Thursday, November 13, 2008

ആമയും മുയലും

ആമേം മൊയലും പിന്നേം ഓടാന്‍ തീരുമാനിച്ചു.

അതോടെ തര്‍ക്കം ആരംഭിച്ചു.

ചരിത്രം ആവര്‍ത്തിക്കുമോ എന്നതിനെച്ചൊല്ലിയാണ് സംഘട്ടനം. ചരിത്രകാരന്മാര്‍ രണ്ടായി പിരിഞ്ഞു. ആവര്‍ത്തന ചരിത്രകാരന്മാര്‍, വിവര്‍ത്തന ചരിത്രകാരന്മാര്‍ എന്നിങ്ങനെ ഇവരെ ചരിത്രം ചില്ലിട്ട് വെച്ചു.

ഒരു പുഴയില്‍ക്കൂടി ഒഴുകുന്ന വെള്ളം പോലും ഒന്നല്ലെന്ന് വിവര്‍ത്തനക്കാര്‍ വാദിച്ചു. എല്ലാ പുഴയിലൂടെയും ഒഴുകുന്ന വെള്ളത്തിന്റെ കണികകള്‍ ഒന്നാണെന്ന് ആവര്‍ത്തനക്കാര്‍ തിരിച്ചടിച്ചു.

ആമ- മുയല്‍ ഓട്ടം പഴയതിന്റെ തുടര്‍ച്ചയല്ല. പുതിയ കാലം, പുതിയ ലോകം, പുതിയ ആശയ അടിത്തറ. പുതിയ വൈജ്ഞാനിക വിസ്‌ഫോടനത്തില്‍ ഇതിനെ വിലയിരുത്തണം- വിവര്‍ത്തനക്കാര്‍ വിവരിച്ചു.

സംഭവം മാറിയിട്ടില്ല. മാറിയത് വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അതാകട്ടെ ആത്മനിഷ്‌ഠവുമാണ്. പഴയതിന്റെ പുനരാഖ്യാനം മാത്രമാണിത്-ആവര്‍ത്തനക്കാര്‍ ആവര്‍ത്തിച്ചു.

പക്ഷേ കഴിഞ്ഞ സംഭവം ആവര്‍ത്തിക്കരുതെന്ന് മുയല്‍ ദൃഢപ്രതിജ്ഞയെടുത്തു. താവഴിയിലെ ഏതോ ഒരു പൂര്‍വികന് പറ്റിയ തന്ത്രപരമായ പിശക് തലമുറകള്‍ കൊണ്ടാടുന്നു. പിറന്ന് വീണ കുട്ടി അഛന്റെ പേരറിയും മുമ്പ് ആമയും മുയലും പന്തയം വെച്ച കഥ പഠിക്കും.

എന്നിട്ട് ഒരു ഗുണപാഠോം.

'അഹങ്കാരം ആപത്താണ്.'

മുയല്‍ ശപഥം ചെയ്തു.

'ഇത് തിരുത്തിയേ പറ്റൂ'

ആമയെ വെല്ലുവിളിച്ചു.

വെല്ലുവിളി ആമ സ്വീകരിച്ചു.

ആമയ്‌ക്കുമുണ്ട് ചരിത്രപരമായ ദൌത്യം.

ആദ്യജയത്തിന്റെ കാരണം ആമയുടെ മികവല്ലെന്നാണ് നിരൂപക മതം. മുയലിന്റെ ദൌര്‍ബല്യംകൊണ്ട് പതിച്ചുകിട്ടിയ മിച്ചഭൂമി എന്ന മട്ടിലാണ് വ്യാഖ്യാനം.

ഇതൊരു 'മുയല്‍ കേന്ദ്രീകൃത' സമീപനമാണ്. കറുത്തവന് വെളുത്ത കുഞ്ഞ് ജനിച്ചാല്‍ അത് ബ്രാഹ്മണന്റെ ഇഷ്‌ടദാനമാണെന്ന് കരുതുന്ന ചരിത്ര സമീപനം. തിരുത്തിയേ പറ്റൂ.

വേട്ടക്കാരന്നും ഇരയ്‌ക്കും കാട് രണ്ടാണ്. ഇതുവരെ കാടിന്റെ ചരിത്രം എഴുതിയത് വേട്ടക്കാരാണ്. ഇനി ഇരകള്‍ എഴുതട്ടെ.

ചരിത്രത്തിന് ഒരു 'കൂര്‍മകേന്ദ്രീകൃത' സമീപനം അനിവാര്യമാണ്. വ്യാഖ്യാനങ്ങള്‍ മാറണം. പുതിയ ഗുണപാഠങ്ങള്‍ വേണം.

