Thursday, November 27, 2008

സെൻ‌ട്രൽ കമാൻഡ്

"സ്വേച്‌ഛാധിപത്യ ഭരണവും വികലമായ സാമ്പത്തിക മാനേജ്‌മെന്റും ഇന്ത്യയുടെ ഏറ്റവും പഴയ ബാങ്കിനെ നാശത്തിലേക്ക് നയിക്കുന്നു. എത്ര കാലം ഇങ്ങനെ തുടരാൻ കഴിയും," നേഹ ദീക്ഷിത്തും ശന്തനു റായും ചോദിക്കുന്നു.

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി എം ഒ) ഒരു കുറിപ്പു കിട്ടി. ലക്‍നൌവില്‍ പ്രവർത്തിക്കുന്ന ഒരു എന്‍ജിഒ ആയ ലോക് ജാഗരണ്‍ മഞ്ച്‌ അയച്ച കുറിപ്പിൽ ഇങ്ങനെ ചോദിച്ചിരുന്നു. എങ്ങനെയാണു സൂക്ഷ്‌മ, ചെറുകിട(മൈക്രോ ആന്റ് സ്‌മാള്‍) ലോണുകൾ നൽകുന്നതിൽ ഏറ്റവും നല്ല ബാങ്കായി സെൻ‌ട്രൽ ബാങ്ക് ഓഫ്‌ ഇന്ത്യ സ്വയം പ്രഖ്യാപിച്ചത് ?. യഥാർത്ഥത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏറ്റവും കുറച്ചു വായ്‌പ ആണ് എം എസ് ഇ കള്‍ക്ക് (മൈക്രോ ആന്റ് സ്‌മാള്‍ എന്റര്‍പ്രൈസസ്) ഈ ബാങ്ക് നൽകിയിരുന്നത്. 2007-08-ൽ ഒരു രൂപയുടെ വായ്‌പ പോലും ഈ ബാങ്ക് നൽകിയിരുന്നില്ല എന്ന്‍ ഈ കുറിപ്പിൽ പറയുന്നു.

എസ് എം ഇ പ്രശ്‌നം മാത്രമല്ല രാജ്യത്തെ ഏറ്റവും പഴയ ഈ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് - ഗൗരവമായ സാമ്പത്തിക തിരിമറികൾ മുതൽ എച് ആർ കാര്യങ്ങളിലെ ലംഘനം വരെയുള്ള കുറെയേറെ കാര്യങ്ങളെക്കുറിച്ച്- ബാങ്കിന്റെ എം ഡി യായ എച്ച് എ ദാരുവാലയ്‌ക്കും ഏതാനും മുതിർന്ന സഹപ്രവർത്തകർക്കുമെതിരെ അതിനിശിതമായ ആരോപണങ്ങളാണ് ഈ കുറിപ്പിൽ ഉന്നയിച്ചിട്ടുള്ളത്.

രസകരമെന്നു പറയട്ടെ, ഈ ബാങ്കിനെയും അതിന്റെ ചെയർ‌പേഴ്‌സണേയും ബന്ധപ്പെട്ട് മറ്റൊരു പരാതി ഉയർത്തിയത് ഇന്ത്യന്‍ റെജുവനേഷന്‍ ഇനിഷ്യേറ്റീവ്‌ (ഐ ആർ ഐ) എന്ന മറ്റൊരു എന്‍ ജി ഒ ആണ്. ബാങ്കിൽ നടന്ന തിരിമറികളുടെ രേഖകള്‍ വിസിൽ ബ്ലോവേർസ്‌ നിയമപ്രകാരം സെൻ‌ട്രൽ വിജിലൻസ് കമീഷനു നൽകിയ ബാങ്കിന്റെ ജനറൽ മാനേജർ അഭിജിത്‌ ഘോഷിന്റെ പേര് ബാങ്കിനു ചോർത്തിക്കൊടുത്തതിനെപ്പറ്റി ഐ ആർ ഐ യുടെ തലവനും ഇന്ത്യയുടെ മുൻ ചീഫ്‌ ജസ്റ്റിസുമായ ആർ എച് ലഹോട്ടി ഇങ്ങനെ എഴുതി “ഇപ്പോൾ വിസിൽ ബ്ലോവറുടെ പേരും വെളിവാക്കപ്പെട്ടിരിക്കുന്നു”.

