Wednesday, November 5, 2008

വയല്‍ക്കിളി

കവിയുടെ ക്ഷണം സ്വീകരിച്ചാണ് കൊണ്ടേരന്‍ കവി ഭവനത്തിലേക്ക് പോകുന്നത്. തന്നോട് ചര്‍ച്ചചെയ്യാന്‍ വേണ്ടും കാവ്യവിഷയങ്ങളില്ലല്ലോ എന്ന് യാത്രയിലുടനീളം കൊണ്ടേരന്‍ ചിന്തിച്ചു.

മണ്ണിന്റെ മണമുള്ള എന്തെങ്കിലും രചിക്കാനാവും തന്നെ വിളിച്ചതെന്ന് കൊണ്ടേരന്‍ ആശ്വസിച്ചു. ഒരു കാവ്യതല്ലജം ശരീരത്തില്‍ പടരുന്നത് ഉള്‍ക്കുളിരോടെ കൊണ്ടേരന്‍ അനുഭവിച്ചു.

നഗരത്തിലെ കവിഭവനത്തിന്റെ മുന്നില്‍ കൊണ്ടേരന്‍ എത്തി. മുറ്റത്ത് കാലുകുത്തിയതോടെ കവിതയുടെ രൂക്ഷഗന്ധം മൂക്കൊരു കവിയരങ്ങാക്കി മാറ്റി.

കവി കുളിക്കുകയാണെന്നും കടന്നിരിക്കാമെന്നും കവയിത്രിയല്ലാത്ത ഭാര്യ മഞ്ജരിവൃത്തത്തില്‍ പറഞ്ഞു. അപകര്‍ഷതാബോധത്താല്‍ കൊണ്ടേരന്‍ ആ ക്ഷണം നിരസിച്ചു.

മുറ്റത്തെ പുല്‍ത്തകിടിയിലേക്ക് കൊണ്ടേരന്‍ വെറുതെ കണ്ണ് പായിച്ചു.

പുല്‍നാമ്പുകളേ നിങ്ങളെത്ര ഭാഗ്യവാന്മാര്‍! കവിതയുടെ തലോടലേറ്റ് വളരാമല്ലൊ!ഒരു പുല്ലായ് ജനിക്കാഞ്ഞതില്‍ കൊണ്ടേരന്‍ വേദനിച്ചു. നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടു പുല്ലല്ല സാധു പുലയന്‍ എന്ന് പാടിനോക്കിയിട്ടും സങ്കടം തീര്‍ന്നില്ല.

മണ്ണു വിട്ട് വിണ്ണിലേക്ക് നോക്കി.

നീലക്കല്ലില്‍ വെണ്ണ പതിപ്പിച്ച വാനം.'വാനമേ..ഗഗനമേ..വ്യോമമേ..' എന്ന് പലവട്ടം പാടി ആവേശഭരിതനായി.

സ്‌നാനാനന്തരം കവി വന്നു.

'കൊണ്ടേരന്‍ വന്നിട്ട് അധികം നേരായോ?'

ചോദ്യത്തിലെ കുശലത്തില്‍ നിന്ന് കൊണ്ടേരന്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

കവി പീഠം ചൂണ്ടി ഇരിക്കാന്‍ അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന മാനിച്ച് കൊണ്ടേരന്‍ ആസനസ്ഥനായി.

പിന്നെ അഞ്ചു മിനിറ്റ് കവി നിശ്ശബ്ദത ചവച്ചു. പെട്ടെന്ന് വിങ്ങിപ്പൊട്ടി.

കൊണ്ടേരന്‍ പരിഭ്രമം നടിച്ചു.

എന്താണാവോ ! അസുഖമാണോ..? കവിതയുടെ വരവാണോ..?കുന്നില്‍ തടഞ്ഞ പുഴ പോലെ കൊണ്ടേരന്‍ കുഴങ്ങി.

