Monday, November 24, 2008

വില കുറച്ചാല്‍ മാന്ദ്യം അകലുമോ?

അവസാനം ധനമന്ത്രി ചിദംബരം ആഗോളമാന്ദ്യത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു. സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം അപൂര്‍വമായേ ധനമന്ത്രി വിശദീകരണങ്ങള്‍ നല്‍കിയിട്ടുള്ളൂ. അതും സെന്‍സെക്‍സ് ഇടിയുമ്പോള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന സാരോപദേശങ്ങള്‍മാത്രം.

നവംബര്‍ 18ന് നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വിശദമായ ഒരു പ്രസ്‌താവന അദ്ദേഹം നടത്തി. അതിലാണ് ഈ അരുളപ്പാടുണ്ടായത്: വ്യവസായികള്‍ വില വെട്ടിക്കുറയ്‌ക്കുകയാണ് വേണ്ടത്. വിമാന യാത്രക്കൂലി, കാറുകള്‍, ബൈക്കുകള്‍ എന്നുവേണ്ട എല്ലാ ഉപഭോക്‍തൃ ഉല്‍പ്പന്നങ്ങളുടെയും വിലകള്‍ കുറയ്‌ക്കണം. വില കുറയുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ വാങ്ങും. മാന്ദ്യവും ഇല്ലാതാകും. ഇതാണ് അദ്ദേഹത്തിന്റെ സൂത്രവിദ്യ.

സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തികതമാശയാണ് ഇത്. കൊള്ളലാഭം നേടിക്കൊണ്ടിരുന്ന വ്യവസായികള്‍ വില കുറയ്‌ക്കുന്നത് നല്ലതുതന്നെ. ആദ്യം ധനമന്ത്രി ചിദംബരംതന്നെ മാതൃക കാണിക്കണം. വീപ്പയ്‌ക്ക് 147 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണയുടെ വില 47 ഡോളറായി കുറഞ്ഞിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. മറ്റു രാജ്യങ്ങളില്‍ സംഭവിച്ചിരിക്കുന്നതുപോലെ പെട്രോള്‍വില കുറച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ വിലക്കയറ്റം ഇന്നത്തേതിന്റെ പകുതിയായേനെ. ചിദംബരസൂത്രപ്രകാരം രാജ്യം മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.

ബിരുദതലത്തില്‍ മാക്രോ ഇക്കണോമിക്‍സ് പഠിക്കുന്ന ഏതൊരു സാമ്പത്തികശാസ്‌ത്ര വിദ്യാര്‍ഥിക്കും ധനമന്ത്രിയുടെ പ്രസ്‌താവനയുടെ പൊള്ളത്തരം തിരിച്ചറിയാനാകും. മാന്ദ്യകാലത്തിന്റെ പ്രത്യേകത വിലകളെല്ലാം കുറയുക എന്നതാണ്. തങ്ങള്‍ വില കുറയ്‌ക്കില്ലെന്ന് ധനമന്ത്രി ചിദംബരത്തോട് വമ്പുപറഞ്ഞ ബജാജടക്കമുള്ളവര്‍ വില കുറയ്‌ക്കാന്‍ നിര്‍ബന്ധിതരാകുമെന്നതിന് സംശയംവേണ്ട. ഇപ്പോള്‍ത്തന്നെ ഒരു ഫ്ലാറ്റ് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ എന്ന പരസ്യം വന്നുകഴിഞ്ഞു. 25 ലക്ഷം രൂപ വിലയിട്ടിരുന്ന അത്യാധുനിക ഹോണ്ട സിവിക് കാര്‍ 13 ലക്ഷത്തിന് വിറ്റഴിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തയും വന്നുകഴിഞ്ഞു. പക്ഷേ, വില കുറച്ച് ഏതെങ്കിലും രാജ്യം മാന്ദ്യത്തില്‍നിന്ന് കരകയറിയ സംഭവം ചരിത്രത്തിലില്ല.

ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് ഉല്‍പ്പാദനം കുറയ്‌ക്കുന്നതിനും തൊഴിലാളികളെ പിരിച്ചുവിടുന്നതിനും വ്യവസായികള്‍ നിര്‍ബന്ധിതരാകുന്നത്. ഇതാകട്ടെ, മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കും. ചരക്കുകള്‍ വിറ്റഴിക്കാതെ കിടക്കുന്നതിന് രണ്ട് കാരണമുണ്ടാകാം. ചരക്കുകള്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും വാങ്ങാന്‍ കൈയില്‍ പണമില്ലാത്ത തൊഴിലാളികളും കൃഷിക്കാരും ഒരുവശത്ത്. ആവശ്യത്തിന് പണം കൈയിലുണ്ടായിട്ടും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി നിക്ഷേപം നടത്താന്‍ മടിക്കുന്ന മുതലാളിമാര്‍ മറുവശത്ത്. മാന്ദ്യത്തിന്റെ അന്തരീക്ഷം അവരുടെ ലാഭപ്രതീക്ഷയില്‍ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ലാഭം കൂടുന്നുവെന്ന്തോന്നിയാല്‍ നിക്ഷേപം കൂട്ടും. കുറയുമെന്ന് തോന്നിയാല്‍ മറിച്ചും. അങ്ങനെ സമ്പദ്ഘടനയിലെ മൊത്തം ചോദനം അഥവാ ഉപഭോഗത്തിനും നിക്ഷേപത്തിനുമായുള്ള ഡിമാന്‍ഡ് ചരക്കുകളുടെ ലഭ്യതയേക്കാള്‍ താഴുന്നു. ചരക്കുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാകുന്നു.

