Sunday, November 2, 2008

മുതലാളിത്ത പ്രതിസന്ധിയും മാര്‍ക്‍സിസവും

മാര്‍ക്‍സ് തിരിച്ചുവരുന്നെന്നും 'മൂലധനം' യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം തേടിയെന്നതും ലോകമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ്. മാര്‍ക്‍സിന്റെയും എംഗല്‍സിന്റെയും രചനകള്‍ അന്വേഷിക്കുന്നവരില്‍ പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വരെയുണ്ടെന്നാണ് പറയുന്നത്.

അമേരിക്കന്‍ ധനമേഖലയില്‍നിന്ന് ആരംഭിച്ച് ലോക സമ്പദ്ഘടനയെ പിടിച്ചുലച്ച സാമ്പത്തികക്കുഴപ്പത്തെ വിശകലനം ചെയ്യുന്നതിനു മാര്‍ക്‍സിസത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് പാശ്ചാത്യ മാധ്യമങ്ങളും സാമ്പത്തിക ശാസ്ത്രജ്ഞരും മാറുന്നു. അമേരിക്കയിലെ ലിബറല്‍ പ്രസിദ്ധീകരണമായ 'ദി നേഷന്‍' ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ച കമ്യൂണിസ്‌റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിന് 160 വര്‍ഷം പിന്നിടുന്നത് സംബന്ധിച്ച ലേഖനം വിലയിരുത്തുന്നതില്‍ മാര്‍ക്‍സിസത്തിനുള്ള ആധികാരികതയെ എടുത്തുപറയുന്നതാണ്. ബ്രിട്ടനിലെ പ്രധാന പ്രസിദ്ധീകരണമായ 'ഒബ്‌സര്‍വര്‍' പ്രസിദ്ധീകരിച്ച 'മുതലാളിത്തത്തിന്റെ ഉയര്‍ച്ചയും താഴ്‌ചയും: ഒരു ലഘുചരിത്രം' എന്ന ലേഖനവും ചരിത്രപരമായ പശ്ചാത്തലത്തില്‍ എങ്ങനെയാണ് മുതലാളിത്തം പ്രതിസന്ധികളുടേതാകുന്നതെന്നാണ് വിശദമാക്കുന്നത്. ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങളായ 'ദി ടൈംസും' 'ഡെയ്‌ലി ടെലിഗ്രാഫും' മാര്‍ക്‍സിസ്‌റ്റ് രീതിശാസ്ത്രത്തെ പിന്തുടരുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതും ശ്രദ്ധേയമാണ്.

ജപ്പാനില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയിലേക്ക് ചെറുപ്പക്കാരുടെ ഒഴുക്ക് വര്‍ധിച്ചതായി അവിടത്തെ മാധ്യമങ്ങള്‍ പറയുന്നു. പ്രതിമാസം ആയിരത്തിലധികം പേര്‍ പാര്‍ടിയിലേക്ക് പുതുതായി എത്തുന്നു .മാര്‍ക്‍സിസ്റ്റ് ക്ളാസിക്കുകള്‍ അന്വേഷിക്കുന്നതില്‍ ചെറുപ്പക്കാരാണ് കൂടുതല്‍. തൊഴില്‍ നഷ്‌ടപ്പെടുത്തുകയും പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ യഥാര്‍ഥ ചിത്രം മനസിലാക്കുന്നതിനു മാര്‍ക്‍സിസംതന്നെ വേണമെന്നാണ് യുവതലമുറയുടെ പ്രതിനിധികള്‍ പറയുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും താല്‍ക്കാലിക അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായവരാണ്. പാവപ്പെട്ട തൊഴിലാളി കുടംബങ്ങളുടെ ജീവിതത്തെ അവതരിപ്പിച്ച പഴയകാല കൃതിയായ 'മാംഗ'യാണ് ഈ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം.