ആകാംക്ഷ ഒരു രണ്ടു നാലടി നടന്നതില്ലതിനു മുമ്പേ വായില്‍ ദര്‍ഭ മുന കൊണ്ട പോലെ നിന്നു.

കവിയരങ്ങ് തുടങ്ങി.

' കൊണ്ടേരന്‍, എങ്ങോട്ടാ ഈ രാജ്യം പോണേ..?'

റൂട്ടിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല്‍ കൊണ്ടേരന്‍ മൌനഭൂഷണം കിട്ടിയ വിദ്വാനായി ഇരുന്നു.

' എല്ലാം പോയി..എല്ലാം പോയി..ഈ നാടിന്റെ പരിശുദ്ധിയുടെ പണി തീര്‍ന്നു.'

കൊണ്ടേരന്‍ നേര്‍രേഖയില്‍ തലയാട്ടി.

കവി എഴുന്നേറ്റു.

എന്തെങ്കിലും സംഭവിക്കുമെന്ന് കൊണ്ടേരന് ഉറപ്പായിരുന്നു. പ്രതീക്ഷ വിഫലമായില്ല.

കവി കൈകള്‍ ആകാശത്തേക്കുയര്‍ത്തി. ആകാശം പേടിച്ചരണ്ടു.

' എവിടെ പുഴകള്‍..? എവിടെ പൂക്കള്‍..?ആര്‍ത്തിയുടെ കണക്കെടുപ്പു തീരുമ്പോള്‍ അവശേഷിക്കുന്നത് നഷ്‌ടങ്ങളുടെ പെരുക്കപ്പട്ടിക മാത്രമായിരിക്കും, കൊണ്ടേരന്‍..'

ആവശ്യത്തിലേറെ നാടകീയത ഉണ്ടെങ്കിലും ഇനി നോക്കിയിരുന്നിട്ട് കാര്യമില്ലെന്ന് കൊണ്ടേരന് തോന്നി.

' കവേ..ധനാര്‍ത്തി മൂത്ത മനുഷ്യന്റെ പീഡനങ്ങളേറ്റ് ഭൂമിയുടെ വ്രണങ്ങള്‍ നീറുന്നു...ഭൂമിദേവിയുടെ വിലാപം ആര് കേള്‍ക്കാന്‍..!'

കവി താക്കീതിന്റെ രൂപത്തില്‍ നോക്കി. 'നീ കവിയാകാന്‍ നോക്കേണ്ട കൊണ്ടേരന്‍' എന്ന ഭീഷണി ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. കാക്ക കുളിച്ചാല്‍ കവിയാകില്ല.

കവിള്‍ ഉഴിഞ്ഞ് കവി ചോദ്യം ആരംഭിച്ചു.

'കോഴി കൂകി ഉണര്‍ത്തുന്ന പ്രഭാതങ്ങളാണോ കൊണ്ടേരന്‍ ഗ്രാമത്തിലിപ്പോഴും..?'

' താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങുന്ന വലിയോരലാറങ്ങള്‍ നിലച്ചൂ കവേ..'

' കുയിലുകളുടെ കൂജനം..?'

' ഗ്രാമവൃക്ഷത്തിലിപ്പോള്‍ കുയിലുകളില്ല കവേ..'

' സൂര്യകിരണങ്ങളുടെ വജ്രസൂചിയേറ്റ് പച്ചിലത്തുമ്പുകള്‍ തിളങ്ങാറുണ്ടോ കൊണ്ടേരന്‍..?'

' പച്ചിലത്തുമ്പുകള്‍ വഴങ്ങുന്നില്ല കവേ..'

' കൊച്ചരുവികള്‍ വെള്ളപ്പുടവയിളക്കി കുണുങ്ങിക്കുണുങ്ങിപ്പോവാറുണ്ടോ കൊണ്ടേരന്‍..?'

' അവരിപ്പോള്‍ ചൂരിദാറാണ് ധരിക്കുന്നത്.'

' എങ്ങനെ..?'