ഈ സ്ഥിതിവിശേഷത്തിനുള്ള പ്രതിവിധി ഉപഭോഗച്ചെലവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്നതാണ്. ഇതിനുള്ള ഫലപ്രദമായ മാര്‍ഗം മാന്ദ്യസാഹചര്യത്തില്‍ സര്‍ക്കാര്‍ചെലവുകളും പൊതുനിക്ഷേപവും ഉയര്‍ത്തുക എന്നതാണ്. ധനമന്ത്രി ചിദംബരത്തിന് ഇക്കാര്യത്തെക്കുറിച്ച് മിണ്ടാട്ടമേയില്ല. പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹമെടുത്ത ഏക നടപടി വായ്‌പ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കുക എന്നതുമാത്രമാണ്. വായ്‌പ നല്‍കുന്നതിനുള്ള പരിധികള്‍ കുറച്ചു. ഏതാണ്ട് 2.7 ലക്ഷം കോടി രൂപയാണ് ഇങ്ങനെ ബാങ്കുകള്‍ക്ക് ലഭ്യമാക്കിയത്. ഉള്ള തൊഴിലാളികളെത്തന്നെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന മുതലാളിമാര്‍ക്ക് പുതിയ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് അവര്‍ വായ്‌പയെടുക്കുന്നില്ല. മറ്റുള്ളവര്‍ക്ക് വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുകയും ചെയ്യുന്നു.

കേരളത്തില്‍തന്നെ ഒട്ടേറെ അനുഭവങ്ങള്‍ ശ്രദ്ധയില്‍ വന്നുകഴിഞ്ഞു. വാഹനവായ്‌പകള്‍ പണ്ടത്തേതുപോലെ ലഭ്യമല്ല. തന്മൂലം വാഹനവില്‍പ്പനയും നികുതിയും കുത്തനെ കുറഞ്ഞിരിക്കുന്നു. ട്രേഡ് വായ്‌പകള്‍ നിര്‍ത്തലാക്കിയെന്ന് വ്യാപാരിസംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്. കാര്‍ഷികവായ്‌പകളും ചുരുങ്ങിയിരിക്കുന്നു. ഒക്ടോബര്‍ 31ന് ഇന്ത്യയില്‍ ബാങ്കുകള്‍ ആകെ കൊടുത്ത വായ്‌പ 26,34,893 കോടി രൂപയാണ്. എന്നാല്‍, നവംബര്‍ ഏഴായപ്പോഴേക്കും ഇതില്‍നിന്ന് 16,630 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്. വായ്‌പയ്‌ക്ക് കൂടുതല്‍ പണം ലഭ്യമാക്കിയതുകൊണ്ടോ അഥവാ ലിക്വിഡിറ്റി’വര്‍ധിപ്പിച്ചതുകൊണ്ടോമാത്രം കാര്യമില്ല. വ്യവസായികള്‍ക്കും മറ്റും വായ്‌പയെടുക്കാന്‍ തോന്നണം- സാധാരണക്കാര്‍ക്കും ചെറുകിടക്കാര്‍ക്കും വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ക്ക് തോന്നുകയും വേണം. ഇതില്ലെന്നതാണ് പ്രശ്നം.

ധനമന്ത്രി ചിദംബരമാകട്ടെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ബാങ്കുകളുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പലിശനിരക്കില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചും മാത്രമേ സൂചിപ്പിച്ചുള്ളൂ. ഇക്കാര്യത്തില്‍ ഫലപ്രദമായി റിസര്‍വ് ബാങ്ക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇനിയും പ്രവര്‍ത്തിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. മാന്ദ്യത്തിനെതിരെ ചൈനയിലും മറ്റും ചെയ്യുന്നതുപോലെ ബജറ്റില്‍ പറഞ്ഞതിനപ്പുറം സാമൂഹ്യക്ഷേമ ചെലവിനും പൊതുനിക്ഷേപത്തിനും പണംമുടക്കാന്‍ അദ്ദേഹം തയ്യാറല്ല. തികഞ്ഞ യാഥാസ്ഥിതിക ധനനയത്തെ (Fiscal Policy)യാണ് അദ്ദേഹം മുറുകെ പിടിക്കുന്നത്. പണനയത്തെ (Monetary Policy) മാത്രമേ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുള്ളൂ. ഈ നിലപാടിന് രണ്ട് കാരണമുണ്ട്. ഒന്നാമത്തേത് നിയോ ലിബറല്‍ നയങ്ങള്‍ കൈവെടിയാനുള്ള വൈമുഖ്യമാണ്. രണ്ടാമത്തേത് മാന്ദ്യത്തിന്റെ അപകടത്തെ അദ്ദേഹം കുറച്ചുകാണുന്നു എന്നതാണ്.