ഘോഷ് സെൻ‌ട്രൽ വിജിലൻസ് കമീഷനിലെ പല ഉദ്യോഗസ്ഥരോടും കാര്യങ്ങൾ പറഞ്ഞു എന്നു സി വി സി കുറ്റപ്പെടുത്തുമ്പോഴും സെൻ‌ട്രൽ വിജിലൻസ് കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഈ വർഷം ഏപ്രിൽ 1 നു ദാരുവാലയെ സന്ദര്‍ശിച്ചിരുന്നു എന്ന ഘോഷിന്റെ ആരോപണം നിഷേധിക്കാൻ സിവിസി ക്കാവുന്നില്ല. എന്നു മാത്രമല്ല, മുംബൈയിൽ നടന്ന ഒരു കോണ്‍ഫറന്‍സിൽ ഈ കത്ത് വായിച്ചു കേൾപ്പിക്കാൻ ദാരുവാലയ്‌ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിനു ഉത്തരം പറയാൻ സി വി സി യ്‌ക്കു കഴിഞ്ഞിട്ടില്ല. “സ്വന്തം പെരുമാറ്റ ചട്ടങ്ങള്‍ സി വി സി തന്നെ ലംഘിച്ച, പല തരത്തിൽ ബാങ്കുമായി ചേർന്നു ഗൂഢാലോചന നടത്തിയ അത്യപൂർവ്വമായ കേസാണിത് ”, ഐ ആര്‍ ഐ ആരോപിക്കുന്നു.

ഘോഷ് കുറെ ഏറെ കാര്യങ്ങൾ ഉന്നയിക്കുന്നുണ്ട്: അച്ചടി, പരസ്യ സ്ഥാപങ്ങള്‍ക്ക് ടെണ്ടർ നൽകുന്നതിലെ അപാകതകള്‍, വിമാന ടിക്കറ്റ് വാങ്ങൽ, ഒരു പാർസി വിദ്യാഭ്യാസ സ്ഥാപനത്തിനു സംഭാവന നൽകിയ കമ്പനിയ്‌ക്ക് വായ്‌പ നൽകിയത്, എന്നിങ്ങനെ. ദാരുവാലയുടെ ധാർഷ്‌ട്യം നിറഞ്ഞ പെരുമാറ്റത്തെയും ഘോഷ്‌ എതിർത്തിരുന്നു. എതിർക്കുന്നതിൽ അദ്ദേഹം ഒറ്റക്കായിരുന്നില്ല. മറ്റൊരു കേസിൽ, രണ്ടു ദശാബ്‌ദങ്ങള്‍ക്കു മുൻപ് 21 കോടി രൂപ കടമെടുത്ത ഒരു കമ്പനിയുടെ (സിംകോ), ഇപ്പോൾ പലിശയടക്കം ബാങ്കിനു 100 കോടി വരെ രൂപ കടം ബാക്കി നിൽക്കുന്ന ഒരു വായ്‌പ, സാങ്ഷന്‍ ആക്കിയ തുകക്കു സെറ്റിൽ ചെയ്യുന്നതിനെ കുറെ ജനറൽ മാനേജർമാർ എതിർത്തിരുന്നു. ഈ കേസിനെപ്പറ്റി സി ബി ഐ ഇപ്പോൾ അന്വേഷിച്ചു വരികയാണ് ‍.