' കോടതി വിധിച്ചു.'

' എന്ത്?'

' പുഴകള്‍ക്കും ചൂരിദാര്‍ ധരിക്കാമെന്ന്.'

' കാരണം..?'

' പുഴകള്‍ക്ക് നീളം കുറഞ്ഞെന്നും ഇനി അവര്‍ പുടവ ചുറ്റുന്നത് ദേശീയ നഷ്ടമാണെന്നും ന്യായാധിപന്മാര്‍ കണ്ടെത്തി.'

' ഞങ്ങള്‍ കവികള്‍ ഇനി എന്ത് ചെയ്യും കൊണ്ടേരന്‍..?'

' ഇറക്കം കുറഞ്ഞ ചൂരിദാര്‍ പോലുള്ള പുഴ എന്ന് പറയാം..'

കളിച്ച് കളിച്ച് കവിയാകരുതെന്ന് കവി ഒരു വട്ടം കൂടി മൌനമായി താക്കീതു നല്‍കി.

' വയല്‍ക്കിളികള്‍..?'

' കോള്‍സെന്ററുകളില്‍ ചേക്കയേറി.'

' നമ്മുടെ വയലുകള്‍..'ഇവിടെയാണ് കവി കസറിയത്. കവി കാത്തിരുന്ന നിമിഷം, കാലവും. ഉദ്ദേശം ഒന്നരമണിക്കൂറെടുത്താണ് വിസ്‌തരിച്ചത്.

മുണ്ടകന്‍, പുഞ്ച, കാള, കലപ്പ, വിത, നടീല്‍, കളപറി,, കൊയ്ത്ത്, മെതി..തുടങ്ങി നാനാ വിഷയങ്ങളെയും സ്‌പര്‍ശിച്ച് കവി ഒരു ഇരുപത്തിനാലുവൃത്തം വഞ്ചിപ്പാട്ടു തന്നെ രചിച്ചു.

ഒടുവില്‍ തളര്‍ന്ന് വീണ കവി കിതച്ചുകൊണ്ട് ചോദിച്ചു.

' എവിടെ നമ്മുടെ വയലുകള്‍..?'

' വയലുകള്‍ എഴുന്നേറ്റു നില്‍ക്കുകയാണ് കവേ..'

' നമ്മുടെയിടയില്‍ ദുര്‍ഗ്രഹത വേണ്ട. തെളിച്ചു പറയൂ.'

' വയലുകള്‍ ഇപ്പോള്‍ ഫ്ളാറ്റുകളായി എഴുന്നേറ്റു നില്‍ക്കുകയാണ്. നൂറുമേനി വിളഞ്ഞു എന്നാണ് കൃഷിഭവന്റെ വിലയിരുത്തല്‍.'

' നമ്മുടെ ഉണ്ണികള്‍ ഇനി ഊണു കഴിക്കുന്നതെങ്ങനെയാണ് കൊണ്ടേരന്‍..?'

' അവരുടെ ടേയ്‌സ്‌റ്റ് മാറി കവേ..'

' എന്നാലും മുലപ്പാല്‍ മറക്കുമോ?'

' ഇക്കാര്യത്തില്‍ ഫെമിനിസ്‌റ്റുകളുടെ നിലപാടറിയില്ല കവേ.'

' ഉണ്ണാനുള്ളൊരു ചോറ്റില്‍ പട്ടികള്‍ നിന്ന് ചിലപ്പതു കണ്ടാലോ എന്ന് കൊണ്ടേരന്‍ കേട്ടിട്ടുണ്ടോ?.'

' ഇടശ്ശേരിയെ ഇടയ്‌ക്ക് വായിക്കാറുണ്ട്.'

' തീര്‍ന്നു, കൊണ്ടരന്‍ തീര്‍ന്നു. എല്ലാം തീര്‍ന്നു. ഈ രാജ്യം അസ്‌തമിച്ചു. മരിച്ചാല്‍ മതിയായിരുന്നു.'