'ഗാര്‍ഡിയന്‍' പോലുള്ള പുരോഗമന ചിന്തയുള്ള പാശ്ചാത്യ പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല വലതുപക്ഷ ആശയങ്ങളുടെ ശക്തരായ പ്രചാരകരായിരുന്ന മാധ്യമങ്ങള്‍ വരെ മാര്‍ക്‍സിസത്തെ ഉയര്‍ത്തിക്കാണിക്കുന്ന സന്ദര്‍ഭം ഒരു ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്‍സിസത്തിന്റെ ആധികാരികത ഉറപ്പിക്കുന്നതാണ്. മാര്‍ക്‍സിന്റെ ജന്മനാടായ ജര്‍മനിയും ഇതില്‍നിന്ന് വ്യത്യസ്‌തമല്ല. ഇരുപത്തിമൂന്നു വര്‍ഷത്തെ കൂട്ടായ തപസ്യയുടെ ഉല്‍പ്പന്നമായ 'മൂലധനം' മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ ശാസ്‌ത്രീയമായി വിലയിരുത്തുന്ന ഗ്രന്ഥമാണ്. മുതലാളിത്ത സമൂഹത്തിന്റെ ചരിത്രത്തില്‍നിന്നു തുടങ്ങി പണവും മൂലധനവും ഉത്ഭവിക്കുന്നത് എങ്ങനെയെന്ന അന്വേഷണത്തിലൂടെ മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയയുടെ ചൂഷണമുഖമാണ് വരച്ചിട്ടത്.

'തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ രണ്ടാംവാല്യത്തിലാണ് ആനുകാലിക സാമ്പത്തികക്കുഴപ്പത്തെക്കുറിച്ച് മാര്‍ക്‍സ് വിശദീകരിക്കുന്നത്. ഉയര്‍ച്ച, മാന്ദ്യം, പ്രതിസന്ധി എന്നിങ്ങനെയുള്ള മൂന്നു ഉപഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ഉല്‍പ്പാദന ചക്രമായാണ് മുതലാളിത്തം വളരുന്നത്. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുന്ന മുതലാളിത്തം വീണ്ടും ഇതേ ചാക്രിക കുഴപ്പങ്ങളിലൂടെ കടന്നുപോകും.

എന്നാല്‍, ഇത്തരത്തിലല്ലാതെ മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായിത്തന്നെ കൂടുതല്‍ സ്ഥിരമായ പ്രതിസന്ധിയും മുതലാളിത്ത വളര്‍ച്ചയിലുണ്ടെന്ന് മൂന്നാംവാല്യത്തില്‍ മാര്‍ക്‍സ് വിശദീകരിക്കുന്നുണ്ട്. ഇത് മിച്ചമൂല്യോല്‍പ്പാദനം, മൂലധനസഞ്ചയനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പുതിയ ഉപകരണങ്ങള്‍ വഴി ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുമ്പോള്‍ മിച്ചമൂല്യം തട്ടിയെടുക്കല്‍ വര്‍ധിക്കുന്നുണ്ട്. ആഗോളവല്‍ക്കരണകാലത്ത് ഇതു കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, ഇതിനായി മുടക്കിയ മൂലധനത്തിന്റെ മൊത്തം അളവ് കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭത്തോത് കുറയുകയാണ് ചെയ്യുന്നത്.

പ്രതിസന്ധിയെ മറികടക്കുന്നതിനു കണ്ടുപിടിത്തങ്ങളെയും സാമൂഹ്യഘടകങ്ങളെയും സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന് പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞനായ സമീര്‍ അമിന്‍ വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായ ഭൌതികവാദത്തെ ഉപയോഗിച്ചുമാത്രമേ മുതലാളിത്ത പ്രവര്‍ത്തനത്തെ മനസിലാക്കാന്‍ കഴിയൂവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതിനുശേഷമുണ്ടായ കാലത്തിന്റെ മാറ്റങ്ങള്‍കൂടി കണക്കിലെടുത്ത് സാമ്രാജ്യത്വ ഘട്ടത്തെ സൂക്‍ഷ്‌മമായി വിലയിരുത്തിയ ലെനിന്‍ ധനമൂലധനത്തിന്റെ സ്വാധീനത്തെ എടുത്തുപറയുന്നു. ബാങ്ക് നിയന്ത്രിക്കുകയും വ്യവസായം ഉപയോഗിക്കുകയും ചെയ്യുന്ന മൂലധനമെന്ന അന്നത്തെ നിര്‍വചനത്തില്‍നിന്ന് ധനമൂലധനം ഇന്ന് മാറിയിരിക്കുന്നു. ഇന്ന് അത് പ്രധാനമായും ഊഹക്കച്ചവടരംഗത്ത് വ്യാപരിക്കുകയാണ്. അതോടൊപ്പം പണത്തിന്റെ ദേശീയ അടിത്തറ ദുര്‍ബലമാവുകയും പണം ആഗോളസ്വഭാവം കൈവരിക്കുകയുംചെയ്തു. ഈ മാറ്റത്തെ കാണാതെ ഇപ്പോഴത്തെ പ്രതിസന്ധിയെ മനസിലാക്കാന്‍ കഴിയില്ല.