കെല്ലോഗ്‌ ബിസിനസ്സ്‌ സ്‌കൂളിൽ ക്രാഷ്‌ കോഴ്‌സിനു ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള, ബാങ്കിലെ എറ്റവും സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളായ ഘോഷ്‌ ഇന്നു പൂനയിൽ സസ്‌പെൻഷനിൽ കഴിയുകയാണ്. ദാരുവാലയുടെ ആജ്ഞകൾക്കു വഴങ്ങി നിൽകാൻ തയാറാകാഞ്ഞ മറ്റൊരു മുതിർന്ന ഓഫീസർ ഇപ്പോള്‍ ചെന്നൈയിലുണ്ട്. കടുത്ത ഹൃദ്രോഗിയായ ഇദ്ദേഹം മെഡിക്കൽ ലീവു നിഷേധിക്കപ്പെട്ട് അവിടെ കഴിയുന്നു. ഇന്ത്യയിലെ പൊതു സേവന നിയമജ്ഞരില്‍ പ്രമുഖനായ ശ്രീ പ്രശാന്ത്‌ ഭൂഷണ്‍ യാതൊരു ഫീസും വാങ്ങാതെ ഈ കേസ് ഏറ്റെടുത്തിരിക്കുന്നു. “ഒരു കുറ്റവും ചെയ്യാത്ത ഘോഷ്‌ ശിക്ഷിക്കപ്പെട്ടിരിക്കുന്നു” പ്രശാന്ത്‌ ഭൂഷൻ പറയുന്നു.

സഭ്യേതരമല്ലാത്ത ഭാഷാ പ്രയോഗത്തിനു പ്രസിദ്ധയാണ് ദാരുവാല. ഇതു നോക്കൂ. നിയമനിർമാണത്തിനുള്ള പാർലമെന്ററി കമ്മിറ്റി അംഗങ്ങള്‍ ഒരിക്കൽ സന്ദർശിച്ചപ്പോൾ അവരോട് ദാരുവാല മോശമായി പെരുമാറി. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് അംഗങ്ങളുടെ ഒരു കത്ത് കമ്മിറ്റിയുടെ നേതാവായ നജ്‌മ ഹെപ്‌തുള്ളയ്‌ക്ക് കിട്ടി. ഈ വിഷയം ഇപ്പോൾ പ്രിവിലേജ് കമ്മിറ്റിയുടെ ചെയർമാന്റെ മുന്നിലാണ്. ഇത് ധനമന്ത്രി ചിദംബരത്തിന്റെ ഓഫീസിൽ എത്തിയെന്നാണ് തെഹൽകക്ക് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച വിവരം. നേരിൽ കാണാൻ അവസരം നല്‍കണമെന്ന് നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിവാദ ചുഴിയുടെ മധ്യത്തിൽ നിൽകുന്ന ദാരുവാലയുടെ അഭ്യർത്ഥന ചിദംബരം നിഷേധിച്ചിരിക്കുകയാണത്രെ.

മരിച്ചു പോയ ഒരു സുഹൃത്തിന്റെ കുടുംബത്തോടൊപ്പം നിന്നതിന് 20 സീനിയർ ഓഫീസർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡിസ്‌മിസ് ചെയ്യപ്പെട്ടത് ദാരുവാലയുടെ നിർദ്ദേശപ്രകാരമാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ വർഷം മേയ്‌ മാസത്തിൽ രോഗത്താൽ അവശരും അംഗവൈകല്യവുമുള്ള 40 ഓഫീസർമാരെ സ്ഥലം മാറ്റി. അതിൽ രാംദീൻ ജൈസ്വാർ എന്ന അസിസ്റ്റന്റ്‌ മാനേജർ കാൻപൂരിൽ ഡയാലിസിസ്‌ ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തെ ഝാന്‍സിയിലേക്കു മാറ്റി. ഝാൻസിയിൽ ഡയാലിസിസ്‌ സൗകര്യം കുറവായതിനാൽ സ്ഥലം മാറ്റം നിർത്തി വയ്‌ക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ ടി കെ പൈക്‌ എന്ന റീജിയനൽ മാനേജർ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച് അവരുടെ ആവശ്യം നിരസിക്കുകയായിരുന്നുവത്രെ.

ഇതേ തുടർന്ന് ജൈസ്വാറിന്റെ കുടുംബം SC/ST ദേശീയ കമ്മീഷനു പരാതി അയച്ചു. ജൈസ്വാർ ഝാൻസിയിൽ ജോലിക്കു ചേർന്നെങ്കിലും അദ്ദേഹത്തിനു ശമ്പളം നൽകിയില്ല.

