രൂപ) വിലയുള്ള ഒരു 'വില്ല' രാജാറാം വാങ്ങി. ശമ്പളത്തില്‍ നിന്നും ഇന്‍സ്‌റ്റാള്‍മെന്റായി വായ്‌പ തിരിച്ചടച്ചു കൊണ്ടിരുന്നു. കൂടാതെ ചെറിയ തോതില്‍ ഓഹരി വിപണിയില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയും ചെയ്തു.
2001 മുതല്‍ അമേരിക്കയിലെ മോര്‍ട്ട്ഗേജ് ബാങ്കുകള്‍ വന്‍ തോതില്‍ ഭവന വായ്‌പകള്‍ നല്‍കിത്തുടങ്ങി. വീടുകള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചതോടെ വീടുകളുടെ വിലയും വര്‍ദ്ധിച്ചു. ഇതോടെ വായ്‌പക്കെത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചു. മോര്‍ട്ടുഗേജുബാങ്കുകള്‍ക്ക് പണം പോരാ എന്ന സ്ഥിതി വന്നു. അവര്‍ നല്‍കിയ വായ്‌പകളെ സെക്യൂരിറ്റിയാക്കിക്കൊണ്ട് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ച് പണം കണ്ടെത്തി. ഇന്‍വെസ്റ്ബാങ്കുകളും വിദേശ ബാങ്കുകളും നിക്ഷേപകരും ഇവ വന്‍തോതില്‍ വാങ്ങുകയും ഊഹക്കച്ചവട വിപണിയില്‍ വന്‍തോതില്‍ ലാഭമുണ്ടാകുകയും ചെയ്തു. രാജാറാമും ഡെറിവേറ്റീവ് കച്ചവടത്തില്‍ പങ്കാളിയാകുകയും ലാഭമുണ്ടാക്കുകയും ചെയ്തു.
ലാഭത്വര മുതലാളിത്തത്തെ സാഹസിയാക്കുമെന്ന് മാര്‍ക്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീടുകളുടെ വിലയുയര്‍ന്നതോടെ അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തം വീടുകള്‍ വര്‍ദ്ധിച്ച വിലക്ക് വില്‍ക്കുകയും വാടകക്ക് താമസിച്ചു കൊണ്ട് 'കിട്ടിയ പണം' ഊഹക്കച്ചവട രംഗത്ത് മുതല്‍മുടക്കി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. രാജാറാമും തന്റെ വീട് കച്ചവടമാക്കി. അതു വഴി രാജാറാമിന് 7,50,000 ഡോളര്‍ (3 കോടി 75 ലക്ഷം രൂപ) ലഭിച്ചു. ഈ തുകയത്രയും രാജാറാം ഊഹക്കച്ചവടരംഗത്തു നിക്ഷേപിച്ചു. രാജാറാമിന്റെ സമ്പാദ്യം വളര്‍ന്നു കൊണ്ടേയിരുന്നു.
രണ്ടു ബാങ്കുകളില്‍ നിന്ന് ഏകദേശം 240000 ഡോളറിന്റെ ലോണ്‍ രാജാറാമിനുണ്ടായിരുന്നു. ഇരുവര്‍ക്കും ജോലിയുണ്ടായിരുന്നതു കൊണ്ട് ഈ കടം മാസം തോറും അടച്ചു വരികയായിരുന്നു. വളരെ പെട്ടെന്നാണ് രാജാറാമിന്റെ കുടുംബാന്തരീക്ഷം കലുഷിതമായത്. 2007 തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധികാരണം "പ്രൈസ് വാട്ടര്‍ കൂപ്പേഴ് സ്'' കുറേ ജീവനക്കാരെ പിരിച്ചു വിട്ടു. അങ്ങനെ രാജാറാമിന്റെ തൊഴില്‍ നഷ്ടമായി. സബ് പ്രൈം പ്രതിസന്ധി വീശിയടിച്ചതു കാരണം മിക്ക കമ്പനികളും ജീവനക്കാരെ കുറച്ചു തുടങ്ങി. ഇതുകാരണം മാസങ്ങള്‍ കഴിഞ്ഞിട്ടും രാജാറാമിന് ഒരു ജോലി ലഭിച്ചില്ല.