അമേരിക്കന്‍ പ്രതിസന്ധിയെ പലരും ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് ചുരുക്കിക്കെട്ടുകയാണ് ചെയ്യുന്നത്. ഇവയുടെ സ്ഥിതിവിവര കണക്കുകളാണ് ആധികാരിക വിശകലനങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. സബ്പ്രൈം പ്രതിസന്ധിയിലേക്ക് നയിച്ച മുതലാളിത്തത്തിന്റെ മൌലികസ്വഭാവത്തെ കാണാതിരുന്നാല്‍ പ്രശ്നത്തിന്റെ വക്കുകടിക്കാന്‍പോലും പറ്റിയെന്നു വരില്ല. പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കുറച്ചു തൊഴിലാളികളെ ഉപയോഗിച്ച് കൂടുതല്‍ ലാഭംകൊയ്യുന്ന മൂലധനം മിച്ചമൂല്യം തട്ടിയെടുക്കുന്നതിന്റെ അളവ് കൂടുന്നത് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത് അമിതോല്‍പ്പാദനത്തിലേക്ക് നയിക്കും. ഇതിനെ ഒഴിവാക്കുന്നതിനായി ബോധപൂര്‍വം കമ്പോളത്തില്‍ ആവശ്യക്കാരെ സൃഷ്ടിക്കേണ്ടതുണ്ട്. വായ്‌പകള്‍ നല്‍കുന്നതിലൂടെ ഇതാണ് ചെയ്യുന്നത്. പണം ഒഴുകി നടക്കുകയും അനുനിമിഷം വളരുകയും ചെയ്യണമെന്ന ആഗോളവല്‍ക്കരണ കാഴ്‌ചപ്പാടും കൂട്ടിവായിക്കണം.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ വായ്‌പാനയം യഥാര്‍ഥത്തില്‍ സ്‌തംഭനാവസ്ഥയിലായിരുന്ന അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് ചലനാത്മകത നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നു. ലാഭാധിഷ്‌ഠിതമായ മുതലാളിത്തത്തില്‍ എല്ലാ കാര്യവും നിയതമായ നിയമങ്ങള്‍ക്ക് അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കണമെന്നില്ല. കൂടുതല്‍ ലാഭത്തിനായി മൂലധനം നെട്ടോട്ടം ഓടുമെന്നാണ് മാര്‍ക്‍സ് പറഞ്ഞത്. ഈ പ്രവണതയാണ് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്തവര്‍ക്കുവരെ വായ്‌പ കൊടുക്കുന്നതിലേക്ക് നയിച്ചത്. അതാണ് തകര്‍ച്ചയുടെ അടിസ്ഥാനകാരണങ്ങളിലൊന്ന്. സബ്പ്രൈം പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയാത്ത കാരണമായി മാറുകയാണ് ചെയ്യുന്നത്.

ധനമൂലധനം ഉല്‍പ്പാദനത്തില്‍ കേന്ദ്രീകരിക്കാത്ത പ്രവണതയും മറ്റൊരു കാരണമാണ്. ലോകത്ത് മൊത്തം ഉല്‍പ്പാദിപ്പിക്കുന്നതിന്റെ പത്തിരട്ടിയോളം പണമാണ് ഊഹക്കച്ചവടത്തില്‍ ഒഴുകി നടക്കുന്നത്. പണത്തിന്റെ മൂല്യത്തെ വിശദീകരിച്ച മാര്‍ക്‍സ് ബ്രിട്ടനിലെ ബാങ്കുകളില്‍ ഉണ്ടെന്നു പറയുന്ന പണത്തിന്റെ 80 ശതമാനത്തോളം കടലാസില്‍ മാത്രമുള്ളതാണെന്ന് അന്നേ സൂചിപ്പിക്കുകയുണ്ടായി. അന്ന് അദ്ദേഹം വിശദീകരിച്ച ഈ പ്രവണത ആക്രമണോത്സുക രൂപത്തിലേക്ക് കടന്നിരിക്കുന്നു.