തക്ക സമയത്ത് ഭാര്യ ഇടപെട്ടു.

'..ന്നാല്‍ ഊണു കഴിച്ചിട്ടാവാം..'

കൊണ്ടേരന്‍ ഞെട്ടി.

അറുത്ത കൈക്ക് ഇന്നോളം ഈ കവികുടുംബം ഉപ്പു തേച്ചതായി കേട്ടിട്ടില്ല. അവര്‍ തന്നെ ഭക്ഷണത്തിന് ക്ഷണിക്കുന്നോ! തോന്നീതാവും.

കൊണ്ടേരന്‍ അനങ്ങിയില്ല. ലഞ്ച് നടക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന മട്ടില്‍.

കവി സമ്മതിച്ചില്ല.

കൊണ്ടേരന്റെ കൈക്ക് പിടിച്ച് തീന്‍മേശയിലേക്ക് നയിച്ചു. മൃതപ്രായനായി കൊണ്ടേരന്‍ അനുഗമിച്ചു.

തീന്‍മേശ വിഭവസമൃദ്ധം. ഒരു ലാസ്റ്റ് സപ്പര്‍ സ്റ്റൈല്‍.

കൊണ്ടേരന്‍ പിന്നേം ഞെട്ടി. ഇതിന്റെ പിന്നില്‍ അജന്‍ഡയുണ്ട്.എന്താണാവോ മുഖ്യ പ്രഭാഷണ വിഷയം..?

കൊണ്ടേരന്‍ വിഭവങ്ങളിലേക്ക് നോക്കി.

ഭൂമിയിലുള്ളതെല്ലാം അവിടെ സമ്മേളിച്ചിട്ടുണ്ട്.

മോഡേണ്‍, പോസ്‌റ്റ് മോഡേണ്‍,സ്‌പീഡോ പോസ്‌റ്റ് മോഡേണ്‍ വിഭവങ്ങള്‍.

ഭക്ഷണമധ്യേ കവി ചുറ്റിനും നോക്കി. ആരുമില്ലെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.

ഒന്ന് ചേര്‍ന്നിരുന്നു.

ശബ്‌ദം പരമാവധി താഴ്ത്തി.

' കൊണ്ടേരന്‍, ഒരു സുപ്രധാന കാര്യം പറയാനുണ്ട്.'

കോഴിയെ കടിച്ചിടത്ത് നിര്‍ത്തി കൊണ്ടേരന്‍ അല്‍ഭുതം കൂറി.

' പറയൂ കവേ.'

' കൊണ്ടേരന്‍, നിന്റെ വീടിനടുത്ത് എനിക്ക് രണ്ടേക്കര്‍ വയലുള്ള വിവരം നിനക്കറിയാമല്ലൊ...'

' അറിയുന്നു.'

' അറിഞ്ഞാല്‍ പോരാ, സഹായിക്കണം.'

' കൃഷിക്ക് വേണ്ടി ഞാനെന്തും ചെയ്യും.'

' വേണ്ട കൊണ്ടേരന്‍, നിന്നെ ബുദ്ധിമുട്ടിക്കാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നില്ല.'

' ഞാനെന്തു ചെയ്യണം?'

' നീ വിലങ്ങുതടിയാകരുത്.'

' കവിതയ്‌ക്ക് കുറുകെ കിടക്കാന്‍ ഞാനാര്..? വെറും അക്ഷരശൂന്യന്‍.'

' കവിതയല്ല കൊണ്ടേരന്‍, കാലയാപനമാണ് പ്രശ്‌നം'

' കവേ വിഷമിപ്പിക്കാതെ വിഷയം പറയൂ'

' എന്റെ രണ്ടേക്കര്‍ നിലം ഞാന്‍ വില്‍ക്കാന്‍ പോവുന്നു'

' നടക്കില്ല, കവേ.'

' നടക്കും കൊണ്ടേരന്‍. നല്ല വില കിട്ടി.'