'ജഡയുടെ സംസ്‌ക്കാരപ്പനയോലക്കെട്ടൊക്കെ-

പ്പൊടികെട്ടിപ്പുഴുകുത്തിച്ചിതലു മുറ്റി

ചികയുന്നോ-ചിരിവരും ചിലതിനിയുമുണ്ടെന്നോ

ചിതയിലേക്കവയെടുത്തെറിയൂ വേഗം.'

ആമ ചങ്ങമ്പുഴയായി.

ആമയുടെ വിജയം മുയലിന്റെ സൌജന്യമല്ല.

ധനവാന്റെ ദാനമല്ല ദരിദ്രന്റെ മൂലധനം.

വേണമെങ്കില്‍ കരികൊണ്ട് മതിലില്‍ എഴുതാവുന്ന എരിയുന്ന സൂക്തമാണിതൊക്കെ. പക്ഷേ നൿസലൈറ്റുകാരില്ല. കച്ചോടം പൂട്ടി. ചിലര് കെട്ടിടം പണി തുടങ്ങി. ഇപ്പോഴത്തെ പ്രധാന വൈരുധ്യം സിമന്റും മണലും തമ്മിലാണ്.നാലു ചാക്ക് മണലിന് ഒരു ചാക്ക് സിമന്റ്. അതാണ് തന്ത്രം.

മുയലിന്റെ വെല്ലുവിളി ആമ ഏറ്റെടുത്തു.

തീയതി തീരുമാനിച്ചു.

ഗ്രൌണ്ടിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസംഘം ബീജിങ്ങിലേക്ക് പോയി. സംഘം തിരിച്ചുവരുന്നതിനു മുമ്പ് ഗ്രൌണ്ട് ശരിയാക്കിയതിനാല്‍ മറ്റ് അത്യാഹിതങ്ങള്‍ ഒഴിവായി.

മാധ്യമങ്ങള്‍ ഉടുത്തൊരുങ്ങി.

തലവാചകങ്ങള്‍ക്ക് പത്രാധിപന്മാര്‍ തലകുത്തിനിന്നു. ശ്വാസം വിടാത്തവര്‍ ന്യൂസ് എഡിറ്റര്‍മാരായി.

ആമയും മുയലും എത്തി.

ആമ കറുത്ത ജഴ്‌സിയും മുയല്‍ വെളുത്ത ജഴ്‌സിയുമണിഞ്ഞാണ് വന്നത്.

നിറങ്ങളുടെ സംഘര്‍ഷം എന്ന പേരില്‍ ലേഖനമെഴുതാന്‍ ശ്രമിച്ച പണ്ഡിതനെ പൊലീസ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തു. ആഹ്ളാദഭരിതരായ വായനക്കാര്‍ ജയിലിനു മുന്നില്‍ പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി. ജയിലില്‍ കിടന്ന എഴുത്തുകാരന്‍ അടുത്ത ലേഖനത്തിനുവേണ്ടി പല്ല് ഞെരിച്ചു.

ആമയും മുയലും ട്രാക്കിലെത്തി.

ജനം കാണക്കാണെ പെരുകി. ഇടം കിട്ടാത്ത പൂഴി ആകാശത്ത് അനാഥമായി. എന്നാല്‍ ഇടം കിട്ടാത്ത സൂചി പാര വെച്ച് പ്രശ്‌നം പരിഹരിച്ചു. നിമിഷങ്ങള്‍ അടര്‍ന്നു വീണു. സംഘാടകര്‍ അതടിച്ചുമാറ്റി.

റെഡി..വണ്‍..ടു..ത്രീ.

ജനം ആകാംക്ഷയുടെ മുള്‍മുനയില്‍.

ആവര്‍ത്തന വിരസത.

മാറ്റിയെഴുതാന്‍ മുഖ്യപത്രാധിപര്‍ ഉത്തരവിട്ടു. സഹപത്രാധിപര്‍ ഒരുകൈ കക്ഷത്തില്‍ വെച്ച് ഭൂമിയോളം താഴ്ന്ന് എഴുതി.

'കാലത്തിന്റെ അരക്കെട്ടില്‍ നിന്നും നിമിഷാര്‍ധങ്ങളുടെ ഉടുപുടവ ഉരിഞ്ഞു വീണു.'

ഭേഷ്.

മരണാനന്തരം നിന്നെ സംസ്ഥാന ബഹുമതികളോടെ സംസ്‌ക്കരിക്കാം.

'ഠേ!'

തുടങ്ങി, ആമയും മുയലും.

ഭൂതകാലത്തിന്റെ ശിഷ്‌ടാവശിഷ്‌ടങ്ങളില്‍ നിന്ന് ഭാവിയുടെ പ്രച്‌ഛന്ന ശാദ്വലതയിലേക്ക്..

ശ്‌മശാനത്തില്‍ നിന്ന് സിംഹാസനത്തിലേക്ക്..