ഇന്നത്തെ മറ്റൊരു പ്രവണത ഭരണകൂടത്തിന്റെ കരുത്ത് ചോരുന്നതാണ്. കമ്പോളത്തില്‍ ആവശ്യക്കാരെ സൃഷ്ടിക്കുന്നതിനു പണം ഇറക്കേണ്ടതുണ്ടെന്ന തന്ത്രം കെയ്ന്‍സ് ശക്തിപ്പെടുത്തിയതാണ്. എന്നാല്‍, പണം ആഗോളമായതും അതിനെ നിയന്ത്രിക്കാന്‍ കഴിയുംവിധം ആഗോളഭരണകുടം ഇല്ലാതെപോയതും മുതലാളിത്തത്തിന്റെ ഇന്നത്തെ പ്രതിസന്ധിയുടെ മറ്റൊരു കാരണമാണെന്ന പ്രഭാത് പട്നായിക്കിന്റെ നിരീക്ഷണവും പ്രസക്തമാണ്. അമേരിക്ക ആ റോള്‍ സ്വയം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന് പല ഘട്ടത്തിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധിയോടെ മുതലാളിത്തം തകരുമെന്നും ലോകം സ്വാഭാവികമായും സോഷ്യലിസത്തിലേക്ക് പ്രവേശിക്കുമെന്നും ആരും വ്യാമോഹിക്കുന്നുണ്ടാവില്ല. ഓരോ പ്രതിസന്ധിയില്‍നിന്നും കരകയറുന്നതിനു മുതലാളിത്തത്തിനു ആന്തരികമായ ശക്തിയുണ്ട്. 'മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം തികച്ചും അസാധ്യവും ആശയ്‌ക്കു വകയില്ലാത്തതുമായ ഒന്നുമില്ല' എന്ന ലെനിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ഈ കയറ്റം പുതിയ പ്രതസിന്ധികളിലേക്കാണ് നയിക്കുന്നത്. ഏതു ദിശയിലേക്കായിരിക്കും അതിന്റെ വഴിത്തിരിവ് എന്നത് പല ഘടകങ്ങളെ ആശ്രയിക്കുന്നതാണ്.

മുപ്പതുകളിലെ അത്യഗാധ പ്രതിസന്ധി ഒരു വഴിക്ക് ഫാസിസത്തെ ശക്തിപ്പെടുത്തി. അതിനെ പരാജയപ്പെടുത്തി സോഷ്യലിസം പിന്നീട് വ്യാപകമായെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. നിര്‍ണായകമായ പ്രതിസന്ധികളില്‍ അത്തരം സാഹചര്യത്തെ ഉപയോഗിക്കാന്‍ കഴിയുന്ന ആത്മനിഷ്‌ഠ ഘടകത്തിന്റെ സ്വാധീനവും ശക്തിയും പ്രധാനപ്പെട്ടതാണ്. അത് തൊഴിലാളി വര്‍ഗത്തിന്റെയും ഇതര മര്‍ദിത ജനവിഭാഗങ്ങളുടെയും കരുത്തും സ്വാധീനവുമാണ്. ഇത്രയും ശാസ്‌ത്രീയമായി മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും പ്രതിസന്ധിയെയും വിലയിരുത്തുന്ന മാര്‍ക്‍സിസത്തിന്റെ സഹായമില്ലാതെ ഇന്നത്തെ അവസ്ഥയെയും ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന പാഠമാണ് ഇതെല്ലാം നല്‍കുന്നത്.

****

പി രാജീവ്, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്തിമൂന്നു വര്‍ഷത്തെ കൂട്ടായ തപസ്യയുടെ ഉല്‍പ്പന്നമായ 'മൂലധനം' മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ ശാസ്‌ത്രീയമായി വിലയിരുത്തുന്ന ഗ്രന്ഥമാണ്. മുതലാളിത്ത സമൂഹത്തിന്റെ ചരിത്രത്തില്‍നിന്നു തുടങ്ങി പണവും മൂലധനവും ഉത്ഭവിക്കുന്നത് എങ്ങനെയെന്ന അന്വേഷണത്തിലൂടെ മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയയുടെ ചൂഷണമുഖമാണ് വരച്ചിട്ടത്.

'തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ രണ്ടാംവാല്യത്തിലാണ് ആനുകാലിക സാമ്പത്തികക്കുഴപ്പത്തെക്കുറിച്ച് മാര്‍ക്‍സ് വിശദീകരിക്കുന്നത്. ഉയര്‍ച്ച, മാന്ദ്യം, പ്രതിസന്ധി എന്നിങ്ങനെയുള്ള മൂന്നു ഉപഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ഉല്‍പ്പാദന ചക്രമായാണ് മുതലാളിത്തം വളരുന്നത്. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയുന്ന മുതലാളിത്തം വീണ്ടും ഇതേ ചാക്രിക കുഴപ്പങ്ങളിലൂടെ കടന്നുപോകും.

എന്നാല്‍, ഇത്തരത്തിലല്ലാതെ മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായിത്തന്നെ കൂടുതല്‍ സ്ഥിരമായ പ്രതിസന്ധിയും മുതലാളിത്ത വളര്‍ച്ചയിലുണ്ടെന്ന് മൂന്നാംവാല്യത്തില്‍ മാര്‍ക്‍സ് വിശദീകരിക്കുന്നുണ്ട്. ഇത് മിച്ചമൂല്യോല്‍പ്പാദനം, മൂലധനസഞ്ചയനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പുതിയ ഉപകരണങ്ങള്‍ വഴി ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുമ്പോള്‍ മിച്ചമൂല്യം തട്ടിയെടുക്കല്‍ വര്‍ധിക്കുന്നുണ്ട്. ആഗോളവല്‍ക്കരണകാലത്ത് ഇതു കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, ഇതിനായി മുടക്കിയ മൂലധനത്തിന്റെ മൊത്തം അളവ് കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭത്തോത് കുറയുകയാണ് ചെയ്യുന്നത്.

പ്രതിസന്ധിയെ മറികടക്കുന്നതിനു കണ്ടുപിടിത്തങ്ങളെയും സാമൂഹ്യഘടകങ്ങളെയും സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന് പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞനായ സമീര്‍ അമിന്‍ വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായ ഭൌതികവാദത്തെ ഉപയോഗിച്ചുമാത്രമേ മുതലാളിത്ത പ്രവര്‍ത്തനത്തെ മനസിലാക്കാന്‍ കഴിയൂവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതിനുശേഷമുണ്ടായ കാലത്തിന്റെ മാറ്റങ്ങള്‍കൂടി കണക്കിലെടുത്ത് സാമ്രാജ്യത്വ ഘട്ടത്തെ സൂക്‍ഷ്‌മമായി വിലയിരുത്തിയ ലെനിന്‍ ധനമൂലധനത്തിന്റെ സ്വാധീനത്തെ എടുത്തുപറയുന്നു. ബാങ്ക് നിയന്ത്രിക്കുകയും വ്യവസായം ഉപയോഗിക്കുകയും ചെയ്യുന്ന മൂലധനമെന്ന അന്നത്തെ നിര്‍വചനത്തില്‍ ‍നിന്ന് ധനമൂലധനം ഇന്ന് മാറിയിരിക്കുന്നു. ഇന്ന് അത് പ്രധാനമായും ഊഹക്കച്ചവട രംഗത്ത് വ്യാപരിക്കുകയാണ്. അതോടൊപ്പം പണത്തിന്റെ ദേശീയ അടിത്തറ ദുര്‍ബലമാവുകയും പണം ആഗോളസ്വഭാവം കൈവരിക്കുകയുംചെയ്തു. ഈ മാറ്റത്തെ കാണാതെ ഇപ്പോഴത്തെ പ്രതിസന്ധിയെ മനസിലാക്കാന്‍ കഴിയില്ല.

Anonymous said...

സ: രാജീവിന്റെ ലേഖനം നന്നായി. “ധനവല്‍ക്കരണം” എങിനെ അമേരിക്കയിലെയും, യൂറൊപ്പിലെയും, വ്യാവസായിക നഗരങളില്‍ de-industrialization ലേക്ക് നയിച്ചു / നയിക്കുന്നു എന്നത് സംബന്ധിച്ചും ലേഖനങള്‍ പ്രതീക്ഷിക്കുന്നു.