ധനമന്ത്രി ചിദംബരം തുടക്കംമുതല്‍ സ്വീകരിച്ചുവന്ന നിലപാടാണ് ഇത്. ആഗോളപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചിദംബരത്തിന്റെ ആദ്യപ്രസ്താവന ഇത് ഇന്ത്യയെ ബാധിക്കില്ലെന്നായിരുന്നു. നമ്മുടെ ബാങ്കുകളുടെ പൊതു ഉടമസ്ഥതയെയും കര്‍ശനമായ സര്‍ക്കാര്‍ മേല്‍നോട്ടത്തെയുംകുറിച്ച് അദ്ദേഹം വീമ്പിളക്കുകയും ചെയ്തു. വിദേശനിക്ഷേപകര്‍ രാജ്യത്തുനിന്ന് പിന്‍വലിയാനും പൊതുമേഖലാ ബാങ്കുകള്‍പോലും വായ്‌പ നല്‍കുന്നതിന് മടികാണിക്കാനും തുടങ്ങിയപ്പോള്‍ പലിശ കുറയ്‌ക്കല്‍, കരുതല്‍ശേഖരം കുറയ്‌ക്കല്‍, എസ്എല്‍ആര്‍ ബോണ്ട് നിക്ഷേപത്തിന് ഇളവുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ പണനയത്തില്‍ വരുത്തി. ഐസിഐസിഐ ബാങ്കിനെ രക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ഉപയോഗപ്പെടുത്തി.
ബാങ്കുകള്‍ തകര്‍ച്ചയില്‍നിന്ന് ഒഴിവായെങ്കിലും ഓഹരിവിലകള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ് 21,000 ആയിരുന്ന സെന്‍സെക്‍സ് 10,000ല്‍ താഴെയായി. ഇതത്ര കാര്യമാക്കാനില്ലെന്നും ഓഹരിവിലസൂചിക രാജ്യത്തെ സാമ്പത്തികനിലയെക്കുറിച്ചുള്ള ഒട്ടേറെ സൂചികകളില്‍ ഒന്നുമാത്രമാണെന്നുമാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. നാട്ടിലെ കൃഷിക്കാരും മറ്റും ഓഹരികളെ നോക്കിക്കൊണ്ടല്ല കൃഷിയിറക്കുന്നതെന്നും ഓഹരിവിലയോര്‍ത്ത് ആരും ഭക്ഷണം കഴിക്കാതെ വ്രതമെടുക്കേണ്ടെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. ഓഹരിവിലകള്‍ കയറിക്കൊണ്ടിരുന്നപ്പോള്‍ ധനമന്ത്രി ചിദംബരത്തിന് ഇങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല. ഇന്ത്യ തിളങ്ങുന്നതിന്റെ മുഖ്യതെളിവായിട്ടാണ് ബിജെപിയും കോണ്‍ഗ്രസും ഓഹരിവിലകളെ ചൂണ്ടിക്കാണിച്ചിരുന്നത്. ഇത് വെറും കളിപ്പാണെന്നും ഓഹരിവിലകള്‍ സാമ്പത്തികനിലയുടെ ബാരോമീറ്ററല്ലെന്നും ഇടതുപക്ഷമാണ് പറഞ്ഞുകൊണ്ടിരുന്നത്. ഏതായാലും ഇപ്പോഴെങ്കിലും ധനമന്ത്രിക്ക് ഇത് ബോധ്യപ്പെട്ടത് നന്നായി.

“കിട്ടാത്ത മുന്തിരി പുളിക്കും’എന്നൊരു ചൊല്ലുണ്ടല്ലോ. ഓഹരി വിലകള്‍ പിടിച്ചുനിര്‍ത്താന്‍ ചില്ലറ അഭ്യാസങ്ങളല്ല ഇന്ത്യാസര്‍ക്കാര്‍ നടത്തിയത്. നമ്മുടെ ഓഹരിക്കമ്പോളത്തില്‍ കളിക്കാന്‍ വന്ന വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിദേശ ചൂതാട്ടക്കാരുടെ ഇടപെടലാണ് ഓഹരിവിലകളെ ഊതിവീര്‍പ്പിച്ചത്. അവര്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ ഈ കുമിളയും പൊട്ടി. വിദേശനിക്ഷേപകരെ പ്രീണിപ്പിക്കാന്‍വേണ്ടി അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചുനോക്കി. നിയന്ത്രണങ്ങള്‍ നീക്കി സര്‍വസ്വാതന്ത്ര്യവും നല്‍കിനോക്കി. പക്ഷേ, അവരിപ്പോഴും പിന്‍വാങ്ങുകയാണ്. ഓഹരിവിലകള്‍ താഴോട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സെന്‍സെക്‍സ് മറ്റു പല അക്കങ്ങളെപ്പോലെ വേറൊരു അക്കംമാത്രമാണെന്ന് ധനമന്ത്രി പ്രസ്‌താവിച്ചത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ഓഹരിവില ഇടിഞ്ഞാലും സാമ്പത്തികനില ഭദ്രമാണെന്നാണ്. നടപ്പുവര്‍ഷത്തിലും 7-8 ശതമാനം ഉല്‍പ്പാദനവളര്‍ച്ച ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. പ്രധാനമന്ത്രി ഇത് ശരിവയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. പക്ഷേ, ഐഎംഎഫ് 6-7 ശതമാനമാണ് കണക്കാക്കുന്നത്. മറ്റു പല വിദേശ ഏജന്‍സികളും ആറുശതമാനത്തില്‍ താഴെയായിരിക്കും വളര്‍ച്ച എന്നാണ് കണക്കാക്കിയിരിക്കുന്നത്. യാഥാര്‍ഥ്യബോധത്തോടെ സ്ഥിതിഗതികളെ വിലയിരുത്തുന്നതിന് ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ പണനയത്തില്‍നിന്ന് ധനനയത്തിലേക്കു മാറണം. ആഗോളവല്‍ക്കരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി പാസാക്കിയ ധന ഉത്തരവാദിത്തനിയമത്തിലെ റവന്യൂകമ്മിയുടെയും ധനകമ്മിയുടെയും പരിധികള്‍ തല്‍ക്കാലം കൈവെടിയുക. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണം. എണ്ണവില കുറച്ച് രാജ്യത്തെ വ്യവസായികള്‍ക്ക് മാതൃക കാട്ടുകയും വേണം.