ഡയാലിസിസിനു വേണ്ട സൗകര്യമില്ലാതെ തികച്ചും പരിതാപകരമായ അവസ്ഥയിൽ സ്ഥലം മാറ്റപ്പെട്ട്, 20 ദിവസത്തിനകം അദ്ദേഹം മരിച്ചു. “പരാതി പിന്‍‌വലിക്കണമെന്നവശ്യപ്പെട്ട് എന്റെ ഭർത്താവിനെ അവർ ഭീഷണിപ്പെടുത്തി” അദ്ദേഹത്തിന്റെ വിധവയായ മധു പറയുന്നു. ഞങ്ങള്‍ക്ക് സാമ്പത്തിക ശേഷിയില്ല, എങ്കിലും ഞങ്ങൾ പൊരുതും, അദ്ദേഹത്തിന്റെ 19 കാരിയായ മകള്‍ റിതിക പറയുന്നു. ജ്ജൈസ്വാറിന്റെ മരണ ശേഷവും നിത്യേനയുള്ള ഭീഷണി തുടരുകയാണ്. അവർക്ക് അർഹതയുള്ള നഷ്‌ടപരിഹാരവും സർക്കാർ വ്യവസ്ഥ പ്രകാരം മരിച്ച ജീവനക്കാരന്റെ ആശ്രിതനു അർഹതപ്പെട്ട ജോലിയും നിഷേധിക്കപ്പെട്ടു.

ദാരുവാല അധികാരത്തിൽ വന്ന ശേഷം തുടർന്നുകൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ എച് ആർ നടപടികളിൽ അസ്വസ്ഥരായ ജീവനക്കാർ ജൈസ്വാറിന്റെ മരണത്തോടെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികളാരംഭിച്ചു. 20 ഓളം ഓഫീസർമാർക്കെതിരെ കേസുകള്‍ രജിസ്‌റ്റർ ചെയ്‌ത് വളരെ പെട്ടെന്നു തന്നെ അവരെ ബാങ്കിൽ നിന്നും ഡിസ്‌മിസ് ചെയ്‌തു. ട്രേഡ് യൂണിയൻ നേതാവായ എസ്‌.കെ ദാസ്‌ ഗുപ്‌ത പറയുന്നു. ”ബാങ്കിനു സർപ്ലസ്‌ ഫണ്ട് ഉള്ള സമയത്താണ് അവർ (ദാരുവാല) 12 ശതമാനം പലിശയ്‌ക്ക് വിന്‍ഡോ ഡ്രെസ്സിങ്ങിനായി 27000 കോടി രൂപയുടെ ബള്‍ക് ഡെപ്പോസിറ്റ്‌ എടുത്തത്. എന്നിട്ട് ഈ പണം 8.5, 9 ശതമാനം പലിശക്ക് കോര്‍പറേറ്റുകള്‍ക്ക് വായ്‌പയായി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക്ക് ഇഷ്യൂ നടന്ന സമയത്ത് സെബി വ്യവസ്ഥ പ്രകാരം ബാങ്കിന്റെ ശക്തി-ദൌർബല്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായില്ല . വ്യവസായത്തിൽ ബാങ്കിന്റെ പങ്കു 4.7 ശതമാനത്തിൽ നിന്നും 3.1 ശതമാനം ആയി കുറഞ്ഞതും, ട്രഷറിയിൽ നിന്നുള്ള വരുമാനം പൂജ്യം ആയിരുന്നുവെന്നതും നിക്ഷേപകരിൽ നിന്നും മറച്ചുവക്കുകയാണുണ്ടായത്.