കൂലി കുറഞ്ഞതു കാരണവും തൊഴില്‍ നഷ്ടമായതു കൊണ്ടും വായ്‌പയെടുത്ത മിക്കവര്‍ക്കും തിരിച്ചടക്കാനായില്ല. ഗത്യന്തരമില്ലാതെ മോര്‍ട്ട്ഗേജു കമ്പനികള്‍ വീടുകള്‍ പിടിച്ചെടുത്തു വിറ്റു തുടങ്ങി. ഇതോടെ വീടുകളുടെ വിലയിടിഞ്ഞു. വീടുകള്‍ വിറ്റാലും കൊടുത്ത വായ്‌പ തിരിച്ചു പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മോര്‍ട്ട് ഗേജ് കമ്പനികള്‍ പതിച്ചു. അവ ഒന്നൊന്നായി തകര്‍ന്നു തുടങ്ങി. അതോടെ മൂന്ന് ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കുകളും തകര്‍ന്നു തുടങ്ങി. പിടിച്ചു നില്‍ക്കാനായി രണ്ടു ഇന്‍വെസ്‌റ്റ്മെന്റ് ബാങ്കുകള്‍ ഫെഡറല്‍ റിസര്‍വ്വി ന്റെ അനുമതി വാങ്ങി വാണിജ്യ ബാങ്കുകളായി മാറി. ഓഹരി വിപണികള്‍ ഇടിഞ്ഞു. ഓഹരികളുടേയും ഡെറിവേറ്റീവ് ഉല്‍പന്നങ്ങളുടേയും വിലയിടിഞ്ഞു. വമ്പിച്ച വിലയുണ്ടായിരുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് പീറക്കടലാസിന്റെ വില പോലുമില്ലാതായി.
രാജാറാമിന്റെ സമ്പാദ്യമാകെ നഷ്‌ടമായി. വീട് നേരത്തെ വിറ്റഴിച്ചിരുന്നു. കൂടാതെ 2,40,000 ഡോളറിന്റെ രണ്ടു വായ്‌പകള്‍ അടച്ചു തീര്‍ക്കാനുമുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഇതും തിരിച്ചടക്കാതായി. അതിനാല്‍ മറ്റ് വായ്‌പകള്‍ ഒന്നും കിട്ടാത്ത സ്ഥിതിയായി. ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രതീകമായി രാജാറാം മാറി.
സെപ്റ്റംബര്‍ 16ന് രാജാറാം ഒരു കൈത്തോക്ക് വാങ്ങി. രാജാറാം ആ ദിവസങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ അയല്‍ക്കാര്‍ വിവരിച്ചപ്പോള്‍ എല്ലാം അയാള്‍ മുന്‍ കൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നു വ്യക്തമാവുന്നു. അയാള്‍ അയല്‍ക്കാരിയോട് "കള്ളന്മാരു ടെ ശല്യമുള്ളതു കാരണം ജനല്‍ അടച്ചിടുന്നതാണ്'' നല്ലതെന്ന് ഉപദേശിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ അയല്‍ക്കാരനാണ് രാജാറാമിന്റെ കുടുംബത്തെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്നവിടെയെത്തിയ പോലീസ് രാജാറാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെ നടന്ന കാര്യങ്ങള്‍ വ്യക്തമായി. ഭാര്യയേയും മൂന്നു കുഞ്ഞുങ്ങളേയും ഭാര്യാമാതാവിനേയും താന്‍ വാങ്ങിയ കൈത്തോക്ക് കൊണ്ട് വെടിവെച്ചു കൊന്ന ശേഷം അയാള്‍ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. രാജ്യ ത്തെ പ്രതിസന്ധിയിലേക്ക് നയിച്ച ബുഷ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒന്നായിരുന്നു ആ കുറിപ്പ്.
2008 ജൂലൈ 22- അമേരിക്കയിലെ ബോസ്‌റ്റണിലെ ഒരു മോര്‍ട്ട്ഗേജ് കമ്പനിക്ക് കാര്‍ലിന്‍ ബെല്‍സറാമ്മ എന്ന 53 കാരിയായ അമേരിക്കന്‍ വീട്ടമ്മ ഒരു കത്ത് ഫാക്സ് ചെയ്യുന്നു.