*****

ഡോ. തോമസ് ഐസക്

10 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോള്‍ ധനമന്ത്രി പി ചിദംബരത്തിന്റെ നിലപാട് ഓഹരിവില ഇടിഞ്ഞാലും സാമ്പത്തികനില ഭദ്രമാണെന്നാണ്. നടപ്പുവര്‍ഷത്തിലും 7-8 ശതമാനം ഉല്‍പ്പാദനവളര്‍ച്ച ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. പ്രധാനമന്ത്രി ഇത് ശരിവയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. പക്ഷേ, ഐഎംഎഫ് 6-7 ശതമാനമാണ് കണക്കാക്കുന്നത്. മറ്റു പല വിദേശ ഏജന്‍സികളും ആറുശതമാനത്തില്‍ താഴെയായിരിക്കും വളര്‍ച്ച എന്നാണ് കണക്കാക്കിയിരിക്കുന്നത്. യാഥാര്‍ഥ്യബോധത്തോടെ സ്ഥിതിഗതികളെ വിലയിരുത്തുന്നതിന് ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ പണനയത്തില്‍നിന്ന് ധനനയത്തിലേക്കു മാറണം. ആഗോളവല്‍ക്കരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി പാസാക്കിയ ധന ഉത്തരവാദിത്തനിയമത്തിലെ റവന്യൂകമ്മിയുടെയും ധനകമ്മിയുടെയും പരിധികള്‍ തല്‍ക്കാലം കൈവെടിയുക. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണം. എണ്ണവില കുറച്ച് രാജ്യത്തെ വ്യവസായികള്‍ക്ക് മാതൃക കാട്ടുകയും വേണം.

ജിവി/JiVi said...

ഇന്നും ചിദംബരത്തിന്റെ വക പൊളപ്പുകള് കേട്ടു.

അനില്‍@ബ്ലോഗ് // anil said...

നല്ല ലേഖനം.

Anonymous said...

where is Arushi..Share some typical 'kidney sort'of stories

Radheyan said...

എന്നെ പോലെ ഒരു സാമ്പത്തിക വിദ്യാര്‍ത്ഥിക്ക് ഉപകാരപ്രദമായ ലേഖനം.

മാന്ദ്യത്തില്‍ നിന്നും കുറുക്കു വഴികളില്ല എന്നത് തന്നെയാണ് ചിദംബരവും ലോകത്തെ മറ്റ് ഫിനന്‍സ് മാനേജറുമാരും മനസ്സിലാക്കേണ്ടത്.

പല രാജ്യങ്ങളിലും അതതു സര്‍ക്കാരുകള്‍ ബാങ്കിന് പണലഭ്യത ഉറപ്പു വരുത്താന്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തു.എന്നിട്ടും ബാങ്കുകള്‍ കണ്‍സര്‍വേറ്റീവ് അപ്പ്രോച് തുടരുന്നു.ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളത്തെയും ഭയപ്പെടുന്ന പോലെ അവര്‍ വായ്പ നല്‍കാന്‍ മടിക്കുന്നു.നേരത്തെ ഊഹകച്ചവടത്തെയും നിയന്ത്രണമില്ലാത്ത വായ്പയെയും പ്രോത്സാഹിപ്പിച്ച ബാങ്കുകള്‍ ഇപ്പോള്‍ ജനുവിന്‍ ആയ പ്രോജക്റ്റുകളെ പോലും പ്രോത്സാഹിപ്പിക്കുന്നില്ല.ചുരുക്കത്തില്‍ ബാങ്കുകള്‍ക്ക് പണം ലഭ്യമായെങ്കിലും കമ്പോളത്തിന് പണം ലഭ്യമല്ല.ഈ അവസ്ഥ മാന്ദ്യത്തെ സര്‍വ്വവ്യാപി ആക്കി മാറ്റും.സമയത്ത് വായ്പ (പ്രത്യേകിച്ചും പ്രവര്‍ത്തന മൂലധനത്തിനായുള്ള ഓവര്‍ഡ്രാഫ്റ്റും മറ്റും) കിട്ടാത്തതു കൊണ്ട് പല സംരംഭങ്ങളും പൂട്ടി പോകും.