ബാങ്കിന്റെ പ്രൊമോഷൻ, ട്രാൻസ്‌ഫർ പോളിസികളില്‍ ദാരുവാല പല മാറ്റങ്ങളും വരുത്തിയതു വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് ‍. സ്ഥലം മാറ്റപ്പെടുന്ന ജീവനക്കാരനു അർഹമായ ജോയിനിംഗ്‌ ലീവ് ഏഴില്‍ നിന്നും നാലു ദിവസമായി കുറച്ചു, ഓഫീസർമാർക്ക് അർഹമായ കണ്‍‌വേയന്‍സ് റീ ഇംബേഴ്‌മെന്റ് നിർത്തലാക്കി, ചെലവു ചുരുക്കാനായി എന്ന പേരിൽ ഓഡിറ്റ് സ്‌റ്റാഫ്‌ പ്രത്യേകം പ്രത്യേകം മുറിയിൽ താമസിക്കുന്നതിനു പകരം ഒരു മുറിയിൽ താമസിച്ചാൽ മതിയെന്നു തീരുമാനിച്ചു. എന്നാൽ ഈ ചെലവു ചുരുക്കൽ ന്യായമൊന്നും ഓഫീസ്‌ ചെലവിൽ ഒറ്റയ്‌ക്കും കുടുംബാംഗങ്ങളോടൊപ്പവും അവർ വിദേശ യാത്രകള്‍ നടത്തിയപ്പോൾ ബാധകമായില്ല. ഇന്ത്യയ്‌ക്ക് പുറത്തു ബാങ്കിനു ബ്രാഞ്ചുകളില്ല എന്നു മാത്രമല്ല, മറ്റു സെമിനാറുകളോ കോണ്‍ഫറൻസുകളോ ഒന്നും അവരുടെ ഇത്തരം സന്ദർശനങ്ങളുടെ ഭാഗമായി നടന്നിട്ടുമില്ല. ക്രെഡിറ്റ്‌, ബാലൻസ്‌ ഷീറ്റ്‌, ആൿച്വറി എന്നിങ്ങനെയുള്ള സുപ്രധാന ഡിപ്പാർട്ട്മെന്റുകളിലടക്കം ഒന്നിലേറെ ഡയറൿടർമാരുടെ എതിർപ്പ് അവഗണിച്ച് റിട്ടയേര്‍ഡ് ജനറൽ മാനേജർമാരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുകയാണ്.

ദാരുവാലയ്ക്ക് ധനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല എന്നത് അവരുടെ ഭാവി സാധ്യതകള്‍ സുരക്ഷിതമല്ല എന്ന സൂചന നല്‍കുന്നുണ്ടെകിലും ജീവനക്കാർ ഇന്നും അവരുടെ ഭരണത്തിൽ വീർപ്പുമുട്ടുകയാണ് ‍. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യവും ഒപ്പം ജീവനക്കാരുടെ ആരോഗ്യവും പരിചരിച്ചു ഭേദമാക്കുന്നതിന് അടിയന്തിരമായ പരിഹാര നടപടികൾ അനിവാര്യമാണ് ‍. അത് ഉടനെ തന്നെ വേണ്ടിയിരിക്കുന്നു. കാരണം ദാരുവാല ഈ വർഷം അവസാനം റിട്ടയർ ചെയ്യുകയാണ് ‍.

*****

കടപ്പാട് : തെഹൽക മാഗസിൻ പ്രസിദ്ധീകരിച്ച Central Command എന്ന ലേഖനത്തിന്റെ പരിഭാഷ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വേച്‌ഛാധിപത്യ ഭരണവും വികലമായ സാമ്പത്തിക മാനേജ്‌മെന്റുമായി ഇന്ത്യയുടെ ഏറ്റവും പഴയ ബാങ്കിനെ, സെന്‍‌ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെ നാശത്തിലേക്ക് നയിക്കുന്ന ശ്രീമതി ദാരുവാലായുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് തെഹല്‍ക്കയില്‍ വന്ന കുറിപ്പിന്റെ മലയാള പരിഭാഷ..നോക്കൂ പൊതു മേഖലാ ബാങ്കിന്റെ പണം എങ്ങനെയാണ് കുത്തകകളുടെ ഭണ്ഡാരം നിറയ്‌ക്കുന്നതെന്ന്..

ട്രേഡ് യൂണിയൻ നേതാവായ എസ്‌.കെ ദാസ്‌ ഗുപ്‌ത പറയുന്നു. ”ബാങ്കിനു സർപ്ലസ്‌ ഫണ്ട് ഉള്ള സമയത്താണ് അവർ (ദാരുവാല) 12 ശതമാനം പലിശയ്‌ക്ക് വിന്‍ഡോ ഡ്രെസ്സിങ്ങിനായി 27000 കോടി രൂപയുടെ ബള്‍ക് ഡെപ്പോസിറ്റ്‌ എടുത്തത്. എന്നിട്ട് ഈ പണം 8.5-9 ശതമാനം പലിശക്ക് കോര്‍പറേറ്റുകള്‍ക്ക് വായ്‌പയായി നൽകുകയായിരുന്നു!