"എന്റെ പണി പോയിരിക്കുകയാണ്. നിങ്ങള്‍ എനിക്ക് തന്നിട്ടുള്ള വായ്‌പ തിരിച്ചടക്കാന്‍ എനിക്കു കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ നിങ്ങള്‍ എന്റെ വീട് ഏറ്റെടുത്തു കൊള്ളുക. പക്ഷേ ഒരു കാര്യം നിങ്ങള്‍ വീട് ഏറ്റെടുക്കുമ്പോള്‍ ഞാന്‍ ജീവനോടുണ്ടാവില്ല. തുടര്‍ന്ന് ബാങ്ക് അധികാരികള്‍ അവരുടെ വീട് ഏറ്റെടുത്തു ലേലം ചെയ്യാന്‍ നടപടികള്‍ എടുത്തു. വീടിനു മുന്നില്‍ ലേലത്തിനു വന്നവരും ബാങ്കധികാരികളും കൂടി നില്‍ക്കുമ്പോള്‍ കാര്‍ലിന്റെ ശരീരം ഉള്ളില്‍ തണുത്തു മരവിച്ചു കിടക്കുകയായിരുന്നു.
ഇനിയും ഇത്തരത്തിലുള്ള നിരവധി ആത്മഹത്യാകുറിപ്പുകള്‍ വന്നേക്കാം. അത്രമാത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അമേരിക്ക ചെന്നു പെട്ടിട്ടുള്ളത്. കത്രീന, ഗുസ്താ വ്, ഐക് കൊടുങ്കാറ്റുകളേക്കാള്‍ വലിയ നാശമാണ് "സബ് പ്രൈം പ്രതിസന്ധി'' അവിടെ വിതച്ചിട്ടുള്ളത്. കൂലി കുറഞ്ഞവര്‍, തൊഴില്‍ നഷ്‌ടമായവര്‍, ഭവന രഹിതരായവര്‍, ഊഹക്കച്ചവടത്തില്‍ സമ്പാദ്യമാകെ നഷ്ടമായവര്‍ എന്നിങ്ങനെ ലക്ഷക്കണക്കിനു പേര്‍ അവിടെ കണ്ണീരിലാണ്. കഴിഞ്ഞ മാസം മാത്രം ഒന്നരലക്ഷം പേര്‍ക്കാണ് അവിടെ തൊഴില്‍ നഷ്‌ടമായത്. ഇതോടെ അവിടുത്തെ തൊഴില്‍ രഹിതരുടെ എണ്ണം ഒരു കോടി കവിയാറായിരിക്കുന്നു.
വായ്‌പാ പ്രതിസന്ധി മൂലം പത്തു ലക്ഷത്തിലേറെ പേര്‍ അവിടെ ഭവനരഹിതരായിരിക്കുന്നു. ഇവര്‍ ഡോര്‍മിറ്ററി സൌകര്യമുള്ള വാനുകളിലും, കാറുകളിലും, പൊതുസ്ഥലങ്ങളിലുമായാണ് അന്തിയുറങ്ങുന്നത്. "കാര്‍സ്ലീപ്പേഴ്സ് '' എന്നാണിവരെ വിളിക്കുന്നത്. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥലം നല്‍കി അതിന് വാടക ഈടാക്കുന്നവരുമുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വൈകീട്ട് കാറില്‍ അവരെത്തുന്നു. കാറിലുള്ള വിരിപ്പുകളും ടാര്‍പാളിനുമൊക്കെ ഉപയോഗിച്ചവര്‍ കാറിനടുത്തായി കിടന്നുറങ്ങുന്നു.