' ആര്‍ക്ക് വിറ്റു?'

' ഫ്ലാറ്റ് കച്ചോടക്കാര്‍ക്ക്.'

' ഞാന്‍ സമ്മതിക്കില്ല.'

' നിനക്കെന്ത് വേണം?'

' എന്റെ ആത്മാവാണ് കവേ അങ്ങ് ചോദിക്കുന്നത്.'

' ആത്മാവെങ്കില്‍ ആത്മാവ്. വെല പറയൂ.'

' എനിക്ക് വെല പറയാന്‍ എന്നെക്കൊണ്ടാവില്ല കവേ. അങ്ങ് തീരുമാനിച്ചാല്‍ മതി. ന്യായമായിരിക്കണം വെല.'

കച്ചോടം കഴിഞ്ഞു.

പുറത്തിറങ്ങുമ്പോള്‍ കൊണ്ടേരനോട് കവി പറഞ്ഞു.

' കൊണ്ടേരന്‍ എന്റെ അടുത്ത കവിത നിര്‍ബന്ധമായും വായിക്കണം. നിലം നികത്തലിനെതിരെയുള്ള ഉഗ്രന്‍ താക്കീതായിരിക്കും അത്.'

കൊണ്ടേരന്‍ ആവേശഭരിതനായി.

കവിതയുടെ കൂമ്പടയുന്നേയില്ല.

****

എം എം പൌലോസ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കവി വന്നു.

'കൊണ്ടേരന്‍ വന്നിട്ട് അധികം നേരായോ?'

ചോദ്യത്തിലെ കുശലത്തില്‍ നിന്ന് കൊണ്ടേരന്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.

കവി പീഠം ചൂണ്ടി ഇരിക്കാന്‍ അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന മാനിച്ച് കൊണ്ടേരന്‍ ആസനസ്ഥനായി.

പിന്നെ അഞ്ചു മിനിറ്റ് കവി നിശ്ശബ്ദത ചവച്ചു. പെട്ടെന്ന് വിങ്ങിപ്പൊട്ടി.

കൊണ്ടേരന്‍ പരിഭ്രമം നടിച്ചു.

എന്താണാവോ ! അസുഖമാണോ..? കവിതയുടെ വരവാണോ..?കുന്നില്‍ തടഞ്ഞ പുഴ പോലെ കൊണ്ടേരന്‍ കുഴങ്ങി.

ആകാംക്ഷ ഒരു രണ്ടു നാലടി നടന്നതില്ലതിനു മുമ്പേ വായില്‍ ദര്‍ഭ മുന കൊണ്ട പോലെ നിന്നു.

കവിയരങ്ങ് തുടങ്ങി.

' കൊണ്ടേരന്‍, എങ്ങോട്ടാ ഈ രാജ്യം പോണേ..?'

റൂട്ടിനെക്കുറിച്ച് വലിയ പിടിപാടില്ലാത്തതിനാല്‍ കൊണ്ടേരന്‍ മൌനഭൂഷണം കിട്ടിയ വിദ്വാനായി ഇരുന്നു.

' എല്ലാം പോയി..എല്ലാം പോയി..ഈ നാടിന്റെ പരിശുദ്ധിയുടെ പണി തീര്‍ന്നു.'

കൊണ്ടേരന്‍ നേര്‍രേഖയില്‍ തലയാട്ടി.

കവി എഴുന്നേറ്റു.

എന്തെങ്കിലും സംഭവിക്കുമെന്ന് കൊണ്ടേരന് ഉറപ്പായിരുന്നു. പ്രതീക്ഷ വിഫലമായില്ല.

കവി കൈകള്‍ ആകാശത്തേക്കുയര്‍ത്തി. ആകാശം പേടിച്ചരണ്ടു.