അഭ്രപാളിയില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക്...

ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്ക്..

ആവേശം കയറിയ ഒരു പത്രത്തിന്റെ അന്നിറങ്ങിയ തലവാചകം ഇങ്ങനെ:

'ചച്ചരിത്രം'

മുയല്‍ പറന്നു; ആമ ഇഴഞ്ഞു.

കഥ തുടരുന്നു.

മുയല്‍ ബഹുദൂരം മുന്നില്‍; അല്ല-ആമ ബഹുദൂരം പിന്നില്‍.

പക്ഷേ നിര്‍ഭാഗ്യം. മുയല്‍ തിരിഞ്ഞുനോക്കി.

ചരിത്രപരമായ വിഡ്ഢിത്തം!

ദൂരെ ചക്രവാളത്തില്‍ ഒരു പൊട്ടു പോലെ ആമ. പാവം ഒരു കറുത്ത പൊട്ട്.

മുയലിന്റെ മനസ്സില്‍ ചിന്തകളുടെ കൊടിയേറ്റം.

'ആമ വൈകും. വിശ്രമിച്ചാലോ..?'

'വിശ്രമിക്കണോ..?പണ്ടത്തെ ചീത്തപ്പേര് ഇതുവരെ മാറിയിട്ടില്ല. ആ കളങ്കം മാറ്റാനാണ് ഈ പോരാട്ടം. അതിനിടയിലും വിശ്രമിച്ചാലോ..?

'വിശ്രമിച്ചതുകൊണ്ട് കുഴപ്പമില്ല. ഉറങ്ങാതിരുന്നാല്‍ മതി.ആമക്ക് വെല്ലുവിളിക്കാന്‍ കഴിയില്ല.'

മുയലിന് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ആത്മസംഘര്‍ഷം അതിരൂക്ഷം.

മുയല്‍ മൊബൈലെടുത്ത് ഡോൿടറെ വിളിച്ചു. നമ്പര്‍ മാറിപ്പോയി. കിട്ടിയത് ഒരു സാഹിത്യ വിമര്‍ശകന്. ഉത്തരം ലളിതമായിരുന്നു.

'പ്രീ പോസ്‌റ്റ് മോഡേണിസ്‌റ്റുകളുടെ സൈദ്ധാന്തിക നിലപാടുകളുടെ പ്രതലത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ജൈവഘടനയുടെ ആവാസവ്യവസ്ഥിതിയില്‍ പോസ്‌റ്റ്മോഡേണിസ്‌റ്റുകള്‍ ഏല്‍പ്പിച്ച..' മുഴുവന്‍ കേട്ടില്ല, മുയല്‍ ഉറങ്ങിപ്പോയി.

ആമ ഇഴഞ്ഞിഴഞ്ഞ് അടുത്തെത്തി. ഉള്ളില്‍ ചിരി വന്നു.

'നിനക്ക് പഴയ വിധി തന്നെ.'

ആമ ഇഴഞ്ഞ് ലക്ഷ്യത്തിലെത്താറായി.

മുയല്‍ കണ്ണുതുറന്നു.

ഞെട്ടിപ്പോയി.

'ദൈവമേ.. എനിക്ക് ഇത് തന്നെയോ വിധി..'

ഒറ്റക്കുതിപ്പ്. എത്തിയില്ല.

ആമ തന്നെ ജയിച്ചു.

പക്ഷേ ആമ ജയിച്ചോ..?

അതറിയാന്‍ തുടര്‍ന്നു വായിക്കുക.

മുയല്‍ ഇപ്പോള്‍ മനോഹരമായ ഒരാശ്രമം നടത്തുകയാണ്. പേരും മാറ്റി. നിദ്രാനന്ദ സരസ്വതി!. ആരാധന മൂത്ത ചിലര്‍ ശ്രീ ശ്രീ നിദ്രാനന്ദന്‍ എന്നും വിളിക്കും.

ഉറക്കക്കുറവ്, ആസ്‌തമ, രക്തസമ്മര്‍ദം, മലബന്ധം, മൂലക്കുരു എന്നിവയ്‌ക്കെല്ലാം സ്വാമിയുടെ ആശ്രമത്തില്‍ പരിഹാരമുണ്ട്. മരുന്നില്ല, തിരുമ്മില്ല. വെറും അതീന്ദ്രിയ ധ്യാനം മാത്രം. ധ്യാനനിമഗ്നനായിരിക്കുന്ന സ്വാമികളുടെ വലതുകൈയുടെ ചൂണ്ടാണി വിരലില്‍ തൊട്ടാല്‍ മതി മൂലക്കുരു ആകാശത്ത് അപ്രത്യക്ഷമാകും.

മുയല്‍ എങ്ങനെ നിദ്രാനന്ദനായി..? എങ്ങനെ അത്ഭുത സിദ്ധികള്‍ കൈവരിച്ചു..?