മുതലാളിത്തത്തില്‍ അന്തര്‍ ലീനമായിരിക്കുന്ന പ്രതിസന്ധിയാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. കേവലമായ രക്ഷാ പദ്ധതികള്‍ കൊണ്ട് അതിനെ പരിഹരിക്കാനാവില്ല. സോഷ്യലിസം മാത്രമാണ് പരിഹാര മാര്‍ഗം. അതു കൊണ്ടാണ് ദുരന്തമനുഭവിക്കുന്ന പാവങ്ങളെ മറന്ന് കുത്തകകളെ രക്ഷിക്കാനായി കൊണ്ടുവന്ന രക്ഷാപദ്ധതികള്‍ക്കെതിരെ 'മെയിന്‍ സ്ട്രീറ്റില്‍' ജനലക്ഷങ്ങള്‍ അണിനിരക്കുന്നത്. മുതലാളിത്തം സ്വയം തകര്‍ന്നു കൊള്ളും എന്നാരും കരുതേണ്ട. അത് അധിനിവേശങ്ങളിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചേക്കാം. ലോകത്താകമാനമുള്ള പണിയെടുക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരേയും മുതലാളിത്തത്തിനെതിരെ അണിനിരത്തുക എന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള കടമ. ഈ കടമ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കമ്പോള ശക്തികളുടെ നെഞ്ചിനു നേരെ നിറയൊഴിക്കുകയാണ് രാജാറാമും കാര്‍ലിനും തങ്ങളുടെ ആത്മഹത്യകള്‍ വഴി ചെയ്തിട്ടുള്ളത്.
***
സജി വര്‍ഗീസ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം
Subscribe to:
Post Comments (Atom)
10 comments:
വായ്‌പാ പ്രതിസന്ധി മൂലം പത്തു ലക്ഷത്തിലേറെ പേര്‍ അമേരിക്കയില്‍ ഭവനരഹിതരായിരിക്കുന്നു. ഇവര്‍ ഡോര്‍മിറ്ററി സൌകര്യമുള്ള വാനുകളിലും, കാറുകളിലും, പൊതുസ്ഥലങ്ങളിലുമായാണ് അന്തിയുറങ്ങുന്നത്. "കാര്‍സ്ലീപ്പേഴ്സ് '' എന്നാണിവരെ വിളിക്കുന്നത്. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ സ്ഥലം നല്‍കി അതിന് വാടക ഈടാക്കുന്നവരുമുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വൈകീട്ട് കാറില്‍ അവരെത്തുന്നു. കാറിലുള്ള വിരിപ്പുകളും ടാര്‍പാളിനുമൊക്കെ ഉപയോഗിച്ചവര്‍ കാറിനടുത്തായി കിടന്നുറങ്ങുന്നു.
മുതലാളിത്തത്തില്‍ അന്തര്‍ ലീനമായിരിക്കുന്ന പ്രതിസന്ധിയാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. കേവലമായ രക്ഷാ പദ്ധതികള്‍ കൊണ്ട് അതിനെ പരിഹരിക്കാനാവില്ല. സോഷ്യലിസം മാത്രമാണ് പരിഹാര മാര്‍ഗം. അതു കൊണ്ടാണ് ദുരന്തമനുഭവിക്കുന്ന പാവങ്ങളെ മറന്ന് കുത്തകകളെ രക്ഷിക്കാനായി കൊണ്ടുവന്ന രക്ഷാപദ്ധതികള്‍ക്കെതിരെ 'മെയിന്‍ സ്ട്രീറ്റില്‍' ജനലക്ഷങ്ങള്‍ അണിനിരക്കുന്നത്. മുതലാളിത്തം സ്വയം തകര്‍ന്നു കൊള്ളും എന്നാരും കരുതേണ്ട. അത് അധിനിവേശങ്ങളിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചേക്കാം. ലോകത്താകമാനമുള്ള പണിയെടുക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരേയും മുതലാളിത്തത്തിനെതിരെ അണിനിരത്തുക എന്നതാണ് തൊഴിലാളികളുടെ മുന്നിലുള്ള കടമ. ഈ കടമ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കമ്പോള ശക്തികളുടെ നെഞ്ചിനു നേരെ നിറയൊഴിക്കുകയാണ് രാജാറാമും കാര്‍ലിനും തങ്ങളുടെ ആത്മഹത്യകള്‍ വഴി ചെയ്തിട്ടുള്ളത്.
ഇതൊക്കെ അങ്ങ് വിശ്വസിക്കാമോ? കമ്മ്യൂണിസ്റ്റ്കാരുടെ ദുഷ്പ്രചരണങ്ങളല്ലേ? ഈ ഫോറത്തില്‍ സ്ഥിരമായി കമന്റിടുന്ന ഒരു സര്‍വ്വജ്ഞപീഠാധിപന്‍െറ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് അമേരിക്കയില്‍ അങ്ങനെ യാതൊരു കുഴപ്പവുമില്ല, ഇപ്പോഴും ടണ്‍ കണക്കിന് തേനും പാലും ഒഴുകി കൊണ്ടിരിക്കുകയാണ് പോലും........!!