നിലവില്‍ അനുവദിച്ച ഫെസിലിറ്റികള്‍ തന്നെ യു.എ.ഇയിലെ ബാങ്കുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല,ഏകപക്ഷീയമായി വായ്പയുടെ കോസ്റ്റ് കൂട്ടി തുടങ്ങിയ ആരോപണങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു.

സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുക,കൂടുതല്‍ പണം സാമൂഹിക സുരക്ഷ രംഗങ്ങളില്‍ ചിലവിടുക എന്നത് മാത്രമാണ് മാന്ദ്യത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി.മാന്ദ്യം മാറണമെങ്കില്‍ പണം കമ്പോളത്തില്‍ വരണം.നിലവില്‍ സ്വകാര്യ മൂലധനം അത് ചെയ്യാന്‍ മടിക്കും.അപ്പോള്‍ സര്‍ക്കാര്‍ അറച്ചു നില്‍ക്കാതെ ചിലവഴിച്ചില്ലെങ്കില്‍ ഇത് ഇങ്ങനെ തുടരും.മാന്ദ്യം കൂടുതലും മാനസികമാണ്.അതിനെ വക വെയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ഈ മാനസിക മാന്ദ്യത്തെ കുറയ്ക്കാനും ഇല്ലായ്മ ചെയ്യാനും കഴിഞ്ഞേക്കും.

സര്‍ക്കാര്‍ എങ്ങനെ ചിലവാക്കും എന്ന ചോദ്യം.ശരിയാണ്,അത് കമ്മി കൂട്ടും,കമ്മി പണപ്പെരുപ്പം കൂട്ടും.പക്ഷെ മാന്ദ്യത്തിലൂടെ കുറയുന്ന പണപ്പെരുപ്പത്തേക്കാള്‍ അഭികാമ്യം കൂടുതല്‍ ചിലവഴിക്കുന്നതിലൂടെ കൂടുന്ന പണപ്പെരുപ്പമാണ്.

മറ്റൊന്ന് തീയ്യറിറ്റിക്കാലായെങ്കിലും നാം റിവേഴ്സ് ആഗോളീകരണത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ലോക്കലൈസേഷന്‍ എന്ന വാക്ക് ധനകാര്യവിദഗ്ദ്ധരുടെ നിഘണ്ടുവില്‍ ചേര്‍ക്കാന്‍ നേരമായി.ഒരു പക്ഷെ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന കോണ്‍സപ്റ്റ് അതിന്റെ എല്ലാ ഇകണോമിക്ക് പരിപ്രേഷ്യത്തോടും കൂടി അപഗ്രഥിക്കപെടേണ്ടിയിരിക്കുന്നു.കാരണം ഒഴുകുന്ന ആഗോള മൂലധനം മരീചികയാണ്.അത് സൃഷ്ടിക്കുന്ന ആഗ്രഹങ്ങളെ മാത്രമാണ്.ഒരിക്കലും അത് ആഗ്രഹ പൂര്‍ത്തികരണത്തിലെത്തുന്നില്ല.

vimathan said...

സാമ്പത്തിക ശാസ്ത്രം അറിയാത്തതിനാല്‍ ലേഖനത്തില്‍ പറഞ്ഞ കാര്യങളെക്കുറിച്ചോ, രാധേയന്‍ എഴുതിയ കമന്റ് സംബന്ധിച്ചോ കൂടുതല്‍ പറയാന്‍ അറിയില്ല.

പക്ഷെ രാധേയന്‍ പറയുന്ന “നാം റിവേഴ്സ് ആഗോളീകരണത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ലോക്കലൈസേഷന്‍ എന്ന വാക്ക് ധനകാര്യവിദഗ്ദ്ധരുടെ നിഘണ്ടുവില്‍ ചേര്‍ക്കാന്‍ നേരമായി.ഒരു പക്ഷെ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന കോണ്‍സപ്റ്റ് അതിന്റെ എല്ലാ ഇകണോമിക്ക് പരിപ്രേഷ്യത്തോടും കൂടി അപഗ്രഥിക്കപെടേണ്ടിയിരിക്കുന്നു.” എന്നത് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു.

ആഗോളീകരണം എന്നത് ഏതെങ്കിലും ഗവണ്മെന്റോ, രാഷ്ട്രീയ പാര്‍ട്ടിയോ മുന്നോട്ട് വയ്ക്കുകയും, നടപ്പിലാക്കുകയും ചെയ്ത തികച്ചും ആത്മനിഷ്ഠമായ ഒരു നയമായിരുന്നുവോ ? അതോ ലോക മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ഒരു സവിശേഷ ഘട്ടത്തില്‍ തികച്ചും, സ്വാഭാവികമായി നടപ്പിലായ, ചരിത്രപരമായി നടപ്പിലാവേണ്ടിയിരുന്ന ഒരു വസ്തുനിഷ്ഠ പ്രക്രിയയായിരുന്നുവോ. (Globalization of capital എന്നതും Financialization of Capital എന്നതും പരസ്പരബന്ധമുണ്ടെങ്കിലും വേറേ വേറേ പ്രതിഭാസങള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു).