പറയാം.

രണ്ടാമതും ഓടിയ മുയലിന് എന്തുകൊണ്ട് അതേ സ്ഥലത്ത് വെച്ച് വീണ്ടും ഉറക്കം വന്നു..? വാശിയേറിയ മല്‍സരത്തിനിടയില്‍ പോലും എങ്ങനെ എല്ലാം മറന്ന് സുഷുപ്‌തിയില്‍ വീഴാന്‍ കഴിഞ്ഞു..?മനസ്സെന്തുകൊണ്ട് തിരക്കൊഴിഞ്ഞ കടലായി..?വാശിയും വൈരാഗ്യവുമില്ലാതെ മനസ്സെങ്ങനെ ചിദാനന്ദത്തില്‍ ലയിച്ചു..?

അന്വേഷണം ആ വഴിക്ക് തിരിഞ്ഞപ്പോള്‍ ഒരു കാര്യം വെളിവാക്കപ്പെട്ടു. ആ സ്ഥലത്ത് നിദ്രാദേവിയുടെ സാന്നിധ്യമുണ്ട്. മുയലില്‍ അത് പ്രവേശിക്കുന്നു. അതോടെ മുയല്‍ ഇഹലോക ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നു മുക്തനാവുന്നു. ഹൃദയത്തില്‍ പ്രകൃതിയുടെ പ്രണവം നിറയുന്നു. ഓങ്കാരത്തിന്റെ പൊരുളറിയുന്നു.

ബി പി നോര്‍മല്‍..ഡയബറ്റിൿസ് നോര്‍മല്‍..കൊളസ്‌ട്രോള്‍ നോര്‍മല്‍..

ഓം ശാന്തി..ശാന്തി..!.

സത്യത്തെ തൊട്ടറിഞ്ഞ മുയല്‍ പൂര്‍വാശ്രമം ഉപേക്ഷിച്ച് ശ്രീ ശ്രീ നിദ്രാനന്ദസരസ്വതിയായി. ശിഷ്യര്‍ക്ക് ജീവിത സത്യങ്ങള്‍ ഉപദേശിക്കുന്നു.

വിദേശത്ത് ഒറ്റ സത്യത്തിന് അഞ്ചുഡോളര്‍ കിട്ടുമ്പോഴാണ് ഇവിടെ ഒരെണ്ണം അഞ്ചുരൂപക്ക് വില്‍ക്കുന്നതെന്ന സത്യം മറന്നുപോകരുത്.

ഭദ്രം എല്ലാം ഭദ്രം..

ആമക്ക് എന്ത് പറ്റിയെന്നല്ലെ..?

എന്ത് പറ്റാന്‍!

ആമയെ നാട്ടുകാര്‍ ചുട്ടുതിന്നു.

ഗുണപാഠം.

'അഹങ്കാരം വ്യാപാരമാണ്.'

*****

എം എം പൌലോസ് , കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുയലിന്റെ മനസ്സില്‍ ചിന്തകളുടെ കൊടിയേറ്റം.

'ആമ വൈകും. വിശ്രമിച്ചാലോ..?'

'വിശ്രമിക്കണോ..?പണ്ടത്തെ ചീത്തപ്പേര് ഇതുവരെ മാറിയിട്ടില്ല. ആ കളങ്കം മാറ്റാനാണ് ഈ പോരാട്ടം. അതിനിടയിലും വിശ്രമിച്ചാലോ..?

'വിശ്രമിച്ചതുകൊണ്ട് കുഴപ്പമില്ല. ഉറങ്ങാതിരുന്നാല്‍ മതി.ആമക്ക് വെല്ലുവിളിക്കാന്‍ കഴിയില്ല.'

മുയലിന് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ആത്മസംഘര്‍ഷം അതിരൂക്ഷം.

മുയല്‍ മൊബൈലെടുത്ത് ഡോൿടറെ വിളിച്ചു. നമ്പര്‍ മാറിപ്പോയി. കിട്ടിയത് ഒരു സാഹിത്യ വിമര്‍ശകന്. ഉത്തരം ലളിതമായിരുന്നു.

'പ്രീ പോസ്‌റ്റ് മോഡേണിസ്‌റ്റുകളുടെ സൈദ്ധാന്തിക നിലപാടുകളുടെ പ്രതലത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ജൈവഘടനയുടെ ആവാസവ്യവസ്ഥിതിയില്‍ പോസ്‌റ്റ്മോഡേണിസ്‌റ്റുകള്‍ ഏല്‍പ്പിച്ച..' മുഴുവന്‍ കേട്ടില്ല, മുയല്‍ ഉറങ്ങിപ്പോയി.

ശ്രീ എം എം പൌലോസിന്റെ നർമ്മഭാവന