സോഷ്യലിസം കൊണ്ടു പച്ച പിടിച്ച ഒരു രാജ്യത്തിന്റെ പേരു പറയാമോ? രാജ്യം കിട്ടിയിലെങ്ങില്‍ വേണ്ട, ഒരു പഞ്ചായത്തിന്റെ പേരു പറഞ്ഞാലും മതി.
malamoottil panchayath
ബൈജൂ പഞ്ചതന്ത്ര കഥ വായിച്ചിട്ടുണ്ടോ അതില്‍ ഒരു പൊന്‍മാന്‍ കടലില്‍ മുട്ട ഇട്ട കഥയുണ്ട് വീണ്ടു വിചാരം ഇല്ലതെ പണമെല്ലാം അത്യാഗ്രഹം മൂത്തു ഷെയര്‍ മാര്‍ക്കറ്റില്‍ ഇട്ടവര്‍ പലരും ആത്മഹത്യ ചെയ്യുന്നു, കേരളത്തില്‍ ബ്ളേഡില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും കടം എടുത്തു പുട്ടടിച്ചു പലരും കുടുംബസമേതം ആത്മഹത്യ ചെയ്യുന്നു എന്നാല്‍ ഇതിലൊക്കെ പലരും ശ്രധിക്കാത്ത ഒരു കാര്യം വ്യക്തമാക്കാം ഇതില്‍ ഭൂരി ഭാഗവും ഹിന്ദുക്കള്‍ ആണൂ ക്രിസ്ത്യാനികളോ മുസ്ളീങ്ങളൊ ഇന്നുവരെ ഇങ്ങിനെ കുടുംബസമേതം ആത്മഹത്യ ചെയ്തതു ഞാന്‍ വായിച്ചിട്ടില്ല എന്തു കൊണ്ട്? എല്ലാം പോയാലും ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങാം എന്ന കോണ്‍ഫിഡന്‍സ് അവര്‍ ക്കുണ്ട് അവരെ സഹായിക്കാന്‍ ഒരു കമ്യൂണിറ്റി ഉണ്ട്, കൌണ്‍സലിംഗ് നടത്താന്‍ പള്ളി ഉണ്ട്, ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത് ലക്ഷം രൂപ് ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന്‍ കരുപ്പിടിപ്പിച്ചു കൂടെ? ലോക മഹായുധം കഴിഞ്ഞു ഇതിനെക്കാള്‍ എത്റയോ ഭീതിദമായ പണകുറവും ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുഭവിച്ചു അതില്‍ നിന്നുയറന്നു വന്നതെല്ലേ നമ്മുടെ തലമുറക്കു മുന്‍പുള്ളവറ്‍ ഇപ്പോഴും പറയുന്നു അമേരിക്കയില്‍ നിങ്ങള്‍ പ്റചരിപ്പിക്കുന്ന പ്റശ്നം ഇല്ല, നിങ്ങള്‍ക്കറിയാമോ സഖാക്കളെ അവിടെ കറുത്ത വറ്‍ഗക്കാരെ ചുട്ടു കൊല്ലുകയാണു എന്നൊക്കെ ഈയിടെ അച്ചുമാമം അടിച്ചു വിടുന്ന കേട്ടൂ അയാള്‍ക്ക് വല്ല വിവരവും ഉണ്ടോ? അണ്ടിയാപ്പീസിണ്റ്റെ മുന്‍പില്‍ ഇരുപതു കൊല്ലം മുന്‍പ് നിന്നു പറയുന്ന പ്റസംഗം ആണൂ മുഖ്യണ്റ്റെ കസേരയില്‍ കയറി പറയുന്നത് , കൊടിയേരി സഖാവ് കറങ്ങാന്‍ പോയിട്ടു രണ്ട് ആഴ്ചയായി വരുമ്പം വിശേഷം പറയും.