' എവിടെ പുഴകള്‍..? എവിടെ പൂക്കള്‍..?ആര്‍ത്തിയുടെ കണക്കെടുപ്പു തീരുമ്പോള്‍ അവശേഷിക്കുന്നത് നഷ്‌ടങ്ങളുടെ പെരുക്കപ്പട്ടിക മാത്രമായിരിക്കും, കൊണ്ടേരന്‍..'

ആവശ്യത്തിലേറെ നാടകീയത ഉണ്ടെങ്കിലും ഇനി നോക്കിയിരുന്നിട്ട് കാര്യമില്ലെന്ന് കൊണ്ടേരന് തോന്നി.

' കവേ..ധനാര്‍ത്തി മൂത്ത മനുഷ്യന്റെ പീഡനങ്ങളേറ്റ് ഭൂമിയുടെ വ്രണങ്ങള്‍ നീറുന്നു...ഭൂമിദേവിയുടെ വിലാപം ആര് കേള്‍ക്കാന്‍..!'

കവി താക്കീതിന്റെ രൂപത്തില്‍ നോക്കി. 'നീ കവിയാകാന്‍ നോക്കേണ്ട കൊണ്ടേരന്‍' എന്ന ഭീഷണി ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. കാക്ക കുളിച്ചാല്‍ കവിയാകില്ല.

കവിള്‍ ഉഴിഞ്ഞ് കവി ചോദ്യം ആരംഭിച്ചു.

'കോഴി കൂകി ഉണര്‍ത്തുന്ന പ്രഭാതങ്ങളാണോ കൊണ്ടേരന്‍ ഗ്രാമത്തിലിപ്പോഴും..?'

' താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങുന്ന വലിയോരലാറങ്ങള്‍ നിലച്ചൂ കവേ..'

' കുയിലുകളുടെ കൂജനം..?'

' ഗ്രാമവൃക്ഷത്തിലിപ്പോള്‍ കുയിലുകളില്ല കവേ..'

' സൂര്യകിരണങ്ങളുടെ വജ്രസൂചിയേറ്റ് പച്ചിലത്തുമ്പുകള്‍ തിളങ്ങാറുണ്ടോ കൊണ്ടേരന്‍..?'

' പച്ചിലത്തുമ്പുകള്‍ വഴങ്ങുന്നില്ല കവേ..'

' കൊച്ചരുവികള്‍ വെള്ളപ്പുടവയിളക്കി കുണുങ്ങിക്കുണുങ്ങിപ്പോവാറുണ്ടോ കൊണ്ടേരന്‍..?'

' അവരിപ്പോള്‍ ചൂരിദാറാണ് ധരിക്കുന്നത്.'

' എങ്ങനെ..?'

' കോടതി വിധിച്ചു.'

' എന്ത്?'

' പുഴകള്‍ക്കും ചൂരിദാര്‍ ധരിക്കാമെന്ന്.'

' കാരണം..?'

' പുഴകള്‍ക്ക് നീളം കുറഞ്ഞെന്നും ഇനി അവര്‍ പുടവ ചുറ്റുന്നത് ദേശീയ നഷ്ടമാണെന്നും ന്യായാധിപന്മാര്‍ കണ്ടെത്തി.'

' ഞങ്ങള്‍ കവികള്‍ ഇനി എന്ത് ചെയ്യും കൊണ്ടേരന്‍..?'

' ഇറക്കം കുറഞ്ഞ ചൂരിദാര്‍ പോലുള്ള പുഴ എന്ന് പറയാം..'

കളിച്ച് കളിച്ച് കവിയാകരുതെന്ന് കവി ഒരു വട്ടം കൂടി മൌനമായി താക്കീതു നല്‍കി.

Baiju Elikkattoor said...

"വയലുകള്‍ ഇപ്പോള്‍ ഫ്ളാറ്റുകളായി എഴുന്നേറ്റു നില്‍ക്കുകയാണ്"
"കോഴിയെ കടിച്ചിടത്ത് നിര്‍ത്തി കൊണ്ടേരന്‍ അല്‍ഭുതം കൂറി."

ഹ ഹാ ഹാ