അപ്പോള്‍ റിവേഴ്സ് ഗ്ലോബലൈസേഷനിലൂടെ, ലോക്കലൈസേഷനിലൂടെ, അതാത് ദേശീയ ബൂര്‍ഷ്വാ രാജ്യാതിര്‍ത്തികളില്‍ ഒതുക്കി നിര്‍ത്തേണ്ടുന്ന റിഫോംസിലൂടെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണേണ്ടത് എന്നാണോ രാധേയന്‍ പറയുന്നത് ? ( എം കെ ഗാന്ധിയുടെ ഗ്രാമസ്വരാജ് ?)

മുതലാളിത്തത്തിന്റെ ആഗോളവല്‍ക്കരണസ്വഭാവത്തെ പറ്റിയും, ദേശീയ രാഷ്ട്രങളുടെ അതിര്‍ത്തികള്‍ അപ്രസക്തമാക്കുന്ന മുതലാളിത്തത്തിന്റെ വിപ്ലവകരമായ പങ്കിനെ പറ്റിയും വിസ്തരിച്ചെഴുതിയ, തികഞ്ഞ സാര്‍വദേശീയ വാദിയായിരുന്ന മാര്‍ക്സിന്റെ അനുയായികള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് കൈക്കൊള്ളണം എന്നാണ് എന്റെ സംശയം.

അതാത് രാജ്യങളിലെ തൊഴിലാളികളെ വേറേ വേറേ സംഘടിക്കൂ എന്നല്ല, സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കൂ എന്നാണ് മാര്‍ക്സ് ആഹ്വാനം ചെയ്തത് എന്നാണ് അറിവ്.

Radheyan said...

വിമതന്‍,

ഞാന്‍ പറഞ്ഞതിന്റെ പ്രത്യയശാസ്ത്രപരമായ മാനങ്ങളെ കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല.ആഗോളീകരണത്തെ കുറിച്ച് എനിക്ക് അന്ധമായ എതിര്‍പ്പുമില്ല.

ഞാന്‍ നിലവിലെ പ്രതിസന്ധിയുടെ ചുരുങ്ങിയ പരിപ്രേഷ്യത്തില്‍ ഉടന്‍ ചെയ്യാവുന്ന സംഗതികളെ ചര്‍ച്ചക്ക് വെക്കുകയാണ് ചെയ്തത്.അതിന്റെ പ്രത്യയശാസ്ത്രപരമായ വശങ്ങളിലേക്ക് ആഴത്തില്‍ ചിന്തിച്ചിട്ടില്ല(അതിനു പറ്റിയ അവസ്ഥയിലല്ല.ഈ പ്രതിസന്ധി എനിക്ക് ഒരുപാട് വ്യാകുലതകള്‍ സൃഷ്ടിക്കുന്നു,എന്റെ പണിയിടത്തില്‍).

ഏതായാ‍ലും വിമതന്‍ പറഞ്ഞ വശങ്ങള്‍ കൂടി ആലോചിക്കേണ്ടതാണ്.കൂടുതല്‍ വിശദമായി പിന്നാലെ എഴുതാന്‍ ശ്രമിക്കാം

ജിവി/JiVi said...

വന്നു വന്ന് ആഗോളവല്‍ക്കരണം തുടങ്ങിയത് മാര്‍ക്സ് ആണോ!!

സ്വകാര്യ മൂലധന ശക്തികളില്ലാത്ത ഒരു ആഗോളഗ്രാമം ആണെന്ന് തോനുന്നു മാര്‍ക്സ് വിഭാവനം ചെയ്തത്. മുതലാളിത്ത ആഗോളവല്‍ക്കരണം അതിന്റെ നേര്‍ വിപരീതമാണെന്ന് തിരിച്ചറിയാന്‍ വല്യ പ്രത്യയശാസ്ത്ര അഭ്യാസങ്ങള്‍ വേണോ?

ഗാന്ധിജിയുടെ പ്രാദേശിക സ്വയം പര്യാപ്തത എന്ന ലോക്കലൈസേഷന്‍ മാര്‍ക്സിയന്‍ ചിന്തകളുമായി സന്ധിക്കാനാവാത്തതാവാം. എന്നാല്‍ ഏറ്റുമുട്ടേണ്ടതല്ല. രണ്ടും പൂര്‍ണ്ണമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാനാവാത്തത്. ഇന്നത്തെ അവസ്ഥയില്‍ ലോകത്ത് ഏത് രാജ്യവും പൊതുനിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, സ്വയം പര്യാപ്തതക്കായി ഏറ്റവും ശ്ക്തിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാവുന്നതുതന്നെ.

vimathan said...