"എല്ലാം പോയാലും ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങാം എന്ന കോണ്‍ഫിഡന്‍സ് അവര്‍ ക്കുണ്ട് അവരെ സഹായിക്കാന്‍ ഒരു കമ്യൂണിറ്റി ഉണ്ട്, കൌണ്‍സലിംഗ് നടത്താന്‍ പള്ളി ഉണ്ട്, ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത് ലക്ഷം രൂപ് ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന്‍ കരുപ്പിടിപ്പിച്ചു കൂടെ?"
എന്തൊരു മാനുഷീക/സതാചാര മൂല്യബോധം! നിങ്ങള്‍ക്കെന്താ ഇതുവരെ ഭാരതരത്നം കിട്ടാഞ്ഞതു! കടമെടുത്തു പുട്ടടിച്ചിട്ട് കിഡ്നി വിറ്റു കടം വീട്ടാന്‍ ഏത് പള്ളിലച്ചനാ ഹേ ഉപദേശിക്കുന്നത്?! വിവരദോഷം വിളിച്ചു കൂവാതെ, ആരുഷി. കടം വാങ്ങി ആത്മഹത്യ ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണെന്നു പറയുന്നതു, ബോംബ് പോട്ടിക്കുന്നതെല്ലാം മുസ്ലിങ്ങളാണന്നു ബീ ജെ പി കാര്‍ പറയുന്നതു പോലുണ്ട്.
ആരുഷി വക ഇങ്ങനെ മൊഴി "ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത് ലക്ഷം രൂപ് ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന്‍ കരുപ്പിടിപ്പിച്ചു കൂടെ? "
അല്ല ആരുഷി,വളരെ ബഹുമാനത്തോടെ ചോദിക്കട്ടെ, ഒരു കിഡ്നി ക്ക് ഇരുപതു ലക്ഷം രൂപ കിട്ടുമോ, ഞാന്‍ അറിഞ്ഞത് ഏറ്റവും കൂടിയത് ഒന്നൊന്നര ലക്ഷം രൂപ എന്നാണു..ഒരു കിഡ്നി കൊടുക്കാനുണ്ട്, താങ്കളെ ബന്ധപ്പെട്ടാല്‍ ഇരുപതു ലക്ഷം സംഘടിപ്പിച്ചു തരുമോ പ്ലീസ്,Don't turn down..
kidney aaninnu ente dukham...ee kidney aaninnente dukham
രാജാറാമിനെ കുറിച്ചുള്ള ഈ കുറിപ്പിന്റെ ലിങ്ക് കൂടി ഇവിടെ കിടക്കട്ടെ. (മാമിയുടെ ബ്ലോഗില്‍ നിന്ന്)
>>>"സോഷ്യലിസം കൊണ്ടു പച്ച പിടിച്ച ഒരു രാജ്യത്തിന്റെ പേരു പറയാമോ? രാജ്യം കിട്ടിയിലെങ്ങില്‍ വേണ്ട, ഒരു പഞ്ചായത്തിന്റെ പേരു പറഞ്ഞാലും മതി."
പണക്കൊതിമൂത്ത് സ്റ്റോക്ക് മാര്‍ക്കെറ്റ് കളിച്ചുകളിച്ച് കാശെല്ലാം ആവിയാകുമ്പോള്‍ അതുവരെ ഡീറെഗ്യുലേഷനെന്നും ലിബെര്‍ട്ടിയെന്നും കാറിക്കൊണ്ടിരുന്നവന്മാരെ രക്ഷിക്കാന്‍ ടാക്സ് കൊടുക്കുന്നവന്റെ ട്രില്യണ്‍ ഡോളറുമായി ഗവണ്മെന്റ് വന്ന് ‘താങ്ങി’ക്കൊടുക്കുന്നതും, അതിലൊരു 85 ബില്യണ്‍ കിട്ടുമെന്നറിഞ്ഞതിന്റെ അടുത്താഴ്ച 5 ലക്ഷം ഡോളറിന്റെ പാര്‍ട്ടിനടത്തി ആര്‍മ്മാദിക്കുന്ന എക്സിക്യൂട്ടീവുകളും സമത്വസുന്ദരക്യാപ്പിറ്റലിസത്തിന്റെ പ്രോഡക്റ്റുകളാണല്ലോ.
ഒന്ന് പോ സാറേ.
Post a Comment