ജീവി, ആഗോളവല്‍ക്കരണം കൊണ്ടുവന്നത് മാര്‍ക്സ് ആണെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ മുതലാളിത്തത്തെ കുറിച്ചും, ചരിത്രത്തിന്റെ, മനുഷ്യന്റെ, മുന്നോട്ടുള്ള വളര്‍ച്ചയില്‍ അതിന്റെ വിപ്ലവകരമായ പങ്കിനെ കുറിച്ചും, അതിന്റെ “വിനാശകാരകമായ് (destructive)” ശക്തികളെ കുറിച്ചും ഒരു പാട് വിശദീകരിച്ച ഒരാളാണ് മാര്‍ക്സ്. (മാര്‍ക്സ് destructive എന്ന് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും, ആ പദം, വിപ്ലവകരമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്, ഉത്പാദനശക്തികളെ വളരാന്‍ അനുവദിക്കാതെ , മനുഷ്യന്റെ പുരോഗതിയെ തടയുന്ന സങ്കുചിതവും, ഇടുങിയതുമായ ആശയങളെയും, സാമൂഹ്യ വ്യവസ്ഥകളെയും, തകര്‍ക്കുന്ന എന്നര്‍ത്ഥ്ത്തില്‍).
ആഗോളവല്‍ക്കരണം ( globalization) എന്ന പദം മാര്‍ക്സ് ഉപയോഗിച്ചിട്ടിലെങ്കിലും 1848ല്‍ എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയില്‍ മാ‍ര്‍ക്സ് മുതലാളിത്തതിന്റെ അഗോളവല്‍ക്കരണ സ്വഭാവത്തെ പറ്റി എഴുതിയത് വായിച്ചാല്‍, അത് നമ്മുടെ ഈ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തതിന്റെ ഒരു പ്രകീര്‍ത്തനം പോലെ തോന്നും.“It ( bourgeoisie ) has been the first to show what man’s activity can bring about. It has accomplished wonders far surpassing Egyptian pyramids, Roman aqueducts, and Gothic cathedrals; it has conducted expeditions that put in the shade all former Exoduses of nations and crusades.......The bourgeoisie cannot exist without constantly revolutionizing the instruments of production, and thereby the relations of production, and with them the whole relations of society.....All fixed, fast-frozen relations, with their train of ancient and venerable prejudices and opinions, are swept away, all new-formed ones become antiquated before they can ossify. All that is solid melts into air, all that is holy is profaned, and man is at last compelled to face with sober senses his real conditions of life, and his relations with his kind.....The need of a constantly expanding market for its products chases the bourgeoisie over the entire surface of the globe. It must nestle everywhere, settle everywhere, establish connections everywhere.....The bourgeoisie has through its exploitation of the world market given a cosmopolitan character to production and consumption in every country. To the great chagrin of Reactionaries, it has drawn from under the feet of industry the national ground on which it stood... In place of the old wants, satisfied by the production of the country, we find new wants, requiring for their satisfaction the products of distant lands and climes. In place of the old local and national seclusion and self-sufficiency, we have intercourse in every direction, universal inter-dependence of nations........ ”
ഇംഗ്ലണ്ടില്‍ തദ്ദേശീയ കര്‍ഷകരെ സംരക്ഷിക്കാന്‍ കൊണ്ട് വന്ന കോണ്‍ ലോ (corn law) എന്ന protectionist നിയമം പിന്‍ വലിക്കുന്നത് സംബന്ധിച്ച് , “സ്വതന്ത്ര വ്യാപാര (free trade)അനുകൂലികളും”, എതിരാളികളും തമ്മില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് കുറ്റങള്‍ ഉണ്ടെങ്കിലും വളര്‍ച്ചയെ, വികസനത്തെ സഹായിക്കും എന്നത് കൊണ്ട്, മാര്‍ക്സ് സ്വതന്ത്ര വ്യാപാരത്തെ അനുകൂലിച്ച് “the most favorable condition for the worker is the growth of capital. .. in general, the protective system of our day is conservative, while the free trade system is destructive. It breaks up the old nationalities and pushes the antagonism of proletariat and the bourgeois to the extreme point. In a word, the free trade system hastens the social revolution, It is in this revolutionary sense, gentlemen, that I vote in favor of free trade” എന്ന് പ്രസംഗിക്കുകയുണ്ടായി.

മാര്‍ക്സ് ഒരിക്കലും മുതലാളിത്തത്തെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടുന്ന ഒരു സാമൂഹ്യ തിന്മയായി കണ്ടിരുന്നില്ല എന്ന് മാത്രമല്ല, ഫ്യൂഡലിസവും, മുതലാളിത്തവും, തമ്മിലോ, അവികസിത മുതലാളിത്തവും, വികസിത മുതലാളിത്തവും തമ്മിലോ ഒരു തെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും മാര്‍ക്സ് രണ്ടാമത് പറഞ്ഞവയ്ക്കാണ് വോട്ട് ചെയ്യുക. അതു കൊണ്ട് തന്നെ ആഗോളവല്‍ക്കരണ കാലഘട്ടം കെട്ടഴിച്ച് വിടുന്ന “ഉത്പാദന ശക്തികളുടെ വളര്‍ച്ചയും (growth of productive forces)” തല്‍ഫലമായി തകരുന്ന ഫ്യൂഡല്‍ / അവികസിത മുതലാളിത്ത, ഉത്പാദന ബന്ധങളും, അവ നില നിര്‍ത്തിയിരുന്ന ജീര്‍ണ്ണിച്ച സമൂഹ്യ വ്യവസ്ഥ്തിതിയുടെ തകര്‍ച്ചയും,ദേശീയ ബൂര്‍ഷ്വാ രാഷ്ട്രങളുടെ അതിര്‍ത്തികള്‍ ദുര്‍ബലമായി ഒരു ആഗോള വിപണി ശക്തമാകുന്നതും, ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ അനിവാര്യതയാണ് എന്നാണ് മാര്‍ക്സിന്റെ നിരീക്ഷണം.

അതു പോലെ തന്നെ മുതലാളിത്തത്തെ “എതിര്‍ക്കുന്ന” പെറ്റി ബൂര്‍ഷ്വകളുടെ, അവര്‍ മുന്നോട്ട് വയ്ക്കുന്ന “പഴയതിലേക്ക് തിരിച്ചുപോവുക” എന്ന ബദലിനെ (സുസ്ഥിര വികസനം,ചെറുതാണ് സുന്ദരം, ഗ്രാമ സ്വരാജ്, അയല്‍ക്കൂട്ടം, ആട്ടിന്‍ കാട്ടം... ഇങനെ പോസ്റ്റ് മോഡേനിസ്റ്റുകള്‍ പല പേരില്‍ ഇതിനെ വിളിക്കുന്നു.. ) പെറ്റി ബൂര്‍ഷ്വാ സോഷ്യലിസം എന്ന് വിളിക്കുന്ന മാര്‍ക്സ് , അതേ പറ്റി ഇങനെ പറയുന്നു. “In its positive aims, however, this form of Socialism aspires either to restoring the old means of production and of exchange, and with them the old property relations, and the old society, or to cramping the modern means of production and of exchange within the framework of the old property relations that have been, and were bound to be, exploded by those means. In either case, it is both reactionary and Utopian.”

Vivara Vicharam said...

വിമതന്‍ മാര്‍ക്സിനെ നന്നായി പഠിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരി.
--
മുതലാളിത്തത്തിന്റെ ആഗോളവല്‍ക്കരണസ്വഭാവത്തെ പറ്റിയും, ദേശീയ രാഷ്ട്രങളുടെ അതിര്‍ത്തികള്‍ അപ്രസക്തമാക്കുന്ന മുതലാളിത്തത്തിന്റെ വിപ്ലവകരമായ പങ്കിനെ പറ്റിയും വിസ്തരിച്ചെഴുതിയ, തികഞ്ഞ സാര്‍വദേശീയ വാദിയായിരുന്ന മാര്‍ക്സിന്റെ അനുയായികള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് കൈക്കൊള്ളണം എന്നാണ് എന്റെ സംശയം.

മുതലാളിത്തത്തെ വിശദീകരിക്കുന്ന ഭാഗം പരാമര്‍ശിച്ച ശേഷമാണ് സംശയം ചോദിച്ചത്.

സംശയം തീരാന്‍ തുടര്‍ന്നുള്ള ഭാഗങ്ങള്‍ കൂടി വായിച്ചാല്‍ മതി.

അതാത് രാജ്യങളിലെ തൊഴിലാളികളെ വേറേ വേറേ സംഘടിക്കൂ എന്നല്ല, സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കൂ എന്നാണ് മാര്‍ക്സ് ആഹ്വാനം ചെയ്തത് എന്നാണ് അറിവ്.

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കൂ എന്നേ പറഞ്ഞിട്ടുള്ളു. സാര്‍വദേശീയമായി മാത്രമേ സംഘടിക്കാവൂ എന്നതിനര്‍ത്ഥമില്ല.അത് സാധ്യവുമല്ല.

സംഘടിക്കുന്നത് പ്രാദേശികമായി മാത്രമേ കഴിയൂ. പക്ഷെ, സര്‍വരാജ്യങ്ങളിലും ആകണം. അങ്ങിനെ സംഘടിച്ചവരുടെ സാര്‍വദേശീയ കൂട്ടായ്മ ആകാം.

അപ്പോഴും ഒരു പ്രശ്നം. ഓരോ രാജ്യത്തെ സംഘടിതരായ തൊഴിലാളികള്‍ക്കും അവരവരുടെ മുതലാളിമാരുമായി മാത്രമേ കണക്ക് തീര്‍ക്കാനാവൂ. അങ്ങിനെ ചെയ്യുന്നവര്‍ക്ക് സാര്‍വദേശീയ പിന്തുണ ലഭിക്കാന്‍ സര്‍വ്വ രാജ്യ തൊഴിലാളികളും സംഘടിച്ചിരിക്കണം. അല്ലെങ്കിലാണ്, സോവിയറ്റ് യൂണിയനില്‍ സംഭവിച്ചതു പോലെ പിന്നോട്ടടിയുണ്ടാവുക.

മാര്‍ക്സിനെ തന്നെ ഉദ്ദരിക്കാം.
--
തൊഴിലാളി വര്‍ഗ വിപ്ളവം സാരാംശത്തില്‍ (ഉള്ളടക്കത്തില്‍) സാര്‍വദേശീയമാണെങ്കിലും രൂപത്തില്‍ ദേശീയമാണ്.
കാരണം ഓരോ രാജ്യത്തെ തൊഴിലാളികള്‍ക്കും സ്വന്തം മുതലാളിത്വവുമായി കണക്ക് തീര്‍ക്കേണ്ടതുണ്ട് എന്നത് തന്നെ.
(വാക്കുകള്‍ കൃത്യമായിരിക്കല്ല. ക്ഷമിക്കുക.)
തുടര്‍ന്നും വായിക്കുക.